Slider

എല്ലാ അമ്മമാർക്കും നാളെ അമ്മയാകാൻ പോകുന്നവർക്കും വേണ്ടി സമർപ്പണം

0

നേഴ്സറി കുട്ടികളെ കൊണ്ടുപോകുന്ന സ്ക്കൂൾ ബസ്സിൻ്റെ പുറകിൽ ആ ഇടുങ്ങിയ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ..
പല സ്ഥലത്തും അമ്മമാർ കുഞ്ഞുങ്ങളെ യാത്രയാക്കുന്നത് ഞാൻ നോക്കി നിന്നു.. ചിലരുടെയൊക്കെ മുഖം കാണണ്ടേ.. ശ്ശോ പാവം തോന്നും..ബസ്സ് കണ്ണിൽ നിന്നും മറയുന്നതുവരെ കൈ വീശി കൊണ്ടേയിരിക്കും. ചിലരുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു.. ഈ കാഴ്ചകൾ വീണ്ടും വീണ്ടും കാണാൻ എന്തോ ഒരു കൊതി. അല്ലെങ്കിലും അമ്മയും മക്കളുടെയും സ്നേഹം എവിടെ കണ്ടാലും അതിപ്പോ സിനിമയിലായാലും ജീവിതത്തിലായാലും ഞാനിങ്ങനെ നോക്കി നിൽക്കും.. ആ കുട്ടിയായി സ്വയം സങ്കൽപ്പിക്കും ആ ഒരു നിമിഷം ഞാൻ മറ്റൊരു ലോകത്താവും.. ഉണ്ടക്കണ്ണൊക്കെ നിറഞ്ഞു കവിയും.. കുറെ നേരം ൻ്റെ അമ്മക്കുട്ടിയെ ഓർത്തിരിക്കും.. ആകാശത്തിരുന്ന് ഒരു കുഞ്ഞു നക്ഷത്രമായി അമ്മ പുഞ്ചിരി തൂവും... ശ്ശോ പറഞ്ഞു പറഞ്ഞു ഞാൻ കാടുകയറി ല്ലേ... സോറി ട്ടോ..
പറഞ്ഞുവന്നത് കുഞ്ഞുകുട്ടികളുള്ള അമ്മമാരെകുറിച്ചാണ്..അതിരാവിലെ എഴുന്നേറ്റു അടുക്കളയിൽ കയറിയാൽ പിന്നെ ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാരുടെ ഒരവസ്ഥയേ... ശരിക്കും ഒരു യുദ്ധസമാനമായ അന്തരീക്ഷമായിരിക്കും... തലേന്നാൾ മുഴുമിപ്പിക്കാത്ത ഹോംവർക്കിൻ്റെ അവസാന മിനുക്കുപണികൾ നോക്കണം. യൂണിഫോം ഇസ്തിരിയിടണം ഷൂ പോളിഷ് ചെയ്യണം. രാവിലത്തെ ആഹാരം കൊടുക്കണം ഇളയ കുഞ്ഞുണ്ടെങ്കിൽ അതിനെ നോക്കണം അതിനിടയിൽ ഭർത്താവിൻ്റെ ഓരോ ശീലങ്ങൾ..
ഉച്ചക്കു കൊടുത്തു വിടുന്ന കറി ഇതു വേണ്ടമ്മേ എന്നുള്ള കുട്ടികളുടെ പരാതിയൊക്കെ ആ കണ്ണുരുട്ടലിൽ തീർന്നോളും. ഒടുവിൽ കണ്ണെഴുതി പൊട്ടു തൊട്ട് പൗഡറിട്ട് മുടി കെട്ടികൊടുത്ത് യൂണിഫോം ഇടുന്നതോടുകൂടി ആളാകെ മാറും.. എൻ്റെ കുഞ്ഞിനെ കാണാൻ എന്തൊരു ചേലാണെന്ന് സ്വയം കണ്ണുവെക്കും... ബാഗും ലഞ്ച് ബോക്സുമെടുത്ത് ഓടികിതച്ച് റോഡിൽ എത്തുമ്പോഴായിരിക്കും എന്തേലും മറന്നിട്ടുണ്ടാവുക. വീണ്ടും വീട്ടിലേക്ക്... എന്നിട്ടും മനസ്സു പതറും എന്തെങ്കിലും മറന്നോ എന്നോർത്ത്.. വല്ലാത്തൊരാധിയാണ് അപ്പോൾ..
ഇതിനിടയിൽ ഒരായിരം ചീത്ത പറഞ്ഞിട്ടുണ്ടാവും ആഹാരം കഴിക്കാത്തതിന് ഹോംവർക്ക് ചെയ്യാത്തതിന് അങ്ങനെ എന്തിനൊക്കെയോ...
ഒടുവിൽ ആ ബസ്സു വരുമ്പോൾ കുഞ്ഞിളം കൈകൾ വീശി അവനോ അവളോ റ്റാറ്റ പറഞ്ഞുപോവുമ്പോൾ അറിയാതെ മനസ്സൊന്നു പിടയും. കണ്ണുകൾ ഈറനാവും. വേണ്ടിയിരുന്നില്ല വെറുതെ ചീത്ത പറഞ്ഞു എൻ്റെ കുഞ്ഞിനെ എന്നോർത്ത് പശ്ചാത്തപിക്കും. വികൃതി കാട്ടിയിട്ടല്ലേ പറഞ്ഞാൽ കേൾക്കാഞ്ഞിട്ടല്ലേ എന്നൊക്കെ സ്വയം ആശ്വാസം കൊള്ളും..
കുട്ടിയെ പറഞ്ഞയച്ച് വീടെത്തുമ്പോഴേക്കും ഒരാൾ കയറും പൊട്ടിച്ച് നിൽപ്പുണ്ടാവും. പിന്നെ പുള്ളിക്കാരനെ അയച്ചു വിട്ടിട്ടുവേണം ഒന്നു നടു നിവർത്താൻ...
നാലുമണിക്ക് ബസ്സ് വരാൻ കുറച്ചു വൈകിയാൽ വേവലാതിയാണ്. ബസ്സു വന്നാലോ എന്താ ഒരു സന്തോഷം വർഷങ്ങളോളം പിരിഞ്ഞിരുന്നവരാണെന്നു തോന്നും. ഒരു കെട്ടിപ്പിടുത്തോം ഉമ്മയും കഴിഞ്ഞ് വീണ്ടും ഗോദയിലേക്ക്... ഡിഷ്യും ഡിഷ്യും !!
എല്ലാ അമ്മമാർക്കും നാളെ അമ്മയാകാൻ പോകുന്നവർക്കും വേണ്ടി സമർപ്പണം...
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo