Slider

മില്യണയർ

0

മില്യണയർ
* * * * * * * *
ഞങ്ങൾ റൂമിൽ അഞ്ച് പേരാണ്. നാളെ വെള്ളിയാഴ്ച ലീവായതിനാൽ അതിൽ ഒരാൾ അതായത് ത്രിശൂർക്കാരൻ ആസിഫ് ദുബായിലുള്ള തന്റെ സുഹൃത്തിനെ കാണാൻ പോകാൻ തീരുമാനിക്കുന്നു. കുളിസീനും കാണാം മണലും വരാം എന്ന മട്ടിൽ സുഹൃത്തിനെ സന്ദർശിക്കുന്നതോടൊപ്പം കൂടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും കാണാമെന്ന മനസോടെയാണ് അവൻ ഡ്യൂട്ടി കഴിഞ്ഞ് എട്ട് മണിക്ക് ഷെയർ ടാക്സിയിൽ ഫുജൈറയിൽ നിന്ന് പുറപ്പെട്ടത്.
റൂമിലുള്ളവരിൽ ഞാനൊഴികെ ആരും ഇതുവരെ ദുബായ് കണ്ടിട്ടില്ല. എല്ലാവരും ഗൾഫിൽ കന്യകൻമാരാണ്. വന്നിട്ട് രണ്ട് മാസം ആകുന്നതേയുള്ളൂ.
ഇതിന് മുൻപ് മൂന്ന് വർഷം ദേരയിലുണ്ടായിരുന്നത് കൊണ്ട് ദുബായിയെക്കുറിച്ച് അത്യാവശ്യം അറിയുമായിരുന്ന ഞാൻ ,അവൻ കാണാൻ പോകുന്ന പൂരത്തിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് അതിന്റെ പകിട്ട് ആവുംവിധം കുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഒടുവിലവൻ പുറപ്പെട്ടപ്പോൾ വഴിയിലെവിടെയെങ്കിലും പണ്ടാരമടങ്ങി കുടുങ്ങി ദുബായ് കാണാനുള്ള സാഹചര്യം ഇല്ലാതാക്കണേയെന്ന് എന്നെപ്പോലെ തന്നെ എല്ലാ സഹമുറിയൻമാരും മനസിൽ പ്രാർത്ഥിക്കുന്നുണ്ടെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് ഞാൻ മനസിലാക്കി.
പക്ഷേ ദൈവം അവന്റെ ഭാഗത്തായിരുന്നു.വിചാരിച്ചതിലും വേഗത്തിൽ അവൻ ദുബായിലെത്തിപ്പെട്ടു. പിറ്റേന്ന് ഫേസ് ബുക്കിലും വാട്സപ്പിലുമൊക്കെ ദുബായ് ഫോട്ടോകളുടെ കുത്തൊഴുക്കായിരുന്നു. ബുർജ് ഖലീഫയുടെയും ദുബൈ മാളിന്റെയുമൊക്കെ മുന്നിൽ ഇളിച്ചു കാട്ടിയുള്ള അവന്റെ സെൽഫികൾ ഞങ്ങളുടെ സമാധാനം കെടുത്തിയെന്ന് പറയേണ്ടതില്ലല്ലോ.
രാത്രി വളരെ വൈകി അവൻ തിരിച്ചെത്തിയപ്പോൾ എന്നെപ്പോലെ തന്നെ മൊബൈലിൽ ഞെക്കിക്കൊണ്ടിരിക്കുകയായിരുന്ന റംഷാദും തലയിലൂടെ പുതപ്പ് വലിച്ചുമൂടി കൃത്രിമ കൂർക്കം വലിയിലൂടെ ഉറക്കഭിനയം കെങ്കേമമാക്കി.
പിറ്റേന്ന് നേരം വെളുത്തതും , എന്നും എട്ടു മണിക്കെഴുനേൽക്കുന്ന ആസിഫ് ആറു മണിക്ക് തന്നെ ചാടിയെഴുന്നേറ്റു.ദുബായ് കഥകൾ പങ്കുവെക്കാനുള്ള തിരക്കാണെന്ന് ഞങ്ങൾക്ക് മനസിലായി. പക്ഷേ ഞങ്ങൾ അതിലേറെ തിരക്കിലായിരുന്നു. അതായത് അവന്റെ ദുബായ് കഥകൾ കേൾക്കാൻ ആർക്കും സമയമില്ലെന്ന മട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് തിരക്കഭിനയിച്ചുകൊണ്ടിരുന്നു എല്ലാവരും.എന്ത് ദുഫായ് എന്നൊരു പുഛ ഭാവം ഞങ്ങളുടെയെല്ലാം മുഖത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു.
വിശാലമായ ഒരു കഥ പറച്ചിലിന് സാഹചര്യം കിട്ടാത്തതിലുള്ള നിരാശ അവന്റെ മുഖത്ത് പ്രത്യേകം കാണുന്നുണ്ട്.
ഉച്ചഭക്ഷണത്തിന് റൂമിലെത്തിയപ്പോഴാണ് ആസിഫിന്റെ ഫോൺ നിർത്താതെ ശബ്ദിക്കുന്നത് കേട്ടത്.അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്ന അവൻ ഓടി വന്ന് ഫോണെടുത്തു. ഹലോ പറഞ്ഞ അവന് പിന്നെ ഒന്നും മിണ്ടാനാവാതെ നിലത്തേക്കിരിക്കുന്നതാണ് ഞങ്ങൾ കണ്ടത്. എല്ലാവരും ഓടിയെത്തി അവനെ പിടിച്ചെഴുന്നേൽപിച്ചു. എന്തായിരിക്കും ഫോണിലൂടെ അവൻ കേട്ടിട്ടുണ്ടാവുക.ഞങ്ങളോരോരുത്തരും മുഖത്തോടു മുഖം നോക്കി. അൽപ നേരത്തിന് ശേഷം അവനോട് കാര്യം തിരക്കി..
വിക്കി വിക്കി അവനൊടുവിൽ സങ്ങതി പറഞ്ഞു.
"ഞാൻ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിൽ നിന്നെടുത്ത ടിക്കറ്റിൽ മില്യൻ ദിർഹംസിന്റെ ലോട്ടറിയടിച്ചത്രേ.. "
ഇത്തവണ ഞെട്ടിയത് ഞങ്ങളാണ്. ലോട്ടറി കിട്ടിയ അവന് സന്തോഷം കൊണ്ട് കുഴഞ്ഞു വീണു. അത് കേട്ട ഞങ്ങൾ അസൂയയും സങ്കടവും സഹിക്കാനാവാതെ കുഴഞ്ഞു വീഴുമെന്ന അവസ്ഥയിലായി. എന്തിന് ഞങ്ങളെയിങ്ങനെ പരീക്ഷിക്കുന്നുവെന്ന ഭാവമായിരുന്നു എല്ലാവരുടെയും മുഖത്ത്.
അവന് സ്ഥലകാലബോധം വീണ്ടെടുക്കാൻ കുറെ സമയമെടുത്തു. കട്ടിലിൽ എണീറ്റിരുന്ന അവൻ പിന്നെയും കുറെ കഴിഞ്ഞാണ് സംസാരിച്ചു തുടങ്ങിയത്.
" എന്നോട് നാളെ ദുബൈയിലെ ഒരു ബാങ്കിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്.. "
" അതിന് ഞങ്ങളൊക്കെയില്ലേ. നമുക്ക് രാവിലെത്തന്നെ പോകാം.. "
" അപ്പൊ നാളെ ഡ്യൂട്ടിയില്ലേ.. "
"നാളെ നമുക്കെല്ലാർക്കും ലീവെടുക്കാം"
പിന്നെ എല്ലാവരും അവനെ ചുറ്റിപ്പറ്റിയായി നിൽപ്.
"നിനക്ക് വെള്ളം വല്ലതും വേണോ..."
ഞാനവനോട് ചോദിച്ചു. വില്ലയുടെ മുറ്റത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിലെന്തെങ്കിലും കുടുങ്ങി വെള്ളം വെള്ളമെന്ന് ആഗ്യം കാണിച്ച് കഥകളി കാണിക്കുമ്പോഴും കാണാത്ത പോലെ തിരിച്ചു നടക്കുന്ന ഞാൻ വെള്ളം വേണോയെന്ന് അങ്ങോട്ട് ചോദിച്ചത് കേട്ട് അവൻ നന്നായൊന്ന് ഞെട്ടിയത് ഞാൻ കണ്ടു.
പിന്നീടങ്ങോട്ട് ഓരോരുത്തരായിട്ട് അവന്റെ കാര്യങ്ങൾ നോക്കാൻ മത്സരിക്കുകയായിരുന്നു.ഇതിനിടയിൽ ഡ്യൂട്ടിയുടെ സമയമായത് പോലും മറന്നു പോയി.ലക്ഷക്കണക്കിന് ദിർഹംസ് കൈയിലെത്തുമ്പോൾ പിന്നെയെന്ത് ഡ്യൂട്ടി.
ഒരുമില്യൺ എന്നത് എത്ര ലക്ഷമുണ്ടാകുമെന്ന ചർച്ചയും ഇടക്ക് പുരോഗമിക്കുന്നുണ്ടായിരുന്നു. ആ ലക്ഷങ്ങളെ പതിനെട്ടു കൊണ്ട് ഗുണിക്കാൻ പാടുപെടുന്നുണ്ട് ചിലർ.
ഒരിക്കലും അവന് ലോട്ടറി കിട്ടിയിട്ടുണ്ടാകരുതേയെന്നാണ് ഓരോരുത്തരും പ്രാർത്ഥിക്കുന്നതെന്ന് മുഖം കണ്ടാലറിയാം. പക്ഷേ ഇനിയെങ്ങാനും അവന് ലോട്ടറിയടിച്ചിട്ടുണ്ടെങ്കിലോ...
എനിക്ക് പക്ഷേ ആക്രാന്തമൊന്നുമുണ്ടായിരുന്നില്ല. അതിന്റെ പകുതിയെങ്കിലും അവനെ സോപ്പിട്ട് എങ്ങിനെയെങ്കിലും കൈക്കലാക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അൽപസമയത്തിനകം മറ്റൊരു ഫോൺ കൂടി അവന് വന്നു. എല്ലാവരും മൂക്കും ചെവിയും പല്ലും നഖവുമൊക്കെ കൂർപ്പിച്ച് നിൽക്കുകയാണ്. നേരത്തെ വന്ന അതേ നമ്പറിൽ നിന്ന് തന്നെയാണ്. അവൻ പച്ച ബട്ടണിൽ പിടിച്ച് വലിച്ച് ഫോൺ ചെവിയോട് ചേർത്ത് വെച്ചു. പക്ഷേ അവനൊന്നും മിണ്ടുന്നില്ല. ഇങ്ങോട്ടെന്തോ സംസാരിക്കുന്നത് പുറത്തേക്ക് കേൾക്കാം.പക്ഷേ പറയുന്നതെന്താണെന്ന് വ്യക്തമാവുന്നില്ല. സെക്കന്റുകൾക്കകം ഫോണും പിടിച്ച് അവൻ പിന്നെയും വാഴ വെട്ടിയിട്ടതു പോലെ കിടക്കയിലേക്ക് വീണു.
ഇത്തവണ എല്ലാവരും അങ്ങേയറ്റത്തെ സ്നേഹത്തോടെ അവനെ മുഖത്ത് വെള്ളം കുടഞ്ഞും അണ്ണാക്കിലേക്കൊഴിച്ചുമൊക്കെ പതിയെ ഉണർത്തി.
ഞങ്ങളുടെയെല്ലാം നെഞ്ചിടിപ്പ് കൂടിക്കൂടി വരികയാണ്. ലോട്ടറിയടിച്ചത് രണ്ട് മില്യനാണെന്നെങ്ങാനുമാണോ അവർ വിളിച്ചു പറഞ്ഞിട്ടുണ്ടാവുക. അങ്ങിനെയെങ്ങാനുമാണെങ്കിൽ ഞാനിവിടെ നിന്നിടത്ത് വീഴും. ഒരിക്കലും അങ്ങനെയാവാതിരിക്കട്ടെയെന്ന് മനസ് പറയുന്നുണ്ടായിരുന്നു.
ഏതായാലും അവനോട് തന്നെ പതിയെ ചോദിച്ചു നോക്കാം..
പക്ഷേ,അവൻ തൊള്ള തുറക്കാൻ കുറച്ച് സമയമെടുത്തു. വാക്കുകൾ അണ്ണാക്കിലേക്ക് തള്ളിക്കയറ്റിയപ്പോഴാണ് എന്തെങ്കിലും മിണ്ടിത്തുടങ്ങിയത് തന്നെ.
ഇപ്പോൾ വിളിച്ചത് അവന്റയൊരു സുഹൃത്താണത്രെ. അപ്പോ നേരത്തേ ഇതേ നമ്പറിൽ നിന്ന് ലോട്ടറിയടിച്ചെന്നും ദുബായിലെ ബാങ്കിലേക്ക് വരണമെന്ന് പറഞ്ഞതും..?
അതും ഒരു സുഹൃത്തായിരുന്നത്രെ.ദുബായിൽ കറങ്ങാൻ കൂടെയുണ്ടായിരുന്ന രണ്ട് ചങ്ങായിമാർക്ക് ഇവൻ എട്ടിന്റെയൊരു പണി കൊടുത്തിരുന്നത്രെ. അത് പതിനാറാക്കി അവർ തിരിച്ചു കൊടുത്തതാണത്രെ ഈ ലോട്ടറിയടി.
ഹാവൂ. ഇപ്പോഴാ ശ്വാസം നേരെ വീണത്. ഒരുമിച്ച് ഗൾഫിലെത്തിയിട്ട് അവൻ മാത്രം മില്യൺ ദിർഹവുമായി നാട്ടിലേക്ക് മടങ്ങുന്നത് ഒരിക്കലും സങ്കൽപിക്കാൻ കഴിയുമായിരുന്നില്ല. അവന് ലോട്ടറി കിട്ടിയിട്ടില്ലയെന്ന് ഉറപ്പായപ്പോൾ ഞങ്ങളുടെ സന്തോഷം ഹൊ... അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇനി സമാധാനമായി ഡ്യൂട്ടിക്ക് പോകാം..
_________________________
എം.പി സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo