ക്രോമയിലെ മുഖംമൂടികള്‍
***********************************************************************************
ദൂരെ..വളരെ ദൂരെ..ഭൂമിയില്‍ നിന്ന് പ്രകാശവര്‍ഷങ്ങള്‍ക്കു അപ്പുറം ,ഭൂമി ഉണ്ടാകുന്നതിനു വളരെ മുന്പേ ഒരു ഗ്രഹം ഉണ്ടായിരുന്നു.ആകാശഗംഗയുടെ പാല്‍ വെളിച്ചം കടന്നു,അസംഖ്യം നീല നക്ഷത്രങ്ങളും,ശൂന്യമായ തമോഗർത്തങ്ങൾക്കും അപ്പുറം ,ഒരു ചെറിയ നക്ഷത്ര മണ്ഡലത്തില്‍ ,ആരുമറിയാതെ ഒരു ചെറു ഗ്രാമത്തിന്റെ വലിപ്പം മാത്രം ഉള്ള ആ ഗൃഹം, ഏതോ ഒരു സൂര്യന് ചുറ്റും നിശബ്ദമായി ചുറ്റി കൊണ്ടിരുന്നു.
***********************************************************************************
ദൂരെ..വളരെ ദൂരെ..ഭൂമിയില്‍ നിന്ന് പ്രകാശവര്‍ഷങ്ങള്‍ക്കു അപ്പുറം ,ഭൂമി ഉണ്ടാകുന്നതിനു വളരെ മുന്പേ ഒരു ഗ്രഹം ഉണ്ടായിരുന്നു.ആകാശഗംഗയുടെ പാല്‍ വെളിച്ചം കടന്നു,അസംഖ്യം നീല നക്ഷത്രങ്ങളും,ശൂന്യമായ തമോഗർത്തങ്ങൾക്കും അപ്പുറം ,ഒരു ചെറിയ നക്ഷത്ര മണ്ഡലത്തില്‍ ,ആരുമറിയാതെ ഒരു ചെറു ഗ്രാമത്തിന്റെ വലിപ്പം മാത്രം ഉള്ള ആ ഗൃഹം, ഏതോ ഒരു സൂര്യന് ചുറ്റും നിശബ്ദമായി ചുറ്റി കൊണ്ടിരുന്നു.
ആ ഗ്രഹത്തിന്റെ പേര് 'ക്രോമ' എന്നാണ്.നിറങ്ങളുടെ ഗ്രഹം എന്നാണു അതിന്റെ അര്‍ത്ഥം.
നീലനിറത്തില്‍ ഉള്ള മരങ്ങള്‍.പച്ച നിറത്തില്‍ ഉള്ള ഇലകള്‍.ജ്യോമെട്രി പുസ്തകങ്ങളിലെ ഗണിത ചിത്രങ്ങള്‍ പോലെ കൃത്യമായ ആകൃതി ഉള്ള മരങ്ങളും പൂക്കളും.ത്രികോണ ആകൃതിയില്‍ ഉള്ള പൂക്കള്‍.സമചതുര ആകൃതിയില്‍ ഉള്ള പഴങ്ങള്‍.നേര്‍വരകള്‍പോലെ മരങ്ങള്‍...അവിടുത്തെ മണ്ണിനു ഭൂമിയിലെ ഹോളി ആഘോഷങ്ങളിലെ പോലെ പലനിറങ്ങള്‍ ആയിരുന്നു.
ക്രോമയിലും മനുഷ്യര്‍ ഉണ്ട്.ഭൂമിയിലെ മനുഷ്യരെപോലെ അവര്‍ അവിടെ ജീവിച്ചു പോന്നു.ഭൂമിയിലെ മനുഷ്യര്‍ ചെയ്യുന്നതു പോലെ പഠിക്കുകയും,ജോലി ചെയ്യുകയും,പിന്നെ വിവാഹം കഴിക്കുകയും ,കുട്ടികള്‍ ഉണ്ടാകുകയും,ഒടുവില്‍ പ്രായം ചെന്നു മരിച്ചു പോവുകയും ചെയ്യുന്ന തരം മനുഷ്യര്‍ തന്നെയാണ് ആ കൊച്ചു ഗ്രഹത്തിലും ഉണ്ടായിരുന്നത്.
ഇങ്ങനെ ആണെങ്കിലും ക്രോമയിലെ മനുഷ്യർക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു.അവര്‍ എപ്പോഴും മുഖംമൂടികള്‍ അണിഞ്ഞു.ക്രോമയിലെ മനുഷ്യവംശത്തിന്റെഗ തുടക്കത്തില്‍,ചെറിയ ഉല്ക്ക കള്‍ പരല്മീമനുകള്‍ വന്നു വീഴുന്നത് പോലെ ആ ഗ്രഹത്തില്‍ വന്നു പതിച്ചു കൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.നീല നിറത്തില്‍ ഉള്ള അഗ്നിയുടെ ചീന്തുകള്‍ സദാ സമയം ക്രോമയുടെ വായുവിലൂടെ നീന്തിവന്നു കൊണ്ടിരുന്നു.ആ അഗ്നിചിറകുകള്‍ അവരുടെ മുഖത്തെ എപ്പോഴും പൊള്ളിച്ചു കൊണ്ടിരുന്നു.
ആ നാളുകളിലാണ് ,ഒരു സ്വപ്നത്തില്‍, യുഗങ്ങള്ക്ക് മുന്പുള്ള ഏതോ ഒരു ക്രോമ മനുഷ്യന്‍ ഒരു മുഖംമൂടി കണ്ടത്.ആ മുഖംമൂടി തങ്ങളെ അഗ്നിയില്‍ നിന്ന് രക്ഷിക്കുന്ന കവചമായി അവര്‍ മാറ്റി.
നീലഅഗ്നി ചിന്തുകളുമായി വന്ന ഉല്ക്കകള്‍ അതോടെ പിന്നീട് വരാതായി.എങ്കിലും മുഖംമൂടി അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്ന്നു .കാലക്രമേണ മുഖംമൂടി അവരുടെ ശരീരത്തിന്റെ ഒരു ഭാഗമായി.
ക്രോമയില്‍ ഒരു കുഞ്ഞു ജനിക്കുന്നത് തന്നെ ഒരു മുഖംമൂടിയുമായി ആണ്.കുഞ്ഞു വളരുന്നതോടൊപ്പം മുഖംമൂടിയും വളരുന്നു.മുഖ ചർമ്മത്തോട് ഒട്ടി ചേര്ന്ന് വളരുന്ന മുഖംമൂടി ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ അവര്‍ അഴിച്ചുമാറ്റൂ.അത് മരണ സമയത്ത്,കല്ലറയിലേക്ക് ശവശരീരം എടുത്തു വയ്ക്കുന്നതിനു തൊട്ടു മുന്പ് മാത്രം.അപ്പോള്‍ മാത്രം ക്രോമയിലെ മനുഷ്യര്‍ അവരുടെ പ്രിയപ്പെട്ടവരുടെ യഥാർത്ഥ മുഖം കാണുന്നു.അത് വരെ ആ മുഖംമൂടി ഒരിക്കല്‍ പോലും അവര്‍ അഴിച്ചു മാറ്റാറില്ല.സ്വന്തം നാവ് ഏതെങ്കിലും മനുഷ്യര്‍ അറുത്തു മാറ്റുമോ??സമാനമായ ഒരു വികാരം സ്വന്തം മുഖംമൂടിയോടു അവര്ക്ക് ജനിക്കുമ്പോള്‍ മുതലേ ഉണ്ടാകുന്നു.
ക്രോമയിലെ മറ്റു കാര്യങ്ങളിലെന്നത് പോലെ മുഖംമൂടിയും നിറങ്ങളുടെ കാര്യത്തില്‍ സമ്പന്നമായിരുന്നു.ഉന്നതമായ നിറങ്ങള്‍ ഉള്ള മുഖംമൂടികള്‍ ഉള്ള മനുഷ്യര്‍ അവിടെ സമൂഹത്തിലെ ഉന്നതനിലയില്‍ ഉള്ളവരായി മാറും.
പിന്നീട് ഭൂമി ഉണ്ടാകുമ്പോള്‍ മനുഷ്യര്‍ കാണുവാൻ പോകുന്ന പുലര്‍ കാല സ്വപ്‌നങ്ങള്‍ പോലെ സുന്ദരമായ ക്രോമയില്‍ ,ഒരു ദിവസം ഒരു കുഞ്ഞു ജനിച്ചു.അത് ഒരു പെണ്കുഞ്ഞ് ആയിരുന്നു.ക്രോമയിലെ ഏറ്റവും സുന്ദരമായ മുഖംമൂടി ഉള്ള കുഞ്ഞു അവള്‍ തന്നെയാണെന്ന് ക്രോമയിലെ മനുഷ്യര്‍ പരസ്പരം പറഞ്ഞു.ക്രോമയുടെ ഭാവിയില്‍ അവളുടെ ജനനം നിർണ്ണായകം ആണെന്ന് ജ്യോതിഷന്മാര്‍ പറഞ്ഞു.
അച്ഛനും അമ്മയ്ക്കും ഏക മകളായ പെണ്കുട്ടി്.സുന്ദരിയായ അവൾക്കൊപ്പം അവളുടെ മുഖംമൂടിയും വളർന്നു..അവളുടെ രൂപം ക്രോമയിലെ യുവാക്കളുടെ ഉറക്കം കെടുത്തി.അവളുടെ അംഗലാവണ്യം അത്ര ലഹരി നൽകുന്നതായിരുന്നു.മുഖംമൂടിക്ക് പിന്നില്‍ ഒളിച്ചിരുന്ന കണ്ണുകള്‍ കൊണ്ട് യുവാക്കള്‍ അവളുടെ സൗന്ദര്യം കോരിക്കുടിച്ചു.രാത്രി യുവാക്കളുടെ മുഖംമൂടി തുളച്ചു,അവരുടെ അടഞ്ഞ കണ്ണുകള്ക്ക് മേല്‍ അവളുടെ മുഖംമൂടിയുടെ ഓർമ്മകൾ തീകാറ്റായി ,ഉല്ക്കകള്‍ പോലെ സ്വപ്നങ്ങളായി പെയ്തിറങ്ങി.
പ്രപഞ്ചത്തിലെ ഏറ്റവും സൗന്ദര്യവതിയായ പെണ്ണായി അവള്‍ വാഴ്ത്തപ്പെട്ടു.
ഒരു ഉച്ച നേരം അവള്‍, വീട്ടില്‍ ,അവളുടെ ഉറക്കറയില്‍ തനിച്ചു ഇരിക്കുകയായിരുന്നു.അവള്‍ ജനാല തുറന്നു മുഖംമൂടികണ്ണുകള്‍ കൊണ്ട് താഴെ നിരത്തിലേക്ക് നോക്കി.വിവിധ തരത്തില്‍ മുഖംമൂടി അണിഞ്ഞ മനുഷ്യര്‍ ചില്ല് ജനാലക്ക് അപ്പുറം ഒരു സ്വപ്നക്കാഴ്ച പോലെ നടന്നു കൊണ്ടിരുന്നത് അവള്‍ നോക്കി.ചില പുരുഷ മുഖംമൂടികള്‍ തെരുവില്‍ നിന്ന് കൊണ്ട് അവളെ നോക്കുകയും,പാട്ട് പാടുകയും അവളുടെ ശ്രദ്ധ ആകര്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു കൊണ്ടിരുന്നു.
തന്റെ ജനനം ക്രോമയില്‍ മാറ്റം ഉണ്ടാക്കും എന്ന് അച്ഛന്‍ പറഞ്ഞത് അവള്‍ ഓർമ്മിച്ചു.അജ്ഞാതമായ ഒരു പ്രതീക്ഷയുടെ തിരിനാളം അവളുടെ ഉള്ളില്‍ തെളിഞ്ഞു.
പൊടുന്നനെ മുറിയില്‍ ഒരു നിഴല്‍ അനങ്ങുന്നതു പോലെ അവള്ക്ക് തോന്നി.കട്ടിലില്‍ നിന്ന് എഴുന്നേല്ക്കുന്നതിനു മുന്പ് തന്നെ ബലിഷ്ട്ടമായ കരങ്ങള്‍ അവളെ ചുറ്റി വരിഞ്ഞു.അവളെ കമിഴ്ത്തി കിടത്തി അവളുടെ വസ്ത്രങ്ങള്‍ ചീന്തി എറിഞ്ഞു.അവള്‍ അയാളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.അയാള്‍ അവളുടെ മുഖംമൂടി ദൂരെ കളഞ്ഞു.
അവള്‍ പാതി തുറന്ന മിഴി കൊണ്ട് അയാളെ നോക്കി.അയാൾക്ക് മുഖംമൂടി ഇല്ലായിരുന്നു.
മുഖംമൂടിയില്ലാത്ത അവളുടെ നഗ്നമായ മുഖം കണ്ടു അയാള്‍ ഞെട്ടിത്തരിച്ചു നിന്നു.പിന്നെ അവളെ കീഴ്പെടുത്തി.തന്റെ ദാഹം പ്രപഞ്ചത്തിലെ ഏറ്റവും സൗന്ദര്യവതിയായ പെണ്ണിനെ ആസ്വദിക്കുക എന്ന മോഹം നിറവേറ്റിയതിനു ശേഷം അയാള്‍ തളര്‍ന്നു കിടന്ന അവള്ക്ക് അവളുടെ മുഖംമൂടി വീണ്ടും അണിയിച്ചു.പിന്നെ അയാള്‍ അവിടെ നിന്ന് രക്ഷപെട്ടു.
ഉണര്‍ന്ന പെണ്കുട്ടിക്ക് അടങ്ങാത്ത പകയായിരുന്നു.തന്റെ മുഖംമൂടി ഊരിയവനെ ,തന്നെ നശിപ്പിച്ചവനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അവള്‍ തെരുവിലെക്കിറങ്ങി.പക്ഷെ തെരുവില്‍ എല്ലാ മനുഷ്യര്‍ക്കും മുഖംമൂടി ഉണ്ടായിരുന്നു.ആ മുഖം അവളുടെ മനസ്സില്‍ മാത്രമാണ് ഉണ്ടായിരുന്നത്.
അയാളെ കണ്ടെത്താന്‍ കഴിയാതെ അവള്‍ തളര്ന്നു .ക്ഷീണിച്ചു.ക്രോമയുടെ ഭാവി നിര്‍ണ്ണയിക്കേണ്ട പെണ്കുട്ടി മുറിക്കുള്ളില്‍ അടച്ചു കഴിഞ്ഞു.അവള്‍ മെലിഞ്ഞു രോഗിയായി.അവളെക്കുറിച്ചുള്ള പ്രവചനം തെറ്റായിരുന്നുവെന്ന് ക്രോമ നിവാസികള്‍ പറയാന്‍ തുടങ്ങി.
അയാളെ കണ്ടെത്താന്‍ കഴിയാതെ അവള്‍ തളര്ന്നു .ക്ഷീണിച്ചു.ക്രോമയുടെ ഭാവി നിര്‍ണ്ണയിക്കേണ്ട പെണ്കുട്ടി മുറിക്കുള്ളില്‍ അടച്ചു കഴിഞ്ഞു.അവള്‍ മെലിഞ്ഞു രോഗിയായി.അവളെക്കുറിച്ചുള്ള പ്രവചനം തെറ്റായിരുന്നുവെന്ന് ക്രോമ നിവാസികള്‍ പറയാന്‍ തുടങ്ങി.
തന്റെ മകളുടെ തകര്‍ച്ചയില്‍ മനംനൊന്തു അവളുടെ പിതാവ് മരിച്ചു.മുറിക്കുള്ളില്‍ അടച്ചു കഴിഞ്ഞിരുന്ന അവള്‍ പിതാവിന്റെ ശവസംസ്ക്കാരത്തിനു കറുത്ത വസ്ത്രം ധരിച്ചു പുറത്തു വന്നു.
കല്ലറയിലെക്ക് എടുത്തു വയ്ക്കുന്നതിനു മുന്പ് പിതാവിന്റെ മുഖമൂടി അവള്‍ എടുത്തു മാറ്റി.ആ മുഖം അവള്‍ കണ്ടു.ഒരു തുള്ളി ചൂട് കണ്ണ്നീര്‍ അവളുടെ കണ്ണുകളില്‍ നിന്ന് പുറത്തു ചാടി.അത് അയാളുടെ മുഖത്തു വീഴാതെ അവള്‍ ഉള്ളംകൈ കൊണ്ട് തടഞ്ഞു.
അവളുടെ ഉള്ളംകൈയില്‍ ഇരുന്നു ആ കണ്ണ്നീര്‍ തുള്ളി നീലനിറത്തില്‍ തിളങ്ങി.അപ്പോള്‍ ഒരു കൊടുംകാറ്റിന്റെ ഹുങ്കാര ശബ്ദം ക്രോമനിവാസികള്‍ കേട്ടു.
യുഗങ്ങള്ക്കു മുന്പ് ആ വഴി മറന്നു പോയ ഉല്‍ക്കകള്‍ തിരിച്ചു വരികയാണ്.ഒരു നീല തീയുടെ ഭീമാകാരന്‍ തിര ആ ചെറിയ ഗ്രഹത്തെ വിഴുങ്ങി.
അങ്ങിനെയാണ് ക്രോമ, പ്രപഞ്ചത്തില്‍ നിന്ന് മറഞ്ഞത്.എങ്കിലും അവളുടെ കണ്ണ്നീരിന്റെ നനവുള്ള ഉല്ക്കകള്‍ പ്രപഞ്ചത്തിന്റെ പലഭാഗത്തും പോയി ഗ്രഹങ്ങളായി,നക്ഷത്രങ്ങളായി,പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു.
---end--
By
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക