മനുഷ്യരാരും പെട്ടെന്ന് എത്തിപ്പെടാത്ത ഉയരങ്ങളിലാണ് ഒരു തത്തമ്മ മരം തുളച്ച് കൂടുണ്ടാക്കിയത്.
മുട്ടയിട്ട് ചൂട് പകർന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചെഞ്ചുമപ്പുള്ള ഇളം ചുണ്ടുകൾ മുട്ടയുടെ തോട് തകർത്ത് പുറത്ത് വന്നു.
4 കൊച്ചു തത്തകുഞ്ഞുങ്ങൾ.
അമ്മത്തത്തയുടെ സ്നേഹമുള്ള പരിചരണത്തിൽ കുഞ്ഞുങ്ങൾ വളരാൻ തുടങ്ങി. ചോളവും മറ്റ് ധാന്യങ്ങളും സമയാ സമയം അമ്മത്തത്ത കൊണ്ട് വന്ന് കൊടുക്കും.
അമ്മ തത്തമ്മ, ആകാശത്തിലൂടെ പറക്കുന്ന മനോഹാരിതയെക്കുറിച്ചും, കുറച്ചകലെയുള്ള ചോളത്തെക്കുറിച്ചൊക്കെ കുഞ്ഞുങ്ങൾക്ക് കഥ പറഞ്ഞ് കൊടുത്തു.
ആ കഥകൾ കേട്ട് കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് പറക്കുവാനും സ്വയം ചോളം കൊത്തി തിന്നാനുമൊക്കെ മോഹവും ആശയും കേറി. അതൊക്കെ സ്വപ്നം കണ്ട തത്തക്കുഞ്ഞുങ്ങൾ ചിറകുകൾക്ക് ബലം പ്രാപിക്കുന്നത് വരെ അക്ഷമയോടെ കാത്തിരുന്നു.
പെട്ടെന്നാ മരത്തിനൊരു കിലുക്കം പോലെ. രാവിലെ മഴക്കോള് കണ്ടിരുന്നു ചെറു കാറ്റും ഉണ്ടായിരുന്നു . അതിനാൽ കാറ്റ് വീശുന്നതായിരിക്കുമെന്ന് തത്തക്കുഞ്ഞുങ്ങൾ ചിന്തിച്ചു.
അമ്മത്തത്ത കൂട്ടിലില്ല, ആഹാരം തേടി പോയിരിക്കുന്നു. മരത്തിന്റെ കിലുക്കം കൂടി വരുന്നു.
കുഞ്ഞുങ്ങൾക്ക് അകെ പേടി തോന്നി. അതിലൊരു കുഞ്ഞ് മെല്ലെ തല പുറത്തേക്കിട്ട് നോക്കി. കാറ്റല്ലല്ലോ, തെളിഞ്ഞ ആകാശം മറ്റു മരങ്ങളുടെ ഇലകളൊന്നും ഇളകുന്നതുമില്ല.
ആ കുഞ്ഞു തത്ത താഴേക്കു നോക്കി. പാവം പേടിച്ച് വിറച്ചു. കുറച്ച് ആളുകൾ മരത്തിനു ചുറ്റും നില്ക്കുന്നു അതിലൊരുത്തൻ മരത്തിന്റെ കടുപ്പമറിയാൻ വെട്ടി നോക്കിയാതാണ് മരം കുലുങ്ങാൻ കാരണം.
കച്ചവടമുറപ്പിച്ച മരത്തിന്റെ ഉടമസ്ഥൻ സ്ഥലം വിട്ടു. മരം വെട്ടുന്നവർ മഴുവിന്റെ മൂർച്ച കൂട്ടുന്നു.
പ്രതീക്ഷ നഷ്ടപെട്ട തത്ത കുഞ്ഞുങ്ങൾ അമ്മയെ വിളിച്ച് കരയാൻ തുടങ്ങി. അങ്ങ് ദൂരെ ആഹാരം ശേഖരിക്കാൻ പോയ അമ്മത്തത്ത ഇതൊന്നു മറിയാതെ ചോളം പെറുക്കികൊണ്ടിരുന്നു.
മനുഷ്യർ അര കെട്ടി മരത്തിനിട്ടാഞ്ഞു വീശാൻ തുടങ്ങി
ആ വലിയ മരത്തിന്റെ തൊലി മുറിഞ്ഞു. മരം വീണ്ടും കുലുങ്ങാൻ തുടങ്ങി.
ആ കുഞ്ഞുങ്ങൾ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി.
ദൈവമേ ഈ മരം നിമിഷങ്ങൾക്കകം നിലം പരിശാകും പറക്കുവാനുള്ള ശേഷിയും ചിറകിനായിട്ടില്ല. എന്ത് ചെയ്യും.
അപ്പോഴും ആ മരം കുലുങ്ങിക്കൊണ്ടിരുന്നു. മരത്തിന്റെ ശകലങ്ങൾ തെറിച്ച് വീഴുന്നത് ആ കുഞ്ഞുങ്ങൾ കണ്ടു
ഇല്ല ഇനി തങ്ങളുടെ അമ്മയെ കാണാൻ പറ്റില്ല ..അപ്പോഴേക്കും മരം നിലം പരിശാകും. ഒന്നുകിൽ മരണം അല്ലെങ്കിൽ മനുഷ്യർ തങ്ങളെ പിടിച്ച് കൂട്ടിലിട്ടടക്കും.
അവസാനം വരെ ഒരിക്കൽ പോലും പറക്കാനാവാതെ ബന്ധനത്തിൽ കഴിയേണ്ടി വരും. അവർ ആകെ പരിഭ്രാന്തരായി.
അപ്പോഴും മഴു വായുവിൽ ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു .
പ്രതീക്ഷ നഷ്ടപെട്ട ആ നാല് കുഞ്ഞുങ്ങളും മരപ്പൊത്തിലിരുന്ന് കരയുവാൻ തുടങ്ങി. അമ്മയൊന്ന് പെട്ടെന്ന് വന്നിരുന്നെങ്കിൽ.
പെട്ടെന്നവരെ അതിശയിപ്പിച്ച് കൊണ്ട് ഒരു മൂളൽ കേട്ടു അനേക മൂളലുകൾ അടുത്ത് വരുന്ന പോലെ.
കൊടുങ്കാറ്റെന്ന് കരുതി ആ കുഞ്ഞുങ്ങൾ വീണ്ടും പേടിച്ച് വിറച്ചു കരഞ്ഞു.
എന്നാലിപ്പോൾ മരം കുലുങ്ങുന്നില്ല. മഴുവിന്റെ ശബ്‌ദം കേൾക്കുന്നുമില്ല. ആകെ ഒരു ശാന്തമായ പോലെ.
എന്തോ സംഭവിച്ചപോലെ, ആ കുഞ്ഞുങ്ങൾ വീണ്ടും തല പുറത്തേക്കിട്ടു നോക്കി. ഇല്ല താഴെ ഒരു മനുഷ്യനെയും കാണുന്നില്ല. അത്ഭുതത്തോടെ ആ കുഞ്ഞുങ്ങൾ പരസ്പരം നോക്കുമ്പോൾ. ഒരു കൊച്ച് തേനീച്ച അടുത്ത് വന്ന് പറഞ്ഞു.
"നിങ്ങൾ പേടിക്കണ്ടാട്ടൊ. മനുഷ്യന്മാരെ ഞങ്ങൾ ഓടിപ്പിച്ച് വിട്ടു. ഇനി നിങ്ങളുടെ ചിറകുകൾക്ക് ബലം വെയ്ക്കുന്ന വരെ ഒരു മനുഷ്യരും ഈ മരത്തിനടുത്തേക്ക് വരില്ല. ഞങ്ങളുള്ളിടത്തോളം ഒരു മനുഷ്യക്കുഞ്ഞും വരില്ല. ധൈര്യമായിരിക്കു. അമ്മ ഇപ്പോൾ വരും"
അതെ ആ മരത്തിന് ഏറ്റവും മുകളിലായി തേനട കൂട്ടിയ ഒരു വൻ കാട്ടു തേനീച്ചക്കൂട്ടം ഉണ്ടായിരുന്നു.
പ്രകൃതി മൂലം ഇലകളിളകിയാലോ മനുഷ്യൻ ഇളക്കിയാലോ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന എല്ലാ ജീവികൾക്കും പക്ഷികൾക്കും പെട്ടെന്ന് തിരിച്ചറിയാൻ പറ്റുമെന്ന് മനുഷ്യർ പലർക്കുമറിയില്ല.
അതെ തേനീച്ചകൾ അവരെ തുരത്തുകയായിരുന്നു
പ്രകൃതിയെ ദ്രോഹിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പെന്ന പോലെ. അതിലുമുപരി ആ പാവം തത്തകുഞ്ഞുങ്ങളുടെ രക്ഷകരെന്ന പോലെ.
ആ തത്തകുഞ്ഞുങ്ങളുടെ അമ്മ ആഹാരവുമായി വന്നു . കുഞ്ഞുങ്ങൾ നടന്നതൊക്കെ പറഞ്ഞ് കൊടുത്തു. ആ അമ്മക്കിളി പറന്ന് താഴേക്ക് പോയി നോക്കി. ചിതറിക്കിടക്കുന്ന മഴുവും വാളുമല്ലാതെ ഒന്നും കണ്ടില്ല.
ആ അമ്മക്കിളി നേരെ മുകളിലേക്ക് പറന്നു ചെന്ന് ആ തേനീച്ചകൾക്ക് നന്ദി പറഞ്ഞു...അവരില്ലായിരുന്നെങ്കിൽ.
അതെ ഞാനെപ്പോഴും പറയാറുള്ളത് പോലെ . ജീവിതത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും ചിലർ രക്ഷകന്റെ വേഷത്തിൽ വരുന്നത്.
ജീവിക്കാനുള്ള ആശയും പ്രതീക്ഷയും വീണ്ടും നൽകി പറന്നു പോകും.
സ്നേഹ പൂർവ്വം നിങ്ങളുടെ
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക