Slider

ജോണേട്ടൻ

0

ജോണേട്ടൻ
..........................
ഓഫീസ് സമയം കഴിഞ്ഞിട്ടും കമ്പ്യൂട്ടറിന്റെ കീബോർഡിൽ തലയും കുത്തി ഉറക്കമാണ് ജീവൻ..
" അല്ലാ സാർ ഇതുവരെ പോയില്ലേ..?"
ക്ലീനിങ് സ്റ്റാഫിന്റെ ചോദ്യം കേട്ടാണ് ജീവൻ ഉണർന്നത്....
ടേബിളിൽ കിടന്നിരുന്ന വാച്ച്,ടൈ, സൺഗ്ലാസ് തുടങ്ങിയ അവശ്യ സാധനങ്ങൾ ധൃതിയിൽ വാരിയെടുത്ത് ബാഗിലിട്ടു.നേരെ കാർ പാർക്കിങ്ങിലേക്ക് നടന്നു.
അവിടെ കാർ പാർക്കിങ്ങിൽ എത്തിയപ്പോഴാണ് താനിന്ന് കാർ എടുത്തില്ലെന്നും രാവിലെ ബസ്സിലാണ് ' വന്നതെന്ന കാര്യം ജീവന് ഓർമ്മ വന്നത്.
പിന്നൊന്നും നോക്കിയില്ല. നേരെ ബസ് സ്റ്റോപ്പിലേക്ക് വച്ച് പിടിച്ചു.
" ജീവാ ".......
ജോണേട്ടന്റെ നീട്ടിയുള്ള വിളി കേട്ട് ജീവൻ തിരിഞ്ഞു നോക്കി. ജോണേട്ടൻ കാറുമായി റോഡിൽ നിൽക്കുന്നു.
"ഡാ വേഗം വന്ന് കാറിൽ കയറ്..."
ജീവൻ കാറിൽ കയറി. ജോണേട്ടൻ ജീവൻ താമസിക്കുന്ന അതേ ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനാണ്.
" അല്ലാ നീയെന്താ ഈ സമയത്ത് .. ഓഫീസ് ടൈം മാറിയോ?...
ഓ... ടൈം ഒന്നും മാറിയില്ല. അവിടെ കിടന്ന് ഉറങ്ങിപ്പോയി ജോണേട്ടാ....
" നിന്റെ കാർ എവിടെ..?"
കാർ ഫ്ലാറ്റിലുണ്ട്. രാവിലെ ഡ്രൈവ് ചെയ്യാൻ ഒരു താൽപര്യം ഇല്ലായിരുന്നു...
എന്തു പറ്റിയെടാ ജിവാ.... ഭാര്യ നാട്ടിൽ പോയതിന്റെ ദുഃഖം ആണോ.....?
ദേ... ജോണേട്ടാ അവളുടെ കാര്യം എന്റെയടുത്ത് മിണ്ടരുത്.... അവൾ ഇല്ലാത്തപ്പോഴാണ് കൂടുൽ ആശ്വാസം തോന്നുന്നത്......
"ഡാ ജീവാ ഭാര്യമാരെ വെറുക്കുന്നത് അത്ര നല്ല സ്വഭാവമല്ല കേട്ടോ....?"
ഇത് കേട്ട ജീവൻ അല്പം അമർഷത്തോടെ പറഞ്ഞു...
ഇനി ഭാര്യ സ്വസ്ഥത തരുന്നില്ലെന്നും പറഞ്ഞ് കള്ളും കഞ്ചാവുമൊക്കെയായി എന്റെ റൂമിലോട്ടു വാ... ബാക്കി അപ്പോ കാണിച്ചു തരാം.... ഒരു ഉപദേശകൻ വന്നിരിക്കുന്നു.
" അയ്യോ ചതിക്കല്ലേ മോനേ.. ഭാര്യയുടെ കണ്ണുവെട്ടിച്ച് അല്പം മദ്യം സേവിക്കാനുള്ള ഏക ഒളിത്താവളം നിന്റെ മുറിയാണ്. ഇനി നീയും കൂടി കൈവിടരുത്."
ആ എന്നാ മിണ്ടാതിരി......... ജീവൻ ദേഷ്യത്തോടെ പറഞ്ഞു.
കാർ ഗേറ്റും കടന്ന് ഫ്ലാറ്റിന്റെ കാർ പാർക്കിങ്ങിലേക്ക് കുതിച്ചു.
അപ്പോ ജോണേട്ടാ ഗുഡ് നൈറ്റ്...... കാറിൽ നിന്നിറങ്ങിയ ജീവൻ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു - ലിഫ്റ്റിൽ കയറി നേരെ ആറാമത്തെ നിലയിലോട്ട്...
റൂമിന്റെ മുന്നിലെത്തിയ ജീവൻ താക്കോൽ എടുക്കാനായി ശരീരം മുഴുവൻ തപ്പി നോക്കി....
ഛേ... താക്കോൽ ഓഫീസിലെ ടേബിളിൽ വച്ചിരിക്കുകയാണല്ലോ.....
ഇനിയെന്തു ചെയ്യും....
"സുലൈമാനിക്കാ........."
ജീവൻ അലറിവിളിച്ചു. സുലൈമാൻ ഫ്ലാറ്റ് സെക്യൂരിറ്റി മാരിൽ ഒരാളാണ്.
സുലൈമാനിക്കാ..... ജീവൻ വീണ്ടും അലറി വിളിച്ചു.
ദൂരെ കസേരയിൽ ഉറങ്ങുകയായിരുന്ന സുലൈമാൻ ജീവന്റെ കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള വിളി കേട്ട് കസേരയിൽ നിന്നും നിലത്തേക്ക് തെറിച്ച് വീണു.......
" ന്റെ പടച്ചോനേ.... ഏത് പഹയനാണീക്കിടന്ന് തൊണ്ട കീറണത്.
"സുലൈമാനിക്കാ.... "
ജീവന്റെ ശബ്ദമാണല്ലോ ഇന്നും താക്കോൽ കളഞ്ഞിട്ടുണ്ടാവും. സുലൈമാൻ ജീവന്റെ അടുത്തേക്ക് ഓടി.
എന്താണ് പഹയാ ഇന്നും കാണാതായോ താക്കോല്? ഇനി അനക്ക് തരാൻ ഞമ്മളെ കയ്യിൽ താക്കോലില്ല.
എന്റെ സുലൈമാനിക്കാ താക്കോല് ഓഫീസിൽ വച്ച് മറന്ന് പോയി. ങ്ങള് ഒരു കാര്യം ചെയ്യ് ആ നാൽപ്പത്തിനാല് ബിയുടെ താക്കോല് എടുത്തു താ...
"ഏത് ആ ഹിന്ദിക്കാരൻ സേത്തിന്റെ റൂമിന്റെ താക്കോലോ?"
അതെ അവൻ നാട്ടീപ്പോയിരിക്കുകയല്ലേ..?
ന്റെ പൊന്നുമോനേ ആ ശെയ്ത്താൻ സേത്തിനെ അനക്ക് അറിഞ്ഞൂടാത്തോണ്ടാണ്. ഓൻ ഈ ദുബായീന്ന് ഒച്ചയിട്ടാൽ അതങ്ങ് കൊയിലാണ്ടീല് കേൾക്കാം..
ജ്യാതാ ഗിർഗിർ കരേഗാ ഞമ്മള് തരൂല ഓന്റെ താക്കോല്.
"ഹാ ഒരു പ്രശ്നവുമുണ്ടാവൂലാന്ന് ങ്ങള് താക്കോലെടുക്ക് സുലൈമാനിക്കാ..."
ഒന്നും പറയണ്ട ഞമ്മള് തരൂല...
അതിനിടെയാണ് ഫ്ലാറ്റിലെ തല മൂത്തയാൾ കൃഷ്ണൻ നായർ അങ്ങോട്ട് കയറി വന്നത്.
" ജീവാ ഇത് നിന്റെ താക്കോലാണോ? താഴെ ലിഫ്റ്റിൽ നിന്ന് കിട്ടിയതാണ്."
കൃഷ്ണൻ നായർ താക്കോൽ ജീവന്റെ കയ്യിൽ കൊടുത്തു.
ഇത് കണ്ട സുലൈമാൻ : താക്കോൽ എവിടെ വച്ച് മറന്ന് പോയെന്നാ പറഞ്ഞത്.. ഓഫീസിലോ...? ലിഫ്റ്റാണോ അന്റെ ഓഫീസ്''.. ഇനി മേലാൽ താക്കോലിന്റെ കാര്യം പറഞ്ഞ് ഞമ്മളെമെനക്കെടുത്താൻ വന്നേക്കരുത്.
സുലൈമാനിക്കയോട് മറുപടി പറയാൻ കഴിയാത്തതിന്റെ അമർഷവും ഉള്ളിലൊതുക്കി ജീവൻ മുറിയിലേക്ക് പോയി. സുലൈമാനും കൃഷ്ണൻ നായരും താഴത്തെ നിലയിലേക്കും പോയി.
ഒരു അര മണിക്കൂർ കഴിഞ്ഞു കാണില്ല അതാ വാതിലിൽ ആരോ മുട്ടിവിളിക്കുന്നു. ജീവൻ വാതിൽ തുറന്നു. മുന്നിൽ ഒരു ഫുൾ ബോട്ടിലുമായി ജോണേ'ട്ടൻ നിൽക്കുന്നു.
എന്റെ ജോണേട്ടാ നല്ല സമയത്ത് തന്നെയാ നിങ്ങൾ വന്നത്. എനിക്കിന്ന് കുടിച്ച് കുടിച്ച് മരിക്കണം. അകത്തോട്ട് കേറിവാ ജോണേട്ടാ...
ജോൺ ജീവന്റെ റൂമിലേക്ക് പ്രവേശിച്ചു. നേരെ സോഫയിൽ ചെന്നിരുന്നു. കയ്യിലുള്ള മദ്യക്കുപ്പിയെടുത്ത് ടേബിളിൽ വച്ചു. എന്നിട്ട് ജീവനോട് പറഞ്ഞു ''
" നീ കുടിച്ചോ പക്ഷെ മരിക്കണ്ട.രണ്ടു പേരും വെള്ളമടി തുടങ്ങി. ജീവൻ വീണ്ടും വാചാലനായി;
മരിക്കണം ജോണേട്ടാ...... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരും ഇല്ലാത്ത ഈ ജീവൻ ഇനി വേണ്ട.
നിർത്തെടാ ആരും സ്നേഹിക്കാനില്ല പോലും. നീ നിന്റെ ഭാര്യയെേ സ്നേഹിക്കെടാ.ഏതായാലും അവൾ ലീവ് കഴിഞ്ഞ് നാളെ നാട്ടീന്ന് വരുന്നുണ്ടല്ലോ?
പിന്നേ സ്നേഹിക്കാൻ അങ്ങ് ചെന്നാ മതി. ഒരു പ്രത്യേക സ്വഭാവക്കാരിയാണ് ജോണേട്ട.......... സംഭവം അവളെ കല്യാണം കഴിച്ചതിന് ശേഷമാണ് ഞാൻ ഈ ദുബായിൽ എത്തിയത്. ചുരുക്കിപ്പറഞ്ഞാൽ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതും അവളാണ്. എനിക്കിവിടെ ഒരു വിലയുമില്ല ജോണേട്ടാ... ഒന്നൂല്ലേലും എനിക് ഇവിടെ ഒരു ജോലിയുണ്ട്. ഞാൻ അവളുടെ അടിമയൊന്നുമല്ലല്ലോ ജോണേട്ടാ...
"ഡാ നീ ഇങ്ങനെ കുറ്റങ്ങൾ മാത്രം കാണാതെ അവളിലെ നല്ല വശങ്ങളും കാണാൻ ശ്രമിക്ക്.പിന്നെ, നിന്നെ ശ്രദ്ധിക്കാൻ ചിലപ്പോൾ അവൾക്ക് സമയം കിട്ടാറില്ലായിരിക്കാം. അത് പിന്നെ അവളുടെ ജോലിയുടെ സ്വഭാവം അങ്ങനെയാണ്. കമ്പനിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനമല്ലേ അവൾക്ക്.. "
ജോണേട്ടാ അവൾ എത് സ്ഥാനത്ത് വേണേലും ഇരുന്നോട്ടെ എന്നെ കടിച്ചുകീറാൻ വരുന്നതെന്തിനാ? ഞാൻ എന്തുചെയ്താലും കുറ്റം കണ്ടെത്തുകയാണ് അവളുടെ ഹോബി.
"ഡാ ബന്ധങ്ങളാവുമ്പോൾ ചില തട്ടലും മുട്ടലും ഒക്കെ ഉണ്ടാവും. ചിലതൊക്കെ നമ്മൾ കണ്ടില്ലാന്ന് നടിക്കണം."
എന്റെ ജോണേട്ടാ ഞാൻ എന്നും അവളെ സ്നേഹത്തോടെ തട്ടാനും മുട്ടാനും ഒക്കെ പോവാറുണ്ട്.. അതൊക്കെ അവൾ കണ്ടില്ലാന്ന് നടിക്കാറുമുണ്ട്.
"ഡാ ജീവാ നീ ഫിറ്റാണ്.. ഞാൻ തട്ടലും മുട്ടലും എന്ന് ഉദ്ദേശിച്ചത് കുടുംബ പ്രശ്നങ്ങളെപ്പറ്റിയാണ്. അല്ലാതെ അവളെ തട്ടാനും മുട്ടാനും പോണ കാര്യമല്ല."
ജോണേട്ടാ നിങ്ങൾ നല്ല ഒരു ഫിലോസഫറാണ്.ഒന്നാന്തരം കള്ളൻ.
"നിന്നെ ഉപദേശിച്ച എനിക്ക് ഇത് തന്നെ വേണം.. ഡാ ഒരുമിച്ചിരുന്ന് കമ്പനി കൂടാൻ ഇവിടെ വേറെ ആരെയും കിട്ടാഞ്ഞിട്ടല്ല ഞാൻ ഇവിടെത്തന്നെ വരുന്നത്.. പിന്നെ എന്റെ മനസ്സിൽ നിനക്ക് ഒരു അനിയന്റെ സ്ഥാനമായിപ്പോയി."
ഹാ.... വിട്ടേക്ക് ജോണേട്ടാ ഞാൻ ചുമ്മാ പറഞ്ഞതാണ്.
" ആ അതു പോട്ടെ നാളെ വാലന്റെൻസ് ഡേ അല്ലേ?എന്താ ജീവാ പരിപാടി?"
വാലില്ലാത്തോന് എന്ത് വാലന്റെൻസ് ഡേ ജോണേട്ടാ...
"നാളെ ആതിര വരുന്ന ദിവസമല്ലേ? അവളോടൊപ്പം ആഘോഷിക്കണം."
ആതിരയോ??
"അതെ നിന്റെ ഭാര്യ "
ഓ.. അവളുടെ പേര് ആതിര എന്നാണോ? അവളേം കൊണ്ട് ഞാൻ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ.. നിങ്ങളുടെ തലയ്ക്ക് വല്ല ഓളവുമുണ്ടോ ജോണേട്ടാ...
"ഡാ എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീർക്കാൻ പറ്റിയ ദിവസമാണ് നാളെത്തെ വാലന്റൈൻസ് ഡേ ... "
എന്റെ ജോണേടാ നിങ്ങള് എനിക്കൊരു ഗേൾഫ്രണ്ടിനെ കാണിച്ചു താ.. ഞാൻ അവളോടൊപ്പം വാലന്റെൻസ് ഡേയും, നാഷണൽ ഡേയും ഓണവും ക്രിസ്തുമസും എല്ലാം ആഘോഷിച്ചോളാം.
"ഫാ...!!!നീ എന്നെ ജോണേട്ടാ എന്നല്ലേ വിളിക്കുന്നത് അല്ലാതെ ജോൺ മാമാ എന്നല്ലല്ലോ?? അവന് ഗേൾഫ്രണ്ടിനെ ശരിയാക്കിക്കൊടുക്കണം പോലും "
ഹാ.. വിട്ടേക്ക് ജോണേട്ടാ ഞാൻ ചുമ്മാ പറഞ്ഞതാ..
" ഉം എന്തായാലും അവൾ വരട്ടെ നാളെ ഞാൻ നിങ്ങളെ രണ്ടാളെയും വന്ന് കണ്ടോളാം.. ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല.പ്രശ്നങ്ങൾ തീർക്കുക തന്നെ വേണം - "
ജോണേട്ടാ നിങ്ങൾ നാളെ വരുന്നതൊക്കെ കൊള്ളാം, പിന്നെ ഒരു കാര്യം എന്നെ സപ്പോർട്ട് ചെയ്തേ സംസാരിക്കാൻ പാടുള്ളൂ. നിങ്ങളെ അവൾക്ക് വലിയ ബഹുമാനമാണ്. ജോണേട്ടൻ പറഞ്ഞാൽ അവൾ അനുസരിക്കും.
"പൊന്നുമോനേ നിങ്ങളെ തമ്മിൽ വേർപിരിക്കാനല്ല നിങ്ങളെ ഒരുമിച്ച് നിർത്താനാണ് ഞാൻ നാളെ വരുന്നത് - രണ്ടു പേരുടെ ഭാഗത്തു നിന്നുള്ള തെറ്റുകുറ്റങ്ങളും ഞാൻ വിളിച്ചു പറയുക തന്നെ ചെയ്യും.
ആ ഞാൻ ഇറങ്ങുവാ നിനക്ക് നാളെ ഓഫീസ് ഉള്ളതല്ലേ? കിടന്നുറങ്ങാൻ നോക്ക്."
ജോൺ ജീവന്റെ മുറിക്ക് പുറത്തിറങ്ങി സ്വന്തം റൂമിലേക്ക് പോയി.
സമയം പിറ്റേന്ന് വൈകുന്നേരം അഞ്ച്
മണി, പതിവുപോലെ ഓഫീസിൽ കിടന്നുറങ്ങുന്ന ജീവൻ. പെട്ടെന്നാണ് ഫോൺ ശബ്ദിക്കാൻ തുടങ്ങിയത്.ജീവൻ ഒരു വിധം കഷ്ടപ്പെട്ട് കോൾ അറ്റന്റ് ചെയ്തു.
ഹലോ
"ഹലോ ജീവാ ഇത് ഞാനാ ആതിര "
ആതിരയോ?
"നിന്റെ ഭാര്യ.. എന്താ നിനക്ക് എന്നെ അറിയില്ലേ "
നാശം ഇവിടെയും സമാധാനം തരില്ലേ? ചീത്ത വിളിക്കാനാണേൽ ഞാൻ ഫ്ലാറ്റിലോട്ട് വന്നതിന് ശേഷം ,ഇപ്പോ എന്നെ വെറുതെ വിട്..
" ജീവാ എനിക്കിപ്പോ നിന്നോട് ഒരു ദേഷ്യവും ഇല്ല. ജോണേട്ടൻ എന്നെ വന്ന് കണ്ടിരുന്നു. ഇപ്പോ എനിക്ക് നിന്നെ മനസ്സിലാക്കാൻ പറ്റണുണ്ട്. എത്രയും പെട്ടെന്ന് ഫ്ലാറ്റിലോട്ട് വാ... ഇവിടെ ജോണേട്ടൻ നിന്നെയും കാത്തിരിക്കുന്നുണ്ട്.
ഇത്രയും പറഞ്ഞ് ആതിര ഫോൺ കട്ട് ചെയ്തു.ജീവന് തന്റെ കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല.എന്നാലും ജോണേട്ടൻ വാക്കുപാലിച്ചു.
പിന്നെ ഒട്ടും വൈകിച്ചില്ല ജീവൻ നേരെ കാർ പാർക്കിങ്ങിലേക്ക് ഓടി. അവിടുന്ന് കാറുമെടുത്ത് നേരെ ഫ്ലാറ്റിലേക്ക്. ഞൊടിയിടയിൽ ജീവൻ തന്റെ റൂമിനു മുന്നിലെത്തി, അതാ മുന്നിൽ പുഞ്ചിരിക്കുന്ന മുഖവുമായി ആതിര ..കൂടെ തന്നെ കാത്തിരിക്കുന്ന ജോണേട്ടനും.
" ആ .....ജീവാ ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു'. ഇനി നിങ്ങൾ രണ്ടു പേരും തമ്മിൽ ഒരു പ്രശ്നവും ഉണ്ടാവില്ല.".
ജീവൻ ആശ്ചര്യത്തോടെ ജോണേട്ടനെയും ആതിരയെയും മാറി മാറി നോക്കി. ആതിര പെട്ടെന്ന് അടുക്കളയിലേക്ക് പോയി.
ജീവൻ ജോണിനോട് പറഞ്ഞു
എന്റ ഏറ്റവും വലിയ ശത്രുവായ എന്റെ ഭാര്യ എന്നോട് സ്നേഹത്തോടെ പെരുമാറിയിരിക്കുന്നു. ജോണേട്ടാ നിങ്ങൾ എന്ത് മാജിക്കാണ് കാണിച്ചത്?
" നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചിരിക്കും എന്ന് പറഞ്ഞാൽ അത് പരിഹരിച്ചിരിക്കും.ഈ ജോണിന് ഒരു വാക്കേ ഉള്ളൂ"
പെട്ടെന്നാണ് രണ്ട് കപ്പ് പായസവുമായി ആതിര അടുക്കളയിൽ നിന്നും വന്നത്:
"ഹാപ്പി വാലന്റെൻസ് ഡേ "
അവൾ കയ്യിലിരുന്ന പായസംജോണേട്ടതും ജീവനും നൽകി.
പായസം കുടിക്കുകയായിരുന്നെങ്കിലും ജീവന്റെ കണ്ണുകൾ മുഴുവനും, ആതിരയുടെ മുഖത്തായിരുന്നു.
കുടിച്ചു തീർന്ന പായസ കപ്പ് ആതിരയുടെ കയ്യിൽ കൊടുത്തതും വേദന കൊണ്ട് പുളഞ്ഞ വയറ്റിൽ കൈകൾ അമർത്തി ജീവൻ നിലത്തേക്ക് വീണ് പിടഞ്ഞതും ഒരുമിച്ചായിരുന്നു.
"ജോണേട്ടാ... എനിക്ക് എന്തോ സംഭവിക്കുന്നുണ്ട് ജോണേട്ടാ..
ജീവൻ പതറിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു.
ജോണേട്ടൻ സോഫയിൽ നിന്നും എഴുന്നേറ്റ് ഓടി വന്ന് ജീവനെ താങ്ങിയെടുത്തു. പതുക്കെ പറഞ്ഞു
"ഗോ ടു ഹെൽ...
നിനക്ക് മരിക്കണമെന്നല്ലേ നീ ഇന്നലെ പറഞ്ഞത് ,നീ പോ... ഗോ ടു ഹെൽ"
ജോൺ തന്റെ കൈകൾ കൊണ്ട് ചലനമറ്റ ജീവന്റെ കണ്ണുകൾ പതിയെ അടച്ചു.ഇത് കണ്ട് നിന്ന ആതിര ഓടി വന്ന് ജോണിനെ കെട്ടിപ്പിടിച്ചു.
" എനിക്ക് പേടിയാവുന്നു ജോണേട്ട "...
നമ്മുടെ വഴിയിൽ തടസ്സമായി നിന്ന വൃക്ഷച്ചില്ല അത് നമ്മളങ്ങ് വെട്ടിമാറ്റി അത്രയേ ഉള്ളൂ.. പിന്നെ നീ ഇവന് കൊടുത്ത വിഷം അത് അവൻ സ്വയം കഴിച്ചതാണെന്ന് വരുത്തിതീർക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല മോളേ..
ഇവന്റെ മാനസിക പിരിമുറുക്കത്തെപ്പറ്റി ഇവിടെ എല്ലാവർക്കും അറിയാവുന്നതാണ്. അതിന് ഇത്തിരി എരിവ് പകരാൻ എനിക്കറിയാം. ഒന്നുകൊണ്ടും പേടിക്കണ്ട ജോണേട്ടനുണ്ട്നിനക്ക്."
ആതിര പതുക്കെ ജോണിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
മിഥുൻ ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo