പ്രവാസം എപ്പോഴും വേർപാടിന്റെ,കഷ്ടപ്പാടിന്റെ,വഞ്ചനയുടെ കഥകളാണ് പറയാറുള്ളത് .....ഇതൊരു മാറ്റമാണ്...എല്ലാ കഥകളിൽ നിന്നും....ചില സത്യങ്ങളിലേക്ക്....
ജയിലറക്കുള്ളിലെ മെഴുകുതിരി
ഇരുൾ മൂടിയ ഈ നാല് ചുമരുകൾക്കുള്ളിലേക്ക് കാതുകൂർപ്പിച്ചാൽ കേൾക്കാം എന്റെ ഹൃദയത്തിന്റെ തേങ്ങൽ.മരുഭൂമിയിലെ സൗഭാഗ്യങ്ങൾ തേടി ഈ സ്വപ്നഭൂമിയിലേക്ക് ജീവിതം പറിച്ചു നട്ട ഈയുള്ളവൻ നാളെ അസ്തമിക്കും. ഒരായുസ്സിന്റെ കണ്ണുനീർ എന്റെ പൊന്നു ഉമ്മാക്ക് സമ്മാനിച്ചുകൊണ്ട്, എന്റെ ജെസ്നയ്ക്ക് വൈധവ്യത്തിന്റെ മുൾക്കിരീടം സമ്മാനിച്ചകൊണ്ട്, ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ലാത്ത എന്റെ പൊന്നുമോളെ അനാഥത്വത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് തള്ളിയിട്ട്കൊണ്ട്...
ഖുർആനിൽ മുഖം അമർത്തിപ്പിടിച്ച് ഞാൻ കുറെ നേരം കരഞ്ഞു.വലുതും ചെറുതുമായി ചെയ്തു തീർത്ത പാപങ്ങളെ ഞാൻ ഒരിക്കൽ കൂടി ദൈവത്തോട് ഏറ്റുപറഞ്ഞു.ഇനി ദിവസങ്ങളില്ല....ബാക്കിയുള്ളത് ഏതാനും മണിക്കൂറുകൾ മാത്രം...
എവിടെയാണ് എനിക്ക് പിഴച്ചത്..??..ഞാൻ എങ്ങനെ ഇവിടെ എത്തിപ്പെട്ടു?? ഓർമ്മകളെ ഞാൻ രണ്ട് വർഷം പിറകോട്ട് ചലിപ്പിച്ചു.
ഉമ്മയുടെ നനുത്ത കവിളിൽ ഒരു വിതുമ്പലോടെ ചുംബിച്ച് എന്റെ ജസ്നയെ മാറോടണച്ച് അവളുടെ നിറവയറിൽ തലോടുമ്പോൾ ഞാനോർത്തിരുന്നില്ല ഇതെന്റെ അവസാന യാത്രയാകുമെന്ന്...
പ്രതീക്ഷകളുടെ അമിതഭാരവുമായി സൗദിയിലെത്തിയ ഞാൻ ഒരു ജോലി തേടി കുറെ അലഞ്ഞു.കയ്യിൽ ആകെ ഉണ്ടായിരുന്ന 300 റിയാലും അവസാനിച്ചതോടെ ഒരു സഹായമെന്നോണം എന്നെ കൂടെ താമസിപ്പിച്ച സുഹൃത്തുക്കൾക്കും ഞാൻ ഒരു ബാധ്യതയായി മാറി.എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നതിനിടയിലാണ് യാദൃശ്ചികമായി ഞാൻ അയാളെ പരിചയപ്പെടുന്നത്.
അയാൾ എന്നോട് സൗമ്യമായി പുഞ്ചിരിച്ചു.എന്റെ പ്രശ്നങ്ങളെ സസൂക്ഷ്മം ശ്രവിച്ച അയാൾ എനിക്ക് ഒരു ജോലി വാഗ്ദാനം ചെയ്തു.ആശകളും പ്രതീക്ഷകളും എന്നെന്നേക്കുമായി നഷ്ടപെട്ട എന്റെ മുന്നിലേക്ക് ദൈവം അവതരിച്ചതുപോലെ എനിക്ക് തോന്നി.ഞാൻ അയാളുടെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു.
നഗര മധ്യത്തിലുള്ള കൂറ്റൻ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് അയാൾ എന്നെ കൊണ്ടുപോയി.വിജനമായ ആ ഓഫീസിൽ റൂമിൽ അയാളും ഒരു പാകിസ്താനിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.ബാക്കി കാബിനുകളെല്ലാം ഒഴിഞ്ഞു കിടക്കുന്നു.വല്ലപ്പോഴും അവർ തരുന്ന രേഖകളും സാധനങ്ങളും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുക എന്നത് മാത്രമായിരുന്നു എന്റെ ജോലി. വളരെ നിസ്സാരമെന്ന് തോന്നിക്കുന്ന ഈ ജോലിക്ക് അയാൾ ഉയർന്ന ശമ്പളം വാഗ്ദാനം നൽകിയപ്പോൾ ഞാൻ അൽപ്പം പോലും സംശയിച്ചില്ല.
ഞാൻ ഒരു പെൺകുട്ടിയുടെ അച്ഛനായ ദിവസം.അതിരുകളില്ലാത്ത എന്റെ സന്തോഷത്തിൽ അയാളും പങ്കു ചേർന്നു.ഒരു മാസത്തേക്കുള്ള ലീവും നാട്ടിലേക്കുള്ള ടിക്കറ്റും ഞാൻ ചോദിക്കാതെ തന്നെ അയാൾ എനിക്ക് സമ്മാനമായി നൽകിയപ്പോൾ ഞാൻ ആനന്ദത്തിന്റെ കൊടുമുടിയിലെത്തി.എന്റെ മിഴികളിൽ നിന്ന് ഒലിച്ചിറങ്ങിയ അശ്രുകണങ്ങൾ അയാളുടെ പാദങ്ങളിൽ സ്പർശിച്ചപ്പോൾ എൻെറ നന്ദി വാക്കുകളിൽ മാത്രം ഒതുക്കേണ്ടി വന്നില്ല.
വീട്ടിലേക്ക് വിളിച്ച ഞാൻ എന്റെ സന്തോഷത്തെ അവരിലേക്കും പകർന്നു.അയാളുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ ജസ്നയോടും ഉമ്മയോടും പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്നതിന്റെ ദിവസങ്ങൾക്ക് മുൻപേ ഞാൻ തയ്യാറെടുപ്പ് തുടങ്ങി.നഗരത്തിലെ ഷോപ്പിംഗ് മാളുകളിൽ കയറിയയിറങ്ങി എന്റെ കണ്മണിക്ക് വേണ്ടി കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങിക്കൂട്ടി.
പോകുന്നതിന്റെ ഒരാഴ്ച മുൻപ് അയാൾ എന്നെ കാണാൻ റൂമിൽ വന്നു.ദമ്മാമിലേക്കുള്ള ഒരു ടിക്കറ്റും ഒരു ബാഗും എനിക്ക് തന്നു.അയാൾ തന്നിട്ടുള്ള അഡ്രസ്സിൽ ബാഗ് ഈ ബാഗ് എത്തിക്കണമെന്നും താൻ നാട്ടിൽ പോകുകയാണെന്നും പറഞ്ഞു മടങ്ങുമ്പോൾ അയാളുടെ അഭ്യർത്ഥനയെ അനുസരിക്കാൻ തയ്യാറായ കൂറുള്ള ആജ്ഞാനുവർത്തിയായി ഞാൻ മാറിയിരുന്നു.
എയർപോർട്ടിലെ വെയ്റ്റിംഗ് ക്യാബിനിൽ ഇരിക്കുന്ന സമയത്താണ് കുറെ പോലീസുകാർ എന്റെ ചുറ്റും കൂടിനിന്നത്.കൊത്തിവലിക്കുന്ന അവരുടെ നോട്ടത്തിന്റെ അർഥം മനസ്സിലാകാതെ ഞാൻ എഴുന്നേറ്റ് നിന്നു.അവരിലൊരാൾ എന്റെ കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ചു വാങ്ങി.പിന്നെ അതിലുണ്ടായിരുന്ന ഒരു കറുത്ത പൊതി പുറത്തേക്കെടുത്തു.അത് തുറന്നതും കുറെ വെളുത്ത പൊടി നിറച്ച പാക്കറ്റുകൾ.....
''യേഷ് ഹാദാ???''
''മാ ...ആരിഫ് ."
എന്തെങ്കിലും പറയുന്നതിന് മുൻപേ അവരെന്റെ കൈപിറകോട്ട് കെട്ടി എന്നെ പോലീസ് കാറിലേക്ക് കയറ്റി.ഒന്നും മനസ്സിലാകാതെ എന്റെ നെഞ്ചിടിച്ചുകൊണ്ടിരുന്നു.
സ്റ്റേഷനിലെത്തിയപ്പോൾ ഒരു മലയാളി അഭിഭാഷകന്റെ സഹായത്തോടെയാണ് ഞാൻ ആ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ കേട്ടത്.എന്റെ ബാഗിൽ നിന്ന് അവർ പുറത്തെടുത്തത് സൗദി ഗവണ്മെന്റ് വിലക്കേർപ്പെടുത്തിയ വീര്യം കൂടിയ ലഹരി മരുന്നായിരുന്നു.
ഇക്കാലമത്രെയും ഞാൻ ദൈവത്തെപ്പോലെ കരുതിയിരുന്ന ആ മനുഷ്യൻ എന്നെ സമർത്ഥമായി വഞ്ചിച്ചിരിക്കുന്നു. എന്റെ കണ്ണുകളിൽ ഇരുട്ടുകയറി.ഒന്നും സംസാരിക്കാനാവാതെ ഞാൻ തരിച്ചു നിന്നു.
എന്റെ നിരപരാധിത്വം തെളിയിക്കാൻ എനിക്ക് അയാളെ കണ്ടെത്തണമായിരുന്നു.എന്റെ ജീവൻ രക്ഷിക്കാൻ സകല ശ്രമങ്ങളും നടത്തിയ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും അയാളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ നിയമത്തിന് മുന്നിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. എന്റെ ജീവന് വേണ്ടിയിട്ടുള്ള എല്ലാ പോരാട്ടങ്ങളും അപ്രസക്തമായ ദിവസം.തെറ്റിദ്ധരിക്കപ്പെട്ട നീതിപീഠം എനിക്ക് വധശിക്ഷ വിധിച്ചപ്പോൾ ഞാൻ ആ പ്രതിക്കൂട്ടിൽ ബോധ രഹിതനായി വീണു.അപ്പോഴും എന്റെ സ്വപ്നങ്ങളിൽ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്റെ പൊന്നുമോളുടെ കളിചിരികൾ മാത്രമായിരുന്നു.
സുബ്ഹി ബാങ്ക് കൊടുക്കുന്നു.എന്റെ ജീവിതത്തിലെ അവസാനത്തെ നമസ്കാരം.ഞാൻ അംഗശുദ്ധി വരുത്തി.കാവൽക്കാരുടെ സാനിധ്യത്തിൽ നമസ്കാരപായയിലേക്ക്.ദൈവ നിശ്ചയങ്ങൾ എന്നും എനിക്കെതിരായിരുന്നു.പക്ഷെ,ഞാൻ ഇന്നും ദൈവത്തെ സ്നേഹിക്കുന്നു.എനിക്ക് ഇന്നോളം നൽകിയ കാരുണ്യങ്ങൾക്ക്.....
വിഭവസമൃദ്ധമായ ഭക്ഷണം എനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ ആ കാവൽക്കാരന്റെ മുഖത്തേക്ക് നോക്കി.ഇന്നോളം ഞാൻ കണ്ടിട്ടില്ലാത്ത മനോഹരമായ ഒരു പുഞ്ചിരിയിലൂടെ അയാൾ എന്നെ അഭിവാദ്യം ചെയ്യുന്നു.ഒരു പക്ഷെ,അതെന്നോടുള്ള സഹതാപമായിരിക്കാം....അതുമല്ലെങ്കിൽ അയാൾക്ക് എന്നോട് ചെയ്യാൻ കഴിയാവുന്ന ഏറ്റവും ചെറിയ ദാനം എനിക്ക് നേരെ നീട്ടിയതാകാം....
വിമാനം കയറുന്നതിന്റെ തലേദിവസം മുൻപ് വരെ ആ ഒരു ഉരുള ചോറിന് വേണ്ടി ഞാൻ വാശിപിടിച്ചിരുന്നു.കുട്ടിക്കളി മാറാത്ത പോത്തെന്ന് പറഞ്ഞ് എന്നെ കളിയാക്കി വാല്സല്യപൂർവ്വം എന്നെ ഊട്ടിയിരുന്ന എന്റെ ഉമ്മയെ കുറിച്ചോർക്കുമ്പോൾ ആ ഭക്ഷണം അന്നനാളം കടക്കാതെ തികട്ടി വരുന്നു.ഒന്നും കഴിക്കാനാവാതെ ഞാൻ ആ ആഹാരത്തെ കണ്ണീരുമായി കൂട്ടിക്കൊഴച്ചുകൊണ്ടിരുന്നു.
ബലികൊടുക്കാൻ കൊണ്ടുപോകുന്ന ഈ അറവുമാടിന്റെ ആരോഗ്യത്തെ സ്റ്റെതസ്കോപ് കൊണ്ട് അളക്കാൻ ആളുകൾ വന്നു.എന്റെ ഭാരം നോക്കി.അതെ എന്റെ ശരീരം പൂർണ്ണ സജ്ജമാണ്.അവർ എല്ലാ ഔപചാരിതകളും അവസാനിപ്പിച്ചു.
അവർ എന്റെ കണ്ണ് കെട്ടി.പിന്നെ എന്നെ ആനയിച്ച് ജീപ്പിലേക്ക് കൊണ്ടുപോയി.ഡിസംബറിലെ ആ തണുത്തപ്രഭാതത്തിലും വല്ലാത്ത ഉഷ്ണം പോലെ എനിക്ക് തോന്നി.എന്റെ ശരീരം മുഴുവൻ തുളച്ചു കയറുന്നത് പോലെ.......
ലോകംനിദ്രയിൽ നിന്ന് ഉണർന്ന് തുടങ്ങുന്നതേ ഒള്ളൂ .8 മണി ആയിക്കാണും.അവർ എന്നെ ജീപ്പിൽ നിന്നും താഴെ ഇറക്കി.
നിറയെ മിനാരങ്ങൾ നിറഞ്ഞ ബാലദിലെ ഈ പള്ളിമുറ്റത്ത് ഇപ്പോൾ നിറയെ ആളുകൾ കൂടിക്കാണും.അവരിൽ എന്റെ സുഹൃത്തുക്കളും ഉണ്ടാകും.എന്റെ വിധിപ്രസ്താവന വിളിച്ചു പറയാൻ ആ നടുമുറ്റത്ത് മൈക്ക് കെട്ടിയിട്ടുണ്ടാകും.
എന്റെ മൃത ശരീരത്തെ കൊണ്ടുപോകാൻ ആംബുലൻസ് എത്തിയിട്ടുണ്ടാകും.എന്റെ മരണത്തെ തീർച്ചപ്പെടുത്താൻ ഡോക്ടർമാർ വന്നിട്ടുണ്ടാകും.അറ്റുവീണ എന്റെ ശിരസ്സിനെ ഉടലുമായി തുന്നിച്ചേർക്കാൻ നഴ്സുമാർ ഉണ്ടാകും.......
അവർ എന്റെ രണ്ടു കൈകളും പിറകിലേക്ക് കെട്ടി.പിന്നെ എന്നെ മുട്ടിലിരുത്തി.എന്നിൽ ആരോപിക്കപ്പെട്ട കുറ്റക്രത്യത്തെ ആരോ ഉറക്കെ വായിച്ചു കേൾപ്പിക്കുന്നുണ്ട്.
എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.മൂർച്ചയേറിയ ആ ആയുധം എന്റെ കഴുത്തിലൂടെ പ്രവഹിക്കുന്ന ആ നിമിഷത്തിന് വേണ്ടി ദൈവ നാമം ഉരുവിട്ട്കൊണ്ട് ഞാൻ കാത്തിരുന്നു.
ഇവരെന്തിനാണ് ഇങ്ങനെ താമസിപ്പിക്കുന്നത്??....ഇനിയും താമസിച്ചാൽ എന്റെ ഹൃദയം പൊട്ടി ഞാൻ മരിച്ചുപോകും.അപ്പോൾ പിന്നെ അവർ എന്റെ ശവത്തിൽ വീണ്ടും വെട്ടുമോ???
പെട്ടെന്നാണ് എനിക്ക് ചുറ്റും ചില ശബ്ദങ്ങൾ കേട്ടത്.അറബി ഭാഷയിൽ ആരൊക്കെയോ പരസ്പരം ഉച്ചത്തിൽ സംസാരിക്കുന്നു.ഞാൻ ആ സംഭാഷണങ്ങൾക്ക് നേരെ ചെവികൂർപ്പിച്ചു .
ഒരുപക്ഷെ,ആ വഞ്ചകനെ പോലീസ് പിടിച്ചുകാണുമോ??
അങ്ങനെയാണെങ്കിൽ തുടരന്വേഷണം കഴിയുന്നത് വരെ അവർ എന്റെ ശിക്ഷ റദ്ദ് ചെയ്യുമോ???......
അങ്ങനെയാണെങ്കിൽ തുടരന്വേഷണം കഴിയുന്നത് വരെ അവർ എന്റെ ശിക്ഷ റദ്ദ് ചെയ്യുമോ???......
അപ്പോൾ എന്റെ ഉമ്മയെ ഒരിക്കൽ കൂടി എനിക്ക് കാണാൻ കഴിയുമോ??...
എന്റെ ജസ്നയെ???
എന്റെ മോളെ??
വിറച്ചു നിൽക്കുന്ന എന്റെ ചുണ്ടുകളിൽ പുഞ്ചിരി പടർന്ന് തുടങ്ങിയിരിക്കുന്നു....
പെട്ടെന്നാണ്.....
എന്റെ ശരീരത്തെ ചുട്ടുപൊള്ളിച്ചുകൊണ്ട് മൂർച്ചയേറിയ ആ ആയുധം എന്റെ കഴുത്തിലൂടെ പ്രവഹിച്ചത്.ഉടലിൽ നിൻ വേർപെട്ട എന്റെ ശിരസ്സ് തറയിൽ വീഴുന്ന ശബ്ദം ഞാൻ കേട്ടു.
കരയിലേക്കിട്ട മൽസ്യത്തെപ്പോലെ പിടയുന്ന എന്റെ ശരീരം ഞാൻ കണ്ടു.
ഭാരം കുറഞ്ഞ ഒരപ്പൂപ്പൻ താടി പോലെ ഞാൻ മുകളിലേക്ക് സഞ്ചരിച്ചു.....എല്ലാ ബന്ധങ്ങളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും മോചിതനായത് പോലെ ....
ഈ വഴിത്താരയിലൂടെ കടന്നു വരുന്ന വായുപ്രവാഹത്തിൽ എനിക്ക് അലിഞ്ഞു ചേരാം......ഈ അറബിക്കടലിന്റെ അപ്പുറമുള്ള മാമല നാട്ടിലേക്ക് എനിക്ക് ഇപ്പോൾ പോകാം ....എന്റെ ഉമ്മയെ കാണാം.....ജസ്നയെ കാണാം ...എന്റെ മോളെ കാണാം ....
അങ്ങനെ...അങ്ങനെ....എനിക്ക്........
( തെറ്റിദ്ധരിക്കപ്പെട്ട നീതിപീഠത്തിന് മുന്നിൽ ജീവൻ നഷ്ടമായ എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും വേണ്ടി ഈ പ്രിയ സുഹൃത്തിന്റെ എളിയ സമർപ്പണം )
സമീർ ചെങ്ങമ്പള്ളി

nannaairikkunnu, nalla avatharanam
ReplyDelete