Slider

സമർപ്പണം

4

"കാമം തീർക്കാൻ നിനക്ക് എന്റമ്മയെ തന്നെ വേണം വയസുകാലത്തു...അല്ലേടാ?..."
എന്റെ ജുബ്ബയിൽ കുത്തിപ്പിടിച്ചു ആ യുവാവ്
അലറുകയാണ്..കാര്യം എന്താണെന്നു ചോദിയ്ക്കാൻ ശ്രമിച്ച എന്റെ ശബ്ദം
അവന്റെ അസഭ്യവർഷത്തിൽ മുങ്ങിപ്പോയി.
കഴുത്തിൽ വിരൽ മുറുകി.. ശ്വാസം വലിച്ചു
എടുക്കാൻ ശ്രമിക്കുമ്പോൾ അവനെന്നെ
പുറകിലേക്കു ആഞ്ഞു തള്ളി..വരാന്തയിലെ
സോഫയുടെ അരികിൽ തലയടിച്ചിരുന്നു
പോയി ഞാൻ..മുറ്റത്തിട്ട കാറിലേക്ക് കയറും
മുന്നേ അവൻ തിരിഞ്ഞു നിന്നു..വിരൽ ചൂണ്ടി..
"ഇന്നു നീ എന്റമ്മയെയും കെട്ടി മധുവിധു ആഘോഷിക്കാൻ വച്ച വെള്ളം അങ്ങ്
വാങ്ങി വച്ചേരെ കെളവാ...ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ നടക്കില്ലത്..നടത്തില്ല..."
ദൈവമേ..ഏതാണീ പയ്യൻ ?എവിടെയോ കണ്ടു
മറന്ന ഛായ..ആരുടെ വിവാഹം ആണ്..?
വിവാഹമേ വേണ്ടെന്നു വച്ച തനിക്കു ആരാണ്
ഈ അൻപത്തിയഞ്ചാം വയസിൽ വിവാഹം
ഉറപ്പിച്ചത്,?പതിനാലാം വയസു മുതൽ പ്രണയിച്ചവൾ അകാല വൈധവ്യം ഉണ്ടാവാതിരിക്കാൻ വീട്ടുകാരുടെ വാക്കുകൾക്കു
മുന്നിൽ മറ്റൊരുവന്റെ താലിക്കു തല കുനിച്ചപ്പോൾ.. അന്ന് വെറുത്തതാണ് സ്ത്രീ
വർഗത്തെ മൊത്തം..
അവളെയും കുറ്റപ്പെടുത്താൻ വയ്യ
നാട്ടിൻപുറത്തുകാരി പാവം
പെൺകുട്ടിക്കു ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു.കണ്ണീരോടെയുള്ള അവസാന
യാത്ര പറച്ചിൽ ഇന്നും നെഞ്ചിൽ ഒരു വിങ്ങൽ
ആണ്..അതിനുശേഷം നാട്ടിൽ വന്നത് രണ്ടു
പ്രാവശ്യം ആണ് .. അവൾ വിധവ ആയതിന്റെ
മൂന്നാം വർഷം.....രണ്ടു കുഞ്ഞുങ്ങളെയും അവളെയും ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ
കുട്ടികളെ വാരിപ്പിടിച്ചു അകത്തുകയറി വാതിൽ
അടയ്ക്കും മുന്നേ അവൾ പറഞ്ഞു...
"സേതുവേട്ടൻ പോയാലും എന്റെ മക്കൾക്ക്
വേണ്ടി ജീവിക്കും ഞാൻ "...
അതോടെ തീർന്നു എല്ലാം ..അവിടെ ആ
അദ്ധ്യായം അടച്ചു,.അഞ്ചു വർഷം മുന്നേ
എല്ലാം മതിയാക്കി വന്നപ്പോൾ അവർ
എല്ലാം വിറ്റു ടൗണിലേക്ക്
പോയിരുന്നു ... സേതുവിൻറെ മരണശേഷം
അവൾക്കു ആ ജോലി കിട്ടി..ഒരു വിളിപ്പാട്
അകലെ ഉണ്ടെങ്കിലും ഇന്നുവരെ കാണാനോ
കേൾക്കാനോ ശ്രമിച്ചിട്ടില്ല....
അതെ...പെട്ടന്ന്..
എന്റെ ഹൃദയത്തിലൂടെ ഒരു മിന്നൽ പാഞ്ഞു.
അതെ അരുന്ധതിയുടെ മകൻ...അപ്പോൾ
വിവാഹം ?..ദൈവമേ ഒരു ആയുസു മുഴുവൻ
ഹോമിച്ചിട്ടും പരീക്ഷണമോ ?ഇല്ല ഇനിയും
വിഡ്ഢിയാവാൻ വയ്യ..അറിയണം സത്യം..
ആരെയാണ് അവൾ ഈ പ്രായത്തിൽ..?
ആ വീടിന്റെ ഉള്ളിൽനിന്നും
ആരുടെയൊക്കെയോ ശബ്ദം
മുഴങ്ങി കേൾക്കുന്നുണ്ട്..മകൾ ആണെന്നു
തോന്നുന്നു..രൂക്ഷമായ ഭാഷയിൽ
സംസാരിക്കുന്നത്.."ആന്റി വിളിച്ചതുകൊണ്ടു
കാര്യം അറിഞ്ഞു ഓടിവരാനായി..വയസാം
കാലത്തു കാമുകന്റെ കൂടെപോയി ഞങ്ങളെ
പഠിപ്പിക്കാം എന്നായിരിക്കും പ്ലാൻ.."
അവൾ തലകുനിച്ചു നിൽക്കുന്നത്
കാണാം..പ്രായത്തിന്റെ തളർച്ച ആണോ
അല്ലെങ്കിൽ കുറ്റബോധമോ?തളർന്ന
നിൽപ്പാണ്..ശോഷിച്ചുപോയോ അവൾ?
ഞാൻ അങ്ങോട്ട് നടന്നു..അവൾ
എന്നെ കണ്ടപ്പോൾ ഞെട്ടി.എങ്കിലും
പ്രതീക്ഷിച്ചിരുന്ന ഭാവം മുഖത്തു..
യുവതിയും രാവിലെ കണ്ട
യുവാവും ചീറിക്കൊണ്ട് വന്നു..
"വന്നല്ലോ കാമുകൻ ...."
ഞാൻ അവൾക്കു നേരെ തിരിഞ്ഞു..
അവൾ പിശാചിനെ കണ്ട മുഖത്തോടെ
ഭയത്തോടെ..ദയനീയമായി എന്നെ നോക്കി.
പതുക്കെ ആ കൺകളിൽ നീർമുത്തുകൾ
ഉരുണ്ടുകൂടി..പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ
റൂമിലേക്കോടി ..ചോദിക്കാൻ വന്നതൊക്കെ
എന്റെ തൊണ്ടയിൽ കുടുങ്ങി..
"ഇറങ്ങിപോടോ.."അവളുടെ മകൾ ചീറി..
ഇനിയെന്ത് ചോദിക്കാൻ.?
അവളുടെ ജീവിതം ഇത്രയും നരകം
ആയിരുന്നോ?ഇതാണോ അവൾ മക്കളെ
പഠിപ്പിച്ച സംസ്കാരം ? ഇല്ല ഇനിയും വയ്യ..
"പോകാം അരുന്ധതിയെ ഒന്നു കണ്ടിട്ടു."
"ഇല്ലെങ്കിൽ താൻ പോകില്ലേ ?എത്ര കാലം
ആയി ഈ ആഭാസം തുടരുന്നു ?ഇതുതന്നെ
ആയിരിക്കും തള്ളക്കു എന്നെ നോക്കാൻ
വന്നപ്പോൾ രോഗം വന്നു കിടപ്പിലായത്..
"സുഖം പിടിച്ചാലങ്ങനെയാ.."
ഒറ്റനിമിഷം ..പടക്കം പൊട്ടും പോലെ
ഒരു ശബ്ദം..ആ പെൺകുട്ടിയുടെ ഭർത്താവ്
ആണെന്നു തോന്നുന്നു അവളുടെ മുഖമടച്ചു
ഒന്നു കൊടുത്തതാണ്..എല്ലാവരും ഞെട്ടി
തരിച്ചുപോയി..അവൾ അയാളോട് എന്തോ
പറയാൻ കവിളിൽ കൈവച്ചു തിരിഞ്ഞു..
"മിണ്ടരുത്".അയാൾ കൈവിരൽ ചുണ്ടിൽ
വച്ച് അവളോട് പറഞ്ഞു..പിന്നെ എന്റെ
നേരെ തിരിഞ്ഞു ."അങ്കിൾ ..അമ്മയെ
നിങ്ങൾ കൊണ്ട് പൊയ്ക്കോളൂ ..ആ പാവം
തീർത്തും തനിച്ചായിട്ടു അഞ്ചു വർഷം ആയി.
ഞങ്ങൾ ദുബായ് സെറ്റിൽഡ് ആണ്..
ഇവളുടെ ആദ്യത്തെ പ്രസവത്തിനു അമ്മയെ
കൊണ്ടുപോയി.കാലാവസ്ഥ പിടിക്കാതെ
'അമ്മ കിടപ്പിൽ ആയ അന്ന് കയറ്റിവിട്ടതാണ്.
ഇന്നാണ് പിന്നെ ഇവൾ അമ്മയെ കണ്ടത്.
പിന്നെയും കുഞ്ഞുണ്ടായി ഞങ്ങൾക്ക്..
രണ്ടു മക്കളെയും ഇന്നാണ് 'അമ്മ കണ്ടത്..
അത് പോലെ മകൻ ..അവൻ റഷ്യയിൽ
പഠിക്കാൻ പോയി.അവിടൊരു റഷ്യക്കാരിയെ
വിവാഹം ചെയ്തു..ഇപ്പോൾ രണ്ടു മക്കളും
ആയി..അവരെ മൂന്നു പേരെയും ഇന്നു വരെ
'അമ്മ കണ്ടിട്ടില്ല..ഇതിൽ കൂടുതൽ അമ്മയെ
ദ്രോഹിക്കരുത്..നിങ്ങൾക്കു സമാധാനത്തോടെ
അമ്മയെ കൊണ്ടുപോകാം,"..
അവൻ അരുന്ധതിയുടെ കൈ പിടിച്ചു
റൂമിലേക്ക് വന്നു..അവൾ തളർന്നിരിക്കുന്നു..
വിയർത്തൊഴുകുന്നുണ്ട്..പതുക്കെ അവൻ
ആ കൈ എന്റെ കൈകളിലേക്ക് ചേർത്തുവച്ചു.
എനിക്ക് ഒന്നും മനസിലായില്ല..എങ്കിലും ആ
കൈ വിടാൻ എനിക്ക് കഴിയില്ലായിരുന്നു..
അവളുടെ മക്കൾ രണ്ടുപേരും പകച്ചു നിന്നു..
"'അമ്മ ചെല്ല്..ഞാൻ ഇവരെയും കൊണ്ട് വരാം."
എന്റെ കൈക്കുള്ളിൽ അവളുടെ കൈ വിയർത്തൊട്ടി..ഒന്നുകൂടെ മുറുക്കെ പിടിച്ചു
ഞാൻ..28വർഷത്തെ കാത്തിരിപ്പു..ഇവിടെ
അവസാനിക്കുകയാണ്..പതുക്കെ അവളെ
ചേർത്തുപിടിച്ചു പുറത്തേക്കിറങ്ങി ഞാൻ..
അവൾക്കു നടക്കാൻവയ്യെന്നു തോന്നി..
ഇഴയുംപോലെ..എന്റെ ദേഹത്തേക്ക് അവൾ
മൊത്തം ഭാരവും ചേർത്തുവച്ചു..ഒരു കൈ
കൊണ്ട് അവളെ ചേർത്തുപിടിച്ചു..കാറിന്റെ
ഡോർ തുറന്നു ഞാൻ...
ഒറ്റനിമിഷം..എന്റെ ദേഹത്തേക്ക് കുഴഞ്ഞു
വീണവൾ.."നന്ദു"...അവളെ വാരിയെടുത്തു
ചേർത്തുപിടിക്കുമ്പോളേക്കും അവൾ
ഛർദിച്ചു..എന്റെ വെളുത്ത ജുബ്ബയിലേക്ക്
കട്ടച്ചോര ഒഴുകിയിറങ്ങി..ഹൃദയംവിറച്ചുപോയി...
"ചതിച്ചോ ദൈവമേ,"..അലറി കരഞ്ഞുകൊണ്ട്
അവളെ മുറുക്കെ പിടിച്ചു ഞാൻ..മക്കൾ
ഓടിവരുന്നത് സ്വപ്നത്തിൽ എന്ന പോലെ
കണ്ടു ..അവളെന്റെ കൈകളിൽ
മുറുക്കെ അള്ളിപിടിച്ചിരുന്നു..
താഴെ കിടത്താനും വണ്ടിയെടുക്കാനും
മകൻ കരഞ്ഞു പറയുന്നുണ്ട് ...
ആരോ വെള്ളം കൊണ്ടുവന്നു.,
മകൻ കുടിപ്പിച്ച വെള്ളം അതിനേക്കാൾ
വേഗത്തിൽ അവൾ ഛർദിച്ചു..വല്ലാത്തൊരു
ഗന്ധം വ്യാപിച്ചു അവിടെങ്ങും..ഒരു നടുക്കത്തോടെ എനിക്ക് മനസിലായി..
വിഷം കഴിച്ചിട്ടുണ്ട് അവൾ..
പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു ..
"എന്തിനു നീയെന്നെ ഇങ്ങനെ ശിക്ഷിച്ചു,."?
നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ വലിച്ചുതുറന്നു
അവൾ എന്നെനോക്കി..കൈകൂപ്പി...
"സേതുവേട്ടന്റെ അരികിലേക്ക് പോകാൻ
സമയമായെന്നു തോന്നി..മക്കളെ കണ്ടു
മരിക്കാനുള്ള ആശ കൊണ്ട് പറഞ്ഞുപോയ
കള്ളം ആണ്,.എങ്കിലും പപ്പേട്ടനെ ഇതിൽ
വലിച്ചിഴക്കും എന്നു അറിഞ്ഞില്ല ഞാൻ..
എല്ലാത്തിനും മാപ്പു തരണേ..എന്നോട്....
വീണ്ടും അവൾ ഛർദിച്ചു എന്റെ ദേഹത്തേക്ക്
തന്നെ....കൊഴുത്തചോര...അതെന്റെ
ഹൃദയത്തിലേക്കാണ് ഒഴുകിയിറങ്ങിയത്..
ആരൊക്കെയോ വണ്ടി ഇറക്കി ...
മകൻ പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ
വാരിയെടുക്കാൻ ശ്രമിച്ചു..അവൾ ഒന്ന്
പിടഞ്ഞു..എന്റെ നെഞ്ചിൽ അള്ളിപിടിച്ചു..
മുഖം നെഞ്ചിലേക്ക് ചേർത്ത് മുറുക്കെ
വരിഞ്ഞു ഞാൻ ..ഒരു കവിൾ കൂടെ
എന്റെ നെഞ്ചിലൂടെ രക്തം ഒഴുകിയിറങ്ങി.
അലറിക്കരഞ്ഞു കൊണ്ട് ഞാൻ അവളെ
മുറുക്കെ പിടിച്ചു..ചെറിയൊരു ഏക്കം....
അവളുടെ ശബ്ദം എന്റെ ഹൃദയം കേട്ടു..
"മാപ്പ്"...പിന്നെയാ മുഖം കഴുത്തൊടിഞ്ഞ
പോലെ തൂങ്ങി എന്റെ നെഞ്ചിൽ കുഴഞ്ഞു
കിടന്നു..വിറങ്ങലിച്ച എന്റെ ഹൃദയം ഒന്ന്
നിന്ന് പോയെങ്കിൽ എന്ന് പ്രാർത്ഥിച്ചു കൊണ്ട്
ഞാൻ അലറികരഞ്ഞു..നെഞ്ച് പൊട്ടുന്ന
കുറ്റബോധത്തോടെ അവളുടെ മക്കളും,..
സമർപ്പണം
************
മക്കൾക്കു വേണ്ടി ജീവിച്ചു മക്കളാൽ തിരസ്കരിക്കപ്പെടുന്ന വിധവകളായ
ഓരോ അമ്മമാർക്കും...

By
Vineetha Anil
4
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo