Slider

കാണാമറയത്ത്

0

മുഖം പൂർണമായും കറുത്ത തുണിക്കൊണ്ട് മൂടിയിട്ടുണ്ട്. കൈകളും കൂട്ടി കെട്ടിയിരിക്കുന്നു. ആരൊക്കെയോ അറബിയിൽ എന്തൊക്കെയോ പറയുന്നുണ്ട്. സാത്താൻ രൂപം പോലെ തോന്നിയ്ക്കുന്ന ഒരു മനുഷ്യൻ കഴുമരത്തിനടുത്തേയ്ക്കു വരുന്നുണ്ട്.
പിന്നീട് സംഭവിച്ചത്, എല്ലാം വളരെ പെട്ടെന്നായിരുന്നു. നജീബിനെ തൂക്കി കൊന്നിരിക്കുന്നു.
" കുഞ്ഞോനേ....." നബീസുമ്മ ഉറക്കത്തിൽ നിന്നും ചാടിയെണീറ്റു.
" കുഞ്ഞോനേ... കുഞ്ഞോനേ... "നബീസുമ്മ അലമുറയിട്ടു കരഞ്ഞു. സ്വപ്നം കണ്ടതാണെന്ന്അവർക്ക് വിശ്വസിയ്ക്കാനായില്ല.
അടുത്ത മുറിയിൽ നിന്നും കുഞ്ഞോന്റെ ഭാര്യ റംല ഓടി വന്നു. ചാരിയിട്ട വാതിൽ തുറന്നിട്ടു തപ്പി - തടഞ്ഞ് ലൈറ്റിട്ടു.
"എന്തുമ്മാ....
വേവലാതിയോടെ റംല ചോദിച്ചു. "വല്യുമ്മസ്വപ്നം കണ്ടതാണെന്ന് തോന്നുന്നു, റംലയുടെ മകൻ ഷെഹീബ് പറഞ്ഞു.
അപ്പോഴും നബീസുമ്മയുടെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.
" ഞാൻ കണ്ടെടീ .... ന്റെ കുഞ്ഞോനെ തൂക്കിക്കൊല്ലുന്നത്, പടച്ചോനാണെ സത്യം ഞാൻ കണ്ടു...
ഓര്ക്കൊന്നും മനസാക്ഷിയില്യെ ...''
എന്തിനാ ഓനെ ഓര് കൊന്നത്, ഓൻ പാവമല്ലെ ... ഓൻ അയിന് മാത്രം എന്താ ചെയ്തെ... "
നബീസുമ്മ കരഞ്ഞു.
ഉമ്മ കരയാതിരിക്കൂ ഞങ്ങളെയും വിഷമിപ്പിക്കല്ലെ,
ദു:സ്വപ്നം കണ്ടതല്ലെ ഉമ്മാ...'' റംല പറഞ്ഞു.
അങ്ങനൊന്നും സംഭവിക്കൂലാ, ഉമ്മ അഞ്ച് നേരവും നിസ്ക്കരിക്കുന്നതല്ലെ, കൂടാതെ, തഹജ്ജുദ് നിസ്ക്കാരം ചെയ്യുന്നതല്ലെ...?ഉമ്മാടെ പ്രാർത്ഥന പടച്ചോന് കേൾക്കാതിരിയ്ക്കാനാവോ...
റംല ഉമ്മയെ സമാധാനിപ്പിച്ചു.
"എന്നിട്ടെന്താ, പത്ത് പന്ത്രണ്ട് വർഷായില്യെ ഓൻ അവിടെ ജെയിലിൽ കെടക്കാൻ തൊടങ്ങീട്ട്, ഓനെ രക്ഷിക്കാൻ ആരെക്കൊണ്ടെങ്കിലും കയിഞ്ഞോ ?.
നബീസുമ്മ ഓരോന്നും പറയാൻ തുടങ്ങി.
കരച്ചിലിനിടയിൽ മുണ്ടിന്റെ കോന്തല ക്കൊണ്ട് കണ്ണീർ തുടച്ചു.മൂക്ക് പിഴിഞ്ഞു.
ഒരൂസം കഴിഞ്ഞാല് നോമ്പെരുന്നാളാ... ഇയ്ക്ക്..ന്റെ, കുഞ്ഞോനെ കാണാൻ കയ്യോ... റബ്ബുൽആലമീനായ തമ്പുരാനേ ,എത്ര ആളെ കണ്ടു, എത്ര ആപ്പീസ് കേറിയിറങ്ങി.... യെന്നിട്ടും, ആരും ദയ കാണിച്ചില്ല. ശര്യാവും ശര്യാവുംന്ന് പറഞ്ഞതല്ലാതെ ഒന്നും ശര്യായില്ല. ഓനെ രക്ഷപ്പെടുത്താൻ കയ്ഞ്ഞീല. ഓൻ പച്ച പാവമാ,
ഒരുറുമ്പിനെപ്പോലും നോവിയ്ക്കാത്തോനാ.... പടച്ചോന് നിരക്കാത്തത് ഓൻ ഇന്നോളം ചെയ്തിട്ടില്ല. എന്നിട്ടെന്താ, ഓനെ പടച്ചോൻകയ്യൊയിഞ്ഞെ .......
ഉമ്മയുടെ വാക്കുകൾക്ക് മരുമകൾ റംലയ്ക്ക് മറുപടിഇല്ലായിരുന്നു.
നബീസുമ്മയുടെയും ഉബൈദുള്ളടെയും അഞ്ച് മക്കളിൽ ഏക ആൺതരിയാണ് നജീബ്. കുഞ്ഞോൻ എന്നാണ് എല്ലാവരും വിളിക്കുന്നത്.നാലു പെൺമക്കളുള്ളതുകൊണ്ട് നജീബിനെ കൂടുതലൊന്നും പഠിപ്പിയ്ക്കണ്ടെന്ന് ഉബൈദുള്ള തീരുമാനിച്ചു.
നാലെണ്ണത്തിനെയും കെട്ടിച്ചയക്കാനുള്ളതാ, ഇജ്ജ് കൂടുതലൊന്നും പഠിക്യണ്ട ,അദ്ധ്വാനിച്ച് പത്ത് കായിണ്ടാക്കി ബാപ്പാനെ സഹായിക്കാൻ നോക്ക്. കർക്കശക്കാരനായ ബാപ്പയുടെ വാക്കുകൾ നജീബ് അനുസരിച്ചു.പത്തിൽ ജയിച്ചെങ്കിലും, ഉപ്പാന്റെ ഇറച്ചിവെട്ടുക്കടയിൽ സഹായത്തിനായി കൂടി.പതിയെ ഇറച്ചിവെട്ടാൻ പഠിച്ചു.
എല്ലാവർക്കും വേണ്ടപ്പെട്ടവൻ ആരെയും ആകർഷിക്കുന്ന പെരുമാറ്റം. ആർക്കും എന്തു സഹായവും മെയ്യും മനവും മറന്ന് ചെയ്യുന്ന സ്വഭാവം.
വർഷങ്ങൾ പലതും പോയി.
സഹോദരിമാരെല്ലാം വിവാഹിതരായി.
അതിനു ശേഷം നജീബും വിവാഹിതനായി.
ഉബൈദുള്ളയുടെ സ്നേഹിതന്റെ മകൾ റംലയായിരുന്നു പെണ്ണ്.
അവരുടെ സന്തോഷം നിറഞ്ഞ ദാമ്പത്യത്തിൽ രണ്ടു കുഞ്ഞുങ്ങൾ പിറന്നു.ഒരാണും ഒരു പെണ്ണും .
നജീബിന്റെ അളിയൻമാരുടെ സഹായത്തോടെ സൗദ്യയിൽ ഒരു ജോലി ശരിയായി.തരക്കേടില്ലാത്ത ജോലിയും ശംബളവും. മൂന്നു വർഷം കഴിഞ്ഞ് ലീവിനു വരുമ്പോഴാണ് ആ ,സംഭവം ഉണ്ടായത്. നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള സാധനങ്ങളുടെ കൂട്ടത്തിൽ ,ഒരാൾ ഏൽപ്പിച്ച പൊതിയിൽ,മയക്കുമരുന്ന്. അറിയപ്പെടാതെ ചതിയിൽ അകപ്പെട്ട നജീബിനെ സൗദി പോലീസ് അറസ്റ്റു ചെയ്തു. പന്ത്രണ്ടു വർഷമായി നജീബ് ജയിലിലാണ്.
നബീസുമ്മ ഉമ്മറത്ത് ഇരുന്ന് ആലോചിക്കുകയാണ്. കൈയിൽ തസ്ബീഹ് മാലയുണ്ട്. ദിക്റ്ചൊല്ലി മകന് വേണ്ടി അള്ളാഹുവിനോട് പ്രാർത്ഥിച്ചിരിക്കുമ്പഴാണ്
റംലയുടെ സഹോദരൻ പെരുന്നാൾക്കോടിയുമായി വരുന്നത്. അത് പതിവുള്ളതാണ്. ഇത്തവണയും തെറ്റിച്ചില്ല.
റംലയുടെ സഹോദരനെ കണ്ടപ്പോൾ നബീസുമ്മ എണ്ണി പെറുക്കികരയാൻ തുടങ്ങി.
" ഹനീഫാ ... ഓനെ പറ്റി വല്ല വെവരവും ഉണ്ടോ...? ഓന് ഓര് വിടോ...
" ഉമ്മാ... നജീബ് രക്ഷപ്പെടും, ഉമ്മസമാധാനപ്പെട് ...
ഹനീഫ ഉമ്മയെ സമാധാനിപ്പിച്ചു.
" അന്റെ ഇക്കാക്കമാരെന്താ പറയ്ണെ, ഓരല്ലെ ഓനെ കൊണ്ടോയത്... ന്റെ കുട്ടീനെ ? നബീസുമ്മ പറയുന്നതിനിടയിലും വിതുമ്പി.
"ഉമ്മാ... റംല സമാധാനിപ്പിയ്ക്കാൻ അടുത്തുചെന്നു.
" അന്റെ ആങ്ങളമാരല്ലേ ഓനെ കൊണ്ടോയത്, ഓനെ എല്ലാരും കൂടി എന്താ ചെയ്തെ, നല്ലോണം കുടുംബം നോക്ക്യോനാ... ഓൻ .... ന്നിട്ടും,
വിഷമം സഹിയ്ക്കാനാവാതെ നബീസുമ്മ മരുമകൾക്കു നേരെ തിരിഞ്ഞു, ഓരോന്നും പറഞ്ഞു.
"ഓന്റെ ഉപ്പ ഓൻ ജെയിലിലായ വിവരം അറിഞ്ഞ് നെഞ്ച് തകർന്നാമയ്യത്തായെ ... ബാപ്പാന്റെ മയ്യത്ത് കാണാനും മയ്യത്ത് കട്ടില് ചുമക്കാനും ഓന് കയ്യാതെ വന്നല്ലോ..
ഈ ഉമ്മാടെ മയ്യത്ത് കാണാനും മയ്യത്ത് കട്ടില് ചുമക്കാനും കുഞ്ഞോന് കയ്യൂലാ....
ഉമ്മ എന്തൊക്കെയാ ഈ പറയുന്നെ? റംലയെഉമ്മയുടെ വാക്കുകൾ വേദനിപ്പിച്ചു.
ഹനീഫ കുറെ നേരമായി മുൾമുനയിലായിരുന്നു.ഉമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ല.കരച്ചിലും പിഴിച്ചിലുമായി അവിടെയിരിക്കും. ഉമയെ അഭിമുഖീകരിയ്ക്കാനാവാത്ത അവസ്ഥ വന്നിരിക്കുന്നു
" ഹനീഫെ ..... ഉമ്മയുടെ വിളി ,
"എന്തേലും വെവരം കിട്ട്യാ പറയ്ണെ, ഒരു തെറ്റും ചെയ്യാത്തോനാ, ഒരു കാജാ ബീഡി പോലും വലിക്യാത്തോനാ,
ചെറുപ്പത്തിൽ ഓൻ ആരും കാണാതെ ഉപ്പാന്റെ കാജാ ബീഡി കത്തിച്ചിട്ട് ചുണ്ടിൽ വെച്ചു. അന്നു കിട്ടിയ അടീടെ പാട് ഓന്റെ തൊടയുടെ മേൽഇപ്പഴും കാണും
അയിന് ശേഷം ഓൻ ഇതുവരെ വേണ്ടാധീനം ചെയ്തിട്ടില്ല.
സമയം 6.45 ആയി മഗ്രീബ് ബാങ്ക് കൊടുക്കാറായി, റംല നോമ്പ് തുറയ്ക്കുള്ളവിഭവങ്ങൾ മേശപ്പുറത്ത് വെച്ചു. അന്നത്തെ നോമ്പ് തുറയ്ക്ക്ഹനീഫയും ഉണ്ടയിരുന്നു.എല്ലാവരുംഒരുമിച്ചിരുന്നു നോമ്പുതുറന്നു. നിസ്ക്കാരപ്പായ ഇട്ടു മുസല്ലവിരിച്ചു. നിസ്ക്കാരവും കഴിഞ്ഞ്
ഹനീഫ യാത്ര പറഞ്ഞ് ഇറങ്ങി. പെരുന്നാൾ
നാളെയാണ് മാസം കണ്ടിരിക്കുന്നു,
പള്ളിയിൽ നിന്നും മൈക്കയിലൂടെ പറയുന്നത് കേൾക്കാമായിരുന്നു.ഷെഹീ ബിനും ഷംനയ്ക്കും ഉപ്പ കൂടെയില്ലാത്ത മറ്റൊരു പെരുന്നാൾ ദിനം കൂടി.പെരുന്നാൾക്കോടിയുണ്ടെങ്കിലും അതിലൊന്നും സന്തോഷം തോന്നിയില്ല.
ഷംനയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് നജീബ് ദുബായിലേക്ക് പ്പോകുന്നത്. ഉപ്പയെ കണ്ടതോർമ്മയില്ല. ഷെഹീബിന് അഞ്ച് വയസ്സുണ്ട്, എങ്കിലും ചെറിയ ഓർമ മാത്രമെ ഉണ്ടാകൂ.
" ഉപ്പ ഈ പെരുന്നാളിനെങ്കിലും വരോ ... ഉമ്മാ...
ഷംന , റംലയ്ക്കരികിലെത്തി
റംലയും എന്തോ ആലോചിച്ച് നില്ക്കുകയായിരുന്നു. മകളെ മാറോടണച്ചുക്കൊണ്ടവൾ തേങ്ങി.
സുബഹി ബാങ്ക് കേട്ട പാടെ റംല എണീറ്റു.
നമ്പീസുമ്മ രണ്ട് മണിക്കെണിറ്റ് തഹജ്ജുദ് നിസ്ക്കരിച്ചിരുന്നു. അതിനു ശേഷം ചെറുതായൊന്നു മയങ്ങി.സുബഹ് ബാങ്ക് കേട്ടില്ല. ക്ഷീണം കാരണം ,
"റംലേ.... നബീസുമ്മ നീട്ടി വിളിച്ചു.
"എന്തോ വണ്ടീടെ ഒച്ച കേട്ടല്ലോ... ന്റെ കുഞ്ഞോൻ വന്നോ... ഓൻ വരാതെ ഞാൻ ഈ പെരുന്നാളിന് ഒന്നും കയിക്കൂലാ..., നബീസുമ്മ പിടിവാശിയിലായി.മുറതെറ്റാതെ എല്ലാ നോമ്പും നബീസുമ്മ എടുക്കും. അതു കൊണ്ട് ക്ഷീണം വല്ലാതെ ഉണ്ട്.
" ഉമ്മാ... ചെറിയ കുട്ട്യോളെപ്പോലെ വാശി പിടിച്ചാൽ ഇയ്ക്കെന്താ ചെയ്യാൻ കഴിയാ.... " റംല നിസഹായതയിലായി, വണ്ടി വന്നിട്ടൊന്നും ല്യാ...'' ഉമ്മയ്ക്ക് തോന്നിയതാ .
മുപ്പത് ദിവസത്തെ നോമ്പ് കഴിഞ്ഞ് ആഘോഷപ്പെരുന്നാളിന്റെ തക്ബീർ ധ്വനികൾ പള്ളിയില്‍ നിന്നുമുയർന്നു,,, വെള്ളിയാഴ്ച യായതിനാൽ ഷെഹീബ് പെരുന്നാൾ നിസ്കാരം കഴിഞ്ഞ് വീട്ടില്‍ പോയി കുറച്ച് ബിരിയാണിയും കഴിച്ച് ജുമുഅ നിസ്കാരത്തിനായി വീണ്ടും പള്ളിയിലേക്ക് തിരിച്ചു
പള്ളിയിൽനിന്നും ജുമുഅ നിസ്കാരവും കഴിഞ്ഞ് ഷെഹീബ് വീട്ടുപടിയ്ക്കലെത്തിയപ്പോൾ ഒരു കാർ വന്നു നിന്നു. കാറിൽ നിന്നിറങ്ങിയ ആളെ കണ്ടപ്പോൾ ഷെഹീബിന് ആദ്യം മനസിലായില്ല.
" ഉപ്പച്ചി " അവന്റെ ചുണ്ടുകൾ വിറപൂണ്ടു. ഉപ്പയുടെ അരികിലേയ്ക്കു അവൻ ചെന്നു. നജീബ് അവനെ കെട്ടിപിടിച്ചു. നെറുകെയിൽ ഒരു മുത്തം കൊടുത്തു. ഷെഹീബിന്റെ കണ്ണു നിറഞ്ഞു.
വളരെ ക്ഷീണിതനായിരിക്കുന്നു. മൊട്ടയടിച്ചിരിക്കുന്നു. കണ്ടാൽ മനസ്സിലാകാത്ത പേക്കോലം. മകനെ കണ്ട് ഓടി വന്ന നബീസുമ്മ ,പടികൾ ഇറങ്ങി വരുമ്പോൾ ചെറുതായി വീഴുകയും ചെയ്തു.അതൊന്നും വകവെയ്ക്കാതെ അവർ മകനരികിലെത്തി.
അവർ മകനെ വിറയാർന്ന കൈകളാൽ വാരിപ്പുണർന്നു.
കണ്ണുകൾ ഈറനണിഞ്ഞു.വിമ്മിട്ടംപൊട്ടി. ഒന്നും പറയാൻ കഴിയുന്നില്ല
എല്ലാവരും സന്തോഷത്തിലായിരുന്നു. നജീബ് വന്ന വാർത്ത നാടൊട്ടാകെപരന്നു. പള്ളി വിട്ടുപ്പോകുന്ന എല്ലാവരും ആ സന്തോഷത്തിൽ പങ്കുച്ചേർന്നു.
ഉപ്പയുടെ അടുത്തേയ്ക്കുപ്പോകാതെ മാറി നിന്നു ഷംന ,
"ഇങ്ങ് വന്നേ ... നജീബ് അവളെ തന്നിലേയ്ക്കടുപ്പിച്ചു.
" പ്രായം തെകഞ്ഞിരിക്കുന്നു... റംല സന്തോഷാശ്രുക്കൾ പൊഴിയ്ക്കവെ പറഞ്ഞു.
നജീബ് വളരെയധികം സന്തോഷത്തിലായി.
ഷെഹീബിന് പൊടിമീശ വന്നിട്ടുണ്ട്, എന്നെ വരച്ചപ്പോലെയുണ്ടെന്ന് നജീബിന് തോന്നിയിരുന്നു.
"ഓരക്കൊക്കെ, ബോധ്യായില്ലെ, ഇജ്ജ് തെറ്റൊന്നും ചെയ്തില്യാന്ന്, ഇയ്ക്കറിയാം ഓര് അന്നെ വെറുതെ വിടുംന്ന്. "
മകനെ ചേർത്തു പിടിച്ചിട്ട് ഉമ്മ പറഞ്ഞു.
" ഉമ്മാടെ പ്രാർത്ഥന എപ്പോഴും ഉണ്ടല്ലോ,
കണ്ണീരോടുള്ള പ്രാർത്ഥന പടച്ചോൻ കേൾക്കാതിരിക്കില്ലല്ലോ ... അതു കൊണ്ടാ,ഇന്ന് ഈ പെരുന്നാൾ ദിനത്തിൽ ഇവിടെയെത്താൻ സാധിച്ചത് '
ഇനി ഞാൻ ആ മണ്ണിൽ കാലുകുത്തില്ല. നജീബ് ഉറച്ച തീരുമാനത്തിലായിരുന്നു.
നല്ല ബിരിയാണിയുടെ മണം അവിടെ വ്യാപിച്ചു.
" ബീഫാ .... നജീബ് മണം പിടിച്ചു.
" ഉം, റംല തലയാട്ടി.
സൈനബ മകന്റെയരികിൽ തന്നെയിരിക്കുന്നുണ്ട്
അവനെ മാറോടണച്ചു.
"എന്തിനാ ഇനീം എന്റെ ഉമ്മ കരയുന്നെ.... ഉമ്മാടെ കുഞ്ഞോൻ എത്തീലെ ... ഇനി കരയണ്ട. ഇത്രേം കാലം എന്റെ ഉമ്മ കരഞ്ഞില്ലെ.
നജീബ് ഉമ്മയുടെ കണ്ണീർ തുടച്ചു.
" ഇല്യ, ഇനി നമ്മള് ഒരിയ്ക്കലും കരയൂലാ...
ഉമ്മയും പറഞ്ഞു.
" ഉമ്മാ, കുഞ്ഞോന് ഒന്നും ല്യാ, ഓര് എന്നെയൊന്നും ചെയ്തില്ല. ഓരും മനുഷ്യന്മാരല്ലെ, മനസാക്ഷിയെക്കെ ഓർക്കും കാണില്യെ നജീബ് ഉമ്മയെ സമാധാനിപ്പിച്ചു.
.. മകനെ പുണർന്ന കൈകൾ മെല്ലെ അയഞ്ഞു. പിന്നെ, നബീസുമ്മ മകന്റെ മടിയിലേയ്ക്കു വീണു.
നജീബ് വല്ലാതെ വിയർത്തു.
"ഉമ്മാ... നജീബ് ഉറക്കെ കരഞ്ഞു.
ആ രംഗത്തിന് എല്ലാവരും ഞെട്ടലോടെ സാക്ഷിയാകേണ്ടി വന്നു.
അപ്പോഴും ഉമ്മയുടെ കൈയിൽ തസ്ബീഹ് മാലയുണ്ടായിരുന്നു. ലാ ഇലാഹ ഇല്ലള്ളാ,,,, എന്ന തഹ് ലീൽ മന്ത്രങ്ങൾ നേരിയ ശബ്ദത്തില്‍ ആ ചുണ്ടുകളിൽ നിന്നും ഉയരുന്നുണ്ടായിരുന്നു,,,
പിന്നെ, വിറയാർന്നചുണ്ടുകൾ നിലച്ചു.
തന്റെ മടിയിൽ ജീവനറ്റു കിടക്കുന്ന പെറ്റുമ്മ, "എന്തൊരു വിധ്യാ പടച്ചോനെ " നജീബ് പൊട്ടിക്കരഞ്ഞു.
ഉമ്മയുടെ ആഗ്രഹം പോലെ നജീബിനെ മരണത്തിന് മുമ്പ് കാണാനുള്ള ഭാഗ്യം ഉണ്ടായി.
പടച്ചോനൊടുളള ഉമ്മയുടെ പ്രാർത്ഥന തന്നെ ,ഇവിടെ എത്തിച്ചു. എന്നിട്ടും, പടച്ചോൻ ഉമ്മയെ കൊണ്ടുപ്പോയി. മറ്റൊരു കാണാ മറയത്തേയ്ക്ക്,,, പടച്ചോന്റെ സ്വർഗ്ഗീയ ലോകത്തേയ്ക്ക്,,, കൈ വിരലുകൾകൊണ്ട് ഉമ്മയുടെ കണ്ണുകളടച്ചു,,,, കൊച്ചു കുട്ടികളെപ്പോലെ നജീബ് വിതുമ്പി,,,,,,
സുമേഷ് കൗസ്തുഭം
12.09.2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo