Slider

എൻ്റെ പ്രണയം

0

അന്നു ഞാൻ കണ്ടൊരാ സ്വപ്നങ്ങളൊക്കെയും
സഫലമായിന്നു നിൻ ജീവിതത്തിൽ
പറയാതെ അന്നെൻ്റെ ഹൃദയത്തിൽ സൂക്ഷിച്ച 
പ്രണയമൊന്നും നീ അറിഞ്ഞതില്ലെങ്കിലും
സ്വപ്നത്തിലേകാന്ത നിമിഷത്തിലെപ്പൊഴും
അറിയാതെ കണ്ടൊരാ കനവുകളൊക്കെയും
സത്യമായിന്നു നിൻ ജീവിതയാത്രയിൽ...
ഒക്കെയും പങ്കിടാൻ ഞാൻ കൂടെയില്ലെങ്കിലും
നിൻ്റെ സന്തോഷങ്ങളറിയുന്നു ഞാനെന്നും....
ഒരുനോക്കു കാണുവാൻ കാത്തിരുന്നേറെ ഞാൻ
ഓരോ ദിനങ്ങളും യുഗങ്ങൾക്കു തുല്യമായ്
യുഗങ്ങൾക്കുമപ്പുറം നീയൊരു മിന്നലായ്
ഒരു മാത്രമിന്നി തെളിഞ്ഞുമാഞ്ഞീടവേ
മഴകണ്ട മയിലായി ഞാൻ സ്വയം മാറിടും
മഴമാറി മാനം തെളിയവേ പിന്നെയും
ഒരു മിന്നൽ പിണറിനായ് ഞാൻ കാത്തിരുന്നിടും.....
കണ്ണനെ കാണുവാൻ പോകുമ്പോഴൊക്കെയും
നിൻ കൂടെ നിന്നൊന്നു തൊഴുവാനായ് മോഹിച്ചു...
പല പല നാളിലും ഞാൻ തൊഴുതിറങ്ങുമ്പോൾ
നീയോ ഭഗവാനെ വണങ്ങുവാൻ പോയിടും
ഒന്നിച്ചൊരുനാളും ആയതേ ഇല്ലല്ലോ
ഭഗവാൻ്റെ മുന്നിൽ തൊഴുതു വണങ്ങിടാൻ
പറയുവാനേറേയുണ്ടായിരുന്നെങ്കിലും
ഒരുവാക്കുമുരിയാടിയില്ല ഞാനിതുവരെ
പ്രണയം പറയുവാൻ കൊതിതോന്നിയെങ്കിലും
അതുപോലും നിന്നോടു പറഞ്ഞതില്ലിതുവരെ
എൻ്റേതുമാത്രമായ് തീരണം നീയെന്ന്
ഒരുനാളുമാശിച്ചതില്ല ഞാനെങ്കിലും
നിൻ്റെ നന്മയ്ക്കായി പ്രാർത്ഥിക്കുമെങ്കിലും,
നിൻ്റെ വിവാഹം അറിഞ്ഞൊരാ നേരത്ത്
ക്ഷണികമായെങ്കിലും മിഴികൾ നിറഞ്ഞുപോയ്.
നിറഞ്ഞുകവിഞ്ഞൊരാ മിഴിതുടച്ചപ്പൊഴും
എന്നെന്നും നിൻനന്മയാശിച്ചു പിന്നെയും
വർഷങ്ങൾക്കിപ്പുറം തൊഴുവാനായ് മിഴിപൂട്ടി
കണ്ണൻ്റെ തിരുമുൻപിൽ നിൽക്കുന്ന നേരത്ത്
നീ നിൻ്റെ പ്രിയതയും കുഞ്ഞുമായെൻചാരെ
അറിയാതെ നിന്നൊരാ നേരത്തു,
കൂടെ ഞാനില്ലെങ്കിലും സഫലമായൊരെൻമോഹ-
ശകലങ്ങൾ നിൻ കൂടെ
അതു കണ്ടു ഞാനിന്നു മുഗ്ദയായി
നിൻ്റെ കുടുംബത്തിൻ നന്മയ്ക്കായ് പ്രാർത്ഥിക്കും
നേരമെനിക്കൊട്ടും ദുഃഖമില്ല
കാരണമിത്രയും ജീവിച്ചുവെങ്കിലും
പ്രണയം പലതും കടന്നുപോയെങ്കിലും
ഇത്രമേൽ പരിശുദ്ധമായാരെയും 
പ്രണയിക്കാനായതില്ലെനിക്കിപ്പോഴും.....
By: 
Vijitha Vijayakumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo