Slider

കേരളകാളിദാസന്‍

2
  

ഇന്ന് കേരളകാളിദാസന്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍റെ ചരമദിനം.
മഹാകവി കാളിദാസന്‍റെ അഭിജ്ഞാനശാകുന്തളം മലയാളത്തിലേക്ക് തര്‍ജ്ജമചെയ്ത് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ , കേരളകാളിദാസന്‍ എന്ന പേരിലറിയപ്പെട്ടു . ഇദ്ദേഹത്തിന്‍റെ അമ്മാവനായ രാജരാജവര്‍മ്മ വലിയകോയിത്തമ്പുരാന്‍റെ മകനായിരുന്നു സ്വാതി തിരുനാള്‍ മഹാരാജാവ്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍റെ സഹോദരീപുത്രനും വത്സലശിഷ്യനുമായിരുന്നു കേരളപാണിനി ഏ. ആര്‍ . രാജരാജവര്‍മ്മ.
തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുപ്പെട്ടിരുന്ന ആറ്റിങ്ങല്‍ കൊട്ടാരത്തിലെ മഹാറാണി ഭരണി തിരുനാള്‍ ലക്ഷ്മി ബായിയെ 1859-ല്‍ വിവാഹം ചെയ്യുകയാലാണ് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ 'വലിയ കോയിത്തമ്പുരാന്‍ 'എന്നറിയപ്പെട്ടത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല .
സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന ഉത്രം തിരുനാളിന്റെ കാലശേഷം ആയില്യം തിരുനാള്‍ അധികാരമേറ്റപ്പോള്‍ കേരള വര്‍മ്മയെ 1875-ല്‍ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ആറ്റിങ്ങല്‍ മൂത്തറാണിയെന്ന സ്ഥാനമുണ്ടായിരുന്നിട്ടും ലക്ഷ്മി ബായിക്ക് തന്റെ ഭര്‍ത്താവിനെ തടവറയില്‍നിന്നും മോചിപ്പിക്കാനായില്ല. ഇളയ രാജാവായിരുന്ന വിശാഖം തിരുനാളിന്‍റെ ഇടപെടല്‍ മൂലം രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലില്‍ കഴിയുന്നതിനനുവാദം ലഭിച്ചു. ആലപ്പുഴ കൊട്ടാരത്തിലും അനന്തപുരം കൊട്ടാരത്തിലും അസ്വതന്ത്രജീവിതം നയിച്ചിരുന്ന കാലത്ത് മനസ്സിലുണ്ടായ ആശയമാണ് മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യമായ മയൂരസന്ദേശത്തിന് നിദാനം. പുറം‍ലോകവുമായി ബന്ധമില്ലാതിരുന്ന കാലത്ത് ഹരിപ്പാട് ക്ഷേത്രദര്‍ശനവേളയില്‍ മയിലിനെ കണ്ടപ്പോള്‍ തോന്നിയ കാര്യങ്ങളാണത്രേ മയൂരസന്ദേശകാവ്യമായത്. കാളിദാസന്‍റെ മേഘസന്ദേശമാണ് ഇതിനുപ്രചോദനം നല്കിയത്. ദ്വിതീയാക്ഷരപ്രാസത്തിലുളള മനോഹരശ്ലോങ്ങളാല്‍ രചിച്ച ഇതിന്‍റെ പൂര്‍വ്വഭാഗം ഹരിപ്പാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുവാനുളള മാര്‍ഗ്ഗത്തിന്‍റെ വിവരണവും ഉത്തരഭാഗം നഗരവര്‍ണ്ണനയും പ്രിയതമയ്ക്കുളള സന്ദേശവുമാണ്.
1880-ൽ ആയില്യം തിരുനാള്‍ നാടു നീങ്ങിയതിനെത്തുടര്‍ന്ന് അനുജന്‍ വിശാഖം തിരുനാള്‍ രാജാവായപ്പോള്‍ ആദ്യം ചെയ്തത് കേരള വര്‍മ്മയെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിച്ച് തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയെന്നതായിരുന്നു . 1914 സെപ്തംബറില്‍ തിരുവനന്തപുരത്തുനിന്നു് വൈക്കത്തപ്പനെ തൊഴാനായി സഹോദരീപുത്രനായ കേരളപാണിനിയുമൊത്ത് യാത്രചെയ്യവേ കായംകുളത്തിനടുത്തുവെച്ച് കാര്‍ ഒരു അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്നു് സെപ്തംബര്‍ 22നു്ഭാഗിനേയനായ ഏ.ആര്‍. രാജരാജവര്‍മ്മയുടെ കൈകളില്‍ക്കിടന്ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു .
മഹാകവി വള്ളത്തോളും ഉള്ളൂരും അടക്കം പല കവികളും വിലാപകാവ്യങ്ങള്‍ എഴുതി. കേരളകാളിദാസന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വിവേകോദയം മാസികയില്‍ കുമാരനാശാന്‍ എഴുതിയ കുറിപ്പ് : "മലയാളികള്‍ എല്ലാം ഒന്നുപോലെ, ജാതിമതഭേദം കൂടാതെ ഇത്ര നിഷ്കപടമായി സ്നേഹിക്കയും ബഹുമാനിക്കയും ഇത്ര കൃതജ്ഞതയോടുകൂടി സ്മരിക്കയും ചെയ്യുന്നതായി കേരളത്തില്‍ മറ്റൊരു മഹാപുരുഷന്‍ ഉണ്ടെന്നു ഞങ്ങള്‍ക്കു തോന്നുന്നില്ല. പാണ്ഡിത്യം, കവിത്വം, സൗജന്യം, ഔദാര്യം, കുലം, ശീലം, ഐശ്വര്യം ഇവയുടെയെല്ലാം ഇതുപോലെയുള്ളൊരു സമ്മേളനം നമുക്ക് ഇനി എന്നു കാണാന്‍ കഴിയും? കേരളമേ! നിന്റെ മഹാദീപം അസ്തമിച്ചു; നീ അന്ധകാരത്തിലായി ."

.
വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍ :
ജനനം : 19 ഫെബ്രുവരി 1845.
മരണം : 22 സെപ്റ്റംബർ 1914.
അമ്മ : ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാള്‍ ദേവി അംബ തമ്പുരാട്ടി .
അച്ഛന്‍ : ചെറിയൂര്‍ മുല്ലപ്പള്ളി നാരയണന്‍ നമ്പൂതിരി .
ഭാര്യ : ആറ്റിങ്ങല്‍ മൂത്തതമ്പുരാട്ടി ലക്ഷ്മിഭായി.
പ്രധാന കൃതികള്‍ :
മണിപ്രവാളശാകുന്തളം (വിവർത്തനം 1882)
മയൂരസന്ദേശം (1894)
ദൈവയോഗം (1909)
അമരുകശതകം
അന്യാപദേശശതകം
സന്മാര്‍ഗ്ഗ സമഗ്രഹം (1889)
വിജ്ഞാന മഞ്ജരി (1932)
സന്മാര്‍ഗ്ഗ പ്രദീപം (1939)
അക്ബര്‍ (1894)
2
( Hide )
  1. അവസരോചിതവും നന്ദി സൂചകവുമായി ഈ സ്മരണ.
    ഇതിൽ വന്നിരിയ്ക്കുന്ന ചെറിയ പിഴവുകൾ പരിശോധിച്ച് താമസം വിനാ തിരുത്തലുകൾ വരുത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
    ജനനം : 19 ഫെബ്രുവരി 1845.
    മരണം : 22 സെപ്റ്റംബർ 1914.
    ( വിജ്ഞാന മഞ്ജരി (1932)
    സന്മാര്‍ഗ്ഗ പ്രദീപം (1939)
    1914-ൽ ഇഹലോകവാസം വെടിഞ്ഞെവെന്ന് കാണുന്നു. ആയതുകൊണ്ട്,, 1932, 1939 കാലയളവിലുള്ള രചന അച്ചടിയിൽ വന്ന പിശക് ആ‍യിരിയ്ക്കാനാണു സാദ്ധ്യത.
    നന്ദി, നമസ്തേ !

    ReplyDelete
    Replies
    1. ഗ്രന്ഥങ്ങള്‍ വിശദമായി പരിശോധിച്ച് തിരുത്തുന്നതാണ്.ചൂണ്ടിക്കാണിച്ചതിന് നന്ദി.

      Delete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo