
Download Nallezhuth Android App to read all Longstories
ബാഗുകൾ കാറിന്റെ ഡിക്കിയിൽ വച്ച് രാജീവ് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. ഹേമ വീട് പൂട്ടി താക്കോലുമായി വന്നു. രാജീവ് എങ്ങോട്ടെന്നില്ലാതെ നോക്കി ഇരിക്കുകയാണ്. വല്ലാത്തൊരു ഗൗരവം ആ മുഖത്തു പ്രകടമാണ്. ഹേമ കാറിന്റെ ഫ്രന്റ് സീറ്റിൽ വന്നിരുന്നു. നിരാശയും വേദനയും അവളുടെ മുഖത്തും വ്യക്തമായി കാണാമായിരുന്നു. കാർ മെല്ലെ മുന്നോട്ട് നീങ്ങി.
അന്നത്തെ സംഭവത്തിന് ശേഷം രണ്ടു പേരും തമ്മിൽ മുഖത്തോട്മുഖം നോക്കുക പോലുമുണ്ടായിട്ടില്ല. ഈ യാത്ര അവരൊന്നിച്ചുള്ള അവസാനത്തെ യാത്രയാണ്. ഹേമയെ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കാനാണ് പോകുന്നത്. അതോടു കൂടി എല്ലാം അവസാനിക്കും. എന്നെന്നേക്കുമായി രാജീവും ഹേമയും പിരിയുകയാണ്.
കാർ ദൂരങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു. അവർ പരസ്പരം ഒരു വാക്ക് പോലും മിണ്ടിയില്ല. മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു. പലതും പറയാൻ രണ്ടു പേരുടെയും മനസ്സ് ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഹേമ ഓരോന്നോർത്തുകൊണ്ടിരുന്നു.
കഴിഞ്ഞു പോയ കാര്യങ്ങൾ ഓരോന്നും അവൾ മനസ്സിലിട്ട് ചികഞ്ഞു. എത്ര സുന്ദരമായിരുന്നു ജീവിതം. സന്തോഷം മാത്രമായിരുന്നു ജീവിതത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർക്ക് പോലും അസൂയ തോന്നും വിധം സ്നേഹത്തിലായിരുന്നു തന്റെയും രാജീവിന്റെയും ദാമ്പത്യം. പിന്നെ എവിടം മുതലാണ് പാകപ്പിഴകൾ ഉണ്ടാവാൻ തുടങ്ങിയത്?
ഒരു കുഞ്ഞുണ്ടാവാൻ കാലതാമസം നേരിട്ടത് മുതൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഓരോരുത്തരുടെയും ചോദ്യങ്ങൾക്ക് മുമ്പിൽ താൻ തളർന്ന് തുടങ്ങിയപ്പോൾ രാജീവ് സ്നേഹത്തോടെ കൂടെ നിന്നിട്ടേ ഉള്ളു. പക്ഷെ അതൊരു നിത്യ സംഭവം ആയി തുടങ്ങിയപ്പോൾ രാജീവിലും മാറ്റങ്ങൾ കണ്ട് തുടങ്ങി. അതോ.. അത് തന്റെ തോന്നൽ ആയിരുന്നുവോ?
രാജീവിനും തന്നെ പോലെ നിരാശ ഉണ്ടാകും എന്ന ചിന്തയാണ് തന്നെക്കൊണ്ട് ഈ കടുത്ത തീരുമാനം എടുപ്പിച്ചത്. പിരിയണം എന്നത് തന്റെ മാത്രം വാശിയാണ്. പാവം രാജീവ്. ഒന്നും അറിയുന്നില്ല.
രാജീവിന്റെ കൂടെ ഒരു പെൺകുട്ടിയെ കണ്ടു എന്ന് ഹരിയേട്ടൻ വിളിച്ചു പറയുമ്പോൾ തന്നെ തനിക്കറിയാം, അത് ഏതെങ്കിലും പരിചയക്കാർ മാത്രം ആയിരിക്കും എന്ന്. ഒരിക്കലും രാജീവ് തന്നോട് തെറ്റ് ചെയ്യില്ല. അത്രമാത്രം തന്നെ സ്നേഹിക്കുന്നുണ്ട്. എന്നിട്ടും ഇങ്ങനെ ഒരു തീരുമാനം എടുത്തത് രാജീവിന്റെ നല്ലതിനെ ഓർത്താണ്. അത് തെറ്റാണ് എന്ന ചിന്ത ഉണ്ടാവരുതേ എന്ന പ്രാർത്ഥന മാത്രമേ ഇപ്പോൾ മനസ്സിലുള്ളു.
പെട്ടെന്ന് കാർ ഒരു സഡ്ഡൻബ്രേക്കിട്ടു.
രാജീവ്....
അറിയാതെ ഹേമ നിലവിളിച്ചു പോയി. രാജീവ് ഹേമയെ നോക്കി.
സോറി. ഒരു പട്ടി കുറുകെ ചാടിയതാണ്.
സാരമില്ല എന്ന അർത്ഥത്തിൽ അവൾ നോക്കി. പിന്നെ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു. പിന്നെയും ചിന്തകൾ അവളെ വന്ന് മൂടി. ഹരിയേട്ടൻ.. അത് തന്റെ ആരാണെന്ന സംശയം ഇപ്പോളും രാജീവിൽ ബാക്കിയാണ്. താനോ ഹരിയേട്ടനോ പറയാതെ രാജീവ് ആ സത്യം അറിയാൻ സാധ്യത ഇല്ല. താൻ ചതിച്ചു എന്ന് കരുതി ഇരിക്കുന്ന രാജീവിനോട് സത്യങ്ങൾ തുറന്ന് പറഞ്ഞാൽ ഈ യാത്ര പിന്നെ തുടരില്ല. പക്ഷെ വേണ്ട...
രാജീവിനോട് ഒന്നും മറച്ചു പിടിക്കണമെന്ന് കരുതിയതല്ല. അന്ന് ദേഷ്യത്തിൽ രാജീവ് മൊബൈൽ എറിഞ്ഞുടച്ചതിന്റെ പിറ്റേന്നാണ് ഹരിയേട്ടൻ തന്നെ തേടിയെത്തിയത്. ആദ്യമായി കണ്ടതുകൊണ്ട് ആളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. സംശയത്തോടെ ആണ് നോക്കിക്കണ്ടത്. രാജീവിനെ അപ്പോൾ തന്നെ വിളിക്കാൻ തുനിഞ്ഞതാണ്. പക്ഷെ മൊബൈൽ തലേന്ന് എറിഞ്ഞുടച്ചില്ലേ..
സഹോദരിയെ തേടി വന്ന സഹോദരൻ ആണ് മുമ്പിൽ എന്നറിയാൻ അല്പം വൈകി. തന്റെ അമ്മ രണ്ടാം വിവാഹക്കാരിയായിരുന്നു എന്ന സത്യം രാജീവിനോട് പറഞ്ഞിരുന്നില്ല. തന്റെ വിവാഹത്തിന് മുൻപേ മരിച്ചു പോയ അമ്മയെക്കുറിച്ച് അത്തരമൊരു വെളിപ്പെടുത്തൽ നല്ലതല്ലെന്ന് തോന്നി. അതുകൊണ്ട് തന്നെയാണ് പറയാതിരുന്നത്.
അച്ഛനുമായുള്ളത് അമ്മയുടെ രണ്ടാം വിവാഹം ആയിരുന്നുവെന്നും ആദ്യ വിവാഹത്തിൽ ഒരു മകനുണ്ടെന്നും അറിഞ്ഞത് അമ്മയുടെ അവസാന നാളുകളിൽ ആയിരുന്നു. ഒരു വിവരവും അവരെക്കുറിച്ച് ഇല്ലാതിരുന്നതിൽ മകനെ കാണണം എന്ന അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റാൻ സാധിച്ചതുമില്ല.
പെട്ടെന്നൊരു ദിവസം മുമ്പിൽ വന്ന് നിന്ന് അത്ഭുതപ്പെടുത്തുകയായിരുന്നു ഹരിയേട്ടൻ. അമ്മയെ തേടിയുള്ള യാത്രയായിരുന്നു. അമ്മ ഇനി ഇല്ല എന്നറിഞ്ഞപ്പോൾ അനുജത്തിയെ കാണാൻ വന്നു. സന്തോഷമാണോ അപ്പോൾ തോന്നിയതെന്ന് നിശ്ചയമില്ല. ഒരു ഏട്ടന്റെ സ്നേഹം ആദ്യമായി കിട്ടുന്നത് കൊണ്ടാവാം അന്ന് ആ ഏട്ടനെ മനസ്സിലേക്ക് സ്വീകരിച്ചത്.
പക്ഷെ രാജീവിനോടൊന്നും പറയാൻ അന്ന് സാധിച്ചില്ല. തലേന്നത്തെ ദേഷ്യവും വഴക്കും അതിനൊരു പ്രധാന കാരണം ആയിരുന്നു. പിരിയാം എന്ന രാജീവിന്റെ വാക്കുകൾ മനസ്സിലിരുന്നു പൊള്ളിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ രാജീവിന് തന്റെ നേരെ സംശയങ്ങൾ ഉണ്ടാവുന്നുണ്ട് എന്നറിഞ്ഞിട്ടും സത്യം തുറന്ന് പറയാൻ തോന്നിയില്ല. അത് ആദ്യമേ ചിലത് മറച്ചു വച്ചതുകൊണ്ടാണോ? അതോ അമ്മയെപ്പറ്റി അങ്ങനൊരു കാര്യം പറയുമ്പോൾ രാജീവിന്റെ മനസ്സിൽ അമ്മ ഒരു മോശം കഥാപാത്രമാകും എന്ന ചിന്തയോ?
രാജീവിൽ നിന്നും അകലാൻ ഹരിയേട്ടനെ ഒരു കരുവാക്കുകയായിരുന്നു. രാജീവ് ഹരിയേട്ടന്റെ കോൾ എടുത്തതിൽ പിന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചിരിക്കുകയാണ്. ഹരിയേട്ടൻ വിളിച്ചുവോ എന്ന് പോലും നിശ്ചയമില്ല. പിരിയാൻ ഉള്ള തീരുമാനം എടുത്തു എന്നറിഞ്ഞാൽ, അത് ഹരിയേട്ടനെച്ചൊല്ലിയാണെന്ന് അറിഞ്ഞാൽ തീർച്ചയായും ഏട്ടൻ വിഷമിക്കും. തത്കാലം ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്.
ചിന്തകളിൽ മുഴുകി ഇരുന്നത്കൊണ്ട് കാർ വീടിന്റെ ഗേറ്റ് കടന്നത് ഹേമ അറിഞ്ഞില്ല. കാറിന്റെ ശബ്ദം കേട്ട് അച്ഛൻ മുറ്റത്തേക്ക് വന്നത് കണ്ടാണ് സ്ഥലകാല ബോധം ഉണ്ടായത്. അച്ഛന്റെ മുഖത്ത് നാളുകൾ കൂടി മകളെ കണ്ടതിന്റെ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായിരുന്നു. അതിന് തത്കാലം കോട്ടം വരുത്തേണ്ടെന്ന് കരുതി ഭംഗിയായി ചിരിച്ചു. രാജീവും അതിനോട് യോജിക്കും വിധത്തിൽ അഭിനയിച്ചു.
കുറച്ച് ദിവസം വീട്ടിൽ നിൽക്കാൻ വന്നതാണെന്ന കള്ളം അച്ഛനെ പറഞ്ഞ് വിശ്വസിപ്പിക്കുമ്പോൾ രാജീവിന്റെ മുഖത്ത് വല്ലാത്തൊരു വേദന പടർന്നിരുന്നു. ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു? ഒക്കെ കണ്ടില്ലെന്ന് നടിച്ച് തിരിഞ്ഞു നിന്നു. യാത്ര പറഞ്ഞ് ഇറങ്ങുന്ന രാജീവിനെ വല്ലാത്ത സങ്കടത്തോടെയാണ് നോക്കിയത്. ഞാനും കൂടെ വരുന്നു എന്ന് പറഞ്ഞു പോകും എന്ന് തോന്നി. അത്രക്കും വേദന നിറഞ്ഞതായിരുന്നു അപ്പോളത്തെ മനസ്സ്. തന്റെ കണ്ണുകൾ അനുസരണയില്ലാത്ത ഈറനണിഞ്ഞപ്പോൾ രാജീവിന്റെ കണ്ണുകളിലും ആ നനവ് കണ്ടു. ഒരിക്കലും തനിക്ക് രാജീവിനെ പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്ന് തോന്നി.
******
******
തിരികെ വീട്ടിൽ വന്ന് കയറുമ്പോൾ രാജീവിന്റെ മനസ്സ് ശൂന്യമായിരുന്നു. ഹേമയില്ലാതെ ആ വീട്ടിൽ ഒരിക്കലും ജീവിക്കാനാവില്ല എന്നയാൾക്ക് തോന്നി. ഒന്നുറക്കെ പൊട്ടിക്കരയാൻ അധിക നേരം വേണ്ടി വന്നില്ല. ഉള്ളു തണുക്കും വരെ ആ കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു.
ഹേമ എന്തിനെല്ലാം മറച്ച് വക്കുന്നു എന്നവന് ഒരു പിടിയും കിട്ടിയില്ല. ആരാണ് ഹരി എന്ന് അത്ര ചോദിച്ചിട്ടും അവൾ പറയാൻ തയ്യാറായില്ല. സൗമ്യ ആരാണെന്നും എന്തിനവളെ കണ്ടുവെന്നും പറയാൻ തുനിഞ്ഞ തന്നെ കേൾക്കാനും അവൾ മനസ്സ് കാണിച്ചില്ല. എന്താണിങ്ങനെ? ആ ചോദ്യം അയാളെ വല്ലാതെ കുഴക്കുന്നുണ്ടായിരുന്നു.
സൗമ്യ... അവൾ തന്റെ സന്തോഷമായിരുന്നു. എന്നിട്ടും ഒരു സുപ്രഭാതത്തിൽ കൈവിട്ടു പോയി. പകരം തനിക്ക് കിട്ടിയതാണ് ഹേമ. അവൾ തന്റെ ജീവിതമായിരുന്നു. ഒരു കുഞ്ഞില്ലാത്ത കുറവ് മാത്രമേ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. അതിൽ വല്ലാത്ത വിഷമം ഉണ്ടായിരുന്നെങ്കിലും ഹേമയെക്കാൾ വലുതായിരുന്നില്ല കുഞ്ഞ് എന്ന ആഗ്രഹം.
സൗമ്യയെ വീണ്ടും കണ്ടത് മുതൽ പ്രശ്നങ്ങൾ വഷളായി തുടങ്ങിയിരുന്നു. അവസാനമായി അവളെക്കണ്ടത് എല്ലാം അവസാനിപ്പിക്കാൻ തന്നെ ആയിരുന്നു. അവൾ എന്തൊക്കെയോ പറയാൻ തുനിഞ്ഞപ്പോൾ അതിന് മുൻപേ തന്റെ നയം വ്യക്തമാക്കുകയായിരുന്നു. ഒരു സൗഹൃദത്തിന് പോലും താല്പര്യപ്പെടുന്നില്ല എന്ന് ഒരു ദാക്ഷിണ്യവുമില്ലാതെ അവളുടെ മുഖത്ത് നോക്കി പറയുമ്പോൾ പണ്ടൊരിക്കൽ തന്നെ ചതിച്ചവളുടെ മുൻപിൽ വിജയശ്രീലാളിതൻ ആയതുപോലെ സന്തോഷിച്ചു. പക്ഷെ... ഇപ്പോൾ അതിനേക്കാൾ വലിയ തോൽവി സംഭവിച്ചിരിക്കുന്നു.
ദിവസങ്ങൾ കഴിയുംതോറും രാജീവ് വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു. ഹേമയില്ലാതെ ജീവിക്കാൻ കഴിയില്ല എന്നയാൾ തിരിച്ചറിഞ്ഞിരിക്കുന്നു. അവളുടെ കാലുപിടിച്ചായാലും തിരികെ വിളിച്ചു കൊണ്ട് വരണം എന്ന് മനസ്സ് കൊതിച്ചു. പക്ഷെ അപ്പോളും ഹരി എന്ന കടമ്പ അയാളെ നോക്കി ഇളിച്ചു കാണിച്ചു. പരാജിതനെപ്പോലെ അയാൾ തളർന്നു കഴിഞ്ഞിരുന്നു.
ജോലിക്കൊന്നും പോകാതെ സദാ സമയം അയാൾ വീട്ടിൽ തന്നെ ചിലവഴിച്ചു. തിരഞ്ഞ് വന്ന കൂട്ടുകാരുടെ വാക്കുകൾക്കൊന്നും മനസ്സിനെ തണുപ്പിക്കാൻ കഴിഞ്ഞില്ല. ഹേമയുടെ അഭാവം അയാളെ ശരിക്കും തോല്പിച്ച് കഴിഞ്ഞിരുന്നു. ആ ഓർമ്മകളിൽ കണ്ണീർ വാർത്തുകൊണ്ട് അയാൾ കിടന്നു. അപ്രതീക്ഷിതമായി ഒരാൾ ആ വീട്ടിലേക്ക് കയറി വന്നു.
ഹരി എന്നയാൾ സ്വയം പരിചയപ്പെടുത്തിയപ്പോൾ തന്നെ രാജീവിന് നിയന്ത്രിക്കാനാവാത്ത കോപമാണ് ഉണ്ടായത്. തന്റെ ജീവിതം നശിക്കാൻ ഇയാളാണ് കാരണം എന്ന ചിന്ത അവനെ ഏറെ രോഷാകുലനാക്കി. പക്ഷെ അടുത്ത നിമിഷം രാജീവിന് വീണ്ടുവിചാരം ഉണ്ടായി. ഒരു ഫോൺ ചെയ്തു എന്നതിനപ്പുറം ഇയാൾ എന്തെങ്കിലും തെറ്റ് ചെയ്തതായി തനിക്കറിവില്ല. പിന്നെ എന്തിനിയാളെ പഴിക്കുന്നു. ആ ചിന്തയിൽ രാജീവ് ഹരിയെ വീട്ടിലേക്ക് ക്ഷണിച്ചു.
ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ ഹേമയെ തിരഞ്ഞ് വന്നതാണ് ഹരി.
ഹേമ എവിടെ?
രാജീവ് രൂക്ഷമായി ഹരിയെ നോക്കി.
ഹേമ ഇവിടില്ല. അവളുടെ വീട്ടിലേക്ക് പോയി.
സംശയത്തോടെ അൽപ നേരം ഹരി ഒന്നും മിണ്ടാതെ ഇരുന്നു.
രാജീവിന് ഞാൻ ആരെന്ന് മനസ്സിലായോ?
ഇല്ല.
ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ രാജീവ് മറുപടി പറഞ്ഞു.
ഞാൻ... ഞാൻ ഹേമയുടെ സഹോദരനാണ്.
ഒന്നും മനസ്സിലാകാത്ത പോലെ രാജീവ് ഹരിയെ നോക്കി.
ഹേമ എന്നെപ്പറ്റി ഒന്നും പറഞ്ഞിട്ടുണ്ടാവില്ല അല്ലെ..?
രാജീവ് ഇല്ലെന്ന് തലയാട്ടി.
അന്ന് ഫോണിൽ വിളിച്ചത് ഞാനാണ്. അവൾ എന്നെപ്പറ്റി ഒന്നും രാജീവിനോട് പറഞ്ഞിട്ടില്ല എന്നറിയാമായിരുന്നത്കൊണ്ടാണ് ഞാൻ കോൾ കട്ട് ചെയ്തത്. പക്ഷെ പിന്നീട് ഹേമയെ വിളിച്ചിട്ട് കിട്ടാതായപ്പോൾ മുതൽ എനിക്ക് ഒരു അപകടം മണത്തു. അതാണ് ഇപ്പോൾ തേടി വന്നത്.
സംശയം വിട്ടു മാറാതെ ഹരിയെ ഉറ്റുനോക്കിക്കൊണ്ടിരുന്നു അയാൾ. ഹരി സംഭവങ്ങൾ ഓരോന്നായി വിശദീകരിച്ചു. സത്യങ്ങൾ തിരിച്ചറിഞ്ഞപ്പോൾ രാജീവിന് വല്ലാത്ത സങ്കടം തോന്നി. ഹേമ എന്ത്കൊണ്ട് തന്നോടിതൊക്കെ മറച്ചു വച്ചു? എല്ലാം തുറന്നു പറഞ്ഞിരുന്നുവെങ്കിൽ അവളിന്നും തന്റെ കൂടെ തന്നെ കാണുമായിരുന്നു.
ഇനിയും വൈകിയിട്ടില്ലെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു. ഹേമയെ പോയി കണ്ട് തന്റെ മനസ്സിൽ ഉള്ളത് അവളോട് തുറന്ന് പറയണം. എന്തെങ്കിലും തെറ്റ് തന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിച്ച് അവളെ കൂട്ടിക്കൊണ്ടു വരണം. ഒരുറച്ച തീരുമാനം എടുത്ത്കൊണ്ട് അയാൾ ഹേമയുടെ അടുത്തേക്ക് പുറപ്പെട്ടു.
*****
*****
ദിവസങ്ങൾക്ക് ശേഷമാണ് ഹേമ ഫോൺ കയ്യിലെടുത്തത്. ഓൺ ചെയ്യണോ വേണ്ടയോ എന്ന് പിന്നെയും അവൾ സംശയിച്ചു. ഹരിയേട്ടനെ ഇതുവരെ ഒന്നും അറിയിച്ചില്ല. തന്നെ വിളിച്ചിട്ടുണ്ടാവും. രാജീവ് വിളിച്ചാൽ തനിക്കിനിയും പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് തോന്നിയത്കൊണ്ടാണ് ഫോൺ ഓഫ് ചെയ്തു തന്നെ വച്ചത്. ഇപ്പോൾ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയും പിടിച്ച് നിൽക്കാൻ തനിക്ക് കഴിയില്ല. മനസ്സിൽ തിളച്ച് മറിയുന്ന ആശങ്കയോടെ അവൾ ഫോൺ ഓൺ ചെയ്തു.
കാത്തു നിന്നിരുന്ന പോലെ ഹരിയേട്ടന്റെ കോൾ വന്നത് കണ്ട് അവൾ അത്ഭുതപ്പെട്ടു. എടുക്കണോ വേണ്ടയോ എന്നായി അടുത്ത ചിന്ത. കഴിഞ്ഞു പോയ കാര്യങ്ങൾ അറിയുമ്പോൾ ഹരിയേട്ടന്റെ പ്രതികരണം എന്തായിരിക്കും എന്ന സംശയം അവളിൽ ബാക്കി നിന്നു. എങ്കിലും അവൾ ആ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.
ഹരിയുടെ ഓരോ വാക്കുകളും തന്റെ ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതായി ഹേമക്ക് തോന്നി. ഫോൺ കൈയിൽ നിന്നും ഊർന്നു പോകുന്നത് അവളറിഞ്ഞു. വീണു പോകാതിരിക്കാൻ അവൾ ചുമരിൽ ചേർന്ന് നിന്നു. പിന്നെ എവിടെ നിന്നോ ശക്തി സംഭരിച്ചപോലെ അവൾ പുറത്തേക്ക് ഓടി.
******
******
രാജീവ് കണ്ണ് തുറക്കുമ്പോൾ ഏതോ ആശുപത്രി മുറിയിലായിരുന്നു. അടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഹേമ... അവളെ കണ്ടതും അവന്റെ സന്തോഷം തിരതല്ലുകയായിരുന്നു. ഹേമയുടെ അടുത്തേക്ക് ഓടി ചെല്ലാനും അവളെ ചേർത്തു പിടിക്കാനും മാപ്പ് പറയാനും ഒക്കെ അവന് കൊതിച്ചു. പക്ഷെ... കൈകാലുകൾ ഒക്കെ വേദനിക്കുന്നു. അനങ്ങാൻ പോലും കഴിയുന്നില്ല.
ഹേമയെ കാണാനുള്ള ആവേശത്തിൽ വണ്ടി ഓടിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല എന്നത് രാജീവ് ഓർത്തെടുത്തു. ഒടുവിൽ കാർ ആക്സിഡന്റിൽ പെട്ട് റോഡിൽ വീഴുമ്പോൾ മനസ്സിൽ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഹേമയെ കാണാതെ തനിക്ക് ഈ ഭൂമിയിൽ നിന്ന് പോകാൻ ഇടവരുത്തരുതേ എന്ന്. ഇപ്പോൾ ഹേമ അടുത്തുണ്ട്. അവന് മെല്ലെ വിളിച്ചു.
ഹേമ...
ഹേമ അടുത്തിരുന്ന് രാജീവിന്റെ കൈകളിൽ തൊട്ടു. ഒഴുകി വന്ന കണ്ണുനീർ മെല്ലെ അവൾ കൈകൾ കൊണ്ട് തുടച്ചു മാറ്റി. ആ കണ്ണുനീർ അവളെ വീണ്ടും കണ്ടതിന്റെ സന്തോഷ കണ്ണുനീർ ആയിരുന്നു.
എന്നെ വിട്ട് പോകരുത് ഹേമ...
അത്രയും പറയുമ്പോളേക്കും അവൾ വായ് പൊത്തി.
ഒന്നും പറയണ്ട രാജീവ്... എനിക്കറിയാം. രാജീവിന്റെ അടുത്തേക്ക് വരാൻ തുടങ്ങുകയായിരുന്നു ഞാൻ. എനിക്കും രാജീവില്ലാതെ ജീവിക്കാൻ കഴിയില്ല.
അത്രയും പറയുമ്പോളേക്കും കണ്ണുനീർ പുറത്തേക്ക് ഒഴുകി കഴിഞ്ഞിരുന്നു. ആവോളം കരഞ്ഞ് അവർ വീണ്ടും ജീവിതത്തിന്റെ പടികൾ തിരികെ കയറാൻ തുടങ്ങിയിരുന്നു.
ആ സുന്ദര നിമിഷം കണ്ട് ഹരിയും അച്ഛനും ആനന്ദക്കണ്ണീർ പൊഴിച്ചു. ദിവസങ്ങൾ കൊണ്ട് രാജീവ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഹേമ പഴയ പോലെ ചിരിച്ച മുഖത്തോടെ അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഒപ്പം പുഞ്ചിരിക്കാൻ ഒരു കുഞ്ഞ് മുഖം കൂടിയുണ്ടായിരുന്നു, ഹേമയുടെ വയറ്റിൽ....
(അവസാനിച്ചു)
(അവസാനിച്ചു)
- ശാമിനി ഗിരീഷ്-
ഒന്നാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1588910664524748
രണ്ടാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1590012714414543
മൂന്നാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1592017924214022
നാലാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1594226993993115
https://www.facebook.com/groups/nallezhuth/permalink/1588910664524748
രണ്ടാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1590012714414543
മൂന്നാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1592017924214022
നാലാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1594226993993115
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക