Slider

പിണക്കങ്ങൾ !

0
Image may contain: 3 people, people smiling, closeup

'അമ്മ കാളിംഗ്‌'..
രാവിലെ തന്നെയോ ?? ഇതിപ്പം എന്തിനാണാവോ ?
ഇന്നലെ രാത്രി ഉറങ്ങും മുൻപ് വളരെ നേരം സംസാരിച്ചു വെച്ചതാണല്ലോ?
ഞാൻ വെപ്രാളപെട്ട് തിരികെ വിളിച്ചു.
മറുവശത്തു നിന്നും കട്ട കലിപ്പിൽ ഒരു പൊട്ടിത്തെറിയാണ് കേട്ടത് !
"ഈ മനുഷ്യനെ നീ അങ്ങോട്ടെങ്ങാനും കൊണ്ട് പൊയ്ക്കോ ... എനിക്കിവിടെ സ്വസ്ഥതയും സ്വയിര്യവും തരുന്നില്ല "
അമ്മയാണ്
എന്താ സംഭവം എന്നറിയാതെ ഞാൻ അന്തംവിട്ടു..
ഇന്നലെ രാത്രി വിളിച്ചപ്പോൾ രണ്ടും ഇണകുരുവികൾ ആയിരുന്നു ..
ഒറ്റരാത്രി കൊണ്ട് കീരിയും പാമ്പും ആയോ ?
"അമ്മേ .. എന്താ പ്രശ്നം ?"
"ഇവിടെ പ്രശ്നമെല്ലെ ഉള്ളൂ .. കഴിഞ്ഞ മുപ്പത്താറു കൊല്ലമായി ഈ പ്രശ്നം എന്റെ കൂടെ കൂടിയിട്ട് "
എനിക്ക്‌ ചിരി വന്നു ... മുപ്പത്താറു കൊല്ലം പഴക്കമുള്ള പ്രശ്നം ! എന്റെ അച്ഛൻ !!!
" അമ്മ കാര്യം പറയൂ "
"ഇങ്ങേരോട് ഞാൻ എത്ര നാളായി പറയുന്നു എന്നെയൊന്ന് ആ കമ്പ്യൂട്ടർ പഠിപ്പിക്കാൻ.. ഇവിടുത്തെ ആ പീക്കിരിക്ക് വരെ അറിയാം അതിന്റെ കിശുമത്ത്"
എന്റെ സൽപുത്രനാണ് അമ്മ പറഞ്ഞ പീക്കിരി
"അമ്മ അച്ഛന് ഫോൺ കൊടുക്കൂ.. ഞാൻ പറയാം അച്ഛനോട് "
" നീയൊന്ന് കാര്യമായി പറയണം .. അപ്പൂപ്പനും കൊച്ചുമോനും എനിക്കീ സാധനം ഓൺ ആക്കാൻ പോലും അറിയില്ലെന്ന് പറഞ്ഞ് ഭയങ്കര പരിഹാസമാ "
അമ്മ ഫോണുമായി അച്ഛന്റടുത്ത് ചെന്നു ..
അവിടെ അപ്പൂപ്പൻ കളികുടുക്ക വായനയിൽ ആണ് .. അപ്പുവും ദൊപ്പുവും ! മോന്റെ ഉറക്കെയുള്ള ചിരി ഞാൻ ഫോണിൽ കൂടി കേട്ടു.
" ദാ .. അവള് വിളിക്കുന്നു "
അമ്മ പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ ഫോൺ അച്ഛനു കൊടുത്തു
" ഈ അമ്മ എന്തിനാ ഇപ്പം വിളിച്ചെ?? അപ്പുവും ദൊപ്പുവും മുഴുവൻ വായിച്ചു കഴിഞ്ഞില്ല "
എന്റെ പുത്രന്റെ ഉറക്കെയുള്ള ചോദ്യം ..
"ഡാ .. കുട്ടിച്ചാത്താ .. നിന്നെ ഞാൻ പിന്നെ കണ്ടോളാം .. സ്വന്തം അമ്മയുടെ ഐ എസ് ഡി യെ കാൾ വില നിനക്കാ വൃത്തികെട്ട അപ്പുവിനും ദൊപ്പുവിനുമാ അല്ലെ ?"
ഞാനോർത്തു !
"ഹാലോ .. എന്നാ മോളെ ..നിനക്ക്‌ ഡ്യൂട്ടി ഇല്ലേ? " അച്ഛൻ ചോദിച്ചു
" അച്ഛാ .. എന്താ അവിടെ പ്രശ്നം ?"
"ഇവിടെ എന്ത് പ്രശ്നം ?"
"അച്ഛനെന്താ അമ്മയെ കൂടി കമ്പ്യൂട്ടർ പഠിപ്പിക്കാത്തെ ?"
"ആരു പറഞ്ഞു പഠിപ്പിക്കില്ലെന്ന് ? ഞാൻ പഠിപ്പിക്കാമെന്ന് പറഞ്ഞതാ .. പഠിക്കാനിരിക്കുമ്പഴാ അവൾക്ക് വേറെ നാനൂറ് ജോലി .. ഇന്നലെ പഠിക്കാൻ വന്നത് ഒരു മുറം നിറയെ ചെറിയ ഉള്ളിയുമായാ .. !"
"അതെന്തിനാ ?"
"ഞാൻ അവളെ പഠിപ്പിക്കുമ്പോൾ അവൾ ഉള്ളിയുടെ തോല് കളയും.. കേട്ട് പഠിച്ചോളാം എന്നാ പറയുന്നേ.. അതെങ്ങനെ ശരിയാവും ?? നീ തന്നെ പറ !"
അപ്പം അതാണ് സംഭവം ... എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല
" പിന്നെ ..ഞാൻ കമ്പ്യൂട്ടർ മാത്രം പഠിച്ചോണ്ടിരുന്നിരുന്നേൽ ഇന്നലെ ഉച്ചക്ക് ഉള്ളി തീയലും കൂട്ടി ഭേഷാ ഊണ് കഴിക്കാൻ പറ്റുമായിരുന്നോ ?"
അമ്മ ഡിഫൻറ് ചെയ്തു
" ശരി .. ഉച്ചക്ക് അങ്ങനെ പോയി .. രാത്രി നീ വിളിച്ചു വെച്ചു കഴിഞ്ഞ് ഞാൻ പിന്നേം പഠിപ്പിക്കാനിരുന്നു .. അപ്പം ദാ വരുന്നു പാവക്കയും വെണ്ടക്കയും മുരിങ്ങക്കയും ഒക്കെ എടുത്തോണ്ട് .. മൗസിൽ പിടിക്കാൻ പറഞ്ഞപ്പോൾ അവള് എന്നോട് ചൂടായി .. പിന്നെ കൂട്ടാൻ വെക്കാൻ നിങ്ങൾ അരിയുമോ എന്നാ ചോദ്യം .. അവർക്ക് ഇതുവരെ മൗസ് ഉപയോഗിക്കാൻ അറിയില്ല .. തെക്കൊട്ട്‌ കൊണ്ടുപോകാൻ പറഞ്ഞാൽ വടക്കോട്ട് കൊണ്ടുപോകും .. അതെങ്ങനാ .. അത് ഉപയോഗിച്ചാലല്ലേ പഠിക്കൂ "
അച്ഛൻ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി
" ഓ .. നിങ്ങളൊരു വലിയ വാധ്യാര് .. എനിക്കിവിടെ തലയ്ക്കു മുകളിൽ പണിയുണ്ട്.. നിങ്ങളാരും അതിലൊന്നും എന്നെ സഹായിക്കാറില്ലല്ലോ ? എനിക്ക് വേണ്ടി ആ മൗസ്‌ ഒന്ന് നീക്കിയെന്ന് കരുതി നിങ്ങടെ കയ്യിലെ വള ഊരി പോകുമോ ?? "
അച്ഛൻ അമ്മയെ സഹായിക്കുന്നില്ല എന്ന പരാതി ഈയിടെ ആയി അമ്മ ഇടക്കിടെ പറയാറുണ്ട് .. അതും ഞാൻ അച്ഛനോട് ചോദിച്ചിരുന്നു .
അതിന് അച്ഛൻ തന്ന മറുപടി
" നീ കരുതും പോലെയല്ല .. അവൾക്ക് പാവക്കയും വെണ്ടക്കയും ഒക്കെ സ്കേൽ വെച്ച് അളന്നു മുറിക്കണം .. ചപ്പാത്തി പരത്തിയത്‌ കൃത്യം വൃത്തത്തിൽ വേണം .. അതൊന്നും അതുപോലെ ആയില്ലേൽ എന്നോട് അടിപിടി കൂടാൻ വരും .. അത് കൊണ്ട് ഞാനിപ്പം ആ വഴി പോകാറില്ല "
അടുക്കളയിൽ അമ്മയുടെ കൂടെ നിൽക്കുന്നത് അപാര സാഹസമാണെന്ന് എനിക്കും അറിവുള്ളതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല !
" അച്ഛൻ അമ്മക്ക് ഫോൺ കൊടുക്കൂ .. ഞാൻ പറയാം "
അച്ഛൻ ഫോൺ അമ്മക്ക് കൊടുത്തു
" അമ്മേ .. എല്ലാ ജോലിയും തീർത്തു കഴിഞ്ഞ് ഫ്രീയാകുമ്പോൾ കമ്പ്യൂട്ടർ പഠിക്കൂ .. ദിവസം അരമണിക്കൂർ മതി.. അമ്മ തന്നെ ചെയ്ത് പഠിച്ചാലേ പഠിക്കൂ .."
" എന്റെ പണി ഒരിക്കലും തീരില്ല കുട്ടി .. പിന്നെ ഇനി മേലിൽ ഞാൻ ഈ മനുഷ്യന്റടുത്ത് പഠിക്കാൻ ഇരിക്കില്ല .. അങ്ങേരെന്നെ ഇന്നലെ 'കഴുതേ' എന്ന് വിളിച്ചു "
ഞാനുറക്കെ ചിരിച്ചു പോയി .. പണ്ട് എന്നേം അനിയനേം പഠിക്കാനിരുത്തിയാൽ മണിക്കൂറിൽ അഞ്ഞൂറ് മൃഗങ്ങളുടെ പേരുകൾ ഞങ്ങളെ വിളിച്ചിരുന്ന പാർട്ടിയാ ഈ പറയുന്നെ !
അമ്മ തുടർന്നു
" നീ ചിരിച്ചോ ചിരിച്ചോ .. ഇങ്ങേര് പണ്ട് എന്നെ സ്‌കൂട്ടർ ഓടിക്കാൻ പഠിപ്പിച്ച കഥ നിനക്കറിയാമല്ലോ? "
" അതെങ്ങനാ .. ക്ലെച്ച് പിടിക്കാൻ പറഞ്ഞാൽ ബ്രെക്ക് പിടിക്കും .. എന്നീട്ട് ഞാൻ പറഞ്ഞത് തിരിഞ്ഞു പോയീന്നും പറഞ്ഞ് എന്നോട് വഴക്കിനു വരും .. "
അച്ഛൻ പറയുന്നത് ഞാൻ കേട്ടു
" അതുകൊണ്ടെന്താ .. ഞാനത് പഠിച്ചില്ല .. അല്ല പിന്നെ !! നിങ്ങടടൂത്ത്‌ ഇനി മേലിൽ ഞാൻ ഒരു കാര്യത്തിനും വരത്തില്ല .. "
അമ്മ നയം വ്യക്തമാക്കി .. അച്ഛന്റെ ചിരി ഞാൻ ഫോണിൽ കൂടി കേട്ടു
" ഞാനെന്റെ പിള്ളേര് അവധിക്ക്‌ വരുമ്പോൾ അവരോട് ചോദിച്ച് പഠിച്ചോളാം"
"ഈശ്വരാ ..." ഞാനൊന്നു ഞെട്ടി .. അവധിക്ക് പോണോ വേണ്ടയോ എന്ന് ഞാനും അനിയനും ചിന്തിക്കേണ്ടിയിരിക്കുന്നു !! ( ചുമ്മാ പറഞ്ഞതാ ട്ടോ .. പാവം അമ്മ )
മോനുമായി സംസാരിക്കുമ്പോൾ അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു
" രാവിലത്തെ മരുന്ന് കഴിച്ചോ ??
" കഴിച്ചെടോ .. താൻ അവിടെ എടുത്തു വെച്ചിരുന്ന കൊണ്ട് ഓർത്തു.. താനോ ?"
" ആ കഴിച്ചു " അമ്മ പറഞ്ഞു
ഇണങ്ങാൻ വേണ്ടി പിണങ്ങുന്ന രണ്ടുപേർ !! ഞാനോർത്തു ..
വന്ദന 🖌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo