അധ്യായം-37
' ധ്വനി'
ദുര്‍ഗ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.
പെട്ടന്നുണ്ടായ ഒരു ആഹ്‌ളാദത്തോടെ മറ്റെല്ലാം മറന്ന് അവള്‍ ധ്വനിയെ കെട്ടിപ്പിടിച്ചു.
' ധ്വനി.. എത്ര ദിവസമായി കണ്ടിട്ട്..'
ആ സ്‌നേഹപ്രകടനം കണ്ട് സ്വാതി അമ്പരന്ന് നേഹയെ നോക്കി.അതേ അവസ്ഥയിലായിരുന്നു നേഹയും.
ഒരു ഭ്രാന്തിയെ പോലെ അന്തരീക്ഷത്തിലേക്ക് കൈ നീട്ടി ആരെയോ പുണര്‍ന്നത് പോലെ നില്‍ക്കുകയാണ് ദുര്‍ഗ.
' ഇത് വെറും വട്ടല്ല.. മുഴുവട്ടാണ്'
നേഹയുടെ മന്ത്രണം സ്വാതി കേട്ടു.
' ഇവിടെ നടന്നതൊക്കെ നിനക്കറിയാലോ ധ്വനീ.. വ്യാസേട്ടന്‍ ആ ഗ്രന്ഥവുമായി സ്ഥലം വിട്ടു. അതെടുക്കാതെ നിന്നെ ഇവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയില്ല'
ധ്വനി അവളെ ആലിംഗനത്തില്‍ നിന്നും മുക്തയാക്കി.
' ഞാനതെടുത്തു തരാം ദുര്‍ഗ.. പക്ഷെ നീ വിചാരിക്കുന്നത് പോലെ എനിക്ക് വലിയേടത്ത് മനയ്ക്കുള്ളില്‍ സര്‍വ സ്വാതന്ത്ര്യമില്ല.
നിനക്കോര്‍മ്മയുണ്ടോ മുന്‍പും മനയ്ക്കകത്ത് എന്റെ സാന്നിധ്യം കുറവായിരുന്നു.. കെടാവിളക്ക് കെടുത്താനന്‍ കഴിഞ്ഞത് അഭിഷേകിനെ ഞാന്‍ തന്നെ തീര്‍ക്കണമെന്ന ദൈവവിധിയുടെ ഭാഗമാകാം.. ഇവിടെ ഈ വീടിനകത്തുള്ള ദൈവിക സാന്നിധ്യം എന്നെ വല്ലാതെ പൊള്ളിക്കുന്നുണ്ട്.'
ദുര്‍ഗ അവളിലുള്ള പിടിവിട്ടു.
അവളുടെ മുഖം വാടിപ്പോയത് ധ്വനി കണ്ടു
' നീ സങ്കടപ്പെടണ്ട..ഞാന്‍ നിന്റെ കണ്‍വെട്ടത്തു തന്നെ ഉണ്ടാകും. വേദവ്യാസില്‍ നിന്നും ആ ഗ്രന്ഥം തട്ടിയെടുക്കുമെന്ന് ഞാനുറപ്പു തരുന്നു.. പോരേ'
ധ്വനി അവളുടെ താടിത്തുമ്പില്‍ പിടിച്ചുലച്ചു
പരിഭവിച്ചത് പോലെ ദുര്‍ഗ മുഖം വെട്ടിത്തിരിച്ചു
അവള്‍ തനിയെ സംസാരിക്കുന്നതും അവളുടെ പിണക്കവുമെല്ലാം കണ്ട് അസ്ത്രപ്രജ്ഞരായി നില്‍ക്കുകയായിരുന്നു സ്വാതിയും നേഹയും
ഈ സാഹചര്യത്തില്‍ ജാസ്മിന്‍ കൂടി ഇവിടെ വേണമായിരുന്നുവെന്ന് അവര്‍ക്കു തോന്നി.
ബാധ ആവേശിച്ച ദുര്‍ഗയെ മാനസികരോഗിയായ അവളെ കണ്‍മുന്നില്‍ കാണുകയാണ്. ജാസ്മിന് ഈ സന്ദര്‍ഭത്തില്‍ തങ്ങളേക്കാള്‍ എന്തെങ്കിലും ചെയ്യാനാകുമായിരുന്നു എന്ന് അവര്‍ക്ക് തോന്നി.
' പോട്ടെ.. നിന്റെ ആഗ്രഹത്തിന് ഞാനെതിരല്ല ദുര്‍ഗ... നിനക്കിവരെ വിശ്വസിപ്പിക്കണ്ടേ.. ഭ്രാന്തിയെന്ന പേര് മാറി കിട്ടണ്ടേ.. അതിന് കൂട്ടുണ്ട് ഞാന്‍.. പോരേ'
ധ്വനി അവളുടെ കവിളില്‍ തട്ടി
ദേഹമാകെ കൊടും മഞ്ഞു കടന്നു പോയതു പോലെ ദുര്‍ഗയ്ക്ക് തോന്നി
അതിന്റെ തണുപ്പില്‍ ശരീരമുറഞ്ഞു.
അവളെ നോക്കി ചിരിച്ചിട്ട് നിന്ന നില്‍പ്പില്‍ ധ്വനി അപ്രത്യക്ഷയായി.
ദുര്‍ഗ കൂട്ടുകാരികളുടെ നേരെ തിരിഞ്ഞു.
ഭയന്ന ഭാവത്തില്‍ നില്‍ക്കുകയായിരുന്നു നേഹയും സ്വാതിയും.
' അവള്‍ വന്നു'
ഒരു സാധാരണ കാര്യം പറയുന്നത് പോലെയായിരുന്നു ദുര്‍ഗയുടെ ഭാവം
' ആ ഗ്രന്ഥം.. അത് കിട്ടണം.. അതു കഴിഞ്ഞാല്‍ ഞാന്‍ ഭ്രാന്തിയല്ലെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും.. അതുവരെ.. ഇങ്ങനൊരു കാര്യം ഇവിടെ നടക്കുന്നുവെന്ന് ഒരൊറ്റയാള്‍ അറിയരുത്.'
അവള്‍ അടുത്തേക്ക് വന്നപ്പോള്‍ ഭയത്തോടെ നേഹയും സ്വാതിയും പിന്നിലേക്ക് മാറി.
.......... ............. ................
'നിന്നിലേക്ക് നടന്നടുക്കുമ്പോള്‍ അത്രയും ദൂരം പിന്നിലേക്ക് പോകുകയാണ് ഞാന്‍'
വടക്കിനിയുടെ നീളന്‍ വരാന്തയുടെ ചുവന്ന തറയോട് പാകിയ നിലത്തിരുന്ന് ഹൃദയമിടിപ്പോടെ പവിത്ര വായിച്ചു
കുനുകുനെയുള്ള നീണ്ടുപരന്ന അക്ഷരങ്ങളില്‍ ദേവദത്തന്‍ കുറിച്ചിരിക്കുന്നു.
ആരെകുറിച്ചായിരിക്കാം.
ഒന്നുകില്‍ ആരുമറിയാതെ പോയ ദത്തേട്ടന്റെ കാമുകി
്അവള്‍ക്കെന്തു സംഭവിച്ചു എന്നറിയാന്‍ ഒരു പക്ഷേ ഈ ഡയറി കൊണ്ട് സാധിക്കും.
അതല്ലെങ്കില്‍..
അതല്ലെങ്കില്‍ പലരും ആരോപിക്കുന്നത് പോലെ താനാണോ അവള്‍..
പവിത്രയുടെ ഉടലൊന്ന് വിറച്ചു.
കൈയ്യിലിരുന്ന ഡയറി വിറപൂണ്ടു. അവള്‍ ധൃതിപ്പെട്ട് അതിന്റെ താളുകള്‍ മറിച്ചു
' ഇളംമഞ്ഞ പൂക്കള്‍ പൊഴിയുന്ന വാകമരങ്ങളുടെ ഇടയിലെ നടവഴിയിലൂടെ അവള്‍ നടന്നു വരുന്നത് കണ്ടു.
കൈയ്യില്‍ അമ്പലത്തില്‍ നിന്നുള്ള പ്രസാദം.
നനവുണങ്ങാത്ത മുടിയിഴകള്‍ -ചങ്ങമ്പുഴയുടെ ഭാഷ കടമെടുത്താല്‍ കരിനാഗങ്ങളെ പോലെ കെട്ടുപിണഞ്ഞ് വീണു കിടക്കുന്നു.
അവള്‍ ചുറ്റിയിരുന്ന ആകാശനീല സാരിയുടെ തലപ്പ് കാറ്റില്‍ പറക്കുന്നുണ്ടായിരുന്നു.
അവള്‍ക്കു ചുറ്റും പറന്നു കൊണ്ടിരുന്ന എന്റെ സ്വപ്‌നങ്ങളെ പോലെ..
അടുത്ത് വന്ന് ഒന്നു മെല്ലെ ചിരിച്ചിട്ട് നടന്നു പോയി.
എത്ര അടുത്തായിരുന്നു അവള്‍ മുമ്പ്.
സര്‍പ്പക്കാവില്‍ വെച്ച് ശേഖരിച്ച മഞ്ചാടിക്കുരുക്കള്‍ കൈനിറയെ കൊണ്ടു കൊടുത്തിരുന്നു.
അപ്പൂപ്പന്‍ താടിയ്ക്കു പുറകേ പാറി നടന്നിരുന്നു.
അങ്ങനെ പതിയെ അവള്‍ എന്നില്‍ നിന്നും പറന്നു പോകുകയാണോ.
എന്റെ ദേവി..
നിന്നെക്കാള്‍ ചൈതന്യവതിയെന്ന് തോന്നി കണ്ണുവെക്കല്ലേ..
മൃദുവായ കാലടികളാല്‍ ഒരിക്കല്‍ അവള്‍ പടികയറി വരും
എന്റെ ഹൃദയത്തിലേക്ക്..
എനിക്കവളെ വേണം എന്റെ പെണ്ണിനെ.'
'ഈശ്വരാ'
പവിത്രയുടെ അധരങ്ങള്‍ വിറച്ചു
ആരെകുറിച്ചാണിത്.
പണ്ടൊക്കെ സര്‍പ്പക്കാവില്‍ നിന്നും കുടുക്ക നിറയെ മഞ്ചാടികളുമായി ദത്തേട്ടന്‍ വന്നു വിളിക്കുമായിരുന്നു.
ചിലപ്പോള്‍ ചുറ്റു വരാന്തയിലിരുന്ന് കളിക്കുമ്പോള്‍ തലയ്ക്കുമീതെ അത് ചൊരിഞ്ഞിട്ട് അകത്തേക്ക് ഓരോട്ടമാണ്.
അന്നൊക്കെ ഇഷ്ടമായിരുന്നു ആ ചെക്കനെ.
വളര്‍ന്നപ്പോള്‍ നോക്കിലും വാക്കിലും അകറ്റി നിര്‍ത്തി തുടങ്ങിയപ്പോള്‍...
തൊട്ടു മുമ്പില്‍ ചെന്നാലും ഒരു ചിരി കൊണ്ട് തടുത്തു നിര്‍ത്തുമ്പോള്‍ അകന്നു പോകുകയായിരുന്നു.
ഏതോ ഒരു പെണ്‍കുട്ടിക്ക് വേണ്ടിയാണ് ആ അകല്‍ച്ചയെന്ന് മനസു പറഞ്ഞു.
അതോടെ ദേഷ്യമായി.വാശിയായി.
മിണ്ടാതെയായി.
ആ അജ്ഞാത സുന്ദരിയെ കുറിച്ചല്ലേ ദത്തേട്ടന്‍ എഴുതിയിരിക്കുന്നത്.
എന്തിനോ പവിത്രയുടെ കണ്ണുകള്‍ നിറഞ്ഞു.
കണ്ണീരിനിടയിലൂടെ അവള്‍ താളുകള്‍ മറിച്ചു.
' നാടും വീടും വിട്ട് പോകുകയാണ്.. രണ്ടു വര്‍ഷം ..ബിഎഡ് കഴിയും വരെ ഇനി വഴിയോരങ്ങളില്‍ കാത്തു നിന്ന് അവളെ കാണാന്‍ കഴിയില്ല. എഴുതുന്ന കവിതകളിലെല്ലാം അവള്‍ ഒളിപ്പിക്കുന്ന ഒരു മുഖമുണ്ട്. അത് എന്റേതാണെന്ന് എനിക്കറിയാം. അവള്‍ എന്റേതാണെന്നും. പക്ഷേ പോകുമ്പോള്‍ കാത്തിരിക്കണമെന്ന് പറഞ്ഞിട്ട് പോകാന്‍ ധൈര്യം വരുന്നില്ല. വളര്‍ന്നു പോയി പെണ്ണ്... കണ്ണുകളില്‍ ഒരു തരം കൂര്‍ത്തൊരു ഭാവം.. കാണുമ്പോള്‍ മിണ്ടാനും കൂടി മടി..അല്ലെങ്കില്‍ ഒന്നിനും വേണ്ട ധൃതി. കല്യാണപ്രായമാകുമ്പോള്‍ ചെന്നു ചോദിക്കും. അപ്പോഴേക്കും ഒരു അധ്യാപകനായിട്ടുണ്ടാവണം.. എന്റെ ദേവി.. എന്തൊക്കെ സ്വപ്‌നങ്ങളാണ് അല്ലേ ഈ വലിയേടത്തെ ചെക്കന്..'
കണ്ണുനീരിനിടയിലും പവിത്രയ്ക്ക് ചിരി വന്നു.
ഇത്രയേറെ സ്‌നേഹിച്ചിട്ടും എന്തേ അവള്‍ വിട്ടുപോയി.
പവിത്ര അടുത്ത താളും മറച്ചു.
' വേണ്ടിയിരുന്നില്ല.. ദേഷ്യപ്പെട്ടു പോയി. ഗോവണിപ്പടികളില്‍ ശബ്ദമുണ്ടാക്കാതെ അവള്‍ കയറി വന്നു. ഞാന്‍ എഴുതുകയായിരുന്നു അവളെ കുറിച്ച്.. മംഗലാപുരത്തേക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ അവളെ കുറിച്ചുള്ള ഈ ഡയറികുറിപ്പുകള്‍ മാത്രമല്ലേയുള്ളു. തൊട്ടുപിന്നില്‍ വന്നു നിന്ന് എത്തിനോക്കിയപ്പോള്‍ കള്ളം കണ്ടുപിടിക്കപ്പെട്ടവന്റെ മനസായിരുന്നു. അതൊളിപ്പിക്കാന്‍ ഒത്തിരി ദേഷ്യപ്പെട്ടു. ഇനി ഒരിക്കലും പടി കയറി വരില്ലെന്ന് പറഞ്ഞ് കണ്ണുനീര്‍ തുടച്ച് അവള്‍ ഓടിപ്പോയി.. എന്റെ പെണ്ണ്..'
ആ അക്ഷരങ്ങളിലേക്ക് തുറിച്ചു നോക്ക്ി പവിത്ര ഇരുന്നു.
പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒരിക്കലും ഉറപ്പിച്ചിരുന്നില്ല.
കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
ഇത്ര പാപിയായിപ്പോയല്ലോ ഈശ്വരാ ഞാന്‍..
പവിത്ര കാല്‍മുട്ടുകളിലേക്ക് മുഖമണച്ചിരുന്ന് തേങ്ങി.
' പവിയേട്ടത്തീ'
ജാസ്മിന്റെ ഉറക്കെയുള്ള വിളികേട്ട് അവള്‍ പിടഞ്ഞെഴുന്നേറ്റു. ഡയറി സാരിയ്ക്ക് പിന്നിലേക്കൊളിപ്പിച്ചു
ഉത്സാഹത്തോടെ ജാസ്മിന്‍ അങ്ങോട്ടോടി വന്നു.
അവളുടെ കൈയ്യില്‍ കുടമുല്ല പൂക്കള്‍ പറച്ചിട്ട ഒരു വാഴയില കുമ്പിളുമുണ്ടായിരുന്നു.
' എവിടെയെല്ലാം തിരക്കി നടന്നു ഞാന്‍.. പിന്നെ വലിയമ്മാമ്മയാ പറഞ്ഞത് പവിയേട്ടത്തി ഇവിടെ വന്നിരിപ്പുണ്ടാകുമെന്ന്'
ജാസ്മിന്‍ വന്ന് അവളുടെ കൈപിടിച്ചു
' എനിക്ക് ഈ മുല്ലപ്പൂക്കളൊന്ന് കെട്ടിത്തരുമോ പവിയേട്ടത്തീ പ്ലീസ്..'
അവള്‍ കെഞ്ചി
' എന്തിനാ ഇപ്പോ ഈ നേരത്ത്'
പവിത്ര മന്ദഹസിക്കാന്‍ ശ്രമിച്ചു
' ദീപാരാധന തൊഴാന്‍ ഞാനും പോണുണ്ട് ദത്തേട്ടന്റെ കൂടെ.. അപ്പോ ശരിക്കും ഒരു അമ്പലവാസി സ്റ്റൈല്‍ ആയിക്കോട്ടെ .. അല്ലേ.. ദത്തേട്ടനാ പറഞ്ഞത് പവിയേട്ടത്തി നന്നായി മുല്ലമാല കെട്ടുംന്ന്'
പവിത്രയുടെ മുഖം ഇരുണ്ടു പോയി.
' ദീപാരാധന തൊഴാന്‍ ഞങ്ങളും വരണുണ്ടല്ലോ.. ' പവിത്ര സംശയത്തോടെ അവളെ നോക്കി.
' ഇല്ല.. ഞാനും ദത്തേട്ടനും കൂടിയാണ് പോകുന്നത്. വലിയമ്മാമ്മ നേരത്തേ പോയി. രുദ്രേച്ചിയ്ക്ക് പാടില്യാതിരിക്കുകയാ. നേഹയ്ക്കും. അതുകൊണ്ട് സ്വാതിയും വരുന്നില്ല. പവിയേട്ടത്തി വേണം അവരെ നോക്കാന്‍..'
കുസൃതിയോടെ പവിത്രയെ നോക്കി ചിരിച്ചു.
അവള്‍ മന.പൂര്‍വം എല്ലാവരെയും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് പവിത്രയ്ക്ക് തോന്നി.
അവര്‍ ചുറ്റുവരാന്തയിലേക്ക് എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ദേവദത്തന്‍ അവിടേക്ക് വന്നു.
' ഒന്നു വേഗം മാല കെട്ടിക്കൊടുക്കു പവീ.. അവള്‍ക്കോരോരോ നൊസ്റ്റാള്‍ജിയ'
ദേവദത്തന്‍ ചിരിയോടെ ജാസ്മിന്റെ ശിരസില്‍ തട്ടി
പവിത്ര അവനെ തന്നെ ഉറ്റു നോക്കുകയായിരുന്നു.
ഇത്രയും കാലം കൊച്ചുമനയിലെ പവിത്രയെ മനസിലേറ്റിയവനാണ്.
തനിക്ക് പോലും പിടി തരാതെ..
എന്നിട്ടിപ്പോള്‍..
ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടപ്പോള്‍.
' എന്താ നോക്കുന്നത്.. സമയം വൈകിയാല്‍ വലിയമ്മാമ്മ ക്ഷോഭിക്കും.. അതു വേണോ'
സൗമ്യമായ ആ ചിരി ഒരു നീറ്റലായി പവിത്രയുടെ നെഞ്ചില്‍ പടര്‍ന്നു.
അവള്‍ പെട്ടന്നു തന്നെ മുല്ലമാല കോര്‍ത്തുവെച്ചു
അപ്പോഴേക്കും സെറ്റുസാരിയുടുത്ത് മലയാളിപ്പെണ്‍കിടാവായി ജാസ്മിന്‍ തിരിച്ചെത്തി.
' കണ്ടാല്‍ ക്രിസ്ത്യാനിപെണ്ണാണെന്ന് പറയില്ലല്ലേ പവീ'
ദേവദത്തന്‍ അവളെ ആകമാനം നോക്കി കൊണ്ട് അഭിനന്ദനങ്ങളോടെയാണ് പറഞ്ഞത്.
' തോന്നില്ല... പക്ഷേ കുട്ടിയ്ക്ക് ക്ഷേത്രത്തിലൊക്കെ പോകാന്‍ പ്റ്റുമോ'
പവിത്ര സന്ദേഹത്തോടെയാണ് ചോദിച്ചത്.
' പോയാലെന്താ .. ഈശ്വരന്‍മാരെല്ലാം എല്ലായിടത്തും ഒന്നല്ലേ പവിയേട്ടത്തീ.. പിന്നെ ഞാന്‍ ചിലപ്പോ ഒരു ഹിന്ദുപെണ്‍കുട്ടി ആയീന്നും വരും'
ഊരി ചിരിച്ചു കൊണ്ട് അവള്‍ മുല്ലമാല തലയില്‍ ചൂടി.
' നന്നായിട്ടുണ്ടോ '
അവള്‍ പവിത്രയ്ക്ക് നേരെ തിരിഞ്ഞു
' ഉം'
പവിത്രയ്ക്ക് മൂളാതിരിക്കാനായില്ല.
' വാടീ കാന്താരീ'
ദേവദത്തന്‍ അവളുടെ കൈ പിടിച്ച് നടുമുറ്റത്തേക്കിറക്കി.
രണ്ടുപേരും പടിപ്പുരയ്ക്ക് നേരെ നടക്കുന്നത് നിറ കണ്ണുകളോടെ അവള്‍ നോക്കി നിന്നു.
പിന്നെ തിരിഞ്ഞ് അകത്തേക്കോടി.
മേശവലിപ്പില്‍ നിന്നും ആ ഡയറി എടുത്ത് ഒന്നു കൂടി തുറന്നു നോക്കി
പിന്നീട് ഒരു താളിലേ ദത്തേട്ടന്‍ എഴുതിയിട്ടുള്ളു
ആര്‍ത്തിയോടെ പവിത്ര അതു വായിച്ചു.
' ഒരിക്കലും ഈ പടി കടന്നു വരില്ലെന്ന് പറഞ്ഞ് ഇറങ്ങിയോടി പോയ പെണ്‍കുട്ടി .. അവള്‍ പറഞ്ഞത് നുണയല്ലായിരുന്നു. ഗോവണിപ്പടികള്‍ക്കു മേലെ എന്നെ തനിച്ചാക്കി ഇഷ്ടമുള്ളൊരാളുടെ കൂടെ അവള്‍ ഇറങ്ങിപ്പോയി.. ആ പാദസരകിലുക്കം മാത്രം ബാക്കിയാകുന്നു. അതെന്നെങ്കിലും നിലയ്ക്കുമോ.. എന്റെ ദേവി.. വലിയേടത്തെ ഈ പാവം ചെക്കന് അവളെ മറക്കാന്‍ തോന്നിപ്പിക്കണേ. ഇനി അവള്‍ക്കു പകരം മറ്റൊരുവള്‍ ജീവിതത്തിലേക്ക് വരുമോ.. അറിയില്ല..അതിനെത്രകാലം വേണ്ടി വരുമെന്നും അറിയില്ല..'
ആ കാലം എത്തിയെന്ന് പവിത്രയ്ക്ക് തോന്നി
എല്ലാം മറക്കാനും മറ്റൊരാളെ സ്‌നേഹിക്കാനും ദത്തേട്ടന് കഴിയുന്ന കാലം.
.......... .................. ........................
' വേളിയ്ക്കിനി ആറു ദിവസം കൂടിയുള്ളു.. കിഴക്കേടം പ്രത്യേകിച്ച് പറഞ്ഞു.. പ്രായശ്ചിത്തപൂജയ്ക്ക് മുമ്പാകണം വേളി.. ഏറ്റം അടുത്ത ആളുകളെ മാത്രം വിളിച്ച് എത്രേം പെട്ടന്ന് ... എന്റെ പരദേവകളേ.. അത് കഴിയാതെ ഇനി സമാധാനല്യ'
വാക്കുറപ്പിക്കല്‍ കഴിഞ്ഞ് വന്ന് ആകാംക്ഷയോടെ ചുറ്റിനും വന്നു നിന്ന പെണ്‍കുട്ടികളോടായി വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി പറഞ്ഞു.
' അപ്പോള്‍ നമുക്ക് കല്യാണം കൂടാന്‍ കഴിയും.. '
സ്വാതി സന്തോഷത്തോടെ ദുര്‍ഗയെ നോക്കി.
' അതിപ്പോ നിങ്ങള്‍ക്ക് ക്ലാസുണ്ടെങ്കിലും അവധി എടുത്ത് കൊണ്ടുവരില്യേ.. നിങ്ങളില്ലാതെ തങ്കത്തിന് എന്താ ആഘോഷം'
വലിയേടത്ത് കുലുങ്ങി ചിരിച്ചു.
എല്ലാവര്‍ക്കുമിടയില്‍ മുഖം കുനിച്ച് നില്‍ക്കുകയായിരുന്നു രുദ്ര.
നാണം കൊണ്ട് അവളുടെ കവിളുകള്‍ ചുവന്നു.
' വ്യാസേട്ടന്‍ പറഞ്ഞല്ലോ അതിന് മുമ്പ് ഇവിടെ മറ്റൊരു വേളി നടക്കുംന്ന്' നേഹയാണ് ചോദ്യമെടുത്തിട്ടത്.
പവിത്രയുടെ കണ്ണുകള്‍ നേരെ ജാസ്മിനിലേക്ക് നീണ്ടു
രുദ്രയുടെ അതേ ഭാവം അവളുടെ മുഖത്തേയും ചുവപ്പിക്കുന്നത് പവിത്ര കണ്ടു.
' വ്യാസന്‍ പറഞ്ഞെങ്കില്‍ അത് അച്ചട്ടാകും.. കാത്തിരിക്യാ'
വലിയേടത്ത് ഗൗരവം പൂണ്ടു.
' നാളെത്തന്നെ വസ്ത്രങ്ങളെടുക്കാന്‍ പോകണം.. സ്വര്‍ണം വല്ലതും മാറ്റി വാങ്ങണംന്നുണ്ടോ രുദ്രക്കുട്ടിക്ക്'
അയാള്‍ അവളെ നോക്കി.
' വേണ്ട.. എന്റെ അമ്മയുടേയും മുത്തശ്ശീടെയുമൊക്കെ സ്വര്‍ണമല്ലേ.. എനിക്കതു മതി'
രുദ്ര പറഞ്ഞൊപ്പിച്ചു.
' അപ്പോ അക്കാര്യത്തില്‍ തീരുമാനമായി. '
ദേവദത്തന്‍ അവിടേക്ക് വന്നു.
' നാളെ എല്ലാവരും കൂടി ഒന്നിച്ച് പോകാം.. ഒരു ആഘോഷം പോലെ..അല്ലേ'
അവന്റെ ചോദ്യം പെണ്‍കുട്ടികളുടെ മുഖത്ത് ആവേശം പടര്‍ത്തി.
' എങ്കില്‍പിന്നെ അങ്ങനെയാവട്ടെ.. കുട്ട്യോള് അകത്തേക്ക് പൊയ്‌ക്കോളൂ'
വലിയേടത്ത് പറഞ്ഞതും ഓരോരുത്തരായി അകത്തേക്ക് പോയി
' കുട്ടാ പ്രായശ്ചിത്ത പൂജയ്ക്ക് മുമ്പായി ഒരു ശത്രുസംഹാര പൂജ നടത്തണം... ഇന്ന് മുതല്‍ മൂന്നു ദിവസം.. പരികര്‍മ്മി വേദവ്യാസ് തന്നെ..നിര്‍ബന്ധാണ്'
വലിയേടത്ത് സ്വരം താഴ്ത്തിയാണ് പറഞ്ഞത്.
' ശത്രുസംഹാരമോ.. ഇപ്പോള്‍ നമുക്കാരാ ശത്രു '
ദേവദത്തന്‍ അത്ഭുതപ്പെട്ട് നോക്കി.
' എന്തോ എനിക്കങ്ങനെ തോന്നുന്നു.. നടത്തണം.. അല്ലാണ്ടെ ശരിയാവില്ല.. '
' അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാം'
ദേവദത്തന്‍ സമ്മതിച്ചു.
' നമ്മെ ചുറ്റിപ്പറ്റി ഒരു ശത്രുസാന്നിധ്യം ഞാനറിയണുണ്ട്.. ഈ തെളിഞ്ഞ ജലാശയം കലക്കി മറിക്കാനതുമതി..ഇരുട്ടാകുന്നതോടെ വേദവ്യാസ് വരും.. എല്ലാം അടുപ്പിച്ച് വെച്ചോളൂ'
' ശരി വലിയമ്മാമ്മേ' ദേവദത്തന്‍ തിരിഞ്ഞു നടന്നു
അപ്പോള്‍ വലിയേടത്തേക്കുള്ള യാത്രയിലായിരുന്നു വേദവ്യാസ്.
സമയം രാത്രി എട്ടര കഴിഞ്ഞിരിക്കുന്നു.
കാര്‍ മെയിന്റോഡില്‍ നിന്നും തിരിഞ്ഞ് വിജനമായ ഇടവഴിയിലേക്ക് കടന്നതോടെ പെട്ടന്ന് ദിഗന്തം പിളര്‍ക്കുന്ന ഒരിടിവെട്ടി.
ഒപ്പം കനത്ത മഴയും.
പ്രളയം പോലെ ശക്തമായ മഴ
മിന്നല്‍ പിണരുകള്‍ അകമ്പടിയായി.
വേദവ്യാസിന്റെ കൈപ്പിടിയില്‍ നിന്നും സ്റ്റിയറിംഗ് വഴുതി.
കാര്‍ ഒന്നു തെന്നി
വേദവ്യാസ് പെട്ടന്ന് നിയന്ത്രണം വീണ്ടെടുത്തു.
വലതു കൈ മുഷ്ടി ചുരുട്ടി നെഞ്ചോടു ചേര്‍ത്ത് വേദവ്യാസ് ഒരു മന്ത്രം ജപിച്ചു.
അപ്പോഴേക്കും റോഡരികില്‍ നിന്ന വലിയൊരു വൃക്ഷം കടയറ്റ് വാഹനത്തിന് മുന്നിലേക്ക് തല്ലിയലച്ച് വീണു.
ഒരു വലിയ ശബ്ദത്തോടെ കാര്‍ നിന്നു.
വേദവ്യാസ് ഡോര്‍ തുറന്ന് ഇരുട്ടിലേക്കിറങ്ങി.
' ധ്വനീ'
കനത്തമഴയില്‍ ആകെ നനഞ്ഞ് വീശുന്ന ചുഴലിക്കാറ്റില്‍ പറന്നു പോകാതെ കാലുറപ്പിച്ച് ചവുട്ടി വേദവ്യാസ് ഉറക്കെ വിളിച്ചു.
' പൊന്നേത്ത് തെക്കേമനയിലെ രവിമേനോന്റെ മകള്‍..ധ്വനീ.. നശിച്ച ദുരാത്മാവേ.. നീയെവിടെ..'
അവന്റെ ശബ്ദം മഴയില്‍ പ്രതിധ്വനിച്ചു
' നേര്‍ക്കു നേരാവാം ഇനി അങ്കം... നിനക്ക് ധൈര്യമുണ്ടെങ്കില്‍..'
വേദവ്യാസ് വീണ്ടും വിളിച്ചു പറഞ്ഞു.
തൊട്ടരികെ ഒരു ക്രൂരമൃഗത്തിന്റെ മുരള്‍ച്ച വേദവ്യാസ് കേട്ടു.
്അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
അരികെ ചീഞ്ഞളിഞ്ഞ് അഴുകിയ മാംസത്തുണ്ടുകള്‍ ഇറ്റു വീഴുന്ന ഒരു അസ്ഥികൂടം..
അതിന്റെ ദേഹത്ത് വലിയ വലിയ പുഴുക്കള്‍ നുരച്ചു.
അറപ്പിക്കുന്ന ദുര്‍ഗന്ധമായിരുന്നു അതിന് ചുറ്റും.
' ഞാ്ന്‍ ധ്വനി'
ആ വികൃതരൂപത്തില്‍ നിന്നും ഭയപ്പെടുത്തുന്ന ശബ്ദം ഉയര്‍ന്നു.
വേദവ്യാസിന്റെ രോമകൂപങ്ങള്‍ തരിച്ചുണര്‍ന്നു.
അടുത്ത നിമിഷം അത് കാഴ്ചയില്‍ നിന്നും മറഞ്ഞു.
ആകാശത്തിന്റെ നാലുദിക്കില്‍ നിന്നും കാതു തകര്‍ക്കുന്ന ്അവളുടെ പൊട്ടിച്ചിരി മുഴങ്ങി
അത് വേദവ്യാസിനോട് അടുത്തടുത്ത് വന്നു.
ആഞ്ഞു പെയ്യുന്ന മഴയില്‍ നനഞ്ഞ് വേദവ്യാസ് പതറി നിന്നു.
..... ......... തുടരും ....
Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക