Slider

നിശ്ശബ്ദതയുടെ ആരവങ്ങൾ ... (കഥ)

0
പലരുമെന്തൊക്കയോ പറയുന്നുണ്ട് ,
എല്ലാമയാൾക്ക് വളരെ വ്യക്തമായി കേൾക്കാം.., പക്ഷെ ഒന്നുമങ്ങോട്ട് മനസ്സിൽ പതിയുന്നില്ല. ഒരു നാലഞ്ച് വർഷം മുന്നേ ചെവിയിൽ ഒരു പഴുപ്പ് വന്ന്
കേൾവി തീർത്തും പോയിരുന്നു. അന്നേ ഡോക്ടർ പറഞ്ഞതാ കേൾവി പതിയേ തിരിച്ചെത്തുമെന്ന് , മൂന്നാല് മാസംകൊണ്ട് ശരിയായി ...പക്ഷെ അപ്പോഴേക്കും ഒരു കേൾവിയില്ലാത്തയാളിന്റെ ശരീരഭാഷയും സംസാരവും അയാളെ പിടികൂടിക്കഴിഞ്ഞിരുന്നു. അതാണെങ്കിൽ വിട്ടുമാറുന്നില്ലതാനും ...!
നേരം പുലർന്നു വരുന്നേയുള്ളുവെങ്കിലും അയാൾ ഇറങ്ങിയിരുന്നു ..പക്ഷെ ഒറ്റയ്ക്കല്ല ,കൂടെ ഭാര്യ സരസമ്മയുമുണ്ട് .കറിയാച്ചൻസാറ് ഫ്ലാറ്റിന്റെ പണിതുടങ്ങിയ കാലംമുതൽക്കേയുള്ളതാണ് അതിരാവിലെയുള്ള ഈ പോക്ക്.
ഇടയ്ക്ക് ചെവി പണിമുടക്കിയെങ്കിലും പറ്റാവുന്ന പണിയെടുത്താൽ മതീന്ന് പറഞ്ഞത് അയാൾക്കൊരനുഗ്രഹമായിരുന്നു. ചെടി നനയ്ക്കണം , പിന്നെ ലിഫ്‌റ്റിൽ വെറുതേ ഇരിക്കണം... അതാണയാളുടെ ഫ്ലാറ്റിലെ ജോലി.
"നിങ്ങക്കെന്താ ലിഫ്റ്റിൽ ശരിക്കും പണി ..?"
അയാളൊന്നു ചിരിച്ചു ..
"ലിഫ്റ്റിൽ കയറുന്നവർ നമ്പറമർത്തും വാതിലൊക്കെ തനിയേ അടയുകയും ചെയ്യും ,പക്ഷെ മുൻപൊരിക്കൽ
ഏഴ് സി യിലെ കൊച്ച് അതിൽ കുടുങ്ങി അതിന് ശേഷമാണ് ലിഫ്റ്റിലിരിക്കാൻ കറിയാച്ചൻസാർ പറഞ്ഞത്..."
'ഡ്രീംസ് ഇംപീരിയൽസിന്റെ'
ആകാശവെളിച്ചം അയാൾക്ക് കാണാമായിരുന്നു. അതിനെന്തോ തെളിച്ചം കുറഞ്ഞ പോലെ ..അയാളുടെ മനസ്സിൽ ചെറിയൊരു ഭീതി ഉടലെടുത്തു ...
"എന്നാലും മെറീന കൊച്ചിന് ആ അലോഷി സാറുമായി എന്താ ഒരിടപാട് ..അതും ബോബിക്കുഞ്ഞ് ഇല്ലാത്തപ്പോൾ ...? "
"ഓഹ് ...അവരൊക്കെ വല്ല്യ ആൾക്കാരല്ലേ .. ?"
"ബോബിക്കുഞ്ഞ് വല്ലപ്പോഴുമേ ഫ്ലാറ്റിൽ കാണൂ ,എന്നാൽ ഈ മെറീന കൊച്ചിന് തറവാട്ടില് കറിയാച്ചൻസാറിന്റെ കൂടെ നിന്നാൽപ്പോരെ ..? മരുമക്കളല്ലേ കുടുംബം നോക്കേണ്ടത് ..?"
"അതിനിപ്പം അവരെന്താ പറഞ്ഞത് ...? " സരസമ്മയുടെ മുഖത്ത് ആകാംഷ നിറഞ്ഞ പോലെ .
"അതിനെനിക്ക് ചെവി കേൾക്കാമോ ..?"
"കേൾക്കില്ലന്ന് അവർ തെറ്റിദ്ധരിച്ചതല്ലേ ... നിങ്ങളാ ചെവി ഇനിയെങ്കിലും ഒന്ന് തുറന്ന് പിടിക്കണം ,... "സരസമ്മ ചിരിച്ചു
"ഞാൻ കേട്ടടീ .. ആദ്യം പതിവുപോലെ ശ്രദ്ധിച്ചിരുന്നില്ല.. പക്ഷെ മറീനക്കൊച്ച് വല്ലാണ്ട് ദേഷ്യം പിടിച്ചിരുന്നു .. അലോഷി സാറ് ആളത്ര ശരിയല്ല കേട്ടോ,
അയാളുടെ വലയിൽ കൊച്ച് വീണെന്നാ തോന്നുന്നേ...!
അത് മാത്രമല്ലെന്നേ ,ആ പതിനൊന്ന് സി യിലെ സൂസൻ ഡോക്ടറുടെ മകളില്ലേ ... ട്രീസക്കൊച്ച് അതിന്റെ പേരും പറയുന്നുണ്ടായിരുന്നു ...!"
"അയ്യോ ആ കൊച്ച് സ്കൂളിൽ പോകുന്നതല്ലേ ... വീട്ടിൽ ആരും ശ്രദ്ധിക്കാത്ത കുട്ടികളുടെ കാര്യം കഷ്ടം തന്നെ .. "
"ദേ ഫ്ലാറ്റെത്തി ഞാൻ പോണു. .. " പീതാംബരൻ ഗേറ്റ് തുറന്ന് പോവുന്നതും നോക്കി നിന്ന് സരസമ്മ ഒരു നെടുവീർപ്പിട്ടു. ഫ്ലാറ്റിലെത്തിയാൽപ്പിന്നെ പീതാംബരൻ
ആളാകെ മാറും... ചെടികൾ അയാളെ കാത്തു നിൽക്കുന്നതു പോലെ അക്ഷമരായിരുന്നു , നിദ്ര വിട്ടുണർന്ന തളിരിലകൾ അയാളെ നോക്കി പുഞ്ചിരിച്ചു .നനയും കഴിഞ്ഞ് പുറത്തിറങ്ങി ചായയും കഴിച്ച് അയാൾ ലിഫ്റ്റിലെ ഇരിപ്പിടത്തിൽ തന്റെ ചിന്തകൾക്കുമേലെ അടയിരുന്നു. പലരും താഴോട്ടും മേലോട്ടും പോവുന്നുണ്ടായിരുന്നു സ്ക്കൂൾ അവധിയായതിനാൽ കുട്ടികൾ ആരുമില്ല ,ഇടയ്ക്ക് ട്രീസക്കൊച്ച് താഴോട്ട് പോവുമ്പോൾ അതിന്റെ മുഖത്തുള്ള വിഷാദഛായ അയാൾ ശ്രദ്ധിച്ചിരുന്നു .
കുറച്ചു കഴിഞ്ഞ് മെറീനയും ട്രീസയും എന്തൊക്കയോ സംസാരിച്ച് ലിഫ്റ്റിൽ കയറി ...
അവരുടെ സംഭാഷണങ്ങൾ പീതാംബരന് ശ്രദ്ധിക്കാതിരിക്കാനാവുമായിരുന്നില്ല. .. അയാൾ തന്റെ ചെവികളെ മനസ്സുകൊണ്ട് ബലപ്പെടുത്തി ..
"ട്രീസ, ഞാൻ പറയുന്നത് കേൾക്ക് , നിന്റെ കൂടെ ഞാനുണ്ട്, അലോഷിയുമായി ഞാനൊന്നു സംസാരിക്കട്ടെ , നീയെന്തിനാ അയാളുടെ ഫ്ലാറ്റിൽ പോയത്, പപ്പയെ ഞാൻ വിളിച്ചു തരില്ലായിരുന്നോ .. കഴിഞ്ഞത് കഴിഞ്ഞു പുറത്തറിഞ്ഞാൽ നമ്മളെല്ലാം കുടുങ്ങും ... അറിയാമെല്ലോ ..."
"ആന്റി എനിക്ക് പേടിയാവുന്നു ... മമ്മിയറിഞ്ഞാൽ, ഡോക്ടറല്ലേ ..? പെട്ടന്ന് മനസ്സിലാവില്ലേ .. എനിക്കെന്തോ മരിച്ചാൽ മതീന്ന് തോന്നുന്നു ... "
പതിനൊന്നാം നിലയിൽ അവരിറങ്ങുമ്പോഴും പീതാംബരന്റ മനസ്സിൽ സംഭാഷണങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു.
ഉച്ചയൂണിന്റെ ആലസ്യം വിട്ടുണർന്ന് ഒരു മൂന്ന് മണിയോടെ ലിഫ്റ്റ് അയാളേം വഹിച്ച് പതിനൊന്നിലേക്ക് കുതിച്ചു.
ട്രീസ കൊച്ചാണ് , അയാൾ പഞ്ചേന്ദ്രിയങ്ങൾക്ക് മുന്നറിയിപ്പ് നൽകി .
പതിനാറാം നിലയിലേക്കാണ് കുതിപ്പ് ...
അവിടെയിനി എന്താണാവോ ... അയാൾ മനസ്സിൽ പറഞ്ഞ് താഴേക്ക് പോയി ...
പെട്ടന്നൊരു മിന്നൽപ്പിണർ മനസ്സിനെ നെടുകേപ്പിളർന്നു ....!
ട്രീസ കൊച്ചിന്റെ നേരത്തെയുള്ള സംസാരം അയാളോർത്തു ... പതിനേഴ് നിലയുള്ള ഫ്ലാറ്റിന്റെ ലിഫ്റ്റ് ചെല്ലുന്ന
അവസാനയിടമാണ് പതിനാറ് ... അവസാന നില റൂഫ് ഗാർഡനാണ് ...
"ഈശ്വരാ ..." അയാൾ പതിനാറിലേക്ക് കുതിച്ചു ,ഇറങ്ങിയ പാടെ സ്റ്റപ്പുകൾ ഓടി ക്കയറി ....!
പക്ഷെ വൈകിപ്പോയിരുന്നു .... !
ഒരു ചിത്രശലഭം കണക്കെ താഴെയുള്ള കളിസ്ഥലം ലക്ഷ്യമാക്കി ട്രീസ
പറന്നുകഴിഞ്ഞിരുന്നു. ... അയാൾ തിരിച്ചോടി ലിഫ്റ്റിൽ താഴെയെത്തി ... വാതിൽ തുറന്നപാടെ ഇറങ്ങിയോടുമ്പോഴേക്കും ചോരയിൽ കുളിച്ച് ..... !ചുറ്റും ആളുകൂടിയിരുന്നു ..
ഒരു മരവിപ്പ് ... ആംബുലൻസ്, പോലീസ്, ആദ്യമായാണ് ഫ്ലാറ്റിൽ ... അയാൾ തകർന്നു പോയിരുന്നു ... ഇടയ്ക്കെപ്പോഴൊ മെറീനക്കൊച്ചിന്റെ വിളറിയ മുഖം അയാളെ നൊമ്പരപ്പെടുത്തിയിരുന്നു.
രാത്രി കഞ്ഞി കുടിക്കുമ്പോഴും അയാൾ അസ്വസ്ഥനായിരുന്നു.
"എന്താ ഒരേനക്കേട് ..."
"ഞാൻ പറഞ്ഞില്ലേടീ... ആ ട്രീസക്കൊച്ച് .., അത് മോളീന്ന് എടുത്തു ചാടി ... "
"യ്യോ ...ന്നിട്ടോ ..?"
"കഴിഞ്ഞു ... ആകെ ബഹളമായിരുന്നു .. പോലീസൊക്കെ വന്നു ... എനിക്കതല്ല .. പോലീസ് എന്നോടും വല്ലതും ചോദിക്കുമോ .. മെറീനക്കൊച്ചിനാണെങ്കിൽ ഇതിൽ എന്തൊക്കയോ ഇടപാടുണ്ട് .. തിരിച്ചും മറിച്ചുമൊക്കെ ചോദിച്ചാൽ അവരുടെ പേര് പറഞ്ഞു പോവുമോ എന്നാ എന്റെ പേടി ... കറിയാച്ചൻ സാറിനെ ഓർക്കുമ്പോൾ ഒരു വല്ലായ്മ."
"ചാടി മരിച്ചാൽ പിന്നെ പോലീസ് ഒന്നും ചോദിക്കില്ലെന്നേ .. സ്കൂളിലെ എന്തെങ്കിലും പ്രശ്നമാണെന്ന് കരുതിക്കോളും ... നിങ്ങള് സമാധാനമായി കഞ്ഞി കുടിക്ക് .. നമ്മുടെ കൊച്ച് ഇല്ലാത്ത സമയമുണ്ടാക്കി വന്ന് വെച്ചിട്ടു പോണതാ ..
നാളെ എന്തായാലും കൃത്യസമയത്ത് ഫ്ലാറ്റിൽ ചെല്ലണം ... പോലീസ്കാര് അതൊക്കെ നോക്കും ... "
സരസമ്മ അയാളെ സമാധാനിപ്പിച്ചു ..
ആ രാത്രി അയാൾക്കെന്തോ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞില്ല .. നേരം വെളുത്തപാടെ പതിവുപോലെ ഫ്ലാറ്റിലേക്ക് നടന്നു .. സരസമ്മയോട് അയാൾ പക്ഷെ ഒന്നും സംസാരിച്ചിരുന്നില്ല.
അന്നത്തെ ദിവസത്തിന് ഒഴുക്ക് നന്നേ കുറവായിരുന്നു ... അവിടെവിടെ ചെറിയ ചെറിയ വിശകലനങ്ങളും ചർച്ചകളും, ഡോക്ടറുടെ വീട്ടുകാരൊക്കെ വന്നിടുണ്ട് .ഭർത്താവുമായി നല്ല രസത്തിലല്ലാത്തതിനാൽ അങ്ങിനേയും ചില ചർച്ചകൾ കൊഴുക്കുന്നുണ്ട് .
ഉച്ചയോടെ വന്നെത്തിയ പോലീസ് ജീപ്പ് പീതാംബരന്റെ ഹൃദയതാളമേറ്റെടുത്തിരുന്നു .. ഏമാനാണെന്ന് തോന്നുന്നു ...
തന്നെ രൂക്ഷമായി നോക്കി മറ്റേയാളോട് എന്തൊക്കയോ ചോദിക്കുന്നുണ്ട് . പീതാംബരൻ പതിയേ അവരുടെ സംസാരത്തിലേക്ക് ചെവി കൂർപ്പിച്ചു ..
പതിനൊന്നിലേക്കാണ് അവർ പോയത് ... അയാൾ ലിഫ്റ്റിൽ നിന്നുമിറങ്ങി നോക്കി,
ഭാഗ്യം മെറീനക്കൊച്ചിന്റെയടുത്തേക്കല്ല ഡോക്ടറുടെ ഫ്ലാറ്റിലേക്കാണ്.
അവരേയും കൊണ്ട് തിരിച്ചിറങ്ങുമ്പോൾ അയാൾ വീണ്ടും ചെവി കൂർപ്പിച്ചു. .. അവരുടെ സംസാരം കേട്ട പീതാംബരൻ ഞെട്ടി വിയർത്തു. ... എല്ലാം തകിടം മറിയാനുള്ള സാധ്യതകൾ .. എതു നിമിഷവും തന്നെ ചോദ്യംചെയ്തേക്കാം .
തന്റെ നാവിൻതുമ്പിൽ നിന്നും മെറീനക്കൊച്ചിന്റെ പേര് മായ്ക്കാൻ അയാൾ വൃഥാ ശ്രമിച്ചു .. ലിഫ്റ്റിലെ ക്യാമറകൾ കള്ളം പറയില്ലെന്ന് അയാൾക്കുറപ്പായിരുന്നു. ...
അന്ന് പതിവിലുംനേരത്തെ അയാളിറങ്ങി .. സരസമ്മയെ നോക്കാതെ ധൃതിയിൽ വീട്ടിലേക്ക് നടന്നു. ...ഉമ്മറത്തിണ്ണയിൽ കൂനിക്കൂടി ഇരിക്കുമ്പോൾ സരസമ്മ വീണ്ടും വന്നു., രാവ് വന്ന് അവരെയാകമാനം മൂടിയിരുന്നു ..
"ന്താ ണ്ടായേ ... ഇങ്ങനെയിരിക്കാൻ ..?"
"എല്ലാം തീർന്നെടീ ... ആ ട്രീസക്കൊച്ചിന് വയറ്റിലുണ്ടത്രേ .. !, ആ അലോഷി ചതിച്ചതാ .
പോലീസ്കാര് പറയുന്നത് ഞാൻ കേട്ടു, ഇനി അന്വേഷണം തുടങ്ങും ചെറിയ കൊച്ചല്ലയോ ... എല്ലാരും കുടുങ്ങും, മെറീനക്കൊച്ചിനെ അവര് പിടിച്ചോണ്ടു പോവും. എന്നോട് ചോദിച്ചാൽ പറയാണ്ടിരിക്കാൻ പറ്റ്വോ ..? ലിഫ്റ്റില് ക്യാമറ ഒക്കെ ഉള്ളതല്ലേ. ... അവസാനം ആ കൊച്ചുമായി സംസാരിച്ചത് മെറീനക്കൊച്ചല്ലയോ ...? "
"നിങ്ങള് ഒന്ന് സമാധാനപ്പെട് ..."
"ചത്തുകളയാൻ തോന്നുന്നു , നമ്മുടെ മോള് ,അവളുടെ കൊച്ചുങ്ങൾ ... ഹാ .. അവളെ കെട്ടിയോൻ നോക്കില്ലയോ അല്ലേ .. ?"
"നിങ്ങളെന്തൊക്കയാ ഈ പറയുന്നേ ... ഇങ്ങനെ പേടിച്ചാലോ ..."
"നിനക്കറിയില്ല ... കറിയാച്ചൻ സാറ് എന്റെ ദൈവമാ .. ഞാൻ മൂലം ഒരേനക്കേട് വന്നാൽ , എനിക്ക് ചിന്തിക്കാൻ പോലുമാവുന്നില്ല .കൈയ്യും കാലുമൊക്കെ വല്ലാണ്ട് വിറയ്ക്കുന്നു."
"എന്നെ ഓർത്തെങ്കിലും , നിങ്ങൾക്ക് .....
" എന്താ നിർത്തിയേ ?"
അയാൾ ചെവികൾ അമർത്തിത്തിരുമ്മി .. ഇല്ല ഒന്നും കേൾക്കുന്നില്ല ,സരസമ്മ എന്തൊക്കയോ പറയുന്നതയാൾക്ക് കാണാം . പതിയേ .... വളരെ പതിയേ അവളുടെ രൂപവും മഞ്ഞുകണം പോലെ അലിഞ്ഞു പോവുന്ന പോലെ ..!
പീതാംബരന് ആകെ ഒരു വെപ്രാളം ..
'ഇല്ല ... പീതാംബരന് അറിഞ്ഞുകൊണ്ട് ചതിക്കാനാവില്ല'.... ,അയാൾ കിണറ്റിൻ കരയിലേക്കോടി ബക്കറ്റ് കെട്ടിയ കയററുത്ത് തെക്കേ മാവിലൊരുഞ്ഞാലു കെട്ടി ...!
ഒരു ചെറുപുഞ്ചിരിയോടെ അതിലേക്ക് സ്വയം സമർപ്പിച്ച് അയാളാടി ..!
അങ്ങകലെ സരസമ്മ രണ്ടു കൈയ്യും നീട്ടി അയാളെ വാരിപ്പുണർന്നു........ , ഒരു ദശാബ്ദത്തിന്റെ വിരഹനാളങ്ങൾ തെക്കൻ കാറ്റിലലിഞ്ഞില്ലാതെയായപോലെ...
അവസാനിച്ചു.
✍️ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo