നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 34


്അധ്യായം-34
' ധൈര്യമായി പോയിട്ടു വരൂ മക്കളേ.. ഇവിടെ ഉമയെ ഞാന്‍ തനിച്ചാക്കില്ല.. പോരേ'
രവിമേനോന്‍ ആര്‍ദ്രതയോടെ നേഹയേയും സ്വാതിയേയും ജാസ്മിനെയും നോക്കി.
' പ്രിയപ്പെട്ട കൂട്ടുകാരിയുടെ വീട്ടിലൊന്ന് പോകുക എല്ലാവരുടെയും ഒരു ആഗ്രഹമായിരിക്കുമല്ലോ.. അതിന് തടസം നില്‍്ക്കാന്‍ ഞാന്‍ തയാറല്ല..നിങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഇവിടെ സുഖമായിട്ടിരിപ്പുണ്ടാകും പോരേ'
നേഹയുടെ മുഖത്തൊരു ചിരി വിടര്‍ന്നു.
' ഉമാന്റീടെ കാര്യം മാത്രമല്ല. അങ്കിളും ഹെല്‍ത് കെയര്‍ ചെയ്യണം.. ഞങ്ങളെ എപ്പോ കാണണമെന്ന് തോന്നിയാലും വിളിച്ചാല്‍ മതി.. ഓടി വരും.. '
' നല്ല കുട്ടി' ഊര്‍മിള അവളെ തന്നോട് ചേര്‍ത്തണച്ച് നെറുകിലൊരു ഉമ്മ നല്‍കി.
' നിങ്ങളിവിടില്ലെങ്കില്‍ ബോറടിച്ച് ചാവും..അതു സത്യം'
' ടി.വി. കാണുക, നല്ല ഭക്ഷണമുണ്ടാക്കി കഴിക്കുക, വൈകുന്നേരത്ത് വടക്കുന്നാഥനെ കാണാന്‍ പോവ്വാ.. അങ്ങനെ ബിസിയായിട്ടിരിക്കണം.. അപ്പോള്‍ തീരും ഈ വിരഹം'
സ്വാതി കൊഞ്ചി
' കണ്ടോ.. ഭാവി നാത്തൂന്റെ വീട്ടിലേക്ക് പോകാനുള്ള അവളുടെ ഒരു ഉത്സാഹം'
രവിമേനോന്‍ കളിയാക്കി
' ആഹ.. മനസിലാക്കി അല്ലേ'
സ്വാതി ചിരിച്ചു.
ജാസ്മിന്‍ ഊര്‍മിളയുടെ ഫോണില്‍ വാട്ട്‌സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു.
' ദാ.. ഇത് റെഡി.. ഇനി ആന്റിയ്ക്ക് ഞങ്ങളെ കാണാന്‍ തോന്നിയാലുടനെ ഫോട്ടോസും വീഡിയോസുമെല്ലാം ചീറിപ്പറന്നിങ്ങു വരും'
അവള്‍ ചിരിച്ചു.
' അതൊക്കെ എനിക്കറിയാം കുട്ടി.. ഞാന്‍ പഠിപ്പിച്ചോളാം ഉമയെ'
രവിമേനോന്‍ അക്കാര്യം ഏറ്റു.
മുകളില്‍ തങ്ങളുടെ റൂമിലായിരുന്നു ദുര്‍ഗ.ഒരു വലിയ എയര്‍ബാഗില്‍ കൊണ്ടുപോകാനുള്ള വസ്ത്രങ്ങള്‍ കുത്തി നിറയ്ക്കുകയായിരുന്നു അവള്‍.
' നീ വേഗം വരില്ലേ ദുര്‍ഗക്കുട്ടീ'
അടുത്തിരുന്ന് ധ്വനി അവളുടെ കണ്ണിലേക്ക് പരിഭവത്തോടെ നോക്കി.
' പെട്ടന്നു വരാം.. പക്ഷേ രണ്ടു ദിവസം കഴിഞ്ഞാല്‍ നിന്റെ പതിനാറാം അടിയന്തിരം കഴിയും.. അതു കഴിഞ്ഞാല്‍ നീ സര്‍വ്വവ്യാപിയാ. എവിടേക്കും സഞ്ചരിക്കാം.. ഞാന്‍ ആഗ്രഹിക്കാതെ നീ വലിയേടത്തേക്ക് വരരുത്'
ധ്വനിയുടെ മുഖത്തെ പ്രസന്നത മാഞ്ഞു.
' നീ കാരണം നഷ്ടമായ സിദ്ധികള്‍ തിരികെ നേടുകയാണ് വലിയമ്മാമ്മയും ദത്തേട്ടനും . അവര്‍ക്ക് തിരികെ കിട്ടുന്ന സിദ്ധികള്‍ നശിപ്പിച്ചു കളയാന്‍ ഇനി ഒരു ശക്തിയ്ക്കും കഴിയില്ല. ഞാന്‍ പറഞ്ഞു വരുന്നത് നിന്റെ സാന്നിധ്യം മനസിലാക്കാന്‍ അവര്‍ക്കു കഴിയും. അതുണ്ടാകരുത്.'
അവളുടെ വാടിയ മുഖത്തേക്ക് നോക്കി ദുര്‍ഗ ചിരിച്ചു
ധ്വനി മുഖം താഴ്ത്തിക്കളഞ്ഞു
' ചുമ്മാ പിണങ്ങല്ലേ പെണ്ണേ' ദുര്‍ഗ ആ മുഖം പിടിച്ചുയര്‍ത്തി.
' പോകാനിറങ്ങുന്ന നേരത്ത് വിഷമിപ്പിച്ചിട്ട് വിടല്ലേ.. പിന്നെ ആന്റി്‌യ്ക്കും അങ്കിളിനും കൂടെ ഇവിടെയൊരാളു വേണ്ടേ'
ധ്വനി മിണ്ടിയില്ല.
ദുര്‍ഗ കിടക്കയില്‍ വെച്ചിരുന്ന ബാഗിന്റെ സിബ് കുനിഞ്ഞു നിന്ന് ബലംപ്രയോഗിച്ച് വലിച്ചിട്ടു
നിവര്‍ന്നപ്പോള്‍ അരികില്‍ ധ്വനിയില്ല.
പുകമഞ്ഞു പോലെ അവള്‍ മാഞ്ഞു പോയിരിക്കുന്നു
ദുര്‍ഗയ്ക്ക് ചിരിവന്നു
പ്രതിഷേധമാണ്.
' എന്നാല്‍പ്പിന്നെ ഞാനിറങ്ങുന്നു. ഇനി യാത്ര പറച്ചിലില്ലാട്ടോ'
ദുര്‍ഗ അതേ ചിരിയോടെ തന്നെ വാതിലിന് നേരെ നീങ്ങി.
വാതില്‍ തുറക്കാന്‍ ശ്രമിച്ചിട്ട് കഴിയുന്നില്ല.
പുറത്ത് നിന്നാരോ ലോക്ക് ചെയ്ത പോലെ.
ജാസ്മിനോ സ്വാതിയോ നേഹയോ മറന്നു ലോക്കിട്ട് പോയതാണോ എന്ന് അവള്‍ സംശയിച്ചു
അല്ല കുറച്ചു മുമ്പു വരെ വാതില്‍ തുറന്നാണ് കിടന്നിരുന്നത്.
' ധ്വനി.. സമയം പോകുന്നു.. വാതില്‍ തുറക്ക്'
ദുര്‍ഗ വാതിലില്‍ തട്ടി
അനക്കമില്ല.
' ധ്വനീ.. കളിക്കല്ലേ.. വാതില്‍ വാതില്‍ തുറക്കാനാ പറഞ്ഞത്'
അവള്‍ വാതിലില്‍ തുരുതുരെ ഇടിച്ചു
' ധ്വനീ പ്ലീസ്..'
അപ്പോള്‍ മറുപടി പോലെ ദുര്‍ഗയുടെ ബാഗ് അന്തരീക്ഷത്തില്‍ താനേ് ഉയര്‍ന്നു.
വാതിലിന് ഉള്ളിലൂടെ തന്നെ അത് പുറത്തേക്ക് വീണു
' ധ്വനി'
ദുര്‍ഗയ്ക്ക് ദേഷ്യം വന്നു
' ഓ.കെ. ഞാന്‍ പോകുന്നില്ല... പോരേ.. എനിക്കിത് തന്നെ വേണം.. വേണ്ടാത്ത വയ്യാവേലി എടുത്ത് തലയില്‍ വെച്ചതിന്'
ദുര്‍ഗ കോപവും സങ്കടവും വിട്ടുമാറാതെ ചെന്ന് കിടക്കയിലിരുന്നു.
അവള്‍ക്ക് കരച്ചിലും വരുന്നുണ്ടായിരുന്നു.
അപ്പോള്‍ വാതില്‍ തുറക്കാതെ തന്നെ അതിനുള്ളിലൂടെ ധ്വനി കയറി അകത്തേക്ക് വന്നു
ആ മുഖം നിറയെ ചിരിയായിരുന്നു.
' ദേഷ്യായോ' ധ്വനി പൊട്ടിച്ചിരിച്ചു.
' നേരത്തെ കുറച്ച് അഹങ്കാരം ഉണ്ടായിരുന്നില്ലേ.. ഇപ്പോ അതെവിടെപ്പോയി'
ദുര്‍ഗ മുഖം വെട്ടിത്തിരിച്ചു
' ഏയ് ദുര്‍ഗാ'
ധ്വനി അവളുടെ താടിത്തുമ്പില്‍ പിടിച്ച് മുഖം തനിക്കു നേരെയാക്കി.
' പോയിട്ട് വേഗം വരണം.. എനിക്കിവിടെ ബോറടിക്കും'
ദുര്‍ഗ മിണ്ടിയില്ല.
' നീയെന്താ പറഞ്ഞേ വേണ്ടാത്ത വയ്യാവേലി എടുത്ത് തലയില്‍ വെച്ചെന്നോ.. കേട്ടു ഞാന്‍'
ധ്വനിയുടെ മുഖം വാടിയിരുന്നു.
പരിഭവത്തോടെ അവള്‍ ദുര്‍ഗയ്ക്കടുത്തിരുന്നു.
' നോക്ക് ദുര്‍ഗാ... അത് നിന്റെ തീരുമാനം മാത്രമായിരുന്നു. അല്ലേ..എന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഈ ലോകം വിട്ടു പോകാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എനിക്കു വീണ്ടും പ്രതീക്ഷ തന്നത് ദുര്‍ഗയാണ്. എന്നിട്ടും എന്തിനാ എന്നെ പഴിക്കുന്നത്'
ആ വാക്കുകള്‍ ദുര്‍ഗ കേട്ടില്ലെന്നു നടിച്ചു.
' ഈ ചരടൊന്നഴിച്ചു കളഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളു.. അതോര്‍ത്തുവെച്ചാല്‍ നല്ലത്'
ദുര്‍ഗ അരിശം വിട്ടു മാറാതെ അവളെ നോക്കി.
ധ്വനി ചിരിച്ചതേയുള്ളു
' എന്താ ചിരിച്ചത്'
ദുര്‍ഗ എഴുന്നേറ്റു.
' അങ്ങനെ അല്ലാന്ന് തോന്നുന്നുണ്ടോ ധ്വനിയ്ക്ക്'
' വെല്ലുവിളിയാണോ'
ധ്വനി എഴുന്നേറ്റ് നിന്ന് അവളെ ചേര്‍ത്തു പിടിച്ചു
' ഈ ചരട് അങ്ങനെയങ്ങ് അഴിച്ചു കളയാന്‍ ദുര്‍ഗാ ഭാഗീരഥിയ്ക്ക് കഴിയുമോ.. പറയ്.. ഒന്നാമത് എന്നോടുള്ള തന്റെ സ്‌നേഹം.. രണ്ടാമത്.. ഞാനത് സമ്മതിക്കുമോ.. നിനക്കറിയുമോ..സംസ്‌കാരത്തിന് ശേഷവും ഭൂമിയില്‍ തന്നെ നിലനില്‍ക്കാന്‍ കഴിയുന്ന ഒരാത്മാവിന്റെ ശക്തി.. നീ ചിന്തിക്കുന്നതിനും അപ്പുറത്താണത്. നിനക്കത് അഴിക്കണമെങ്കില്‍ ഞാന്‍ കൂടി സമ്മതിക്കേണ്ടി വരും ദുര്‍ഗ.'
ദുര്‍ഗ നടുങ്ങിപ്പോയി.
അവളുടെ നോട്ടം ധ്വനിയുടെ കണ്ണുകളിലേക്ക് നീണ്ടു
അവിടെ നിന്നും ഒരു അഗ്നിഗോളം മിന്നല്‍ പോലെ ദുര്‍ഗയുടെ കണ്ണുകളിലേക്ക് പാറി വന്നു.
ആ തീ തുണ്ടില്‍ തന്റെ മുഖം കത്തിയെരിയുന്നതായി ദുര്‍ഗയ്ക്ക് തോന്നി.
അവള്‍ മുഖം പൊത്തി
' ദുര്‍ഗ' ധ്വനി അവളുടെ ചുമലില്‍ തൊട്ടു.
' പക്ഷേ നമ്മള്‍ എന്തിനാ പിണങ്ങുന്നത്.. ഈ ലോകത്ത് അപൂര്‍വമായ സൗഹൃദമല്ലേ നമ്മുടേത്.. എനിക്കു നിന്നോടും നിനക്കെന്നോടും തീരാത്ത സ്‌നേഹമില്ലേ.. ഇത്ര ദേഷ്യം പാടില്ലാട്ടോ ദുര്‍ഗാ ഭട്ടതിരിക്കുട്ടീ.. ' അവള്‍ ദുര്‍ഗയുടെ കൈകള്‍ ബലം പിടിച്ച് അവളുടെ കണ്ണുകള്‍ക്കു മീതെ നിന്ന് പിടിച്ചു മാറ്റി.
' വലിയേടത്തെ കുസൃതിക്കുട്ടിയായി വളര്‍ന്നതു കൊണ്ടാവണം ദേഷ്യം കൂടുതലാണ് തനിക്ക്... നല്ല കുട്ടികള്‍ക്ക് അതു പാടില്ല.. എന്റെ മഹിയേട്ടന് ദേഷ്യക്കാരി പെണ്ണ് ചേരില്ല'
' അതു ഞാനും മഹിയേട്ടനും കൂടി തീരുമാനിച്ചോളാം.. കേട്ടോ.. നീ വാതില്‍ തുറക്ക്'
ദുര്‍ഗ കര്‍ചീഫെടുത്ത് മുഖത്തു പൊടിഞ്ഞ വിയര്‍പ്പ് കണങ്ങള്‍ ഒപ്പിക്കൊണ്ട് അവളെ അഭിമുഖീകരിക്കാതെ നിന്നു.
സത്യത്തില്‍ ധ്വനിയെ മുഖമുയര്‍ത്തി നോക്കാനുള്ള ധൈര്യം അവളില്‍ അവശേഷിച്ചിരുന്നില്ല.
പിണക്കത്തിനൊടുവിലെ വാശിയ്ക്ക് പറഞ്ഞതാവാം .. എന്നാലും എന്താണ് ധ്വനി സൂചിപ്പിച്ചത്.
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ആവാഹന മന്ത്രം ഉപയോഗിച്ച് താന്‍ അവളെ ഒരു ചരടിലേക്ക് ആവാഹിച്ചു.
അത് എല്ലാവരെയും ഒളിപ്പിച്ച് കൈത്തണ്ടയില്‍ കെട്ടി.
സിദ്ധികള്‍ തിരിച്ചു കിട്ടിത്തുടങ്ങിയ വലിയമ്മാമ്മയും ദത്തേട്ടനും അത് കണ്ടുപിടിക്കരുതേ എന്ന പ്രാര്‍ഥനയോടെയാണ് അവിടേക്ക് പോകാനൊരുങ്ങിയത്.
വേദവ്യാസ് എല്ലാം മനസിലാക്കി കഴിഞ്ഞു.
നൂറുനൂറു പൂജകള്‍ ബാക്കി കിടക്കുന്ന സമയത്ത് വലിയമ്മാമ്മയുടെയും ദത്തേട്ടന്റെയും മനസ് കലക്കരുതെന്നോര്‍്ത്താവാം വേദവ്യാസ് അക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുന്നത്.
അന്ന് ഒരിക്കലും ഒരു സ്ത്രീ പ്രവേശിക്കാന്‍ പാടില്ലാത്ത നിലവറയില്‍ കടന്ന് ആ പൂജ ചെയ്യുമ്പോള്‍ മനസില്‍ ഒന്നേ കരുതിയുള്ളു. ധ്വനിയുടെ ആത്മാവ് എന്ന് തനിക്ക്ും വലിയേടത്ത് മനയ്ക്കും ദോഷകരമായി തീരുന്നുവോ അന്ന് ആ ചരട് അഴിച്ചു കളഞ്ഞാല്‍ മതിയാകും.
പക്ഷേ ആ മനോഗതി അറിഞ്ഞതു പോലെയാണ് ധ്വനി ഇപ്പോള്‍ സംസാരിച്ചത്.
അതഴിച്ചു കളയണമെങ്കില്‍ അവള്‍ കൂടി സമ്മതിക്കണമെന്ന്
ദുര്‍ഗയുടെ ഹൃദയം പിടച്ചു.
കാരണമറിയാത്ത ഒരു ആപത്ശങ്ക
നേര്‍വിരുദ്ധാഗമനം.. ഒരിക്കലും സംഭവിച്ചു കൂടാത്തത്.
അതു തടയാന്‍ വലിയമ്മാമ്മ എന്തൊക്കെ ചെയ്തു.
കാര്‍ത്തികയുടെ അത്യപൂര്‍വ പാദത്തില്‍ പിറന്ന ,
നേര്‍വിരുദ്ധാഗമന യോഗം ജാതകത്തില്‍ കുറിച്ച തന്നെ കുറിച്ചോര്‍ത്ത് എന്തിനായിരുന്നു വലിയമ്മാമ്മ ഇത്രയേറെ ആധി പിടിച്ചത്.
ഇരുപത്തിയൊന്നു വയസ് മുതല്‍ തന്റെയൊപ്പം വന്നു ചേരുന്ന ഒരു നിഴലിനെ എന്നും വലിയമ്മാമ്മ ഭയപ്പെട്ടിരുന്നു.
അതൊരു സൗഹൃദമാണെങ്കില്‍.. ഒരു നല്ല ബന്ധമായിരുന്നെങ്കില്‍ വലിയമ്മാമ്മയോ ദത്തേട്ടനോ ഇത്രയ്ക്കും ഭയക്കുമായിരുന്നോ.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാണ് ധ്വനി ഇപ്പോള്‍ പറഞ്ഞതെന്ന് അവള്‍ക്ക് തോന്നി.
ഒഴിവാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ നിസാരമായി അതു ചെയ്യാന്‍ കഴിയുമെന്ന് താന്‍ കരുതി.
പക്ഷേ..
' ദുര്‍ഗ'
്അവളുടെ ചിന്തകള്‍ തിരിച്ചറിഞ്ഞത് പോലെ ധ്വനി അവളെ തൊട്ടുവിളിച്ചു.
' ഈ ലോകത്തെ എന്നെ അറിയാവുന്ന എല്ലാവരുടെയും വെറുപ്പ് നേടിയാണ് ഞാനൊരു നിഴലായത്. അതും ചെയ്യാത്ത തെറ്റിന്.. ഒരു നിഴലായ് മാത്രം നിന്റെ അടുത്തെത്തുന്ന എന്നെ നീയും വെറുക്കുകയാണോ'
ആ സങ്കടം കണ്ടപ്പോള്‍ ദുര്‍ഗയുടെ മനസു തണുത്തു
ഒരു സാധാരണ പെണ്‍കുട്ടിയെ പോലെ ധ്വനി വിതുമ്പി
ദുര്‍ഗ ഒന്നും ഉരിയാടാനവാവാതെ അവളെ നോക്കി നിന്നു.
അവള്‍ക്ക് പെട്ടന്ന് സഹതാപം തോന്നി.
ധ്വനി ഒരു തമാശ ചെയ്തതിനാണ് താനിപ്പോള്‍ ക്രൂരമായി സംസാരിച്ചത്.
ഈയിടെയായി എല്ലാവരോടും പെട്ടന്ന് ദേഷ്യപ്പെടുന്നു. മനസില്‍ അടക്കിവെച്ച രഹസ്യങ്ങള്‍ കൊണ്ടാവാം.
പഴയതു പോലെ ഒന്നു പൊട്ടിച്ചിരിക്കാന്‍ ,ആ കുസൃതി കൂട്ടുകാരിയാകാന്‍ എന്തിന് മഹിയേട്ടന്റെ പഴയ തങ്കമാകാന്‍ പോലും കഴിയുന്നില്ല തനിക്ക്.
താനാണ് ആദ്യം ധ്വനിയോട് ക്രൂരമായി സംസാരിച്ചത്.
അവള്‍ അതിന് അതേമട്ടില്‍ മറുപടി നല്‍കിയപ്പോള്‍ തനിക്ക് നൊന്തു.
അവള്‍ക്കുണ്ടായ വേദനയെ കുറിച്ച് ചിന്തിച്ചില്ല
പകരം അവളെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയതില്‍ സ്വയം ശപിക്കുകയായിരുന്നു.
' ധ്വനി' ദുര്‍ഗ കുറ്റബോധത്തോടെ അവളുടെ കൈപിടിച്ചു.
' അയാം സോറി.. ' ആത്മാര്‍തമായാണ് ദുര്‍ഗ ക്ഷമാപണം ചെയ്തത്.
' പോയിട്ട് വാ.. പി്‌ന്നെ.. നീയാഗ്രഹിച്ചാല്‍ മാത്രമേ ഞാനവിടെ വരൂ.. പോരേ'
ധ്വനി ഓമനത്തത്തോടെ അവളെ കെട്ടിപ്പിടിച്ചു.
ആ ആശ്ലേഷത്തിലമര്‍ന്ന് ദുര്‍ഗ രണ്ടുനിമിഷം നിന്നു.
പിന്നെ അകന്നു മാറി.
' ദുര്‍ഗാ.. '
പുറത്തു നിന്ന് സ്വാതിയുടെ വിളികേട്ടു.
' മതി..വഴക്കുണ്ടാക്കിയതൊക്കെ..പൊല്ലാപ്പുണ്ടാക്കാതെ് വാതില്‍ തുറക്കു പെണ്ണേ'
ധ്വനിയെ നോക്കി ദുര്‍ഗ കല്‍പിച്ചു
പെട്ടന്ന് കാറ്റടിച്ചിട്ടെന്ന പോലെ വാതില്‍ താനേ തുറന്നു.
വാതില്‍പ്പാളി വലിയ ശബ്ദത്തോടെ ഭിത്തിയില്‍ വന്നടിച്ചു
സ്വാതി അകത്തേക്ക് കയറി വന്നു.
' എന്തൊരു ഒരുക്കമാ ദുര്‍ഗാ ഇത്..എന്തിനാ ഈ ബാഗ് പുറത്തെടുത്തിട്ടേക്കുന്നത്..താഴെ എത്രനേരമായി എല്ലാവരും വെയ്റ്റ് ചെയ്യുന്നു' ഒറ്റ ശ്വാസത്തില്‍ അവള്‍ ശാസിച്ചു.
' സോറി സ്വാതീ.. ഞാന്‍ ദാ വരുന്നു'
ദുര്‍ഗ മുടി ഒന്നു കൂടി ചീകി ഒതുക്കി ചീപ്പ് ഡ്രെസിംഗ് ടേബിളിലേക്കിട്ട് സ്വാതിയെ നോക്കി ചിരിതൂകി
' മഹിയേട്ടന്‍ വന്നിട്ട് കുറച്ച് നേരമായി.. ലേറ്റായതിന് ഇന്നും കിട്ടും നിനക്ക്.. കയ്യോടെ വാങ്ങിക്കോ.'
സ്വാതി ഗൗരവം വിടാതെ പറഞ്ഞു.
' തരാനുള്ളത് നേരിട്ടങ്ങ് തന്നേക്കാം' റൂമിന് പുറത്ത് നിന്ന് മഹേഷ്ബാലന്റെ ശബ്ദം കേട്ട് ദുര്‍ഗ ഞെട്ടിത്തിരിഞ്ഞു.
' ആഹ.. ഏട്ടനിങ്ങോട്ടു വന്നോ' സ്വാതി എളിയില്‍ കൈകുത്തി അവനെ നോക്കി
' കള്ളത്തരമാണല്ലോ ഇത്.. അല്ലേ'
ദുര്‍ഗ അവളുടെ ഭാവം കണ്ട് അടക്കി ചിരിച്ചു.
' ഇങ്ങനെ കാത്തു നിര്‍ത്തിയാല്‍ പിന്നെ കയറി വരണ്ടേ.. നീയൊരു കാര്യം ചെയ്യ്.. ഒന്ന് താഴേക്ക് പോ.. ഞാനിത് ചോദിച്ചിട്ടേ വരുന്നുള്ളു'
കള്ളച്ചിരിയോടെ മഹേഷ്ബാലന്‍ അനിയത്തിയെ നോക്കി.
' ഊം.. മനസിലായി.. പെട്ടന്നാവണേ ചോദ്യവും പറച്ചിലും'
സ്വാതി റൂമില്‍ നിന്നും ഇറങ്ങി ഓടിപ്പോയി
മഹേഷ് ബാലന്‍ വാതില്‍ ചാരി.
' നാണമില്ലല്ലോ.. അനിയത്തിയെ പറഞ്ഞു വിട്ടിട്ട് പ്രേമിക്കാന്‍ വരാന്‍'
ദുര്‍ഗ പരിഹസിച്ചു.
' ശരി... എന്നാല്‍ ഞാന്‍ പോകുന്നു'
മഹേഷ്ബാലന്‍ തിരിച്ചു നടക്കാനൊരുങ്ങി
' അയ്യടാ.. അങ്ങനെയങ്ങ് പോയാലോ'
ദുര്‍ഗ പുറകെ ചെന്ന് അവനെ പിടിച്ചു വെച്ചു
' ഇത്ര ദൂരം വന്നിട്ട് ശരിക്കൊന്നു കാണാതെ..'
മഹേഷ് ബാലന്‍ കുസൃതിയോടെ തിരിഞ്ഞു നിന്നു.
' ശരിക്ക് കാണട്ടെ.. ശരിക്ക് കാണട്ടെ ഞാന്‍ നിന്നെ..'
അവന്‍ അടുത്തേക്ക് ചുവട് വെക്കുന്നതിനനുസരിച്ച് ദുര്‍ഗ പിന്നോട്ട് നീങ്ങി
ഒടുവില്‍ അവള്‍ ഭിത്തിയില്‍ തട്ടി നിന്നു.
' എത്ര ദിവസമായി എന്റെ പെണ്ണിനെ തനിച്ചൊന്നു കിട്ടിയിട്ട്.. '
മഹേഷ്ബാലന്‍ വലതു കൈ ഉയര്‍ത്തി അവളുടെ മുഖം തനിക്ക് നേരെ പിടിച്ചു.
ദുര്‍ഗയുടെ കണ്ണുകള്‍ പിടഞ്ഞു.
' എന്തൊരു ഭംഗിയാ തങ്കം നിന്നെ കാണാന്‍... ശരിക്കും തനിത്തങ്കം' മഹേഷ്ബാലന്‍ അവളുടെ മൂക്കിന്‍തുമ്പില്‍ തൊട്ടു.
' ഒരു മുക്കുത്തി വേണം.. ഇവിടെ... അല്ലേ'
' ഇഷ്ടാണോ.. '
ദുര്‍ഗ കാതരമായി ചോദിച്ചു
' ഉം.. ഇഷ്ടം... ഒരുപാടിഷ്ടം.. മുക്കുത്തിയല്ല.. നിന്നെ.'
ദുര്‍ഗയുടെ ചുവന്ന അധരങ്ങളിലേക്ക് മഹേഷ് ബാലന്‍ തന്റെ ചുണ്ടമര്‍ത്തി.
ദുര്‍ഗ പിടഞ്ഞു പോയി
ആദ്യമായിട്ടായിരുന്നു അവന്‍ അവളോട് അത്രയ്ക്കും സ്വാതന്ത്ര്യമെടുക്കുന്നത്.
ഇതുവരെ അറിയാത്തൊരു ലഹരി തേടി അലയാന്‍ ദുര്‍ഗയുടെ ഉള്ളം കൊതിച്ചു.
കാന്തിക വലയത്തില്‍ പെട്ടുപോയതുപോലെ അധരങ്ങള്‍ ഒട്ടിച്ചേര്‍ന്നു.
ദീര്‍ഘ നേരം അതങ്ങനെ ഒട്ടിപ്പിടിച്ചു തന്നെ നിന്നു.
താന്‍ പൂര്‍ണമായും മഹിയേട്ടന്റെ കരവലയത്തില്‍ ഒതുങ്ങി നില്‍ക്കുകയാണെന്ന് ദുര്‍ഗ ലജ്ജയോടെ കണ്ടു.
ഏറെ നേരത്തിനു ശേഷം മധുരവും മൃദുലവുമായി മഹേഷിന്റെ ചുംബനങ്ങള്‍ അവളുടെ ചുണ്ടില്‍ നിന്നും വേര്‍പെട്ടു.
പിന്നെ ഒരിക്കലും പ്രവാഹം നില്‍ക്കാത്ത ഒരു നദിയെ പോലെ അത് താടിതുമ്പിലൂടെ ഒഴുകി വന്ന് ദുര്‍ഗയുടെ മെലിഞ്ഞു നീണ്ട കഴുത്തിലേക്കെത്തി.
അവിടെ ഇത്തിരിനേരം തങ്ങി നിന്ന് മാറിടത്തിലേക്ക് നൂണ്ടിറങ്ങാന്‍ ഭാവിച്ച അവന്റെ മുഖം ദുര്‍ഗ തടഞ്ഞു.
' മതി.. എന്താ ഭാവം' ദുര്‍ഗ കിതച്ചു
അവളുടെ മുഖമാകെ ചുവന്നു തുടുത്തിരുന്നു.
മഹേഷ് ബാലന്റെ കണ്ണിലെ തിളക്കത്തിലേക്കും ആസക്തിയിലേക്കും നോട്ടമെത്തിയപ്പോള്‍ ലജ്ജ കൊണ്ട് അവളുടെ മുഖം കൂമ്പി.
' മതിയോ' മഹേഷ് ബാലന്‍ കുറുമ്പോടെ വീണ്ടും ഉമ്മവെക്കാനാഞ്ഞു
' പോടാ.. കള്ളകൃഷ്ണാ'
ദുര്‍ഗ അവന്റെ മുഖം പിടിച്ചുമാറ്റി.
' ഇനി വേണംന്ന് പറയരുത്'
പരിഭവിച്ച ഭാവത്തില്‍ മഹേഷ് ബാലന്‍ അവളെ നോക്കി
' ഒരിക്കലും പറയില്ല... പോരേ..' ദുര്‍ഗ ചിരിയോടെ അവന്റെ പിടിവിട്ട് വാതിലിനടുത്തേക്ക് നീങ്ങി.
നിരാശിതന്റെ ഭാവം അഭിനയിച്ചു കൊണ്ട് മഹേഷ് ബാലന്‍ പുറകേ ചെന്നു.
ദുര്‍ഗ റൂം പൂട്ടി
മഹേഷ് ബാലന്‍ അവളുടെ ബാഗെടുത്തു.
ധ്വനിയുടെ റൂമിന്റെ വാതില്‍ തുറന്നു കിടക്കുന്നത് ദുര്‍ഗ കണ്ടു.
മുന്‍പ് ജാസ്മിന്‍ അതടച്ച് പൂട്ടുന്നത് അവള്‍ കണ്ടിരുന്നു.
ആ റൂമിന് മുന്നിലെത്തിയപ്പോള്‍ മഹേഷ് നിന്നു.
വെളുത്ത ഉടുപ്പിട്ട് വയലിന്‍ മീട്ടി നില്‍ക്കുന്ന ധ്വനിയുടെ വലിയ ചിത്രം അവന്‍ കണ്ടു.
ഉള്ളിലെന്തോ കൊളുത്തിപ്പിടിച്ചത് പോലെ.വല്ലാത്തൊരു വേദന ഹൃദയം പിളര്‍ത്തുന്നു.
മഹേഷ് ബാലന്റെ മുഖത്തെ സന്തോഷം മാഞ്ഞു.
കണ്ണുകള്‍ നിറഞ്ഞു
' സങ്കടമായി അല്ലേ.. ' ദുര്‍ഗ അവനെ നോക്കി മന്ദഹസിക്കാന്‍ ശ്രമിച്ചു
' ചിലതൊക്കെ മറന്നല്ലേ പറ്റൂ.. മഹിയേട്ടന്‍ നടക്ക്. ഞാന്‍ റൂം പൂട്ടിയിട്ട് വരാം'
അവള്‍ വാതിലിന് നേരെ ചെന്നു.
വിഷാദം മ്ലാനമാക്കിയ മുഖവുമായി മഹേഷ് ബാലന്‍ സ്‌റ്റെയര്‍കേസിന് നേരെ നടന്നു.
വാതിലടയ്ക്കാന്‍ ചെന്ന ദുര്‍ഗ കണ്ടു.
ധ്വനിയുടെ ചിത്രത്തിലെ കണ്ണുകള്‍ ജീവനുള്ളത് പോലെ പിടയ്ക്കുന്നു.
അതില്‍ നിന്നും കവിഞ്ഞൊഴുകിയ രക്തം ചാലുകളായി ഒഴുകിയിറങ്ങുന്നു.
കാലടികള്‍ നനഞ്ഞെന്ന് തോന്നിയ ദുര്‍ഗ ഞെട്ടി തറയിലേക്ക് നോക്കി.
അവളുടെ പാദം മടുപ്പിക്കുന്ന രക്തചുവപ്പില്‍ മുങ്ങിയിരുന്നു.
ഒരു നിലവിളി ദുര്‍ഗയില്‍ തന്നെ അമര്‍ന്നു
പരിഭ്രമത്തോടെ അവള്‍ ഒന്നു കൂടി നോക്കി.
ഇല്ല..
സര്‍വം ശാന്തമായിരുന്നു
മുമ്പത്തെ പോലെ.
...... .............. .................
' വൗ.. അമേസിംഗ്.. വരിക്കാശേരി മന പോലും ഇതിന്റെ നാലയലത്തു വരില്ല'
കണ്ടിട്ടും കണ്ടിട്ടും ജാസ്മിന് അത്ഭുതം തീര്‍ന്നില്ല.
' വരിക്കാശേരിയുമായി മുത്തച്ഛനുണ്ടായിരുന്നപ്പോ നല്ല ബന്ധത്തിലായിരുന്നു. ഇപ്പോ പോക്കു വരവില്ല.. അവിടുള്ള ആരേം വലിയ നിശ്ചയവുമില്ല'
പത്മനാഭന്‍ ഭട്ടതിരി വാത്സല്യത്തോടെ പറഞ്ഞു
" സെൽഫി എടുത്ത് ഗ്യാലറി നിറഞ്ഞു. എന്തൊരു പ്രൗഢി " നേഹയ്ക്ക് അത്ഭുതം വിട്ടുമാറുന്നില്ല
' എന്തായാലും കുട്ട്യോള്‍ക്ക് ഇത്രടം വരാന്‍ തോന്നീലോ.. എത്ര ദിവസമുണ്ട് അവധി'
അദ്ദേഹം ആരാഞ്ഞു
' സ്റ്റഡി ലീവാണ്.. ഒരു മാസത്തോളം വരും.. രണ്ടാഴ്ച ഇവിടെ കൂടാന്‍ തന്നെയാ വന്നത്'
' എന്തായാലും ഇവിടെ പ്രശ്‌നല്യാ.. പിന്നെ പുതിയ തലമുറയ്ക്ക് ഗ്രഹിക്കാന്‍ വിഷമംള്ള കുറച്ച് സംഗതികളുണ്ടാകും ഇവിടെ.. പൂജേം തേവാരോം ഒക്കെ.. ബുദ്ധിമുട്ടാവ്വോ'
' ഞങ്ങള്‍ വലിയമ്മാമ്മയ്‌ക്കൊരു ബുദ്ധിമുട്ടാവാതിരുന്നാല്‍ മതി'
നേഹ ചിരിച്ചു
' അതു കുറുമ്പു മറുപടിയാണല്ലോ... രസികത്തരം ഉണ്ടല്ലേ കൈയ്യില്‍'
' അതേ ഉണ്ടാവൂ.. വലിയമ്മാമ്മ വെറുതേ ഇവറ്റകള്‍ക്ക് തല വെച്ചു കൊടുക്കണ്ട'
അവിടേക്കു വന്ന ദേവദത്തന്‍ പറഞ്ഞു.
' ദത്തേട്ടന് ഞങ്ങളുള്ളപ്പോ ഈ വീട്ടില്‍ കഴിയാന്‍ ബുദ്ധിമുട്ടാണെന്ന്വച്ചാ ദത്തേട്ടന് ഈ വീട്ടീന്ന് പോകാം'
ജാസ്മിന്റെ തമാശ എല്ലാവരിലും പൊട്ടിച്ചിരിയുണ്ടാക്കി.
' ദത്തേട്ടന്‍ പറഞ്ഞതാട്ടോ വലിയമ്മാമ്മേ സത്യം.. അധികം തലേല്‍ കയറ്റി വെക്കണ്ട.. ഞാനേ പെട്ടു പോയി'
ദുര്‍ഗ പറഞ്ഞു.
' എവിടേ .. രണ്ട് അവതാരങ്ങള്‍ കൂടി ഉണ്ടായിരുന്നല്ലോ ഇവിടെ രുദ്രേച്ചിയും പവിയേട്ടത്തിയും.. എവിടെ പോയി വലിയമ്മാമ്മേ'
ദുര്‍ഗ അദ്ദേഹത്തെ കൊഞ്ചലോടെ നോക്കി.
' രുദ്രകുട്ടീടെ നെറ്റ് എക്‌സാം ഇന്നാണ്... കുട്ടന്‍ പറഞ്ഞില്ലേ.. പവി അവള്‍ക്ക് തുണ പോയതാ.. രാവിലെ പോയതാ.. എത്താനുള്ള സമയമായി'
ദുര്‍ഗയുടെ കണ്ണുകളില്‍ അതിശയം പൂത്തു
' ആജന്മശത്രുക്കള്‍ ഒരുമിച്ച് പോയീന്നോ.. അതെന്താ അങ്ങനെ'
' രുദ്രക്കുട്ടീടെ വാക്കിലേ ഉള്ളു ശത്രുത.. മനസ് ശുദ്ധാണ്. എന്നാലും വരണ്ടാന്നൊക്കെ തടഞ്ഞു നോക്കി. പവി വിട്ടില്ല.. രുദ്രക്കുട്ടി എന്തൊക്കെ പറഞ്ഞാലും അതൊന്നും പവിയെ ബാധിക്കില്ല. അവളത് കൂട്ടാക്കേയില്ല..'
' നല്ല കോംപിനേഷനാണ് രണ്ടും അലുവയും മത്തിക്കറിയും പോലെ'
ദേവദത്തന്‍ ചിരിച്ചു
' ആഹാ.. അപ്പോള്‍ ഭട്ടതിരി മാഷിന് ഞങ്ങള്‍ടെ ഉപമയൊക്കെ അറിയാലോ'
ജാസ്മിന്‍ ദത്തനെ വിസ്മയത്തോടെ നോക്കി
' നിങ്ങളേക്കാളും വിളഞ്ഞ വിത്തുകള്‍ പഠിക്കുന്ന കോളജിലെ പ്രൊഫസറാണ് മക്കളേ ഈ ഞാന്‍'
ദേവദത്തന്‍ പറഞ്ഞു തീരും മുമ്പേ പടിപ്പുരയില്‍ ഒറ്റമണി മുഴങ്ങി.
ഏതാനും മിനിറ്റുകള്‍ക്കകം രുദ്രയും പവിത്രയും പടിപ്പുരയ്ക്കിപ്പുറം പ്രത്യക്ഷരായി.
' കുറ്റം പറയരുതല്ലോ പവിത്രേച്ചിയെ കണ്ടാല്‍ സ്വര്‍ഗ ലോകത്തെ അപ്‌സരസുകള്‍ മാറി നില്‍ക്കും. ബോളിവുഡ് നായികമാര്‍ക്കു പോലും പോലും ഇത്രയും സൗന്ദര്യവും ഫീച്ചേഴ്‌സും ഞാന്‍ കണ്ടിട്ടില്ല'
നേഹ അവളില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു
' രുദ്രേച്ചിയെന്താ മോശമാണോ.. നാടന്‍ ശാലീന സൗന്ദര്യം.. ഈ വലിയേടത്തെ പെണ്‍കുട്ടികള്‍ക്കൊക്കെ വല്ലാത്ത സൗന്ദര്യമാണല്ലോ വലിയമ്മാമ്മേ' ജാസ്മിന്‍ ഏറ്റുപിടിച്ചു
' പാരമ്പര്യം.. അല്ലാതെന്തു പറയാനാ.. നിങ്ങളാരും മോശമൊന്നുമല്ലല്ലോ.. ' പത്മനാഭന്‍ ഭട്ടതിരി ഊറിച്ചിരിച്ചു.
' ഇദ്ദേഹമെന്താ സൈലന്റായിട്ട് നില്‍ക്കണേ..മഹീടെ അനിയത്തിക്കുട്ടി എന്ന നിലയ്ക്ക് ഞ്ങള്‍ക്കെന്തേലും അലോഗ്യണ്ടാവുംന്ന് നിരീച്ചിട്ടാ'
അതിനിടെ അയാള്‍ സ്വാതിയെ നോക്കി.
അതുതന്നെയായിരുന്നു അവളുടെ സംശയം. എന്നിട്ടും അവള്‍ അല്ലെന്ന് തലയാട്ടി.
' ഒന്നും ഭയക്കണ്ട.. മഹിയുമായിട്ടുള്ള തങ്കത്തിന്റെ ബന്ധം ഞങ്ങളാരും അംഗീകരിച്ചില്ലെന്നത് യാഥാര്‍ഥ്യം.പക്ഷേ തങ്കം മഹിയുമായി ഈ പടി കടന്നു വന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞു അവള്‍ക്കാ ബന്ധം മതീന്ന്.. ആ നിമിഷം എനിക്കത് മനസിലായി.. പിരിക്കാനാവില്ലാന്ന്.. അതുമാത്രല്ല.. അതൊരു വിധിയുടെ ഭാഗം കൂടിയാണെന്ന് മനസു പറഞ്ഞു.. അതോടെ ആ ബന്ധം ഞങ്ങള്‍ അംഗീകരിച്ചു'
സ്വാതിയുടെ കണ്ണുകള്‍ പിടഞ്ഞു
' ഞാനിപ്പോ ഇത് പറഞ്ഞത്.. തങ്കത്തിന്റെ അനിയത്തീന്ന് വെച്ചാല്‍ വലിയേടത്തെ മകള്‍ തന്നെ.. അതേ സ്വാതന്ത്ര്യംണ്ട് മോള്‍ക്കിവിടെ'
' വലിയമ്മാമ്മേ' സ്വാതി വിങ്ങിപ്പോയി
അവള്‍ കുനിഞ്ഞ് ആ കാലടി തൊട്ട് വന്ദിച്ചു.
പത്മനാഭന്‍ ഭട്ടതിരി അവളുടെ നെറുകയില്‍ അനുഗ്രഹിക്കുന്ന മട്ടില്‍ കരതലം വെച്ചു.
അപ്പോഴേക്കും രുദ്രയും പവിത്രയും അടുത്തെത്തിക്കഴിഞ്ഞു
' എങ്ങനെയുണ്ടായിരുന്നു എക്‌സാം.. വല്ലതും നടക്കുമോ'
ദേവദത്തന്‍ തിരക്കി
' ദത്തേട്ടന്‍ പഠിപ്പിച്ച് വിട്ടതൊക്കെ അതേപടി വന്നിട്ടുണ്ട്. റാങ്ക് ലിസ്റ്റിലുണ്ടാകും എന്തായാലും'
അവളുടെ മുഖത്ത് ആത്മവിശ്വാസം തുളുമ്പി.
' പരദേവതാ കടാക്ഷം.. വ്യാസിന് കൈപിടിച്ചു കൊടുക്കുമ്പോ രുദ്രക്കുട്ടി ഒരു ഉദ്യോഗസ്ഥ ആയിരിക്കണംന്ന് ഒരു മോഹംണ്ടായിരുന്നു'
പത്മനാഭന്‍ ഭട്ടതിരി ദേവകളെ സ്തുതിച്ചു
രുദ്രയുടെ മുഖം തുടുത്തു.
' തങ്കവും ഫ്രണ്ട്‌സും വന്നിട്ടുണ്ടെന്നറിഞ്ഞ് കിട്ടി ബസിന് കയറി പോരുകയായിരുന്നു ഞങ്ങള്‍.. ട്രെയിനൊന്നും കാത്തു നിന്നില്ല'
പവിത്ര നിറഞ്ഞ ചിരിയോടെ എല്ലാവരേയും നോക്കി.
' വിശദായിട്ട് പരിയപ്പെടാന്‍ സമയമുണ്ട് പവീ.. അവരിവിടെ കുറച്ച് ദിവസം ഉണ്ടാകും'
ദേവദത്തന്‍ അവളുടെ മനസറിഞ്ഞത് പോലെ പറഞ്ഞു.
' എങ്കില്‍പിന്നെ പതുക്കെ മതിയല്ലോ.. അല്ലേ' അവരെ നോക്കി മന്ദഹസിച്ചിട്ട് പവിത്ര ചുറ്റുവരാന്തയിലേക്ക് കയറി.
' വാ.. നമുക്കൊന്ന് പോയി വിശേഷമറിഞ്ഞു വരാം'
ദുര്‍ഗ കൂട്ടുകാരികളെ വിളിച്ചു
' തങ്കക്കുട്ടീ.. ഇവിടെ പ്രവേശനംള്ള സ്ഥലങ്ങളും ഇല്ലാത്തിടങ്ങളും കുട്ട്യോള്‍ക്ക് പറഞ്ഞു കൊടുക്കണംട്ടോ'
പത്മനാഭന്‍ ഭട്ടതിരി ഓര്‍മ്മിപ്പിച്ചു
' ഉവ്വ് വലിയമ്മാമ്മേ'
ദുര്‍ഗ സമ്മതിച്ചു
' അതെന്താ ഇവിടെ ശബരിമലയുണ്ടോ.. പ്രവേശനമില്ലാതിരിക്കാന്‍' അവള്‍ക്ക് പിന്നാലെ അകത്തേക്ക് നടക്കുമ്പോള്‍ നേഹ ശബ്ദമടക്കി ചോദിച്ചു
' ഉണ്ട്.. ഒരിക്കലും സ്ത്രീ പ്രവേശനം പാടില്ലാത്ത നിലവറ വരെയുണ്ട്.. ഒക്കെ പറഞ്ഞു തരാ്ംട്ടോ'
അതുകേട്ട് രുദ്ര മന്ദഹാസത്തോടെ പറഞ്ഞു.
ആ വാക്കുകള്‍ ദുര്‍ഗയുടെ മനസിലേക്ക് കുറ്റബോധത്തിന്റെ വലിയൊരു കരിമ്പടം വലിച്ചിട്ടു
.......... ................. ................
രാത്രി കിടന്നിട്ടും ഉറക്കം വരാതെ ദുര്‍ഗ തിരിഞ്ഞും കിടന്നു.
കണ്ണടച്ചാലുടന്‍ മഹിയേട്ടനാണ് മനസില്‍.
ആ ചുംബനങ്ങള്‍..അതിന്റെമാസ്മരികത.
ഒരു പുരുഷനെ അറിയാനുള്ള സ്ത്രീയുടെ മോഹം ഉടലാകെ പൊട്ടിത്തരിച്ചു കൊണ്ട് പടര്‍ന്നു കയറുന്നു.
ആദ്യമായിട്ടാണ്
ഇത്രയും ചേര്‍ന്ന്..
ഇത്രയേറെ അലിഞ്ഞ്..
അപ്പോള്‍ എന്തുകൊണ്ടോ ധ്വനിയെ ഓര്‍മ്മ വന്നു
അവളുടെ ചിത്രത്തില്‍ നിന്നും ഒഴുകിയ രക്തകണ്ണുനീര്‍..
വേദനിക്കുന്നുണ്ടാകും പാവം.
ദുര്‍ഗയുടെ കണ്ണുകള്‍ നിറഞ്ഞു.
അപ്പോള്‍ ഇരുട്ടില്‍ നിന്നൊരു രൂപം ദുര്‍ഗയെ ഇറുകെ കെട്ടിപ്പിടിച്ചു
ദുര്‍ഗ ഞെട്ടിപ്പോയി
' പേടിക്കണ്ട.. ഞാനാടി തങ്കം'
കാതില്‍ ജാസ്മിന്റെ ശബ്ദം
ദുര്‍ഗയ്ക്ക് സമാധാനമായി.
' എപ്പോഴാ നീയവളെ വിളിച്ചുവ വരുത്തുക- ധ്വനിയെ.. ഞങ്ങള്‍ക്കു കാണാന്‍'
ജാസ്മിന്റെ ചോദ്യം കേട്ട് എ.സിയുടെ തണുപ്പിലും ദുര്‍ഗയെ വിയര്‍ത്തു.
..... ......... തുടരും ....
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot