Slider

ഹൃദയപൂർവ്വം

0
Image may contain: Muhammad Ali Ch, smiling, closeup
"അഫ്സൽ, നീ പെട്ടെന്ന് നാട്ടിലേക്ക് വരണം, ബാപ്പക്ക് ചെറിയൊരു ... "..
"ചെറിയൊരു ? ... ", ഞാൻ ഞെട്ടലോടെ ചോദിച്ചു ,
"ചെറിയൊരു അസുഖം.. ഹാർട്ട് അറ്റാക്ക്, പേടിക്കാനൊന്നുമില്ല, ഇപ്പോ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സാധിക്കുമെങ്കിൽ നീ ഇന്ന് തന്നെ പുറപ്പെട്ടോ , പ്രോബ്ളമൊന്നുമുണ്ടാകില്ല, എന്നാലും നീയൊന്നു വരുന്നത് നല്ലതാണ്, ബാപ്പാക്കും അതൊരു സന്തോഷമാകും",
നാട്ടിൽ നിന്നും അളിയന്റെ അപ്രതീക്ഷിത ഫോൺ കാൾ ആണ്.
പെട്ടെന്ന് , ഓഫീസിൽ , എമർജൻസി ലീവും, ടിക്കറ്റും ശരിയാക്കി ഞാൻ അന്ന് രാത്രിയിലെ ഫ്‌ളൈറ്റിന് തന്നെ നാട്ടിലേക്ക് തിരിച്ചു.
വിമാനത്തിലിരിക്കുമ്പോൾ മനസ്സ് സങ്കടത്താൽ ഘനീഭവിച്ചിരുന്നു. സങ്കടം ഒരു കരച്ചിലായി പുറത്ത് വരാതിരിക്കാൻ വളരെ പാടുപെട്ടു നിയന്ത്രിച്ചു.
ബാപ്പയെക്കുറിച്ചുള്ള അനേകം ചിന്തകൾ മനസ്സിൽ മിന്നിമറഞ്ഞു കൊണ്ടിരിക്കുന്നു
ഇന്നലെ രാവിലെ , ജോലിത്തിരക്കിനിടയിൽ മൊബൈൽ ഫോൺ ശബ്ദിക്കുന്നത് കേട്ട് ഓഫീസ് റൂമിന് പുറത്തായിരുന്ന ഞാൻ ധൃതിയിൽ ഡെസ്ക്കിലെത്തി ഫോൺ സ്ക്രീനിലേക്ക് നോക്കി. നാട്ടിൽ നിന്നും ബാപ്പയാണ് .. മിസ്സ്ഡ് കാൾ ആയതിനാൽ നിമിഷങ്ങൾക്കുള്ളിൽ ഡിസ്ക്കണക്റ്റ് ആയി.
മിക്കവാറും ദിവസങ്ങളിൽ ഇങ്ങനെ ബാപ്പയുടെ മിസ്സ്ഡ് കാൾ ഉണ്ടാവാറുണ്ട്, ഓഫീസ് തിരക്കിനിടയിൽ ചിലപ്പോൾ കുറെ സമയത്തിന് ശേഷമാവും ബാപ്പയുടെ ഫോണിന് മറുപടി വിളി തന്റെ ഭാഗത്തുണ്ടാവുക.
അതിൽ തെല്ലും പരിഭവം കാട്ടാതെ സ്നേഹപൂർവ്വം ബാപ്പ പറയും ..
"അതെനിക്കറിയാം, നീ പണിത്തിരക്കിലായിരിക്കുമെന്ന് , അത് കൊണ്ടാണ് തിരിച്ചു വിളിക്കാൻ വൈകിയതെന്നും"..
എത്രയോ തവണ ഞാൻ ബാപ്പയുടെ മിസ്സ്ഡ് കാളിന് , തിരികെ വിളിക്കാൻ കരുതിക്കൂട്ടി വൈകിച്ചിട്ടുണ്ട്.
നാട്ടിൽ കാര്യമായ ജോലിയൊന്നുമില്ലാതെ വീട്ടിൽ വെറുതെയിരിക്കുന്ന ബാപ്പാക്കിങ്ങനെ തോന്നുമ്പോൾ ഞെക്കിയാൽ മതിയല്ലോ. "സുഖം തന്നെയല്ലേ , വേറെ എന്തൊക്കെയുണ്ട് അവിടെ വിശേഷങ്ങൾ .. ഈ പതിവിന് ശേഷം പിന്നെ എന്തെങ്കിലും പുതിയ ആവശ്യങ്ങൾക്ക് കാശിനുള്ള ആവശ്യം പറയാനുമുണ്ടാവും.
എന്തായാലും ഇന്നലെ വളരെ പെട്ടെന്ന് തന്നെ ഞാൻ ബാപ്പയെ തിരികെ വിളിച്ചു.
'പതിവിന്' ശേഷം ബാപ്പ പറഞ്ഞു ..
"ഈ മാസം ചെലവിനുള്ള പണമയക്കുമ്പോൾ കുറച്ചധികം അയക്കണം .. ചില അത്യാവശ്യങ്ങളുണ്ട് “
അതിപ്പോ ഈയിടെയായി കൂടിക്കൂടി വരുന്നുണ്ടല്ലോ എന്ന് ഞാൻ ആത്മഗതം പറഞ്ഞു.
അത് കൂടാതെ മറ്റൊരു ആവശ്യവുമുണ്ട്...
"അത് പിന്നെ നിക്കറിയോ അഫ്സലേ , നാട്ടിലിപ്പോൾ എല്ലാ സാധനങ്ങൾക്കും വില വർധിച്ചിരിക്കുകയാണ്, നീ മാസം കണക്കാക്കി അയക്കുന്നത് തികയാതെ വരുന്ന അവസ്ഥയാണ്, പിന്നെ നമുക്കിവിടെ വേറെ വരുമാനമൊന്നുമില്ലല്ലോ , എല്ലാം നീ ഈ അയച്ചു തരുന്നതിൽ നിന്ന് വേണ്ടേ നടത്താൻ,... "
"ങ്ഹാ, നോക്കാം , ശമ്പളം കിട്ടട്ടെ ബാപ്പാ", വലിയ താല്പര്യമൊന്നുമില്ലാതെ ഞാൻ മറുപടി പറഞ്ഞു.
മുൻ ഗൾഫ് പ്രവാസിയായ ബാപ്പയ്ക്ക് ഇവിടുത്തെ കാര്യങ്ങൾ നല്ല പോലെ അറിയാം. എന്നാലും ഇങ്ങനെ കുറെ 'അനാവശ്യങ്ങൾ' പറഞ്ഞു, എങ്ങനെയെങ്കിലും കുറച്ച് കാശ് അധികം 'കൈപ്പറ്റും'. എണ്ണിച്ചുട്ടു കിട്ടുന്ന ശമ്പളത്തിൽ നിന്നും ഇവിടെയുള്ള ചെലവും,നാട്ടിലേക്കുള്ള ചെലവിനും കൂടി കഴിഞ്ഞാൽ പിന്നെ മിച്ചമെന്നു പറയാൻ കാര്യമായൊന്നുമില്ല. ഓഫീസിലെ സ്റ്റാഫിനിടയിലെ വളരെ ചെറിയൊരു നിക്ഷേപത്തുകയും, സുഹൃത്തുക്കൾ കൂടി നടത്തുന്ന ഒരു പ്രതിമാസ കുറിയുമാണ് ആകെയുള്ള നീക്കിയിരൂപ്പെന്ന് പറയാനുള്ളത്. രണ്ട് വർഷത്തിനുള്ളിൽ നാട്ടിലേക്കുള്ള യാത്ര നടത്തുമ്പോൾ അതിൽ നിന്നും കാര്യമായി ചെലവാകുകയും ചെയ്യും. പിന്നെ വീണ്ടും ഒന്ന് മുതൽ തുടങ്ങുക തന്നെ.
"നിനക്ക് വേണ്ടി എന്തെങ്കിലും കരുതി വെക്കണം കേട്ടോ, എന്റെ അനുഭവം നിനക്കുണ്ടാവരുത് എന്ന് ഇടക്കിടെ ബാപ്പ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും, ഈ അധിക ആവശ്യം പറയുമ്പോൾ അതൊക്കെ ബാപ്പ മറക്കുകയാണോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ചിലപ്പോളൊക്കെ ഞാൻ ബാപ്പയോട് നാട്ടിലേക്കയക്കുന്ന പണത്തിന്റെ ചെലവ് കണക്കുകൾ ടെലഫോണിൽ ചോദ്യം ചെയ്തിട്ടുണ്ട്. അപ്പോളെല്ലാം എനിക്ക് നേരിയ കുറ്റബോധം തോന്നിയിട്ടുമുണ്ട്.
പത്ത് വർഷത്തിലധികമായി ഞാനും ഈ മരുഭൂമിയിൽ വന്ന് അദ്ധ്വാനിക്കാൻ തുടങ്ങിയിട്ട് ..
"ങ്ഹാ എന്നെ പോലെ എത്ര ലക്ഷം മനുഷ്യർ ഇങ്ങനെ ഇവിടെ തലക്കപ്പെട്ടിരിക്കുന്നു"...
"നീ ഉൾപ്പെടെയുള്ള മക്കൾക്ക് നൽകാൻ സാധിച്ച വിദ്യാഭ്യാസം മാത്രമാണ് എന്റെ സമ്പാദ്യം", വല്ലാതെ വികാരാധീനനാകുമ്പോൾ ടെലഫോണിലും, നാട്ടിൽ നിന്നും മടക്ക യാത്ര വേളയിൽ യാത്രപറയുമ്പോൾ വിതുമ്പലോടെയും ബാപ്പ എന്നെ ഓർമ്മിപ്പിക്കാറുണ്ട്.
"മോനെ, എന്നും നേരെ ചൊവ്വേ ജീവിക്കുക, കുറുക്കുവഴികൾ തേടി പണം സമ്പാദിക്കാൻ ശ്രമിക്കരുത്, പിന്നെ നീ കാരണം മറ്റുള്ളവന്റെ ജീവിത മാർഗ്ഗത്തിന് തടസ്സമുണ്ടാകുകയുമരുത്", ആദ്യമായി ഗൾഫിലേക്ക് യാത്ര തിരിക്കുമ്പോൾ ബാപ്പ നൽകിയ വസിയ്യത്ത് പോലെയുള്ള ഉപദേശം , സാന്ദർഭികമായി ബാപ്പ പലപ്പോളും ഓർമ്മിപ്പിക്കുകയും ചെയ്യാറുള്ളത് എന്റെ മനസ്സിലോടിയെത്തി.
അതായത്, അതിന് നിങ്ങൾ ചെറുപ്പക്കാർ എന്താ പറയല് ‘പാര’ എന്ന് അല്ലേ .. ങ്ഹാ , മറ്റുള്ളവന്റെ ജീവിതത്തിന് 'പാര' വെച്ച് നന്നാകാൻ നോക്കരുതെന്ന് .. ബാപ്പ , അതും പറഞ്ഞൊരു ചിരി ചിരിച്ചത് ഓർത്തപ്പോൾ എനിക്കും ചിരി വന്നു..
എന്നെയൊരു വക്കീലാക്കണമെന്നായിരുന്നു ബാപ്പയുടെ ആഗ്രഹമെന്ന് എന്നോട് ഒരിക്കൽ പറയുകയുണ്ടായി. എന്നാൽ ഗൾഫിലെ തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ ബാപ്പയുടെ ഗൾഫിലെ താമസത്തിനും ജോലിക്കും തടസ്സമായി വന്നപ്പോൾ ബാപ്പക്ക് തിരികെ നാട്ടിലെത്തേണ്ടി വന്നു. അന്പത്തിയൊൻപതാം വയസ്സിൽ പിന്നെ മറ്റൊരു വിസ സംഘടിപ്പിച്ച് തിരികെ പോയി ജോലിക്ക് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് കണ്ടു, ആ സമയം ബിരുദം പൂർത്തിയാക്കിയിരുന്നു എനിക്കൊരു വിസയും ശരിയാക്കിയിട്ടാണ് ബാപ്പ നാട്ടിൽ വിശ്രമ ജീവിതം ആരംഭിച്ചത്.
ഈ കഴിഞ്ഞയാഴ്ച , നാട്ടുകാരുടെ കൂടായ്മയിൽ വെച്ച് കണ്ടുമുട്ടിയ ബാപ്പയുടെ പഴയ സുഹൃത്ത് പറഞ്ഞ കാര്യം എന്റെ നെഞ്ചിൻ കൂട് തുളച്ചു കയറി, തലച്ചോറിൽ കുടിയിരിക്കുകയാണ്.
"അഫ്സൽ, നിന്റെ ബാപ്പയുടെ ജോലി , ‘സീസണൽ’ ആയിരുന്നു. എക്സിബിഷൻ തീർന്നാൽ പിന്നെ, അടുത്ത എക്സിബിഷൻ ആരംഭിക്കുന്നത് വരെ മാസങ്ങളോളം ജോലിയില്ലാതെ റൂമിലിരിക്കേണ്ടി വരുമ്പോൾ, നാട്ടിൽ ചെലവിനുള്ളതും മകന്റെ പഠിപ്പിനുള്ളതിന്റെയും പേര് പറഞ്ഞു, നിയമത്തിന്റെ റിസ്ക്ക് നിലനിൽക്കെ തന്നെ , റോഡിൽ പാഴ്‌വസ്തുക്കൾ പെറുക്കി അത് ആക്രിക്കച്ചവടം ചെയ്യുന്നവർക്ക് വിൽക്കുന്നതിനായി നിന്റെ ബാപ്പ ഇറങ്ങും. ജോലിയില്ലാതെ ഞാനും മുറിയിലിരിക്കുമ്പോൾ ഒരിക്കൽ ഞാനും അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 'ഈ പണിക്ക്' നിന്റെ ബാപ്പാന്റെ കൂടെ കൂടാൻ ഒരു ശ്രമം നടത്തി..
"എടാ, എന്നേക്കാൾ പഠിപ്പുള്ളവനാ നീ, കൂടാതെ വളരെ ചെറുപ്പവും, ഇനി മേലിൽ ഈ പണിക്ക് നിന്നെ കണ്ടുപോകരുത് , റൂമിൽ പോടാ, " എന്ന് പറഞ്ഞു എന്നെ ഓടിച്ചു വിട്ടു നിന്റെ ബാപ്പ. അന്നദ്ദേഹം ഓടിച്ചു വിട്ടതിന്റെ വിഷമത്തെക്കാൾ , അദ്ദേഹം പൊരിവെയിലത്ത് അത് ചെയ്യുന്നത് കണ്ടതാണ് എനിക്ക് ഏറെ സങ്കടമായതെടോ അഫ്സലെ , മറ്റൊരു ജോലിക്ക് കാര്യമായി ശ്രമിക്കാനും, ഇന്നിപ്പോൾ മാന്യമായ ഒരു ജോലിയിൽ ഞാൻ ഏർപ്പെട്ടിരിക്കുന്നതും നിന്റെ ബാപ്പയുടെ പിന്തുണയും, ശകാരവും ഒക്കെ കൊണ്ടാണെടോ, എനിക്ക് നിന്റെ ബാപ്പയെ ഒരിക്കലും മറക്കാനാവില്ല.."
എനിക്ക് അന്ന്, തലക്കൊരു അടിയേറ്റത് പോലെയായിരുന്നു.. എന്നും പുഞ്ചിരിക്കുന്ന മുഖവുമായി , ജോലിയുടെ യൂണിഫോമിലും, വിശാലമായ, വെടിപ്പുള്ള പാർക്കിൽ കൂട്ടുകാരോടൊപ്പം മാന്യമായ വേഷത്തിലും കത്തിന്റെ കൂടെ അയക്കാറുള്ള ബാപ്പയുടെ ഫോട്ടോകൾ ഞാൻ എത്ര കണ്ടിരിക്കുന്നു.
ഡ്രസ്സിനും, ഷൂസിനും, ടൂറിന് പോകാനും, അങ്ങനെ എല്ലാ ആവശ്യങ്ങൾക്കും താനെത്ര കത്തുകൾ ബാപ്പക്ക് എഴുതിയിട്ടുണ്ട് ? എല്ലാം എനിക്ക് സാധിച്ചു തന്നിരുന്നില്ലേ ?...
ലഗേജുകൾക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ലാത്തതിനാൽ ലാൻഡിങ്ങിന് ശേഷം എത്രയും പെട്ടെന്ന് പുറത്തിറങ്ങി, ടാക്സി വിളിച്ചു.. രാവിലെ, നേരെ, ബാപ്പയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ആശുപത്രിയിലെത്തുമ്പോളേക്കും ബൈപാസ് സർജറി വിജയകരമായി ചെയ്തിരിക്കുന്ന വിവരമാണ് അറിയാൻ സാധിച്ചത്.
കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം ഗൾഫിൽ നിന്നും വന്ന മകൻ എന്ന പരിഗണനയിൽ എനിക്ക് ഐ സി യുവിൽ വെച്ച് , ബാപ്പയെ കാണാൻ കർശന നിബന്ധനകളോടെ അനുവാദം ലഭിച്ചു.
പലതരം കേബിളുകൾ ഘടിപ്പിച്ച ശരീരവും, ഓക്സിജൻ മാസ്ക് ധരിച്ച മുഖവും .. മാസ്കിന്റെ സുതാര്യതയിൽ അത്ര വ്യക്തമല്ലാത്തതെങ്കിലും ബാപ്പയുടെ മുഖത്തെ പുഞ്ചിരി കാണാമായിരുന്നു ആംഗ്യ ഭാഷയിൽ, പിന്നീട് സംസാരിക്കാമെന്ന സന്ദേശമാണ് ബാപ്പ കൈമാറിയത്...
ദിവസങ്ങൾക്ക് ശേഷം വാർഡിലേക്ക് മാറ്റി, നിയന്ത്രണത്തോടെയെങ്കിലും സംസാരിക്കാമെന്ന അനുമതിയോടെ ബാപ്പ എന്നോട് പറഞ്ഞു..
"മോനെ, എന്റെ കിടപ്പുമുറിയിലെ അലമാരിയിൽ ഒരു കുറിപ്പുണ്ട് , അത് നിനക്കുള്ളതാണ്, അലമാരയുടെ താക്കോൽ, ഉമ്മയുടെ കയ്യിലുണ്ട്.”
വീട്ടിലെത്തിയപ്പോൾ ഉമ്മയോട് താക്കോൽ വാങ്ങി, ഇരുമ്പലുമാരി തുറന്നു ബാപ്പ പറഞ്ഞ കുറിപ്പെടുത്തു ഞാൻ വായിച്ചു..
"മോനെ അഫ്സലെ , ഗൾഫിൽ നീ എത്രമാത്രം കഷ്ടപ്പെട്ടാണ് ജീവിക്കുനന്നതെന്നൊക്കെ എനിക്ക് നന്നായി മനസ്സിലാകും. നിന്റെ അനുജന്മാരുടെ പഠനച്ചെലവ് നിന്റെ ചുമലിലായിരുന്നുവല്ലോ. പഠിപ്പ് കഴിഞ്ഞ അസ്‌ലം ഇനിയും ഒരു കരപറ്റിയിനില്ല, ഫാസിലിന്റെ പഠനം പൂർത്തിയായിനുമില്ല..നിങ്ങൾക്കൊന്നും വേണ്ടി എന്നാൽ പണമോ സ്വത്തോ ഒന്നും സമ്പാദിച്ചുവെക്കാൻ സാധിച്ചിരുന്നില്ല. സഹോദരിമാരുടെ കല്യാണം സമയത്തിന് നടത്താൻ പടച്ചവന്റെ കാരുണ്യത്താൽ സാധിച്ചതൊഴിച്ചാൽ വേറൊന്നും ആർക്ക് വേണ്ടിയും കരുതിവെക്കാൻ എന്റെ ഗൾഫ് ജോലിയിൽ സാധിച്ചിരുന്നില്ല. നാട്ടിലെത്തിയപ്പോൾ നീ മാത്രമായിരുന്നു ഞങ്ങൾക്കാശ്രയം. നിന്നെ എപ്പോളും ബുദ്ധിമുട്ടിച്ചതിന് നീ എന്നോട് ക്ഷമിക്കണേ മോനെ",
ആ എഴുത്ത് വായിച്ചു കൊണ്ടിരിക്കവേ അഫ്സൽ വികാരാധീനനായി..
എഴുത്ത് തുടരുന്നു..
"പിന്നെ, അധിക ആവശ്യം പറഞ്ഞു നിന്നോട് പലപ്പോഴായി ഞാൻ പണം വാങ്ങിയിട്ടുണ്ട്. എന്റെയും നിന്റെ ഉമ്മയുടെയും സഹോദരങ്ങളുടെയും ചെലവുകൾ പിന്നെ , മറ്റ് അത്യാവശ്യങ്ങൾ കഴിഞ്ഞും, ഞാൻ മിച്ചം പിടിച്ച തുക - നിന്റെ പണം തന്നെ - ഈ അലമാരിയിലെ വലിപ്പിൽ വിരിച്ച കടലാസുകളുടെ അടിയിൽ, ആ പണത്തിന്റെ കണക്കുള്ള പാസ്ബുക്ക് സൂക്ഷിച്ചിട്ടുണ്ട്. ആ പണം മാത്രമാണ് എന്റെ ബാങ്ക് അക്കൗണ്ടിൽ ആകെയുള്ളത് . അത് നിനക്ക് മാത്രമുള്ളതാണ്, നിന്റെ അദ്ധ്വാനത്തിന്റെ വിയർപ്പിൽ നിന്നുള്ളത്,.. നീയുൾപ്പെടെ പല ഗൾഫ് പ്രവാസികളും അവരവർക്ക് വേണ്ടി എന്തെങ്കിലും കരുതാൻ മറക്കുന്നവരാണ്, ഞാനും അങ്ങനെ ആയിരുന്നു അത് നിനക്ക് മനസ്സിലായിക്കാണുമല്ലോ. എന്നാൽ നിന്നെ അങ്ങനെ വിടാൻ എനിക്ക് സാധിക്കില്ലായിരുന്നു, ഞാനീ എഴുത്ത് മുൻപേ എഴുതി വെച്ചതായിരുന്നു, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ പണത്തിന് മറ്റാരും അവകാശികളായി വരാതിരിക്കണമെന്ന് എനിക്ക് നിർബ്ബന്ധമുണ്ടായിരുന്നു. ബാങ്കിൽ, മാനേജർ ശശിധരൻ സാറിന്റെ ഉപദേശപ്രകാരം , അതിന് വേണ്ട ഏർപ്പാടുകൾ ഞാൻ ചെയ്തു വെച്ചിട്ടുമുണ്ട് , സാറിനറിയാം കാര്യങ്ങൾ . നീ അതെടുത്തു നിന്റെ കരുതലിൽ വെക്കണം. ഇത്രമാത്രം... അസ്സലാമു അലൈക്കും.. ഹൃദയപൂർവ്വം.. മോന്റെ ബാപ്പ”..
സങ്കടം നിയന്ത്രിക്കാനാവാതെ അഫ്സൽ പൊട്ടിക്കരഞ്ഞു പോയി..
വലിപ്പ്‌ തുറന്നു ആ പാസ്ബുക്ക് കണ്ടുപിടിച്ചു അഫ്സൽ നോക്കി, എല്ലാ മാസവും കൃത്യമായി ഒരു തുക നിക്ഷേപിച്ചു കൊണ്ട് അഞ്ചുലക്ഷത്തിലധികം രൂപ ബാപ്പ അക്കൗണ്ടിൽ നിക്ഷേപിച്ചു വെച്ചിരിക്കുന്നു , അല്ല തനിക്കായി സമ്പാദിച്ചിരിക്കുന്നു.. !!, എന്താണ് ആ സമയം തന്റെ വികാരമെന്ന് അഫ്സലിന് മനസിലാക്കാനായില്ല..
ഉടനെ ആശുപത്രിയിലെത്തി , അഫ്സലിനെ കണ്ടപ്പോളേ ബാപ്പയുടെ ക്ഷീണിച്ച മുഖത്ത് കള്ളച്ചിരി വിരിഞ്ഞു...
കുറച്ച് സമയം ആ മുഖത്ത്, നിർന്നിമേഷനായി നോക്കി നിന്നതിന് ശേഷം, കിടക്കുകയായിരുന്ന ബാപ്പയുടെ കൈകൾ കൂട്ടിപ്പിടിച്ചു തന്റെ മുഖത്ത് ചേർത്തു , ചുണ്ടുകൾ ആ കൈകളിൽ അമർത്തിവെച്ചു.. ബാപ്പയും മകനും തമ്മിൽ.. അത് നിശബ്ദമായൊരു ആശയവിനിമയമായിരുന്നു.. ആ സമയം മുറിയിലേക്ക് കയറി വന്ന നഴ്സ് അത് കണ്ടു , അവരെ ശല്യപ്പെടുത്താതെ തിരികെ പോയി..
അവസാനം, അഫ്സൽ ബാപ്പയോടായി പറഞ്ഞു ..
"എന്നാലും ബാപ്പ, ഇങ്ങനെയൊരു സസ്പെൻസ്.. അത് .. ഞാനെന്താ അതിന് പറയേണ്ടത്.. ഞാൻ ചിലപ്പോളെല്ലാം പണം ചെലവാക്കുന്ന കാര്യത്തിൽ , ബാപ്പയെ തെറ്റിദ്ധരിച്ചിരുന്നു.. എല്ലാറ്റിനും മാപ്പ്, പൊറുത്തു തരണം, അനുഗ്രഹിക്കണം.. ",
അപ്പോഴും പുഞ്ചിരി തൂകി, ചുളിവുകൾ വീണ് , പച്ച ഞരമ്പുകൾ പൊന്തി നിൽക്കുന്ന തന്റെ കൈകൾ അഫ്സലിന്റെ തലയിൽ വെച്ചുകൊണ്ട് ബാപ്പ പറഞ്ഞു,
"മോനെ, നേരായ വഴിയിൽ മാത്രം പണം സമ്പാദിക്കുക, കടമില്ലാതെ ജീവിക്കാൻ പഠിക്കുക, കടമില്ലാത്തവനാണ് ഏറ്റവും വലിയ ധനികൻ, അനുഗ്രഹിക്കേണ്ടവൻ പടച്ചവനാണ്, അതിന് നമുക്ക് ദുആ ഇരക്കാം, മോൻ പോയി ആ നഴ്‌സിനെ വിളിച്ചു കൊണ്ടുവാ, ഇവിടെ വന്ന് അവർ തിരിച്ചു പോയതായിരുന്നു".
അവസാനിച്ചു,
- മുഹമ്മദ് അലി മാങ്കടവ്
02/10/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo