“സ്വന്തം മകൻ സ്വയം… ചെയ്തുകൊണ്ടിരിക്കുമ്പൊ, അബദ്ധത്തിൽ മുറി തുറന്നാൽ ? ആ ഒരവസ്ഥ ഡോക്ടർക്ക് ഊഹിക്കാനാകുമോ ?”
തിടുക്കത്തിൽ മുറിയിലേക്ക് കടന്നു വന്ന ആ സ്ത്രീ ഒന്ന് സ്വയം പരിചയപ്പെടുത്തുക കൂടി ചെയ്യാതെയാണത് ചോദിച്ചത്.
കാതുകളിൽ നിന്നും ഇയർഫോൺസ് ശ്രദ്ധാപൂർവ്വം ഊരിയെടുത്തുകൊണ്ട് ഡോ. സൂസൻ അവരെ അമ്പരപ്പോടെ നോക്കി.
“ആരാണ് ? എനിക്ക് മനസ്സിലായില്ല. അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടോ ?”
മറുപടിയായി അവർ നിക്ഷേധാർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു. അത്ര നേരം കരയുകയായിരുന്നു എന്നു തോന്നി. ഇടക്കിടെ മൂക്കു ചീറ്റുന്നുണ്ട്.
“മാഡം ഇരിക്കൂ.” ഡോക്ടർ അവർക്കു മുന്നിലെ കസേര ചൂണ്ടിക്കാണിച്ചു കൊടുത്തു.
“മോന്റെ റോൾ നമ്പർ പറയൂ. ഏതു ക്ലാസ്സിലാ പഠിക്കുന്നത് ?”
അവർ ശബ്ദം താഴ്ത്തി ആ നമ്പർ ഉരുവിട്ടു. പറയുന്നതിനൊപ്പം തന്നെ ഡോക്ടർ അത് ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുന്നുമുണ്ടായിരുന്നു.
“സ്റ്റീഫൻ വർഗ്ഗീസ്. 10-ഡി. അല്ലേ ?”
“യെസ്!” അമ്മ കർച്ചീഫു കൊണ്ട് മുഖമൊന്നമർത്തി തുടച്ചു.
“സമാധാനമായിട്ട് എല്ലാം ആദ്യം മുതൽ പറയൂ. താങ്കളുടെ പേര് സ്റ്റെഫി എന്നല്ലേ ?”
“യെസ്!”
“ആദ്യം നിങ്ങളുടെ ഒരു ഐഡീ കാർഡ് കാണണം. എന്നിട്ടേ നമുക്ക് സംസാരിക്കാനാകൂ.” ഡോക്ടർ പുഞ്ചിരിച്ചു.
അവർ സംശയത്തോടെയാണെങ്കിലും, പേഴ്സിൽ നിന്നും ഒരു ഐഡി കാർഡ് എടുത്ത് നീട്ടി.
“ഓക്കെ! ഇനി പറഞ്ഞോളൂ. പക്ഷേ ആദ്യം തന്നെ ഒരു കാര്യം ഓർക്കണം. ഇത് കുട്ടികൾക്കു വേണ്ടിയുള്ള കൗൺസിലിങ്ങ് പ്രോഗ്രാമാണ്. പാരന്റ്സിനല്ല.“
”എന്താണ് ചെയ്യണ്ടതെന്നെനിക്കറിയില്ല ഡോക്ടർ. അവന്റെ അപ്പൻ നാട്ടിലില്ല. വെളിയിലാണ് ജോലി. ഞാനും രണ്ടു മക്കളും തനിച്ചാണ് വീട്ടിൽ.
“ഓക്കേ... ബാക്കി പറയൂ.”
“ഇന്നലെ രാത്രി ഞാനും ഇളയ കുഞ്ഞും ഒരുമിച്ചാ കിടന്നത്. ഇവൻ അപ്പുറത്തെ മുറിയിൽ ഒറ്റക്കും. ഏതാണ്ട് 3 കൊല്ലമായിട്ട് അവൻ ഒറ്റക്കാ. വാതിൽ ലോക്ക് ചെയ്യാറില്ലെന്നേയുള്ളൂ. രാത്രി ഉറക്കെളച്ചിരിക്കുന്ന കണ്ടാൽ മാത്രം ഞാനൊന്നു തുറന്നു നോക്കും. അല്ലാതെ രാത്രി ശ്രദ്ധിക്കണ്ട ആവശ്യമുണ്ടെന്ന് ഇന്നു വരെ തോന്നിയിരുന്നില്ല. പക്ഷേ ഇന്നലെ രാത്രി...
ഇന്നലെ അവന്റെ മുറിയിലെ ജനൽ അടച്ചോ എന്ന് സംശയം തോന്നിയെനിക്ക്. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാൻ എണീറ്റ് അങ്ങോട്ടു ചെന്ന് വാതിൽ തുറന്നകത്തു കയറി ലൈറ്റിട്ടു.
ഞാൻ കണ്ട കാഴ്ച്ച!! ഡോക്ടർ... എന്നെക്കണ്ടതും അവൻ ചാടിയെഴുന്നേറ്റ്-“
“ഒരു മിനിട്ട് - നിങ്ങൾ വാതിലിൽ മുട്ടിയൊന്നുമില്ലേ ? നേരേ അങ്ങു തുറന്നു കേറുവാണോ ? ഒരു ടീനേജറല്ലേ അവൻ ?”
“ങേ!” അവർക്കതു മനസ്സിലായില്ല എന്നു തോന്നി.
“അതവിടെ നില്ക്കട്ടെ. നിങ്ങൾ മുറിയിലേക്കു കയറി. അവൻ മാസ്റ്റർബേറ്റ് ചെയ്യുകയായിരുന്നു. അത്രേ അല്ലേ ഉണ്ടായുള്ളൂ ?”
“അത്രേ അല്ലേ ഉണ്ടായുള്ളൂന്നോ ?” ആ സ്ത്രീയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു. “ഡോക്ടർക്കിതെങ്ങനെ ഇത്ര നിസ്സാരമായി-“
”സംഭവം ഒരു ആക്വാർഡ് സിറ്റുവേഷനാണ്. സമ്മതിച്ചു. പക്ഷേ നിങ്ങളീ പറയുന്ന ഭീകരത എനിക്കിതിൽ കാണാനാകുന്നില്ല മാഡം.“ ഡോക്ടർക്ക് ചിരി വരുന്നുണ്ടായിരുന്നു.
”ഡോക്ടറിതിത്ര നിസ്സാരമായിക്കാണുന്നതെനിക്കു മനസ്സിലാകുന്നില്ല. നിങ്ങൾക്കാണ് ഇങ്ങനെ ഒരവസ്ഥയുണ്ടായതെങ്കിലോ ? ഈ പ്രായമുള്ള ഒരു മകൻ നിങ്ങൾക്കുണ്ടെങ്കിലേ അതു മനസ്സിലാകൂ.“
”മാഡം... എനിക്ക് ഈ പ്രായമുള്ള മകനുണ്ട്. പ്ലസ് ടൂവിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. പക്ഷേ എനിക്കൊരിക്കലും ഇത്തരം ഒരു അബദ്ധം പറ്റില്ല. കാരണമെന്താണെന്നറിയാമോ ? ഞാൻ ഒരിക്കലും കതകിൽ ഒന്നു തട്ടാതെ അവരുടെ മുറിയിലേക്ക് ചെന്നു കയറാറില്ല. അവർ രണ്ടു പേരും ഓരോ വ്യക്തികളാണെന്നും, അവരുടെ പ്രൈവസിക്ക് അർഹിക്കുന്ന വില കൊടുക്കണമെന്നും എനിക്കറിയാം. അതുകൊണ്ട് തന്നെ.“
”ബട്ട്...?? “ ആ സ്ത്രീക്ക് ഒന്നും മനസ്സിലായ മട്ടില്ല.
”അതിരിക്കട്ടെ, ഈ വിഷയം നിങ്ങൾ ഹസ്ബൻഡുമായി സംസാരിച്ചോ ?“
”എന്തിന് ? ദൂരെയെങ്ങാണ്ടു കിടക്കുന്ന ആ പാവത്തിനേം കൂടെ ഇതു പറഞ്ഞ് വിഷമിപ്പിക്കാനോ ?“
ഡോക്ടർ താടിക്കു കൈ കൊടുത്തിരുന്നു കൊണ്ട് അവരെ സാകൂതം ഒന്നു നോക്കി. ”അവൻ ചെയ്തതിൽ എന്താണ് തെറ്റായി നിങ്ങൾക്കു തോന്നിയത് ? അതൊന്നു പറയൂ കേൾക്കട്ടെ.“
”ഇതിൽ യാതൊരു തെറ്റുമില്ലെന്നാണോ ഡോക്ടർ പറയുന്നത് ?“ അവരുടെ സ്വരത്തിൽ ഒരല്പ്പം ദേഷ്യം കലർന്നു തുടങ്ങിയിരിക്കുന്നു. ”നിങ്ങളെന്താ ഇതിനെയൊക്കെ പ്രോൽസാഹിപ്പിക്കാനിരിക്കുവാണോ ഇവിടെ ?“
ഡോക്ടറിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു.
”ഞാൻ പ്രോൽസാഹിപ്പിക്കുകയല്ല മാഡം. ഇവിടെ ഒരു വലിയ ഇഷ്യു ഉണ്ട്. അതൊന്ന് അഡ്രസ്സ് ചെയ്യാൻ ശ്രമിക്കുകയാണ്.“ ഡോ. സൂസൻ വാക്കുകൾ മനസ്സിൽ അടുക്കിപ്പെറുക്കുകയായിരുന്നു. കൃത്യമായി ഇത് മനസ്സിലാക്കിക്കൊടുക്കാനായില്ലെങ്കിൽ ഗുണത്തേക്കാളേറെ ഇത് ദോഷമാകാനാണ് സാധ്യതയെന്നവർക്കറിയാം.
”മാസ്റ്റർബേഷൻ അല്ല. ഇവിടത്തെ ഇഷ്യു. നിങ്ങൾ അവനെ ഒരു വ്യക്തിയായി കാണാൻ തയ്യാറായിട്ടില്ല എന്നുള്ളതാണ്. സ്വന്തമായി ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാറായ, അത്യാവശ്യം വേണ്ട പേഴ്സണൽ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനായ ഒരു കൊച്ചു വ്യക്തി തന്നെയാണ് സ്റ്റീഫൻ. അത് ഉൾക്കൊള്ളാനോ, അതിനനുസരിച്ച് പ്രവർത്തിക്കാനോ നിങ്ങൾ തയ്യാറാകുന്നില്ല. ഇതൊക്കെ ഈ പ്രായത്തിൽ സാധാരണയാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്കത് ഉൾക്കൊള്ളാനാകില്ല. എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ ആദ്യം ചോദിച്ചത്. അവൻ ചെയ്തതിലെ തെറ്റെന്താണെന്നാണ് നിങ്ങൾ കരുതുന്നത് ?“
കഥ ഞാൻ പൂർത്തിയാക്കുന്നില്ല. താഴെ കമന്റുകളിൽ നിങ്ങൾക്ക് നിങ്ങളുടെ പ്രതികരണമറിയിക്കാം. ഈ വിഷയത്തിലെ അഭിപ്രായങ്ങൾ തികച്ചും ആപേക്ഷികമായിരിക്കും എന്നെനിക്കറിയാം. എന്റെ ശരിയായിരിക്കില്ല വായിക്കുന്നയാളിന്റെ. എങ്കിലും അറിയാൻ അതിയായ താല്പ്പര്യമുണ്ട്.
എന്ന് ഒരു ടീനേജ് പയ്യന്റെ പിതാവ്.
അലക്സ് ജോൺ
ത്രിശ്ശൂർ.
(അവസാനിച്ചു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക