നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വണ്ടർലൈറ്റ് ( കഥ )


ഇലകൾ പൂത്തു നിന്നൊരു സന്ധ്യയിലാണ് ആദ്യമായി അത്തരം ഒരു പ്രകാശം കണ്ടതെന്നാണ് ഇന്നും അവൾ പറയുന്നത്. ഇലകൾ പൂത്തു നിൽക്കുക എന്നതൊക്കെ അവളുടെ തോന്നലുകൾ ആകാമെന്നാണ് മലയാളം പഠിപ്പിക്കുന്ന വിനോദ് മാഷ് പറഞ്ഞത്. എങ്കിലും ആ പ്രകാശം, അതിനെ പറ്റി സാറും ഒന്നും പറഞ്ഞില്ല. അതിനെ പറ്റി ആരും തർക്കമൊന്നും പറയാത്തത് ജിനിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തിനു മറ്റൊരു കാരണം കണ്ടു പിടിക്കാൻ ആർക്കും കഴിയാഞ്ഞത് കൊണ്ട് തന്നെയാകും .
പഠിച്ചതൊന്നും തലയിൽ കയറാതെ വല്ലാത്തൊരു അവസ്ഥയിൽ ജനലിലൂടെ ആകാശത്തേക്ക് നോക്കി നിൽക്കുമ്പോളാണത്രെ അത് സംഭവിച്ചത്. ഒരുപാടു നക്ഷത്രങ്ങൾ പൂത്തു നിന്നൊരു രാത്രിയായിരുന്നു അത്. എനിക്കും ഓർമ്മയുണ്ട് അന്ന് ഞാൻ ആരും അറിയാതെ ടെറസിൽ കയറി ആൽവിനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. അവനാണ് ആകാശത്തേയ്ക്ക് നോക്കാൻ പറഞ്ഞത്. ശരിക്കും വലിയ പള്ളി പെരുന്നാളിന് പള്ളി അലങ്കരിക്കും പോലെ തന്നെ തൊട്ടു തൊട്ടു നിൽക്കുകയായിരുന്നു നക്ഷത്രങ്ങൾ. എത്ര ഭംഗിയായിരുന്നു ആ കാഴ്ച .
ആകാശത്തിൽ നിന്നും കണ്ണ് പറിച്ചു തൊടിയിലേക്കു നോക്കിയ ജിനി ഞെട്ടി പോയത്രേ. തൊടിയിൽ ജാതി മരത്തിന്റെ ഇലകളിൽ നിറയെ വയലറ്റ് നിറമുള്ള പൂക്കൾ. തൊട്ടു മുന്നിലെ വെള്ള മന്ദാരത്തിൽ നിറയെ ചുവന്ന പൂവുകൾ വിടർന്നു നിൽക്കുന്നു.. മന്ദാരത്തെ പുണർന്നു നിൽക്കുന്ന മുല്ല വള്ളിയിലും ഇലയിലും വരെ ചുവന്ന പൂവുകൾ. അല്പം ഭയത്തോടെ ആണെങ്കിലും പുറത്തേക്കിറങ്ങിയ ജിനിയുടെ ചുറ്റുമുള്ള മരങ്ങളിലും ചെടികളിലും എല്ലാം ഇലകളിൽ നിറയെ പൂവുകൾ. ചുവപ്പും വയലറ്റും വെളുപ്പും നിറമുള്ള പൂവുകളെ കണ്ടു അതിശയിച്ചു നിന്ന അവളുടെ കണ്ണുകൾ പെട്ടെന്നാണ് ആകാശത്തു നിന്നും മിന്നൽ പോലൊരു പ്രകാശം പാഞ്ഞു വരുന്നത് കണ്ടത്. മിന്നലെന്നു കരുതി രണ്ടു കൈകൾ കൊണ്ടും ചെവികൾ പൊത്തി കണ്ണുകൾ ഇറുകെ അടച്ചു നിൽക്കാനേ അവൾക്കു കഴിഞ്ഞുള്ളു. മരണം ഉറപ്പിച്ച നിമിഷങ്ങൾക്ക് അപ്പുറം പള്ളിയിലെ കുന്തിരിക്കാ മണം പോലൊരു ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോളാണ് ജിനി കണ്ണ് തുറന്നത്. മുന്നിൽ മിന്നല് പോലെ പാഞ്ഞു വന്ന വെട്ടം ഒരു ഗോളം പോലെ നിന്നു കറങ്ങുന്നു. ചെറുതായി ചെറുതായി വന്ന പ്രകാശം ഗോളം ഒരൊറ്റ നൊടിക്കുള്ളിൽ ആണത്രേ അവളുടെ ഹൃദയ സ്ഥാനത്തേയ്ക്ക് പാഞ്ഞു കയറി അപ്രത്യക്ഷമായത്. പിന്നെ അവൾ കണ്ണ് തുറക്കുമ്പോൾ നേരം വെളുത്തിരുന്നു.അവൾ കിടക്കയിലും . എങ്ങനെയാണ് മുറ്റത്തു നിന്ന അവൾ ബെഡിൽ എത്തിയതെന്ന് അവൾക്കു ഒരു പിടിയും കിട്ടിയില്ല . അവിടെന്നു പിന്നെ എന്തൊക്കെ മാറ്റമായിരുന്നു അവളിൽ.
പഠിത്തത്തിൽ വെറും മണ്ടി ആയിരുന്ന അവളിപ്പോൾ ക്ലാസ്സിൽ ഫസ്റ്റ് ആണ്. ഇത്തവണ യൂണിവേഴ്സിറ്റി റാങ്കും അവൾക്കു തന്നെയാകുമെന്നാ എല്ലാവരും പറയുന്നത്. പിന്നെ റോണിയോട് അവൾ ഗുഡ് ബൈ പറഞ്ഞത്രേ. കല്യാണം കഴിക്കാൻ പ്രായവും സമയവും ഒക്കെ ആകുമ്പോൾ അവളുടെ പപ്പയുടെ അടുത്ത് ചെന്നു പെണ്ണ് ചോദിക്കാൻ പറഞ്ഞു . ഇപ്പോൾ അവൾക്കു പഠിക്കാൻ ഉണ്ട് .അത് കൊണ്ട് പ്രേമിക്കാൻ ഒന്നും സമയമില്ല എന്നൊരു ഡയലോഗും. പണ്ട് ഏതു സമയവും മൊബൈലിൽ കുത്തി കൊണ്ടു നടന്ന പെണ്ണിനിപ്പോൾ ഫോൺ പോലും ഇല്ലാ.. എന്തേലും ആവശ്യം ഉണ്ടേൽ അവളുടെ ലാൻഡ് ഫോണിൽ വിളിക്കണം. എവിടെ പോയിരുന്നാലും കൈയ്യിൽ ഒരു പുസ്തകം കാണും. തീർന്നില്ല.. അവളെഴുതിയ എന്തൊക്കയോ പൊട്ടത്തരങ്ങൾ ഒരുപാട് മാസികകളിൽ ഒക്കെ വന്നു. ഇപ്പോൾ എല്ലാം കൂടി ബുക്ക് ആക്കാൻ പോകുവാണത്രേ അതും കോളേജ് മാനേജ്മെന്റ് നേരിട്ട്. അവൾ നേരാം വണ്ണം നോട്സ് എഴുതി പോലും കാണാത്ത ഞങ്ങൾ കൂട്ടുകാർ പിന്നെ എങ്ങനെ അത്ഭുതപെടാതിരിക്കും. വസ്ത്രധാരണ രീതി മാറി.സംസാരം മാറി.. ഇടപെഴുകുന്ന രീതി മാറി. ഇപ്പോൾ അവളോട് സംസാരിച്ചാൽ എനിക്ക് വരെ അവളോട് ബഹുമാനം തോന്നി പോകാറുണ്ട് എന്നതാണ് സത്യം. അപ്പന്റേം അമ്മേടേം കൂടെയല്ലാതെ ഇപ്പോൾ വീടിന്റെ പുറത്ത് പോകില്ലത്രേ. പണ്ട് അവർ കരഞ്ഞു വിളിച്ചാൽ പോലും കൂടെ പോകാത്ത ആളായിരുന്നു. എന്നാലും എന്തായിരിക്കും ആ അത്ഭുത പ്രകാശം.. ഈ കഥ കേട്ട അന്ന് മുതൽ പാതിരാത്രി മുതൽ നേരം വെളുക്കും വരെ മഞ്ഞത്തു പന പോലെ ഇറങ്ങി നിന്നിട്ടും എന്നെ തേടി ഒരു മിന്നലും വന്നില്ല.. ഇലകളൊന്നും പൂത്തതുമില്ല. പനീം ജലദോഷോം അടിച്ചു രണ്ടു ദിവസം കിടപ്പായത് മിച്ചം.
അന്നും രാത്രി ഒരുപാട് താമസിച്ചാണ് ആനി ഉറങ്ങാൻ കിടന്നത് . പണ്ട് ജിനിയെ കണ്ടു പഠിക്കരുതെന്നു പറഞ്ഞ അവളുടെ അപ്പനും അമ്മയും വരെ ഇപ്പോൾ ജിനിയെ കണ്ടു പഠിക്കാനാണ് ഇരുപത്തിനാല് മണിക്കൂറും പറയുന്നത് . തുറന്നു കിടന്നിരുന്ന ജനാലയിലൂടെ ഒരുപാട് സമയം ആനി ആകാശത്തേയ്ക്ക് നോക്കി കിടന്നു . ഇന്നും ആകാശത്തു നിറയെ നക്ഷത്രമാണ് . ചിലതു മിന്നുന്നു . ചിലതു അനങ്ങാതെ അവളെ തന്നെ നോക്കി നിൽക്കുകയാണെന്ന് അവൾക്കു തോന്നി . എന്ത് കൊണ്ടാണ് എന്നെ ആ ദിവ്യ പ്രകാശം തേടി വരാത്തത് എന്നോർത്തു അവൾക്കു വലിയ വിഷമം തോന്നി . ശബ്ദമില്ലാതെ കരഞ്ഞു കൊണ്ടിരുന്ന അവളുടെ കവിളിൽ കൂടി കണ്ണീർ കണങ്ങൾ ഒഴുകി ഇറങ്ങി . അപ്പോഴും തന്നെ നേരെ നോക്കി ചിരിക്കുന്ന നക്ഷത്രങ്ങളോട് വല്ലാത്ത ദേഷ്യം തോന്നി ആനിക്ക്. നശിച്ചൊരു ദിവ്യ പ്രകാശം . ആ ജിനിയെങ്ങാനും ഒന്ന് ചത്തു കിട്ടിയാൽ മതിയായിരുന്നു .എവിടെ തിരിഞ്ഞാലും അവളെ പറ്റിയെ കേൾക്കാനുള്ളു .പള്ളിയിൽ പോയാലും .സ്കൂളിൽ പോയാലും .ഇപ്പോൾ പുറത്തു ഇറങ്ങാൻ തന്നെ മടിയായി തുടങ്ങി അവൾക്ക് . തല വഴിയേ പുതപ്പു പുതച്ചു കണ്ണടച്ച് കിടക്കുമ്പോൾ എങ്ങനെ എങ്കിലും ഉറങ്ങണം എന്ന് മാത്രമേ അവൾ ചിന്തിച്ചുള്ളൂ .
എപ്പോഴാണെന്നറിയില്ല , " ആനിക്കുട്ടീ ' എന്നൊരു വിളി കേട്ടാണവൾ കണ്ണ് തുറന്നത് . പുതപ്പു മാറ്റി നോക്കുമ്പോൾ , ദേ ജനലിന്റെ അടുത്തു ജിനി . അതും വെളുത്ത ഉടുപ്പൊക്കെയിട്ട് , ഒരു മാലാഖയെ പോലെ . നീണ്ട വെളുത്ത ചിറകുകൾ ഇരുവശങ്ങളിലും ഒതുക്കി വെച്ചിരിക്കുന്നു പുതപ്പു വലിച്ചു മാറ്റി ഓടി ചെന്ന് ജിനിയെ കെട്ടി പിടിക്കുമ്പോൾ എന്തിനെന്നു അറിയാതെ ആനി കരഞ്ഞു പോയി . ജിനി ഒന്നും പറയാതെ അവളെ ചേർത്തു പിടിച്ചു . അന്നും ഇന്നും ഇത്രമേൽ സ്നേഹത്തോടെ തന്നെ ആനിക്കുട്ടീ ന്നു വിളിച്ചിട്ടുള്ളത് ജിനി മാത്രമായിരുന്നു . അവളെ പറ്റി എന്തൊക്കെയാ താൻ ആലോചിച്ചു കൂട്ടിയെ എന്നോർത്തപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു .
" ആനിക്കുട്ടിയെ ....." ജിനി പതുക്കെ വിളിച്ചു .
നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ ... നീ ആരും പറയണത് കേൾക്കണ്ട . നീ എന്നെ പോലെ ആകുവേം വേണ്ട . ആനിക്കുട്ടി , ആനിക്കുട്ടി മാത്രം ആയാൽ മതി . അപ്പോൾ ഞാൻ പറഞ്ഞില്ലേ ആ അത്ഭുത വെളിച്ചം നിന്നെ തേടി വരും . നോക്കിക്കോ ..
ജിനി , ആനിയുടെ കവിളിലെ കണ്ണുനീർ മെല്ലെ തുടച്ചു .
" പിന്നെ ഞാൻ നിങ്ങളോടൊക്കെ ഒരു നുണ പറഞ്ഞിട്ടുണ്ട് . ഒരു കുഞ്ഞു നുണ . .. "
അത്ഭുതത്തോടെ നോക്കിയ ആനിയുടെ ചെവിയിൽ ചുണ്ടുകൾ ചേർത്ത് ജിനി മെല്ലെ പറഞ്ഞു .
" ആകാശത്തൂന്നല്ല ...നമ്മുടെ ഉള്ളീന്നു , പുറത്തേയ്ക്കാ ആ ദിവ്യ പ്രകാശം വരേണ്ടത് .. അന്ന് , മിനി ടീച്ചറുടെ കൈയിൽ നിന്നും അടി കിട്ടല്ലേ എന്ന് പ്രാർത്ഥിക്കാൻ വേണ്ടിയാ ബൈബിൾ എടുത്തു വായിച്ചത് . ടീച്ചർ വരുമ്പോൾ വണ്ടി ആക്സിഡന്റ് ആകണേ എന്നായിരുന്നു പ്രാർത്ഥന .എത്ര നേരം ഒറ്റ ഇരുപ്പിൽ ഞാൻ ഇരുന്നെന്നോ .പക്ഷെ അങ്ങനെ പ്രാർത്ഥിക്കാൻ പറ്റിയില്ല ... പ്രാർഥിച്ചത് മുഴുവൻ എനിക്ക് നല്ല ബുദ്ധി തരണേ എന്നതായിരുന്നു . അത് മാത്രമായിരുന്നു . മാറി പോയത് ഞാനാ .. പ്രകാശം എന്റെ ഉള്ളിൽ നിന്ന് തന്നെയാ വന്നത് ആനിക്കുട്ടീ .. ഞാനതു നല്ലോണം കണ്ടതാ .. "
ആനിയുടെ കവിളുകൾ തുടച്ചു , രണ്ടു കണ്ണുകളിലും ഓരോ മുത്തം നൽകി , വെളുത്ത ചിറകുകൾ വീശി ജിനി പറന്നു പോയി . അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്ന ആനി അപ്പോഴാണ് കണ്ടത് . മുറ്റം നിറയെ പൂക്കൾ . വെളുപ്പും വയലറ്റും നിറമുള്ള പൂവുകൾ . മരങ്ങളും പൂച്ചെടികളും എല്ലാം നിറയെ പൂത്തു നിൽക്കുന്നു . വിടർന്ന ചിരിയോടെ ആനി പുതപ്പിന്റെ ഉള്ളിലേക്ക് നൂഴ്ന്നിറങ്ങി . അപ്പോൾ പറന്നു വന്നൊരു ചിത്രശലഭം പുതപ്പിനുള്ളിൽ തെളിഞ്ഞു നിന്ന പ്രകാശത്തിലേക്ക് അത്ഭുതത്തോടെ നോക്കി .
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot