മാസങ്ങൾക്കോ കൊല്ലങ്ങൾക്കോ ശേഷം ഇന്ന് സാവാൻക്ക നന്നായി ഉറങ്ങി.
ഇത്രയും കാലം ആധിയായിരുന്നു.
ഒറ്റ മകൾ സലീനയുടെ ആദ്യത്തെ പ്രേമം പുകയായ ദിവസം മുതൽ തുടങ്ങിയ ബേജാറ്. അതിന് ശേഷവും സലീന ഒന്നിന് പിറകെ ഒന്നായി പ്രേമിച്ചു.
മകളുടെ പ്രേമമൊരു പ്രശ്നമല്ലായിരുന്നു സാവാൻക്കാക്ക്.
ഒന്നാം പ്രേമത്തിന് ശേഷം അവളിൽ വലിയ മാറ്റങ്ങളുണ്ടായി. എഴുതാൻ തുടങ്ങി. ആദ്യമാദ്യം സാവാൻക്ക സന്തോഷിച്ചു. മനസ്സിലെ നീറ്റലുകൾ നീരാവിയായി തീരട്ടെ. അവളെഴുതട്ടെ. കടുത്ത ജീവിതാനുഭവങ്ങൾ നിരീക്ഷണബോധം സാക്ഷിഭാവം എന്നിവയൊക്കെ ഉണ്ടെങ്കിലെ നല്ല എഴുത്തുകാരനാവാൻ പറ്റുകയുള്ളു. അവളുടെ അവാർഡ് നടപ്പും ഇരിപ്പും കണ്ടപ്പോൾ അവൾ ചിന്തയിലാണെന്ന് അയാൾ തെറ്റിദ്ധരിച്ചു.
അവളുടെ എഴുത്തുകൾ സാവാൻക്ക ഒരുനാൾ തുറന്ന് നോക്കി.
അന്താളിച്ച്! വാ പൊളിച്ചു.
തന്റെ മകൾ ആത്മഹത്യക്കുള്ള പുറപ്പാടാണ്.
കോളേജ് സൈസ് നോട്ട് ബുക്കിൽ വെട്ടിയും തിരുത്തിയും ഒരുപാട് കുറിപ്പുകൾ. പുരുഷ വംശത്തെ മുഴുവൻ അധിക്ഷേപിച്ച് കൊണ്ടാണ് മിക്കതും. അവളുടെ കാമുകന്മാർ മാത്രമാണോ പുരുഷന്മാർ? തന്റെ തന്തയും പുരുഷനല്ലെ പോത്തെ!? എന്ന് ചോദിക്കണമെന്നുണ്ട്. ചാകാൻ കച്ച കെട്ടി നിക്കുന്ന മോളോട് ഇതും കൂടി ആയാൽ? എഴുത്ത് നിർത്തി അവൾ ചാകും.
കോപവും കരച്ചിലുമൊക്കെ കടിച്ച് പിടിച്ച് സാവാൻ മകളെ ശ്രദ്ധിക്കാൻ തുടങ്ങി.
പിന്നീടങ്ങോട്ട് അയാള് അവളെ വല്ലാണ്ട് സ്നേഹിച്ചു.
"മോളെ ഇതൊക്കെ എല്ലാർക്കും പറ്റുന്നതാ, കണ്ണും കയ്യും കാണിച്ച് പെൺകുട്ടികളെ വഴിതെറ്റിക്കാൻ കുറെ പിള്ളേര് കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. അവനവന്റെ പാട്ടിന് പോയില്ലെ, അവനെക്കാൾ നല്ലൊരുത്തനെ നമ്മക്ക് കണ്ടെത്തണം.. നീ വേണ്ടാത്തതൊന്നും ചിന്തിക്കരുത്!"
കടുംകൈ വല്ലതും ചെയ്താലോ എന്ന് കരുതി അനങ്ങാൻ വിടാതെ ഇടം വലം നീങ്ങാതെ സാവൻക്ക മോളുടെ കൂടെ തന്നെ.
ആ ഇടക്കാണ് മറ്റൊരുവൻ സലീനയുടെ നെഞ്ചിനകത്തേക്ക് കയറി പറ്റിയത്. രണ്ടാമത്തെ പ്രേമം. സാവാൻകാക്കും സന്തോഷം. ചാകും എന്ന് പറഞ്ഞ് കൂമനെ പോലെ കുത്തിയിരുന്ന് കുറിപ്പെഴുതിയ മകള് ഹാപ്പിയാണ്.. അത്ര മതി അയാൾക്ക്.
പരിധിയില്ലാത്ത പിരിശം സലീനക്ക് രണ്ടാമൻ വാരിക്കോരി നൽകി. ഭൂലോകത്ത് നല്ല കാമുകനും ഉണ്ടെന്ന് സലീനക്ക് ബോധ്യമായി. അവന്റെ കൂടെ ജീവിക്കാൻ തന്നെ തീരുമാനിച്ചു. അവനും അത് തന്നെ തീരുമാനം.
ഒളിച്ചോട്ടം.
ഉപ്പാനോട് ചോദിക്കാതെ ഒളിച്ചോട്ടം!
ഒന്നാമത്തെ കാമുകൻ തേച്ച് പറ്റിച്ച് പോയിട്ടും ഉമ്മയും ഉപ്പയും പൊന്നേ തേനെ എന്നല്ലാതെ വിളിച്ചിട്ടില്ല. അതിനെല്ലാം പകരമായി സലീന തിരികെ നൽകുന്നത് നാണക്കേട്.
സലീനയുടെ നിർഭാഗ്യം എന്ന് പറയട്ടെ. റെയിൽവേ സ്റ്റേഷനിൽ വരാമെന്ന് പറഞ്ഞ കാമുകൻ വന്നില്ല. വരാതിരിക്കില്ല.
അവൻ വാങ്ങിച്ചു തന്ന അഞ്ച് പവന്റെ മഹർ മാല ബാഗിലുണ്ട്. എന്ന് കരുതി ഒരു രാത്രി പുലരും വരെ സ്റ്റേഷനിൽ തന്നെ കാത്ത് നിന്നു.
അവൻ വാങ്ങിച്ചു തന്ന അഞ്ച് പവന്റെ മഹർ മാല ബാഗിലുണ്ട്. എന്ന് കരുതി ഒരു രാത്രി പുലരും വരെ സ്റ്റേഷനിൽ തന്നെ കാത്ത് നിന്നു.
തന്നെ തേടി നാട് മുഴുവനും അലഞ്ഞ ബാപ്പയാണ് സലീനയെ റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിൽ നിന്നുണർത്തിയത്.
മുക്കിന്റെ മഹർമാല സാവാൻക്ക അവന്റെ വീട്ടിൽ കൊണ്ട് പോയി എറിഞ്ഞു. കൂടെ ഒരു ഡയലോഗും.
"അന്റെ ബാപ്പാന്റെ നാലാം കെട്ടിന് മഹാറായിട്ട് കൊടുത്തോടോ ഹംക്കെ"
സലീന വീണ്ടും എഴുത്ത് പുനരാരംഭിച്ചു.
അന്നും ആത്മഹത്യ ചെയ്ത് അവനോട് പ്രതികാരം ചെയ്യണം എന്ന ചിന്തയായിരുന്നു.
ഉപ്പ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. അവൻ വേറെ കെട്ടുറപ്പിച്ചിട്ടാണ് തന്നെ വിട്ടതെന്ന്. രണ്ടാഴ്ചക്കുള്ളിൽ അവൻ കെട്ടി.
സാവാൻകാക്ക് ഉറക്കില്ല. ഇവളെങ്ങിനെയാ ആത്മഹത്യ ചെയ്യുക എന്ന് അയാൾക്ക് തുമ്പും ഇല്ല. ഓരോ സാധനങ്ങൾ കാണുമ്പോളും അയാൾ സംശയിച്ചു. അപകടം ഇല്ലാത്തതിൽ നിന്നും ഉള്ളതിൽ നിന്നും അയാളവളെ സംരക്ഷിച്ചു.
മകൾ പ്രേമം നിർത്തുന്നില്ല, എഴുത്ത് നിർത്തുന്നില്ല, ചാവുന്നുമില്ല.
രാത്രി ചെറിയൊരനക്കം കേട്ടാൽ അയാൾ ഞെട്ടിയുണർന്ന് മകളെ പോയി നോക്കും.
സാവാൻകാക്ക് ഉറക്കവും ഊണുമില്ല.
അവസാനം എല്ലാവരുടെയും കണ്ണ് പൊട്ടിച്ച് സലീന കിണറ്റിൽ തുള്ളി.
സാവാൻക്ക അന്ന് സമാധാനമായി ഉറങ്ങി.
സലീന ചത്തില്ല. ചാവുന്നില്ല എന്ന് തീരുമാനിച്ചു.
ഒന്നാമത്തെ പ്രേമനൈരാശ്യത്തിലെ മോള് കുറിപ്പ് എഴുതി തുടങ്ങിയിരുന്നു. അത് കൊണ്ട് ഒന്നാമത്തേതിനാണോ രണ്ടാമത്തേതിനാണോ അവൾ കിണറ്റിൽ ചാടിയത് എന്ന് സാവൻക്കാക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
ഇവള് ചാകാൻ വേണ്ടി പ്രേമിക്കുന്നതാണോ? പ്രേമത്തിന് വേണ്ടി ചാവുന്നതാണോ ഒന്നും ഒരു നിശ്ചയവുമില്ല.
ഇവള് ചാകാൻ വേണ്ടി പ്രേമിക്കുന്നതാണോ? പ്രേമത്തിന് വേണ്ടി ചാവുന്നതാണോ ഒന്നും ഒരു നിശ്ചയവുമില്ല.
കിണറ്റിൽ നിന്ന് ശ്വാസം കിട്ടാതെ കാലിട്ടടിച്ചപ്പോൾ കോരിയെടുത്ത് കരയിലേക്കിട്ട കരുത്തനായ ചെറുപ്പക്കാരനോട് കണ്ടമാത്രയിൽ പ്രേമം.
"ഉപ്പാ അവനോട് ചോദിച്ച് കല്യാണം നടത്തണം"
ഔദ്യോഗികമായി സലീനാന്റെ മൂന്നാമത്തെ പ്രേമം.
ഒരു പണിയുമില്ലാതെ തെക്ക് വടക്ക് നടക്കുന്ന അവനെങ്ങിനെയാ മോളെ കെട്ടിച്ച് കൊടുക്കുക എന്ന ചിന്ത സാവൻകാക്കുണ്ട്.
പണിയില്ലാത്തത് കൊണ്ടാണ് നിലവിളിച്ചപ്പോൾ ഓടി വന്ന് അവൻ കിണറ്റിലിറങ്ങി മകളെ രക്ഷിച്ചത്.
എന്നാലും സലീനയോട് രണ്ട് കാര്യം ഉറപ്പിക്കണം.
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ, അവന്റെ ഉത്തരമെന്തായാലും നീ നിന്റെ എഴുത്ത് നിർത്തണം"
"നോട്ടുബുക്ക് തീർന്നു ഉപ്പാ"
ഹോ സമാധാനം!! പിന്നെയും ചോദ്യം.
"ഇനി വേറെ ആരെയും പ്രേമിക്കില്ല എന്നുറപ്പ് തരണം"
"ഉറപ്പ്"
"ഒന്ന് കൂടി, ഇനി ചാകില്ല എന്നും"
"ഇല്ല"
തൽക്കാലം ചോദ്യോത്തരങ്ങൾ കഴിഞ്ഞ സമാധാനം സാവാൻക്കാന്റെ ഖൽബിലുണ്ട്.
എന്നാലും മൂന്നാമന്റെ ഉത്തരം എന്താവും എന്നറിയില്ല.
രാത്രി കിടക്കാൻ നേരത്ത് സലീന വന്നു.
"ഉപ്പാ അവനെന്താ പറഞ്ഞെ"
"നിന്റെ എത്രാമത്തെ പ്രേമമാണ് എന്ന് ചോദിച്ചു"
"എന്നിട്ടെന്ത് പറഞ്ഞു"
"കിണർ ചെറുതാണ്, പ്രേമിച്ചോളൂ... ഞാൻ റെഡിയാണെന്ന്!"
അന്ന് സാവാൻക്ക സമാധാനത്തോടെ ഉറങ്ങി. മോളെ പ്രേമവും നടക്കും, എഴുത്തും നിക്കും, കിണറ്റിൽ വീണാൽ എടുക്കാനൊരാളും.
✒
-SABIT
-SABIT
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക