Slider

സോഷ്യല്‍ മീഡിയ

0
സോഷ്യല്‍ മീഡിയ.
സോഷ്യല്‍ മീഡിയ എഴുത്തുകാരെ എനിക്കു ബഹുമാനമാണ്. അവര്‍ പണത്തിനും പുരസ്കാരങ്ങള്‍ക്കും വേണ്ടി എഴുതുന്നില്ല. ലെെക്കുകളുടെ എണ്ണം പോലും കണക്കിലെടുക്കാതെ അവര്‍ എഴുതിക്കൊണ്ടേയിരിക്കുന്നു. ഒരേ ദിവസം രണ്ടും മൂന്നും രചനകള്‍ പോസ്റ്റു ചെയ്യുന്നു.
എന്താവാം ഈ പ്രതിഫലേച്ഛയില്ലാത്ത എഴുത്തിന്റെ പ്രചോദനം?.സ്വതന്ത്രമായി എഴുതാന്‍ ഒരിടം കിട്ടി എന്നതുകൊണ്ടു മാത്രം ആരും എഴുതിക്കൊള്ളണമെന്നില്ല. പറയാന്‍ എന്തെങ്കിലും ഉണ്ടാവുകയും വേണം.
അനേകം എഴുത്തു ഗ്രൂപ്പുകളിലായി ചിന്നിച്ചിതറികിടക്കുന്ന എണ്ണമറ്റ എഴുത്തുകാരെ വായിക്കുമ്പോള്‍ നാം മനസ്സിലാക്കുന്നതും അതാണ്.- എന്തൊക്കെയോ പറയാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഭാഷയുടേയും പാണ്ഡിത്യത്തിന്റേയും പരിമതികളെ കാര്യമായി ഗണിക്കാതെ അവര്‍ക്കു പറയാനുള്ളത് അവര്‍ എഴുതുന്നു - പ്രണയത്തെ പറ്റി, കാമിനിയെ പറ്റി, മോഹങ്ങളേയും മോഹഭംഗങ്ങളേയും പറ്റി, പ്രവാസിജീവിതത്തിന്റെ വിരസതയെ പറ്റി, വൃദ്ധസദനത്തില്‍ തള്ളപ്പട്ടവരെ പറ്റി, അടുക്കളയില്‍ കരിഞ്ഞുണങ്ങുന്ന
പെണ്‍ജീവിതത്തെ പറ്റി, കറുത്തവനെ പറ്റി, കീഴൊളരെ പറ്റി, വിശപ്പിനെ പറ്റി, തെരുവു ജീവിതത്തെപറ്റി, ചൂഷിതയായ പെണ്ണിനെ പറ്റി...
.
എഴുത്ത് ജധകീയമാവുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഈ എഴുത്തിനെ, പെെങ്കിളിയെന്നോ,അതിഭാവുകമെന്നോ, സാഹിത്യമേന്മയില്ലാത്തതെന്നോ പറയുന്ന അംഗീകൃത എഴുത്തുകാരോട് അവരാരും കലഹിക്കാന്‍ പോകാറില്ല. എഴുത്തിലൂടെ വലിയൊരു സുഹൃത് മണ്ഡലം സൃഷിടിക്കാനും തത്സമയ പ്രതികരണത്തിലൂടെ തങ്ങളുടെ നിലപാടിനെ ഉറപ്പിക്കുകയോ തിരുത്തുകയോ ചെയ്യൊനും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ക്കു കഴിയുന്നുണ്ട്. പിന്നെയെന്തിനു മറ്റുള്ളവരുടെ പരാതികളെ ശ്രദ്ധിക്കണം ?
ദന്തഗോപുരത്തിലിരുന്ന് എഴുതുന്നവരേക്കാള്‍ കൂടുതല്‍ പൊതുജന സമ്പര്‍ക്കത്തിന് സാദ്ധ്യതയുള്ള ഈ അരങ്ങ് വിരുദ്ധങ്ങളായ രാഷ്ട്രീയ ആശയങ്ങള്‍ക്ക് തത്സമയ സംവാദനസാദ്ധ്യത തുറന്നിട്ടുണ്ട്.മതവും മനുഷ്യത്വവും തമ്മിലുള്ള ഏറ്റുമുട്ടല്‍ വളരെ രോഷത്തോടെ പ്രതിരോധിക്കുന്ന എഴുത്തുകാരുടെ ഒരു കൂട്ടായ്മ ഈ മീഡിയത്തില്‍ രൂപംകൊണ്ടു വരുന്നുവെന്നത് ശുഭസൂചകമാണ്.
ശാസ്ത്രവും ചരിത്രവും പുരാണേതിഹാസങ്ങളും ആത്മീയ അന്വേഷണങ്ങളും ഒരേ കുടക്കീഴില്‍ പണ്ഡിതോചിതവും പക്ഷെ ലളിതവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സാധാരണ വായനക്കാരനെ ആകര്‍ഷിക്കുന്നുണ്ട്. ബുദ്ധിജീവിയെന്ന നാട്യമില്ലാതെ അറിയുന്നതു പങ്കുവെയ്ക്കുന്ന ഈ എഴുത്തുകാരെ കുറിച്ച് ആര്‍ക്കും പരാതിയില്ല. പരാതിയുള്ളവര്‍ക്ക് അടിക്കുറിപ്പുകളിലൂടെ പ്രതികരിക്കാം, വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാം.
ഇതിനര്‍ത്ഥം എന്തും എങ്ങനെയും എഴുതണമെന്നല്ല. എഴുത്തുകാര്‍ നല്ല വായനയിലൂടെ ഭാഷയെ പക്വമാക്കുവാന്‍ മനസ്സു വെയ്ക്കണം. മറ്റുള്ളവരുടെ രചനകള്‍ വായിച്ച് പ്രതികരിക്കണം.തന്റെ രചനകള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തണം. പ്രതികരണങ്ങളെ വിനയത്തോടെ ഉള്‍ക്കൊള്ളണം.
ഓര്‍ക്കുകഃ - സമൂഹത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ഉല്‍ക്കര്‍ഷത്തിനായി നമുക്കു പലതും ചെയ്യുവാന്‍ കഴിയും. മൊബെയിലില്‍ വിരല്‍ മുട്ടിച്ചുകൊണ്ടു നമ്മള്‍ എഴുതുന്നത് സമൂഹത്തിലെ അനീതിക്കെതിരെയുള്ള ചൂണ്ടുവിരലുകളാവണം.സമൂഹത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഈ മീഡിയത്തിന്റെ ഭാഗമായതില്‍ നമുക്ക് അഭിമാനിക്കാം.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo