Slider

പ്രാഞ്ചി.

0
Image may contain: 1 person

രാത്രിയും പകലുമായ്‌
ഫേസ്ബുക്കിൽ നിരങ്ങവേ,
സൂത്രത്തിൽ മുട്ടുന്നാരോ
വാതിലിൽ വീണ്ടും വീണ്ടും..
പലിശക്കാരൻ പ്രാഞ്ചി..,!
അരിശം മൂക്കേ മേശ-
വലിപ്പിൽനിന്നഞ്ഞൂറു ലൈക്കങ്ങുകൊടുത്തുഞാൻ..
തിരികെ പോരും നേരം
ഉമ്മറപ്പടിയ്ക്കൽ വ-
ന്നരിക്കച്ചോടം ചെയ്യും
കോരനും കൈനീട്ടുന്നു..
കൊടുത്തന്നേരംതന്നെ
കോരനുംലൈക്കഞ്ചെണ്ണം
തിടുക്കപ്പെട്ടീഞാനും
ഫേസ്ബുക്കിലൊളിയ്ക്കവേ.,
മുടന്തിയടുത്തിട്ടെ-
ന്നമ്മ ചൊല്ലുന്നു, "മോനേ
കുഴമ്പും തീർന്നിട്ടിപ്പോ
മാസങ്ങൾ രണ്ടായല്ലൊ"
അമ്മതൻ കാൽമുട്ടിലായ്‌
അഞ്ചാറുകമന്‍റെടു-
ത്തമ്മിയിൽ അരച്ചതു
പുരട്ടിക്കൊടുത്തപ്പോൾ,
എന്തൊരു ശല്യം, മകൻ
ട്യൂഷന്റെ ഫീസില്ലാതെ
ഇന്നിനി പോവില്ലെന്നു
വാശിയിൽ ചിണുങ്ങുന്നു.!
മൂന്നര ലൈക്കും പിന്നെ
മൂന്നോളം സ്മൈലികളും
മോങ്ങുന്ന മകൻ തന്‍റെ
പോക്കറ്റിൽ വച്ചന്നേരം.
അടുപ്പിൽ കലത്തിലായ്‌
വെള്ളവും തിളയ്ക്കുന്നു
അരിയ്ക്കുപകരം ഞാൻ
ആവോളം ഫോളോയിട്ടു..
രാത്രിയിൽ കിടപ്പറ
പൂകുമെൻ കളത്രത്തിൻ
ഗാത്രത്തിൽ മറക്കുന്നു നോട്ടിഫിക്കേഷൻസെല്ലാം..
പിറ്റേന്നു വെളുപ്പിനെ
കട്ടനൊന്നടിയ്ക്കുവാൻ
എത്തിനോക്കുമ്പോളയ്യോ
ഒട്ടാകെ ശൂന്യം വീടും.!
മേശമേലൊരു കുറിപ്പെ-
നിയ്ക്കായിരിയ്ക്കുന്നു
ആശാനേ ഞങ്ങൾ പോണൂ,
സ്റ്റാറ്റസൊന്നിട്ടേക്കണേ.!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo