
പടികൾ കയറുമ്പോൾ അനന്തു എന്നെ തിരിഞ്ഞുനോക്കി പറഞ്ഞു.
സർ പതുക്കെ ..
എട്ടാമത്തെ നിലയെത്തിയപ്പോൾ കിതപ്പു മാറ്റാനായി കുറച്ചുനേരം അവിടെ നിന്നു.
ഇനി വെറും രണ്ടുനിലകൾ കൂടി ബാക്കി.. സാധാരണ പണിനടക്കുന്ന സ്ഥലത്തു സുരക്ഷാ ക്രമീകരണങ്ങൾ മൂലം ഹെൽമറ്റും ജാക്കറ്റും നിർബന്ധമാണ്.. ഇനി ഈ രാത്രിയിൽ ...
മെറ്റീരിയൽ റിപ്പോർട്ട് നോക്കി തീർന്നപ്പോൾ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു.. ഇടയ്ക്കെപ്പോഴോ ഭാര്യ വിളിച്ചു.
താമസിക്കും ഞാൻ. നീ കിടന്നോളൂ. ആഹാരത്തിനു മുൻപു കഴിക്കേണ്ട ഗുളികയെ പറ്റി ഓർമ്മിപ്പിച്ചപ്പോൾ വെറുതെ കഴിച്ചെന്നു കളവു പറഞ്ഞു.
സർ ഫ്രീയായോ..?
കഴുത്തിൽ തൂക്കിയിട്ട ബൈനോകുലറും,കൈയ്യിലൊരു ടോർച്ചുമായി അനന്തു. അയാൾക്കായിരുന്നു സൈറ്റിന്റെ ചാർജ്ജ്.
പോയില്ലേ.. ഇതുവരെ? ഞാൻ ചോദിച്ചു.
ഇല്ല..... സർ.. നാളെ രാവിലെ റൂഫ് സ്ലാബ് കാസ്റ്റിങ്ങ് തുടങ്ങും.
വരൂ സർ ഒരു കാഴ്ച കാണാം.
എന്തുകാഴ്ച ? ഞാൻ ചിരിച്ചുകൊണ്ടു ചോദിച്ചു.
സർ ഈ ചെറിയ പട്ടണത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്. മുകളിൽ നല്ല കാഴ്ചയാണ്... പട്ടണം മുഴുവൻ കാണാം. രാത്രിയിൽ ഒരു പ്രത്യേക ഭംഗിയാണ്.
രണ്ടുനിലകൾ കൂടി കയറി മുകളിൽ ചെന്നപ്പോളാണതു ബോദ്ധ്യപ്പെട്ടത്. .അയാൾ പറഞ്ഞതു ശരിയാണ്. മിന്നാമിന്നികളെ പോലെ ചുറ്റുമുള്ള വീടുകളുടെ വെളിച്ചങ്ങൾ പടർന്നു കിടന്നു. കുറച്ചകലെ നിയോൺ വെളിച്ചത്തിൽ മഞ്ഞനിറമായ മെയിൻറോഡിലൂടെ നിരനിരയായി വാഹനങ്ങൾ ഒഴുകുന്നു.മുകളിൽ നരച്ച ആകാശത്തു വിളറിയ ചന്ദ്രക്കല മേഘങ്ങൾക്കിടയിൽ പതുങ്ങിനിൽക്കുന്നു.
സുന്ദരമായ ആ രാത്രിയെ നോക്കി ഞാനങ്ങനെ നിന്നു.
സർ കഴിക്കുവോ..?
വെൺചാമരങ്ങൾ വീശി വിരിയിച്ചു നിൽക്കുന്ന ആകാശത്തിനു ചുവട്ടിലെ ഈ രാത്രിയിൽ.
തണുപ്പുള്ള കാറ്റിൽ , വിളറിയ ചന്ദ്രക്കലയുടെ അരണ്ട വെളിച്ചത്തിൽ..
അരയിൽ തിരുകിയ കുപ്പി പുറത്തെടുക്കുമ്പോൾ അനന്തു പുഞ്ചിരിയോടെ പറഞ്ഞു.
സൗകര്യത്തിനു കോള മിക്സ് ചെയ്തു കൊണ്ടുവന്നതാ..
നരച്ച ആകാശത്തിനു കീഴെ തൊണ്ടയിലേക്കു പൊള്ളുന്ന ദ്രാവകം ഒഴിച്ചു ഒരിറക്കു കുടിച്ചു.
നൃത്തവും ,സംഗീതവും ഉള്ള ലഹരി..
സർ.. ഇന്നത്തെ ആക്സിഡന്റിന്റെ കാര്യം അറിഞ്ഞിരുന്നോ?
ഞാൻ തലയാട്ടി. സ്കൂൾ വിട്ട സമയത്തു അമിത വേഗത്തിൽ വന്ന വണ്ടി ..
ആ കുട്ടി മരിച്ചു പോയി .സർ
ആ കാര്യം വിടൂ.. ലെറ്റസ് എൻജോയ് .
വീണ്ടും പയ്യെ കുടിച്ചു.. സിരകളിലൊഴുകുന്ന ലഹരിയുടെ നനുത്ത സ്പർശനങ്ങൾ..
നോക്കൂ സർ.
ഞാൻ ബൈനോകുലറിലൂടെ നോക്കി.. വെള്ളിവെളിച്ചങ്ങൾ വീണു തിളങ്ങുന്ന മരങ്ങളുടെ പച്ചപ്പുകൾ.. അകലെ നഗരത്തിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ. അതിനുമപ്പുറെ മലനിരകളുടെ മങ്ങിയ കാഴ്ച.
ഞങ്ങൾ ആ പട്ടണത്തിന്റെ ഏറ്റവും മുകളിൽ.. സന്തോഷം മറയ്ക്കാതെ പറഞ്ഞു
വീ ആർ ഇൻ ദ ടോപ്പ്.. വീ ആർ ഇൻ ദ സ്കൈ...
വീണ്ടും കുടിച്ചു.. സാവധാനം.
തൂവലുകൾ പോലെ പറന്നു നടക്കുന്ന ലാഘവത്വം. അതാ അവിടെ
പട്ടണത്തിലെ മഞ്ഞ വെളിച്ചങ്ങളിൽ നിന്നും വർണ്ണ ചിറകുമായി മാലാഖമാർ താഴേയ്ക്കിറങ്ങി ഭൂമിയിൽ നൃത്തം ചെയ്യുന്നു. അകലെയെവിടെയോ തീവണ്ടിയുടെ കൂകിവിളി കാതിലേക്കു ഓടിയെത്തി..
തിളങ്ങുന്ന പച്ചപ്പുകൾക്കപ്പുറെ ബെനോക്കുലറിലൂടെ ഞാനതു കണ്ടു..
റെയിൽവേ ഗേറ്റിനുമപ്പുറെ ശ്മശാനത്തിൽ കത്തിയമരുന്ന ചിതകൾ. ശ്മശാനത്തിനു മുന്നിലെ റോഡു വളഞ്ഞകന്നു വിദൂരതയിൽ മറയുന്നു..
അനന്തു.. ജീവിതത്തിൽ സത്യമായ ഒന്നേ ഉള്ളൂ . തീർച്ചയായും സംഭവിക്കുന്ന സത്യം. അതു കാണണോ?
ബൈനോക്കുലറിലൂടെ അയാൾ അങ്ങോട്ടു നോക്കി.
കാഴ്ചകൾക്കു മിഴിവേകാനെന്നവണ്ണം ആ തണുപ്പിൽ അനന്തു പതുക്കെ പാടിത്തുടങ്ങി.
"തന്നെത്താനഭിമാനിച്ചു പിന്നേയും
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ
നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ."
കാറ്റിൽ ആരുടെയോ കരച്ചിൽ ഒഴുകി വന്നപ്പോൾ അനന്തു പാട്ടു നിർത്തി.
ബൈനോകുലർ വാങ്ങി
ഞാൻ അയാൾ കൈചൂണ്ടിയ ഭാഗത്തേയ്ക്കു നോക്കി..
ഇരുട്ടു വീണ ഇടവഴികൾക്കിരുവശവും കുറേ വീടുകൾ. അതിൽ ഉണരുമെന്ന പ്രതീക്ഷയിൽ ചിലർ ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഒരു പക്ഷെ നഷ്ടപ്പെട്ടു പോയവരെയോർത്തു ഉണർന്നിരുന്നാരോ ...
ഒരിക്കൽ നമ്മളും അല്ലേ സർ.. എനിക്കു വേണ്ടി കരയാനും ആരുമില്ല.
ഞാനതിനു മറുപടി പറഞ്ഞില്ല.
മിച്ചമുണ്ടായിരുന്ന മദ്യം ഞാൻ ആർത്തിയോടെ കുടിച്ചു.
കാഴ്ചകൾ ചിതറി പോയി.. മരവിച്ചു പോയ ശബ്ദത്തെ തിരികെയെടുക്കുവാനായി വെറുതെ വീണ്ടും പറഞ്ഞു.
വീ ആർ ഇൻ ദ ....
വാക്കുകൾ മുഴുമിപ്പിച്ചില്ല..
മൗനങ്ങളുടെ ദൈർഘ്യം കൂടിയപ്പോൾ അനന്തു എന്നെ തൊട്ടു വിളിച്ചു.
ഇറങ്ങാം സർ..
കാലുകൾ ശരിയ്ക്കും നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല.
.ഞങ്ങൾ സാവധാനം പടികളിറങ്ങി...
സർ .. ഇടയ്ക്കെപ്പോഴോ അയാളെന്റെ കൈയ്യിൽ മുറുകെ പിടിച്ചു.
എന്താ അനന്തു പറയൂ.
പടികളിലൂടെ ഇങ്ങനെ കയറ്റങ്ങളും ഇറക്കങ്ങളും.. വേറൊരർത്ഥത്തിൽ അതല്ലേ ..?!!
അനന്തുവിന്റെ മുഖം എനിക്കു കാണുവാനായില്ല.
ഞാനൊന്നും മിണ്ടിയതുമില്ല..
ഇരുട്ടിൽ തെല്ലിട നിശബ്ദരായി ഞങ്ങൾ ..
മറന്നു പോയ വരികൾ ഓർക്കാൻ ശ്രമിച്ചു ഞാൻ.. മുഴുവൻ ഓർക്കാനാവുന്നില്ല. എങ്കിലും പാടി.
"എത്രയും പേടിച്ചരണ്ട ചില ശുഷ്‌ക-
പത്രങ്ങള്‍ മോഹം കലര്‍ന്നു പതിയ്ക്കവേ,
ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍
ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിയ്ക്കവേ, "
പാതിരക്കാറ്റിൽ, ആ പാട്ടു കേട്ടു വൃക്ഷങ്ങൾ തലയാട്ടി ചിരിച്ചു.
....പ്രേം ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക