Slider

പ്രണയിച്ചുമരിച്ച തീരം!

0
പ്രണയിച്ചുമരിച്ച തീരം!
കടല്‍ക്കരയിലെ നിത്യസന്ദര്‍കനായിരുന്നു അയാള്‍. ഓഖിക്കാറ്റില്‍ മതിമറന്നുപോയ തിര ശാന്തയായ ദിവസം അയാള്‍ തീരത്തു ചെന്നു. ഇങ്ങനെ കേട്ടു:
'സുഹൃത്തേ, എനിക്കു നിങ്ങളുടെ മുഖം കാണാനാവുന്നില്ല. എന്നാലും എനിക്കുറപ്പുണ്ട്; നിങ്ങളെ ഞാനറിയും. നിങ്ങളുടെ ഗന്ധവും നടപ്പിന്റെ രീതിയും എനിക്കു പരിചിതമാണ്. ശബ്ദം കേട്ടു ഭയക്കണ്ട. ഞാന്‍ ഉപദ്രവിക്കില്ല. ആരെയും ദ്രോഹിക്കാന്‍ എനിക്കാവില്ല.
ഇന്ന് അര്‍ദ്ധരാത്രി കഴിയുന്നതോടെ ഞാന്‍ ഈ പ്രപഞ്ചത്തില്‍ അലിഞ്ഞില്ലാതാകും. 
രാത്രിയുടെ വിജനതയിലേക്ക് നിങ്ങള്‍ പകച്ചും തുറിച്ചും നോക്കണ്ട. എന്റെ മരണംമൂലമുണ്ടായ ഭീകരാന്തരീക്ഷമാണിത്.
മരണമല്ല, കൊലപാതകം. ഞാന്‍ ജീവനെപ്പോലെ സ്‌നേഹിച്ച എന്റെ പ്രാണസഖി എന്നെ കൊന്ന് കൊത്തിനുറുക്കി, ആരും കണ്ടുപിടിക്കാത്തവിധം വാരിവിതറിക്കളഞ്ഞു!
കേള്‍ക്കൂ സുഹൃത്തേ, ഈ മണിക്കൂര്‍ കഴിഞ്ഞാല്‍ ഞാനില്ല! ആത്മാവിന് ഒന്നും ചെയ്യാന്‍ ശേഷിയില്ലെന്നറിയില്ലേ? ഉണ്ടായിരുന്നെങ്കില്‍, കൊന്നയാളിനെ ചത്തയാള്‍ വെറുതേ വിടുമോ?
പ്രണയത്തിലൂടെ പ്രാണന്‍പോയ എന്റെ ശരീരം കോശകോശങ്ങളായി, അട്ടഹാസത്തോടെ അവള്‍ വാരിയെറിഞ്ഞു!
എന്നും അവളാണ് എന്നെത്തേടിവന്നത്. ഞാനും അതാഗ്രഹിച്ചിരുന്നു. ഞങ്ങള്‍ അനുരാഗബദ്ധരായി. അവളുടെ ചിരികള്‍ക്കും പാട്ടിനും ഞാന്‍ ചെവിയോര്‍ത്തു. അവളുടെ വിരല്‍ത്തുമ്പുകളും പാദസരക്കിലുക്കങ്ങളും എന്നില്‍ പുളകങ്ങള്‍ സൃഷ്ടിച്ചു. എന്നിട്ടും ഞാന്‍ അനങ്ങിയില്ല. വിവശയായ പെണ്ണ് എന്നില്‍ പടര്‍ന്നലിഞ്ഞപ്പോള്‍, ഞാനാകെ തരിച്ചു! അവളുടെ നൃത്തം ഞാനാസ്വദിച്ചു! എന്റെ ഓരോ അണുവും അവളെ ഉന്‍മാദിനിയാക്കി. കൂസലില്ലാതെ എല്ലാ ദിവസവും മധുചഷകവുമായി വന്ന് അവള്‍ എന്നില്‍ നിറച്ചു. അവളുടെ ഇഷ്ടങ്ങള്‍ക്കു വശംവദനാകുന്ന അനുസരണക്കാരനായി ഞാന്‍ മാറി.
ജീവിതച്ചൂടേറ്റു തളരുന്ന നേരത്ത്, അവളുടെ പ്രണയസല്ലാപത്തിനായി ഞാന്‍ കൊതിച്ചു. ആ നറുചുംബനങ്ങളുടെ സുഖകരമായ തണുപ്പില്‍ ഞാന്‍ ലയിച്ചു. വിരലെത്തുന്നവര്‍ക്കെല്ലാം ശൃംഗാരസ്പര്‍ശം നല്‍കുന്ന അവളുടെ സ്വഭാവം ഞാന്‍ കണ്ടില്ലെന്നു നടിച്ചു! അവള്‍ക്ക് ഞാനടിമയായെന്നു പറയുന്നതാണ് ശരി.
ഇന്ന്, അവള്‍ സംഹാരരുദ്രയായി! ആ പിടിയില്‍ ഞാനമര്‍ന്നുപോയി. കൊന്നിട്ടും കലിയടങ്ങാതെ, ആരും കണ്ടുപിടിക്കാത്തവിധം ഓരോ മണല്‍ത്തരിയാക്കി എന്നെ വാരിയെറിഞ്ഞ്, അവള്‍ കടലില്‍പ്പോയി ഒളിച്ചു!
സുഹൃത്തേ, എന്റെ സമയം കഴിയാറായി. ക്ഷമിക്കാനോ സഹിക്കാനോ എനിക്കു കഴിയുന്നില്ല. കത്തിയെരിയുകയാണു ഞാന്‍. ഈ ആത്മശാപം കേള്‍ക്കുക. അവളിനി ഉള്ള കാലത്തോളം, കറുത്തിരുണ്ട ഈ പാറക്കെട്ടുകളില്‍ തലതല്ലിക്കരയും. ചിന്നിച്ചിതറും. നിങ്ങളതു കാണും.
പ്രപഞ്ചത്തുടിപ്പിലേക്ക്, ഞാനിതാ ലയിക്കുന്നു...'
വി ജി വാസ്സന്‍.
സുകാമി സാർ തിരുത്തിയത്.
ഒരു വർഷം മുമ്പ് പോസ്റ്റ് ചെയ്തതാണ്
ഇപ്പോൾ അദ്ദേഹം വേണ്ട മാറ്റം വരുത്തി
അർത്ഥ വ്യക്തത വരുത്തി
ശ്രീ. സുകാമി പ്രകാശ് സാറിന് നന്ദി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo