അനോസ്മിയ നല്ല 'സുഖ'മുള്ള അസുഖം ...
ഈ ലോകത്ത് വരാവുന്നതിൽ വെച്ച് ഏറ്റവും സുഖമുള്ള അസുഖം ഏതാന്നറിയോ ആ കുഴങ്ങേണ്ട ഞാൻ തന്നെ പറഞ്ഞു തരാം.അത് അനോസ്മിയ ആണ്.പേടിക്കണ്ട ഏതോ ഇംഗ്ലീഷ് നോവലിലെ സിൻഡ്രേല്ലയെ പോലെ സുന്ദരിയായ രാജകുമാരിയുടെ പേരല്ല പറഞ്ഞത് . ഒരു തുറന്നു പറച്ചിലിന് ഒരുമ്പെടുകയാണെങ്കിൽ ഇതൊരു തരം വൈകല്യമാണ് . കഴിഞ്ഞ രണ്ടു വർഷമായി ഈ വൈകല്യത്തിന് റിസർവേഷൻ കിട്ടാൻ വല്ല വകുപ്പും ഉണ്ടോന്ന് തപ്പി നടക്കുവാണ് ഈ ഉള്ളവൾ .ആ മറന്നു ഇത് സുഖമുള്ള അസുഖമാണെന്ന് ഞാൻ പറഞ്ഞപ്പോ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞതാണോന്ന് സംശയം ഉണ്ടല്ലേ.എന്നാ സംശയിക്കണ്ട .ഞാൻ പറഞ്ഞത് സത്യാ .ഒന്ന് ചിന്തിച്ച നോക്കിക്കേ .ഈ ഭൂമിലെ സകലമാന ദുർഗന്ധങ്ങളെയും നമ്മുടെ മൂക്ക് ഫിൽറ്റർ ചെയ്ത കളയണ ഒരവസ്ഥ .ഇത് എന്റെ പോസിറ്റീവ് വേർഷനാട്ടോ .വേറൊരു ചെറിയ കുഴപ്പം കൂടെയുണ്ട് .ഇത് പിടിച്ചാൽ പിന്നെ സുഗന്ധങ്ങളോടും ഗുഡ് ബൈ പറയേണ്ടി വരും.ഡോ ചുരുക്കി പറഞ്ഞാൽ മൂക്കിന്റെ അടപ്പൂരും, ആപ്പീസു പൂട്ടുമെന്നൊക്കെ ശുദ്ധ മലയാളത്തിൽ വ്യാഖ്യാനിക്കാം .എന്തൊക്കെയായാലും ഇത് കാരണം എനിക്ക് താങ്ങാനാവാത്ത ചില വിശേഷണങ്ങൾ കിട്ടുകയുണ്ടായി. കടുത്ത സാമൂഹ്യ പ്രവർത്തക , മാനുഷിക പരിഗണനയുള്ളവൾ ,കറ കളഞ്ഞ മനുഷ്യ സ്‌നേഹി ,ഗാന്ധിയുടെ തറവാട്ടിൽ പിറന്നവൻ.ഇതൊക്കെ അവയിൽ പെടും.ഞാനതങ് വൃത്തിയായി ആസ്വദിക്കുകേം ചെയ്തു.മണം അടിച്ചു പോയത് കൊണ്ട് പരിസര ശുചീകരണം,രോഗി പരിചരണം,എന്തിനു പൊതു ശൗചാലയം പോലും വേണമെങ്കിൽ അറപ്പില്ലാതെ വൃത്തിയാക്കാമെന്നായി. ഇത്രയും കാലം റെയിൽവേ സ്റ്റേഷനുകളിലും പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശ്ശൗചാലയത്തിനത്തിലും എന്തിനു ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ടോയ്‌ലെറ്റിന്റെ പടി വാതിലോളം ചെന്ന് അകലത്തെ വഴിയാകെ മിഴി പാകി തിരിച്ചു പോരുന്ന ഞാൻ അന്ന് മുതൽ കൂളായി എവിടെയും കയറി ചെല്ലാൻ തുടങ്ങി.എന്തൊക്കെയായാലും നാട്ടുകാരും വീട്ടുകാരും ഉൾപ്പെടെയുള്ള പൊതു ജനം എന്റെ ഈ വൈകല്യത്തിനെ മുഖവിലയ്ക്ക് എടുത്തില്ലെന്ന് മാത്രമല്ല എന്നിൽ അന്തർക്ഷോഭമുളവാക്കും വിധം ഒരുതരം നിസ്സംഗത കാട്ടുക കൂടി ചെയ്തപ്പോ ഞാൻ സ്വന്തം മൂക്ക് ഒരു വേള മുറിച്ച കളഞ്ഞാലോ എന്ന് കൂടി ചിന്തിച്ചു പോയി . ഇനി ഇതിന്റെ കരയിപ്പിക്കുന്ന വേർഷൻ കൂടെ പറയട്ടെ.കാലത്തേ ചൂട് കാപ്പിയുടെ നവോന്മേഷം പകരുന്ന മണം മുതൽ തൊടിയിൽ പുഞ്ചിരിച്ചു നിന്ന ജമന്തിപ്പൂവിന് പോലും എന്നെ പ്രലോഭിപ്പിക്കാൻ പറ്റിയില്ല.എന്ത് കൊണ്ട് ജമന്തി..വല്ല പനിനീർപ്പൂവും ആവാമായിരുന്നില്ലേ എന്നാവും .ആവർത്തന വിരസത വേണ്ടാന്ന് ഈ കവി അങ്ങ്ചിന്തിച്ചു..അത്രേ ഉള്ളൂ ..മണ മില്ലാത്ത കൊണ്ട് രുചിയും തുച്ഛമായിരുന്നു.അമ്മയൊക്കെ പണ്ട് ഭക്ഷണം കഴിച്ചിരുന്ന പോലെ ആച്ചുമ്മയുടെ കറിയുടെ മണം പിടിച്ച ചോറുണ്ണാൻ എനിക്ക് കഴിയില്ലെന്ന് പറയണ്ടതില്ലല്ലോ ..മണത്തിന്റെ ആ സംസ്കാരം എനിക്ക് അന്യവൽക്കരിക്കപ്പെട്ടൂന്ന് പോലും ഈ കവി ഭയന്നതിൽ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും .അതേടോ മണത്തിനു ഒരു സംസ്കാരമുണ്ട്.വർഷങ്ങളുടെ പാരമ്പര്യമുണ്ട്.നമ്മുടെ നാടിനും വീടിനും അമ്മയുടെ വിയർപ്പിനും 'അമ്മ വിളമ്പിയിരുന്ന റേഷനരിചോറിനും ചെറിയ കന്നി മാങ്ങാ ഉപ്പിലിട്ടതിനും എന്തിനു തൊടിയിലെ പശു ഇട്ട ചാണകത്തിനും അതിന്റെതായ സുഗന്ധമുണ്ട്.അതാണെനിക്ക് നഷ്ടപ്പെട്ടത്.അമ്മയുടെ മണം അത് ഉള്ള ജീവൻ നില നിൽക്കുന്നിടത്തോളം നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കൂടെ വയ്യ .എന്റെ നാട്ടു നന്മയ്ക്കും കൂട്ടുകാരുടെ കളിക്കുറുമ്പിനും ഓണപ്പൂക്കളത്തിനും എന്റെ മലയാള നാടിനും അതിന്റെതായ ചാരുതയുണ്ട്.മണമുണ്ട്.പണ്ട് വള്ളി ട്രൗസറിട്ട കൂട്ടുകാരന്റെ കൂടെ ഊർന്നു വീഴണ കുട്ടിപ്പാവാടയും മടക്കി കുത്തി ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയത്..ഏതോ കവി പറഞ്ഞത് പോലെ ഓര്മകള്ക്കെന്ത് സുഗന്ധം...എൻ ആത്മാവിന് നഷ്ട സുഗന്ധം..മണത്തിനെ കുറിച്ച പ്രതിപാദിക്കുമ്പോൾ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥയാണ് മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം .പക്വതയെത്താത്ത പ്രായത്തിൽ വായിച്ചു തീർത്ത ആ കഥ ആ കാലം മുതൽക്കേ എനിക്കൊരു സുഗന്ധമുള്ള അനുഭൂതിയാണ് പകർന്നത്.കഥയിലെ നായികയ്ക്കു അനുഭവപ്പെട്ട പോലെ നിർവചിക്കാനാവാത്ത ഒരു അനുഭൂതി.എന്റെ നഷ്ടബോധത്തിനു ആക്കം കൂട്ടാന് ഉപോൽബലകമായ കാര്യങ്ങൾ വേറെയും ഉണ്ട്.അതാണ് സ്വന്തം ആർത്തവ രക്തത്തിന്റെ മണം .എനിക്ക് മാത്രം അവകാശപ്പെട്ട മണം .എന്നിലെ വരും മാതൃത്വത്തിനെ പുളകം കൊള്ളിക്കുന്ന എന്റെ പിഞ്ചോമനയുടെ മുലപ്പാൽ കിനിയുന്ന ഇളം ചുണ്ടിന്റെ മണം .ഗൂഗിളിൽ സെർച് ചെയ്തപ്പോൾ എന്തോ ഭയങ്കരമായ പ്രശ്നമെന്ന് പേടിച്ച ഡോക്ടറിനെ കാണാനോടിയ ഒരു 24 കാരി എല്ലാവര്ക്കും സുപരിചിതയാണ്.പണ്ട് തളത്തിൽ ദിനേശന്മാർ മാസികയിലെ ഡോക്ടർ പറഞ്ഞതനുസരിച് ജീവിച്ചു.ഇന്നത്തെ യുവത്വത്തിനെ ഗൂഗിൾ നയിക്കുന്നു.മൂക്കിൽ സൗന്ദര്യത്തിനു മേമ്പൊടി ചേർക്കാൻ കുത്തിയ ഒറ്റക്കൽ മൂക്കുത്തിയെ എന്റെ മണ കുറവിന് പഴി ചാരിയ എന്റെ അമ്മേ ഭയക്കേണ്ട 'അമ്മ തിരി കൊളുത്തി തന്ന എന്റെ മനസ്സിന്റെ കെടാവിളക്കിലെ എണ്ണയ്ക് അന്നും ഇന്നും നിറം ..ഒരേ മണം ..ഒരേ തെളിച്ചം
Divya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക