Slider

എന്റെഓപ്പോൾ ഭാഗം - 15

0
ഭാഗം - 15
സത്യത്തിൽ ജെറോമും,ആനിയും, മിഥുനും ഭദ്രയുടെ വീട്ടിൽ പോകാനായിട്ടായിരുന്നു ലക്കിടി വരെ പോയത്. എന്നാൽ അവരുടെ പദ്ധതി നടപ്പിലാക്കുന്നതിൽ ഒരു പാളിച്ച പോലും പറ്റാൻ പാടില്ല എന്ന് തീരുമാനിച്ച് അങ്ങോട്ടുള്ള യാത്ര ഒഴിവാക്കുകയായിരുന്നു.
അവർ അങ്ങോട്ട് പോയില്ലെങ്കിലും അവരുടെ പദ്ധതി വളരെ ഭംഗിയായി ഡോക്ടർ എബ്രഹാം കോശി നിർവഹിച്ചു. അവരുടെ രക്ത സാമ്പിളുകൾ എടുത്ത് DNA പരിശോധനക്ക് അയച്ച് ഭദ്രയുടെ അച്ഛൻ ബ്രഹ്മദത്തൻ തന്നെയെന്ന് ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ട പദ്ധതി.
അതിനാണ് ജെറോമിന്റെ അടുത്ത സുഹ്യത്തായ ഡോക്ട്ർ എബ്രഹാം കോശിയുമായി കാര്യങ്ങൾ സംസാരിക്കുകയും അങ്ങനെയൊരു നാടകം ആ ക്ളീനിക്കിൽ അരങ്ങേറിയതും.
അവരുടെ രക്ത സാമ്പിളുകൾ എങ്ങനെയെടുക്കും എന്ന് ജെറോം തല പുകഞ്ഞ് ആലോചിച്ച് ഒരെത്തും പിടിയും കിട്ടാതെയിരിക്കുമ്പോഴാണ് ഈ കാര്യം മിഥുനോട് പങ്ക് വെയ്ക്കുന്നത്.
മിഥുൻ ആലോചിച്ചപ്പോൾ, ബ്രഹ്മദത്തനും കുടുംബവും കഴിഞ്ഞ കുറേ മാസങ്ങളായി ഡയബെറ്റിക്‌സ് ചികിത്സക്കായി പോകുന്ന കാര്യം ഓർമ്മ വന്നതും ആ ക്ളീനിക്കിനെ കുറിച്ച് ജെറോമിനോട് പങ്ക് വെച്ചതും. "ക്ളീനിക് ഫോർ പ്യുർ ഹെൽത്ത്" എന്ന ക്‌ളീനിക്കിന്റെ പേര് കേട്ടപ്പോൾ തന്നെ ജെറോമിന് മനസ്സിലായി അത് തന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരിൽ ഒരുവനായ ഡോക്ടർ എബ്രഹാം കോശിയുടേതാണെന്നും, അദ്ദേഹത്തെ സമീപിച്ചാൽ കാര്യം നടക്കുമെന്നും ചിന്തിച്ചത്.
അതിൻ പ്രകാരം ജെറോം ചെന്ന് കാര്യങ്ങൾ സംസാരിക്കുകയും എബ്രഹാം കോശി സമ്മതിക്കുകയും ചെയ്തത്.
തൃശൂർ പട്ടണത്തിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ക്ളീനിക്ക് ഇദ്ദേഹത്തിന്റെ ആയത് കൊണ്ട് എല്ലാ ടെസ്റ്റുകളും ഡോക്ട്ർക്ക് സ്വയം ചെയ്യാവുന്നത് കൊണ്ടും പുറത്തൊരാളും അറിയുകയുമില്ല.
ഈയൊരു അവസരം തക്കത്തിൽ ജെറോം ഉപയോഗിക്കുകയായിരുന്നു.
ഓപ്പോളിന്റെ മനസ്സിൽ കൂട്ടുകാർ മൂലം വന്ന സംശയം ശരിയാണോ എന്നറിയണം എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇനി ബ്രഹ്മദത്തനല്ല ഭദ്രയുടെ അച്ഛനെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവും, ആണെങ്കിലും സങ്കീർണ്ണമാവും.
..........................
രണ്ട് ദിവസം കഴിഞ്ഞ് ജെറോമിന്റെ മൊബൈലിലേക്ക് ഡോക്ടർ എബ്രഹാം കോശിയുടെ വിളി വന്നു.
"ജെറോം, പെട്ടെന്ന് എന്റെ വീട് വരെയൊന്ന് വരണം. റിസൾട്ട് ഞാൻ എടുത്തു"
"എന്തായി എബ്രഹാം ! ജെറോം ജിജ്ഞാസ പൂണ്ട് ചോദിച്ചു.
"കാര്യങ്ങൾ നേരിട്ട് സംസാരിക്കാം ജെറോം വരൂ"
"ശരി, ഞാനിതാ എത്തി"
ആനിയോട് പറഞ്ഞിട്ട് ജെറോം ഡോക്ടർ എബ്രഹാം കോശിയുടെ വീട്ടിലേക്ക് തിരിച്ചു. വടക്കാഞ്ചേരിയിൽ നിന്ന് തൃശൂർക്ക് പോകുന്ന വഴി വിയൂർ ജയിലിനടുത്താണ് ഡോക്ടറുടെ വീട്.
തന്റെ ബുള്ളറ്റ് പടിക്കൽ വെച്ച് പടി തുറന്ന് ജെറോം ബുള്ളറ്റുമായി ഉള്ളിൽ കയറി. തിരികെ വന്ന് പടിയടച്ചു. കോളിംഗ് ബെല്ലടിച്ചതും ഡോക്ടറുടെ ഭാര്യ സ്റ്റെല്ല വാതിൽ തുറന്നു.
"വെൽക്കം മിസ്റ്റർ ജെറോം.. വരൂ അകത്ത് വന്നിരിക്കൂ. ഡോക്ടർ കുളിക്കുകയാണ്. ഇപ്പോൾ വരും. ഞാൻ കുടിക്കുവാനെന്തങ്കിലും എടുക്കട്ടേ"
"സന്തോഷം മിസ്സിസ് എബ്രഹാം" ജെറോം മര്യാദയോടെ പറഞ്ഞു.
അഞ്ച് മിനിറ്റ് കഴിഞ്ഞതും ഡോക്ടർ വന്നു. അപ്പോഴേക്കും സ്റ്റെല്ല ജ്യൂസ് കൊണ്ട് വന്നിരുന്നു. അത് കുടിച്ചിട്ട് ഡോക്ടർ പറഞ്ഞു. വരൂ ജെറോം എന്റെ ഓഫീസ് മുറിയിലേക്ക് പോകാം.
"ജെറോം, താങ്കൾ ഉദ്ദേശിക്കുന്ന പോലെയാണ് കാര്യങ്ങൾ പോകുന്നത്. പരിശോധനാ ഫലം ഒരു പക്ഷേ നിന്നെ ഞെട്ടിക്കും. കാരണം ഭദ്രയുടെ അച്ഛൻ ബ്രഹ്മദത്തനല്ല , അമ്മ ദേവികയുമല്ല. DNA പരിശോധനാ ഫലം ഇതാ നോക്കിക്കോളൂ"
"ഓ മൈ ഗുഡ്ഡ്‌നെസ്സ് , ദിസ് ഈസ് റിയലി ഷോക്കിങ്" പരിശോധനാ ഫലം നോക്കിക്കൊണ്ടു ജെറോം പറഞ്ഞു.
ജെറോം മുന്നേ ഓപ്പോളിന്റെ മരണ കാരണവുമായി ബന്ധപ്പെട്ടുള്ള അന്യോഷണത്തിനാണ് ഈയൊരു സംഗതിക്ക് മുതിർന്നതെന്ന് ഡോക്ടറോട് പറയുകയും ,ഡോക്ടർക്ക്
അത് നന്നായി ബോധ്യപ്പെട്ടതിന് ശേഷവുമാണ് അദ്ദേഹം ഇതിനോട് സഹകരിച്ചതും ജെറോമിന് വേണ്ടി ആ ക്‌ളീനിക്കിലേക്ക് അന്ന് പോയതും.
"ജെറോം ഇനി എന്താവശ്യമുണ്ടേലും എന്നെ സമീപിക്കാം"
"ശരി എബ്രഹാം"
കാര്യങ്ങൾ ഭംഗിയായി നിർവഹിച്ച ഡോക്ടർക്കും ഭാര്യക്കും നന്ദി പറഞ്ഞിട്ട് ജെറോം റിസൾട്ടുമായി വീട്ടിലേക്ക് തിരിച്ചു.
"അന്നാമ്മേ, ഓപ്പോളിനെ കളിയാക്കിയ കാര്യങ്ങൾ ശരിയായി വരുന്നോ എന്നൊരു സംശയം. ഡോക്ടർ പരിശോധനാ ഫലം തന്നു. ബ്രഹ്മദത്തൻ ഭദ്രയുടെ അപ്പനല്ല എന്നാൽ ഭദ്രയുടെ അമ്മ അവളെ പ്രസവിച്ചിട്ടുമില്ല. എന്നാണ് DNA ടെസ്റ്റ് പറയുന്നത്"
"ആണോ ഇച്ചായ, അല്ല ഇനി ബ്ലഡ് സാമ്പിൾ എങ്ങാനും മാറിപ്പോയതാണോ?"
"ഹേ അല്ലടി, അങ്ങനെ സംഭവിക്കാനൊരു സാധ്യതയുമില്ല , ഇത് ഡോക്ടർ തന്നെ ചെയ്തതാണ്. സാധാരണ ജോലിക്കാർ മാത്രമേ ടെസ്റ്റുകൾ ചെയ്യാറുള്ളു എന്നാൽ ഈ കാര്യത്തിൽ ഡോക്ടറും ഭാര്യയുമാണ് ചെയ്തത്. സ്‌പെഷ്യൽ കേസ് ആണേൽ മാത്രമേ ഡോക്ടർ ലാബിൽ കടക്കാറുള്ളു"
"ഉം...! അങ്ങിനെയെങ്കിൽ ഇനി എന്താണ് അടുത്ത പരിപാടി"
"അത് പറയാം, അതിന് മുന്നേ എന്റെ മനസ്സിൽ വന്ന ഒരു സാധ്യത നിന്നോട് വിശദികരിക്കാം"
"അതെന്താ ഇച്ചായാ"
"അന്നാമ്മേ, ഭദ്ര അവരുടെ മകളല്ല എങ്കിൽ , ഓപ്പോളും മിഥുന്റെ രക്ത ബന്ധത്തിലുള്ള പെങ്ങളായിരിക്കില്ല. അതായത്, ഏതോ ഒരു സ്ത്രീ ഇരട്ട പെറ്റതാകാം. ഇരട്ടകളായത് കൊണ്ട് ഒരേ രൂപവും ഭാവവും ശബ്ദവും വരാം. അങ്ങനെയാണെങ്കിൽ നമ്മൾ കണ്ട് പിടിക്കേണ്ടത് എങ്ങനെ ഭദ്രയും ഓപ്പോളും രണ്ടും രണ്ട് പേരുടെ മക്കളായി മാറിയെന്നുള്ളതാണ്. എന്റെ ഈ ചിന്തകൾ സത്യമാണെങ്കിൽ ഇനിയും കുറേ മുന്നോട്ട് പോകേണ്ടതുണ്ട്"
"അത് ശരിയാണല്ലോ ഇച്ചായ"
"പൂർണ്ണമായും ശരിയെന്ന് പറയാൻ പറ്റില്ല. എന്നാൽ ഏറെക്കുറെ ഇത് തന്നെയാവാനാണ് സാധ്യത. സാഹചര്യം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്"
"ഉം, ഇനി എന്താണ് നമ്മൾ ചെയ്യാൻ പോകുന്നത്? ആനി ഗൗരവത്തോടെ ചോദിച്ചു"
"ഇനി ഓപ്പോൾ സഞ്ചരിച്ച അതേ പാതയിൽ നമ്മൾ സഞ്ചരിക്കുന്നു"
"ഓപ്പോൾ സഞ്ചരിച്ച പാതയോ? എനിക്കൊന്നും മനസ്സിലാക്കുന്നില്ല" ആനി ആശങ്കയോടെ ചോദിച്ചു.
എന്റെ നിഗമനം ശരിയാവുകയാണെങ്കിൽ ഓപ്പോളിന്റെ മരണത്തിന് വ്യക്തമായ ഒരു കാരണമുണ്ട്. എന്നിൽ ഇപ്പോൾ നിഴലിച്ച ഇതേ സംശയം ഓപ്പോളിന്റെ മനസ്സിലും ഉണ്ടായിക്കാണും. കാരണം ഞാനിപ്പോൾ പറഞ്ഞ പോലെ തന്നെ സാഹചര്യം.
ഓപ്പോളിനേയും ഭദ്രയേയും കൂട്ടി ചേർത്ത് അവരുടെ അപ്പൻ ഒരാളാവാനാണ് സാധ്യതയെന്ന് അവളുടെ കോളേജിലെ കൂട്ടുകാർ പറഞ്ഞ അതെ കാരണമാണ് അവളെ ഇങ്ങനൊരു അന്യോഷണം നടത്താൻ പ്രചോദിപ്പിച്ചിട്ടുണ്ടാവുക. ആ കാര്യത്തിൽ അവൾ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ടാവണം. എന്നാൽ അവൾക്കാ അന്യോഷണം പൂർത്തിയാക്കാനോ സ്ഥിതികരിക്കാനോ കഴിഞ്ഞിട്ടുണ്ടാവില്ല. അത് കൊണ്ടാവാം അവൾ ഡയറിയിൽ ഇങ്ങനെ എഴുതിയത് .
"ഈശ്വരാ ഞാൻ കേട്ടതൊന്നും സത്യമാവല്ലേ" എന്ന വാചകം.
കാര്യങ്ങൾ അതിന്റെ ഗൗരവത്തിലേക്കടുക്കുന്നല്ലോ ഇച്ചായ.
അതെ അന്നാമ്മേ, നമ്മൾ അതിന് വേണ്ടിയല്ലേ ഇത്രയും കഷ്ടപ്പാട് കഴിക്കുന്നത്. ഓപ്പോൾ എങ്ങനെ മരിച്ചു എന്നറിയേണ്ടത് മിഥുന്റെ മനസ്സിലെ സംശയങ്ങളും സാഹചര്യവും മൂലമാണ്. അവനത് പങ്ക് വെച്ചപ്പോൾ ഒരു നോവലെഴുതുന്ന ലാഘവത്തോടെയാണ് ഞാൻ കണ്ടത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ഇനിയും ഒരുപാട് ദൂരം പെട്ടെന്ന് പോകേണ്ടതുണ്ട്.
"ഉം, അടുത്ത പരിപാടി എന്താണ്? ആനി ചോദിച്ചു"
"ഓപ്പോളിന്റെ ഡയറിയിൽ നിന്ന് കിട്ടിയ ഗൈനക്കോളജിസ്റ്റ് ഡോ. വന്ദന വാസുദേവനെ കാണുന്നു. എന്റെ ഊഹമനുസരിച്ച് ഡോ. വന്ദനയായിരിക്കും ഓപ്പോളിന്റെ അമ്മ ദിവ്യ നമ്പൂതിരിയുടെ പ്രസവ കാര്യങ്ങൾ നടത്തിയതെന്ന് ഓപ്പോളിനോട് ആരെങ്കിലും പറഞ്ഞത്.
അങ്ങനെയെങ്കിൽ ഓപ്പോൾ ഡോ. വന്ദനയെ കണ്ടു എന്നത് നമുക്ക് ഉറപ്പിക്കാം, കാരണം അവൾ ചിലതൊക്കെ അറിഞ്ഞിട്ടുണ്ടല്ലോ, കുറച്ച് മുന്നേ പറഞ്ഞ ആ വാചകം തന്നെ " ഈശ്വരാ ഞാൻ കേട്ടത് സത്യമാവല്ലേ" എന്ന നമ്മുക്ക് വഴിത്തിരിവുണ്ടാക്കിയ വാചകം.

"ഓപ്പോൾ തീർച്ചയായും ഒരുഗ്രൻ അന്യോഷണം അവളുടെ രീതിയിൽ നടത്തിക്കാണും, അല്ലെങ്കിൽ
നളിനി മറ്റേർണിറ്റി നഴ്സിംഗ് ഹോം ഒറ്റപ്പാലം , എന്നും ഡോ. വന്ദന വാസുദേവനെന്നോ ഡയറിയിൽ എഴുതേണ്ട ആവശ്യമില്ല"
അത് നേരാണല്ലോ ഇച്ചായാ. എനിക്കൊരു സംശയം, ഓപ്പോൾ അവളെ പ്രസവിച്ചത് ഏത് ഹോസ്പിറ്റലിൽ ആണെന്ന് ആരോടാവും തിരക്കിയിട്ടുണ്ടാവുക?
"ആനി, നീയൊരു പ്രസക്തമായ ചോദ്യമാണ് ചോദിച്ചത്. അവൾ ആരോടാവും ചോദിച്ചിട്ടുണ്ടാവുക?"
ജെറോം കുറച്ച് നേരം ആലോചിച്ച് നിന്നിട്ട് പറഞ്ഞു
"എന്റെ മനസ്സിൽ രണ്ട് സാധ്യതകളാണ് കാണുന്നത്"
"അതെന്താ ഇച്ചായ?" ആനി അല്പം ജിജ്ഞാസ പൂണ്ട് ചോദിച്ചു
ജെറോം പറഞ്ഞു
"ഒന്നാമത്തെ സാധ്യത ...." ജെറോം പറയാൻ തുടങ്ങിയതും അതിന് വിഘ്നം വരുത്തിക്കൊണ്ട് ജെറോമിന്റെ മൊബൈലിൽ കോൾ വന്നു.
"ഹെലോ ...."
തുടരും

Jijo
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo