Slider

കല്പാന്ത മേഘങ്ങളുടെ കാഴ്ച്ചകൾ

0

കല്പാന്ത മേഘങ്ങളുടെ കാഴ്ച്ചകൾ
*************************************************************************
ആ നാല്ക്കവലയില്‍ ഒരു ഉച്ച നേരം തുടങ്ങുകയാണ്.റബ്ബര്‍ തോട്ടങൾക്കിക്കിടയിലൂടെ കടന്നു പോവുന്ന പാത.ആ കവല ,നാട്ടിന്പുറങ്ങളില്‍ നിങ്ങള്‍ സാധാരണ കാന്നുന്ന തരം കവലകളില്‍ ഒന്ന് തന്നെയാണ്.
ഇടിഞ്ഞു പൊളിയാറായ വെയിറ്റിംഗ് ഷെഡ്‌.അതിനരികില്‍ ഒരു പെട്ടിക്കട.അതിനു സമീപം ഒരു ചുവന്ന തപാല്‍ പെട്ടി.റോഡിനു എതിര്‍ വശം കവലയുടെ അല്പം അകലെ മാറി തുരുമ്പ് പിടിച്ചു തുടങ്ങിയ ട്രാന്‍സ്ഫോര്‍മര്‍.തപാല്‍പെട്ടിയുടെ അരികില്‍ ഒരു ചെറിയ കൊടിമരവും ഏതോ പാര്‍ട്ടിയുടെ പഴകിയ കൊടി ,പരാജയപ്പെട്ട വിപ്ലവം പോലെ താഴ്ന്നു കിടക്കുന്നതും പറയാന്‍ വിട്ടു പോയി.
കൊടി മരത്തിനു നേരെ എതിരായി ഒരു ഇരുമ്പു പോസ്റ്റ്‌ ,ട്രാന്‍സ്ഫോര്‍മറിലേക്ക് വൈദ്യുതി എത്തിച്ചു കൊണ്ട് തല ഉയര്‍ത്തി നില്ക്കുന്നു.അതിനു പുറകില്‍ ,ഒരു വെളുത്ത കുരിശു നാട്ടപെട്ടിരിക്കുന്നു.ആ കുരിശു സൂചിപ്പിക്കുന്നത് അതിനു കീഴെ വില്യം ഹാര്‍വെ എന്ന സായിപ്പ് ഉറങ്ങുന്നു എന്നാണ്.വര്‍ഷങ്ങള്‍ക്ക് മുന്പ് ബ്രിട്ടീഷ് ഭരണ കാലത്ത് കേരളത്തില്‍ എത്തിയ ഇലക്ട്രിക്കല്‍ എഞ്ചിനീയറായ സായിപ്പിന് മൂന്നാറില്‍ വച്ച് ,മലേറിയ ബാധിച്ചു.തിരികെ നാട്ടിലേക്ക് പോവുന്നതിനിടയില്‍ ഈ സ്ഥലത്ത് വച്ചാണ് മരണപ്പെട്ടത്.ഭാര്യയെയും ആദ്യ പുത്രനെയും ഒരു നോക്ക് കാണാന്‍ ഉള്ള യാത്ര കൂടിയായിരുന്നു അത്.ഈ ഉച്ച നേരത്ത്,ആ വെളുത്ത കുരിശിനു കീഴെ പഴുത്ത റബ്ബര്‍ ഇലകള്‍ മൂടി ഗ്രഹാതുരമായ ഓര്‍മ്മകള്‍ പോലെ കാറ്റില്‍ ഇളകി മറിയുന്നു.
പെട്ടിക്കടയില്‍ ഒരു കിഴവന്‍ വിജനവും നിശ്ചലവുമായ ആ കവലയിലെ ,വിരസമായ കാഴ്ചകള്‍ കണ്ടു താടിക്ക് കൈ കുത്തി ഇരിക്കുന്നു.
വിരസമായ തന്റെ പരിസരത്തെ കുറിച്ചും അത് തന്നില്‍ നിറക്കുന്ന ഏകാന്തതയെക്കുറിചുമാണ് അയാള്‍ ചിന്തിക്കുന്നത്.പ്രപഞ്ചാത്മാവിന്റെ അബോധ മനസ്സിലേക്കുള്ള നിഗൂഡ വാതിലുകള്‍ തുറക്കാന്‍ ശേഷി നഷ്ടപെട്ടിരുന്ന ഒരു സാധാരണ മനസ്സിന്റെ ഉടമ തന്നെയായിരുന്നു അയാള്‍.തനിക്കു ചുറ്റുമുള്ള മറ്റൊരു ലോകത്തിന്റെ നില നില്പ് ഒരിക്കലും അയാള്‍ ഊഹിചിരുന്നില്ല.അറിയുമായിരുന്നെങ്കില്‍ ഒരു ത്രികോണത്തിന്റെ ഉള്ളിലെ മറ്റൊരു ത്രികോണവും അതിനുള്ളില്‍ മറ്റൊന്നും അങ്ങനെ എന്ന പോലെ ,അനന്തമായ ലോകങ്ങള്‍ ഒരു ബിന്ദുവില്‍ ലയിക്കുന പ്രപഞ്ചത്തിന്റെ സമാന്തര ജ്യാമിതിയത്തെ കുറിച്ച് അയാള്‍ ആലോചിച്ചേനെ.അങ്ങനെ ആയിരുന്നെങ്കില്‍ നിശബ്ദം എന്ന് അയാള്‍ കരുതുന്ന തനിക്കു ചുറ്റുമുള്ള ആ വിജനതയില്‍ നടക്കുന്ന കാര്യങ്ങള്‍ അയാള്‍ അറിഞ്ഞേനെ.അയാള്‍ ഉറങ്ങാന്‍ തുടങ്ങുകയാണ്.ചുറ്റും നടക്കുന്ന ചര്‍ച്ചകള്‍ കാണാതെ.കേള്‍ക്കാതെ-
“പ്രിയ തപാല്‍ പെട്ടി..നിനക്ക് ഞാന്‍ പറയുന്നത് ഒന്ന് ഗ്രഹിച്ചു കൂടെ..എത്ര വട്ടം നിന്റെ മുന്നില്‍ ഞാന്‍ മനസ്സ് തുറന്നു.എന്ത് കൊണ്ടാണ് നിനക്ക് എന്റെ മനസ്സ് കാണാന്‍ കഴിയാത്തതു..?
ഇലക്ട്രിക് പോസ്റ്റ്‌ തപാല്‍ പെട്ടിയുടെ മുന്നില്‍ തന്റെ മനസ്സ് തുറക്കുകയാണ്.
പോസ്റ്റിന്റെ പറച്ചില്‍ കേട്ട് തപാല്‍ പെട്ടിയുടെ സമീപം നിന്നിരുന്ന കൊടി മരം കോപത്തോടെ പോസ്റ്റിനു നേരെ നോക്കി.സ്ഥിരം കേട്ട് കൊണ്ടിരിക്കുന്ന വാചകങ്ങള്‍ കേട്ട് ട്രാന്സ്ഫോർമർ ദീർഘനിശ്വാസം വിട്ടു.അതിന്റെ ഫലമായി പകല്‍ ചൂടില്‍ ഇളകി മറിഞ്ഞു കൊണ്ടിരുന്ന അതിറെ ഉള്ളിലെ ഓയില്‍ ഒന്ന് കൂടി ഇളകി മറിഞ്ഞു.അതിന്റെ ഫലമായി റബ്ബര്‍ തോട്ടങ്ങളിലെ ലയങ്ങളിലെക്ക് എത്തിക്കുന വൈദ്യുതിയില്‍ ഒരു വിറയല്‍ വരെ ഉണ്ടായി.
“എന്ത് മേന്മയാണ് ഈ സുന്ദരിയായ തപാല്‍ പെട്ടിയോടു പ്രേമം പറയാന്‍ നിനക്കുള്ള യോഗ്യത,തുരുമ്പ് പോസ്റ്റെ ?”കൊടി മരം ചോദിച്ചു.
“ഹഹ,ഈ നാല്‍ക്കവല അല്ലാതെ നിനക്ക് എന്ത് കാണാന്‍ കഴിയും.എനിക്ക് ഇവിടെ നിന്ന് നോക്കിയാല്‍ ഈ വളവിനു അപ്പുറം നിശബ്ദമായ തോട്ടങ്ങള്‍ കാണാം.ദൂരെ മലനിരകളുടെ ഇടയിലൂടെ ഒഴുകുന്ന വെളുത്ത നാരുകള്‍ പോലെ ഉള്ള വെള്ള ചാട്ടങ്ങള്‍ കാണാം.ഞാന്‍ ഒരു സാധാരണ പോസ്റ്റ്‌ ഒന്നുമ്മല്ല.പതിമൂന്നു മീറ്റര്‍ 'എ പോള്‍' എന്നറിയപെടുന്ന ഉന്നത കുലജാതനായ വൈദ്യുത തൂണ്‍ ആണ്.നിന്നെ പോലെ പഴകിയ കൊടി തലയില്‍ കെട്ടി നില്ക്കുന്ന ഒരു പീറ കൊടിമരം അല്ല."
“ഒന്ന് നിര്‍ത്തുന്നുണ്ടോ രണ്ടു പേരും.” ...തപാല്‍ പെട്ടിയുടെ ചുവന്ന മുഖം ഒന്ന് കൂടി ചുവന്നു.
“പ്രിയ ചുവന്ന സുന്ദരി പെട്ടി,എന്റെ കമ്പികളില്‍ കൂടി ഒഴുകുന്നത്‌ വൈദ്യുതി അല്ല.നിന്നോടുള്ള പ്രണയത്തീ ആണ്.”
പോസ്റ്റ്‌ പറഞ്ഞു.
നാല്കവലയുടെ മുകളിലെ ആകാശത്തില്‍ അപ്പോള്‍ അലസനമാരായ രണ്ടു ചെറു മഴ മേഘങ്ങള്‍ ഈ സംസാരം കേട്ട് താഴേക്ക്‌ നോക്കി.കല്പാന്തങ്ങളിലൂടെ ,യുഗങ്ങൾ കടന്ന്,സഞ്ചരിച്ച മേഘ ശകലങ്ങള്‍ ആയിരുന്നു അവ.ചിരഞ്ജീവികളായ ജ്ഞാന ദേവകള്‍.
“കുറെയേറെ മനുഷ്യ പ്രണയങ്ങളുടെ അംശങ്ങള്‍ ആ വസ്തുക്കളില്‍ കുടി കൊള്ളുന്നു...”പ്രായം ചെന്ന മേഘം മറ്റതിനോട് പറഞ്ഞു
.
“അവക്ക് എന്ത് സംഭവിക്കും ?..”ഇളയ മേഘം ചോദിച്ചു.
“പ്രണയത്തിന്റെ അവസാനം എന്നും വേദന തന്നെ.അല്പ‍ നേരം കൂടി നോക്കി നിന്നാല്‍ ഇതിന്റെ പരിസമാപ്തി കാണാം.ആ വേദനയില്‍ നിന്ന് വസ്തുക്കളില്‍ കുടി കൊള്ളുന്ന അദ്രശ്യമായ അംശങ്ങള്‍ക്കു ശാപ മോക്ഷം നല്കാന്‍ ഉള്ളു തുറന്ന മനുഷ്യര്‍ക്കെ കഴിയൂ.നിര്‍ജീവ വസ്തുക്കളില്‍ വരെ ജീവന്‍ ഉണ്ടെന്നു തിരിച്ചറിയുന്ന ഹൃദയങ്ങള്ക്ക്..സ്നേഹം തിരിച്ചറിയാന്‍ അവരുടെയിടയില്‍ ആത്മാവുകള്‍ കുറവാണു.പുനര്‍ജ‍ന്മങ്ങളുടെ ചങ്ങലക്കണ്ണികളില്‍ കുടുങ്ങാന്‍ ആണ് അവരുടെ വിധി.അത് കൊണ്ട് നമ്മുക്ക് പോകാം.”
“വേണ്ട ,നമ്മുക്ക് കുറച്ചു നേരം കൂടി നോക്കി നിന്ന് അവരുടെ സംഭാഷണം കേള്‍ക്കാം.. “ഇളയ മേഘം പറഞ്ഞു.
താഴെ കൊടി മരവും പോസ്റ്റും തമ്മില്‍ തര്‍ക്കം നടന്നു കൊണ്ടിരിക്കെ,പോസ്റ്റിനു സമീപത്തെ കുരിശിനു സമീപം ഒരു ചെറു കാറ്റ് വീശി.തപാല്‍ പെട്ടി ആ കാറ്റില്‍ നോക്കി കൊണ്ട് മറ്റുള്ളവരോട് പറഞ്ഞു.
“സായിപ്പ് വരുന്നെന്നു തോന്നുന്നു.”
ഉടനെ എല്ലാവരും നിശബ്ദരായി.
കാറ്റ് നിലച്ചു.പോസ്റ്റിനു സമീപം ഒരു വെളുത്ത നിഴല് പോലെ സായിപ്പിന്റെ ആത്മാവ് തെളിഞ്ഞു വന്നു.ആത്മാവ് ക്ഷീണിതനായിരുന്നു.റോഡരികിലെ ,ആളുകള്‍ ഇരിക്കുന്ന ഒരു ഒടിഞ്ഞ പോസ്റ്റിനു മുകളിലേക്ക് സായിപ്പ് ഇരുന്നു.തൊപ്പി ഊരി മടിയില്‍ വച്ച് സായിപ്പ് ചോദിച്ചു.
“എന്താ ,എല്ലാവരും ചര്‍ച്ചയില്‍ ആണെന്ന് തോന്നല്ലോ...പ്രണയ വഴക്ക് തന്നെയാണോ .?.”
“സായിപ്പ് ഇപ്പൊ ഒരിടത്തും പോകാറില്ലേ...”?” ട്രാന്‍സ്ഫോര്‍മര്‍ തന്റെ ഉള്ളിലെ വൈദ്യുതി പരമാവധി ഞെക്കി പിഴിഞ്ഞ് ലൈനുകളിലെക്ക് കയറ്റി വിട്ടു കൊണ്ട് ചോദിച്ചു.
“ഓ,ഒരിടത്തും പോകാറില്ല.എല്ലായിടത്തും ഒരേ കാഴ്ചകള്‍ മാത്രം.”സായിപ്പിന്റെ ആത്മാവ് പറഞ്ഞു.
അടുത്ത നാളുകള്‍ വരെ സായിപ്പ് പല സ്ഥലങ്ങളും സഞ്ചരിച്ചു അവിടെ കണ്ട കാഴ്ചകള്‍ ,ചലന രഹിതരായ നാല്‍കവലയിലെ തന്റെ സുഹൃത്തുക്കളോട് പങ്കു വയ്ക്കുമായിരുന്നു.ഈയിടെ ആയി സായിപ്പ് പക്ഷെ ഒരിടത്തും പോകാറില്ല.കൂടുതല്‍ സമയവും ഗ്രഹാതുരമായ പഴുത്ത റബ്ബര്‍ ഇലകളുടെ മെത്തമേല്‍ തന്റെ ആത്മാവിനെ പടര്‍ത്തിയിട്ട് വിശ്രമിക്കുന്നു.
“സായിപ്പ് ഇന്നിതിന് ഒരു തീരുമാനം ഉണ്ടാക്കണം...”ട്രാന്‍സ്ഫോര്‍മര്‍ പറഞ്ഞു.
“ഇവരില്‍ ആരാണ് തപാല്‍ പെട്ടിയുടെ പ്രണയത്തിനു യോഗ്യന്‍ എന്ന് കണ്ടുപിടിക്കണം. “
ഇരുമ്പ് പോസ്റ്റ്‌ ദു:ഖത്തോടെ സായിപ്പിനെ നോക്കി.
സായിപ്പ് കുറച്ചു നേരം നിശബ്ദനായിരുന്നു.എല്ലാവരും നിശബ്ദരായി സായിപ്പിന്റെ തീരുമാനത്തിന് കാത്തു.മുകളില്‍ കല്പാന്ത മേഘങ്ങള്‍ വരെ ഒരു നിമിഷം എല്ലാം മറന്നു നിന്നു.
“അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്..ഒരു വഴിയുണ്ട്.ആര്‍ക്കാണ് തപാല്‍ പെട്ടിയെ തൊടാന്‍ സാധിക്കുന്നത്‌ അയാള്‍ ആ പ്രണയത്തിനു യോഗ്യനാണ്...” സായിപ്പ് തീര്‍പ്പ് കല്പിച്ചു.
“സായിപ്പേ ഇത് ചതിയാണ്,ചലന രഹിതരായ വസ്തുക്കള്ക്കു് എങ്ങനെ പരസപരം തൊടാന്‍ സാധിക്കും.വിപ്ലവത്തിന്റെ കൊടി പാറി കളിക്കുന്ന തപാല്‍ പെട്ടിയുടെ അരികില്‍ തന്നെയുള്ള എനിക്കല്ലേ ആ പ്രണയത്തിനു യോഗ്യത".?കൊടി മരം ചോദിച്ചു.
സായിപ്പ് ഒന്നും പറഞ്ഞില്ല.
“യഥാർത്ഥ പ്രണയത്തിനു ഏതു പരീക്ഷണവും അതിജീവിക്കാന്‍ കഴിയും.ഒന്നൊഴിച്ച്.”
“ഏത്?” തപാല്‍ പെട്ടി ചോദിച്ചു.
“മലേറിയ.”
കല്പാന്ത മേഘങ്ങളിലെ മൂത്ത മേഘം അത് കേട്ട് ഒന്ന് നിശ്വസിച്ചു.സായിപ്പിനെ കൂടാതെ കടലിന്റെ നീല ചക്രവാളത്തിലേക്ക് മറയുന്ന ആ നൌക അതിനു ഓര്‍മ്മ വന്നു.
“എനിക്ക് ഈ മത്സരത്തിനു താല്പര്യമില്ല.യോഗ്യതകള്‍ വച്ചുള്ള ഒരു അവലോകനമാണ് യഥാര്ത്ഥത്തില്‍ നടത്തേണ്ടത്..”കൊടിമരം പിറുപിറുത്തു.
“എനിക്ക് നിന്നെ തൊടാന്‍ സാധിക്കും പ്രിയ തപാല്‍ പെട്ടീ ....എങ്ങനെ എന്ന് എനിക്കറിയില്ല..പക്ഷെ നിന്നെ തൊട്ടില്ലെങ്കില്‍ മറ്റ് എന്തിനെയാണ് എനിക്ക് തൊടാന്‍ സാധിക്കുക...”
“അങ്ങനെ എങ്കില്‍ എന്റെ ഉള്ളില്‍ നിക്ഷേപിക്കപെട്ടിരിക്കുന്ന അവസാനത്തെ പ്രണയ ലേഖനം നിനക്കുള്ളതാണ്..” തപാല്‍ പെട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“അസംഭവ്യം!” കൊടി മരം ഉറക്കെ പറഞ്ഞു.ട്രാന്‍സ്ഫോര്‍മര്‍ അത് മനസ്സില്‍ പറഞ്ഞു.
സായിപ്പ് ഒന്നും പറഞ്ഞില്ല.പകരം ആ പഴയ ബ്രിട്ടീഷ് എന്‍ജിനീയര്‍ പോസ്റ്റിന്റെ ചുവട്ടിലേക്ക് നോക്കി.പിന്നെ തന്റെ ശവ കുടീരത്തിനു സമീപമുള്ള റബ്ബര്‍ മരത്തിലേക്ക് നോക്കി.മുകളില്‍ കല്പാന്ത മേഘങ്ങള്‍ കണ്ണടച്ചു.
പൊടുന്നനെ അന്തരീക്ഷം മാറി തുടങ്ങി.കാറ്റ് വീശാന്‍ ആരംഭിച്ചു.ഏതാനും നിമിഷം നീണ്ടു നിന്ന ആ കാറ്റില്‍ വലിയ ശബ്ദത്തോടെ കുരിശിനു സമീപം നിന്ന റബ്ബര്‍ വൃക്ഷം ഒടിഞ്ഞു വീണു.അതിന്റെ ശിഖരം താഴേക്ക് വീഴുന്നതിനിടയില്‍ ഇരുമ്പ് പോസ്റ്റില്‍ തട്ടി.
ഒന്ന് ആടിയതിന് ശേഷം പോസ്റ്റ്‌ മറിഞ്ഞു റോഡിലേക്ക് വീണു.അതിന്റെ ചുവടു മുഴുവന്‍ ദ്രവിച്ചതായിരുനു.
പോസ്റ്റ്‌ മറിഞ്ഞു വീണപ്പോള്‍ അതിന്റെ അഗ്രഭാഗം തപാല്‍ പെട്ടിയുടെ മുകളില്‍ തട്ടി.അത് മറിഞ്ഞു പോസ്റ്റിനു സമീപം വീണു..
റോഡില്‍ ആരുടെയോ പ്രണയ ദുരന്ത വേദനകള്‍ പോലെ വൈദ്യുത കമ്പികള്‍ പുളഞ്ഞു കിടന്നു.വൈദ്യുതി നിലച്ചു.
ശബ്ദം കേട്ട് വൃദ്ധന്‍ ഉറക്കം വിട്ടു കണ്ണ് തുറന്നു.ഒടിഞ്ഞു വീണ മരവും,വീണു കിടക്കുന്ന പോസ്റ്റും തപാല്‍ പെട്ടിയും ,കമ്പികളും വൃദ്ധന്‍ കണ്ടു.
“ഇല ഭാരം കൂടിയ ഒരു മരം വരുത്തിയ വിന!!” വൃദ്ധന്‍ സ്വയം പറഞ്ഞു
.
അപ്പോള്‍ വൃദ്ധനെ വിളിച്ചു കൊണ്ട് പോകാന്‍ അയാളുടെ മകള്‍ അവിടെ എത്തി.അവരുടെ തോളില്‍ രണ്ടു വയസ്സ് പ്രായമുള്ള അവരുടെ മകള്‍, പിഞ്ചു കുട്ടി ഉറങ്ങുന്നുണ്ടായിരുന്നു.
വൃദ്ധന്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസുകള്‍ ഊരി മാറ്റിയതിനു ശേഷം പോസ്റ്റിനു അരികില്‍ വീണു കിടക്കുന്ന തപാല്‍ പെട്ടിയുടെ അടുത്ത് ചെന്ന് അത് നേരെ വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.
വൃദ്ധന്റെ മകള്‍ അയാളുടെ അരികില്‍ എത്തി.ഉടനെ ആ പിഞ്ചു കുഞ്ഞുകുട്ടി കരയാന്‍ തുടങ്ങി.അത് തപാല്‍ പെട്ടിയുടെ വായയുടെ അരികിലേക്ക് നീങ്ങി വന്ന ആ പഴയ നീല കത്തിനായി മുറ വിളി കൂട്ടി.
“ഇനി ആര്‍ക്ക്‌ വേണം ഇതിനുള്ളിലെ കത്തുകള്‍ ..”വൃദ്ധന്‍ പിറുപിറുത്തു കൊണ്ട് ആ കടലാസ്സ്‌ കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ അതിന്റെ കയ്യില്‍ വച്ച് കൊടുത്തു.
കുഞ്ഞ് അത് ഒരു നിമിഷം കയ്യില്‍ എടുത്തു പിടിച്ചു.അതിനു ശേഷം വീണു കിടക്കുന്ന പോസ്റ്റിനു സമീപം നില്ക്കുന്ന സായിപ്പിന്റെ വെളുത്ത ആത്മാവിനെ നോക്കി കൊച്ചരി പല്ലുകള്‍ കാട്ടി ചിരിച്ചു.എന്നീട്ടു ആ കത്ത് വീണു കിടക്കുന്ന പോസ്റ്റിന്റെ മുകളിലേക്ക് ഇട്ടു.അത് പറന്നു പറന്നു പോസ്റ്റിനു മുകളില്‍ പോയിരുന്നു.അതില്‍ നിന്ന് പുനര്‍ജന്മങ്ങളുടെ ചങ്ങല കണ്ണിയില്‍ പെട്ടിരുന്ന പ്രണയത്തിന്റെ ആത്മാവുകള്‍ അപ്പോള്‍ അദൃശ്യരായ വെളുത്ത ശലഭങ്ങളായി ആകാശത്തേക്ക് പറന്നുയര്‍ന്നു.
സായിപ്പ് ഉപചാരപൂര്‍വ്വം പുഞ്ചിരിച്ചു കൊണ്ട് തന്റെ തൊപ്പി തലയില്‍ നിന്ന് എടുത്തു മാറ്റി തല കുനിച്ചു കുഞ്ഞിനെ അഭിവാദ്യം ചെയ്തു.കുഞ്ഞു സായിപ്പിനെ നോക്കി വീണ്ടും ചിരിച്ചു.
മുകളില്‍,കല്പാന്ത മേഘങ്ങളിലെ ഇളയ മേഘത്തിന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി പൊടിഞ്ഞു താഴേക്ക്‌ വീണു.അത് സായിപ്പിന്റെ ആത്മാവിന്റെ നെറ്റിയില്‍ വീണു.
ഏക ബിന്ദുവിലേക്ക് ഉള്ള ആ ആത്മാവിന്റെ യാത്ര തുടങ്ങി..
“വാ മഴ പെയ്യാന്‍ തുടങ്ങി.പോകാം..”വൃദ്ധന്‍ മകളോട് പറഞ്ഞു.
മുകളില്‍ യുഗ സഞ്ചാരികളായ മേഘങ്ങളും തങ്ങളുടെ യാത്ര പുനരാരംഭിച്ചു.
(അവസാനിച്ചു)

By
Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo