നഷ്ടപെട്ട നിധി
''ഡാ ...ഞാൻ രവിയാണ് ...എന്തായി ???...അച്ഛന്റെയും അമ്മയുടെയും വല്ല വിവരവും കിട്ടിയോ ???...പോലീസിൽ വിളിച്ചോ??''
''ഇല്ലെടാ...ഞാൻ പിന്നെ വിളിക്കാം ''
രവിയുടെ ഫോൺ കട്ടാക്കി ഞാൻ നേരെ അടുക്കളയിലേക്ക്നടന്നു.സുഭദ്രയെ അവിടെയെല്ലാം നോക്കി ....പക്ഷേ ,കണ്ടില്ല.....ചോറ് അടുപ്പത്ത് കിടന്ന് തിളച്ചു മറിയുന്നുണ്ട്.ഞാൻ അവളെയും തിരഞ്ഞ മുറ്റത്തേക്കിറങ്ങി.വീടിന്റെ പിറകു വശത്തെ ചായ്പ്പിനോട് ചേർന്ന അലക്കു കല്ലിൽ അവൾ ഇരിക്കുന്നുന്നുണ്ട്.വിദൂരതയിലേക്ക് നോക്കി കണ്ണുനീർ പൊഴിച്ചുകൊണ്ടിരിക്കുന്ന അവളെ കണ്ടതും എന്റെ ഹൃദയം പിടഞ്ഞു .ഞാൻ അവളുടെ ചുമലിൽ പതിയെ കൈവെച്ചതും അവളെന്നെ കെട്ടിപ്പിടിച്ചു .എന്റെ മാറിൽ തലവെച്ചു വിതുമ്പി കരഞ്ഞു.
''ഏട്ടാ ...ഞാൻ കാരണം നമ്മുടെ അച്ഛനും അമ്മയും??? ...ഈ ദുഷ്ടയെ വെറുക്കല്ലേ ഏട്ടാ "
ഞാൻ അവളുടെ ശിരസ്സിൽ തലോടി.അവളുടെ കണ്ണിൽ നിന്ന് പൊഴിഞ്ഞ അശ്രുകണങ്ങളെ എന്റെ വിരല് കൊണ്ട് മായ്ച്ചു കളഞ്ഞു.
''കരയേണ്ട...അവർ എങ്ങും പോയിട്ടില്ല...നമ്മൾ രണ്ടുപേരെയും വിട്ട് അവർക്കെങ്ങോട്ടു പോകാനും കഴിയില്ല.....നീ നേരെ അടുക്കളയിലേക്ക് ചെല്ല്... ചോറ് വെന്ത് കേടായിക്കാണും "
അവൾ മുഖം കഴുകി അടുക്കളയിലേക്ക് നടന്നു.ഞാൻ ഉമ്മറപ്പടിയിലേക്കും. അനാഥമായി കിടക്കുന്ന അച്ഛന്റെ ചാരുകസേര കണ്ടതോടെ എന്റെ മനസ്സിനെ വന്നു മൂടിയ കാർമേഘങ്ങൾ ചെറുതുള്ളികളായി കണ്ണിലൂടെ ഒലിച്ചിറങ്ങി.
രണ്ടാഴ്ചകൾക്ക് മുൻപാണ് അച്ചൻ എന്നോട് മടിച്ചു മടിച്ചു ഒരു ആവശ്യം പറഞ്ഞത്.അവർക്ക് രണ്ടു പേർക്കും ചില പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹമുണ്ടത്രെ.കേട്ടമത്രയിൽ ഞാൻ അവരുടെ ആവശ്യത്തെ നിരസിച്ചു.അത് മറ്റൊന്നും കൊണ്ടല്ലായിരുന്നു. അച്ഛന് ആയിടെ കാല് വേദനകൂടുതലായിരുന്നു.അമ്മയ്ക്കാണെങ്കിൽ ആസ്മയുടെ ബുദ്ധിമുട്ടും. രണ്ട് മാസം കാത്തിരുന്നാൽ ഓഫീസിൽ നിന്ന് ലീവെടുത്ത് നമുക്ക് എല്ലാവർക്കും ഒരുമിച്ചുപോകാമെന്ന് ഞാൻ അവരോട് പറഞ്ഞു.അവർക്കും നല്ല സന്തോഷമായി.പക്ഷേ,സുഭദ്ര....
ഞങ്ങൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ട് നിന്നിരുന്ന അവളുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. അച്ഛൻ പോയതും അവൾ എനിക്ക് നേരെ കലിതുള്ളി.
''നിങ്ങളുടെ അച്ഛനും അമ്മയ്ക്കും നാട്ടിലെ അമ്പലങ്ങെല്ലാം കയറി ഇറങ്ങി നടക്കണെമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ മാത്രം കൂടെപ്പോയാൽ മതി...എന്നെയും മോനെയും പ്രതീക്ഷിക്കേണ്ട''
''ഭദ്രേ...നിനക്ക് വരാൻ ആഗ്രഹമില്ലെങ്കിൽ വരേണ്ട...എന്റെ അച്ഛനും അമ്മയുമല്ലേ ഞാൻ പോകും കൂടെ''
''പൊയ്ക്കോ ...ആര് പറഞ്ഞു പോകണ്ട എന്ന്...കുറച്ചു ദിവസത്തേക്കെങ്കിലും ഈ നരകത്തിൽ നിന്ന് എനിക്ക് മോചനംകിട്ടുമല്ലോ??''
''നരകമോ??"
''അതെ...ഈ വീട് എനിക്കിന്നൊരു നരകമാണ്...കാലത്ത് നാല് മണിക്ക് മുൻപേ എഴുന്നേൽക്കണം ...അവർക്കു രണ്ടുപേർക്കും ചായ ഉണ്ടാക്കി കൊടുക്കണം ...മരുന്നെടുത്ത് കൊടുക്കണം...കുളിക്കാൻ വെള്ളം ചൂടാക്കണം...ഇനി എങ്ങാനും സുഖമില്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകണം ...പിന്നെ നിങ്ങളുടെ ഓഫീസിൽ പോക്ക്...കണ്ണന്റെ സ്കൂളിൽ പോക്ക്...അവർ രണ്ടുപേരും കുറച്ചു ദിവസത്തേക്ക് മാറി നിന്നാൽ തന്നെ എന്റെ പാതി ജീവൻ തിരിച്ചു കിട്ടും''
അവളുടെ ശബ്ദം പതിയെ ഉയർന്നു തുടങ്ങി.ഒടുവിൽ എന്റെ ക്ഷമയുടെ നെല്ലിപ്പടിയും കടന്ന് അത് മുന്നോട്ട് പോയതോടെ ഞാൻ അവളുടെ കവിളിൽ കൈവെച്ചു .അതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ എന്റെ മുന്നിൽ നിന്ന് ഓടി മറഞ്ഞു.പക്ഷേ ,ഞങ്ങളുടെ സംസാരങ്ങൾ മാറിനിന്ന് ശ്രവിച്ചിരുന്ന അച്ഛനെയും അമ്മയെയും വാതിലിന് പിറകിൽ ഞാൻ കണ്ടു.അതോടെ അവരുടെ മുഖത്ത് നോക്കാൻ കഴിയാതെ ഞാൻ വിയർത്തു നിന്നു. അവളെ തല്ലേണ്ടി വന്നു എന്ന കുറ്റബോധത്തെക്കാൾ എന്നെ മുറിവേൽപ്പിച്ചത് അച്ഛന്റെയും അമ്മയുടെയും നിസ്സഹായത നിറഞ്ഞ ആ നോട്ടമായിരുന്നു.ഞാൻ നേരെ മുറ്റത്തേക്കിറങ്ങി.പിന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ അങ്ങാടിയിലെ സുഹൃത്തുക്കളുടെ ഇടയിലേക്ക് നടന്നു.
നേരം ഏറെ ഇരുട്ടിയിട്ടും എനിക്ക് വീട്ടിൽ കയറാൻ മനസ്സ് വന്നില്ല.പെട്ടെന്നാണ് എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചത്.അച്ഛനായിരുന്നു അത്...
''ഡാ...നീ എവിടെ..സമയം ഒമ്പതര കഴിഞ്ഞു...ഭക്ഷണം കഴിക്കണ്ടേ...ഞങ്ങൾ നിനക്ക് വേണ്ടി കാത്തിരിക്കാണ്..."
''നിങ്ങൾ കഴിച്ചോളൂ....ഞാൻ ഒരു സുഹൃത്തിന്റെ കല്യാണ വീട്ടിലാണ്...വരാൻ അൽപ്പം വൈകും''
''ഭദ്ര പറഞ്ഞതൊന്നും നീ കാര്യമാക്കേണ്ട...ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു സങ്കടവും ഇല്ല...ഈ യാത്ര ഞങ്ങൾ രണ്ട് മാസം മുൻപേ തീരുമാനിച്ചതാണ്...നിന്നോട് പറഞ്ഞില്ലെന്നേ ഒള്ളൂ ..അത്കൊണ്ട് നാളേക്കാലത്തു തന്നെ ഞങ്ങൾ പുറപ്പെടും... .അമ്മയുടെ മരുന്നുകളെല്ലാം എടുത്തിട്ടുണ്ട്...എന്റെ കാല് വേദനയ്ക്ക് കുറവുമുണ്ട്...നീ പേടിക്കേണ്ട വെറും ഒരാഴ്ചത്തെ കാര്യമല്ലേ ഒള്ളൂ ...അത് കഴിഞ്ഞാൽ ഞങ്ങൾ ഇങ് വരില്ലേ??''
ഞാൻ വീട്ടിലേക്ക് വളരെ വൈകി എത്തിയപ്പോഴേക്കും അവർ രണ്ടുപേരും ഉറങ്ങിയിരുന്നു.പിറ്റേന്ന് രാവിലെ ഭദ്രയാണ് എന്നെ വിളിച്ചുണർത്തിയത്.
അവൾ അതീവ സന്തോഷവതിയായിരുന്നു .
അവൾ അതീവ സന്തോഷവതിയായിരുന്നു .
''ഏട്ടാ..അച്ഛനും അമ്മയും ഞാൻ എണീക്കുന്നതിന് മുൻപേ പോയി....ഹാവൂ ഇനി ഒരാഴ്ചത്തേക്കെങ്കിലും മനസ്സമാധാനമായി നടു നിവർത്താം "
ഞാൻ അവളോട് ഒന്നും മിണ്ടിയില്ല. രാവിലെതന്നെ അവളുമായി വഴക്കിടാൻ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാൻ നേരെ ബാത്റൂമിലേക്ക് പോയി.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അച്ഛനും അമ്മയും വരാമെന്നേറ്റ ഒരാഴ്ചയും കടന്നുപോയി.എന്റെ മനസ്സിൽ ആധിയേറി. ഞാൻ അവരെ അന്വേഷിക്കാൻ ആരംഭിച്ചു. എനിക്ക് അറിയാവുന്ന എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഞാൻ അതിന് വേണ്ടി ഉപയോഗിച്ചു.
ഓഫീസിൽ നിന്ന് ലോങ്ങ് ലീവ് എടുത്ത ഞാൻ അതിരാവിലെ വീട്ടിൽ നിന്നിറങ്ങും. അർദ്ധരാത്രിയിൽ നിരാശപൂണ്ട മുഖവുമായി മടങ്ങിയെത്തും. തീന്മേശയ്ക്ക് മുൻപിൽ നിരത്തിവെച്ച ഭക്ഷണങ്ങൾ ഒന്ന് നോക്കുകപോലും ചെയ്യാതെ ഞാൻ നേരെ കട്ടിലിൽ കേറിക്കിടക്കുമ്പോൾ ഭദ്രയുടെ മുഖം അസ്വസ്ഥമാകും.
ഒരിക്കൽ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ തറയിൽ വീണുകിടക്കുന്ന പാത്രങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും തൊട്ടടുത്ത സോഫയിൽ കരഞ്ഞു തളർന്നുറങ്ങുന്ന കണ്ണനെയുമാണ് കണ്ടത്. റൂമിലെത്തിയപ്പോൾ തലയിണയിൽ മുഖം അമർത്തികരയുന്ന ഭദ്രയും. ഞാനൊന്നും ചോദിച്ചില്ല.... എനിക്കറിയാമായിരുന്നു എല്ലാം. മുത്തച്ഛനേയും മുത്തശ്ശിയേയും ചോദിച്ച് വാശിപിടിച്ചു കരഞ്ഞിരുന്ന കണ്ണൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിക്കാണില്ല. ഭദ്ര അവനെ തല്ലികാണും.
ഞാൻ അവളുടെ ചുമലിൽ പിടിച്ച് എഴുന്നേല്പിച്ച ഉടനെ അവൾപൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു
"ഞാനാ.. ഞാനാ... ആ പാവങ്ങളെ ആട്ടിയിറക്കിയേ .. ഈ പാപിയോട് ഒരു ദൈവവും മാപ്പ് തരില്ല... "
ഞാനും ഭദ്രയും ദിവസങ്ങളെണ്ണി കാത്തിരുന്നു.പക്ഷേ ,അവർ വന്നില്ല.ഞങ്ങൾ അറിയാവുന്നിടത്തെല്ലാം അന്വേഷിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം.
ഓരോ ദിവസവും ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴെല്ലാം ഞാൻ ആഗ്രഹിക്കാറുണ്ട്. ഉമ്മറക്കോലായിലെ ചാരുകസേരയിൽ മന്ദസ്മിതം തൂകി എന്നെ സ്വാഗതം ചെയ്യാൻ എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിലെന്ന് ... അടുക്കളയിലേക്ക് കയറിച്ചെല്ലുമ്പോൾ എന്റെ ശിരസ്സുതടവി വിശേഷങ്ങൾ ചോദിച്ചറിയാനും എന്റെ കണ്ണന് കഥകൾ പറഞ്ഞുകൊടുക്കാനും എന്റെ അമ്മയുണ്ടായിരുന്നെങ്കിലെന്ന്...
ഓരോ ദിവസവും ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴെല്ലാം ഞാൻ ആഗ്രഹിക്കാറുണ്ട്. ഉമ്മറക്കോലായിലെ ചാരുകസേരയിൽ മന്ദസ്മിതം തൂകി എന്നെ സ്വാഗതം ചെയ്യാൻ എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിലെന്ന് ... അടുക്കളയിലേക്ക് കയറിച്ചെല്ലുമ്പോൾ എന്റെ ശിരസ്സുതടവി വിശേഷങ്ങൾ ചോദിച്ചറിയാനും എന്റെ കണ്ണന് കഥകൾ പറഞ്ഞുകൊടുക്കാനും എന്റെ അമ്മയുണ്ടായിരുന്നെങ്കിലെന്ന്...
പക്ഷേ, വേനലും വർഷവും പലത് കഴിഞ്ഞു... ഉമ്മറക്കോലായിലെ ആ ചാരുകസേര ഇന്നും അനാഥമാണ്... ജനാല ഭിത്തിയിൽ ഇന്നും മാറാലപിടിച്ചിരിക്കുന്ന കുഴമ്പു പാത്രം എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച ആ മാതൃത്വത്തിന്റെ ഓർമ്മകൾ അവശേഷിപ്പിച്ച് അവിടെ തന്നെയുണ്ട് ...
ചിലത് അങ്ങനെയാണ്.... നഷ്ടപ്പെടുമ്പോൾ മാത്രമേ മൂല്യമറിയുകയൊള്ളൂ....
സമീർ ചെങ്ങമ്പള്ളി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക