Slider

..........ചതിയിലകപ്പെട്ടു പോകുന്നവർ........

0

..........ചതിയിലകപ്പെട്ടു പോകുന്നവർ........
******************************************
ഞാൻ ഇന്നൊരു എയ്ഡ്സ് രോഗിയാണ്.സമൂഹം അറപ്പോടെയും വെറുപ്പോടെയും എന്നെ നോക്കിയപ്പോളല്ല എന്റെ ഇടനെഞ്ച് തകർന്നത്
എന്റെ ഉറ്റവർ എന്നെ വെറുത്തപ്പോഴാണ്..അറിഞ്ഞുകൊണ്ട് ഞാനിന്നോളം തെറ്റിന്റെ വഴിയേ നടന്നിട്ടില്ല.എന്നിട്ടും ഈ സമൂഹത്തിനും എന്റെ ഉറ്റവർക്കും മുന്നിൽ ഞാൻ തെറ്റുകാരനാണ്..
വിദേശത്ത് ജോലി കിട്ടിയ ശേഷം പെങ്ങൻമാരുടെ രണ്ടാളുടേയും വിവാഹം ആഡംബരമായി തന്നെ നടത്തി.നല്ലൊരു വീടും
പണിതു.അപ്പോഴേക്കും പ്രായം ഏറിയത് ഞാനറിഞ്ഞില്ല..അറിഞ്ഞില്ല എന്നതിലുപരി ഞാനതിനേക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്ന് പറയുന്നതാണ് ശരി.അച്ഛനും അമ്മയും എനിക്കായി നാട്ടിൽ കല്ല്യാണാലോചന തുടങ്ങി..
അങ്ങനെ ഏകദേശം ഒരെണ്ണം ശരിയായി.
പെൺകുട്ടിയേയും അവളുടെ വീട്ടുകാരേയുമെല്ലാം അച്ഛനും അമ്മയ്ക്കും പെങ്ങൻമാർക്കും ഇഷ്ടായി എന്നും ,ഇനി ഞാൻ കൂടി സമ്മതിച്ചാൽ വിവാഹം ഉറപ്പിക്കാമെന്നും വിളിച്ചു പറഞ്ഞപ്പോൾ
മറുത്തൊരു മറുപടി എനിക്കും ഇല്ലായിരുന്നു
നല്ലതുമാത്രമേ അവർ എനിക്കു വേണ്ടി
ചിന്തിക്കുള്ളൂവെന്ന് എനിക്കറിയാരുന്നു. അതിനാലാണ് വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്കെ ഞാൻ നാട്ടിലെത്തിയത്.
നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ ഞാൻ എൻെ പെണ്ണായ ലക്ഷ്മിയെ പോയി കണ്ടു.
എന്റെ ഫോട്ടോ അവരെല്ലാം നേരത്തേ കണ്ടിരുന്നതിനാൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലായിരുന്നു.അല്പസ്വല്പം മോഡേൺ ആയ നല്ല ഒരു സുന്ദരി ആയിരുന്നു ലക്ഷ്മി.
ബാംഗ്ളൂരിൽ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ ശേഷം നാട്ടിൽ ജോലിക്കായി ശ്രമിക്കാണെന്നും,
ജോലികിട്ടിയാൽ അതിന് വിടണമെന്നും എന്നോടവൾ പറഞ്ഞു.എനിക്കും സമ്മതക്കുറവൊന്നും ഉണ്ടായിരുന്നില്ല ആ കാര്യത്തിൽ.
വിവാഹം നല്ല രീതിയിൽ തന്നെ നടന്നു.സന്തോഷകരമായ ദാമ്പത്യജീവിതം തുടങ്ങി രണ്ട് മാസം പിന്നിട്ടപ്പോഴാണ് ലക്ഷ്മിക്ക്
ഒരു തലചുറ്റൽ..ഞാനൊരു അച്ഛനാകാൻ പോകുന്നതിന്റെ ലക്ഷണമാണ് അവളുടെ ഈ തലചുറ്റലെന്ന് അമ്മ പറഞ്ഞപ്പോൾ ഞാനും ഒരുപാട് ആശിച്ചു.അവളേയും കൂട്ടി ഞങ്ങളുടെ
വീടിനടുത്തുള്ള ഹോസ്പിറ്റലിലേക്ക് തന്നെ ചെക്കപ്പിനായി പോയി.പക്ഷേ അവളെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞതൊക്കെയും എനിക്ക് വിശ്വസിക്കാൻ പോലും പറ്റാത്ത കാര്യങ്ങളായിരുന്നു
ബ്ളഡ്ടെസ്റ്റിൽ ലക്ഷ്മി ഒരു ഷുഗർ പേഷ്യന്റാണെന്ന് തെളിഞ്ഞു.പോരാത്തതിന് മഞ്ഞപിത്തവും.പല പല ടെസ്റ്റുകളും പോസിറ്റീവായി തോന്നിയതിനാൽ അവസാനം
എച്ച്ഐവി ടെസ്റ്റും നടത്തി.അതും പോസിറ്റീവായിരുന്നു..ഡോക്ടർക്കു മുന്നിൽ അവൾ തുറന്നു പറഞ്ഞത്രേ താൻ ബാംഗ്ളൂരിൽ പഠിച്ച സമയത്ത് വഴിവിട്ട ജീവിതമാണ് നടത്തിയതെന്ന്..മറ്റുള്ള പണക്കാരായ കൂട്ടുകാർക്കൊപ്പം അടിച്ച്പൊളിച്ച് ജീവിക്കാനായി ശരീരം വിറ്റവൾ കാശ് സമ്പാദിച്ചിരുന്നൂന്ന്.അവൾ മാത്രമല്ല അവൾക്കൊപ്പം പഠിച്ച വേറെ മൂന്നാല് പെൺകുട്ടികളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന്. സത്യത്തിൽ ഒരു സെക്സ്റാക്കറ്റിലെ കണ്ണിയായിരുന്നു ലക്ഷ്മി.
സത്യങ്ങളെല്ലാം ഡോക്ടറിൽ നിന്നും ഞാനറിഞ്ഞു എന്ന് ലക്ഷ്മിക്ക് മനസ്സിലായി.പിന്നീടെന്റെ മുന്നിൽ എല്ലാം ഒരു ഏറ്റു പറച്ചിലിന്റെ രൂപത്തിൽ
ഓരോന്നായി അവൾ പറയാൻ തുടങ്ങി.ചെയ്തുപോയ തെറ്റിൽ കുറ്റബോധം ഉണ്ടെന്നും പഠനം കഴിഞ്ഞ ശേഷം
ആർക്കും പിടി കൊടുക്കാതെ വീട്ടിൽ തന്നെ അവൾ ഒതുങ്ങി കൂടുകയായിരുന്നുവെന്നും
അവളുടെ അനിയത്തിയുടെ ഭാവി ഓർത്താണ്
ഈ വിവാഹത്തിന് സമ്മതിച്ചതെന്നും മനപൂർവ്വം എന്നെ ചതിച്ചതല്ലായെന്നുമൊക്കെ.
തനിക്ക് എയ്ഡ്സാണെന്ന് പുറം ലോകമറിഞ്ഞാൽ പിന്നെ അവൾ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞതോടെ എനിക്കാകെ പേടിയായി.എല്ലാം ഉള്ളിലൊതുക്കി സ്വയം ഉരുകി തീർന്നു കൊണ്ടേയിരുന്നു ഞാൻ.. ഇനിയൊരു നല്ല ജീവിതമോ ,അമ്മയാകാനുള്ള ഭാഗ്യമോ ഇല്ലാതായി എന്നൊക്കെയുള്ള ചിന്തകളാവാം
ലക്ഷ്മിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.
അതോടെ ലക്ഷ്മിയുടെ വീട്ടുകാർക്ക് ഞാൻ ശത്രുവായി.അവളുടെ അനിയത്തിയുടെ ഭാവിയും വീട്ടുകാരുടെ അഭിമാനവും ഓർത്ത് അപ്പോഴും ഞാൻ നടന്ന സംഭവങ്ങളെല്ലാം ഉള്ളിലൊതുക്കി.
അമിതമായി മദ്യപിച്ചു വണ്ടിയോടിച്ചു
ഒരു അപകടം പറ്റി ആശുപത്രിയിൽ ആയതോടെയാണ് ഞാൻ ഒരു എയ്ഡ്സ് രോഗിയാണെന്ന് വീട്ടുകാരും നാട്ടുകാരും അറിയുന്നത്.അതോടെ എനിക്ക് ചുറ്റും വെറുപ്പിന്റെ മുഖങ്ങൾ മാത്രമായി.എന്റെ വഴിവിട്ട ജീവിതമാണ് എനിക്കിങ്ങനെ ഒരു അവസ്ഥ വരാൻ കാരണമെന്ന് എല്ലാരും പരിഹാസത്തോടെ പറഞ്ഞു.
അപ്പോഴൊക്കെയും മനസ്സാഗ്രഹിച്ചു ഉറക്കെ വിളിച്ചെല്ലാവരോടുമായി പറയാൻ " ഞാനല്ല തെറ്റുകാരൻ..ഞാൻ താലികെട്ടി കൈപിടിച്ച് ജീവിതത്തിലേക്കാനയിച്ച എന്റെ ഭാര്യയാണ് തെറ്റുകാരി ... അന്യ സ്ഥലത്ത് മകളെ പഠിക്കാനായച്ച ശേഷം അവളവിടെ എങ്ങനെ ജീവിക്കുന്നു , പെരുമാറുന്നു എന്നൊക്കെ ഇടയ്ക്കെങ്കിലും അവിടെ പോയി അന്വേഷിക്കാതെ മകളെ അമിതമായി വിശ്വസിച്ച്
അമിത സ്വാതന്ത്ര്യം നല്കിയ അവളുടെ വീട്ടുകാരാണ് തെറ്റുകാർ".. പക്ഷേ ഞാനീ വാക്കുകൾ വീണ്ടും എന്നുള്ളിലേക്കു തന്നെ കുഴിച്ചു മൂടി
ഇനി ഞാനെന്ത് പറഞ്ഞാലും തെറ്റ് ചെയ്തവൻ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുവാണെന്നേ ആൾക്കാർ പറയൂ എന്നെനിക്ക് മനസ്സിലായി.
ലക്ഷ്മിയുടെ തെറ്റ് എന്നിലേക്ക് പകർന്നവൾ സ്വയം വിശുദ്ധയായി മരണത്തിലൂടെ രക്ഷപെട്ടു.അറിയാതെയെങ്കിലും ആ തെറ്റിന്റെ
ബാക്കിപത്രമായി ഉറ്റവരാലും സമൂഹത്താലും വെറുക്കപ്പെട്ട് ഞാനിന്നും മരണത്തെ പ്രതീക്ഷിച്ച്
മദ്യത്തിലഭയം തേടി ജീവിതമെന്ന നാടകത്തിലഭിനയിക്കുന്നു. ഒരു പരാജയപ്പെട്ട നായകന്റെ വേഷം.
വിടരും മുൻപേ കൊഴിഞ്ഞ പൂവുപോലെയായെന്റെ ജീവിതം.സന്തോഷമെന്തെന്നോ നല്ലൊരു ദാമ്പത്യമെന്തെന്നോ ഞാനറിയാതെ പോയി.പഠനത്തിനാണെന്നും പറഞ്ഞു അന്യസ്ഥലത്ത് പോയി വീട്ടുകാരും നാട്ടുകാരുമറിയാതെ ആഡംബരത്തിനും അടിച്ചുപൊളി ജീവിതത്തിനുമായി ശരീരം വിറ്റ്
ജീവിച്ചവൾക്ക് ഒരു ജീവിതം നല്കിയതു മാത്രമാണെന്റെ തെറ്റ്.അതിന് പകരം നല്കേണ്ടി വന്നത് എന്റെ ജീവിതവും മാനാഭിമാനവുമായിരുന്നു..മരണം കൊണ്ടുപോലും മറ്റുള്ളവർ നല്ലവനെന്ന് പറയാത്ത ഒരു അവസ്ഥ.അതാണ് ഓരോ എയ്ഡ്സ് രോഗിയുടെയും ഏറ്റവും വലിയ ശാപങ്ങളിലൊന്ന്.
.................... ...................... .............
പഠനത്തിന്റെ മറവിൽ പണത്തിനായി സ്വന്തം ശരീരം വിറ്റ് അടിച്ചുപൊളിച്ച് ജീവിക്കുന്ന പെൺകുട്ടികൾ ഒന്നോർക്കുക നിങ്ങൾ കാരണം തകരുന്നത് നിരപരാധികളായ സ്വന്തം വീട്ടുകാരെ കൂടാതെ ഇത് പോലുള്ള നല്ലവരായ ആൺകുട്ടികളുടെ ജീവിതം കൂടി ആകാം
( കേരളത്തിന് പുറത്ത് പഠനത്തിനായി പോകുന്ന പെൺകുട്ടികളിൽ ചിലർ, ചിലർ മാത്രം പണത്തിനായി സെക്സ്റാക്കറ്റിന്റെ കണ്ണികളായി മാറുന്നു എന്നൊരു വാർത്തയാണ് ഇതരത്തിലൊരു കഥ ഞാനെഴുതാൻ കാരണം)
By........രമ്യ രാജേഷ്..........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo