ഹോട്ടൽ
****************
നാട്ടിൻപുറത്തെ ഒരു ഹോട്ടലായിരുന്നു അത്. വേനൽ ചൂടിൽ വരണ്ടു കിടന്ന മൺ റോഡിനരികിലെ ഓടു പാകിയ ചെറിയ കെട്ടിടം.
നാലു മണി കഴിഞ്ഞിരിക്കുന്നു. ഞാൻ ഒരു ചായ പറഞ്ഞിട്ട് പുറത്തേക്ക് നോക്കി.നാലു മണി വെയിലിന് എന്ത് ചൂടാണ്.
ഒരു വൃദ്ധൻ കയറി വന്നു. വളർന്നു കയറിയ താടിയും മുഷിഞ്ഞ വേഷവും. ചീകി ഒതുക്കാത്ത മുടിയിൽ പൊടിമണ്ണ് പുരണ്ടിരിക്കുന്നു. അയാൾ ഒരു ബെഞ്ചിന്റെ മൂലയിൽ ഒതുങ്ങിയിരുന്നു.
"എന്താ വേണ്ടത്?"ചായക്കടക്കാരൻ ധാർഷ്ട്യത്തോടെ അയാളോട് ചോദിക്കുന്നു.
"ഒരു ചായ. "
ദു:ഖഭരിതമായ ക്ഷീണിച്ച സ്വരത്തിൽ അയാൾ പറയുന്നു.
ദു:ഖഭരിതമായ ക്ഷീണിച്ച സ്വരത്തിൽ അയാൾ പറയുന്നു.
പുറത്ത് പൊടിപറത്തി ഒരു ബൈക്ക് വന്നു നിന്നു. ഒരു സ്ത്രീയും പുരുഷനും കയറി വന്നു. ദമ്പതികൾ.
അവരും എന്റെ അരികിലെ മേശയ്ക്കു മുന്നിൽ ഇരുന്നു.രണ്ടു പേരുടെയും മുഖഭാവം വലിഞ്ഞു മുറുകിയാണ്.
ഓരോ ചായയും കടിയും പറഞ്ഞിട്ട് ഭർത്താവ് മൊബെൽ ഫോണിൽ നോക്കിയിരിക്കാൻ നോക്കി.ഭാര്യ എറ്റവും മൂലയിൽ ഇരുന്നു ചായ കുടിക്കുന്ന വൃദ്ധനെ നോക്കുന്നു.
"അയാളെ നോക്കൂ. കഷ്ടം തന്നെ."
ഭർത്താവ് തലയുയർത്തി നോക്കിയ ശേഷം വീണ്ടും ഫോണിലേക്ക് നോക്കി. ചായക്കടക്കാരൻ അപ്പോഴേക്കും അവരുടെ അരികിൽ വന്നു ചായ ഗ്ളാസ്സുകൾ വലിയ ശബ്ദത്തിൽ മേശയിൽ വച്ചിട്ട് തിരികെ പോയി.ചായക്കടക്കാരന് ലോകത്തോട് മുഴുവൻ ദേഷ്യം ഉണ്ടെന്ന് എനിക്ക് തോന്നി.
ഭർത്താവിന്റെ ഒന്നും പ്രതികരിക്കാത്തത് കൊണ്ട് ഭാര്യ പറഞ്ഞു.
"സ്വത്ത് മുഴുവൻ ഭാഗം വച്ചു കിട്ടിയപ്പോൾ എക മകൻ ഇറക്കി വിട്ട ഏതെങ്കിലും അപ്പൻ ആയിരിക്കുമത്."
അയാൾ ഫോൺ പോക്കറ്റിൽ ഇട്ടിട്ട് ഒരു നിമിഷം ഭാര്യയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. രോഷം കൊണ്ട് അയാളുടെ കണ്ണുകൾ തിളങ്ങി.ഒരു വേള അയാൾ അവരെ തല്ലിയേക്കും എന്ന് വരെ എനിക്ക് തോന്നി.
പക്ഷെ അയാൾ ഇത്ര മാത്രമേ മുറുമ്മിയുളളു.
"പെൺമക്കൾ എല്ലാം കൂടി വൃദ്ധ സദനത്തിലാക്കിയിട്ട് അവിടുന്ന് രക്ഷപെട്ട് ട്രെയിനിന് തല വയ്ക്കാൻ പോകുന്ന ഏതെങ്കിലും പാവം തന്തയായിരിക്കും."
രണ്ടു പേരും ഒന്നും മിണ്ടാതെ ചായ കുടിച്ച് പൈസ കൊടുത്ത ശേഷം വേഗം പുറത്തിറങ്ങി പോകുന്നത് കണ്ടു.
വൃദ്ധൻ വളരെ മെല്ലെ ചായ ആസ്വദിച്ച് ഊതി കുടിച്ച് പുറത്തെ വെയിലിൽ കുളിച്ചു കിടക്കുന്ന തോട്ടങ്ങൾ നോക്കിയിരുന്നു.
അയാളുടെ പൈസ കൊടുക്കണോ വേണ്ടയോ എന്ന് ഞാൻ സന്ദേഹിച്ചു.ഒരു പക്ഷെ അയാൾക്ക് ഇഷ്ടം അല്ലാതെ വരുമോ?
അപ്പോഴേക്കും വൃദ്ധൻ ചായ കുടിച്ച് കൗണ്ടറിന് മുന്നിൽ എത്തിയിരുന്നു. അയാൾ പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ ചായക്കടക്കാരന്റെ കടുപ്പമുള്ള സ്വരം കേട്ടു.
"അതു സാരമില്ല. പൊക്കോ."
എന്നാൽ ഇത്തവണ അയാൾ വൃദ്ധനെ നോക്കിയില്ല.അയാൾ കുനിഞ്ഞിരുന്ന് കണക്ക് എഴുതുകയായിരുന്നു.
വൃദ്ധൻ അയാളെ നന്ദിയോടെ നോക്കിയതിന് ശേഷം പൊടിയും ജsയും പിടിച്ച താടി ഒതുക്കി എന്റെ നേർക്കും വെറുതെ ചിരിച്ചു.
പിന്നെ അയാൾ നാലു മണി വെയിലിലേക്ക് നടന്നു മറഞ്ഞു.
End
By
Anish Francis
By
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക