Slider

കൊപ്ര ജമീല

0

കൊപ്ര ജമീല
=====//=====
പതിയെ കണ്ണു തുറന്നു. അവ്യക്തമായ തൂവെള്ള ധൂളിയാൽ മൂടപ്പെട്ടിരുന്നു ചുറ്റിലും. കാഴ്ചകൾ അവ്യക്തം. തലക്കുമുകളിൽ ഫാൻ കറങ്ങുന്നു.
"ഉമ്മാ... " സാബിറ എന്റെ മകൾ.
"ഉമ്മാക്ക് കുഴപ്പൊന്നൂല്യ... എല്ലാരും ഉണ്ട്.. ദാ.. നോക്കു... മുനീറയും പിന്നെ മക്കളും.. "
തല തിരിച്ചു നോക്കുമ്പോൾ മുനീറയും പിന്നെ നാല് പേരക്കുട്ടികളും മരുമക്കളും
"വലിമ്മാ... " സങ്കടപെട്ട നനഞ്ഞ നിറ കണ്ണുമായി നിൽക്കുന്ന സാബിറയുടെ മൂത്ത മകൾ ഫർഹാന. അവൾക്ക് പിന്നാലെ മറ്റു കുട്ടികളും തന്റെ തലക്കടുത്തതായി വന്നു നിന്നു. അവർക്ക് നേരെ ഒന്നുമില്ലന്ന മട്ടിൽ പുഞ്ചിരിച്ചു. കുട്ടികളും ചിരിച്ചു. എന്നാൽ കുട്ടികൾക്ക് പിറകിലായി ഒരു തല നെരച്ച ഒരാൾ. മുഖം നല്ല പരിചയം ഉണ്ട്. എവിടെയോ മറന്ന മുഖം. കണ്ണുകളിൽ നിന്ന് കാഴ്ചകൾ അപ്രത്യക്ഷമാവുന്നത് പോലെ. തല മുഴുവൻ ചുറ്റുന്നത് പോലെ. മുറി മുഴുവൻ തന്റെ തലക്ക് ചുറ്റും കറങ്ങുന്നു. ബലമായി കണ്ണുകളെ തുറപ്പിക്കാൻ ശ്രമിക്കുമ്പോഴും അവ താനെ അടഞ്ഞു പോകുന്നു. ആ രൂപം ഒരു വെള്ളപൊട്ടായി മങ്ങി. മയക്കത്തിന്റെ ആഴിയിലേക്ക് കൂപ്പുകുത്തി വീണു.
തട്ടുതട്ടായി കിടക്കുന്ന തെങ്ങിൻ തോപ്പുകളുള്ള പറമ്പിൽ ഒറ്റപ്പെട്ട ഓല കുടിൽ തന്റെ വീട്. വീടിന്റെ ഇരുഭാഗത്ത് കൂടെ ഒഴുകുന്ന തോട്. മുൻവശത്ത് മൂവാണ്ടൻ മാവും, പുളിമരവും. പിൻവശത്ത് പ്ലാവും അയ്നിയും.
"ജമീലാ.... " എന്നെയാണ് വിളിക്കുന്നത്. ഞാൻ കൊപ്ര ജമീല. കൊപ്ര വീട്ടുപേരല്ല. ഉപ്പാക്ക് കൊപ്ര കച്ചോടം ആണ്. ഉപ്പ അബു എന്ന അബൂബക്കർ. അബുമാർ നാട്ടിൽ കുറെയുണ്ട്. അവരെ വേർതിരിച്ചറിയാൻ നാട്ടുകാർ അവരുടെ ജോലിയുടെ പേര് കൂട്ടിവിളിക്കുന്നു. ഉദാഹരണത്തിന് സോപ്പ് അബു, മീൻകാരൻ അബു, പച്ചക്കറി അബു, അങ്ങനെ നീണ്ടു പോകുന്നു നിര.
"ടീ... ജമീല... " കിടക്ക പായയിൽ നിന്നു ചാടി എഴുന്നേറ്റു. അല്ലെങ്കിൽ അടുക്കളയിൽ നിന്ന് ഉമ്മ പത്തിരി കോലുമായി വന്നു തല്ലും. കിടന്ന പായയും തലയിണയും പുതപ്പും കൂടി ചുരുട്ടി കൂട്ടി ഒരു മൂലയിൽ വെച്ചു. പോത്തുപോലെ കൂടെ ഉറങ്ങുന്ന അനിയത്തി മൈമൂനയുടെ ചന്തിക്കു കാല് കൊണ്ട് ഒരു തട്ട് കൊടുത്തു. അവൾ ചാടി എഴുന്നേറ്റു.
"എന്താ താത്ത... നല്ലൊരു ഉറക്കായിരുന്നു." അവൾ ഇരുന്നു കണ്ണു തിരുമ്പി ചിണുങ്ങി.
"ടീ.. വേഗം എണീറ്റോ അല്ലെങ്കിൽ ഇപ്പൊ ഉമ്മ വരും. "
ഓടി മുൻവശത്തൂടെ മുറ്റത്തേക്ക് ഒറ്റച്ചാട്ടം. ഇറയത്തെ ചട്ടിയിൽ നിന്നും ഒരു പിടി ഉമിക്കരിയെടുത്ത് ചാഞ്ഞ തൈ പട്ടയുടെ ഈർക്കിളി വലിച്ചു ചീന്തി. അപ്പോഴുണ്ട് അടുക്കളയിൽ നിന്ന് ഉമ്മയുടെ ഒറ്റക്കുള്ള സംസാരം ഒന്ന് ശ്രവിച്ചു. "ന്റെ പതിരിങ്ങളെ.. വലുതായി വരുന്ന പെണ്ണാണെന്നുള്ള വിചാരമൊന്നും അതിനില്ലല്ലോ.. കിടന്നുറക്കം ഉറക്കം തന്നെ.. " ഞാൻ എന്നെ തന്നെ അടിമുടി നോക്കി. എപ്പോൾ വലുതായി താൻ. പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല. നേരം വഴുകിയാൽ ഓത്തുപള്ളിയിലെ മൊല്ലാക്കയുടെ അടിയുടെ ചൂട്. ഓടി തോട്ടിൻ കരയിലേക്ക്. തണുത്ത തോട്ടിലെ വെള്ളം കയ്യിലെടുത്തു വായിലാക്കി കുലുക്കി തുപ്പി. ഉമിക്കാരിയെടുത്ത് വായിലിട്ട് പല്ലുകളിൽ അമർത്തി തേച്ചു. കിതച്ചു കൊണ്ട് പിന്നിൽ മൈമൂന. കിതപ്പിനോപ്പം ചിരിക്കുന്നു.
"നിന്ന് ഇളിക്കാതെ വേഗം വാ... " പറയുമ്പോൾ ഉമിക്കരി അവളുടെ മുഖത്തേക്ക് തെറിച്ചപ്പോൾ മുഖം ദേഷ്യം കൊണ്ട് വീർത്തു. മുഖം തുടച്ചു അവൾ പറഞ്ഞു "വായ കഴുക് താത്താ... തുപ്പലം തെറിക്കുന്നു. "
പെട്ടന്ന് തന്നെ വായും മുഖവും കഴുകി തിരിച്ചോടി അകത്തേക്ക്. നിറം മങ്ങിയ കണ്ണാടിയിൽ നോക്കി മുടിചീകി. മുഖമക്കന തല വഴി എടുത്തിട്ടു.
അടുക്കളയിൽ ചെന്ന് പ്ലെയിറ്റ് എടുത്ത് ഉമ്മാക്ക് പിറകിലായി പലക എടുത്തിട്ടിരുന്നു.
"ടീ... പത്രം കഴുകിയാ... "ഉമ്മയുടെ ദേഷ്യം കലർന്ന ചോദ്യം.
"ആ... ഉമ്മ കഴുകി.. " എനിക്കരികിൽ ഇരുന്ന മൈമൂനയും തലകുലുക്കി. ഉമ്മ പാത്രത്തിലേക്ക് പത്തിരിയും തേങ്ങാ പാലും ഒഴിച്ച് തന്നു കൂടെ തലേ രാത്രിയിലെ മത്തി പൊരിച്ചതും.
പറമ്പിലൂടെ ഞങ്ങൾ ഓടി. ഓല മേഞ്ഞ ഒരു കുടിലായിരുന്നു ഓത്തുപള്ളി. മൊല്ലാക്ക വൃദ്ധനാണ്. എപ്പോഴും മുറുക്കാൻ മുറുക്കും. തലയിൽ ഒരു തോർത്ത് മുണ്ട് ചുറ്റി കെട്ടിയിരിക്കും. മൊല്ലാക്ക പഠിപ്പിക്കുമ്പോൾ അറബി പഥങ്ങളായ 'ഹ.. ഹാ.. അയ്ന്.. ' മുതലായവ തൊണ്ട പൊട്ടിയും കാറിയും പറയുമ്പോൾ മുൻ പെഞ്ചിലിരിക്കുന്ന കുട്ടികളുടെ മുഖത്തേക്കും വസ്ത്രങ്ങളിലേക്കും മുറുക്കാൻ തുപ്പലം തെറിക്കും. തന്റെ മുഖമക്കനയിലും അത് പോലെ ചുവന്നു വട്ടത്തിലായി മൊല്ലാക്കയുടെ മുറുക്കാൻ തുപ്പലത്തിന്റെ പാടുകൾ കിടന്നിരുന്നു.
ഓത്തുപള്ളി കഴിഞ്ഞാൽ പിന്നെ വീട്ടിൽ വന്നു ചായ കുടിച്ചു പള്ളിക്കൂടത്തിലേക്ക്. ഓല മറച്ച കൂട്ടിയിട്ട ബെഞ്ചുകളിൽ പുറം തിരിഞ്ഞിരിക്കുന്ന കുട്ടികൾ. അതാണ് ഓരോ ക്ളാസ്സിനെയും വേർതിരിച്ചിരുന്നത്. ജാനകി ടീച്ചറും, ചന്ദ്രിക ടീച്ചർ, വാസു മാഷ്, ഉണ്ണി മാഷ്. പള്ളിക്കൂടം നാലാം ക്‌ളാസ്സ് വരെയുള്ളു പിന്നെ നാല് കിലോമീറ്റർ അകലെയുള്ള വലിയ പള്ളിക്കൂടത്തിൽ പോകണം. ഇതെന്റെ അവസാന കാലം.
നാലാം ക്ലാസിലെ കൊല്ല പരീക്ഷക്ക് ശേഷം ഉപ്പ പറഞ്ഞു ഇനി പഠിക്കാൻ പോകണ്ട. പിന്നെ ഉമ്മാടെ കൂടെ അടുക്കളയിലും അത് കഴിഞ്ഞാൽ ഉപ്പാനെയും ഇക്കാനെയും സഹായിക്കുന്ന കൊപ്ര അടത്തലും ഉണക്കാൻ ഇടലും. ഉണങ്ങി കഴിഞ്ഞാൽ ചാക്കിലാക്കി വെക്കലും. അനിയത്തിയും അനിയന്മാരും രാവിലെ ഓത്ത്പള്ളിയിലേക്കും പള്ളിക്കൂടത്തിലേക്കും പോകുന്നത് കാണുമ്പോൾ സങ്കടമായിരുന്നു.
ഒരു ദിവസം തോട്ടിൽ മുങ്ങി കുളിച്ചു നിവർന്നപ്പോൾ കട്ട ചോര ഒഴുകി പോകുന്നത് കണ്ടു. പേടിയോടെ കരക്ക്‌ കയറി. കണം കാലിൽ ചോരപ്പാടുകൾ. പാവാട ഉയർത്തി നോക്കിയപ്പോൾ കാൽ മുട്ടിലും അതെ ചോര. ഭയന്ന് കരഞ്ഞു ഉമ്മാടെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ ഉമ്മ ചിരിച്ചു കൊണ്ട് കെട്ടിപിടിച്ചു. പിന്നീട് കൂടപ്പിറപ്പുകളിൽ നിന്ന് തനിചായി ഒരു മുറിയിൽ. പതിനെഞ്ചു ദിവസം ആ മുറിയിൽ നിന്നും പുറത്തിറങ്ങാതെ കഴിച്ചു. തനിക്കു മാത്രമായ ഭക്ഷണ പാത്രങ്ങൾ. പതിനെഞ്ചാമത്തെ ദിവസം കുഞ്ഞിമ്മമാരും, അമ്മായിമാരും കൂടി തന്നെ തലയിൽ എണ്ണ തേച്ചും ശരീരത്തിൽ മഞ്ഞള് തേച്ചും തോട്ടിൽ കുളിപ്പിച്ച് പുതു വസ്ത്രങ്ങൾ അണിയിപ്പിച്ചു പുതുപെണ്ണായി. ഒരു കല്യാണത്തിന്റെ പ്രതീതിയായിരുന്നു വീട്ടിൽ.
പതിനാറാം വയസ്സിൽ നിക്കാഹ്. പുതിയാപ്ലയെ കാണുന്നത് മണിയറയിൽ. പൊടി മീശക്കാരൻ. കറുത്ത് തടിച്ച ബലിഷ്ഠമായ ശരീരം. പേര് ഹംസ. അറവുകാരൻ ഹംസ. അടുത്ത് വന്നപ്പോൾ ആടിന്റെ മണമായിരുന്നു. ആ ബലിഷ്ഠ കരങ്ങളിൽ ഞാൻ ഒരു കുഞ്ഞാടായി ഞെരിഞ്ഞമർന്നു. ഇതെന്റെ അവസാനമെന്നു പോലും തോന്നി. രാവിലെ അസ്ഥിനുറുങ്ങുന്ന വേദന ഉടലിൽ മുഴുവൻ. വെച്ചു വെച്ചാണ് പകൽ മുഴുവൻ നടന്നത്.
മൃഗത്തിന്റെ സ്വഭാവമാണ് മറ്റുള്ളവരോടെങ്കിലും തന്നോട് സ്നേഹമായിരുന്നു. പകൽ മുഴുവൻ ഗൗരവക്കാരനായിരുന്ന ആൾ രാത്രിയിൽ തന്നോട് ചിരിക്കുമ്പോൾ ഈ മനുഷ്യന്റെ ഭാവ മാറ്റത്തിൽ അത്ഭുതമായിരുന്നു. എപ്പോഴും ശത്രുവിനെ പോലെ കാണുന്ന അമ്മായമ്മയും നാത്തൂനും. കുത്തുവാക്കുകൾ പീഡനങ്ങളും സഹിച്ചു. ആരോടും പറയാതെ..
ആദ്യത്തെ മോൾ സാബിറ വന്നു. അവൾക്ക് രണ്ട് വയസ്സായപ്പോൾ മുനീറയും.
ഒരു കച്ചിത്തുരുമ്പായി ഭർത്താവുണ്ടല്ലോ എന്ന ചിന്തയിൽ ജീവിക്കുമ്പോഴാണ്. ഇടിതീ പോലെ ഒരു വാർത്ത വന്നത്. തന്റെ ഭർത്താവ് വേറൊരു സ്ത്രീയെ കല്യാണം കഴിച്ചത്. അതിനുള്ള കാരണം അദ്ദേഹം പറഞ്ഞത് 'നീ പണ്ടത്തെ പോലെയല്ലേ ആകെ മാറിയിരിക്കുന്നു.. നിന്നെ എനിക്ക് മടുത്തു... ' അതെ രണ്ട് പ്രസവിച്ചതിന് ശേഷം താൻ തടിച്ചു. തന്റെ സൗന്ദര്യം കുറഞ്ഞു. പൊതുവെ എന്നെ ഇഷ്ടമില്ലാതിരുന്ന ഭർതൃ വീട്ടുകാർക്ക് ഒരു കാരണം കൂടി കിട്ടി. ഞാൻ കാരണമാണ് അവരുടെ മകൻ വഴി തെറ്റിയത്. തിരിച്ചു തന്റെ വീട്ടിലേക്ക്.
വെറുതെയിരുന്ന് മനസ്സിനെ കുഴപ്പിക്കേണ്ടന്നു കരുതി തുന്നലിനു പോകാൻ തീരുമാനിച്ചു. ഒരു കൈ തൊഴിൽ ആകുമല്ലോ. കുട്ടികളെ ഉമ്മാനെ ഏൽപ്പിച്ചു തുന്നലിനു പോകും.
മൈമൂനയ്ക്ക് പല ആലോചനകളും വന്നിരുന്നു എന്നാൽ ഇഷ്ടപ്പെട്ടമെന്നു പറഞ്ഞവർ പിന്നീട് പലതും പറഞ്ഞു മുടങ്ങുന്നു. ആയിടക്കാണ് ഒരു ദിവസം തുന്നലിന് പോയി നേരത്തെ വന്നു. പുറത്ത് പോയിവന്ന ഉപ്പ ഉമ്മയോട് ഞാനില്ലെന്ന് കരുതി ഉള്ളിലിരുന്നു ഞാൻ കേട്ടു. 'മൂത്തവൾ ഇങ്ങനെ പുതിയാപ്ല വീടും വിട്ട് ഇവിടെ വന്നു നിൽക്കുന്നത് എന്തിനാണെന്നാണ് പലർക്കും അറിയേണ്ടത്... അത് കാരണം മൈമൂനയുടെ നിക്കാഹ് നടക്കാൻ ബുദ്ധിമുട്ടാ... '. താൻ കാരണം തന്റെ അനിയത്തിക്ക് ഒരു ജീവിതം ഉണ്ടാവാതിരിക്കരുത്.
കുറെയേറെ ഉള്ള ആലോചനകൾക്ക് ഒടുവിൽ മക്കളെയും കൂട്ടി ഒറ്റക്ക് ഒരു വാടക വീട്ടിൽ താമസിക്കുവാവാൻ തീരുമാനിച്ചു. ആദ്യം എല്ലാവരും എതിർത്തെങ്കിലും തന്റെ വാശി തന്നെ വിജയിച്ചു.
ഒരു ചെറിയ ഓല വീട്. സ്വന്തം വീടിന്റെ നോക്കത്താ ദൂരത്തിൽ. മക്കളെ ഉമ്മയെ ഏൽപ്പിച്ചു മുതലാളിമാരുടെ വീടുകളിൽ അടുക്കള പണിക്ക് പോയി. തവണകൾ അടച്ചു തയ്യൽ മെഷീൻ വാങ്ങി. പകൽ മുഴുവൻ വീടുകളിൽ ജോലിയും വൈകുന്നേരം വീട്ടിൽ തയ്യലുമായി മക്കളെ വളർത്തി പഠിപ്പിച്ചു വലുതാക്കി.
ഒറ്റയ്ക്ക് താമസിക്കുന്ന തനിക്ക് നേരെ പല പകൽ മാന്യന്മാരും കൂടെ കിടക്കാൻ പാതിരാത്രിയിൽ വാതിലിൽ മുട്ടി. രണ്ട് മക്കളെയും ഇറുകെ പിടിച്ചു പേടിച്ചരണ്ട് മൂലയിൽ ഒളിച്ചിട്ടുണ്ട്. പടച്ചോനോട് ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ട്. ശല്യം സഹിക്കാനാവാതെ ഒരു ദിവസം വെട്ടുകത്തിയുമായി പുറത്തിറങ്ങി. വന്നവർ തന്റെ വരവ് കണ്ടു ഭയന്നോടി. പിന്നീടൊരിക്കലും രാത്രി ശല്യക്കാർ ഉണ്ടായിട്ടില്ല എന്നിരുന്നാലും നാട്ടുകാരുടെ നോട്ടം തന്നിലുണ്ടെന്ന് അറിയാമായിരുന്നു. ഉപ്പയുടെ പേർ നാട്ടുകാർ തനിക്കും ചാർത്തി തന്നു. കൊപ്ര ജമീല.
സാബിറ വലുതായി പല ആലോചനകളും വന്നു. പല കാരണങ്ങൾ കൊണ്ട് മുടങ്ങി. ഒടുവിലാണ് മുജീബിനെ ചെറുക്കാനായി കിട്ടിയത് സാബിറയുടെ നിക്കാഹ് ചെയ്തു കൊടുക്കാൻ ഉപ്പ വേണമെന്ന ആവശ്യം വന്നു. ജീവിച്ചിരിക്കുന്ന ഉപ്പ ഉള്ളപ്പോൾ വേറെ ആരും നിക്കാഹ് ചെയ്തു കൊടുക്കില്ല. എല്ലാവരുടെയും തീരുമാനപ്രകാരം അവസാനം അനിയൻ റസാഖ് ചെന്നു സംസാരിക്കാമെന്ന് ഏറ്റു.
നിക്കാഹിന്റെ അന്ന് അവൾക്കായി കുറച്ചു പണവും സ്വർണ്ണവുമായി വന്നത്രെ. തന്നെ കാണുവാൻ അയാൾ ആഗ്രഹം പ്രകടിപ്പിച്ചു എന്നാൽ താൻ സമ്മതിച്ചില്ല.
മുനീറയുടെ നിക്കാഹും അതുപോലെ നടന്നു എന്നാൽ ഇത്തവണ അയാൾ തന്നെ പറ്റി അന്വേഷിക്കുകയോ കാണാൻ ആഗ്രഹിക്കുകയോ ചെയ്തില്ല.
മക്കളില്ലാതായ വീട്ടിൽ താൻ ഒറ്റപെട്ടു. സംസാരിക്കാൻ ആരുമില്ലാതെ പ്രാർത്ഥനകളിൽ മുഴുകി. ആരുമില്ലാത്ത ആ വീട്ടിൽ പകലിൽ നെഞ്ചിലെ വേദനയിൽ കുഴഞ്ഞു വീണതെ ഓർമ്മയുള്ളൂ.
പതിയെ കണ്ണു തുറന്നപ്പോൾ ആ മുഖം തനിക്കു തൊട്ടരികിൽ ഇരിക്കുന്നു. നരച്ച തല മുടികൾ, വലിയ മീശ, കുറ്റിരോമങ്ങളുള്ള കവിളുകൾ. ഒന്നും പറയാതെ തന്റെ കൈ സ്വന്തം കൈകളിൽ എടുത്ത് നിറമിഴികളാൽ ഒരായിരം മാപ്പ് പറയുന്നു. ഇത്രയും കൊല്ലങ്ങൾ താൻ അടക്കിപ്പിടിച്ച വെറുപ്പും കലിയും പകയും ഒരു നിമിഷം ഈറനണിഞ്ഞ ആ കണ്ണുകളിലൂടെ തന്നിൽ നിന്നും അലിഞ്ഞു പോകുന്നത് പോലെ.
റയിൽവേ സ്റ്റേഷനിലൂടെ ഒരു കയ്യിൽ ബാഗും മറു കൈ അദ്ദേഹത്തിന്റെ കൈകളിൽ ഒതുക്കി ഞങ്ങൾ ട്രെയിനിലേക്ക് കയറി. പല ജാറങ്ങളും മക്കാമുകളും പോയി ഒരുമിച്ച്. ട്രെയിൻ കുതിച്ചു പാഞ്ഞു. ഏർവാടിയിലേക്കും അജ്മീറിലേക്കുമായി ഒരേ സീറ്റിൽ ഒരുമിച്ച് ഇരുന്നു. പിന്നെലേക്കു മറയുന്ന കാഴ്ചകളിൽ മടുത്ത് ഞാൻ അദ്ദേഹത്തിന്റെ തോളിൽ ചാഞ്ഞു കിടന്നു. മനസ്സമാധാനത്തോടെ ഇനിയൊന്നു ഉറങ്ങട്ടെ...
നിഷാദ് മുഹമ്മദ്.... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo