Slider

ഓൺലൈൻ എഴുത്തുകാർ ആത്മരതിക്കാരോ !

0

എന്റെ ഈ തലക്കെട്ട് കണ്ട് നിങ്ങളാരും ആശയക്കുഴപ്പത്തിലാവരുത്. 
മലയാളത്തിലെ ഒരു "പ്രമുഖ " എഴുത്തുകാരൻ ഓൺലൈൻ എഴുത്തുകാർക്കിട്ട ചെല്ലപ്പേരാണ് ഞാൻ മുകളിൽ എഴുതിയത്. പുള്ളിക്കാരന്റെ അഭിപ്രായത്തിൽ ഓൺലൈൻ എഴുത്ത്കാരെല്ലാം ആത്മരതിക്കാരാണത്രെ. 

1980 കാലഘട്ടം എന്റെ ഓർമ്മയിൽ വരുകയാണ്. 
അന്ന് ഞാൻ മൂന്നിലോ നാലിലോ പഠിക്കുകയാണ്. 
കയ്യിൽ കിട്ടുന്നതെല്ലാം ഞാൻ വായിക്കുമായിരുന്നു.  പലവ്യഞ്ജനങ്ങൾ പൊതിഞ്ഞു കൊണ്ട് വരുന്ന തുണ്ട് പേപ്പർ ആയാലും ആ സാധനങ്ങൾ ഉപയോഗിക്കാനെടുക്കുന്നതിന് മുൻപേ  ആ പേപ്പർ അഴിച്ചുകൊണ്ട് പോയി വായിക്കുക പതിവായിരുന്നു. അതിന്റെ പേരിൽ അമ്മയുടെ കയ്യിൽ നിന്നും അടിയും കിട്ടിയിട്ടുണ്ട്. 
കുറച്ചുകൂടി മുതിർന്നപ്പോൾ കോട്ടയത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന "മ " പ്രസിദ്ധീകരണങ്ങളിലായിരുന്നു എന്റെ ശ്രദ്ധ. എന്തും വായിക്കുന്ന ഒരു ശീലം. ഇത് എന്റെ ഭാഷയെയും അറിവിനെയും വളർത്തിക്കൊണ്ടുവരാൻ വളരെയധികം സഹായിച്ചുവെന്നുള്ളത് പ്രത്യേകം പറയേണ്ടതുണ്ട്. എന്നാൽ കാലങ്ങൾ മാറിയപ്പോൾ ഈ വക "മ " പ്രസിദ്ധീകരണങ്ങൾ എന്ത് ഉദ്ദേശത്തിൽ തുടങ്ങിയോ ആ ഉദ്ദേശത്തിൽ നിന്നും വ്യതിചലിച്ച് തുടങ്ങുന്നത് കാണാൻ കഴിഞ്ഞു. പിന്നെപ്പിന്നെ അത് വെറും ഒരു ബിസിനസ്സ് തലം മാത്രമായി അധഃപതിക്കുന്നതിന് നമ്മളെല്ലാം സാക്ഷികളായി തീർന്നു. പെയ്ഡ് ന്യൂസും സ്ഥാപിത താല്പര്യ വാർത്തകളും അവരുടെ കോളങ്ങളിൽ നിറഞ്ഞു തുടങ്ങി. മാത്രമല്ല തദ്ദേശ്ശിയമായ ഉത്പന്നങ്ങളെ പിന്തള്ളി വൻകിട -ആഗോള വ്യാപാര ഭീമന്മാരെ വരവേൽക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമുള്ള വേദിയായി പ്രിന്റ് മീഡിയകളും ഓൺ എയർ മീഡിയകളും മാറി. മീഡിയകൾ വെറും ദല്ലാളന്മാരായി മാറി. രാജ്യസുരക്ഷയ്ക്ക് പോലും ഭീക്ഷണിയാവും വിധത്തിൽ ഇവർ വ്യാജവാർത്തകളുണ്ടാക്കി വിറ്റ്, രാജ്യത്തെയും, ജനങ്ങളെയും, വായനക്കാരെയും വഞ്ചിച്ച് സ്വന്തം ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തു. മസ്തിഷ്ക പ്രക്ഷാളനം  നടത്തി പല വ്യാജമായ ആശയങ്ങളും ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ച് തല്പരകക്ഷികൾക്ക് വൻലാഭം നേടിക്കൊടുത്തു വൻസമ്പാദ്യങ്ങൾ ഉണ്ടാക്കി, വലിയ കോർപറേറ്റകളായി മാറി. രാഷ്ട്രീയ നാടകങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഇതെല്ലാം കണ്ടിട്ടും അച്ചടി സാഹിത്യത്തിലെ പുംഗവന്മാരൊന്നും ചെറുവിരലനക്കുകയോ വായ തുറക്കുകയോ ചെയ്തില്ല. 
ഇതെല്ലാം വസ്തുനിഷ്ടമായി അപഗ്രഥിച്ചു മനസ്സിലാക്കിയിരുന്ന പുതുതലമുറ എങ്ങനെയെങ്കിലും ഈ പ്രസിദ്ധീകരണമുതലാളിമാരിൽ നിന്നും രക്ഷ നേടണമെന്നാഗ്രഹിച്ച നേരത്താണ് 2005 ഓട് കൂടി വിശാലമായ രീതിയിൽ ഇന്ത്യയിൽ സോഷ്യൽ മീഡിയ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ ശക്തിയാര്ജിക്കുകയും ചെയ്യുന്നത്. അതോടൊപ്പം തന്നെ ഓൺലൈൻ എഴുത്തും ആരംഭിച്ചു. ഒരുപാട് യുവാക്കൾ ഓൺലൈനിൽ എഴുതുവാനായി മുന്നോട്ട് വന്നു. അനേകം ശ്രെഷ്ഠ കൃതികൾ ഓൺലൈനിലൂടെ പുറത്ത് വന്നു. ആദ്യം ഓൺലൈൻ എഴുത്തിനെ പരിഹാസത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന പ്രിന്റ് മീഡിയകളും അതിന്റെ എഴുത്തുകാരും സംഭ്രമത്തോടെയാണ് ഇതൊക്കെ നോക്കിക്കണ്ടത്. അങ്ങനെയിരിക്കെ "നല്ലെഴുത്ത് " അവരുടെ തിരഞ്ഞെടുത്ത കൃതികൾ പുസ്തകമാക്കുന്നു എന്നുകൂടി കേട്ടപ്പോൾ, വരേണ്യവർഗ്ഗത്തിന്റെ മാത്രം രചനകൾ പ്രസിദ്ധീകരിച്ചിരുന്ന പ്രമുഖ "മ " പ്രസിദ്ധീകരണങ്ങൾക്ക് ഹാലിളകുകയും എങ്ങനെയും ഈ പ്രസ്ഥാനത്തിന് തടയിടണം എന്ന ലക്ഷ്യത്തോടെ, പ്രിന്റ് മീഡിയയിൽ നിന്നും ലഭിക്കുന്ന അപ്പക്കഷണങ്ങൾക്ക് വേണ്ടി വാലാട്ടിക്കൊണ്ട് കാത്തിരുന്ന ചിലാ അഭിനവ, മഹാന്മാരെന്ന് സ്വയം അവകാശപ്പെടുന്ന 'സാഹിത്യകാരന്മാരെ ' അവർ വാടകക്കെടുത്ത് ഓൺലൈൻ എഴുത്തുകാർക്കെതിരെ അങ്കം കുറിക്കാൻ അച്ചാരം നൽകി. അങ്ങനെയാണ് അവസരത്തിനൊത്ത് സൗകര്യപൂർവ്വം പിതാക്കന്മാരെ മാറ്റുന്ന ചില അപ്പോസ്തോലന്മാരായ എഴുത്തുകാർ ഓൺലൈൻ എഴുത്തുകാരെ "ആത്മരതിക്കാർ"
എന്ന് സംബോധന ചെയ്തത്. ഓൺലൈൻ എഴുത്തുകാർ എന്തിനാണ് പുസ്തകം ഇറക്കുന്നതെന്നും ഈ കൂലിപ്പടയാളികൾ ചോദിക്കുന്നു. സോഷ്യൽ മീഡിയയിലെ എഴുത്തിന് കുറവുകൾ ഉണ്ട്.അംഗീകരിക്കുന്നു. പക്ഷെ എഴുത്തുകാരുടെയും എഡിറ്റർമാരുടെയും കോക്കസ്സിൽ പെട്ട് തകർന്ന് പോയ ഒരു പാട് എഴുത്തുകാർ മുൻപ് ഉണ്ടായിരുന്നു.

ഇന്ന് വായനക്കാർ കുറവാണ്.

എവിടെ പോയി ? 

മുപ്പത് കൊല്ലം മുൻപ് രചിക്കപ്പെട്ട മഞ്ഞും ഖസാക്കിന്റെ ഇതിഹാസവും മയ്യഴി പുഴയുമാണ് ഇന്നും വിറ്റ് പോകുന്നത്.പുസ്തകശാലകളിൽ ഒന്ന് രണ്ട് പേജ് വായിച്ചിട്ട് ആളുകൾ പുസ്തകം തിരികെ വയ്ക്കും. താത്പര്യക്കുറവ്. അല്ലാതെ ആത്മരതിയല്ല.

കാര്യങ്ങളെ വസ്തുനിഷ്ഠമായി മനസിലാക്കുന്ന പുതുതലമുറ, പ്രിന്റ് മീഡിയയുടെ സകലവിധ പ്രസിദ്ധീകരണങ്ങളെയും വർജ്ജിച്ച് വായനക്കായി ഓൺ ലൈൻ മീഡിയ തിരഞ്ഞെടുത്തപ്പോൾ, തങ്ങൾ വ്യാജവാർത്ത വിറ്റുണ്ടാക്കിയ സാമ്രാജ്യങ്ങൾ തകർന്നു വീഴുമെന്ന് അവർ ഭയക്കുന്നു. അവസരത്തിനൊത്ത് സൗകര്യപൂർവ്വം പിതാക്കന്മാരെ മാറ്റുന്ന പ്രിന്റ് മീഡിയയിലെ എഴുത്തുകാരും അക്ഷരാർത്ഥത്തിൽ തങ്ങൾക്ക് വീണു കിട്ടുന്ന അപ്പക്കഷണങ്ങൾ നഷ്ടപ്പെടുമെന്ന് ഭയക്കുന്നു. അതാണ് ഈ എതിർപ്പുകളുടെയും പ്രസ്താവനകളുടെയും പിന്നിലുള്ള കാരണം. എന്നാൽ യുക്തമായി ചിന്തിക്കുന്ന പുതുതലമുറ ഇതിനെയെല്ലാം പുച്ഛിച്ചു തള്ളുമെന്നാണ് എന്റെ വിശ്വാസം.
പണ്ട് മുതൽ കേട്ട് തഴമ്പിച്ച പേരുകളും, മടിക്കനം കൊണ്ട് പുസ്തകം ഇറക്കിയവരും അല്ലാതെ ആരാണ് ഉവിടെ എഴുത്തുകാർ. ഒരു നല്ല രചനയുമായി സാധാരണക്കാരനായ ഒരു നല്ല എഴുത്തുകാരന് ഒരു പബ്ലിക്കേഷനേയോ , പത്രമാധ്യമത്തേ യോ സമീപിക്കാൻ പറ്റുമായിരുന്നോ.? ഇപ്പോൾ അത്തരക്കാരുടെ രചനകൾ പുറം ലോകം കാണുന്നു. നല്ലത് അംഗീകരിക്കപ്പെടുന്നു. കുത്തക ക്കാർക്ക് പേടിവരാതിരിക്കുമോ....?? അതേ ഓൺലൈൻ എഴുത്തിനെ അവർ ഭയന്ന് തുടങ്ങിയിരിക്കുന്നു. 
ഓൺലൈൻ എഴുത്തുകൾക്ക് നല്ലകാലം വരാനിരിക്കുന്നതിന്റെ ശുഭസൂചനയാണിത്. 
സ്വയം പണ്ഡിതനെന്നും മഹാകവിയെന്നും അവകാശപ്പെടുകയും, ബാക്കിയുള്ളവരെയെല്ലാം വെറും പുഴുക്കളായി കാണുകയും ചെയ്യുന്നവർ ഇതും ഇതിനപ്പുറവും പറയും.. ഓൺലൈൻ എഴുത്തുകാരും വായനക്കാരും ഇതൊന്നും കാര്യമാക്കാതെ തങ്ങൾക്ക് സാധ്യമായ രീതിയിൽ തുടർന്നും "നല്ലെഴുത്ത് "പോലുള്ള കഴമ്പുള്ള ഓൺലൈൻ എഴുത്ത് പ്രസ്ഥാനങ്ങളിൽ സജീവ പങ്കാളികളായി തുടരണമെന്നാണ് അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത്. നന്ദി. 
സ്നേഹപൂർവ്വം 
ബിനു കല്ലറക്കൽ: posted in www.nallezhuth.com
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo