Slider

പരാജയം കുഞ്ഞാപ്പു.( ചെറുകഥ)

0

പരാജയം കുഞ്ഞാപ്പു.( ചെറുകഥ)
കുഞ്ഞാപ്പുവിനെ അറിയില്ലേ. പേര് പോലെ തന്നെ ഒരു പരാജയമാണ് കുഞ്ഞാപ്പു. കുഞ്ഞാപ്പു ഏറ്റെടുക്കുന്ന ഏത് പദ്ധതിയും പരാജയത്തിലാണ് കലാശിക്കുക. അത് കൊണ്ടാണ് കുഞ്ഞാപ്പുവിനെ പരാജയം കുഞ്ഞാപ്പു എന്ന് വിളിക്കുന്നത്.
കുഞ്ഞാപ്പു ഒരു പരാജയമാണെന്ന് കുഞ്ഞാപ്പുവിന് തന്നെ അറിയാമെന്നതിനാൽ പേരും പ്രശസ്തിയും അതുപോലെ പണവും ലഭിക്കുന്ന ഏത് ഏടാ കൂടത്തിലും ചെന്ന് ചാടാൻ കുഞ്ഞാപ്പുവിന് ഒരു മടിയുമില്ല. തന്നെ കൊണ്ട് കഴിയില്ലാ എന്ന് ഉറപ്പുള്ള ഏത് കാര്യത്തിലും കഴിയും എന്ന വിശ്വാസത്തിൽ മുന്നിട്ടിറങ്ങുന്ന കുഞ്ഞാപ്പു പല ഭീകരമായ അവസ്ഥകളെയും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ഒരു കഥയാണ് ഇവിടെ അവതരിപ്പിക്കുന്നത്..
ഭാഗം 2: പോത്ത്
നേരം പുലർന്നിരിക്കുന്നു. പതിവ് വെടിപറച്ചിലിനായി കുഞ്ഞാപ്പു അദ്ദേഹം അങ്ങാടിയിലേക്ക് എഴുന്നള്ളുകയാണ്. നീണ്ടു മെലിഞ്ഞ ശരീര പ്രകൃതിയുള്ള കുഞ്ഞാപ്പു കാക്കകൾ കാഷ്ടം കൊണ്ട് അഭിഷേകം നടത്താതിരിക്കാൻ തലയിൽ ഒരു തോർത്തുമുണ്ട് കൊണ്ട് പൊതിഞ്ഞു. ഇന്ന് കാര്യമായി എന്തെങ്കിലും ഒന്ന് ഒത്തുവരണമെ എന്നാണ് കുഞ്ഞാപ്പുവിന്റെ പ്രാർത്ഥന. പേര് പ്രശസ്തി പണം ഇതാണ് കുഞ്ഞാപ്പുവിന്റെ രാവിലത്തെ പ്രാർത്ഥനയുടെ ഉള്ളടക്കം.
കുഞ്ഞാപ്പു അങ്ങാടിയിലെത്തി ആദ്യത്തെ പിടികക്കോലായിൽ കയറി നിന്നതും കടക്ക് മുന്നിലൂടെ ഒരു പോത്ത് ഓടിപ്പോയതും ഒരുമിച്ചായിരുന്നു. ഭാഗ്യം!.. കോലായിലേക്ക് കയറി നിന്നത് നന്നായി. അല്ലെങ്കിൽ അത് തന്നെയും കൊണ്ട് പോകുമായിരുന്നു. കുഞ്ഞാപ്പു ആത്മഗതം ചെയ്തു.
പക്ഷെ പിന്നെയാണ് കുഞ്ഞാപ്പുവിന് തോന്നിയത് ഇവിടെ ഇങ്ങനെ മേഞ്ഞുനടക്കുന്ന പോത്തുകളൊന്നും ഇല്ലല്ലോ എന്ന്. പിന്നെ ഇതാരപ്പാ?.കുഞ്ഞാപ്പുവിന്റെ ചിന്ത ആകാശം കാണാൻ തുടങ്ങി.പോത്തിനെ കണ്ടിട്ട് ആകെ ഭയന്നു വിറച്ചിരിക്കുന്നു. അക്രമാസക്തനുമാണ്. താൻ പോത്തിനെ വളർത്തുന്ന ആളായതിനാൽ തനിക്കെല്ലാം അറിയാമല്ലൊ. എവിടെ എങ്കിലും അറക്കാൻ കൊണ്ട് വന്നപ്പോൾ കെട്ടഴിഞ്ഞ് ഓടിയതായിരിക്കും. ഇതിനെ പിടിച്ചുകെട്ടിയാൽ പേരും പ്രശസ്തിയും താനെ വരും. പോരാത്തതിന് പണവും. കുഞ്ഞാപ്പു അര മുറുക്കിക്കുത്തി പോത്തിന്റെ പിന്നാലെ വിട്ടു.
അപ്പോഴേക്കും പോത്തിന്റെ പിന്നാലെ ആളുകൾ കൂടിത്തുടങ്ങിയിരുന്നു. നല്ല വലിപ്പമുള്ള പോത്തിനെ നേരിടാനും പിടിച്ചുകെട്ടാനും ആളുകൾക്ക് ഭയം. അവർ ഒച്ചയിട്ടു കൊണ്ട് മറ്റുള്ളവർക്ക് മുന്നറിയിപ്പ് കൊടുക്കുകയാണ്. ഒച്ചയും ആർപ്പുവിളിയും കേൾക്കുമ്പോൾ പോത്ത് കൂടുതൽ പരിഭ്രാന്തനാവുകയാണ്.
അപ്പോഴാണ് നമ്മുടെ കുഞ്ഞാപ്പുവിന്റെ ഇറക്കം. കുഞ്ഞാപ്പുവല്ലഭന്മാരെ പോലെ ആളുകളോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. ആൾക്കാരുണ്ടോ കുഞ്ഞാപ്പുവിനെ ഗൗനിക്കുന്നു. ആളുകൾ പോത്തിന്റെ പിന്നാലെത്തന്നെയാണ്.
ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കണ്ടം തന്നെ തിന്നണമല്ലൊ. ആ നയം തന്നെ കുഞ്ഞാപ്പു സ്വീകരിച്ചു. ആളുകളെ വകഞ്ഞു മാറ്റി കുഞ്ഞാപ്പു മുന്നോട്ടേക്ക് കുതിച്ചു.
അപ്പോഴേക്കും പോത്ത് അൽപം അകലെ എത്തിക്കഴിഞ്ഞിരുന്നു.
തൊട്ടടുത്ത ഒരു വീട്ടിൽ കയറി ഒരു കഷണം കയറ് ഒപ്പിച്ചു. എന്നിട്ട് പോത്തിനെ ലക്ഷ്യമാക്കി ഓടി.പിന്നാലെ നാട്ടുകാരും.
അപ്പോഴേക്കും പോത്ത് പാടത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു. മുട്ടോളം വെള്ളമുള്ള പാടമാണ്. പിന്നാലെ കുഞ്ഞാപ്പുവും.
പോത്ത് പാടത്തിന്റെ മദ്ധ്യത്തിൽ എത്തി അവിടെ നിന്നു.ഇത് തന്നെ തക്കം.പോത്ത് തളർന്നിരിക്കുന്നു. കെട്ടിയിട്ട് വളർത്തുന്നതല്ലെ കൂടുതൽ ഓടാൻ കഴിയില്ല. വേഗം പോത്തിന്റെ അടുത്തെത്തിയാൽ കയർ എറിഞ്ഞു കുരുക്കിടാം. ഇതായിരുന്നു കുഞ്ഞാപ്പുവിന്റെ പ്ളാൻ. പാടത്തേക്കിറങ്ങിയ കുഞ്ഞാപ്പു ശബ്ദമുണ്ടാക്കാതെ വെള്ളത്തിലൂടെ നീങ്ങി.ഭാഗ്യം പോത്ത് അനങ്ങാതെ നിൽക്കുകയാണ്.
കുഞ്ഞാപ്പു കയറി ന്റെ കുരുക്ക് ഒന്ന് കൂടി ശരിയല്ലെ എന്ന് ഉറപ്പു വരുത്തി. എന്നിട്ട് രണ്ടടി കൂടി മുന്നോട്ട് നീങ്ങി.
പെട്ടെന്ന് പോത്ത് ഒന്ന് തിരിഞ്ഞു നോക്കി രൂക്ഷമായനോട്ടം. അത് കണ്ട് കുഞ്ഞാപ്പു തന്റെ പിന്നിലേക്ക് ഒന്ന് നോക്കി.ആളുകളൊക്കെ കരയിൽ നിൽക്കുന്നു.ഇപ്പോൾ പാടത്ത് കുഞ്ഞാപ്പുവും പോത്തും മാത്രം.
കുഞ്ഞാപ്പു മനസിൽ ഓർത്തു.ആരെങ്കിലും ഈ രംഗം വീഡിയോയിലാക്കിയിരുന്നെങ്കിൽ, തന്റെ പ്രശസ്തി വാനോളം ഉയരുമായിരുന്നു.
പിന്നെ അമാന്തിച്ചില്ല പോത്തിന്റെ തല ലക്ഷ്യമാക്കി കുഞ്ഞാപ്പുകയർ ചുഴറ്റി എറിഞ്ഞു.കയർ പോത്തിന്റെ തലയിൽ കുടുങ്ങിയോ എന്നറിയില്ല, പോത്ത് തന്റെ നേർക്ക് വരുന്നതാണ് കുഞ്ഞാപ്പുകണ്ടത്.
പിന്നെ എന്ത് സംഭവിച്ചു എന്നതിനെ പറ്റി ഒരു പിടിയുമുണ്ടായിരുന്നില്ല. കണ്ണ് തുറന്ന് നോക്കിയപ്പോൾ ഏതോ ഹോസ്പിറ്റലിൽ ഏതോ ഐസിയുവിൽ കിടക്കുകയായിരുന്നുവെന്ന് മനസിലായി.അപ്പോൾ കുഞ്ഞാപ്പുവിന്റെ പരാജയത്തിന്റെ കഥകളിൽ ഒരടയാളം കൂടി അവന്റെ കാലുകളിൽ തുന്നിച്ചേർക്കുകയായിരുന്നു ഡോക്ടർമാർ.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo