Slider

അശ്ലീലം വിരൽത്തുമ്പിലൂടെ

0
എൻറെ അടുത്ത ബന്ധുവും സുഹൃത്തുമായ ഒരു സ്കൂൾ അധ്യാപികയുടെ ചെറിയൊരു അനുഭവമാണ് ആമുഖമെന്നോണം ഞാൻ പറഞ്ഞു വെക്കുന്നത്. ആ അധ്യാപികയുടെ വാക്കുകളിലൂടെ ഒരൽപ്പ സമയം...................!
അന്ന് പതിവുപോലെ ക്ലാസ് ആരംഭിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അടക്കി പിടിച്ച സംസാരം കേട്ടാണ് പെൺകുട്ടികൾ ഇരുന്ന ഭാഗത്തേക്ക് നോക്കിയത്. സാധാരണ ഗതിയിൽ ക്ലാസ് ടൈമിൽ ആൺകുട്ടികളാണ് കുഴപ്പക്കാർ.
അതുകൊണ്ട് തന്നെ കാര്യമാക്കാതെ ക്ലാസ് മുന്നോട്ട് പോകവേ വീണ്ടും അലോസരപെടുത്തുന്ന ശബ്ദം കേട്ട് ഞാൻ ആ ഭാഗത്തേക്ക് നീങ്ങി.
പെൺ കുട്ടികൾ ഇരിക്കുന്ന സൈഡിലെ മധ്യ ഭാഗത്തെ ബെഞ്ചിൽ ഒരു കുട്ടി തലചായ്ച്ചിരിക്കുന്നു. ചുറ്റുമുളളവരുടെ കണ്ണുകളിൽ വല്ലാത്തൊരു പരിഭ്രമം ഞാൻ തിരിച്ചറിഞ്ഞു
എന്താ പ്രോബ്ലം എന്നു ഞാൻ ചോദിച്ചു. ആർക്കും മിണ്ടാട്ടമില്ല. എനിക്ക് നല്ല ദേഷ്യം വന്നു തുടങ്ങി. ഞാൻ വലിയ ശബ്ദത്തോടെ വീണ്ടും ചോദ്യം ആവർത്തിച്ചു. എൻറെ മുഖഭാവം കണ്ടിട്ടാവാം മറ്റൊരു കുട്ടി മറുപടി നൽകി.
തലവേദനയാണ് മിസ്. ഞാനാ കുട്ടിയുടെ മുഖമുയർത്തി നോക്കി. കണ്ണുകൾ കുഴഞ്ഞിരിക്കുന്നപോലെ. അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. രംഗം പന്തിയെല്ലന്ന് കണ്ട ഞാൻ സ്റ്റാഫ് റൂമിലേക്ക് ആളെ അയച്ചു. ഉടനെ മറ്റൊരധ്യാപികയും പ്യൂണും ക്ലാസ് റൂമിലേക്കു വന്നു. കൂടെയുളളവരുടെ നില പരുങ്ങലിലാണെന്ന് കണ്ട പ്യൂൺ അവരെ ചോദ്യം ചെയ്യുവാൻ തുടങ്ങി. ആദ്യമൊക്കെ അമാന്തം കാണിച്ചെങ്കിലും ഞെട്ടിപ്പിച്ചു കളയുന്ന വിവരങ്ങളാണ് ലഭിച്ചത്. ആ കുട്ടി മദ്യപിച്ചിട്ടുണ്ട്. എങ്ങിനെയെന്നാൽ ആരും കാണാതിരിക്കുവാൻ കോള ബോട്ടിൽ വാങ്ങി അതിൽ മിക്സ് ചെയ്തിരിക്കുന്നു.
ഉടൻ ബാഗ് പരിശോധിച്ചപ്പോൾ ബോട്ടിൽ കണ്ടെത്തി. മാത്രമല്ല, മൊബൈൽ... പെൻഡ്രൈവ് എന്നിവയും കണ്ടെടുത്തു.
സ്കൂളിലുളള മറ്റൊരു വിദ്യാർത്ഥി വഴിയാണ് മദ്യം കിട്ടിയിരിക്കുന്നത്. സംഭവം പ്രിൻസിപ്പാളിൻറെ മുൻപിലെത്തി. ഫോണും പെൻഡ്രൈവും പരിശോധനയ്ക്ക് വിധേയമാക്കി.ഓരോ വിഷ്വൽസും റെക്കോർഡ് വോയ്സുകളും തലച്ചോറിനെ മരവിപ്പിക്കുന്നതായിരുന്നു. അശ്ലീലതയുടെ അങ്ങേയറ്റം. എൻറെ ഹൃദയത്തിനു വല്ലാത്തൊരു വേദന തോന്നി. കാരണം ഞാനും ഒരമ്മയാണല്ലോ. പിന്നീട് കുറ്റക്കാർക്കു കിട്ടിയ ശിക്ഷാ വിധികൾക്കപ്പുറം എൻറെ മനസ് പായുകയായിരുന്നു. എങ്ങോട്ടാണ് ഈ ബാല്യകൗമാരങ്ങൾ സഞ്ചരിക്കുന്നത്? അന്ന് സ്കൂളിൽ നടന്ന മിന്നൽ പരിശോധനകളിൽ ലഭിച്ചത് ഇരുപതിൽപ്പരം ഫോണുകൾ, മെമ്മറീ കാർഡുകൾ.. ! വാക്കുകൾ മുറിഞ്ഞതുപോലെ ആ അധ്യാപിക പറഞ്ഞു നിർത്തി.
പ്രിയ സുഹൃത്തുക്കളെ ഇന്ന് എൻറെ മനസും കലുഷിതമാണ്. നിങ്ങളോട് പറയുവാനുളളത് ചിലതു മാത്രം!
നാളെയുടെ വാഗ്ദാനങ്ങളാവേണ്ട നമ്മുടെ കുട്ടികളിൽ അവരുടെ വിദ്യഭ്യാസ കാലയളവിൽ തന്നെ പുഴുകുത്ത് വീണു തുടങ്ങിയിരിക്കുന്നു. പീഡനശ്രമത്തിനിടയിലുള്ള കൊലപാതകങ്ങളിൽ പതിമൂന്നു വയസ്സുകാരനും നാലാം ക്ളാസ്സുകാരനും പ്രതികൾ....മോഷണ സംഘങ്ങളില് അംഗങ്ങളാകുന്ന സ്ക്കൂള് വിദ്യാര്ത്ഥികൾ മദ്യത്തിനും മയക്കുമരുന്നിനും കൊച്ചുകുട്ടികള് പോലും അടിമകളാകുന്നു. വാർത്താ മാധ്യമങ്ങളിൽ പരക്കെ ഇതെല്ലാം ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.എന്താണ് നമ്മുടെ വിദ്യാർത്ഥി സമൂഹത്തിൽ സംഭവിക്കുന്നത്.? ബന്ധങ്ങളും മൂല്യങ്ങളുമൊന്നും വകവയ്ക്കാതെ തിന്മയുടെ നീരാളിപ്പിടുത്തത്തില് കുടുങ്ങിപ്പോകുന്ന അവരെ രക്ഷിക്കാൻ ആർക്കാണ് കഴിയുക.? തീര്ച്ചയായും ചര്ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്.

By: 
മില മുഹമ്മദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo