Slider

മരണം ഇരന്നു വാങ്ങുന്നവർ

0

മരണം ഇരന്നു വാങ്ങുന്നവർ
****************************
വിവാഹദിവസം തന്നെ വിധവയാകേണ്ടി വന്ന ഒരു ശാപജന്മമാണെന്റേത്.മണിക്കൂറുകൾക്ക് മുൻപ് കഴുത്തിൽ വരണമാല്യം ചാർത്തി നെറ്റിയിൽ കുങ്കുമം തൊടുവിച്ച.... പ്രിയതമന്റെ ആ കൈകൾ വെട്ടേറ്റു പിടയുന്നത് കൺമുന്നിൽ കാണേണ്ടി വന്നവൾ.വരനൊപ്പം വലതുകാൽ വെച്ച് കേറേണ്ട വീട്ടിലേക്ക് ഞാനിപ്പോൾ കേറാൻ
പോകുന്നത് താലികെട്ടിയവന്റെ ജീവനറ്റ ശരീരവുമായാണ്......
ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ അമ്മയേയും എന്നേയും..അനിയത്തിയേയും തനിച്ചാക്കി നാടുവിട്ടത്. അച്ഛൻ പോയതോടെ അമ്മ വീട്ടു ജോലികൾ ചെയ്ത് ഞങ്ങളെ വളർത്തി.. പക്ഷേ അമ്മയുടെ തുച്ഛ വരുമാനം നിത്യവൃത്തിക്കപ്പുറം
ഞങ്ങളുടെ പഠനചിലവ് കൂടി താങ്ങാൻ കഴിയുന്ന തരത്തിലായിരുന്നില്ല..പത്തിൽ ഉയർന്ന മാർക്ക് വാങ്ങി ഞാൻ ജയിച്ചെങ്കിലും വീട്ടിലെ കഷ്ടപ്പാട് കാരണം എന്റെ തുടർ പഠനം നിർത്തേണ്ടി വന്നു .
അടുത്തുള്ള ഒരു തുണിക്കടയിൽ ജോലിക്ക് കയറി തുടങ്ങിയതു മുതൽ അനിയത്തിയുടെ പഠനം നല്ല രീതിയിൽ തുടരാൻ സാധിച്ചു..വർഷങ്ങൾ പോകുന്നതനുസരിച്ച് എന്റെ ശമ്പളവും കൂട്ടി തന്നു നല്ലവനായ മുതലാളി
ഞാനും അമ്മയും ചേർന്ന് അനിയത്തിയെ പഠിപ്പിച്ച് എഞ്ചിനീയറാക്കി .അവളുടെ പഠനം തീർന്നു ..അപ്പോഴേക്കും എനിക്ക് വയസ്സ്
28 ആയി..അതിനിടയിൽ വന്ന പല വിവാഹാലോചനകളും സാമ്പത്തികബാധ്യതയുടെപേരിൽ വേണ്ടെന്നു വെച്ചു..എന്റെ അനിയത്തി മീനുവിന്റെ പഠിത്തം അതായിരുന്നു എന്റെ മനസ്സിലെ ലഷ്യം..
പക്ഷേ പിന്നീടാണെനിക്ക് മനസ്സിലായത് വിവാഹ കമ്പോളത്തിൽ ഞാനെന്ന പെണ്ണിന്റെ വില .. എനിക്ക് പ്രായക്കൂടുതൽ ആണെന്നും പറഞ്ഞു ..
വരുന്ന ഓരോ വിവാഹ ആലോചനകളും മുടങ്ങാൻ തുടങ്ങി. അമ്മയുടെ കണ്ണുനീർ കണ്ട് ഞാൻ മടുത്തു.അതിനേക്കാളുപരി എന്റെ അനിയത്തിയുടെ ഭാവിയും ഞാൻ കാരണം നശിക്കുമല്ലോയെന്ന് ഓർത്തായിരുന്നു എന്റെ ദു:ഖം...
പതിവുപോലെ തുണിക്കടയിൽ ജോലിക്കായി പോയ ഒരു ദിവസമാണ് ,വീടിനടുത്തുള്ള വിനോദേട്ടൻ ."തന്നെ എനിക്ക് ഇഷ്ടമാണ് ..വിവാഹം ചെയ്യാൻ താല്പ്പര്യമുണ്ട് "
എന്നു പറഞ്ഞു പിന്നാലെ വന്നത്.ആദ്യം അതത്ര കാര്യമായെടുത്തില്ലെങ്കിലും പലതവണ ഈ കാര്യം ആവർത്തിച്ചപ്പോൾ എന്തോ ഒരിഷ്ടം എനിക്കു തിരിച്ചും തോന്നി.അതുകൊണ്ടു തന്നെയാണ് ഞാനന്ന് വിനോദേട്ടനോട് ഇങ്ങനെയൊരാവശ്യം ഉന്നയിച്ചതും..
"എനിക്കു വിനോദേട്ടനോട് ഒരു ഇഷ്ടക്കുറവും ഇല്ല ,പക്ഷേ രാഷ്ട്രീയത്തിലെ മേലാളൻമാർക്കു വേണ്ടി കൊല്ലാനും ചാവാനും തയ്യാറായി നടക്കുന്ന വാടക ഗുണ്ട എന്ന ഈ സ്ഥാനപ്പേര് മാറ്റണം..ചെറുതെങ്കിലും അല്ലലില്ലാതെ കഴിഞ്ഞു കൂടാൻ പറ്റുന്ന ഒരു സ്ഥിര ജോലി വേണം..അതിനെന്ന് വിനോദേട്ടൻ തയ്യാറാകുന്നുവോ അപ്പോൾ നമ്മുടെ വിവാഹത്തേക്കുറിച്ച് ചിന്തിക്കാം."
വിനോദേട്ടൻ എനിക്കുള്ള മറുപടി ഒരു ചിരിയിലൊതുക്കിയേതെങ്കിലും പിറ്റേന്ന് രാവിലെ
ഞാൻ ജോലിക്കായി പോകുമ്പോൾ കുമാരേട്ടന്റെ
വർക്ഷോപ്പിൽ വിനോദേട്ടൻ ജോലിക്കായി നിൽക്കുന്നത് കണ്ടപ്പോഴാണെനിക്ക് മനസ്സിലായത് എന്നെ ഒരുപാട് ആ മനുഷ്യൻ സ്നേഹിക്കുന്നുണ്ടെന്ന്...രാഷ്ട്രീയക്കാർക്ക് വേണ്ടി തല്ലാനും കൊല്ലാനും നടന്ന് 35 വയസ്സായിട്ടും പെണ്ണ് കെട്ടാത്ത മകന്റെ ഈ മാറ്റം വിനോദേട്ടന്റെ അമ്മയ്ക്ക് ഒരുപാട് സന്തോഷം നല്കി..
ഇരുവീട്ടുകാർക്കും ഈ വിവാഹം ,വേഗം നടന്നു കാണാനുള്ള തിരക്കായിരുന്നു.. രാഷ്ട്രീയം ഉപേക്ഷിച്ച് വർക്ഷോപ്പിലെ പണിക്ക് മാത്രം പോകാൻ തുടങ്ങി വിനോദേട്ടൻ. പിന്നീടിങ്ങോട്ട്സന്തോഷത്തിന്റെ കുറേ ദിനങ്ങളായിരുന്നു ,വിവാഹദിനത്തിന് തൊട്ടു മുൻപ് വരെ...
വിവാഹം ഞങ്ങടെ നാട്ടിലെ ദേവീക്ഷേത്രത്തിൽ വെച്ചുമതി എന്നുള്ളത് വിനോദേട്ടന്റെ തീരുമാനമായിരുന്നു.എല്ലാവർക്കും അത് സമ്മതമായിരുന്നു..റോഡിൽ നിന്നും അൽപ്പം ഉള്ളോട്ട് മാറി തിരക്കൊഴിഞ്ഞ ദേവീക്ഷേത്രമാണിത്. അധികമാൾക്കാരേ ആരേയും വിവാഹത്തിന് ക്ഷണിച്ചിരുന്നുമില്ല
അടുത്ത ബന്ധുക്കളും നാട്ടുകാരിൽ ചിലരേയും മാത്രമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളൂ...
താലികെട്ട് കഴിഞ്ഞ് സദ്യയും കഴിഞ്ഞപ്പോഴേക്കും
ആൾക്കാർ ഏറെക്കുറെ തിരികെ പോയി തുടങ്ങിയിരുന്നു..വരന്റെ വീട്ടിലേക്ക് വധു ചെന്ന് കേറാനുള്ള മുഹൂർത്തം ഒരുപാട് വൈകിയാണെന്ന കാരണത്താൽ അത്രയും സമയം അമ്പലനടയിൽ തന്നെ ഇരിക്കേണ്ടി വന്നു.
ആ സമയത്താണ് അമ്പലത്തിന് അല്പം അകലെയായി ഒരു വാൻ വന്ന് നിന്നത്.അതിൽ നിന്നും ഇറങ്ങിയ ഒരാൾ അവിടെ നിന്നു കൊണ്ട് തന്നെ വിനോദേട്ടനെ പേരെടുത്ത് വിളിച്ചു അവിടേക്ക് ചെല്ലാൻ പറഞ്ഞു.
"ഞാൻ പോയി കാര്യമെന്താണെന്നറിഞ്ഞിട്ട് ഉടനേ
വരാം" എന്നും പറഞ്ഞ് വിനോദേട്ടൻ അവർക്കടുത്തേക്ക് പോയി..വണ്ടി കിടന്നത് അകലെയായതിനാൽ ആരാണ് വന്നതെന്നോ എന്താണ് സംസാരിച്ചതെന്നോ എനിക്കും മറ്റുള്ളവർക്കും അറിയാൻ കഴിഞ്ഞില്ല..
" ആ......അമ്മേ"എന്നൊരലർച്ച കേട്ടാണ് ഞാനടക്കമുള്ളവർ അങ്ങോട്ടേക്ക് ഓടി ചെന്നത്
ഞങ്ങൾ ചെന്നപ്പോഴേക്കും വന്നവർ വാനിൽ കേറി രക്ഷപെട്ടിരുന്നു..നോക്കുമ്പോൾ വിനോദേട്ടൻ രക്തത്തിൽ കുളിച്ച് കിടന്ന് ജീവനു വേണ്ടി പിടയുന്നു. "രാഷ്ട്രീയക്കാർക്ക് വേണ്ടി തല്ലാനും കൊല്ലാനും നടന്ന എന്റെ ജീവൻ തന്നെ അവസാനം ഞാൻ നല്ലവനായെന്ന ഒറ്റക്കാരണത്താൽ അവരില്ലാതാക്കി..എന്നെ ചതിച്ചത് ഞാൻ വിശ്വസിച്ച് സ്നേഹിച്ച എന്റെ പാർട്ടിയും പാർട്ടി പ്രവർത്തകരുമാണ്" വേദനയോടെ പതറിയ സ്വരത്തിൽ വിനോദേട്ടൻ പറഞ്ഞ ഈ വാക്കുകൾ കേട്ടുകൊണ്ട് ഞാനടുത്തേക്ക് ചെന്നതും
ആ കൈകൾ ഉയർത്തി എന്റെ കവിളിൽ തൊട്ടതും ആ മിഴികൾ എന്നെന്നേക്കുമായി അടഞ്ഞു.
വിനോദേട്ടനൊപ്പം വലത്കാൽ വെച്ച് കയറേണ്ട വീട്ടിലേക്ക് ഞാൻ ....വിനോദേട്ടന്റെ ജീവനറ്റ ശരീരവുമായി വണ്ടിയിൽ വന്നിറങ്ങി...വിനോദേട്ടന്റെ വീട്ടിൽ തിങ്ങിക്കൂടിയ ആൾക്കാരിൽ ചിലർ എന്നെ സഹതാപത്തോടെയും വെറുപ്പോടെയും ഒക്കെ പലതും പറയുന്നുണ്ടായിരുന്നു.
"പാവം കുട്ടി അതിന്റെ വിധി ഇങ്ങനെ ആയിപ്പോയല്ലോ"എന്ന് കുറച്ചുപേർ പറഞ്ഞപ്പോൾ "ഹും ശാപം കിട്ടിയ ജന്മമെങ്ങാണ്ടാ ഈ പെണ്ണിന്റേത് .അല്ലേൽ പിന്നെ
കെട്ട് കഴിഞ്ഞപ്പോഴേ കെട്ടിയവനേ പട്ടടയിലേക്ക്
എടുക്കേണ്ടി വരുമോ"എന്ന് മറ്റൊരു കൂട്ടർ വെറുപ്പോടെ പറയുന്നുണ്ടായിരുന്നു..
വിനോദേട്ടന്റെ അമ്മ കരഞ്ഞ് തളർന്ന് മുറിയിൽ കിടക്കുന്നു..എന്നെ കണ്ടതും കെട്ടിപ്പിടിച്ച് വീണ്ടും കരയാൻ തുടങ്ങി..മനസ്സ് മരവിച്ച എനിക്ക്
ചുറ്റിനും നടക്കുന്നതൊക്കെ എന്താണെന്നുള്ളത്
മനസ്സിലാക്കാനേ കഴിഞ്ഞില്ല..ആരോ വന്ന് പറഞ്ഞപ്പോഴാണ് അറിയുന്നത് വിനോദേട്ടന്റെ
ശരീരം അഗ്നിയിൽ എരിഞ്ഞടങ്ങാൻ പോകുകയാണെന്ന് ..
വിറയാർന്ന പാദത്തോടെ വേച്ച് വീഴാൻ പോയ എന്നെ ആരോ താങ്ങിയെഴുന്നേൽപ്പിച്ച് വിനോദേട്ടന്റെ ജീവനറ്റ ശരീരത്തിനടുത്തേക്ക് കൊണ്ടുവന്നു..ഇനിയുള്ള ജീവിതയാത്രയിൽ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞു കൈപിടിച്ച് കൂടെ കൂട്ടിയ ആളാണ് എന്നെ തനിച്ചാക്കിപോയത്..
എന്റെ താലിയും നിറുകയിലെ സിന്ദൂരവും
എന്നേ നോക്കി പരിഹസിക്കുന്നതായി എനിക്ക് തോന്നി...
മണിക്കൂറുകൾക്ക് മുൻപ് അഗ്നിസാക്ഷിയായി
എന്റെ കൈപിടിച്ചയാൾ അഗ്നിയിൽവെന്തൊരു പിടി ചാരമായി മാറുന്നത് കാണുന്നതിന് മുൻപായെന്റെ ബോധം മറഞ്ഞിരുന്നു.
( രാഷ്ട്രീയം നല്ലതാണ്. പക്ഷേ അത് ജനനന്മയ്ക്കാവണം. രാഷ്ട്രീയനേതാക്കൻമാർക്കായി പാർട്ടിയുടെ പേരിൽ കൊല്ലിനും കൊലയ്ക്കുമിറങ്ങുന്നവർ ഒന്നോർക്കുക തോരാത്ത മിഴിനീരുമായി നിങ്ങൾക്കായി കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടെന്നുള്ള സത്യം...രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ തീരാദു:ഖത്തിലാണ്ട് പോകുന്ന കുടുംബങ്ങൾക്കായി സമർപ്പണം..)
By. .രമ്യരാജേഷ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo