Slider

നിഴലായ്‌ മാത്രം. - Part 38

0

അധ്യായം- 38
വീശിയെത്തിയ കാറ്റില്‍ പ്രകൃതി പ്രകമ്പനം കൊണ്ടു.
കാലടികളില്‍ ചുഴലി വട്ടംചുറ്റി.
നില തെറ്റി വീഴാതെ വേദവ്യാസ് നിന്നു.
പൊട്ടിവീണത് പോലെ ധ്വനി തൊട്ടു മുന്നില്‍ വന്നു നിന്നു
വെളുത്ത ഗൗണില്‍ മഴ നനഞ്ഞു നില്‍ക്കുന്ന ഒരു ചെറിയ പെണ്‍കുട്ടി
പക്ഷേ അവള്‍ വേദവ്യാസിനെ നോക്കി ചിരിച്ചപ്പോള്‍ പല്ലുകള്‍ക്കിടയില്‍ ദംഷ്ട്രകള്‍ തിളങ്ങി.
'നിനക്കെന്താണ് വേണ്ടത് .. ഉപദ്രവിച്ചവരോടുള്ള പ്രതികാരമെല്ലാം തീര്‍ത്ത് മടങ്ങിപ്പോകേണ്ട ഒരു ആത്മാവാണ് നീ... ഇനി എന്താണ് നിനക്കിവിടെ ബാക്കിയുള്ളത് '
വേദവ്യാസ് അവള്‍ക്കു നേരെ കൈ ചൂണ്ടി.
ധ്വനി ഒരു നിമിഷം അവനെ തറച്ചു നോക്കി നിന്നു.
പിന്നെ അവന്റെ മുഖത്തേക്ക് നോക്കി ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.
'നിര്‍ത്ത്'..
വേദവ്യാസിന്റെ അലര്‍ച്ച ഇടിമുഴക്കം പോലെ പ്രതിധ്വനിച്ചു
'നിര്‍ത്ത് നിന്റെ അട്ടഹാസം .. വിടരും മുമ്പേ തല്ലിക്കൊഴിച്ചിട്ട പൂങ്കുല പോലെ ജീവിതം നഷ്ടപ്പെട്ട നിന്നെയോര്‍ത്ത് ഞാന്‍ സഹതപിക്കുന്നു. ഇനി നിനക്ക് വേണ്ടത് മോക്ഷമാണ്. പരമമായ മോക്ഷം... അതു നിനക്ക് ഞാന്‍ നേടിത്തരാം. ഈ ഭൂമി വിട്ട് നീ പോകണം... ഇത് ജീവിച്ചിരിക്കുന്നവരുടെ ലോകമാണ്'.
ധ്വനി വീണ്ടും അലറി ച്ചിരിച്ചു.
'എനിക്കറിയാം വേദവ്യാസ്. പക്ഷേ പോകാന്‍ എനിക്ക് കഴിയില്ല. ദുര്‍ഗ എന്നെ പറഞ്ഞയക്കില്ല.... ഒന്നും നേടാനാവാത്തവളുടെ സ്വാര്‍ഥത... ഞാനിവിടെ ഇങ്ങനെ ജീവിച്ചോട്ടെ.. ഒരു നിഴലായ് മാത്രമെങ്കിലും'.
ധ്വനി കരയാന്‍ തുടങ്ങി.
പുളഞ്ഞിറങ്ങിയ മിന്നലില്‍ വേദവ്യാസ് അവളുടെ മുഖം കണ്ടു.
നനഞ്ഞൊട്ടിയും കാറ്റില്‍ പറക്കുന്ന മുടിയിഴകള്‍ കണ്ടു.
കണ്ണില്‍ നിന്നും ഒലിച്ചിറങ്ങി മഴത്തുള്ളികള്‍ക്കൊപ്പം ഒഴുകിപ്പോകുന്നത് രക്തമാണ്.
'ഇന്ന് നടക്കാനിരിക്കുന്ന ഹോമം നടക്കരുത് .എന്നെ നശിപ്പിക്കാനുള്ള ഞാന്‍ അനുവദിക്കില്ല വേദവ്യാസ് '
അവള്‍ അലറി.
'എങ്കില്‍ .. ' വേദവ്യാസ് കൈചൂണ്ടി.
'നിന്നെ പറഞ്ഞയക്കുക എന്നതാണ് ഇനി എന്റെ ഉദ്യമം.ദേവദത്തനും വലിയേടത്തും പിന്നെ കിഴക്കേടത്തില്ലത്തെ വേദവ്യാസും.. എതിരിട്ട് നില്‍ക്കാന്‍ ധൈര്യമുണ്ടോ നിനക്ക് '
ദിഗന്തം പിളര്‍ത്തി ഒരു വെള്ളിടി വെട്ടി.
ഒരു മിന്നല്‍പ്പിണര്‍ തനിക്ക് നേരെ പാഞ്ഞെത്തുന്നത് വേദവ്യാസ് കണ്ടു.
മിന്നല്‍വേഗത്തില്‍ തന്നെത്തന്നെ അയാള്‍ കഴുത്തിലെ രുദ്രാക്ഷമാലയില്‍ തൊട്ടു.
വേദവ്യാസിലേക്ക് കുതിച്ചിറങ്ങിയ മിന്നല്‍ ഒന്നു ചെരിഞ്ഞ് കാറിന് മീതേക്ക് പതിച്ചു.
അതിന്റെ ശക്തിയില്‍ നില തെറ്റി വേദവ്യാസ് ദൂരേക്ക് തെറിച്ചു വീണു.
തന്റെ കണ്‍മുന്നില്‍ കാര്‍ കത്തിയെരിയുന്നത് വേദവ്യാസ് കണ്ടു.
ധ്വനി
ഭ്രാന്തമായ അട്ടഹാസത്തോടെ അവനോടടുത്തു.
വേദവ്യാസ് സര്‍വശക്തിയുളെടുത്ത് എഴുന്നേറ്റ് നിന്നു.
വീണ്ടും രുദ്രാക്ഷമാലയിലേക്ക്
കൈ നീട്ടവേ ധ്വനി നിശബ്ദയായി.
പിന്നെയൊരു തേങ്ങല്‍ കേട്ടു .
പുകമഞ്ഞ് പോലെ അവള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു.
പിടിച്ചുകെട്ടിയത് പോലെ കാറ്റും മഴയും ഇടിമിന്നലുകളും ശമിച്ചു.
പ്രകൃതി ശാന്തമായി.
വേദവ്യാസ് കുനിഞ്ഞ് ഭൂമിദേവിയെ തൊട്ട് നമസ്‌കരിച്ചു
അക്ഷോഭ്യനായി അയാള്‍ കാറിന് നേര്‍ക്ക് നടന്നു ചെന്നു.
അത് ഏറെക്കുറെ കത്തി നശിച്ചിരുന്നു.
അവന്‍ അതിന്റെ ചിതറിയ ഡാഷ് ബോര്‍ഡിന് മീതെ കൈയ്യിട്ട് എന്തോ പരതി.
ഒരു താക്കോല്‍ കൂട്ടം .
സേഫ്റ്റി ബോക്‌സ് തുറന്ന് അവന്‍ അതെടുത്തു.
ദുര്‍ഗ തിരയുന്ന ആ അമൂല്യ മാന്ത്രിക വിധികള്‍ അടങ്ങുന്ന ഗ്രന്ഥം.
അതുമായി റോസിന്വേ കുറുകെ വീണ കൂറ്റന്‍ മരവും കടന്ന് വേദവ്യാസ് മുന്നോട്ട് നടന്നു.
പ്രകൃതി ശരിക്കും ശാന്തമായിരിക്കുന്നു.
'അമ്മേ ഭൂമിദേവി എനിക്കൊപ്പം നില്‍ക്കുക.
ഇത് ധര്‍മ്മമാണ്.
സ്വാര്‍ഥയായിപ്പോയ ഒരു ആത്മാവിനോടൊപ്പം നിന്ന് ധര്‍മ്മത്തെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതേ. '
പടിപ്പുരയില്‍ ഓട്ടുമണി മുഴങ്ങിയപ്പോള്‍ വലിയേടത്ത് പൂജാമുറിയില്‍ ദേവീദേവന്‍മാര്‍ക്കു മുന്നില്‍ നമസ്‌കരിച്ചു.
വേദവ്യാസ് വന്നു.
ഈ യാത്ര അവനെ ഇവിടെയെത്തിക്കില്ലെന്ന് മനസ് പറഞ്ഞിരുന്നു.
അതാണ് ഈ നേരത്ത് പതിവില്ലാതെ പൂജാമുറിയിലേക്കോടിച്ചെന്നത്.
മൃത്യുഞ്ജയ മന്ത്രങ്ങള്‍
ഓരോന്നായി മനസില്‍ തെളിഞ്ഞു.
താളിയോലയില്‍ കുറിച്ചിട്ടതു പോലെ തന്നെ.
മറന്നുപോയ മന്ത്രങ്ങള്‍ കൂടുതല്‍ തെളിച്ചത്തോടെ..
പ്രായശ്ചിത്ത പൂജകള്‍ കൂടി കഴിയുന്നതോടെ നഷ്ടമായ സിദ്ധികള്‍ ഇരട്ടിയായി മടക്കി കിട്ടുമെന്ന് തിരിച്ചറിയുകയായിരുന്നു അദ്ദേഹം.
' ദേവീ..മഹാമായേ '
സാഷ്ടാംഗം നമസ്‌കരിച്ച് കിടന്ന് അദ്ദേഹം നന്ദി ചൊല്ലി.
വേദവ്യാസിനെ തിരിച്ചെത്തിച്ചല്ലോ.. നന്ദി... എന്റെ പേരിലും പിതൃക്കളുടെ പേരിലും നന്ദി'
അയാള്‍ എഴുന്നേറ്റ് പുറത്തേക്കു ചെല്ലുമ്പോള്‍ ദേവദത്തനും ചുറ്റുവരാന്തയില്‍ ഇറങ്ങി നില്‍ക്കുന്നത് കണ്ടു.
'വ്യാസല്ലേ കുട്ടാ അത് '
വലിയേടത്ത് തിരക്കി
'അതെ.. ആകെ നനഞ്ഞല്ലോ.. പക്ഷേ മഴ പെയ്തിട്ടുമില്ല.'
വേദവ്യാസും അതു തന്നെ ശ്രദ്ധിക്കുകയായിരുന്നു
എവിടെയും മഴ പെയ്ത ലക്ഷണമില്ല
ധ്വനിയുടെ മായ
ശക്തയാണവള്‍
അതു തെളിയിക്കാന്‍ കൂടിയാകും ഈ വരവ്.
' വാഹനമെവിടെ '
വലിയേടത്ത് അവന്‍ അടുത്തുവന്നപ്പോള്‍ തിരക്കി.
' കാര്‍ കത്തിക്കരിഞ്ഞു '
ഭാവമാറ്റമില്ലാതെ വേദവ്യാസ് പറഞ്ഞു.
' കത്തിക്കരിഞ്ഞെന്നോ ' ദേവദത്തന്‍ അമ്പരന്നു
' കത്തിച്ചു '
വേദവ്യാസ് ചിരിച്ചു.
' രക്ഷപെട്ടത് കഷ്ടിച്ചാണ്.
ഒരുപാടു പ്രാര്‍ഥനകളുടെ ശക്തി '.
വേദവ്യാസ് പറഞ്ഞത് മനസിലാവാതെ ദേവദത്തന്‍ വലിയമ്മാമ്മയെ നോക്കി.
വേദവ്യാസ് അദ്ദേഹത്തിന് നേര്‍ക്കു തിരിഞ്ഞു
' അങ്ങ് പറഞ്ഞത് ശരിയാണ് .പ്രായശ്ചിത്ത പൂജയ്ക്ക് മുമ്പ് ശത്രുഞ്ജയഹോമം നടക്കണം... ഇരുട്ടിലെ ശത്രുവിന്റെ ശക്തി കഴിയുന്നത്ര കുറയ്ക്കണം'
വേദവ്യാസ് വലിയേടത്തിന്റെ കാല്‍തൊട്ട് വന്ദിച്ചു.
' വന്ന വഴി അശുദ്ധമായി ..പൂജ തുടങ്ങാനിനി അരനാഴിക തികച്ചില്ല... കുളത്തിലൊന്നു മുങ്ങി കുളിച്ചു വരാം ഞാന്‍...'
'ഉവ്വ്''. വലിയേടത്ത് മൂളി.
വേദവ്യാസ് ചുറ്റുവരാത്ത കടന്ന് കുളപ്പുരയിലേക്ക് നടന്നു.
അകത്തുനിന്ന് ദുര്‍ഗയുടെ പൊട്ടിച്ചിരികേട്ടു .
ഒപ്പം കൂട്ടുകാരികളുടേയും.
അവന്‍ കുളപ്പടവിലേക്ക് കാല്‍ വെച്ചതും
ഭിത്തി മറവില്‍ നിന്ന് പൊട്ടിവീണത് പോലെ മുന്നിലേക്ക് ഒരു സ്ത്രീരൂപം വന്നു നിന്നു.
വേദവ്യാസ് ഞെട്ടിപ്പോയി.
കുളത്തിലേക്ക് വീണു കിടക്കുന്ന നിലാവിന്റെ വെളിച്ചത്തില്‍ അവന്‍ കണ്ടു
രുദ്ര.
അവളുടെ ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു
''രുദ്ര'
വേദവ്യാസ് അമ്പരപ്പോടെ അവളെ നോക്കി.
'ഞാനെല്ലാം കേട്ടു'.
രുദ്ര വിതുമ്പി.
' ആപത്ത് തുടങ്ങിയോ വ്യാസേട്ടന് '
അവളുടെ നീള്‍മിഴികളില്‍ നിന്നും കണ്ണീര്‍ കണങ്ങള്‍ അടര്‍ന്നുവീണു.
'എന്റെ ജാതകദോഷം അതുകൊണ്ടല്ലേ വ്യാസേട്ടാ.'
വിങ്ങിപ്പൊട്ടിപ്പോയി രുദ്ര.
വേദവ്യാസിന്റെ ഹൃദയം പിടച്ചു.
ജീവനെ പോലെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് മുന്നില്‍ നിന്നു കരയുന്നത്.
അതും തീര്‍ത്താല്‍ തീരാത്ത പാപബോധവും പേറി .
' രുദ്രാ'.
വേദവ്യാസ് അവളുടെ മുഖം പിടിച്ചുയര്‍ത്തി.
'എനിക്കൊന്നും വരില്ല.. നീ വിശ്വസിക്ക് '
അവന്റെ ശബ്ദം വിറയാര്‍ന്നു.
'വ്യാസേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല. ഈ കുളത്തില്‍ തന്നെ അവസാനിക്കും രുദ്ര.. അത്രയ്ക്ക് സ്‌നേഹിക്കുന്നുണ്ട് ഞാന്‍ '
അവള്‍ സാരിത്തലപ്പു കൊണ്ട് കൊണ്ട് കണ്ണീരൊപ്പി
''ഞാനൊരു കാര്യം പറയട്ടെ വ്യാസേട്ടാ '
അവള്‍ വിപദി ധൈര്യത്തോടെ വ്യാസിന്റെ മുഖത്തേക്ക് നോക്കി.
നിലാവില്‍ അവളുടെ മുഖം പ്രകാശിച്ചു.
കണ്ണീര്‍ കണങ്ങള്‍ മഞ്ഞുതുള്ളികള്‍ പോലെ തിളങ്ങി.
'ഉം.. പറയ്'
വേദവ്യാസ് അവളുടെ മിഴികളിലേക്ക് നോട്ട മൂന്നി.
'സ്‌നേഹിക്കുന്നവര്‍ ഒരുമിക്കണമെന്ന് ഈ ലോകത്ത് ഒരു നിര്‍ബന്ധവും ഇല്ലല്ലോ ... ഈ വിവാഹം വേണ്ടാന്ന് വെച്ചൂടേ.. '
വേദവ്യാസന്‍ നടുങ്ങിപ്പോയി.
'ഞാന്‍ കാരണം വ്യാസേട്ടന് ഒന്നും സംഭവിക്കരുത്.. അത്രയും മതി... എന്നും വ്യാസേട്ടനെ മാത്രം മനസാ വരിച്ച് ഞാനിവിടെ ഈ മനയുടെ അകത്തെവിടെയെങ്കിലും തീര്‍ത്തോളാം എന്റെ ജന്മം'.
' രുദ്രക്കുട്ടീ '.
വേദവ്യാസ് അവളുടെ കവിളില്‍ വാത്സല്യത്തോടെ തട്ടി.
'ഞാനതല്ല തീരുമാനിച്ചിരിക്കുന്നത് '
എന്താണെന്ന ചോദ്യം രുദ്രയുടെ കണ്ണുകളില്‍ നാമ്പിട്ടു
'മരിച്ചാലും ജീവിച്ചാലും നമ്മളൊന്നിച്ച് ... രുദ്രയുടെ വേദവ്യാസ്. വേദവ്യാസിന്റെ രുദ്ര. അതിനിനി മാറ്റമില്ല.'
രുദ്ര തറഞ്ഞു നിന്നു
' തത്ക്കാലം അന്തര്‍ജനം അകത്തേക്ക് ചെല്ലു... ഈ പൂജകള്‍ക്കൊക്കെ ഫലം ഇല്ലാതിരിക്കുമോ.. പരദേവകള്‍ക്കൊരു ശക്തിയുമില്ലാന്നാണോ രുദ്രക്കുട്ടിയുടെ വിചാരം'.
വേദവ്യാസ് മന്ദഹസിച്ചു.
'വഴി മാറ് പെണ്ണേ... മുങ്ങിക്കുളിച്ച് ചെന്ന് പൂജ ചെയ്യേണ്ടവനെ തടുത്ത് നിര്‍ത്തിയിരിക്കുന്നോ '
രുദ്രയുടെ മുഖത്ത് ലജ്ജ പടര്‍ന്നു.
നുണക്കുഴികള്‍ പാതി വിടര്‍ത്തിയ ഒരു മന്ദസ്മിതത്തോടെ അവള്‍ അവനെ കടന്ന് അകത്തേക്കോടി.
,,,,,,,,,,, ...... ,,,,,,,,
'ആനന്ദനടനം ആടിനാന്‍ '
എത്ര കണ്ടിട്ടും മതിയാവാതെ കലാമണ്ഡലം പാര്‍വതി നമ്പ്യാര്‍ പവിത്രയെ തന്നെ നോക്കിയിരുന്നു.
രുദ്രയും ദുര്‍ഗയും ഇക്കുറി അവള്‍ക്കൊപ്പം ചുവട് വെക്കാന്‍ ചേര്‍ന്നു.
അവരും നൃത്തത്തില്‍ ഒട്ടും മോശമല്ലെന്ന് പാര്‍വതി നമ്പ്യാര്‍ മനസില്‍ കുറിച്ചു.
' ബലേ ഭേഷ് ' .
നൃത്തം അവസാനിച്ചപ്പോള്‍ പാര്‍വതി നമ്പ്യാര്‍ കൈയ്യടിച്ചു.
ഒപ്പം സ്വാതിയും ജാസ്മിനും നേഹയും.
വലിയേടത്തും ചുറ്റുവരാന്തയിലിരുന്ന് നടുമുറ്റത്തെ നടനമഴക് കണ്‍നിറയെ കാണുകയായിരുന്നു.
' അടുത്ത തവണ പവിത്രയായിരിക്കും എന്റെ നൃത്തശില്‍പത്തിലെ നായിക. അതു ഞാന്‍ ഉറപ്പിച്ചു.വലിയേടത്ത് കേള്‍ക്കുന്നുണ്ടോ '
പാര്‍വതി നമ്പ്യാര്‍ ആവേശത്തോടെ അദ്ദേഹത്തിനരികിലെത്തി
' ഇപ്പോഴത്തെ നൃത്തശില്‍പ്പത്തിലെന്താ ഒരു കുറവ്. സീതയാകാന്‍ പറ്റിയില്ലെന്നല്ലേയുള്ളു. ഊര്‍മിള എന്താ മോശം ണ്ടോ... പവിയ്ക്കാണെന്നച്ചാ അത്രയ്ക്ക് ചേര്‍ച്ചയായിരിക്കുന്നു ആ വേഷം'
അദ്ദേഹം ഉള്ളുതുറന്ന് അഭിനന്ദിച്ചു.
' അപ്പോള്‍ ഈ വരുന്ന 24-ന് വൈകിട്ടത്തെ ഫ്‌ളൈറ്റില്‍ ഞങ്ങള്‍ക്ക് ന്യൂയോര്‍ക്കിലേക്ക് പറക്കണം.'
പറയാന്‍ വന്ന വിശേഷം അപ്പോഴാണ് അവര്‍ പുഞ്ചിരിയോടെ പൊട്ടിച്ചത്.
'ഇരുപത്തിനാലിനോ... അന്ന് രുദ്രക്കുട്ടീടെ വേളിയല്ലേ '
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി ഞെട്ടിപ്പോയി.
കലാമണ്ഡലം പാര്‍വതി നമ്പ്യാരുടെ മുഖം വാടി.
പവിത്രയുടേയും.
പെട്ടന്ന് ഒരു നിശബ്ദത അവിടെ വ്യാപിച്ചു
' എപ്പോഴാ മുഹൂര്‍ത്തം'.
അവര്‍ താണ സ്വരത്തില്‍ ചോദിച്ചു
' പകല്‍ 9 നും 9.30നും ഇടയ്ക്ക് '
പവിത്രയാണ് പറഞ്ഞത്.
പാര്‍വതി നമ്പ്യാരുടെ മുഖം തെളിഞ്ഞു
'അതു സാരല്യ. നമ്മുടെ ഫ്‌ളൈറ്റ് രാത്രി പത്തിനാണ്. ഇഷ്ടം പോലെ ടൈമുണ്ട്. ഒരേഴു മണിയാകുമ്പോ നെടുമ്പാശേരില്‍ എത്തണം. അത്രേയുള്ളു. '
വലിയേടത്തിന്റെ മുഖം ശാന്തമായി.
'വേറൊരൂട്ടം കൂടി പറയാനുണ്ട്.
ഒരാള്‍ക്ക് വേണമെങ്കില്‍ പവിത്രയ്‌ക്കൊപ്പം അങ്ങട് വരാം... എല്ലാ കാര്യങ്ങളും റെഡിയാണ്. ഒറ്റയ്ക്ക് വരണതില്‍ ഭയമുണ്ടെന്ന് വെച്ചാല്‍ അതും തീരൂല്ലോ '
പവിത്ര അത്ഭുതത്തോടെ വലിയമ്മാമ്മയെ നോക്കി.
' അതിനിനി പാസ്‌പോര്‍ട്ടൊക്കെ വേണ്ടി വരില്ലേ '
അയാളുടെ നെറ്റി ചുളിഞ്ഞു.
' വരും.. അതില്ലാണ്ടെ പറ്റില്ലല്ലോ ... ഇതിപ്പോഴാ ഒരാള്‍ വരുന്നില്ലാന്ന് പറഞ്ഞൊഴിഞ്ഞത്. ആ ഒരു ഒഴിവിലാ ഈ ചാന്‍സ് '
'ഇവിടിപ്പോ പാസ്‌പോര്‍ട്ടുള്ളത് ദത്തന് മാത്രമാണ്. മറ്റാര്‍ക്കായാലും ഇനി അതെടുക്കാനും സമയമില്ല'.
വലിയേടത്ത് ആലോചനയോടെ അവരെ നോക്കി.
' നിര്‍ബന്ധല്യാട്ടോ... പിന്നെ അവസരം കളയരുത് എന്നാണല്ലോ.. ദത്തന് വന്നാലെന്താ കുഴപ്പം.. പവിത്രയ്ക്ക് അതൊരു ആശ്വാസമായില്ലേ.. '
പവിത്ര നടുങ്ങിപ്പോയി. അവളുടെ നോട്ടം ജാസ്മിന് നേരെ നീണ്ടു.
അവളുടെ മുഖം കടുത്തിരിക്കുന്നത് പവിത്ര കണ്ടു.
'എന്താച്ചാല്‍ തീരുമാനിച്ചിട്ട് വരാന്‍ തയാറാണെങ്കില്‍ എത്രേം പെട്ടന്ന് എനിക്കെത്തിച്ചു തരണം. ഫോര്‍മാലിറ്റീസ് തീര്‍ക്കേണ്ടതല്ലേ.'
ചിരിയോടെ അവര്‍ എഴുന്നേറ്റു.പിന്നെ വലിയേടത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ചു.
' പോയി വരട്ടെ '. അവര്‍ യാത്ര പറഞ്ഞു.
അവര്‍ വന്ന കാര്‍ റോഡിലിറങ്ങിപ്പോയതിന് ശേഷമാണ് അവര്‍ മൗനം മുറിച്ചത്.
'എന്റെ അഭിപ്രായത്തില്‍ ദത്തേട്ടന്‍ കൂടി പോകുന്നതാണ് നല്ലത്.പവിയേട്ടത്തിയെ തനിച്ച് വിട്ടു എന്നൊരു വിഷമം ആര്‍ക്കും ഉണ്ടാവില്ലല്ലോ.'
'ശരിയല്ലേ ' എന്ന ഭാവത്തില്‍ ദുര്‍ഗ വലിയമ്മാമ്മയെ നോക്കി.
' അതാണ് ശരി... പക്ഷേ പ്രായശ്ചിത്ത പൂജയ്ക്ക് വേണ്ട മുന്നൊരുക്കങ്ങളില്‍ ദത്തന്‍ കൂടി പങ്കെടുക്കേണ്ടതുണ്ട്. ശാസ്ത്ര വിധികള്‍ നോക്കിയിട്ടേ എന്തെങ്കിലും ചെയ്യാനാവൂ'
ജാസ്മിന്റെ മുഖം തെളിയുന്നത് പവിത്ര കണ്ടു.
അവള്‍ പതിയെ തിരിഞ്ഞു നടന്നു.
ദത്തേട്ടന്‍ തന്നോടൊപ്പം വരുന്നത് മനസിന്റെ ഏതോ കോണില്‍ താന്‍ ആഗ്രഹിക്കുന്നുണ്ടോ.
മോഹിച്ചു പോകുന്നുണ്ടോ പവിത്ര ദത്തേട്ടനെ.
അങ്ങനെ ചിന്തിക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു വേദന പൊടിയുന്നതറിഞ്ഞു.
വൈശാഖിന്റെ മുഖം മനസില്‍ തെളിയുന്നു.
ഒന്നിച്ച് ജീവിച്ച് കൊതി തീരുന്നതിന് മുമ്പേ മരണം തട്ടിയെടുത്തു
മറന്നു പോകുന്നുണ്ടോ ആ മുഖം
മനസില്‍ ദത്തേട്ടന്റെ രൂപം പകരം തെളിയുന്നുണ്ടോ.
മരണ കിടക്കയില്‍ വെച്ച് തന്റെ കൈ നെഞ്ചോട് ചേര്‍ത്തുവെച്ച് വൈശാഖ് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു.
'എനിക്ക് വേണ്ടി ജീവിതം നശിപ്പിക്കരുത് പവീ... '
പവിത്രയുടെ മിഴികള്‍ നിറഞ്ഞു തൂവി.
എന്തിനാണ് ഈശ്വരാ ഈ പരീക്ഷണം.
ഈ പാവം പെണ്ണിനോട്
വെള്ളയുടുത്ത് എന്നും വൈശാഖിന്റെ വിധവയായി ജീവിക്കാനാഗ്രഹിച്ച ഈ പവിത്രയോട്..
ഒരു ജീവിതം അറിയാതെ മോഹിച്ചു പോകുന്നുണ്ട്
കൂടെ നടക്കാനൊരാള്‍..
പക്ഷേ..
ജാസ്മിന്‍ ..
വടക്കിനിയുടെ മരയഴികളില്‍ ചാരി നില്‍ക്കുമ്പോള്‍ കോളജില്‍ നിന്നും ദത്തേട്ടന്‍ മടങ്ങി വരുന്നത് കണ്ടു.
തടി ഗോവണിയില്‍ ചവുട്ടി കയറിപ്പോകുകയാണ്.
വലിയമ്മാമ്മ കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടാകുമെന്ന് തോന്നി.
എന്തായിരിക്കും ദത്തേട്ടന്റെ തീരുമാനം
പവിത്രയുടെ നെഞ്ചുനീറി
ഗോവണി കയറിപ്പോകുമ്പോള്‍ ദേവദത്തനും ചിന്തിച്ചത് അതു തന്നെയാണ്.
പ്രായശ്ചിത്ത പൂജയ്ക്ക് മുന്നൊരുക്കങ്ങളില്‍ തന്റെ സാന്നിധ്യം നിര്‍ബന്ധമാണ്. രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചു വന്നാല്‍ മൂന്നാം ദിവസമാണ് പൂജ നടക്കുന്ന ദിനം.
പവിത്രയെ തനിച്ചയക്കാന്‍ തോന്നുന്നില്ല.
പ്രത്യേകിച്ച് ഇങ്ങനെ ഒരു അവസരം കൂടി ഉണ്ടാകുമ്പോള്‍ ആരുമില്ലാത്തവളായി അവള്‍ പോകുന്നത് ദൗര്‍ഭാഗ്യമാണ്.
വസ്ത്രം മാറ്റി ദത്തന്‍ തിരിച്ച് ചെല്ലുമ്പോള്‍ ചുറ്റുവരാന്തയില്‍ വലിയമ്മാമ്മയ്‌ക്കൊപ്പം ശ്രീധരന്‍ ഭട്ടതിരിയും ഉണ്ടായിരുന്നു.കൂടെ വേദവ്യാസും
'അവളെ തനിച്ച് വിടുന്നത് ഓര്‍ക്കുമ്പോള്‍ എന്റെ നെഞ്ചില്‍ തീയായിരുന്നു'
ശ്രീധരന്‍ ഭട്ടതിരി ദേവദത്തനെ നോക്കി
' എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ കുട്ടന്‍ അവളുടെ ഒപ്പം പോകണം'.
ആ ദയനീയ ഭാവം കണ്ട് ദേവദത്തന്റെ മനസു നൊന്തു .
' ശ്രമിക്കാം ചെറിയമ്മാമ്മേ ' അവന്‍ വേദവ്യാസിനെ നോക്കി
'ഒരു മാര്‍ഗമുണ്ട്. വലിയേടത്ത് ശാസ്ത്ര വിധി പ്രകാരം എന്നെ ദേവദത്തന്റെ സ്ഥാനത്തേക്ക് ദത്തെടുക്കണം. പിന്നെ ഞാന്‍ കര്‍മ്മങ്ങള്‍ ചെയ്താല്‍ പിതൃക്കള്‍ക്ക് മതിയാകില്ലേ '.
അവന്‍ വലിയേടത്തിനെ നോക്കി.
' അതു സാധിക്കില്ല വ്യാസ് ..' വലിയേടത്ത് പറഞ്ഞു.
'ദത്തന്റെ സ്ഥാനത്തേക്ക് ദത്തെടുത്താല്‍ രുദക്കുട്ടിക്ക് നീ സഹോദര സ്ഥാനീയനാകും.അക്കാര്യം മറന്നോ'.
വേദവ്യാസിന്റെ മുഖത്ത് അബദ്ധഭാവം പ്രകടമായി
'അതിന് ഞാന്‍ മതിയല്ലോ'.
ശ്രീധരന്‍ ഭട്ടതിരി പെട്ടന്ന് പറഞ്ഞു.
'പിതൃക്കള്‍ക്ക് സ്വീകാര്യരായ രണ്ടു പേര്‍ വേണം. അത്രയല്ലേയുള്ളു. ദത്തന്റെ സ്ഥാനത്തേക്ക് ഒരു വിഗ്രഹം പ്രതിഷ്ഠിക്കണം. അങ്ങനെയല്ലേ ശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നതെന്ന് നോക്കിക്കോളു'.
ആ അറിവില്‍ വേദവ്യാസിന്റെയും ദേവദത്തന്റെയും മുഖത്ത് അമ്പരപ്പ് തെളിഞ്ഞു.
' അത്ഭുതം വേണ്ട '.
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി ഉറക്കെ ചിരിച്ചു
' എന്നേക്കാള്‍ പ്രഗത്ഭനാണ്. പക്ഷേ പാരമ്പര്യം അനുസരിച്ച് ജ്യേഷ്ഠനായ എന്നില്‍ പൂജാ കര്‍ത്തവ്യങ്ങള്‍ വന്നു ചേര്‍ന്നുവെന്നേയുള്ളൂ.'
അത്ഭുതം വിട്ടു മാറാതെ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വേദവ്യാസ് നമസ്‌കരിച്ചു.
' ആ പ്രശ്‌നത്തിന് ഒരു തീര്‍ച്ചയായി. '
വലിയേടത്ത് നിറഞ്ഞു ചിരിച്ചു.
'മന്ത്ര തന്ത്ര സിദ്ധികളില്‍ സംശയങ്ങള്‍ ഉണ്ടെച്ചാല്‍ ശ്രീധരന്‍ പറഞ്ഞ് തരും പലതും.. എല്ലാത്തില്‍ നിന്ന് ഒഴിഞ്ഞ് നടക്വാണെ ച്ചാലും'
'എന്നാല്‍ പിന്നെ വൈകണ്ട.. പാസ്പോര്‍ട്ട് കലാമണ്ഡലം പാര്‍വതി നമ്പ്യാരെ ഏല്‍പിക്യാ.. വേണ്ടത് എന്താന്ന് വെച്ചാല്‍ അവര്‍ ചെയ്യട്ടെ '.
വലിയേടത്ത് ദേവദത്തനെ നോക്കി.
ഉവ്വ്..
ദേവദത്തന്‍ പറഞ്ഞു.
..... .... .....
കടും മെറൂണ്‍ നിറമുള്ള കാഞ്ചീപുരം പട്ടുടുത്ത് മുടി ഭംഗിയായി പിന്നിയിട്ട് നിറയെ മുല്ലപ്പൂവ് ചൂടി ഒരു വധുവിന്റെ എല്ലാ ചന്തവും തികഞ്ഞാണ് വേളിക്ക് രുദ്രയെ ഒരുക്കിയത്.
നിറയെ അലങ്കാര പണികള്‍ ചെയ്ത ഇളം പിങ്ക് നിറമുള്ള ദാവണിയായിരുന്നു ദുര്‍ഗയുടെ വേഷം.
അതിന്റെ തന്ന ഇളം നീല, പച്ച, വയലറ്റ് നിറങ്ങളിലുള്ള ദാവണിയായിരുന്നു സ്വാതിയും നേഹയും ജാസ്മിനും ധരിച്ചത്.
വേളിക്ക് മഹേഷ് ബാലനെയും കുടുംബത്തെയും ക്ഷണിച്ചിരുന്നു.
ആദ്യമായിട്ടായിരുന്നു ബാലചന്ദ്രന്‍ നായരും ഭാര്യയും വലിയേടത്തേക്ക് വരുന്നത്.. വലിയേടത്തെ പ്രൗഢിയും രീതികളും അവരെയും അമ്പരപ്പിച്ചു.
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി സ്‌നേഹപൂര്‍വമാണ് അവരെ സ്വീകരിച്ചത്
ദേവദത്തനും തികഞ്ഞ സൗഹാര്‍ദ്ദത്തോടെ അവരെ അകത്തേക്കാനയിച്ചു.
പിന്നെ വലിയേടത്ത് മന മുഴുവന്‍ ചുറ്റിനടന്ന് അവരെ കാണിക്കുകയും ചെയ്തു.
'പണ്ടത്തെ സമ്പ്രദായമാണെങ്കില്‍ ഇവിടെ നമ്മള്‍ ശൂദ്രന്‍മാരാണ്.ഇത്ര പഴമകള്‍ സംരക്ഷിക്കുമ്പോഴും ഇവിടെയുള്ളവരുടെ പുരോഗമനപരമായ ചിന്താഗതി .. മാറ്റം എന്നെ അത്ഭുതപ്പെടുന്നു' ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു.
സരസ്വതി കൗതുകത്തോടെ മനയുടെ ഓരോ കോണും വീക്ഷിച്ചു
' ഇത്ര വലിയ ഒരു മന എന്റെ ജീവിതത്തില്‍ ആദ്യം കാണുകയാ ഞാന്‍.. ഇവിടുന്നൊരു കുട്ടി മഹിയ്ക്ക് ഭാര്യയായി വരിക.. ചിന്തിക്കാന്‍ കൂടി പറ്റുന്നില്ല ബാലേട്ടാ'
മഹേഷ് ബാലന്‍ കുസൃതിയോടെ അമ്മയെ നോക്കി.
ബാലചന്ദ്രന്‍ നായര്‍ അവരെ നോക്കി ചിരിച്ചു
' അതല്ലേ പറയുന്നത് പ്രേമത്തിന് കണ്ണും കാതും മൂക്കുമൊന്നുമില്ലെന്ന്.. അല്ലേടാ മഹി' മഹേഷ് ബാലന്റെ മുഖം ചുവന്നു.
' അതച്ഛന് ദുര്‍ഗയെ അറിയാഞ്ഞിട്ടാ.. ലളിതമായ ജീവിത രീതികളാണ് അവളുടേത്. ഈ സ്വത്തും പ്രതാപവുമൊന്നും അവളെ ബാധിച്ചിട്ടില്ല. '
അവന്റെ വാക്കുകളില്‍ ദുര്‍ഗയോടുള്ള ബഹുമാനം വ്യക്തമായിരുന്നു.
അപ്പോഴേക്കും ഇളംപച്ച ദാവണിയുടുത്ത സ്വാതി അവര്‍ക്കരികിലേക്ക് ഓടിയെത്തി.
സരസ്വതിയുടെ കണ്ണ് മിഴിഞ്ഞു പോയി.
ഏതാനും ദിവസം മനയില്‍ കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ക്ക് നല്ല മാറ്റം വച്ചിരിക്കുന്നു.
നല്ല നിറം വെച്ചു
അല്‍പ്പം വണ്ണം വെച്ചെന്നും അവര്‍ക്ക് തോന്നി.
വലിയേടത്തെ പെണ്‍കുട്ടിയാണെന്നേ കണ്ടാല്‍ പറയൂ.
' അച്ഛാ' അവള്‍ ഓടി വന്ന് ബാലചന്ദ്രന്‍നായരുടെ കൈയ്യില്‍ തൂങ്ങി.
' വിരുന്ന് വന്ന് താമസമേയുള്ളോ.. വല്ലതും പഠിക്കുന്നുണ്ടോ നീ'
അയാള്‍ സ്‌നേഹപൂര്‍വം മകളെ ചേര്‍ത്തു പിടിച്ചു.
' പഠിത്തമൊക്കെ നടക്കുന്നുണ്ട്.. ഏട്ടാ തങ്കത്തെ കണ്ടോ'
അവള്‍ കുസൃതിയോടെ തിരക്കി
' ഇല്ല.. ഞാന്‍ കരുതി എന്നെ സ്വീകരിക്കാന്‍ വരുമെന്ന്'
മഹേഷ് അതേ നാണയത്തില്‍ മറുപടി നല്‍കി.
' രുദ്രേച്ചിയെ ഒരുക്കുന്ന തിരക്കിലാ.. അവളറിഞ്ഞിട്ടില്ല നിങ്ങള്‍ വന്നത്..'
സ്വാതി ഉത്സാഹത്തോടെ പറഞ്ഞു.
' അതുശരി.. എന്റെ കൂടെ മന കാണാന്‍ വന്നിട്ട് നിങ്ങളെല്ലാവരും ഇവിടെ നില്‍ക്കുകയാണോ'
മുന്നോട്ട് പോയ ദേവദത്തന്‍ തിരിച്ചു വന്നു.
' എന്നെ കണ്ടിട്ട് നിന്നു പോയതാ ദത്തേട്ടാ.. ധൈര്യായിട്ട് കാണിച്ചോളു.. ഞാന്‍ രുദ്രേച്ചീടടുത്തേക്ക് പോട്ടെ '
സ്വാതി പിന്തിരിഞ്ഞ് ഓടാനാഞ്ഞു.
' നില്‍ക്കെടി കാന്താരി അവിടെ'
ദേവദത്തന്‍ അവളുടെ കൈയ്യില്‍ പിടിച്ചു നിര്‍ത്തി.
' വേളിയായിട്ട് ഇങ്ങനെ ഓടി നടന്ന് തട്ടി വീഴണ്ട.. ചെന്ന് തങ്കത്തിനെ വിളിച്ചു കൊണ്ടു വാ.. മഹി വന്നിട്ടുണ്ടെന്ന് പറയ്'
സ്വാതി അവനെ നോക്കി കണ്ണുകള്‍ കൂര്‍പ്പിച്ച് നിന്നു.
പിന്നെ കൈ വിടുവിച്ച് മുന്നോട്ടോടി.
' വലിയ വായാടിയാണല്ലേ..' ദേവദത്തന്‍ മന്ദഹാസത്തോടെ അവരെ നോക്കി.
' വലിയമ്മാമ്മയ്ക്ക് സ്വൈര്യം കൊടുക്കില്യാ മൂന്നുപേരും.. എപ്പോഴും കൈനോട്ടവും മുഖലക്ഷണം പറച്ചിലും തന്നെയായി വലിയമ്മാമ്മേടെ പണി.. '
വാത്സല്യമായിരുന്നു അയാളുടെ മുഖത്ത്.
മഹേഷിന് അത്ഭുതം തോന്നി
തന്നോട് നീരസപ്പെട്ടു മാത്രമേ അധികവും കണ്ടിട്ടുള്ളു
ഒരു മുരടനെന്നാണ് മനസില്‍ വിലയിരുത്തിയതും.
ഇപ്പോള്‍ പക്ഷെ ആ മനസിന്റെ നന്മ ബോധ്യമാകുന്നു.
ദേവദത്തന്‍ ആ നോട്ടം കണ്ടു
' അയാം സോറി മഹീ'
അയാള്‍ അതേ വാത്സല്യത്തോടെ തന്നെ അവന്റെ കരം കവര്‍ന്നു.
' നോക്ക് മഹീടച്ഛാ.. ഞങ്ങള്‍ തമ്മില്‍ അസാരം വഴക്കൊക്കെ നടന്നിട്ടുണ്ട്.. അതിനൊക്കെ പുറകില്‍ ചില തെറ്റിദ്ധാരണകളും ഉള്‍പ്പേടിയുമൊക്കെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെയൊപ്പം നില്‍ക്കുമ്പോള്‍ എനിക്ക് മനസിലാകുന്നുണ്ട് അവള്‍ക്ക് സന്തോഷമായിരിക്കും നിങ്ങളുടെ കൂടെ'
ജ്യേഷ്ഠാനുജന്‍മാരെ പോലെ അവര്‍ ഒന്നിച്ചു നടക്കുന്നത് കണ്ട് സരസ്വതി കണ്ണുതുടച്ചു.
അവര്‍ തെക്കിനിയിലേക്കെത്തിയതും സ്വാതിയുടെയൊപ്പം ഒരുങ്ങി കൂടുതല്‍ മനോഹരിയായി ദുര്‍ഗ വരുന്നത് കണ്ടു.
്‌വളുടെ മുഖത്ത് ലജ്ജയും അത്ഭുതം ഒരുപോലെ പ്രകടമായിരുന്നു.
' അവിടെ ക്ഷണിച്ചിട്ടുണ്ടെന്ന് ഈ ദത്തേട്ടന്‍ എന്നോട് പറഞ്ഞേയില്ല'
ദുര്‍ഗ ചെന്ന് സരസ്വതിയുടെ കൈപിടിച്ചു.
' ഏട്ടനോട് നീരസപ്പെട്ട് ഞാനും ആവശ്യപ്പെട്ടില്ല'
' നേരത്തെ പറഞ്ഞാല്‍ ഈ സന്തോഷം ഉണ്ടാകുമായിരുന്നോ മോളേ'
ബാലചന്ദ്രന്‍നായര്‍ ചോദിച്ചു.
' കുട്ട്യോട് പറയേണ്ടെന്ന് ദത്തന്‍ പ്രത്യേകം പറഞ്ഞിരുന്നു'
' മഹിയേട്ടന്‍ പോലും ഒരു സൂചന തന്നില്ല'
ദുര്‍ഗ പരിഭവിച്ച് മഹേഷ് ബാലനെ നോക്കി.
മഹേഷ് ചിരിയോടെ നോട്ടം മാറ്റിക്കളഞ്ഞു.
ദേവദത്തന്‍ വാച്ചില്‍ നോക്കി.
' സമയമായിത്തുടങ്ങി..ഞാനങ്ങോട്ട് ചെല്ലട്ടെ..തങ്കം ഇവിടെ നിന്നോട്ടോ'
ദേവദത്തന്‍ ധൃതിപിടിച്ച് പുറത്തേക്ക് ചെന്നു.
അപ്പോള്‍ ഇടനാഴിയിലൂടെ വരുന്ന പവിത്രയെ കണ്ടു.
' എല്ലാം പായ്ക്ക് ചെയ്ത് വെച്ചില്ലേ.. വേളി കഴിഞ്ഞ് രുദ്രക്കുട്ടിയെ കിഴക്കേടത്ത് കൊണ്ടുചെന്നാക്കിയാല്‍ ഉടനേ തിരിച്ചു വരണം.. എയര്‍പോര്‍ട്ടിലേക്ക് പോകണ്ടേ.. ഒട്ടും സമയം കളയാനുണ്ടാവില്ല'
അവന്‍ ഓര്‍മ്മിപ്പിച്ചു.
പവിത്ര തലയാട്ടി.
അവന്‍ അവളെ കടന്ന് മുന്നോട്ട് നടക്കാനാഞ്ഞു.
' ദത്തേട്ടാ'
പവിത്ര പിന്നില്‍ നിന്നും വിളിച്ചു
ദേവദത്തന്‍ തെല്ലമ്പരപ്പോടെ നി്ന്ന് അവളെ തിരിഞ്ഞു നോക്കി.
' ദാ.. ഇത് കൈയ്യില്‍ വെച്ചോളു'
അവള്‍ ആ ഡയറി അയാളുടെ നേരെ നീട്ടി.
ദേവദത്തന്റെ മുഖം വിവര്‍ണമാകുന്നത് അവള്‍ കണ്ടു.
' ഇത്ര തൊട്ടടുത്ത് ഉണ്ടായിരുന്നില്ലേ ഞാന്‍.. ഈ മൗനമല്ലേ എല്ലാം വരുത്തിവെച്ചത്.. ദത്തേട്ടനറിയ്യോ അന്ന് എന്നെ ആട്ടിയോടിക്കുന്നത് വരെ എന്റെ മനസില്‍ ദത്തേട്ടനേ ഉണ്ടായിരുന്നുള്ളു..പിന്നെ.. ആ സങ്കടത്തില്‍ നിന്നും രക്ഷപടാന്‍ കൂടി വേണ്ടിയിട്ടാണ് ഞാന്‍ വൈശാഖിന്റെ ഇഷ്ടം സ്വീകരിച്ചത്.'
അവളുടെ കണ്ണുകള്‍ നിറഞ്ഞു തൂവുന്നത് ദേവദത്തന്‍ കണ്ടു.
' ഇനിയെങ്കിലും മനസിലുള്ളത് പ്രകടിപ്പിക്കാന്‍ ദത്തേട്ടന്‍ പഠിക്കണം.. ആ കുട്ടിയെ എങ്കിലും വിഷമിപ്പിക്കരുത്..'
' ഏതു കുട്ടിയെ'
വികാര വിക്ഷോഭങ്ങള്‍ അടക്കാന്‍ പരമാവധി ശ്രമിച്ച് ദേവദത്തന്‍ തിരക്കി
' ജാസ്മിനെ..'
ദേവദത്തന്റെ മുഖത്തൊരു ചെറുചിരിയുണ്ടായി.
' ഇല്ല പവീ.. ഇതെനിക്കൊരു പാഠമാണ്.. നന്ദി'
ആ ഡയറിയുമായി ദേവദത്തന്‍ നടന്നു പോകുന്നത് ഹൃദയം വേര്‍പെടുന്ന വേദനയോടെ പവിത്ര നോക്കി നിന്നു.
എട്ടരയോടെ തന്നെ ക്ഷേത്രത്തിലേക്ക് പുറപ്പെടാനുള്ള ഒരുക്കം തുടങ്ങി.
രുദ്ര പ്രാര്‍ഥനകള്‍ക്കു ശേഷം പുറത്തേക്ക് വന്നു.
'ആചാരവിധി പ്രകാരം ആരതിയുഴിഞ്ഞ് വേണം കുട്ടിയെ പുറത്തേക്കാനയിക്കാന്‍'
വലിയമ്മാമ്മ പറഞ്ഞു.
രക്ത ബന്ധത്തിലെ സുമംഗലിയായ ഒരു പെണ്‍കുട്ടി വേണം ആരതിയുഴിയാന്‍'
ദേവദത്തന്‍ കൂടി നില്‍ക്കുന്ന ബന്ധുക്കളെ നോക്കി.
അവരില്‍ യുവതികളായവര്‍ ആരും തന്നെ വിവാഹിതകളായിരുന്നില്ല.
വലിയേടത്തിന്റെ മുഖപ്രസാദം മങ്ങി
' തുടക്കം തന്നെ തടസങ്ങളാണല്ലോ ദേവീ'
അയാളുടെ മന്ത്രണം ദേവദത്തന്‍ കേട്ടു.
' തടസമൊന്നുമില്ല വലിയമ്മാമ്മേ'
ദേവദത്തന്‍ മന്ദഹാസത്തോടെ പറഞ്ഞു.
പിന്നെ രുദ്രയ്ക്കും ദുര്‍ഗയ്ക്കും പിന്നില്‍ നിന്ന പവിത്രയെ നോക്കി.
പിന്നെ ആരും പ്രതീക്ഷിക്കാതെ പവിത്രയുടെ കൈയ്യില്‍ പിടിച്ച് അവര്‍ക്കു മുന്നിലേക്ക് വലിച്ചിറക്കി നിര്‍ത്തി.
പവിത്ര മാത്രമല്ല കൂടി നിന്നവരെല്ലാം അമ്പരന്നു പോയി.
എന്താ സംഭവിക്കുന്നതെന്ന നടുക്കത്തോടെ ശ്രീധരന്‍ ഭട്ടതിരിയും മുന്നോട്ട് ചെന്നു.
ദേവദത്തന്‍ ചുരുട്ടിപ്പിടിച്ചിരുന്ന ഇടതുകൈ തുറന്നു.
അതിലൊരു മഞ്ഞചരടും താലിയും പവിത്ര കണ്ടു
ഞെട്ടലോടെ അവള്‍ മുഖമുയര്‍ത്തിയപ്പോഴേക്കും കണ്ടു
കഴുത്തിന് നേരെ നീണ്ടു വരുന്ന ദേവദത്തന്റെ കൈകള്‍.
ഒന്നു ശ്വാസമെടുക്കുന്നതിന് മുമ്പ് കഴുത്തില്‍ താലിവീണുവെന്ന് അവള്‍ അറിഞ്ഞു.
അതേ നടുക്കത്തിലായിരുന്നു എല്ലാവരും.
ഉറഞ്ഞു കൂടിയ നിശബ്ദത ഭേദിച്ച് ഒരു കൈയ്യടിയുയര്‍ന്നു.
ജാസ്മിന്‍.
അവളുടെ മുഖത്ത് നിറയെ ചിരിയായിരുന്നു.
ദുര്‍ഗയും നേഹയും സ്വാതിയും ആ കൈയ്യടികളെ ഏറ്റുപിടിച്ചു
' കുരവയിടാനറിയില്ല.. അതുകൊണ്ടാണ്..' ജാസ്മിന്‍ ഉറക്കെ പറഞ്ഞു.
അതോടെ മുതിര്‍ന്ന സ്ത്രീകളിലാരൊക്കെയോ കുരവയിട്ടു
ആരതി തട്ടില്‍ നിന്നും ദേവദത്തന്‍ സിന്ദൂരം തൊട്ടെടുത്ത് പവിത്രയുടെ സീമന്തരേഖയില്‍ തൊട്ടു.
' മോനേ.. ' ശ്രീധരന്‍ ഭട്ടതിരി കരഞ്ഞു കൊണ്ട് അവനു നേര്‍ക്കുവന്നു.
' വിധവയായ എന്റെ മോളേ വേള്‍ക്കണമെന്ന് നിന്നോടൊരിക്കലും ആവശ്യപ്പെടാന്‍ ഞാനൊരുക്കമായിരുന്നില്ല.. എന്നാലിപ്പോ ഈ അച്ഛന്റെ ഹൃദയം നീ കണ്ടല്ലോ കുട്ടാ'
ദേവദത്തന്‍ അയാളുടെ കാല്‍ക്കല്‍ തൊട്ടു നമസ്‌കരിച്ചു.
പിന്നെ ചിരിയോടെ വലിയേടത്തിനെ നോക്കി.
അദ്ദേഹത്തിന്റെ മുഖത്തും നിറഞ്ഞ സന്തോഷം കണ്ടു.
' നന്നായി വരും' അയാള്‍ രണ്ടുപേരുടെയും ശിരസില്‍ കൈവെച്ച് അനുഗ്രഹിച്ചു.
' ശ്രീധരനെ പോലെ ഞാനും ഇതാഗ്രഹിച്ചിരുന്നു ദേവാ.. പക്ഷേ ഒരു തരത്തിലും തനിക്കൊരു സമ്മര്‍ദ്ദമുണ്ടാക്കണമെന്ന് കരുതിയിട്ടില്ല'
' ഇവള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകുന്നതിന് മുന്‍പ് ഇതുവേണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.. കുടുംബക്ഷേത്രത്തില്‍ വെച്ചാകാമെന്നാണ് കരുതിയത്. പക്ഷേ.. ഈ സാഹചര്യത്തിൽ സുമംഗലിയായ ഇവൾ തന്നെ രുദ്രയ്ക്ക്' ആരതിയുഴിയട്ടെ "
രുദ്രയുടെ കണ്ണുകളിൽ നനവു പടർന്നു.
" അനുഗ്രഹിക്കണം"
ദേവദത്തന്‍ വലിയേടത്തിനെയും നമസ്‌കരിച്ചു.
വലിയേടത്ത് ദുര്‍ഗയെ നോക്കി.
' ആ നിലവിളക്ക് നടുമുറ്റത്ത് വെക്കു കുട്ടീ.. അഗ്നിയ്ക്ക് മൂന്നു പ്രദക്ഷിണം.. അതു കൂടി വേണംല്ലോ'
ദുര്‍ഗ അതനുസരിച്ചു.
' വധുവിന്റെ കൈ പിടിച്ച് അഗ്നിയ്ക്ക് മൂന്നു പ്രദക്ഷിണം കുട്ടാ'
വലിയമ്മാമ്മ പറഞ്ഞു.
ദേവദത്തന്‍ പവിത്രയുടെ കൈപിടിച്ചു
അവളുടെ മുഖത്ത് നിലവിളക്കിന്റെ ദീപനാളങ്ങള്‍ പ്രകാശിക്കുന്നുണ്ടെന്ന് അവന് തോന്നി.
' ദുര്‍ഗാ'
തെല്ലകലെ നിന്നും അപ്പോള്‍ ധ്വനിയുടെ ശബ്ദം ദുര്‍ഗ കേട്ടു.
അവള്‍ മുഖമുയര്‍ത്തി നോക്കി.
ചുറ്റു വരാന്തയുടെ അങ്ങേതലയ്ക്കലാണ് ധ്വനി.
ദുര്‍ഗ വേഗം അവിടേക്ക് ചെന്നു.
' എനിക്കവിടേക്ക് വരാന്‍ കഴിയില്ല.. നിലവിളക്കും ദേവീ സാന്നിധ്യവുമുണ്ടവിടെ.. ആ ഗ്രന്ഥം അതെവിടെയെന്ന് ഞാന്‍ കണ്ടെത്തി.
ധ്വനി പറഞ്ഞു.
' എവിടെ'
ദുര്‍ഗ ആകാംക്ഷയോടെ അവളെ നോക്കി.
..... ......... തുടരും ....
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo