
****** ***** ***** ****** ****** *******
കുരുത്തക്കേടിന്റെ അങ്ങേ അറ്റത്തും, അവധിക്കാലത്തിന്റെ ആർമാദിക്കലിലും എത്തി നിൽക്കുന്ന നാലാം ക്‌ളാസ് പ്രായം.
തലശ്ശേരിയിലെ അച്ഛൻ വീട്ടിൽ എല്ലാ കുട്ടികളും ഹാജരായിട്ടുണ്ടാകും. ഉച്ചയൂണ് കഴിഞ്ഞു കൈ പേരിനൊന്നു കഴുകി വീടിനു മുന്നിലെ വഴിയിലേക്ക് ഒരു ഓട്ടമാണ്. അപ്പോഴേക്കും ബാക്കിയുള്ളവരുമെത്തിയിട്ടുണ്ടാകും.
ആൺകുട്ടികൾ ഒരു ഭാഗത്തും പെൺകുട്ടികൾ ഒരു ഭാഗത്തും ആയിട്ടാണ് കളിയൊക്കെ. ആ ഭാഗത്തേക്ക് പെണ്പിള്ളേർക്ക് പ്രവേശനം ഇല്ല. എന്നാലും ഇടയ്ക്ക് ഞാൻ
ആൺകുട്ടികളുടെ സൈക്കിൾ നല്ല അന്തസ്സായി ഇരന്നു ചോദിച്ചു ഓടിക്കാൻ കൊണ്ട് പോകും.
ആൺകുട്ടികളുടെ സൈക്കിൾ നല്ല അന്തസ്സായി ഇരന്നു ചോദിച്ചു ഓടിക്കാൻ കൊണ്ട് പോകും.
വൈകീട്ട് ഏകദേശം ആറ് മണി വരെ കളി, അത് കഴിഞ്ഞു കുളിയും കഴിഞ്ഞു അമ്പലത്തിലേക്ക്, ഭക്തികൊണ്ടൊന്നുമല്ല ദീപാരാധന കഴിഞ്ഞുള്ള പ്രസാദം കഴിക്കാൻ. ഞങ്ങൾ കുട്ടീസിന് തിരുമേനി കൈ നിറയെ തരും പ്രസാദം. അതും കഴിഞ്ഞു അമ്പലത്തിനു ചുറ്റിലും ഉള്ള പൂഴിയിൽ വീണ്ടുമൊരു കളിയും കഴിഞ്ഞേ വീട്ടിൽ പോകൂ.
അങ്ങനെ ഒരു വൈകുന്നേരം മണ്ണിട്ട റോഡിൽ കളി തകൃതിയായി നടക്കുന്നു. ക്രിക്കറ്റും ഒളിച്ചു കളിയും കൊത്തങ്കല്ലും ഒക്കെ ആയി ആകെ ബഹളം.
അതിനിടയിൽ ഞാൻ പതിയെ അടുത്ത വീട്ടിലെ പറമ്പിലേക്ക് ആരും കാണാതെ വലിഞ്ഞു കയറി. നിറയെ കാട് പിടിച്ചു കിടക്കുന്ന വലിയൊരു പറമ്പായിരുന്നു അത്. അവിടെ നിറയെ വലിയ മരങ്ങൾ ഉണ്ട്. ഒരു വലിയ ഒരു ഇലഞ്ഞി മരവും ഉണ്ട്.
അവിടെയുള്ള ഒരു മരം അന്വേഷിച്ചാണ് എന്റെ പോക്ക്. കരിയിലയിൽ കൂടി ഒച്ചയുണ്ടാക്കാതെ നടന്നു. പെട്ടെന്ന് പിന്നിൽ കരിയില കൂട്ടത്തോടെ ഞെരിയുന്ന ശബ്ദം.
ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ദേ നിൽക്കുന്നു, എന്റെ എല്ലാ പ്ലാനിങ്ങും പൊളിച്ചടുക്കുന്ന ആന്റിയുടെ മോള്. ആള് കോഴിക്കോട്ട്കാരിയാണ്.
"എന്റെ ചെരിപ്പെവിടെ...?"
"ഇന്റെ ചെരിപ്പു എന്നോടാണോ ചോയിക്കുന്നെ"
"അതല്ല നിന്റെ , നിന്റെ ചെരിപ്പെവിടെ..?"
"ഓഹ് അതോ അതവിടെ റോഡിലുണ്ട്"
അവളുടെ ചില വർത്തമാനം തീരെ മനസിലാവില്ല. കോഴിക്കോട് നിന്ന് ലീവിന് വന്ന പിറ്റേന്ന് ചോദിക്കുകയാ
"എന്റെ ബുക്കെവിടെ എന്നു"
അന്തം വിട്ട ഞാൻ
"ഇന്റെ ബുക് ഇന്റെ വീട്ടിൽ അല്ലേ ഉണ്ടാവുക,എന്നോടാണോ ചോദിക്കുന്നെ" എന്നും പറഞ്ഞു ബഹളം തുടങ്ങി.
"എന്റെ ബുക്കെവിടെ എന്നു"
അന്തം വിട്ട ഞാൻ
"ഇന്റെ ബുക് ഇന്റെ വീട്ടിൽ അല്ലേ ഉണ്ടാവുക,എന്നോടാണോ ചോദിക്കുന്നെ" എന്നും പറഞ്ഞു ബഹളം തുടങ്ങി.
അവൾക്ക് എന്റെ എന്നാൽ നിന്റെയും ഇന്റെ എന്നാൽ എന്റെയും ആണെന്ന് പിന്നീടാണ് മനസിലായത്..
അങ്ങനെ ആ കാട്ടിൽ ഞാനും അവളും മാത്രം.
"ഇയ്യു, എന്താ തെരയുന്നേ.."
"ഇവിടെ എവിടെയോ ഒരു ചെറിയ കായ വീഴാറുണ്ട്, ഏട്ടന്മാരും ഏച്ചിമാരും അതു പൊട്ടിച്ചു തിന്നാറുണ്ട്. എനിക്കൊട്ടു തരാറുമില്ല. ഇന്ന് ഞാനത് പെറുക്കും."
ഞാനും അവളും കരിയിലക്കിടയിൽ തിരച്ചിൽ തുടങ്ങി. ഒടുവിൽ കുറെ കറുത്ത കായ്കൾ വീണു കിടക്കുന്നിടത്ത് എത്തി.
"ഇതു തന്നെയാണെന്ന് തോന്നുന്നു" അതും പറഞ്ഞു അഞ്ചാറെണ്ണം എടുത്തു ഇലഞ്ഞി ചോട്ടിലേക്ക് ഓടി. അവളും പിന്നാലെ.
മരച്ചോട്ടിൽ ഇരുന്നു വേഗം കായ പൊട്ടിച്ചു ഉള്ളിലെ പരിപ്പ് എടുത്തു വായിലിട്ടു, അവളും തിന്നു. വല്ലാത്ത കയ്പ്പ് ആയിരുന്നു അതിനു. രണ്ടാമത്തെ കായ തിന്നതും അവൾ ചർദിച്ചു, പണി പാളിയെന്നു തോന്നി അവളെ മിഴിച്ചു നോക്കവേ ദേ വരുന്നു എന്റെ അടിവയറ്റിൽ നിന്നുമൊരു വേദന, ഒപ്പം ഛർദിയും. രണ്ടു പേരും ഇലഞ്ഞി ചോട്ടിൽ ഉച്ചയ്ക്ക് തിന്നതൊക്കെ നിക്ഷേപിച്ചു തളർന്നു. ഇനിയും അവിടെ ഇരുന്നാൽ ശരിയാവില്ല എന്നു കണ്ടു മെല്ലെ ആ വീട്ടിലെ ദേവു അമ്മ കാണാതെ മുറ്റത്തൂടെ ഓടി റോഡിൽ എത്തി അവിടെ നിന്നും വീട്ടിലേക്കും. ഞങ്ങളുടെ ക്ഷീണം കണ്ടു അമ്മയും ആന്റിയും ഞങ്ങളെ ഇടവും വലവും നിന്ന് വഴക്ക് പറയാൻ തുടങ്ങി. കളിച്ചു മദിച്ചു ക്ഷീണിച്ചതാണെന്നു കരുതിയിട്ടു.
എന്നിട്ടും ആരോടും സംഭവം പറഞ്ഞില്ല. ഭാഗ്യത്തിന് ചർദ്ധിയും നിന്നു.
പക്ഷെ കുരുത്തക്കേടിനു കൈയും കാലും വെച്ച ഞാൻ, ചേച്ചിമാരും ചേട്ടന്മാരും തിന്ന കായ തപ്പി ഇടയ്ക്കിടെ ആ പറമ്പിലേക്ക് പോകാറുണ്ട്. പക്ഷെ കിട്ടിയതെ ഇല്ല. ഞങ്ങൾ തിന്ന കായ ഏതാണെന്നും ഇന്നും അറിയില്ല..
ആന്റിയുടെ മോളോട് ഇന്നും എന്തേലും കഴിക്കാൻ വേണോന്ന് ചോദിച്ചാൽ 'കൊലയ്ക്ക് കൊടുക്കാൻ ആണോ' എന്ന് മറു ചോദ്യം ഇങ്ങോട്ട് തരും... അജ്ജാതി സാധനമല്ലേ കഴിക്കാൻ കൊടുത്തത്.
എന്നാലും എന്താവും ഞാൻ കഴിച്ച ആ കായ....
🤔
🤔
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക