Slider

#പ്രണയം_ദിവ്യമാണ്

0

കുറച്ചു ദിവസങ്ങളിലായി മരുന്നുകളുടെയും മറ്റും ഇടയിലായിരുന്നു ഞാൻ . അടച്ചിട്ട മുറിക്കകത്തിരിക്കുമ്പോൾ വല്ലാതെ ശ്വാസം മുട്ടുന്നു . ചിത്ര ശലഭത്തെ പോലെ പാറി പറന്നിരുന്നതായിരുന്നു ഞാൻ ...
കാണാൻ സുന്ദരിയായിരുന്നു ഞാൻ ... അതി സുന്ദരി ... അതിലല്പം അഹങ്കാരമില്ലെന്നു പലരും ചോദിച്ചിട്ടുണ്ടെങ്കിലും ഒരു ചെറിയ ചിരിയിൽ മറുപടിയൊതുക്കാറാണ് പതിവ് . എന്റെ സൗന്ദര്യത്തെ വർണ്ണിച്ചു ലഭിച്ച കത്തുകൾക്കും കവിതകൾക്കും കണക്കില്ലായിരുന്നു . പല കവികളെയും അവരുടെ ചില കവിതകളെയും സംഭാവന ചെയ്യാൻ എന്റെ സൗന്ദര്യത്തിനു സാധിച്ചിരുന്നെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല . അത് കൊണ്ടൊക്കെയാകും തെല്ലൊരഹങ്കാരം എന്നെ പിടി കൂടിയിരുന്നത് .
മുറിയിലൂടെ വെറുതെ ഉലാത്തുമ്പോൾ മനസ്സിനാകെ കനം വെച്ചത് പോലെ . അതിന്റെ ഭാരം താങ്ങാനാവുന്നില്ല .സഹാഹ്നങ്ങളിൽ ബാൽക്കണിയുടെ നെറുകയിൽ ഇളം കാറ്റേൽക്കാൻ വന്നിരിക്കുന്ന എന്റെ അഭാവമാകാം കാറ്റിനും വല്ലാത്ത പരിഭവം . മൊബൈൽ ഫോൺ സ്‌ക്രീനിൽ നിറയെ സഹതാപത്തിന്റെയും ആശ്വാസത്തിന്റെയും സന്ദേശങ്ങൾ കുമിഞ്ഞു കൂടുന്നനുണ്ട് .എന്നെ കൂടുതൽ സങ്കടപ്പെടുത്താനേ അത്തരം സഹതാപ സന്ദേശങ്ങൾ ഉപകരിക്കു എന്നത് കൊണ്ട് തന്നെ അതൊന്നും ഞാൻ വായിച്ചതേയില്ല .
'' ഹായ് .. ലക്ഷ്മി കുട്ടീ .... ''
മൊബൈൽ ഫോണിലെ സെല്ലുലാർ ടാറ്റ ഓഫ് ചെയ്യാൻ തുടങ്ങുമ്പോഴാണ് അവന്റെ മെസ്സേജ് വന്നത് ... മറുപടി നൽകാതെ ഫോൺ ഓഫ് ചെയ്യാനിരിക്കുമ്പോൾ വീണ്ടും അവന്റെ മെസ്സേജ് സ്‌ക്രീനിൽ നിറഞ്ഞു ... '' ലക്ഷ്മി കുട്ടിയെ കാണാൻ ഞാൻ നാളെ വരുന്നുണ്ട് ... ''
എന്തിനാണ് അവൻ വരുന്നത് .... സമാധാനിപ്പിക്കാനാകും ... ഒരു രോഗിയെ കണ്ടു പരിതപിക്കുന്ന ബന്ധു മിത്രാതികളുടെ മടുപ്പിക്കുന്ന സന്ദർശനങ്ങൾ ഇപ്പോൾ പതിവാണ് . അതിനിടയിൽ അവന്റെയും ... ഈ അവസരത്തിൽ അവനെങ്ങനെ എന്നെ ഉൾക്കൊള്ളും .... എന്റെ സൗഹൃദം പോലും ഒരു ബാധ്യതയായി അവനു തോന്നിയാൽ ... മനസ്സിൽ ഒരായിരം ചോദ്യങ്ങളുടെ ഘോഷയാത്ര അണി നിരക്കുകയാണ് . അവനെ അഭിമുഖേകരിക്കാൻ മനസ്സിൽ ധൈര്യം സംഭരിച്ച് ഞാൻ ആ ദിവസം തള്ളി നീക്കി ...
'' ലക്ഷ്മീ .... '' വാതിൽ പടിയിൽ നിന്നും അവൻ വിളിക്കുന്നു ..... പെട്ടെന്നുള്ള അവന്റെ വരവിൽ എന്തോ മറന്നെന്ന പോലെ ഞാൻ ഷാൾ എടുത്തു തലയിലിട്ടു മുഖം പാതി മറച്ചു ... അവൻ പതുക്കെ എന്റെ കട്ടിലിനിക്കരികിലെത്തുമ്പോഴും അവന്റെ മുഖത്തു മാറി മറിയുന്ന ഭാവ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു .. എല്ലാം പുഞ്ചിരി കൊണ്ട് മറച്ചു പിടിക്കാൻ അവൻ നന്നേ പാട് പെടുന്നുണ്ട് .
സന്ദർശകർക്ക് വന്നിരിക്കാവുന്ന ചെറിയ കസേര ഞാൻ അവനു കാണിച്ചു കൊടുത്തു അതിലിരിക്കുവാൻ ആവശ്യപ്പെട്ടു ... പക്ഷെ അവനത് അവഗണിച്ചു എന്റെ കട്ടിലിൽ എന്റെയരികിൽ വന്നിരുന്നു .. അവന്റെ മുഖത്തേക്ക് നോക്കാൻ ഉള്ള ശക്തിയെനിക്കില്ലായിരുന്നു .മുഖം താഴ്ത്തി വിതുമ്പുന്ന എന്റെ കൈകൾ അവൻ ചേർത്ത് പിടിച്ച് ആ കൈകൾ അവന്റെ നെഞ്ചോടടുപ്പിച്ചു . അവന്റെ ഹൃദയത്തിന്റെ താളമെനിക്കിപ്പോൾ കേൾക്കാം ..
ഞാൻ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി .. അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു .. എന്നോടുള്ള സഹതാപമാകാം അവനിങ്ങനെ ...... അവന്റെ കൈകൾക്കുള്ളിൽ വിശ്രമിക്കുന്ന എന്റെ കൈ ഞാൻ പതുക്കെ വലിച്ചെടുക്കാൻ ശ്രമിച്ചു . പക്ഷെ അവന്റെ ബലിഷ്ഠമായ കരങ്ങളോട് പൊരുതി ജയിക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു . അവൻ എന്റെ കൈകൾ മുറുകെ തന്നെ പിടിച്ചു കൊണ്ട് പറഞ്ഞു .
'' ഇല്ല ലക്ഷ്മി ... ഈ കൈകൾ ഇനിയെന്റെ ഈ കൈകൾക്കുള്ളിൽ സുരക്ഷിതമായിരിക്കും ... പല തവണ നിന്നോട് ഞാൻ പറയാനായി തുനിഞ്ഞതാണ് .. എന്റെ സൗഹൃദം നിന്നെ പ്രണയിക്കാനുള്ള എന്റെ തന്ത്രമായിരുന്നു എന്ന് നീ തെറ്റി ധരിക്കുമെന്ന ഭയമാണ് എന്നെ അലട്ടിയിരുന്നത് .. ഇനിയും ഞാൻ അത് പറയാതിരുന്നാൽ . എനിക്ക് നിന്നെ ഇഷ്ടമാണ് .. എന്റെ ജീവിതത്തിലേക്ക് നീ വരുമെങ്കിൽ നിന്നെ പൊന്നു പോലെ ഞാൻ നോക്കും '' .
എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാനാവാതെ അമ്പരന്നിരിക്കുകയായിരുന്നു ഞാൻ .. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അവൻ . ഉള്ളിന്റെയുള്ളിൽ അവനോടൊരു ഇഷ്ടം തോന്നിയിരുന്നുവെങ്കിലും അവൻ തെറ്റി ധരിക്കുമെന്ന ഭയത്താൽ ഞാൻ അത് പ്രകടിപ്പിച്ചിരുന്നില്ല . ഇപ്പോൾ അവന്റെയുള്ളിലും അത് പോലെ ഒരു ഇഷ്ടം ഉണ്ടെന്നു ഇപ്പോഴവൻ തുറന്നു പറഞ്ഞിരിക്കുന്നു . മുന്പായിരുന്നുവെങ്കിൽ എന്നെയേറെ സന്തോഷിപ്പിക്കുമായിരുന്നു ഈ വാക്കുകൾ .. പക്ഷെ ഇപ്പോൾ ഒരു ദുരന്തത്തിനിരയായ ഞാൻ ഈ സ്നേഹം അനുഭവിക്കാൻ അർഹയാണോ എന്നൊരു തോന്നൽ .............
പക്ഷെ അവന്റെ കണ്ണുകൾ ഹൃദയത്തിലെ ആത്മാർത്ഥമായ സ്നേഹത്തിന്റെ കഥ പറഞ്ഞപ്പോൾ ഞാൻ മറുത്തൊന്നും ചിന്തിച്ചില്ല . അവന്റെ നെഞ്ചിലേക്ക് ഞാൻ ചാഞ്ഞു കിടക്കുമ്പോൾ പരിഭവം മറന്ന തെന്നൽ ജനൽ പാളികളിലൂടെ വന്ന് എന്നെ തഴുകി തലോടി .
**************************
വർഷങ്ങൾ കഴിഞ്ഞു ഇന്ന് ഞാൻ ആശുപത്രിയിലെ ലേബർ റൂമിലേക്കുള്ള യാത്രയിലാണ് . എനിക്ക് ജീവൻ തന്ന , ജീവിതം തന്ന അവൻ ഉണ്ട് കൂടെ .. ആ ബലമുള്ളപ്പോൾ ഒരു പ്രതിബന്ധങ്ങളും എനിക്ക് പ്രശ്നമല്ല .. മുറിക്കകത്തേക്കു പ്രവേശിക്കാൻ നേരം ഞാൻ അവന്റെ കൈകൾ മുറുക്കെ പിടിച്ചു ..
'' നീ സമാധാനമായി ചെല്ല് .. എല്ലാം മംഗളകരമായ മാറും ... ഓൾ ദി ബെസ്റ്റ് ഡിയർ '' അവൻ എന്റെ നെറുകയിൽ ഉമ്മ വെച്ചു എന്നെ സമാധാനിപ്പിച്ചു .
''. ഹേയ് .. അതല്ല .. പ്രസവ വേദനയെ കുറിച്ചോ , ശാസ്ത്ര ക്രിയയെ കുറിച്ചോ എനിക്ക് ഭയം ഇല്ല .. ഒരുപാട് ശാസ്ത്ര ക്രിയകൾക്ക് വിധേയയാതാണല്ലോ ഞാൻ ... എന്റെ ഭയം അതല്ല ... നമ്മുടെ കുഞ്ഞു ...''
'' നീ ചുമ്മാ ഓരോന്ന് ചിന്തിക്കാതെ .. കുഞ്ഞിനൊന്നും വരില്ല ''
'' അതല്ല .. നമ്മുടെ കുഞ്ഞു ആദ്യമായി കണ്ണ് തുറക്കുമ്പോൾ തന്നെ ആസിഡ് ആക്രമണത്തിൽ വിരൂപയായിരിക്കുന്ന എന്റെ ഈ മുഖം കണ്ടു ഭയന്ന് നില വിളിച്ചു കരയുമോ എന്നാണു എന്റെ ഭയം .. ''.
'' ഹേ .. ഒന്നുമുണ്ടാകില്ല ... നീ ധൈര്യമായി ചെല്ല് '' ലേബർ റൂമിന്റെ ഉള്ളിലേക്ക് ഞാൻ നീങ്ങുമ്പോൾ ഒരിക്കൽ കൂടി ഞാൻ അവന്റെ മുഖത്തേക്ക് നോക്കി . ആ പിന്തുണയിൽ എന്റെ ധൈര്യവും ആത്മ വിശ്വാസവും വർധിച്ചു .
*********************************
'' ലക്ഷ്മീ ... പെൺ കുഞ്ഞാണ് ... മോളെ കാണണ്ടേ ? ''
നേഴ്സ് എന്റെയടുക്കൽ തുണിയിൽ പൊതിഞ്ഞ എന്റെ പൊന്നു മകളെ കൊണ്ട് തരുമ്പോൾ, അവളെ നിറയെ ഉമ്മ വെക്കാൻ തോന്നിയെങ്കിലും അവൾ ഭയപ്പെടുമെന്ന ഭയം മനസ്സിന്റെ ഉള്ളിൽ അങ്ങനെ തന്നെയിരിപ്പുണ്ട് . ഞാൻ അവളുടെ മുഖത്തു നോക്കി . കുഞ്ഞി കണ്ണുകൾ ഇറുക്കി അവൾ ചിരിക്കുന്നു . അവളുടെ അമ്മയായ എന്നെ നോക്കി കൊണ്ട് തന്നെ .. പതുക്കെ അവളുടെ നെറ്റിയിലും കുഞ്ഞു കവിളിലും ഞാൻ ഉമ്മ വെച്ചു്. അപ്പോഴും അവൾ അമ്മയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു . മുഖമില്ലാത്ത ഈ അമ്മയുടെ ജീവിതത്തിനു പുതിയ മുഖം നൽകിയ അവനുള്ള എന്റെ സമ്മാനമാണ് എന്റെ മകൾ ....
സസ്നേഹം Hafi Hafsal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo