Slider

അച്ഛൻ തല്ലി പഴുപ്പിച്ചെടുത്ത ജീവിതം

0

അച്ഛൻ തല്ലി പഴുപ്പിച്ചെടുത്ത ജീവിതം
************************************************
അച്ഛന്റേം അമ്മയുടേം ഒറ്റ മകനായി ജനിച്ചതു കൊണ്ട്, അവരുടെ പ്രതീക്ഷകൾ മുഴുവൻ എന്നിലാരുന്നു. അച്ഛൻ പറയും, ഞാൻ അതു അനുസരിച്ചോണം. തിരിച്ചൊന്നും പറയാൻ പറ്റില്ലാ... അമ്മേടെ കാര്യത്തിലും അതു തന്നെ.
രാവിലെ നാലര മാണി ആകുമ്പോൾ അച്ഛൻ എഴുന്നേൽക്കും, കൂടെ എന്നേം വിളിക്കും... പഠിക്കാനായിട്ടു.... ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ അങ്ങനെയാ.... അതിനു മുന്നേയും, നമ്മുടെ സമയം അഞ്ചു മണി ആരുന്നു.
വേറൊന്നും കൊണ്ടല്ലാ, ആറു മണി ആകുമ്പോൾ, എല്ലാ വീട്ടിലും കൊണ്ടു പോയി പാലുകൊടുക്കണം.
അച്ഛൻ രാവിലെ, ഡാ എണ്ണിക്കടാ എന്നു പറഞ്ഞു വിളിച്ചിട്ടു, പശുവിനെ കറക്കാൻ പോകും...
'അമ്മ രാവിലെ അടുക്കളയിലും കയറും... 'അമ്മ തലേന്നു വൈകിട്ടത്തെ പാലു കൊണ്ട്, ഒരു ചായ ഉണ്ടാക്കി, അതിൽ ഒരു സ്പൂൺ ബോൺവിറ്റയും ഇട്ടു, എന്റെ കിടക്കപ്പായിൽ കൊണ്ടു തരും.
ഞാൻ അതു കുടിച്ചിട്ട്, ഡീസന്റ് ആയിട്ട് കിടന്നുറങ്ങും... അച്ഛൻ ശാലിനിയെ കറന്നു തീരാറാകുമ്പോൾ, കുട്ടിയെ അഴിച്ചു വിടും, വീണ്ടും പാൽ ചുരത്താൻ.... കുട്ടിയെ തൊടിപ്പിച്ചിട്ടു, പെട്ടെന്നു വലിച്ചു മാറ്റുമ്പോൾ, കിടാവു കിടന്നു, ഒരു വല്ലാത്ത കരച്ചിൽ കരയും..
ആ കരച്ചിൽ കേൾക്കുമ്പോൾ, 'അമ്മ എന്നെ വന്നു വീണ്ടും വിളിക്കും... ഡാ കറവ തീരാറായി..... പെട്ടെന്ന് എഴുന്നേൽക്ക് .... കറവ തീ..... എന്നു 'അമ്മ പറയുമ്പോഴേ ഞാൻ എണ്ണിക്കും.
അല്ലെ എന്റെ കുണ്ടി, അച്ഛൻ പിടിച്ചു കറക്കും...... ശേ… അല്ലാ, എന്റെ കുണ്ടിക്കിട്ട് പൊട്ടിക്കും....
അതും, ആ പശുപ്പുരയിൽ പോയി, ചാണകം പറ്റിയ കയ്യുമായി...
പിന്നെ ചാടി എണ്ണിച്ചു, ദിലീപ് രാമായണം വായിച്ച പോലെ, അച്ഛനെ കേൾപ്പിക്കാനായി, എന്തൊക്കെയോ വായിക്കും... എനിക്കിങ്ങനെ നിർബന്ധിപ്പിച്ചു പഠിപ്പിക്കുന്നത് ഇഷ്ട്ടമല്ല.. എനിക്ക് ക്ലാസ്സിൽ പറയുന്നത് ഒരു വട്ടം കേട്ടാ മതി.... അതാണ് എന്റെ പഠിത്തം.
പക്ഷെ അച്ഛന്റെ വിചാരം, രാവിലെ പഠിച്ചാൽ, ഞാൻ വലിയ മിടുക്കൻ ആകുമെന്നാ... അച്ഛൻ എന്റെ ചെറുപ്പകാലത്തു, സ്ഫടികത്തിലെ ചാക്കോ മാഷിനെ പോലെ ആരുന്നു.... അച്ഛന്റെ സിദ്ധാന്തം പണം ഇല്ലാത്തവന് ഈ ലോകത്തിൽ വില ഇല്ലാ... നീ ഒരു സർക്കാർ ജോലിക്കാരനായിട്ടു കാണണം എന്നാരുന്നു... ഒരു പിയൂൺ എങ്കിലും ആകണം...
ജീവിതത്തിൽ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്റെ അപ്പനെ കണ്ടിട്ടാണോ സ്പടികം സിനിമ എടുത്തതെന്ന്.... അതെ, അതിലെ കുഞ്ഞു ആടുതോമ ഞാൻ തന്നെ ആരുന്നു...
അതിലെ പോലെ ഓരോ കണ്ടു പിടുത്തങ്ങൾ, വഴിയിൽ പലരും ഉപേക്ഷിക്കുന്ന കളിപ്പാട്ടങ്ങൾ, കേടായ റേഡിയോകൾ, അന്ന് സ്റ്റുഡിയോകാർ കളയുന്ന ബാറ്ററികൾ, കളിപ്പാട്ടത്തിനുള്ളിലെ മോട്ടർ, മാല ബൾബുകൾ, വാച്ചിനുള്ളിലെ ചക്രങ്ങൾ, അതിൽ നിന്നും ഞാൻ ഉണ്ടാക്കിയ വലുതും ചെറുതുമായ കണ്ടുപിടുത്തങ്ങൾ, ഇതൊക്കെ ആരുന്നു എന്റെ കുട്ടികാലത്തെ സമ്പാദ്യങ്ങൾ.....
പക്ഷെ അച്ഛൻ അന്നു പറഞ്ഞു, ഇതൊന്നും ചെയ്താൽ ജീവിക്കാൻ പറ്റില്ലെന്നു.... അതു കൊണ്ടു പലപ്പോഴും എന്റെ കണ്ടുപിടുത്തങ്ങൾക്കു തോട്ടിലാരുന്നു സ്ഥാനം...
കുട്ടിക്കാലത്തു ആറു മണി വരെ പഠനം, അതു കഴിഞ്ഞു 6.45 വരെ പാലു കൊടുക്കാൻ പോകണം. അതു കഴിഞ്ഞു ഒരു ചായ കൂടി കുടിച്ചിട്ട്, എട്ടു മണി വരെ ഉറക്കം... പിന്നെ സ്കൂൾ. വീട്ടിലും ടൈം ടേബിൾ ഉണ്ട്.... അച്ഛന് വേറെ വല്ലോ പണി ഉണ്ടേ, ടൈം ടേബിൾ ഇല്ലാ.... പിന്നെ അച്ഛനാണ് ടൈം ടേബിൾ..
വൈകിട്ട് സ്കൂൾ വിട്ടു വന്നാൽ, ചായ കുടി കഴിഞ്ഞു പശൂനെ തീറ്റാൻ പോകണം... എന്റെ കൂടെ ഉള്ളവർ ക്രിക്കറ്റും ഫുട്ബോളും കളിക്കുമ്പോൾ, ഞാൻ പശൂനെ മേയിച്ചു നടക്കും... അന്നൊക്കെ അച്ഛനോട് വെറുപ്പാരുന്നു... ഞാൻ അവരുമായി, എന്നെ താരതമ്യം ചെയ്യുന്നതു, അച്ഛന് ഇഷ്ടമല്ലാരുന്നു..
അന്നേ അച്ഛൻ പറയും, ഈ കളിയും, ചിരിയും, ഒക്കെ അങ്ങു പോകും, കഷ്ട്ടപെട്ടാലെ ജീവിക്കാൻ പറ്റൂ എന്നു.
പശൂന്റെ കാലാടിയാലേ, പാലു കൂടുതൽ കിട്ടൂ എന്നാണ് അച്ഛന്റെ സിദ്ധാന്തം. പശൂനെ തീറ്റുന്ന വഴി, ഞാൻ വെട്ടിക്കിളിയേം, മാക്രി കുഞ്ഞിനേം, ചീവിടിനേം ഒക്കെ പിടിച്ചു, തീപ്പെട്ടി കൂട്ടിൽ ഇടും. അങ്ങനെ ചെയ്യുന്നത്, ചേട്ടന്റെ വീട്ടിലെ മാടത്തക്കു തീറ്റി കൊടുക്കാനാണ്.
ചേട്ടൻ അതിനു പകരമായി, എനിക്കു തേൻ മിട്ടായിയും, നാരങ്ങാ മിട്ടായിയും, പുളി മിട്ടായിയും ഒക്കെ മേടിച്ചു തരും...
അതും അല്ലെ, ഞാൻ ചെയ്യുന്ന പണി എന്താണെന്നു വെച്ചാൽ, തോട്ടിൽ നിന്നു കുഞ്ഞു മീനുകളെ പിടിച്ചു, കുപ്പിയിൽ ആക്കി, അപ്പുറത്തെ വീട്ടിലെ മീനിന് തീറ്റ കൊടുക്കും... ഇനി ഈ പണിക്കു പോകുന്ന സമയത്തു, പശു ഏതേലും വാഴ കടിച്ചാൽ, പിന്നെ എനിക്കന്നു കോളാണ്...
കരണകുറ്റിക്കു തന്നെ അടി വീഴും.... ഇനി ഞാൻ പശൂനെ അടിച്ചാലും, എനിക്കു കിട്ടും അടി... അച്ഛൻ പറയുന്നേ, അതു അച്ഛന്റെ അന്നം ആണെന്നാണ്. അതിനെ ഞാൻ തല്ലാൻ പാടില്ലത്രേ...... പലപ്പോഴും അച്ഛനോടുള്ള ദേഷ്യം ആ മിണ്ടാ പ്രാണിയോട് തീർത്തിട്ടുണ്ട്..... ഇന്നൊഴിഞ്ഞു കിടക്കുന്ന തൊഴുത്തു നോക്കുമ്പോൾ, സങ്കടം തോന്നുന്നു...
അമ്മൂമ്മ പലപ്പോഴും അന്നു അച്ഛനോട് പറയുമാരുന്നു, നീ എന്നാ ആ കൊച്ചനെ അങ്ങു തല്ലി കൊല്ലടാന്നു..... നീ തല്ലുന്നത്, നിന്റെ ചോരയെ ആണെന്ന് ഓർക്കണം.. അവനാണ് നിന്നെ നോക്കേണ്ടതു..
അതു കേൾക്കുമ്പോൾ അച്ഛന് ഭയങ്കര സങ്കടം ആണ്.... അന്നു രാത്രി, ആരോടും ഒന്നും പറയാതെ, ചോറു പോലും ഉണ്ണാതെ, പോയി കിടന്നുറങ്ങും.
അമ്മയ്ക്ക് എന്നോടു വല്ലാത്ത സഹതാപം ആരുന്നു.... അതുകൊണ്ടു 'അമ്മ എന്നെ തല്ലിയിട്ടില്ലാ... എന്റെ കുരുത്തക്കേടുകളിലെല്ലാം, എന്നോടു കൂട്ടു നിന്നിരുന്നു.
പാവം എന്റെ അച്ഛൻ, കള്ളത്തരം ഒന്നും കാണിക്കാൻ അറിയാത്ത മനുഷ്യൻ ആയ കൊണ്ടു, ജീവിക്കാൻ ശരിക്കും ബുദ്ധി മുട്ടി. കുറച്ചു അന്തസ്സും കൂടുതൽ ഉണ്ടാരുന്നു... പട്ടിണി കിടന്നപ്പോൾ അന്തസ്സ് പോയി.
എനിക്കിന്നു വരെ ക്യാഷ് കൊടുത്തു ഒരു മിട്ടായി വാങ്ങി തന്നിട്ടില്ലാ, അല്ലാ, തന്നാരുന്നു അച്ഛൻ, രണ്ടു വട്ടം ഗൾഫിൽ നിന്നു വന്നപ്പോൾ. അന്നെനിക്ക് പത്തൊൻപതും, ഇരുപത്തി രണ്ടും വയസ്സുണ്ടാരുന്നു... അല്ലാതെ എനിക്കു മേടിച്ചു തന്നതായി ഓർമ്മ ഇല്ലാ...
ആദ്യമായി ഒരുടുപ്പ് വാങ്ങി തരുന്നത്, എന്റെ പതിമൂന്നാം പിറന്നാളിന്. അതമ്മയുടേം എന്റേം പരിഹാസത്തിനു വഴങ്ങി...
ഞാൻ എന്തെങ്കിലും കൊതിയോടു കൂടി തിന്നിട്ടുണ്ടെലും, ഉടുത്തിട്ടുണ്ടെലും, എന്റെ അവസ്ഥ അറിയാവുന്ന ബന്ധുക്കളുടെ നല്ല മനസ്സിന്റെ കാരുണ്യം കൊണ്ടാണ്.
പക്ഷെ എന്റെ അച്ഛൻ ,ഒരു കല്യാണത്തിന് പോയാൽ, കിട്ടുന്ന മിട്ടായിയും, ഐസ് ക്രീമും ഒക്കെ, പാവം പൊതിഞ്ഞു വീട്ടിൽ കൊണ്ടു വരുമാരുന്നു, എനിക്ക് തരാൻ.... ഉള്ളിന്റെ ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ഒരു ചാക്കോമാഷ് ആരുന്നു എന്റെ അച്ഛൻ.
പലപ്പോഴും ഐസ് ക്രീം പൊതിഞ്ഞു കൊണ്ടു വരുന്ന, തൂവാലയിൽ പറ്റി പിടിച്ചത് വരെ ഞാൻ കൊതി കൊണ്ടു തിന്നിട്ടുണ്ട്... അത്രയ്ക്ക് കൊതിയാരുന്നു അന്നു. അതൊക്കെ ഒരു കാലം. ഇന്നിപ്പോൾ കണ്ണിൽ കണ്ടിട്ടും, കയ്യിൽ കാശുണ്ടായിട്ടും, പഴയ ജീവിതം ഓർക്കുമ്പോൾ, ഇപ്പോഴും ഒന്നിനോടും ആഗ്രഹം ഇല്ലാ.
മുളകു ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ച വർഷങ്ങൾ, ഇന്നും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു... പണ്ടിനി എന്നേലും, അഞ്ചു രൂപയ്ക്കു മത്തി മേടിച്ചാൽ, മുപ്പതു മത്തി ഉണ്ടേൽ, ഉച്ചക്കും വൈകിട്ടും എനിക്കോരോന്നു 'അമ്മ വറുത്തു തരും. പിന്നെ ബാക്കി ഉള്ളത് വറ്റിക്കും, അതു അച്ഛനും അപ്പൂപ്പനും വിളമ്പും.... ആ മത്തി, അങ്ങനെ ഒരാഴ്ച ഓടും
അമ്മയ്ക്കും അമ്മൂമ്മക്കും, മത്തിയുടെ തല കിട്ടിയാൽ ആയി.... ഇല്ലാ കിട്ടാറില്ലാ.... 'അമ്മ ഞാൻ തിന്നുന്ന, വറുത്ത മീനിന്റെ മുള്ളു കൂട്ടി, ചോറുണ്ടതോർക്കുമ്പോൾ ഇന്നു ഞാൻ ആരുമല്ലാ. അച്ഛന്റെ കയ്യിൽ ക്യാഷ് ഇല്ലേലും, അച്ഛന് എന്തേലും വീട്ടിൽ ഉണ്ടാക്കിയാൽ തിന്നാൻ നല്ല മിടുക്കാ...
ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒക്കെ വിൽക്കുന്ന ഇറച്ചി, മായം ചേർത്തതാണെന്നു പറഞ്ഞു, വീട്ടിൽ വാങ്ങാറില്ലാരുന്നു.. പിന്നെ വാങ്ങി തരാമെന്നു പറയും.... സത്യത്തിൽ അച്ഛന്റെ കീശയിൽ ഒന്നും ഇല്ലായിരുന്നു എന്നു, ഇന്നാണ് മനസ്സിലായത്. എന്നെങ്കിലും പിന്നെ ക്യാഷ് കിട്ടുമ്പോൾ, എന്റെ ശാഠ്യത്തിനു വഴങ്ങി മേടിച്ചു തരും...
'അമ്മ വീട്ടിൽ നിന്ന്, എന്റെ അച്ഛന്റെ വീട്ടിലേക്കുള്ള ദൂരം ഒൻപതു കിലോമീറ്റെർ, അവിടെ വരെ അന്ന് യാത്ര ചെയ്യാൻ, അമ്പതു പൈസയെ ബോട്ട് കൂലി ഉള്ളു. ആ ദൂരം തിരിച്ചു നടന്നാൽ, അച്ഛൻ ഒരു നാരങ്ങാ വെള്ളം വാങ്ങി തരും. അച്ഛന്റെ കൂലിയും, എന്റെ കൂലിയും കൂടി ചേർത്ത്, ടൗണിൽ നിന്ന് ഒരു നാരങ്ങാ വെള്ളം. ഞാൻ ആ ഗ്ലാസിൽ ബാക്കി വെക്കുന്ന വെള്ളമാണ്, അച്ഛൻ കുടിച്ചിരുന്നത്. അല്ലാതെ ഒരിക്കൽ പോലും, രണ്ടു വെള്ളം ഓർഡർ ചെയ്‌തിട്ടില്ലാ.
കട എത്തുമ്പോൾ ചോദിക്കും, ഇത്തിരി കൂടി നടന്നാൽ മോനു അമ്മച്ചി ചായ ഇട്ടു തരും, അല്ലെ മോരും വെള്ളം തരുമെന്നു. നാരങ്ങാ വെള്ളത്തിൽ ചേർക്കുന്ന വെള്ളം ചീത്തയാണെന്നു, ഒരു പാട് തവണ പറഞ്ഞു പഠിപ്പിച്ചു, അച്ഛന്റെ കയ്യിൽ ക്യാഷ് ഇല്ലാഞ്ഞിട്ടു...
പക്ഷെ ഞാൻ അന്നൊക്കെ കണക്കു കൂട്ടുമാരുന്നു, അച്ഛൻ വിൽക്കുന്ന പാലിന്റെ കണക്കു... അന്നു ഞാൻ പിണ്ണാക്കിന്റേം, പരുത്തികുരൂന്റേം ചെലവ്, കണക്കു കൂട്ടി ഇരുന്നില്ലാ... ഞാൻ കണക്കു പറയുമ്പോൾ അച്ഛൻ കൈ മലത്തി കാണിച്ചിട്ട് പറയും, എനിക്കുള്ളതെല്ലാം നിനക്ക് വേണ്ടി ആണ്... ഞാൻ എന്റെ വസ്തു വിറ്റാണേലും, നിന്നെ പഠിപ്പിക്കും.
ഇല്ലായ്മയിലും, പട്ടിണിയിലും ഒക്കെ, ഉള്ള കൃഷി സ്ഥലവും വിറ്റു, എന്റെ അച്ഛൻ എന്നെ എഞ്ചിനീയറിംഗ് പഠിപ്പിച്ചു മിടുക്കനാക്കി..
പക്ഷെ അന്നു ഞാൻ അറിഞ്ഞിരുന്നില്ലാ, അന്നെന്നെ, എന്റെ അച്ഛൻ പഠിപ്പിച്ചത് ജീവിതമാണെന്ന്..
അതെ ഇന്നു മാറി ജീവിതം ഒരുപാടു.... ഞാൻ എഞ്ചിനീയർ ആയി. ജീവിതത്തിൽ പല പ്രതിസന്ധികളേം നേരിട്ടു. അതിലൊക്കെ ഞാൻ വിജയിച്ചു എങ്കിൽ, അതിനു പിന്നിൽ, എന്റെ അച്ഛന്റെ ശിക്ഷണങ്ങൾ ഒന്നു മാത്രം ആരുന്നു. ഇന്ന് അച്ഛൻ എന്റെ വാക്കുകൾക്കാണ് വില വെക്കുന്നത്.... എന്ത് ചെയ്താലും ഇന്നെന്നോട് ചോദിക്കുമ്പോൾ, ആ പഴയ ചാക്കോ മാഷിനെ ഓർത്തു പോകും.
ഞാൻ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ, ചാക്കോമാഷ് പൂച്ചയെ പോലെ ആയി.... എന്റെ എല്ലാ കാര്യങ്ങൾക്കും കൂട്ടു നിൽക്കുന്ന, ഉറ്റ കൂട്ടുകാരൻ...
അതെ, അതുകൊണ്ടു സിനിമയിലെ പോലെ, എന്റെ അപ്പനാകുന്ന ചാക്കോ മാഷിന് എന്നേം നഷ്ട്ടപെട്ടില്ലാ... ഈ തോമയ്ക്കും അപ്പനെ നഷ്ട്ടമായില്ലാ.....
പലപ്പോഴും ഞാൻ അച്ഛനോട് പറയാറുണ്ട്...ഓർമ്മയുണ്ടോ ഈ മുഖം എന്നു..... അപ്പോൾ 'അമ്മ പറയും പഴയതൊന്നും പറയരുതെന്ന്.
അതുകൊണ്ടെന്താ, നീ മിടുക്കനായില്ലേ എന്നു, നമ്മുടെ പഴയ ചാക്കോ മാഷും പറയും.
ഇന്നു പുതിയ തലമുറയിലെ കുട്ടികൾ, വിഡ്ഢിപ്പെട്ടിക്കും, കമ്പ്യൂട്ടറിനും വേണ്ടി സമയം കളയുമ്പോൾ, അവർ അറിയുന്നില്ല ജീവിതം എന്താണെന്നു.. കഷ്ടപ്പാടിന്റെയും, സഹനത്തിന്റെയും, കൂട്ടായ്മയുടേം ഒക്കെ വില അവർ അറിയുന്നില്ലാ..
ആഡംബര ജീവിതത്തിൽ നിന്ന്, പടുകുഴിയിലേക്ക് വഴുതുമ്പോൾ ആണ്, ഇന്ന് പലരും ജീവിതം പഠിക്കുന്നത്.
മക്കൾ ദൈവത്തിന്റെ ദാനമാണ്. അവരുടെ ഭൂമിയിലെ കാണപ്പെട്ട ദൈവം ആണ് മാതാപിതാക്കൾ. ആ ദൈവങ്ങൾക്ക്, അവരെ ശാസിക്കാനും, ശിക്ഷിക്കാനും, അവകാശം ഉണ്ട്. ഒപ്പം നല്ലതു പറഞ്ഞു കൊടുക്കാനും, ജീവിതം പഠിപ്പിക്കാനും. മാതാപിതാക്കളും മക്കളും തമ്മിൽ, പരസ്പരം ഒരു കടപ്പാടുണ്ട്... അതു രണ്ടും പൂർണ്ണമായി നിറവേറ്റിയാലേ കുടുംബം ആകു. ജീവിതത്തിൽ അനുഗ്രഹങ്ങളും ഉണ്ടാകു.
ജോബിൻ ജോസഫ് കുളപ്പുരക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo