Slider

ഇലപ്പെയ്ത്തുകൾ :

1

ഇലപ്പെയ്ത്തുകൾ :
------------------------------------------------------------------------ പ്രീയേ ..
കാതങ്ങൾക്കകലെ നിന്ന് നീയെന്നെ ഇന്നും ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല...
ഒരുപക്ഷെ ..ഓർക്കുന്നുണ്ടാകാം ..
ഞാനിന്നിവിടെ തടവറയിലാണ് ,ഓർമ്മകളുടെ ,
ബന്ധങ്ങളുടെ ,വേദനകളുടെ തടവറയിൽ ...
നീയോർക്കുന്നുണ്ടോ,ഈ മണലാരണ്യത്തിലേക്ക് വരുന്നതിന്റെ തലേ രാത്രിയിൽ നമ്മൾ നമ്മളുടെയാ വള്ളിക്കുടിലിൽ വച്ച് അവസാനമായി കണ്ട് യാത്ര പറഞ്ഞത് ..
അന്ന് നിന്റെ മാറിടത്തിൽ നല്ല ചൂടായിരുന്നു .നിന്റെ കണ്ണുകൾ വഴിഞ്ഞൊഴുകുന്നുണ്ടായിരുന്നു ..
ആ കണ്ണുകൾക്ക് അന്ന് ഉപ്പുരസമായിരുന്നു ..
നീ ചൂടിയിരുന്ന പിച്ചിപ്പൂക്കളുടെ ഗന്ധം
അന്നെന്നെ സ്പർശിച്ചില്ല ..
അന്ന് നമ്മളിരുന്ന വള്ളികുടിലിന് ചുറ്റും മഴനൂലുകൾ നൃത്തം ചവിട്ടുകയായിരുന്നു ..
രാത്രിമഴയുടെ വശ്യമായ സംഗീതമുണ്ടായിരുന്നു ..
മഴക്ക് ശേഷം നീ നിശ്ശബ്ദയായപ്പോൾ ഇലപ്പെയ്ത്ത് തുടങ്ങിയിരുന്നു ..
ഏതോ രാപ്പക്ഷി ആ വള്ളിക്കുടിലിന് മുകളിൽ വന്നിരുന്നപ്പോൾ ,ഇലത്തുള്ളികൾ നമ്മുടെ മേൽ വർഷിക്കപ്പെട്ടത് നീയോർക്കുന്നുണ്ടോ ..
അതിലൊരു തുള്ളി നിന്റെ മുഖത്ത് വീണ് നിന്റെ കണ്ണുനീർതുള്ളിയിൽ അലിഞ്ഞു ചേർന്നിരുന്നു ...
രാച്ചീവിടുകൾ നിന്റെ തേങ്ങലുകൾ മറയ്ക്കാൻ വൃഥാ മത്സരിക്കുന്നുണ്ടായിരുന്നു ..
സ്വപ്നങ്ങളുടെ വല്ലങ്ങളെ നമ്മൾ മലർക്കെ തുറന്നു പങ്കുവെച്ചു ...
വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിൽ നിന്നെത്തേടി ഞാൻ വരുമെന്ന് പറഞ്ഞപ്പോൾ എന്റെ മാറോട് ചേർന്നമർന്ന നിന്മുഖം ..
ഏതോ ഒറ്റവരിക്കവിത നീ മൂളുന്നുണ്ടായിരുന്നു ..
നിന്റെ അധരങ്ങൾ വല്ലാതെ തിണർത്തിരുന്നു ...
ഇലപ്പെയ്ത്ത് തീർന്ന ഏതോ യാമത്തിൽ ,
നിന്റെ കരാംഗുലികളെ അടർത്തിമാറ്റി ,
മഞ്ഞിനെ വകന്ന് ഞാൻ നടന്നു മറഞ്ഞു , തിരിഞ്ഞു നോക്കാതെ ....
ഇന്ന് അനേകവർഷങ്ങൾക്കിപ്പുറവും നിന്റെ ഓർമ്മകൾ എന്റെ ഇടനെഞ്ചിനെ പൊള്ളിക്കുന്നു ..
മണലിലെ ചൂട് എന്നെ തൊടുന്നില്ല ,എന്റെ ഉള്ളിലെ ചിത കണ്ടത് മാറി നിൽക്കുന്നു ..
ഒട്ടകങ്ങളും ,ഈന്തപ്പനകളുടെ നീണ്ട നിഴലുകളും എനിക്ക് കാവൽ നിൽക്കുന്നു ...
മണൽക്കാറ്റെൻ മുഖം പൊള്ളിക്കുന്നു ..
ചാട്ടവാറടിയും ,പട്ടിണിയും എന്റെ കൂട്ടുകാർ ...
കണ്ണീരുണങ്ങിപ്പിടിച്ച ഉറവച്ചാലുകളിലൂടെ ഉപ്പ് തേടി ഞാൻ നടന്നു....
ഉഗ്രനാം സൂര്യൻ വറ്റിച്ചുകളഞ്ഞു ആ നേർത്തൊരു ഉറവപോലും..
ഇനിയുമൊന്നുകൂടി തിരയണം,
കിനിയുമെന്നുറപ്പില്ലാത്ത ഉപ്പുരുചിയുടെ ഉറവക്കായി...
എങ്കിലുമൊന്നുണ്ട് ,എന്റെ പ്രിയപ്പെട്ടവർക്ക് ജീവിതമുണ്ടായി ..
ചെറ്റപ്പുരകൾ മാറി അടച്ചൊതുക്കമുള്ള രാവുകളുണ്ടായി ..
സൂര്യോദയവും ചാന്ദ്രലഹരിയും എന്നെ ബാധിക്കുന്നതേയില്ല ..
ഉള്ളിലിന്നും ആ ഇലപ്പെയ്ത്തിന്റെ ഓർമ്മകൾ ..
ഇലപ്പെയ്ത്തുകൾ ......
------------------------------------------------------------------------
ബിനു കല്ലറക്കൽ
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo