Slider

കടിഞ്ഞൂൽ പ്രണയം - ആദ്യഭാഗം

0

അബൂദാബിയിൽ നിന്നും ഞാൻ ദുബൈ എയർപോർട്ടിലേക്ക് വന്നത് ബഹ്‌റൈൻ രാജകുടുമ്പാംഗത്തെ സ്വീകരിക്കാനാണ്‌. അരമണിക്കൂർ കഴിയണം ഫ്ലൈറ്റ് ലാൻഡ്‌ ചെയ്യാൻ. ഞാൻ അറൈവൽ ഭാഗത്തെ ഒരു കസേരയിൽ ഇരിക്കുകയാണ്. എന്റെ എതിർവശത്തിരിക്കുന്ന ഒരു സ്ത്രീ എന്നെ ചൂണ്ടി അടുത്തുള്ള ആളോട് എന്തോ പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടാളും എന്റെ അടുത്ത് വന്നു. ഞാൻ എഴുനേറ്റ് രണ്ടു പേർക്കും ഹസ്തദാനം ചെയ്തു. അവർ എന്റെ അടുത്ത സീറ്റുകളിൽ ഇരുന്നു. എനിക്കവരെ മനസ്സിലായില്ല. എന്റെ ജിജ്ഞാസക്ക് അധികസമയം വേണ്ടി വന്നില്ല. ജബ്ബാർക്കയല്ലേ എന്നവർ എന്നോട് ചോദിച്ചതിന്നു അതെ എന്ന് മറുപടി കൊടുത്തപ്പോൾ അവർ സ്വയം പരിജയപ്പെടുത്തി. എന്റെ പേര് സലിം. ഇത് എന്റെ ഭാര്യ സക്കീന, ജബ്ബാർക്കാടെ നാട്ടുകാരിയാണ്. അവർ അങ്ങിനെ പറഞ്ഞിട്ടും എനിക്ക് സക്കീനയെ മനസ്സിലായില്ല. എന്റെ അവസ്ഥ കണ്ടപ്പോൾ സക്കീന പറഞ്ഞു. ഞാനും ജബ്ബാർക്കയും മദ്രസയിൽ ഒന്നിച്ച് ഓത്ത് പഠിച്ചിട്ടുണ്ട്.
ഇപ്പോൾ എനിക്ക് സക്കീനയെ മനസ്സിലായി. ഞങ്ങളുടെ മദ്രസയിലും ഞങ്ങൾ പഠിച്ചു കൊണ്ടിരുന്ന ഹൈസ്കൂളിലും വല്ലാത്ത നാണംകുണുങ്ങിയായിരുന്നു സക്കീന. അന്ന് ഞങ്ങളുടെ മദ്രസയിൽ സമസ്തയുടെ മൂന്നാം ക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മൂന്നാം ക്ലാസ് പാസായി. ഇനി എന്ത് ചെയ്യും. മുസലിയാർ ഒരു ഉപകാരം ചെയ്തു തന്നു. മൂന്നാം ക്ലാസ്സിൽ തന്നെയിരുത്തി എന്നെ നാലാം ക്ലാസ് (കിത്താബ്) പഠിപ്പിച്ചു തന്നു. മുസലിയാർ ചെയ്തു തന്നതിന്ന് മറ്റൊരു കാര്യം കൂടിയുണ്ട്. ഒന്നാം ക്ലാസ്സിലെ മുക്രിക്ക വ്യാഴാഴ്ച്ച അരിപ്പിരിവിന്നു പോകുമ്പോൾ ക്ലാസ്സ് എടുക്കുന്നത് ഞാനാണ്. അലിഫിന് പുള്ളീല്ല, ബാക്കും കീഴേയൊരു പുള്ളി, താക്കുമ്മെലെ രണ്ടു പുള്ളി എന്ന് കുട്ടികളെ പഠിപ്പിക്കുക, സ്ത്രീകളിൽ നിന്നും വെള്ളം മന്തിരിച്ചൂതാൻ വെള്ളവും പിഞ്ഞാണം എഴുതാൻ അതും വാങ്ങി കൊണ്ട് വരികയും കൊടുക്കുകയും ചെയ്യുക.
'ഇക്ക പഴയകാലം ഓർക്കുകയാവും അല്ലെ?' സക്കീനയാണത് ചോദിച്ചത്. അത് കേട്ടപ്പോഴാണ് എനിക്ക് പരിസരബോധം വന്നത്.
'അല്ല ഞാൻ ഫ്ലൈറ്റ് ടൈം ബോർഡിൽ നോക്കുകയായിരുന്നു'. ഞാനൊരു നുണ പറഞ്ഞു.
'ആട്ടെ.സലിം എന്ത് ചെയ്യുന്നു?' ഞാൻ ചോദിച്ചു
'ഒരു ഷോപ്പിൽ സൈൽസ്മാനാണ്'
'എവിടെ താമസിക്കുന്നു?'
'ഷാർജ കുവൈറ്റ്‌ ഹോസ്പിറ്റന്നടുത്താണ്. എന്റെ ഒരു ബന്ധക്കാരൻ വരുന്നുണ്ട് അതിന്നാണ് ഞാൻ വന്നത്. ഇക്ക അബൂദാബിയിലല്ലേ?'
'അതെ. ഞാനൊരു ബഹ്‌റൈൻ രാജകുടുംബാങ്ങത്തെ റിസീവ് ചെയ്യാൻ വന്നതാണ്.'
ഫ്ലൈറ്റ് ലാൻഡ്‌ ചെയ്തു എന്ന എനൗണ്സ്മെ ന്റ് വന്നു. ഞങ്ങൾ പരസ്പരം ഫോണ്‍ നമ്പറുകൾ കൈമാറി. ഞാൻ VIP ലൗഞ്ച് വഴി ഫ്ലൈറ്റിന്നടുത്തെക്കു ചെന്നു.
ഷൈഖിനെ സ്വീകരിച്ച് ഹോട്ടെലിലേക്ക് പോകാൻ വാഹനം അറേഞ്ച് ചെയ്തു.
ഞാൻ വീണ്ടും അബൂദാബിയിലേക്ക് തനിയെ ഡ്രൈവ് ചെയ്ത് പോകുകയായിരുന്നു. അപ്പോഴാണ്‌ സക്കീനയുടെ മറന്നു കിടന്ന ഓർമ്മകൾ പുനർജനിച്ചത്.
സക്കീനാട് എനിക്ക് പ്രേമമായിരുന്നോ ഉണ്ടായിരുന്നത് അതോ ഇഷ്ടമായിരുന്നോ എന്നെനിക്കറിയില്ല. എന്തായാലും മദ്രസയിൽ വെച്ചും സ്കൂളിൽ വെച്ചും അവളോടുള്ള ഇഷ്ടം പറയാൻ ഒരുങ്ങി അവളുടെ അടുത്തെത്തും. പക്ഷെ പറയാൻ കഴിഞ്ഞില്ല.
ഞങ്ങളുടെ നാട്ടിൽ ഒരു ഓലമേഞ്ഞ സിനിമകൊട്ടകയുണ്ട്. സ്ക്രീനിന്റെ മുമ്പിൽ തറ, അതിന്റെ പിന്നിൽ ബെഞ്ച്‌, അതിന്റെ പിന്നിൽ കസേരയും. ഒരു ദിവസം ആ കൊട്ടകയിൽ മാറ്റിനി കാണാൻ ഞാൻ പോയി. കുഗ്രാമം ആയതു കൊണ്ടും മാറ്റിനി ആയതു കൊണ്ടും വിരലിലെണ്ണാവുന്ന പ്രേക്ഷകരേയുള്ളൂ. പടം തുടങ്ങുന്നതിനു മുമ്പ് എല്ലായിടത്തും നോക്കി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ സക്കീന ബെഞ്ചിൽ ഇരിക്കുന്നു. തട്ടമിട്ടത് വീഴാതിരിക്കാൻ രണ്ടു സ്ലൈഡ് കുത്തി മൊഞ്ചത്തിയായ എന്റെ സക്കീന.
സിനിമ തുടങ്ങി. എന്റെ നോട്ടം സ്ക്രീനിലാണെങ്കിലും മനസ്സ് സക്കീനയുടെ അടുത്താണ്.
ഇന്റർവെൽ സമയത്ത് കപ്പലണ്ടി പാട്ട് പുസ്തകം എന്ന് പറഞ്ഞു ഒരു പയ്യൻ (ഞാനും ഒരു പയ്യാനായിരുന്നു അന്ന്) നടക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ ഒരു ചിന്ത വന്നു. ഞാനാ പയ്യന്റെ കയ്യിൽ രണ്ടണ കൊടുത്ത് രണ്ടു പൊതി കപ്പലണ്ടി ആവശ്യപ്പെട്ടു. അതിൽ നിന്നും ഒരു പൊതി സക്കീനാക്ക് കൊടുക്കാൻ ആ പയ്യനോട് പറഞ്ഞു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇരിപ്പിടങ്ങൾ തമ്മിൽ വേർതിരിക്കാനുള്ള മുള ചാടി കടന്ന് അവൻ സക്കീനാക്ക് കപ്പലണ്ടി പൊതി കൊടുത്തു. സന്തോഷത്തോടെ ഞാൻ നോക്കുമ്പോൾ കണ്ട രംഗം വേദനിപ്പിക്കുന്നതായിരുന്നു. അവൾ ആ കപ്പലണ്ടിപൊതി വാങ്ങിയില്ല. എനിക്ക് ദു:ഖവും പേടിയും തോന്നി. അവൾ വാങ്ങാതിരുന്ന, എന്റെ ഇഷ്ടം പൊളിയുമെന്നുള്ള ദു:ഖം ഒരിടത്ത്. ഉപ്പ അറിഞ്ഞാൽ ഉപ്പാടെ കയ്യിൽ നിന്നും കിട്ടുന്ന ചൂരൽകഷായത്തിന്റെ പേടി മറ്റൊരിടത്ത്. ഉപ്പാക്ക് ഞാനും മറ്റു രണ്ട് പെണ്കുട്ടികളും മാത്രം. ഇന്റെർവെല്ലിന്നു ശേഷമുള്ള സിനിമ ഞാൻ ആസ്വദിക്കുന്നില്ല.
ദൈവം എന്റെ പ്രാർത്ഥന കേട്ടു. ഉപ്പാക്ക് കയ്യിന്മേലുള്ള ഒരു അരിമ്പാറ മുറിച്ചു കളയാൻ പട്ടണത്തിലെ ആശുപത്രിയിൽ പോയി അവിടെ അഡ്മിറ്റ്‌ ആയി. ഉപ്പാക്ക് അസുഖം വന്നതിന്ന് സന്തോഷിച്ച ഒരു ദിവസമായിരുന്നു അന്ന്. പക്ഷെ ഉപ്പ ഒരിക്കലും കപ്പലണ്ടി വിഷയം അറിഞ്ഞതേയില്ല.
എന്റെ മൊബൈൽ ബെല്ലടിച്ചു. ഞാൻ അറ്റൻഡ് ചെയ്തു.
'യാ ജബ്ബാർ ഇന്ത വൊഇൻ (ജബ്ബാറെ നീ എവിടെയാണ്?) ബോസ് ഷൈഖ് ആണ് ചോദിക്കുന്നത്.
'അന അൽഹീൻ ഫിൽസമഹ യാ തവീൽ ഉമ്രുക്കു' ഞാനിപ്പോൾ സംഹയിലെത്തി എന്നറിയീച്ചു. കൂടുതലൊന്നും ചോദിച്ചില്ല.
ഞാൻ വീണ്ടും പഴയ കാലത്തേക്ക് പോയി.
ശേഷം ഞാൻ ഗൾഫിലേക്ക് പോന്നു. സക്കീനയെ നിനക്കിഷ്ടമാണോ എന്ന് ഉപ്പ ചോദിച്ചതായി എന്റെ സുഹൃത്ത് പറഞ്ഞു. അതിൽ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി. ഉപ്പ എല്ലാം മനസ്സിലാക്കിയിരിക്കുന്നു.
പിന്നീട് ഞാൻ സാറയെ വിവാഹം കഴിച്ചു. എത്രയോ വർഷങ്ങൾക്കു ശേഷമാണ് എന്റെ സക്കീനയെ ഞാൻ കാണുന്നത്.

പിന്നെ ഇടയ്ക്കിടെ സലീം എനിക്ക് ഫോണ്‍ ചെയ്യാറുണ്ട്. ജോലി തിരക്ക് കാരണം ചുരുക്കം മാത്രം ഞാൻ അങ്ങോട്ട്‌ വിളിക്കാറുള്ളൂ. എന്റെ ഭാര്യ സാറയും സക്കീനയുമായി ഫോണിലൂടെ സംസാരിക്കാറുണ്ട്. സക്കീന ഗർഭിണിയായെന്നും അറിയാൻ കഴിഞ്ഞു.
വർഷം ഒന്ന് കഴിഞ്ഞു. എനിക്ക് സലീമിന്റെ ഫോണ്‍ വന്നു. അവൻ വിതുമ്പുന്നുണ്ടായിരുന്നു. ഒരു വിധം അവൻ പറഞ്ഞു. 'ഇക്ക എനിക്ക് ഇക്കാനെ ഒന്ന് കണ്ടു സംസാരിക്കണം'
'എന്താ സംഭവം സലീമേ?' ഞാൻ ആകാംഷയോടെ ചോദിച്ചു.
അത് നേരിൽ പറയാം എന്ന് പറഞ്ഞു അവൻ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
എന്തായിരിക്കും അവന്റെ പ്രശ്നമെന്ന് ഞാൻ ചിന്തിച്ചു. അവന്റെ വരവ് പ്രതീക്ഷിച്ചു നിന്നു

>>>>>> ശേഷം അടുത്ത ഭാഗത്തിൽ അവസാനിക്കും

by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo