Slider

സ്വന്തം

6

സ്വന്തം
- - - - - - -
നാലു മണിക്ക് സ്കൂൾ വിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയിൽ അവളെന്നും ആ കായലോരത്തുകൂടിയാണ് വരിക. രണ്ടു കപ്പലണ്ടിപ്പൊതിയുണ്ടാകും കയ്യിൽ..... കുറച്ചു നേരം ആ കായലോരത്തങ്ങിനെ ഇരിക്കും.., കപ്പലണ്ടി കൊറിച്ചു കൊണ്ട്. അപ്പോഴേക്കും എത്തും ആ കുട്ടിപ്പയ്യൻ..., "അമ്മാ"ന്ന് വിളിച്ചു കൊണ്ട്. ഒരു പൊതി കപ്പലണ്ടി അവന് കൊടുക്കും. സുബ്ബു...., അതാണവന്റെ പേര്. അവനാരുമില്ല.... "നീയെങ്ങനെ ഇവിടെ എത്തി... " എന്ന ചോദ്യത്തിന് അവൻ രണ്ടു കയ്യും മലർത്തും...,ന്നിട്ട് പറയും..." ക്ക് തെരിയാതമ്മ" ന്ന്.
കഴിഞ്ഞ രണ്ടു മാസമായി അവനെ എന്നും കാണുന്നുണ്ട്. അവന്റെ കിടപ്പെല്ലാം അവിടെ അടുത്തു കാണുന്ന അമ്പലത്തിന്റെ ആൽത്തറയിൽ ആണ്. രണ്ടു ജോഡി കുപ്പായം അവൾ വാങ്ങി കൊടുത്തിട്ടുണ്ട്. അമ്പലത്തിലെ നിവേദ്യമാണ് അവന്റെ ഭക്ഷണം... നിശ്ശബ്ദമായി..., കപ്പലണ്ടി കൊറിച്ചു കൊണ്ട് അവൻ അവളുടെ അരികത്തിരുന്നു. ഇടക്ക് അവൻ അവളെ നോക്കി ചിരിക്കും.. അവൾ ചോദിച്ചു.... " ഉനക്ക് വായിക്കാനും എഴുതാനും തെരിയുമാ..."? ഇല്ലെന്ന ഭാവത്തിൽ അവൻ തലയാട്ടി.. അവൾ പറഞ്ഞു... "നീയെൻ കൂടെ വീട്ട്ക്ക് വാ..., ഞാൻ നിന്നെ പഠിപ്പിക്കാം... ". പാവം..., സുബ്ബുവിന്റെ കണ്ണുകളിൽ തിളക്കം...., മുഖത്തൊരു പുഞ്ചിരി.. ! അവൻ തലയാട്ടി.
" അമ്മേ..., ദേ.... ന്റെ കൂടെ ആരാന്നു നോക്കൂ.... "- വീട്ടിലെത്തിയപ്പോൾ അവൾ ഉറക്കെ അമ്മയോട് വിളിച്ചു പറഞ്ഞു... അമ്മ ഉമ്മറത്തേക്ക് വന്ന് ചോദിച്ചു....,"ഓ...., ഇതാണോ നിന്റെ സുബ്ബു...?" അവൻ നാണത്തോടെ അവളുടെ പുറകിൽ ഒളിച്ചു... "ടാ..., നീ അടുക്കള ഭാഗത്തേക്ക് വാ..., കയ്യും കാലൊക്കെ കഴുകീട്ട് വാ..., ന്തെങ്കിലും കഴിക്കാൻ തരാം..." സുബ്ബു അവളെ നോക്കി." ഉം..., ചെല്ല്..., മടിക്കണ്ട..." അവൾ പറഞ്ഞു. അവൻ കയ്യും കാലും കഴുകി വന്നപ്പോഴേക്കും അമ്മ ഒരു പ്ളേറ്റിൽ കപ്പ പുഴുങ്ങിയതും ഒരു കപ്പ് ചായയും അവനു കൊടുത്തു. അതു മുഴുവൻ ആർത്തിയോടെ കഴിക്കുന്നത് അവർ രണ്ടു പേരും നോക്കി നിന്നു.
സന്ധ്യക്ക് വിളക്ക് കത്തിച്ച് നാമം ജപിക്കാനിരുന്നപ്പോൾ അവനും കുളിയെല്ലാം കഴിഞ്ഞ് അവളുടെ അടുത്തു വന്നിരുന്നു. തൊഴുകൈകളോടെ അവൻ അവളെ നോക്കിച്ചിരിച്ചു.
"നാളെ ഞായറാഴ്ചയാ..., നാളെത്തന്നെ നിന്റെ പഠിത്തം ആരംഭിക്കാം..., നീ നേരത്തെ തന്നെ കുളിച്ച് റെഡിയാകണം." - നാമജപo കഴിഞ്ഞപ്പോൾ അവൾ അവനോട് പറഞ്ഞു. നല്ല അനുസരണയുള്ള കുട്ടിയേപ്പോലെ അവൻ തലയാട്ടി.
പിറ്റെ ദിവസം കാലത്തു തന്നെ വിളക്ക് കത്തിച്ചുവെച്ച്..., "ഓം.., ഹരിശ്രീ ഗണപതയേ നമ: "എന്ന് അവന്റെ നാക്കിലും പിന്നീട് കൈ പിടിച്ച് മണ്ണിലും എഴുതിച്ചു. "ഇനി നീ ചെന്ന് അമ്മയെ എന്തെങ്കിലും സഹായിക്ക് " ന്ന് അവൾ പറഞ്ഞു. അവൻ തലയാട്ടി അടുക്കള ഭാഗത്തേക്ക് പോയി.
അവൾ ആലോചിച്ചു..., ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല.., അവനെന്തെങ്കിലും വരുമാനമുണ്ടാക്കുന്ന ചെറിയൊരു ജോലി ശരിയാക്കി കൊടുക്കണം.. അന്ന് വൈകുന്നേരം അവനെ വിളിച്ചു പറഞ്ഞു,, "സുബ്ബു.., നാളെ മുതൽ നീ എന്റെ കൂടെ വരും.., ഞാൻ നിനക്ക് കുറേ കപ്പലണ്ടിപ്പൊതി വാങ്ങിത്തരാം.., നീ അത് വൈകുന്നേരമാകുമ്പോഴേക്കും വിറ്റഴിക്കണം.., വൈകുന്നേരമാ നിന്റെ പഠിത്തം.., എന്താ തയ്യാറാണോ...?" അതു കേട്ടപ്പോൾ അവന് സന്തോഷമായി..
പിറ്റേ ദിവസം മുതൽ അവൻ കപ്പലണ്ടി വിൽക്കാൻ തുടങ്ങി. എല്ലാ വൈകുന്നേരങ്ങളിലും, അന്നത്തെ സമ്പാദ്യം അവളുടെ കയ്യിൽ കൊടുക്കും. അവൾ അവന് രണ്ടു - മൂന്നു ജോഡി ഡ്രസ്സ്‌ കൂടി വാങ്ങി കൊടുത്തു. ദിവസങ്ങൾ...., മാസങ്ങൾ.... പോയതറിഞ്ഞില്ല. വൈകുന്നേരങ്ങളിലെ പഠിത്തം മുറപോലെ നടന്നു." അമ്മാ" എന്ന വിളി യിൽ നിന്നും ഇപ്പോൾ അവൻ അവളെ "ടീച്ചറമ്മാ " ന്ന് വിളിക്കാൻ തുടങ്ങി. സുബ്ബു ഇപ്പോൾ നല്ലൊരു കച്ചവടക്കാരനാണ്. അമ്പത് കപ്പലണ്ടിപ്പൊതിയിൽ നിന്നും നൂറു പൊതിവരെ വിൽക്കാൻ തുടങ്ങി. അത്യാവശ്യം തപ്പിപ്പിടിച്ച് മലയാളം എഴുതാനും വായിക്കാനും അവൻ പഠിച്ചു.
ഒരു ദിവസം സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ അവൻ പറഞ്ഞു, "ടീച്ചറമ്മാ..., എനക്കൊരു 50 രൂപാ വേണോം, തരുമോ..."?'' ഉം..? എന്തിനാ നിനക്ക് കാശ്....? അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.... "എനക്ക് വേണം..., അതൊക്കെ അപ്പറം സൊല്ലാം ഞാൻ". അവൾ അപ്പോൾ തന്നെ പഴ്സിൽ നിന്നും 50 രൂപ എടുത്തു കൊടുത്തു." ടീച്ചറമ്മ..., നീങ്ക വീട്ടുക്ക് പോയിടുങ്കോ.., ഞാനിപ്പോവരാം" ന്ന് അവൻ പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് വീട്ടിലേക്ക് പോയി.
പതിവുപോലെ പിറ്റേ ദിവസവും 2 പേരും സ്കൂളിൽ പോകാൻ റെഡിയായി.. സുബ്ബു ഒരു ചെറിയ ചിരിയുമായി, കയ്യിൽ എന്തോ ഒളിപ്പിച്ചു കൊണ്ട് അവളുടെ അടുത്തു വന്ന് പറഞ്ഞു...," ടീച്ചറമ്മാ..., എന്നെ വഴക്കു പറയാത്..., ഇന്ന് അമ്മാവുടെ പുറന്ത നാളല്ലേ......, ദാ...., ഇതമ്മക്ക് വേണ്ടി വാങ്ങിയത്" എന്ന് പറഞ്ഞ് ഒരു പൊതി അവൾക്കു നേരെ നീട്ടി, " ടീച്ചറമ്മാ..., ഉങ്കളുക്ക് പിറന്നാളാശംസകൾ...." ന്ന് പറഞ്ഞു. അവൾക്കത്ഭുതവും അതിൽ പരം സന്തോഷവും തോന്നി. അവളാ പൊതി തുറന്നു നോക്കി.. ഒരു കാർഡും, കൂടെ മറ്റൊരു പൊതിയും. കാർഡിൽ സുബ്ബുവിന്റെ ചിന്നിച്ചിതറിയ അക്ഷരങ്ങൾ....
"എന്റെ ടീച്ചറമ്മക്ക് പിറന്നാൾ ആശംസകൾ......" -- സുബ്ബു.
അവൾക്ക് വലിയ സന്തോഷമായി...., തെറ്റുകൂടാതെ അവനിത്രയും എഴുതിയല്ലോ....! " ഈ പാക്കറ്റിലെന്താടാ " - അവൾ ചോദിച്ചു. " അമ്മ അതു തുറന്നു നോക്കണം" .അവൾ ആ പൊതി തുറന്നു...., ഒരു പേന....., നീല നിറത്തിലുള്ള ഒരു പേന...! അവൾ ചിരിച്ചു കൊണ്ട് സുബ്ബുവിനെ നോക്കി.., അതിലൊരു കടലാസ്സു കഷണത്തിൽ അവൻ എഴുതിയിരുന്നു.... "എനിക്കെല്ലാമായ...., എന്നെ ഞാനാക്കിയ എന്റെ ടീച്ചറമ്മക്ക്..." ! സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു...., അവനെ തന്റെ അരികിലേക്ക് ചേർത്തു പിടിച്ച് ആ നെറുകയിൽ ഉമ്മ വെച്ചു.... "താങ്ക്സ് ടാ.... സുബ്ബു....., thank...u very much......" !
- - - - - - Ambika Menon - - - - - -
6
( Hide )
  1. നന്നായിരിക്കുന്നു ടീച്ചറമ്മേ.. ഈ ടീച്ചറമ്മയാണോ ആ ടീച്ചറമ്മ

    ReplyDelete
  2. നന്നായി എഴുതിയിരിക്കുന്നു, ആശംസകൾ...

    ReplyDelete
  3. നന്നായി എഴുതിയിരിക്കുന്നു, ആശംസകൾ...

    ReplyDelete
  4. നന്നായിരിക്കുന്നു ടീച്ചറമ്മേ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo