വെറുതേ ദൂരേക്ക്
വിരലുകൾ ചേർത്തു
പിടിച്ചൊരു യാത്ര;
വെയിലു കൊള്ളണം
മഴ നനയണം
പുഴകടക്കണം
കടലിൽ നീന്തണം
നരച്ച കൺപീലി
യsച്ചു ക്ഷീണത്തിൻ
തഴപ്പായിൽ ചേർന്നു
നടു നിവർക്കണം
ഉടഞ്ഞ വാക്കിൻ്റെ
സ്ഫടിക മൂർച്ചയിൽ
ഹൃദയത്തിൽ നിന്നു -
മൊലിച്ചിറങ്ങുന്ന
പരിഭവത്തിൻ്റെ
നിണമിളനീരായ്
മതി വരുവോളം
നുണഞ്ഞിറക്കണം
വെറുതെ പൂമ്പാറ്റ -
ച്ചിറകു തുന്നി വെൺ-
ഗഗനവീഥിയിൽ
മഴ മേഘം പോലെ
പറന്നു നീങ്ങണം
നിശ തൻ വിഭ്രമ -
ച്ചുഴികളിൽ പെട്ട്
കൊതുകിൻസീൽക്കാര -
ശ്രുതിയിൽ പേടിച്ച്
ജനലിനപ്പുറം
നിലാവൊരുക്കിയ
നിഴൽക്കൂടാരത്തിൽ
മരണം നിശ്ശബ്ദ-
ശയനം ചെയ്യുമ്പോൾ
പതിയെ കാലത്തിൻ-
ചുവടിനൊപ്പിച്ച്
നമുക്കീ യാത്രകൾ
ക്രമപ്പെടുത്തണം....
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക