Slider

ഗോവിന്ദപുരം കോളനിയിലെ വാടക വീടുകള്‍

0

ആദ്യം ഒരു ആല്ത്തറ.പിന്നെ കുത്തനെയുള്ള കയറ്റം.റോഡ് കല്ല് പാകിയിട്ടാണ്.കയറ്റം കയറി ചെല്ലുമ്പോ ആദ്യം കാണുന്നത് എന്റെ പലചരക്ക് കടയാണ്.അവിടെ നിന്നു ഗോവിന്ദപുരം കോളനി തുടങ്ങുന്നു.ചിതറിയ തീപ്പെട്ടികള്‍ പോലെ ഒരേ പോലുള്ള ചെറിയ വീടുകള്‍.
ഈ സ്ഥലം പണ്ട് മുതലേ ,പ്രമാണിമാരായ ശേഖരന്‍ മുതലാളിയുടെ ഉടമസ്ഥതയിലാണ്.മുഴുവന്‍ വാടക വീടുകള്‍.
എന്റെ പലചരക്ക് കടയുടെ എതിരെ ഉള്ള ചെറിയ വഴിയിലെ ആ ഒറ്റ വീട്.അത് മറ്റ് വീടുകളില്‍ നിന്നു അകലെയാണ്.മൂന്നു മാസം മുന്പ് വരെ അത് ഒഴിഞ്ഞു കിടന്നിരുന്നു.പിന്നീടാണ് അവര്‍ വന്നത്.അയാളും ഭാര്യയും ഒരു മകളും.ആരുടേയും പേര്‍ കോളനിക്കാര്‍ക്ക് അറിയില്ല.
ആ കുടുംബത്തിന് മാത്രം മറ്റ് വീടുകളുമായി യാതൊരു ബന്ധവുമില്ലായിരുന്നു.ആരോടും അവര്‍ സംസാരിച്ചില്ല.മൂവരുടെയും മുഖത്ത് വല്ലാത്ത ഒരു മൌനം കല്ലിച്ചു കിടന്നു.അത് കൊണ്ടാണോ എന്തോ മറ്റ് കോളനിവാസികള്‍ പതിയെ അവരുമായും സംസാരിക്കാതെ ആയി.
അവരുടെ ജീവിതക്രമം കോളനിക്കാര്‍ക്ക് അറിയാമായിരുന്നു.എട്ട് മണിയാകുമ്പോള്‍ നഗര്ത്തി ല്‍ നിന്നു ഒരു ആട്ടോറിക്ഷ വരും.മൂവരും അതില്‍ കയറി പോകും.വൈകുന്നേരം ആ സ്ത്രീയും മകളും നടന്നു വരും.രാത്രി എട്ട് മണി ആവുമ്പോ അതേ ആട്ടോയില്‍ അയാള്‍ വരും.ഇവരെല്ലാം കടന്നു പോകുന്നത് എന്‍റെ കടയുടെ മുന്നിലൂടെയാണ്.അകാരണമായ ഭയം മൂലം അവരുടെ ചത്ത നോട്ടം നേരിടാനാവാതെ മറ്റ് കോളനിക്കാരെപ്പോലെ ഞാനും നോട്ടം മാറ്റും.
സന്ധ്യകളില്‍ എന്റെ കടയുടെ മുന്നില്‍ നിന്ന്‍ കോളനിയിയിലെ കൂട്ടുകാര്‍ ആ വീട്ടുകാരെ കുറിച്ചു ചര്ച്ച ചെയ്തു.അവരുടെ വിചിത്രമായ പെരുമാറ്റത്തെ കുറിച്ചു പലരും പല കഥകളും മെനഞ്ഞു.ആ പെണ്കുട്ടി അതിസുന്ദരി ആയിരുന്നെങ്കിലും ആരും അവളോടു സംസാരിക്കാന്‍ തുനിഞ്ഞിരുന്നില്ല.നഗരത്തില്‍ എവിടെയോ വര്ക്ക്ഷോ പ്പ് നടത്തുന്ന അയാള്‍ ടൂള്സ് നിറച്ച സഞ്ചിയുമായി വൈകുന്നേരം വരുന്നത് കാണുന്നത് തന്നെ എന്തോ ഭയം ഞങ്ങള്‍ ചെറുപ്പക്കാരില്‍ ജനിപ്പിച്ചിരുന്നു എന്നത് സത്യമാണ്.
ഇന്നാണ് ഞെട്ടിപ്പിക്കുന്ന ആ സംഭവം ഉണ്ടായത്.അത് തന്നെയാണ് എന്‍റെ ഈ യാത്രയുടെ കാരണവും.
രണ്ടു മൂന്നു ദിവസമായി അവരെ കാണുന്നില്ലായിരുന്നു.അവര്‍ വല്ല യാത്രക്കും പോയി കാണും എന്നാണ് എല്ലാവരും കരുതിയത്.പത്രം ഇടാന്‍ ചെന്ന പയ്യന്‍ അകത്തു നിന്നു ദുര്‍ഗന്ധം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ചെന്നു.വാതില്‍ തല്ലിപൊളിച്ചു.അകത്തു മൂവരും മരിച്ചു കിടന്നിരുന്നു.ഒഴിഞ്ഞ വിഷകുപ്പികള്‍ അടുത്തുണ്ടായിരുന്നു.
പോലീസില്‍ അറിയിച്ചു.ശേഖരന്‍ മുതലാളിയെ ആരോ വിളിച്ചു.അദ്ദേഹം അവരുടെ നാട്ടിലെ അഡ്രസ്സുമായി വന്നു.പാലക്കാട് കുറച്ചു ഉള്ളിലായി ആണ് മരിച്ചവരുടെ സ്ഥലം.അവിടെ ചെന്നു വിവരങള്‍ അറിയാനും മരണം വിവരം വേണ്ടപ്പെട്ടവരൊട് പറയാനും എന്നെ കോളനിക്കാര്‍ ചുമതലപ്പെടുത്തി.ഞങ്ങളുടെ സ്ഥലത്തിന്റെ അതേ പേരില്‍ ഉള്ള സ്ഥലം ഗോവിന്ദപുരം.
ഇപ്പോള്‍ നേരം സന്ധ്യ ആയി.നഗരത്തില്‍ നിന്നു മൂന്നര മണിക്കൂര്‍ കൂടി യാത്ര.ലോക്കല്‍ ബസ്സില്‍ കയറി.”ഗോവിന്ദപുരത്തേക്ക് നേരിട്ടു വണ്ടിയില്ല.ഇടക്കുള്ള ഒരു കവലയില്‍ ഇറങ്ങി ആട്ടോയില്‍ പോയാല്‍ മതി”.കണ്ടക്ടര്‍ പറഞ്ഞു.കരിമ്പനകളും വരണ്ടുണങ്ങി കിടക്കുന്ന പാടങ്ങളും നോക്കി ഞാന്‍ ബസ്സില്‍ തളര്‍ന്നിരുന്നു.
രാത്രി ഏഴര കഴിഞ്ഞിരിക്കുന്നു.കണ്ടക്ടര്‍ പറഞ്ഞ കവലയില്‍ ഞാന്‍ ഇറങ്ങി.ആട്ടോറിക്ഷകള്‍ ഒന്നുമില്ല.ഒന്നു രണ്ടു കട ഉള്ളത് അടഞ്ഞു കിടക്കുന്നു.ശൂന്യമായ നിരത്ത്.ഗോവിന്ദപുരം എന്ന വഴിസൂചിക അവിടെ ഉണ്ടായിരുന്നു.ഞാന്‍ പതിയെ മുന്നോട്ട് നടന്നു. ആരെയെങ്കിലും കൂട്ടണ്ടതായിരുന്നു.മൊബൈലിന് ഇവിടെ റെയ്ഞ്ച് ഇല്ല.
കുറച്ചു മുന്നോട്ട് നടന്നു.മുന്നിലേക്ക് നോക്കുമ്പോള്‍ ഞാന്‍ ഞെട്ടി.വഴി ഞങ്ങളുടെ നാട്ടിലെ പോലെ തന്നെ.ഇരു വശത്തും നാട്ടിലെ പോലെ പടവല തോട്ടങ്ങള്‍.വീണ്ടും മുന്നോട്ട് നടന്നു.എനിക്കു അതിശയവും ഒപ്പം ഭയവും കൂടി വന്നു.ഇത്ര സമാനത എങ്ങനെയാണ്.റോഡും,എന്തിന് വഴിയില്‍ നില്ല്ക്കുന്ന വൃക്ഷങ്ങള്‍ വരെ നാട്ടിലെ പോലെ തന്നെ.ഒരു വളവ് കഴിഞ്ഞു.ഞാന്‍ അത് കണ്ടു.ആല്ത്തറ.ഭയം കലര്‍ന്ന അതിശയം അടക്കി ഞാന്‍ നോക്കി.അത് തന്നെ.കരിങ്കല്‍ പാകിയ കുത്തനെയുള്ള കയറ്റം.പതിയെ കയറി.മുകളില്‍ എന്റെ പോലെ ഒരു കട കാണരുതേ എന്നു ഞാന്‍ ഉള്ളില്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.മുകളില്‍ കയറി.പക്ഷേ കൊണ്ട് വന്നു വച്ചത് പോലെ എന്‍റെ പോലെ ഒരു കട അവിടെയും.അവിടെ നിന്നു തീപ്പെട്ടി അടുക്കി വച്ചത് പോലെ പകര്‍ത്തി വച്ച നിലയില്‍ വേറെ ഒരു ഗോവിന്ദപുരം കോളനി.
ഞാന്‍ വാച്ച് നോക്കി.എട്ട് മണിയാവുന്നു.നാട്ടില്‍ ഈ സമയം അയാള്‍ ഒരു ആട്ടോയില്‍ എത്തേണ്ടതാണ്.ഉള്ളില്‍ ഇരുന്നു ആരോ മുന്നറിയിപ്പ് തരുന്നത് പോലെ.ഞാന്‍ അടഞ്ഞുകിടന്ന എന്‍റെ അല്ലാത്ത എന്‍റെ കടയുടെ പുറകില്‍ ഒളിച്ചു.
ഒരു ആട്ടോ കയറി വരുന്ന ശബ്ദം.നെഞ്ചു പെരുമ്പറ കൊട്ടുന്നു.ഞാന്‍ മറഞ്ഞു നിന്നു.തല പുറത്തേക്കിട്ട് നോക്കാന്‍ എനിക്കു ധൈര്യം ഇല്ലായിരുന്നു.
ആട്ടോ കടയുടെ മുന്നില്‍ നില്ക്കുന്നു.ആട്ടോക്കാരന്‍ ചോദിക്കുന്നു.
"എന്തിയെ കോളനിയില്‍ ആരും ഇല്ലേ?"
അപ്പോള്‍ ഞാന്‍ അയാളുടെ സ്വരം കേട്ടു.
“അതോ,..ഈ പലചരക്ക് കടക്കാരനെ ആരോ കൊന്നു.കോളനിയില്‍ പുതുതായി വന്ന ഏതോ വീട്ടിലെ പെണ്ണിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്..കോളനിക്കാര്‍ ശവമടക്കിന് അയാളുടെ നാട്ടിലേക്കു പോയിരിക്കുകയാ.”
ടൂള്സ് നിറച്ച സഞ്ചിയുമായി ഒരു നിഴല്‍ കടയുടെ എതിര്‍വശത്തെ വീട്ടിലേക്ക് നടന്നു പോകുന്നത് ഞാന്‍ കണ്ടു.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo