നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കേതകിയുടെ ഇന്നലെവരകൾ (കഥയെഴുത്ത് മത്സരം) - Entry 5


ചാണകം മെഴുകിയ തറയിൽ പുൽപ്പായ വിരിക്കുകയാണ് അമ്മൂമ്മ .
"മോള് ബാ അമ്മൂമ്മ കഥ പറഞ്ഞുതരാം"
"അപ്പൂപ്പനെപ്പ വരും?"
"വര്മ്പ നന്ദുവും കിച്ചുവും കുരയ്ക്കുമല്ലോ . മോള് വന്ന് കിടന്നേ."
"മോക്ക് കാക്കച്ചീടേം തത്തമ്മേടേം കഥ അറിയാവോ?"
"ഉം, അറിയാം .അച്ഛൻ പറഞ്ഞിട്ടൊണ്ട്. അമ്മൂമ്മയ്ക്ക് ആരാ ഇത്രേം കഥയൊക്കെ പറഞ്ഞ്തന്നേ?"
"അതൊക്കെ അമ്മൂമ്മേടെ മുത്തശ്ശി പണ്ട് പറഞ്ഞുതന്നതാ."
"അപ്പൂപ്പൻ വര്ന്ന വഴിയെങ്ങനാ നന്ദൂം കിച്ചൂം അറിയുന്നേ? രണ്ടു വഴിയുണ്ടല്ലോ ഇങ്ങോട്ട് വരാൻ"
"നന്ദു അമ്പലത്തിനടുത്തുള്ള വഴീലും, കിച്ചു കമ്പനിഗേറ്റിനടുത്തുള്ള വഴീലും നിക്കും. അപ്പൂപ്പനെ കാണുമ്പ ഒന്ന് മറ്റേതിനെ കൊരച്ചറിയിക്കും. എങ്ങനായാലും വീടെത്തുമ്പോ അപ്പൂപ്പന്റെ ഇടതും വലതും ഉണ്ടാവും, രണ്ട് പട്ടികളും. മിണ്ടാപ്രാണികളങ്ങനെയാ മക്കളേ. മനുഷ്യനേക്കാളും നന്ദിയാ അവറ്റകൾക്ക്. പറഞ്ഞുതീർന്നില്ല ദോണ്ടെ നിന്റെ അപ്പൂപ്പൻ വന്നല്ലോ."

അമ്മൂമ്മ മുൻവാതില് തൊറക്കുമ്പ ഞാൻ കണ്ടൂ, അപ്പൂപ്പന്റെ ഇടംവലം നിന്ന് വാലാട്ടുന്ന നന്ദൂനേം കിച്ചൂനേം. എന്നെ കണ്ടതും രണ്ടുമൊന്ന് മുരണ്ടു, പിന്നെ ഒച്ചത്തിൽ കുരച്ചു.
പേടിച്ച് അമ്മൂമ്മേടെ പിറകിലൊളിച്ച എന്നെ ചേർത്തുപിടിച്ചോണ്ട് "അടങ്ങിനെടാ... ഇതെന്റെ കൊച്ചാ...പോയേ പോയേ" ന്ന് അപ്പൂപ്പൻ പറഞ്ഞതും രണ്ടും പോയ് ചാമ്പമരത്തിന്റെ കീഴെ കിടന്നു.

"മീനമാസമായിട്ട് ഇത്രേം ചൂട്... ഞാൻ വെളീല് കിടക്കുവാമ്മേ " ഷർട്ട് തോളിലേക്കിട്ട് മാമൻ പുറത്തേക്കിറങ്ങി; കൂടെ ഞാനും.
"നീയെങ്ങോട്ടാ ? അകത്തുപോയി കെടന്നേ"
ചിണുങ്ങുന്ന എന്നെ സമാധാനിപ്പിക്കാൻ അപ്പൂപ്പനെത്തി. "അവള് കൊച്ചല്ലേടാ അവൾടൊരു കൊതിയല്ലേ ഞാനും കിടക്കാം"

മെടഞ്ഞ ഓലകൾ നിരത്തിയിട്ട് അതിന്മേലെ കിടക്കുമ്പോൾ ആകാശത്ത് ചന്ദ്രൻ വല്യവട്ടപ്പൊട്ട് പോലെ തിളങ്ങി. ഒരു വശത്തായി നീണ്ടുപരന്ന വയലിൽ നിന്ന് ചീവീടുകളും തവളകളും മത്സരിച്ചു ശബ്ദിച്ചു.

"കൊതുക് കടിക്കത്തില്ലേ മാമാ?"
"അതൊക്കെ നിങ്ങടെ ടൗണില്. ഇവിടെ കൊതുകിനെ തിന്നാൻ ആൾക്കാരുണ്ട്."
ആകാശത്തെ നക്ഷത്രപ്പൂക്കളെ കണ്ട് കണ്ട് , അപ്പൂപ്പനെയും മാമനെയും കേട്ട് കേട്ട് ഉറങ്ങിപ്പോയത് എത്ര വേഗമാണ്?

"ഇറങ്ങിപ്പോടീ നീയല്ലേ വലിഞ്ഞുകയറിവന്നത്" എന്ന ഉച്ചത്തിലുള്ള ചോദ്യമാണ് ഉറക്കത്തിൽ നിന്ന് ഉണർത്തിയത്. അയയിൽ രണ്ട് മുണ്ടുകൾ തൂങ്ങിക്കിടപ്പുണ്ട് . മൂക്കിലേയ്ക്ക് ഏതോ കറിയുടെ മണമടിച്ചുകയറുന്നുണ്ട്. തന്നെ ആരാണ് മുറ്റത്തു നിന്ന് ഇവിടെ കൊണ്ട് കിടത്തിയത്? മാമനായിരിക്കണം.

ഒരു കുഞ്ഞുരൂപം ജനലരികിലൂടെ പിറുപിറുത്തോണ്ട് പോയി. അതൊരു പെണ്ണാണോ ആണാണോ എന്നറിയാനായി ഞാനേന്തിവലിഞ്ഞു നോക്കി.
ഷീറ്റ് കെട്ടിമറച്ച, ആകാശം കാണാനാകുന്ന കുളിമറയും, മഞ്ഞ് നനഞ്ഞ വയലും, ചായക്കടയിൽ നിന്ന് അപ്പൂപ്പൻ കൊണ്ടുവന്ന മണിപ്പുട്ടും എല്ലാം കുഞ്ഞിക്കണ്ണില് കൗതുകങ്ങളായി. വയലിലൂടെ
നടക്കാനിറങ്ങുമ്പോൾ ഈർക്കിലി ഒടിച്ച് നാക്ക് വടിക്കുകയായിരുന്ന സുപ്രു വിളിച്ചുപറഞ്ഞു " സൂക്ഷിച്ച് നടക്കണേ കൊച്ചേ"

ഓടിട്ടതും ഓലമേഞ്ഞതുമായ വീടുകൾക്കിടയിലേക്ക് അയൽസ്നേഹം നൂണ്ടുകയറുന്നത് കാണാനെന്ത് ഭംഗിയായിരുന്നൂ?
വയലിൽ വെച്ച് കണ്ട ആ കുഞ്ഞുരൂപത്തിന്റെ ചിരിയെ അകാരണമായി ഭയന്നുകൊണ്ട് ഞാൻ വേഗത്തിൽ നടന്നൂ

"നീ ദോശയ്ക്ക് ചമ്മന്തി അരച്ചോടീ ? പോയി അരയ്ക്കടീ. പ്ഫാ അവക്കടെയൊര് ആട്ടം. എല്ലാവന്മാർക്കും മറ്റേത് മതി, മറക്കണ്ട നീയ്യ്." പിറകിൽ നിന്ന് അവർ വിളിച്ചുകൂകി.

വീട്ടിലെത്തിയിട്ടേ നടപ്പിന്റെ വേഗത കുറച്ചുള്ളൂ. പക്ഷേ ആ രൂപം പറഞ്ഞ വാചകങ്ങൾ അത് എവിടെയാണ് തറഞ്ഞുകയറിയത്?
തന്നെ പേടിപ്പിച്ചതിന് അപ്പൂപ്പൻ അവരുടെ നേരെ കയർത്തപ്പോഴും, അവരെന്തൊക്കെയോ പിറുപിറുക്കുകയും ചിരിക്കുകയും ചെയ്തു.
ചൂട് കൂടുമ്പോ നൊസ്സിളകും പ്രാന്തിയ്ക്ക് എന്ന് പറഞ്ഞ് അപ്പൂപ്പൻ ദേഷ്യപ്പെട്ടു

അവരെ എല്ലാവരും വിളിച്ചിരുന്നത് മൊട്ടച്ചി എന്നാണ്. മുടി പറ്റെ വെട്ടിയ , ഷർട്ടും ലുങ്കിയും ഉടുത്ത കുറിയ ഒരു സ്ത്രീരൂപം അതായിരുന്നൂ മൊട്ടച്ചി.
=======
എത്ര വേഗത്തിലാണ് ഒരു പെൺകുട്ടി വളർച്ചയുടെ സുന്ദരമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നത്.
കണ്ണാടിയുടെ മുൻപിൽ, ഫ്രോക്കിന്റെ പിൻവശം കൈകൊണ്ട് ഇറുക്കിപ്പിടിച്ചു നിൽക്കുമ്പോൾ എത്രയോ തവണ അമ്മ പറഞ്ഞിട്ടുണ്ട് " മൊലേം ചന്തീമൊക്കെ സമയാകുമ്പ വന്നോളും ഇങ്ങോട്ട് വാ പെണ്ണേ" എന്ന്.

എന്നെപ്പോലെയായിരിക്കണമല്ലോ മൊട്ടച്ചിയും ഓരോ വളർച്ചകളിലൂടെ കടന്നുവന്നത്.
മൊട്ടച്ചി എന്നല്ലാതെ അവർക്കൊരു പേരുണ്ടാകണമല്ലോ എന്ന ചിന്തയിലാണ് പിന്നീടുള്ള വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാനവരോട് ചിരിക്കാനും മിണ്ടാനും തുടങ്ങിയത്.

പലപ്പോഴും അവരോട് സംസാരിക്കുമ്പോൾ അവർക്ക് വട്ടാണെന്ന് പറഞ്ഞവരെപ്പറ്റി ഞാനതിശയപ്പെട്ടൂ. അതിനെ ചോദ്യം ചെയ്തപ്പോഴൊക്കെ ടീനേജിന്റെ ചോരത്തിളപ്പാന്ന് പറഞ്ഞ് അമ്മ പൊട്ടിത്തെറിച്ചു.

മൊട്ടച്ചിയും അവരുടെ മകളും അമ്മയ്ക്കും മാമൻമാർക്കും കണ്ണിലെ കരടാണ്.
അവരുടെ ജീവിതത്തിലേയ്ക്ക് കടിച്ചുതൂങ്ങിയ കുളയട്ടയാണവർക്ക് മൊട്ടച്ചി.

അങ്ങനെയിരിക്കെയാണ് മൊട്ടച്ചി കിണറ്റിൽച്ചാടി ചാകാൻ ശ്രമിച്ചെന്ന് ഞാനറിഞ്ഞത്. ആസ്പത്രിമുറിയിൽ അവർക്കും മകൾക്കുമിടയിലെ നിശ്ശബ്ദതയിലേയ്ക്ക് അതിക്രമിച്ചുകടന്ന എന്നോടവർ പൊട്ടിത്തെറിച്ചു

"നീ എന്തിനാ ഇങ്ങോട്ടെഴുന്നള്ളിയേ? ചാവാൻ പോലും സമ്മതിക്കില്ല നാശങ്ങള്."

ഞാനവരുടെ ക്ഷോഭത്തെ മൗനം കൊണ്ട് നേരിട്ടു. വെളിച്ചത്തിന്റെ വക്കിൽ തട്ടിയ ഇരുൾച്ചീള് പോലെയാണ് ചില മൗനത്തിന് മുന്നിൽ പലവികാരങ്ങളും. ചോദിക്കാതെ തന്നെയുളള ഏറ്റുപറച്ചിലുകൾക്ക് സ്നേഹത്തിന്റെ മണവുമുണ്ടാകും. ഒരു പൊട്ടിക്കരച്ചിലോടെയാരുന്നൂ പിന്നീടവരെന്നോട് സംസാരിച്ചത്.

"നിന്റെ അപ്പൂപ്പനെന്നെ ചതിച്ചതാ കൊച്ചേ. ഭാര്യയും മക്കളുമുണ്ടെന്ന് പറയാതെ എന്നോട് സ്നേഹം നടിച്ചേന് ഞാൻ അങ്ങേരെ വെറുതെ വിടണമാരുന്നോ? അച്ഛനില്ലാത്ത കൊച്ചിനെ പെറണാര്ന്നോ?"
"എന്റെ അച്ഛനെ വശീകരിച്ചതാ അവലക്ഷണം പിടിച്ച ആ ജന്തു " മനസ്സിൽ അമ്മ ഒച്ചയെടുക്കുന്നു.
"മൊട്ടച്ചീടെ പേര് എന്താ?"
"ഇവിടെ അങ്ങേരുടെ അമ്മയല്ലാതെ ആരുമെന്നോട് ഇന്നേവരെ പേര് ചോദിച്ചിട്ടില്ല
"ഇനീപ്പ എന്തിനാ? "
"എന്നാലും പറ"
"സുമംഗലാന്നാ. താലിഭാഗ്യമില്ലാതെ പോയ സുമംഗല" എന്നു പറഞ്ഞ് അവർ ഉറക്കെച്ചിരിച്ചു
പെഴച്ചവളെന്ന് പറഞ്ഞ് വീട്ടീന്ന് അടിച്ചിറക്കിയപ്പോഴാ ഇവളേം വയറ്റിലിട്ടോണ്ട് അങ്ങേരെ തേടി ഞാനിവിടെ വന്നത്. അപ്പഴാ നിന്റെ അമ്മേം മാമന്മാരേം പറ്റി ഞാനറിയുന്നത്. അങ്ങേരുൾപ്പടെ എല്ലാരുമെന്നെ ആട്ടിപ്പുറത്താക്കാനാ നോക്കിയത്.
അങ്ങേരുടെ അമ്മേടെ മനുഷ്യപ്പറ്റിലാ ഇവിടെ ജീവിച്ചോളാനനുമതി കിട്ടിയത്. അവഗണിക്കപ്പെട്ടോരുടെ ജന്മം കൊച്ചിനറിയ്യ്വോ? പ്രാന്തി എന്ന പേര് നല്ലതാ കൊച്ചേ. ചതികളും ക്രൂരതകളും മറക്കാനേറ്റവും നല്ലതാ പ്രാന്ത്." അവർ വീണ്ടും ചിരിച്ചു.

ഇവർക്ക് ശരിക്കും ഭ്രാന്താണോ എന്ന എന്റെ സംശയത്തിലേക്കാണ് അവരുടെ ചൂടുകണ്ണീരിറ്റു വീണത്. അപ്പൂപ്പനോടുള്ള സ്നേഹത്തിന്റെയും , മറ്റൊരു സ്ത്രീയെ ചതിച്ച അപ്പൂപ്പനോടുള്ള വെറുപ്പിന്റെയും പൊള്ളലിലെന്നോണം അമ്മവീടിനെ ഞാനെന്നിൽ നിന്നകറ്റിനിർത്തി.

മൊട്ടച്ചിയോട് മിണ്ടാൻ നിൽക്കരുത് , അയലത്തെ വീടുകളിൽ പോകരുത് തുടങ്ങി ഒരു കുന്നോളം അരുതുകളോടെയാണ് ഓരോ തവണയും അച്ഛൻ, അമ്മവീട്ടിലേയ്ക്ക് വിടാറുള്ളത്. നഗരജീവിതം എന്നിൽ വരഞ്ഞ വരകൾക്ക് മീതെ വീണ സ്നേഹവരകളാണ് അമ്മവീടും അയൽക്കാരും എന്ന് പാവം അച്ഛനെങ്ങനെ മനസ്സിലാകാനാണ്?

ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേയ്ക്ക് രാജ്യങ്ങളുടെ ദൂരമുള്ളിടത്തേക്കാൾ എത്രയോ സുകൃതമാണ് മനസ്സടുപ്പമുള്ള രണ്ടു വീടുകൾ എന്നതെനിക്ക് കാട്ടിത്തന്നത് അമ്മവീടിന്റെ നാലയലുകളാണ്.
മൂക്കട്ട ഒലിപ്പിച്ചു നടന്ന ഷിബുവും, ഊഞ്ഞാലാടുന്നോ കേതകീ ന്ന് ചോദിച്ചോടി വരുന്ന സുപ്രുവും ഒക്കെ കാലത്തിന്റെ തേരോട്ടത്തിലെവിടെ എത്തിപ്പെട്ടിട്ടുണ്ടാകണം?

ഇനി ഒരിക്കൽക്കൂടി പോകണം , അവിടേക്ക്. സുമംഗലയെ ചേർത്തുപിടിക്കണം; വെറുപ്പിന്റെ തീക്കട്ടകൾക്ക് മേൽ സ്നേഹത്തിന്റെ മഞ്ഞുകട്ടകൾ നിരത്തി അമ്മയ്ക്കൊപ്പം നിർത്തണം.
പക്ഷേ കേതകീ ആ വയലും ആളുകളും ഇപ്പോ അവിടെ ഉണ്ടെന്ന് എന്ത് ഉറപ്പാണ് നിനക്ക്? ഇനി അഥവാ ഉണ്ടെങ്കിൽക്കൂടിയും, കാലം മാറ്റങ്ങൾ വരുത്തിയിട്ടില്ല എന്നെങ്ങനെ ഉറപ്പിക്കാനാണ്?


By
AnamikaSajeev


1 comment:

  1. പ്രിയ ശ്രീ/ശ്രീമതി അനാമിക, താങ്കളുടെ കഥ നന്നായിട്ടുണ്ട്. പഴമയുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടി വരുന്ന അനുഭവം. തുടർന്നുമെഴുതുക!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot