നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലും വെളിച്ചവും (കഥയെഴുത്ത്-മത്സരം) - Entry 4



നശിച്ച ഒരു മഴ!
ജനലിലൂടെ ചാറ്റല്‍ വെള്ളം മുഖത്തടിച്ചപ്പോഴാണ് കണ്ണുതുറന്നത്. അത് ചാരിയിട്ടുണ്ടായിരുന്നില്ല. സമയമെന്തായി? രാത്രിയോ അതോ പകലോ?

പുറത്തേയ്ക്ക് നോക്കി. മഴ തോര്‍ന്നോ? പുറത്ത് നല്ല വെളിച്ചം! വെയിലാണോ? അതോ നിലാവോ?
''മീനാക്ഷ്യേയ്......'' ആരോ വിളിച്ചു. ''ആരാത്?'' ''ഞാനാ തങ്കം.... ത്തിരി കൂട്ടാന്ണ്ടാവ്വോ?'' ''എന്തേപ്പോ?'' ''ഗുരുവായൂര്ന്ന് ഒരാള് വന്നിരിക്കണൂ. അവടെ കൂട്ടാനൊന്നും വെച്ചിട്ടൂല്യ''. ഗുരുവായൂര്‍ക്കാണ് തങ്കത്തിന്റെ മകളെ കല്യാണം കഴിച്ചയച്ചിരിക്കുന്നത്. ''ഓമക്കായോണ്ട് ഒരു പുളിങ്കറീണ്ട്. പരിപ്പൊന്നും ഇട്ടിട്ടില്ല്യ''. ''ധാരാളം മതി. ഇത്തിരി അരി ഞാന്‍ അടുപ്പത്തിട്ടിട്ടുണ്ട്. വേഗം വേവും.''

നശിച്ച മഴ പിന്നേയും! എവിടെ തങ്കം? പുറത്ത് അരണ്ട വെളിച്ചത്തില്‍ അപ്പുറത്തെ പറമ്പ് കാണാം. അവിടെ എവിടെയോ ഒരു ചിത കത്തുന്ന ദൃശ്യം മനസ്സിലേക്കുവന്നു. തങ്കത്തിന്റെ അന്ത്യയാത്ര താന്‍ കണ്ടതും ഇതേ കട്ടിലില്‍ കിടന്നായിരുന്നുവെന്ന് മീനാക്ഷി ഓര്‍ത്തു. എത്രയോ വര്‍ഷമായി! എന്നിട്ടും മൃതിയുടെ കെട്ടുകള്‍ പൊട്ടിച്ച് തങ്കം വരാറുണ്ട്! കൂട്ടാനോ, അരിയോ, മുറുക്കാനോ ചോദിക്കാന്‍... അല്ലെങ്കില്‍ ഒരു പിടി വറുത്ത അരിയോ, അവിലോ, ആരെങ്കിലും ശബരിമലയില്‍നിന്ന് കൊണ്ടുവന്ന ഒരു അപ്പമോ തനിക്ക് തരാന്‍!

''കൂട്ടാനുള്ളത്‌ അവര്‍ക്ക് കൊടുത്തു. നമ്മള്‍ക്കോ?'' ആരോ ചോദിക്കുന്നു. ലതയാണ്, മകള്‍. ''മിണ്ടാതിരിക്കടീ...! '' ഇത്തിരി പുളിയും ഉള്ളിയും  തിരുമ്മി ഉപ്പും കൂട്ടി ചോറുണ്ണുമ്പോഴും അവളുടെ മുഖം ഇരുണ്ടിരുന്നു. ''അവടെ വിരുന്ന്വാര് വന്നു. നമ്മടോടെ ആരെങ്കിലും വന്നാല്‍ നീയും ഓടിപ്പോയി വാങ്ങാറില്ലേ, ചോറും കൂട്ടാനും?'' ശരിവെച്ച് അവളും തലയാട്ടും.

ലതേടച്ഛനാണെങ്കില്‍ ഇതൊന്നും പ്രശ്നമല്ല. പണി കഴിഞ്ഞു വന്നാല്‍ വല്ലതും കിട്ടിയാല്‍ കഴിക്കും. മതിയെന്നോ, ഇനിയും വേണമെന്നോ പറയില്ല. ആ മനുഷ്യന്റെ ശബ്ദം വെളിയില്‍ കേള്‍ക്കുന്നത് വല്ലപ്പോഴും  മാത്രമായിരുന്നു.  ആ വീട്ടില്‍ എപ്പോഴും മുഴങ്ങുന്നത്  തന്റെ ശബ്ദമാണ്.  

ചിലപ്പോള്‍ രാത്രിയില്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ആ മനുഷ്യനെ കാണാറില്ല. വിളക്കും കത്തിച്ച് പുറത്തു വന്നാല്‍ തിണ്ണയിലോ, കിണറ്റിന്‍ കരയിലോ കുത്തിയിരിക്കുന്നതു കാണാം. രണ്ടു ചീത്ത കേട്ടാല്‍ എണീറ്റു വരും, അടുത്ത് മലര്‍ന്നു കിടക്കും. പതുക്കെ ഉറക്കത്തിന്റെ താളത്തിലുള്ള ശ്വാസം വലി കേള്‍ക്കാം.

പൂര്‍ണമായും ഭാര്യക്കധീനനായ ഒരു പാവം മനുഷ്യന്‍! 

വീണ്ടും മഴച്ചാറല്‍ മുഖത്തേക്ക്! ലതയെ വിളിച്ചാലോ? വേണ്ട! വീണ്ടും വെളിച്ചം തെളിഞ്ഞു വരുന്നുണ്ട്. പതുങ്ങിയ ഒരു കാലടിശബ്ദം ജനലിനരികില്‍. മിണ്ടാതെ കിടന്നു. നിഴലനക്കവും, ശ്വാസത്തിന്റെ ശബ്ദവുമില്ലാത്ത കുറെ നിമിഷങ്ങള്‍! ദൂരെ ഏതോ പക്ഷി കരയുന്നുണ്ടോ? വന്നതിലും പതിയെ കാലൊച്ച അകന്നു പോവുന്നതും കേട്ടു. 

ലതയ്ക്ക്  ടീച്ചറായി ജോലികിട്ടി. വീട്ടിലെ പരാധീനതകള്‍ക്ക് ഒരാശ്വാസം! കാലു തൊട്ടു വന്ദിച്ച അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് അദ്ദേഹം പറഞ്ഞതാണ് , ''അമ്മയെ നോക്കണം'' . അന്ന്  താന്‍ ദേഷ്യപ്പെട്ടു. ലതയ്ക്കൊപ്പം മിണ്ടാതെ ഇറങ്ങിപ്പോയി ആ മനുഷ്യന്‍. പിന്നെ കയറി വന്നത് ഒരു മൃതദേഹവും ചുമന്ന് കുറെ ആളുകളാണ്. മരവിച്ച മനസ്സുമായി ഒന്നു നോക്കി. ഭര്‍ത്താവിന്റെ മുഖച്ഛായയുണ്ടെങ്കിലും അത് ആ മനുഷ്യനാണെന്ന് വിശ്വസിക്കാന്‍ പ്രയാസം! തന്റെ ഒരു തുറിച്ചുനോട്ടത്തില്‍ മരണത്തിന്റെ അഗാധതകളില്‍നിന്നുപോലും  അദ്ദേഹം എണീറ്റു വരും! ഇത് വേറെ ആരോ ആണ്! ഭര്‍ത്താവ് മരിച്ചിട്ടുപോലും കരയാത്ത ക്രൂരയായ സ്ത്രീയെന്ന് ഒരിക്കല്‍ ലതതന്നെ ആക്ഷേപിച്ചു. അന്നാണ് ശരിക്കും കരഞ്ഞത്! അന്ന് രാത്രിയില്‍ത്തന്നെയാണ്  ജനലിനരികിലേക്ക് വരുന്ന ആ പതിഞ്ഞ കാലൊച്ചകളും, പരിചിതമായ ഗന്ധവും ആദ്യം തിരിച്ചറിഞ്ഞത്. 3 തലമുറയിലും ആണ്‍മക്കളില്ലാത്തതിനാല്‍ ബലിച്ചോറും വെള്ളവും കിട്ടാത്തതിന്റെ പരാതിപോലും പറഞ്ഞിട്ടില്ല, ഇതുവരെ! വരും, മിണ്ടാതെ, നിശ്വാസത്തിന്റെ ശബ്ദം പോലും പുറത്തുകേള്‍പ്പിക്കാതെ മറഞ്ഞുനില്‍ക്കും. പിന്നെ പതിയെ തിരിച്ചുപോകും.

പുറത്തുമാത്രമല്ല മുറിക്കകത്തും വെളിച്ചമുണ്ട് ഇപ്പോള്‍. പഴയ വീട് ലതതന്നെയാണ്  പൊളിച്ചു പണിയിച്ചത്.  ആദ്യം ആകെ ഒരങ്കലാപ്പായിരുന്നു. മിനുങ്ങുന്ന തറ, വലിയ മുറികള്‍, അടുക്കള നിറയെ സാധനങ്ങള്‍! പക്ഷെ അവളുടെ മനസ്സ് ഇടുങ്ങി വന്നു. ഒരിക്കല്‍ മരുന്നിന് പണം കടം ചോദിച്ച തങ്കത്തിനോട് ഇല്ലെന്ന് മുഖത്തുനോക്കി പറഞ്ഞു അവള്‍. തലേ ദിവസം അവള്‍ അലമാരയില്‍ പൈസ എടുത്തുവെക്കുന്നത് താന്‍ കണ്ടതാണ്. പെട്ടിയുടെ അടിയിലുണ്ടായിരുന്ന തന്റെ സ്വകാര്യ സമ്പാദ്യം, നൂറു രൂപയുമായി അടുത്ത ദിവസം തങ്കത്തിനെക്കാണാന്‍ ചെന്നു. അസുഖം മൂത്ത് അപ്പോഴേക്കും ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു അവളെ. വൈകുന്നേരത്തോടെ പ്രാരബ്ധങ്ങളില്ലാത്ത ലോകത്തേക്ക് അവള്‍ പോയി.

അന്ന് ലതയോട് വഴക്കിട്ടു. ഒരു കൂസലുമില്ലാതെ അവള്‍ നിന്നു. സ്വന്തം ഭര്‍ത്താവിനെ സ്വൈരം കൊടുക്കാതെ കൊന്നവള്‍ക്ക് കൂട്ടുകാരിയോടെന്തിനാ ഇത്തരം വികാരങ്ങള്‍ എന്ന് അവള്‍ മുഖത്തുനോക്കിച്ചോദിച്ചു.

സമയമെത്രയായിട്ടുണ്ടാവും? വെളിച്ചം നല്ലപോലെയുണ്ട്. ആരാ വാതില്‍ക്കല്‍? ഓ.. തന്റെ മൂന്നാം തലമുറ. ലതയ്ക്കും ഒരു മകളാണ്. ചെറുപ്പത്തില്‍ അടുത്തുനിന്ന് മാറില്ലായിരുന്നു. എന്താ അവളുടെ പേര്....? ഓര്‍മ്മ വരുന്നില്ല.  അല്ലെങ്കിലും കുട്ടികള്‍ക്കെന്തിനാ വേറെ പേര്? പെണ്‍കുട്ടികള്‍ 'അമ്മു' ആണ്‍കുട്ടികള്‍ 'അപ്പു' അല്ലെങ്കില്‍ 'കുട്ടന്‍'! 

വീണ്ടും മഴ ചാറാന്‍ തുടങ്ങിയോ? ചെറിയ അമ്മു വാതില്‍ക്കല്‍ത്തന്നെ നില്‍ക്കുന്നു. ലതയെവിടെ? കാണാറേയില്ല. അവളുടെ മകളും അങ്ങനെത്തന്നെ. ഈ വീട്ടില്‍ ഞാന്‍  കാണുന്ന മറ്റൊരു മനുഷ്യജീവി ഇടക്കിടെ വന്ന് ശരീരത്തില്‍ പിടിപ്പിച്ച ട്യൂബുകളും, സഞ്ചികളും പരിശോധിക്കുകയും മററും ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ്. അവളൊന്നും സംസാരിക്കാറില്ല. മങ്ങിയ വെളിച്ചത്തില്‍ അവളുടെ കണ്ണിലെ ഭാവമെന്താണെന്ന് തിരിച്ചറിയാനും പറ്റില്ല.

പിന്നെ ഈ അമ്മു. വാതിലിന് പാതി മറഞ്ഞ് അവളങ്ങനെ നില്‍ക്കും. മരുന്നിന്റെ രൂക്ഷഗന്ധവും, ട്യൂബുകളും, യന്ത്രങ്ങളും, പിന്നെ അരണ്ട വെളിച്ചവും! അതായിരിക്കും അവള്‍ അടുത്തേക്ക് വരാത്തത്. എന്നും കുറെ നേരം അവളുണ്ടാവും അവിടെ. പിന്നെ ആരെങ്കിലും വിളിച്ചുകൊണ്ടുപോകും.

മഴയും, ഇരുട്ടും! അമ്മുവിനേയും കാണാനില്ല. അതോ അവളുണ്ടോ ഇപ്പോഴും വാതില്‍ക്കല്‍? സമയമെന്തായിട്ടുണ്ടാവും? പുറത്ത് ആരൊക്കെയോ നടക്കുന്നുണ്ടോ? ''മീനാക്ഷ്യേ.......'' ആരോ വിളിക്കുന്നപോലെ! 

വീണ്ടും നിശ്ശബ്ദമായിരിക്കുന്നു എല്ലായിടവും. സുഖമുള്ള മങ്ങിയ വെളിച്ചം മാത്രം ജനാലയിലൂടെ. ദേഹമാസകലം ചൂട്.... !

''അനായാസേന മരണം,
വിനാ ദൈന്യേന ജീവനം.
ദേഹി മേ കൃപയാ ശംഭോ....''
എന്തൊരു പ്രാര്‍ത്ഥന! എനിക്ക് നീ രണ്ടും തന്നില്ലല്ലോ ഭഗവാനേ? ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ മരണം കാത്ത് വീണ്ടും ബുദ്ധിമുട്ടുകയാണല്ലോ ഞാന്‍ !

ജനലരികില്‍ കാലൊച്ച കേട്ടുതുടങ്ങി. പതിവുപോലെ ശ്വാസോച്ഛ്വാസത്തിന്റെ അടക്കിയ ശബ്ദവും.  മീനാക്ഷി കരയാന്‍ തുടങ്ങി. എത്രയോ നേരം! ലതേടച്ഛന്‍ ജനലരികില്‍ മറഞ്ഞു നില്‍പ്പുണ്ടായിരുന്നു. ഒരു കൈ നീണ്ടുവരുന്നതായും നെറ്റിയില്‍ തൊടുന്നതായും അവരറിഞ്ഞു. തണുത്ത കൈ! ആ കുളിര്‍മ കണ്ണിലെത്തിയപ്പോള്‍ അവരുറങ്ങി.

തീക്ഷ്ണമായ വെളിച്ചം! ഇതെവിടെയാണ്? വീടിന്റെ മുന്നിലെ മാവിന്റെ ചുവട്ടിലാണോ ഞാന്‍? അപ്പുറത്തെ തൊടിയില്‍ നില്‍ക്കുന്നത് തങ്കമല്ലേ? എവിടെ ലതേടച്ഛന്‍?

അറിയാതെ നോട്ടം ജനലിലൂടെ അകത്തേക്കു നീണ്ടു. കട്ടിലില്‍ ട്യൂബുകളുടെ ചിലന്തിവലയില്‍ ആരോ കുടുങ്ങിക്കിടപ്പുണ്ട്. വാതില്‍ പാതിമറഞ്ഞ് അമ്മു. അവളുടെ കണ്ണുകളില്‍ നിസ്സംഗത മാത്രമാണെന്ന് മീനാക്ഷി കണ്ടു. മരുന്നിന്റെ രൂക്ഷഗന്ധവും, ട്യൂബുകളും, മൂത്രസഞ്ചിയും പിന്നെ ആരും ശ്രദ്ധിക്കാതെ രണ്ടുപേരും. ജനിമൃതികളുടെ അസംഖ്യം നൂല്‍ വലകകള്‍ക്ക് ഇരുവശത്തും നിന്ന് വല്യമ്മൂമ്മയും പേരക്കുട്ടിയും മരവിച്ച കണ്ണുകളാല്‍ പരസ്പരം നോക്കിനിന്നു
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
മധു പിഷാരത്ത്.

2 comments:

  1. പ്രിയ ശ്രീ. മധു, താങ്കളുടെ കഥ 'നിഴലും വെളിച്ചവും' വായിച്ചു. നന്നായിരിക്കുന്നു. ഓർമ്മക്കൊളുത്തുകൊണ്ടു മനസ്സിനകത്തു ആരോ കൊളുത്തിവലിക്കുന്ന അനുഭവം. തുടർന്നെഴുതുക!

    ReplyDelete
    Replies
    1. വായിച്ചതിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി.

      Delete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot