ഒരു മാർജ്ജാരപുരാണം(കഥ)


ഇടക്കിടെ ചന്നം പിന്നം പെയ്യുന്ന ചിങ്ങമാസത്തിലെ മഴ , കാർമേഘത്താൽ മൂടപ്പെട്ട ആകാശം, ഒരു കർക്കിടക പ്രതീതിയാണ് ഉണ്ടാക്കിയത് , മൂടി കെട്ടിയ ആകാശത്തിൽ മഴയുടെ ഇടവേളകളിൽ , ഇലകൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യ കിരണങ്ങൾ യാതൊരുന്മേഷവും തന്നില്ല .

 

രാവിലെ ഭർത്താവു പോയതിനു ശേഷം ഒന്നും ചെയ്യാനില്ലാത്ത പ്രഭാതം , കൂട്ടിനു എന്നും അമ്മിണി ഉണ്ടായിരുന്നു , രണ്ടു ദിവസമായി അവളെ കാണാനില്ല .. അമ്മിണി കഴിഞ്ഞ ഒൻപതു മാസമായി സ്നേഹത്തോടെ വളർത്തുന്ന നല്ല വെളുത്ത പൂച്ചയാണ്, അമ്മിണി എന്ന് വിളിക്കുന്നത് കൊണ്ട് തെറ്റ് ധരിക്കേണ്ട , അതൊരു ആൺ പൂച്ചയാണ് ചെറുപ്പത്തിൽ പെണ്ണാണെന്ന് ധരിച്ചു അമ്മിണിയെന്നു വിളിച്ചത്. അതുകൊണ്ടു തന്നെ ഭർത്താവു ഇടക്കിടെ കളിയാക്കി പറയും , നീ ഇതിനെ വളർത്തി ആണും പെണ്ണ് അല്ലാതാക്കി .

 

ഒൻപതു മാസം മുൻപ് , ഭക്ഷണം ഒന്നും കിട്ടാതെ , 'അമ്മ പൂച്ചയുടെ സംരക്ഷണം കിട്ടാതെ അലഞ്ഞു തിരിഞ്ഞു , നടക്കാൻ കഴിയാത്ത പരുവത്തിൽ എത്തിപെട്ടതാണ് . ആദ്യമൊക്കെ വലിയ ദേഷ്യമാണ് , ഇടക്ക് ഭക്ഷണം ഒക്കെ കൊടുക്കും , കൂടെയുണ്ടായ മറ്റു രണ്ടു കുഞ്ഞുങ്ങൾ എങ്ങിനെയൊക്കെയോ നഷ്ടപ്പെട്ടിരുന്നു .

 

അതുകൊണ്ടു തന്നെ ഇതിനോട് ഒരു വാത്സല്യം തോന്നി . ദുബായിലുള്ള മകളുടെ മകളെ ഒരുനാൾ വീഡിയോ കാളിൽ കാണിച്ചപ്പോൾ അവളുടെ സന്തോഷം, ഞങ്ങൾ വരുന്നത് വരെ അതിനെ നോക്കണം , അതിനു നല്ല ഫുഡും , പാലും നൽകണം എന്നു പറഞ്ഞപ്പോൾ, ഈ മിണ്ടാപ്രാണിയോട് അവരുടെ സ്നേഹവും കരുതലും, കണ്ണുകളെ ഈറൻ അണിയിച്ചു .

 

ദിവസങ്ങൾ കടന്നു പോകുമ്പോഴാണ് അവളുടെ സ്നേഹം തനിക്കു മനസ്സിലായത് , എവിടെയും പോകാതെ തനിക്കു കാവൽ നിൽക്കുന്നത് പോലെ അവൾ കൂടെ കൂടി . അകത്തു നിന്ന് പുറത്തേക്കിറങ്ങിയാൽ അവളും കൂടെ ഇറങ്ങും .. തിരിച്ചു വരുമ്പോൾ അതുപോലെ തിരിച്ചു കയറും . അമ്മിണി രാവിലെ പ്രഭാത കൃത്യങ്ങൾക്കു പുറത്തു അടുത്ത പറമ്പിലേക്ക് പോയാലും , പ്രഭാത വെയിൽ കൊള്ളാൻ പോയാലും , അമ്മിണി ഇന്ന് നീട്ടി വിളിച്ചാൽ അവൾ ഓടിയെത്തും .

 

ഭർത്താവു രാവിലെ വണ്ടിയുമായി പോകാൻ ഇറങ്ങിയാൽ വണ്ടിയുടെ അടുത്ത് പോയിരുന്നു യാത്രയയക്കും, അതുപോലെ തിരിച്ചു വരുമ്പോഴും പോയി കൂടെയേ വീട്ടിനകത്തേക്ക് വരൂ . കർക്കിടകം തുടങ്ങിയതിനു ശേഷം മഴയെ പേടിച്ചു വീട്ടിനകത്തു തന്നെയായിരുന്നു . ആർത്തലച്ചു പെയ്ത മഴയെ നോക്കി അവളിരിക്കും .

 

ഇടക്ക് അവൾ മൗനമായി , ആരോ പറഞ്ഞു ഇത് ആൺപൂച്ചയല്ലേ , നിൽക്കില്ല ഒരു നാൾ ഇത് പോകും ഇവിടുന്നു...ഇടക്ക് അവളെ പീഡിപ്പിക്കാൻ മാർജാര വംശത്തിലെ വില്ലന്മാർ അവതരിക്കും , പേടിച്ചു വീടിനകത്തു ഇടുങ്ങിയ സ്റ്റോറൂമിൽ ഒളിക്കും അവൾ . ഞങ്ങളെ സംബന്ധിച്ചെടുത്തോളം വീട്ടിലെ ഒരംഗമായി മാറിയിരുന്നു അമ്മിണി .

 

അമ്മിണിയെ കാണാതെ ഇന്ന് രണ്ടാം ദിവസമാണ് , വല്ലാത്തൊരു അസ്വസ്ഥത .. അവൾക്കു എന്തെകിലും കഴിക്കാൻ കിട്ടിയോ , എന്നും വൃത്തിയായി നല്ല കാർപെറ്റ് വിരിയിൽ കിടന്നുറങ്ങുന്ന അവൾ എവിടെയാണ് കിടന്നതു . ഇടക്ക് പുറത്തേക്കു നോക്കുമ്പോഴാണ് പതുക്കെ ഞങ്ങൾ കണ്ടൻ എന്ന് വിളിക്കുന്ന വില്ലൻ കണ്ടൻപൂച്ച കടന്നു വരുന്നത് . അമ്മിണി ഉണ്ടെങ്കിൽ ഇപ്പോൾ പേടിച്ചു അകത്തേക്ക് ഓടിയൊളിക്കും .

 

മാർജാര പുരാണത്തെ കുറിച്ച് , ഇടക്ക് അടുത്ത വീട്ടിലെ വയസായ ചേച്ചി പറഞ്ഞത് ഓർക്കുകയാണ് , ആൺ പൂച്ചകൾ വീട്ടിൽ ഒരു കാലം വരെയേ നില്ക്കു, പിന്നീട് അത് കാട് കയറി പോകും എന്നു . അപ്പോഴാണ് ജീവിതയാത്രയിൽ അമേരിക്കയിൽ കണ്ട കുടുംബ ബന്ധങ്ങളും, കുടുംബ ജീവിതവും മനസ്സിൽ ഓടിയെത്തിയത് . പതിനെട്ടു വയസു തികഞ്ഞാൽ സാശ്രയത്ത്വം തേടി പോകുന്ന കുഞ്ഞുങ്ങൾ ..അത് പോലെയാണോ അമ്മിണിയും കാട് കയറി പോയത് .

 

ഇനി ഒരു അമ്മിണിയേയും വീട്ടിൽ വളർത്തില്ല എന്ന ദൃഢമായാ തീരുമാനമെടുത്താണ് , ഉറങ്ങാൻ കിടന്നതു , രാത്രിയിൽ ചെവിയോർത്തിരുന്നു .. അമ്മിണി പുറത്തു വന്നു വിളിക്കുന്നുണ്ടോ എന്നു ചെവിയോർത്തു ...

 

അമേരിക്കയിലും , യൂറോപ്പിലും കണ്ട മാതാപിതാക്കളെ പോലെ , എപ്പോഴാണ് പതിനെട്ടു വയസുവരെ നോക്കി വളർത്തിയ മക്കൾ വന്നു കോളിങ് അടിക്കുന്നത് , കോളിങ് ബെല്ലിന്റെ ശബ്ദത്തിനായി കാതോർത്തിരിക്കുന്ന അമ്മമാരേ പോലെ ചെവിയും കൂർപ്പിച്ചു ഉറങ്ങാതെ....

 

ശശി മാട്ടൂൽ                         

21 /08 /2020

 


ഞങ്ങൾ ആരുടെയും അടിമകളല്ല (കവിത)

ഏകാന്തതയിൽ ആശ്വാസ
മനസ്സിന്  കളിച്ചു രസിച്ച
മൊബൈൽ ഗെയ്മുകൾ!

നിരന്തരം നിരന്തരം
ഹൃദയം കവർന്നു
തീർത്ത ഗെയ്മുകൾ !

ഭക്ഷണമില്ലാതെ ശരീരം
ഇല്ലാതെയാക്കിയ ഗെയ്മുകൾ!

ഒരു നാൾ നിരോധനം
ഹൃദയം തകരുന്ന
അടിമകൾക്ക് മനസ്സിൽ
ഉപേക്ഷിക്കാൻ കഴിയാത്തവണ്ണം!

ഭ്രാന്തനെപോലെ മനസ്സുകളും
ഇരുത്തം ഉറപ്പിക്കാത്ത ശരീരവും!

എന്തിനീ ഭീരുആകുന്നു
എന്തിനീ ഈ ജീവിതം ഇല്ലാതാക്കുന്നു !

ഒന്നും ഏറെനാൾ ഇല്ലെന്ന്
ഓർക്കുക സഹോദരൻമാരെ !

ഒരാളും ഒരാളുടെയും
അടിമകളെല്ല തിരിച്ചറിയു
സഹോദരൻമാരെ!

അഭിജിത്ത് വെള്ളൂർ


കസിൻ്റെ കട (കഥ)


 ഞാൻ എഴുതുന്ന ഒരുപാടു കഥകളിൽ എൻ്റെ കസിൻ്റെ കടയിൽ ഞാൻ പോയിരുന്നപ്പോൾ ഉള്ള സംഭവങ്ങൾ ആണ്. ഇതും അവിടെ വെച്ച് നടന്ന ഒരു സംഭവമാണ്. ഒരിക്കൽ ഞാൻ കടയിൽ ഇരുന്ന സമയത്ത്, അവിടെത്തെ ഒരു സ്റ്റാഫ് ലതിക ചേച്ചി അവിടെയൊക്കെ തൂത്തിട്ട് അകത്തേക്ക് വന്നപ്പോൾ കയ്യിൽ രണ്ടു പ്ലാസ്റ്റിക് കുപ്പി ഇരിക്കുന്നത് ഞാൻ കണ്ടു. ഞാൻ കൗതുകത്തോടെ 'ഇത് എവിടന്നാണ്‌ എടുത്തുകൊണ്ട് വന്നത് ചേച്ചി..' എന്ന് ചോദിച്ചതും, ചേച്ചി ഒരു വിഷമ ഭാവത്തിൽ 'ഞാൻ ഇത് ഒരുടുത്തിന്നും എടുത്തതല്ല പ്രവീൺ. ഇത് അപ്പുറത്തെ കടക്കാരോട് അവിടെ മുട്ടായി ഇട്ടു വെയ്ക്കുന്ന കുപ്പി ഒഴിഞ്ഞാൽ എനിക്ക് തരണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ ഞാൻ തൂത്തു കഴിഞ്ഞു ചവർ കളയാൻ പോയിട്ട് വന്നപ്പോൾ അവർ എന്നെ വിളിച്ചു തന്നതാണ്. ഞാൻ അങ്ങനെ ആരോടും ചോദിക്കാതെ ഒന്നും ഒരിടത്തു നിന്നും എടുക്കില്ല പ്രവീൺ.' എന്ന് പറഞ്ഞു അകത്തേക്ക് പോയി.

അന്ന് വീട്ടിലേക്ക് മടങ്ങവേ എൻ്റെ മനസ്സിൽ മുഴുവൻ ചേച്ചിയുടെ ഉത്തരം ആയിരുന്നു. ചേച്ചി തൂത്തു കഴിഞ്ഞു ചവർ തട്ടാൻ പുറകിൽ പോയപ്പോൾ ആ വിളപ്പിൽ കിടന്ന കുപ്പി എന്തോ എടുത്തുകൊണ്ട് വന്നു എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചോദിച്ചത്. ഇനി ചേച്ചി വിചാരിച്ചു കാണുമോ ഞാൻ ചേച്ചി അത് എവിടുന്നെങ്കിലും മോഷ്ടിച്ച് കൊണ്ട് വന്നു എന്ന് കരുതിയാണ് ചോദിച്ചത് എന്ന് ഓർത്തു എന്തോ മനസ്സിൽ ഒരു വിഷമം ആയിരുന്നു. ചേച്ചിയുടെ ഭർത്താവ് ആ അടുത്തിടെയാണ് മരണപെട്ടത്. ഒമ്പത് വയസ്സായ മോനെയും ആറു വയസ്സായ മോളെയും കൊണ്ട് ആ ഇടയ്ക്കാണ് ചേച്ചി വാടക വീട്ടിലേക്ക് മാറിയത്. ആ കടയിൽ ഇന്നർ ഗാർമെണ്ട് വരുന്ന കൊച്ചു കുപ്പികൾ പോലും കറി മസാലയും ഉപ്പും ഒക്കെ ഇട്ടു വെയ്ക്കാൻ. ചേച്ചി ഞങ്ങളോട് ചോദിച്ചു എടുത്തുകൊണ്ടു പോകുമായിരുന്നു. വീണ്ടും ജീവിതം ആദ്യം മുതൽ പിടിച്ചു കൊണ്ട് വരാൻ അവർ കഷ്ടപ്പെടുന്ന കാര്യമൊക്കെ ഞങ്ങൾക്ക് അറിയാമായിരുന്നു.

അടുത്ത ദിവസം ഞായറാഴ്ച ആയിരുന്നു. അന്ന് ഉച്ചവരെയെ കടയുള്ളു.ഞായറാഴ്ച തിരക്കു കുറവുള്ള ദിവസം ആയതുകൊണ്ട് രണ്ട് സ്റ്റാഫ് മാത്രമേ കടയിൽ ഉണ്ടാകാറുള്ളൂ. അന്ന് എൻ്റെ മറ്റൊരു കസിൻ്റെ വിവാഹം ആയതുകൊണ്ട് ഞാൻ കടയിൽ പോകണ്ട എന്ന് കരുതിയിരുന്നതാണെങ്കിലും എന്തോ ചേച്ചിയെ കണ്ടിട്ട് പോയില്ലെങ്കിൽ എനിക്ക് മനസമാധാനം കിട്ടില്ല എന്ന് എനിക്ക് തോന്നി. ഞാൻ കടയിൽ ചെന്ന ഉടൻ മറ്റൊരു സ്റ്റാഫ് ആയ രാജൻ മാമനോട് ചായ വാങ്ങി കൊണ്ട് വരാൻ പറഞ്ഞു. എന്നിട്ട് ചേച്ചിയെ നോക്കാതെ ബില്ല് അടിക്കുന്ന കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ടു തന്നെ ചേച്ചിയോട് പറഞ്ഞു, ' ചേച്ചിയെ ഓർത്ത് എനിക്ക് ഭയങ്കര അഭിമാനമാണ്, കാരണം എത്ര ബുദ്ധിമുട്ടിയാണ് ചേച്ചി ജോലി ചെയ്തു കുട്ടികളെ നോക്കുന്നതെന്നും, അവർക്ക് വേണ്ട വിദ്യാഭ്യാസം നല്ല സ്‌കൂളിൽ ശരി ആക്കി കൊടുക്കുന്നതെന്നും എനിക്ക് അറിയാം. ചേച്ചി ഈ കഷ്ടപ്പെട്ടതൊക്കെ വളർന്നു വരുമ്പോൾ പിള്ളേരോട് പറയണം. അവർ വളർന്നു വരുമ്പോൾ അവർ അറിയണം എന്തൊരു സൂപ്പർ അമ്മയാണ് അവരുടെ എന്ന്. ചേച്ചിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു അനിയനെ പോലെ എന്നോട് ചോദിക്കണം ചേച്ചി.' ഇടയ്ക്കു ഞാൻ കമ്പ്യൂട്ടറിൽ നിന്ന് കണ്ണെടുത്ത് ചേച്ചിയെ നോക്കിയപ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു. 'ഞാൻ അനിയനായെ പ്രവീണിനെ കണ്ടിട്ടുള്ള. എപ്പോഴും..' എന്ന് മറുപടി പറഞ്ഞു ചേച്ചി അവരുടെ കണ്ണീർ തുടച്ചു. അപ്പോഴേക്കും ചായയുമായി രാജൻ മാമൻ മടങ്ങി വന്നു.

ഞാൻ വണ്ടിയിൽ ചെന്ന് അതിൽ വെച്ചിരുന്ന ഒരു കവർ എടുത്തുകൊണ്ടു വന്നു. അതിൽ അനിയത്തിയുടെ കല്യാണത്തിന് ആരൊക്കെയോ ഗിഫ്റ്റ് തന്ന കപ്പും സോസറും, ഗ്ലാസ് സെറ്റും, ഡിന്നർ സെറ്റും, മസാല ഇട്ടു വെയ്ക്കുന്ന കുപ്പിയുടെ സെറ്റും, വീട്ടിൽ തൂക്കുന്ന ഫ്രെയിമും ഒക്കെ ആയിരുന്നു. അത് ഞാൻ ചേച്ചിയെ ഏല്പിച്ചിട്ട്, 'ഇന്നലെ ചേച്ചി ആ പ്ലാസ്റ്റിക് കുപ്പി അപ്പുറത്തെ ചവർ ഇടുന്ന വളപ്പിൽ നിന്ന് എടുത്തു കൊണ്ട് വന്നു എന്ന് കരുതിയാണ് ഞാൻ 'ഇതെവിടാന്നാണ് എടുത്തു കൊണ്ട് വന്നത് ചേച്ചി' എന്ന് ചോദിച്ചത്. എൻ്റെ ചേച്ചി അങ്ങനെ വഴിയിൽ കിടക്കുന്ന സാധനം ഉപയോഗിക്കണ്ട എന്ന് കരുതിയാണ് ഇതെല്ലം കൊണ്ട് വന്നത്.' എന്ന് പറഞ്ഞു ഞാൻ ചേച്ചിയെ കള്ളി എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല എന്ന അറിയിക്കണം എന്ന എൻ്റെ ഉദ്ദേശ്യം, പറയാതെ പറഞ്ഞു നൈസ് ആയി സാധിച്ചെടുത്തു. ചേച്ചി കണ്ണീരു നിറഞ്ഞ ഒരു പുഞ്ചിരിയോടെ അത് വാങ്ങി. ഞാൻ മനഃസമാധാനത്തോടെ കസിൻ്റെ കല്യണത്തിനും പോയി.

ഞാൻ ഓവർ റീയാക്ട് ചെയ്തതതായി ഒരുപാട് പേർക്ക് തോന്നാം. ഞാൻ അവരെ കള്ളി എന്ന് വിളിച്ചതായി അവർ ചിന്തിച്ചിട്ടുണ്ടാകില്ല എന്ന് എനിക്ക് വേണമെങ്കിൽ ആശ്വസിക്കാം. പക്ഷെ ഒരു നിമിഷത്തെക്കെങ്കിലും ചേച്ചി ഒരു കള്ളം ചെയ്തതായി ഞാൻ വിചാരിച്ചു എന്ന് അവർ കരുതിയെങ്കിൽ, അത് തിരുത്തേണ്ടത് എൻ്റെ കടമയാണ് എന്ന് എനിക്ക് തോന്നി. എൻ്റെ കാഴ്ചപ്പാടിൽ ലോകത്തിലെ ഏറ്റവും ബലം ഉള്ള മനുഷ്യൻ എന്ന് പറയുന്നത് മറ്റൊരു വ്യക്തിയുടെ ആത്മാഭിമാനത്തെ ഉയർത്താൻ കഴിവുള്ള ആളാണ്. അപ്പോൾ എൻ്റെ അറിയാതെയുള്ള ഒരു വാക്ക് കാരണം ചേച്ചിയുടെ ആത്മാഭിമാനത്തിന് ഒരു ക്ഷതം ഏറ്റുവെങ്കിൽ, ഞാൻ ഒരു ബലമില്ലാത്ത ആളായി എനിക്ക് തന്നെ തോന്നും. എനിക്ക് അങ്ങനെ തോന്നേണ്ട.

അതുകൊണ്ട് അപ്പുകുട്ടൻ പോയി ഓവർ ആക്കി. ചിലർക്ക് ശരി ആവും. ചിലർക്ക് ശരി ആവൂല. എനിക്ക് ശരിയാക്കിയില്ലെങ്കിൽ തീരെ ശരി ആവൂല. അതുകൊണ്ടു ഞാൻ പോയി അങ്ങ് ശരി ആക്കി.

- പ്രവീൺ പി ഗോപിനാഥ്

ഹിഡുംബിയും ഭീമനും പിന്നെ ഞാനും (കഥ)


ഭീമനെ എനിക്ക് ഇഷ്ടമായിരുന്നു.
ഭക്ഷണപ്രിയനും വലിയ ശരീരമുള്ളവനും
അപരനോട് അലിവുള്ളതും
ഗദ പ്രയോഗത്തിൽ മിടുക്കനുമായ
ഭീമസേനൻ!
കുട്ടി ഭീമൻ പരിഹസിക്കപ്പെട്ടപ്പോഴും
ദുര്യോധനൻ ഓരോ അവസരങ്ങൾ ഉണ്ടാക്കി ഭീമനെ ദ്രോഹിച്ചപ്പോഴും
നൊന്തത് എനിക്കാണ്.
കാട്ടാളനായ ഹിഡുംബൻ ഭീമനാൽ വധിക്കപ്പെട്ടപ്പോൾ,
ഒറ്റയ്ക്കായി പോയ ഹിഡുംബന്റെ പെങ്ങൾ ഹിഡുംബിയെ ഭീമൻ ഭാര്യയാക്കി. ഹിഡുംബിക്കാവട്ടെ, അതിതീവ്രമായ പ്രണയമായിരുന്നു ഭീമനോട്.
പഞ്ചപാണ്ഡവരും കുന്തിയും ഏകചക്രയിലേക്ക് താമസം മാറ്റിയപ്പോൾ ഗർഭിണിയായിരുന്ന ഹിഡുംബിയെ കൂടെ കൂട്ടിയില്ല. അവിടെ വേഷപ്രഛന്നരായി (ബ്രാഹ്മണ വേഷത്തിൽ)കഴിയുമ്പോൾ,
ഹിഡുംബിയുടെ കാട്ടാളസ്ത്രീ രൂപം അനുയോജ്യമാവില്ലന്നതു കൊണ്ട് കുന്തിയുടെ നിർദ്ദേശപ്രകാരമാണ് ഒഴിവാക്കിയെന്നും
നിസ്സഹയനായ ഭീമൻ വളരെ വേദനയോടു കൂടിയാണ് ഹിഡുംബിയെ പിരിഞ്ഞതെന്നുമാണ്, രണ്ടാമൂഴത്തിൽ എം ടി പറഞ്ഞു വച്ചത്.
അങ്ങനെയല്ല, ഭീമന് കാട്ടാളത്തിയെ ഇഷ്ടമില്ലാതിരുന്നുതു മൂലം ഗർഭിണിയാവുന്നതു വരെ മാത്രമേ
ബന്ധം തുടരുകയുള്ളുവെന്നു ഭീമൻ പറഞ്ഞിരുന്നുവെന്നാണ് 'ഹിഡുംബി' യിൽ പറയുന്നത്.
ഇതിലേതാണ് സത്യമെങ്കിലും ഹിഡുംബി ഉപേക്ഷിക്കപ്പെട്ടു.
ഗർഭിണിയായ ഹിഡുംബിയെ ഉപേക്ഷിച്ചതും
ഭീമൻ ജീവിച്ചിരിക്കെ തന്നെ,
പുത്രനായ ഘടോൽക്കചൻ പിതാവില്ലാതെ
വളരേണ്ടി വന്നതും ഭീമനോടുള്ള എന്റെ സ്നേഹവും വിശ്വാസവും തകർത്തു.
ഞാൻ ഭീമനെ വെറുത്തു തുടങ്ങി.
പക്ഷേ, എത്രമേൽ അവഗണിക്കപ്പെട്ടിട്ടും ഹിഡുംബിയുടെ പ്രണയത്തിനു ആഴം കൂടിയതേയുള്ളു.
അതാണല്ലോ,ഒറ്റക്കായിപ്പോയ ഹിഡുംബിയെ കൂടെ കൂട്ടാൻ കിർമ്മീരൻ എത്തിയപ്പോൾ ഭീമനോട്‌ മാത്രമാണ് പ്രണയമെന്ന് പറഞ്ഞു തിരിച്ചയച്ചതും
അസ്ത്രവിദ്യയിൽ നിപുണനായ ഘടോൽക്കചനെ
കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാൻ പറഞ്ഞയച്ചതും!
ഞാൻ 'രണ്ടാമൂഴം' അടച്ചു വച്ച്, ഹിഡുംബിയുടെ സ്ഥാനത്ത് എന്നെ നിർത്തി നോക്കി.
എങ്കിൽ,ഘടോൽക്കചൻ അമ്മയുടെ മാത്രം പുത്രനായി s/o ഹിഡുംബി എന്ന വിലാസത്തിൽ വളർന്നേനെ.
പാഞ്ചാലിക്കു വേണ്ടി തന്റെ ഊഴത്തിനായി ഭീമൻ കാത്തിരുന്നതും,
ബലന്ധരയെ പരിണയിച്ചതും
ചിലപ്പോൾ പൊറുത്തേക്കും.
പക്ഷേ, അവഗണനയുടെ തീച്ചൂളയിലേക്കെടുത്തെറിയപ്പെട്ടത്
ഒരു കാലത്തും പൊറുക്കില്ല.
പക്ഷേ എന്നെങ്കിലും തന്റെ
'biological father' ആരാണെന്നറിയാനുള്ള ആഗ്രഹം ഘടോൽക്കചൻ പ്രകടിപ്പിച്ചാൽ,
ഭീമൻ എന്ന പേര് പറഞ്ഞു നൽകും. ആ അറിവ് അവന്റെ അവകാശമാണല്ലോ.
രക്തം വഴി മാത്രം ഒരു ബന്ധവും നിലനിൽക്കുന്നില്ല.
എങ്കിലും ഘടോൽക്കചന് ഭീമനെ സഹായിക്കണമെന്ന് തോന്നിയാൽ, പ്രായപൂർത്തിയായ ഒരുവന്റെ വ്യക്തിപരമായ താല്പര്യത്തിൽ ഞാൻ ഇടംകോലിടില്ല.
പക്ഷേ, അപ്പോഴും ഞാൻ
ഭീമനിൽ നിന്നും അകലെയായിരിക്കും.
ഒരിക്കൽ സ്നേഹിച്ചിരുന്നതിന്റെ ആയിരമിരട്ടി അകലെ...

തിരുവോണസദ്യ(കഥ)


"അതേയ് മനു സത്യത്തിൽ പാചകം ഒട്ടും എനിക്ക് അറിയില്ല. അത് ഞാൻ പറഞ്ഞിട്ടുമുണ്ടല്ലോ ഓണസദ്യ ഉണ്ടാക്കാനൊന്നും എനിക്ക് വയ്യ. ഭയങ്കര മെനക്കെട് ആണെന്നെ നമുക്ക് പാർസൽ വാങ്ങാം.. അല്ലെങ്കിലും എന്ത് ഓണം? "
ഫോണിൽ നോക്കിയിരുന്നു വർഷ അത് പറയുമ്പോൾ അവളുടെ തലയ്ക്കു ഒന്ന് കൊടുക്കാനാണ് മനുവിന് തോന്നിയത്.. എന്ത് ഓണം പോലും.. ഈ സമയത്ത് തൃശൂർ തന്റെ തറവാട്ടിൽ മൂന്നു പായസം കൂട്ടി ഓണസദ്യ ഉണ്ടാക്കുകയാണ്. അമ്മ വിളിച്ചപ്പോൾ പറഞ്ഞു.
"നമുക്ക് ഒന്ന് try ചെയ്യാം യു ട്യൂബിൽ ഒക്കെ ഉണ്ടല്ലോ നമുക്ക് രണ്ടു പേർക്കും കൂടി ചെയ്യാം.. "
"മനു ഇപ്പോഴും പഴഞ്ചൻ തന്നെ.. എന്റെ മനു ഒരു പാർസൽ വാങ്ങിയ പോരെ?
ദേ തിരുവന്തപുരത്തു ഓണസദ്യ പാർസൽ കിട്ടുന്ന ഇഷ്ടം പോലെ സ്ഥലങ്ങൾ ഉണ്ട്. ഞാൻ ദേ ഓർഡർ ചെയ്തു. വീട്ടിലെത്തും സദ്യ "
മനുവിന്റെ മുഖം ചുവന്നു
"ആരോട് ചോദിച്ചിട്ട് നീ ഓർഡർ ചെയ്തു? എനിക്ക് വേണ്ട പാർസൽ സദ്യ "
"എല്ലാം ഇങ്ങനെ ഭർത്താവിനോട് ചോദിച്ചു ചെയ്യണം എന്നൊന്നും വാശി പിടിക്കേണ്ട മനു. മനുവിന് വേണ്ടെങ്കിൽ ഞാൻ ഒരെണ്ണം കാൻസൽ ചെയ്തേക്കാം.. "
"Yes ചെയ്യണം.. എനിക്ക് വേണ്ട. ഇച്ചിരി പരിപ്പ് കറി പപ്പടം ഒരു തോരൻ ഇത്തിരി പായസം ഇത് മതി എന്നാലും ഇന്ന് ഒരു ദിവസം ഹോട്ടൽ ഭക്ഷണം വെണ്ട.. ഞാൻ തനിച്ചു ചെയ്തോളാം "
"Ok ഞാൻ വരില്ല കേട്ടോ.."
"വേണ്ട നീ അതിന്റ മുന്നിൽ കുത്തിയിരിക്ക് "
മനു യൂട്യൂബിൽ പാചക ചാനലുകൾ നോക്കി.
കുറച്ചു ഒക്കെ അറിയാം. അമ്മ പഠിപ്പിച്ചിട്ടുണ്ട്. അമ്മ പറയും ആരും തോല്പിക്കരുത് നമ്മളെ. ഒരു സ്ഥലത്തും മാറ്റി നിർത്തരുത്. പാചകം ആണും പെണ്ണും അറിഞ്ഞിരിക്കണം.. ഭാര്യ തന്നെ ചെയ്ത് കഴിക്കണം എന്ന് വാശി പിടിക്കരുത് എന്നൊക്കെ. അവൻ അരി കഴുകി അടുപ്പത്തിട്ടു. പരിപ്പ് കൂക്കറിൽ വെച്ചു. തേങ്ങ തിരുമ്മാൻ ആരംഭിച്ചു.
ഉച്ചയായപ്പോൾ പരിപ്പ് പപ്പടം ക്യാബേജ് തോരൻ ചോറ് തയ്യാർ..
അരി പായസത്തിൽ അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ചേർത്ത് താഴെ വെച്ചിട്ട് അവൻ വർഷയെ വിളിച്ചു
"എടി ഒന്നര മണിയായി വിശക്കുന്നു വാ കഴിക്കാം "
"എന്റെ മോൻ കഴിച്ചോ എനിക്കുള്ള സദ്യ on the way.
അത് മതി "
അവളുടെ മുഖത്ത് നിറഞ്ഞു നിന്ന അഹങ്കാരം കണ്ടപ്പോൾ മനുവിന് ദേഷ്യം വന്നെങ്കിൽ കൂടി അവൻ അത് അടക്കി. തിരുവോണം ആണ്.. പോട്ടെ വഴക്കുണ്ടാക്കണ്ട.
ഊണ് കഴിഞ്ഞു എഴുന്നേറ്റപ്പോൾ ഗേറ്റിൽ ആരോ നിൽക്കുന്ന പോലെ കണ്ടു അവൻ അങ്ങോട്ട് ചെന്നു
ഒരു അമ്മയും കുഞ്ഞും
"വിശക്കുന്നു സാറെ എന്തെങ്കിലും.. "
ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ അവന്റെ ഉള്ളു ഒന്ന് പിടഞ്ഞു
ബാക്കി വന്ന ചോറും കറികളും പൊതിഞ്ഞു അവർക്ക് കൊടുക്കുമ്പോൾ വീണ്ടും അമ്മയെ ഓർമ്മ വന്നു. തിരുവോണനാളിൽ അമ്മ കൊടുക്കാറുള്ള പൊതിച്ചോറുകൾ.. അന്ന് ഊണിനു മുന്നേ ഇറങ്ങും അമ്മ പൊതിച്ചോറുകളുമായി തെരുവിൽ ഉള്ളവർക്ക് കൊടുത്തിട്ടേ അമ്മ ഉണ്ണുകയുള്ളു..
"നിന്റെ സദ്യ വന്നില്ലേ? "
മൂന്നു മണി ആയിട്ടും വർഷ അങ്ങനെ ഇരിക്കുന്നത് കണ്ടു അവൻ ചോദിച്ചു
"അവർ ഫോൺ എടുക്കുന്നില്ല അവിടെ വരെ പോയാലോ? "
"നീ പോയിട്ടു വാ എനിക്ക് ഒന്ന് ഉറങ്ങണം "
അവന് പൊട്ടിച്ചിരിക്കാൻ തോന്നി വേണമെടി വേണം നീ ഇന്ന് പട്ടിണി കിടക്ക്.
നാലു മണി ആയപ്പോൾ വർഷ തിരിച്ചു വന്നു.. കയ്യിൽ ബ്രെഡും പഴവും
"സദ്യ തീർന്നു "
അവൻ പൊട്ടിച്ചിരിച്ചു
"എടി.. അഹങ്കാരം കുറയ്ക്കണം ആദ്യം.. രണ്ടു കറി മതി.പക്ഷെ തിരുവോണത്തിന് അവനവന്റെ വീട്ടിൽ ഉണ്ടാക്കാൻ ഒരു മനസ്സ് വേണം. ആരുമില്ലാത്ത അന്യ നാട്ടിൽ നിന്നു വന്നു താമസിക്കുന്ന ആൾക്കാർ ആണെങ്കിൽ പോട്ടെ.. ഇത് അതാണോ. മടി ഒന്നും വയ്യ. പെണ്ണുങ്ങൾ കുക്കിംഗ്‌ ചാനെൽ തുടങ്ങി സമ്പാദിക്കുന്ന കാലമാണ് ..അവൾക്ക് പാചകം പുച്ഛം ആണ് പോലും.. "
വർഷ മിണ്ടാതെ നിന്നു
"ബ്രെഡ് നോക്കട്ടെ ഫ്രഷ് ആണോ? "
അവൻ അവളുടെ കയ്യിലെ ബ്രെഡ്‌ വാങ്ങി നോക്കി. എക്സ്പയറി ഡേറ്റ് കഴിഞ്ഞത്.
"ബെസ്റ്റ് ഇത് കഴിച്ചാൽ നീ തട്ടിപ്പോകും.. പഴം കഴിച്ചോ.അതാ നല്ലത്. പോയി കുറച്ചു വെള്ളം കൂടി കുടിച്ചോ "അവനത് തിരിച്ചു കൊടുത്തു.
"സോറി മനു.. മനു ഉണ്ടാക്കിയ എല്ലാം തീർന്നോ.. "അവളുടെ അഹങ്കാരം ഒക്കെ പോയി താഴ്ന്ന ശബ്ദം.
"ആ തീർന്നു.. ഭക്ഷണം ദൈവം പോലെ കാണുന്ന ഒരു അമ്മയ്ക്കും കുഞ്ഞിനും കൊടുത്തു.. നീ ഇന്ന് പട്ടിണി കിടക്ക്.. "
വർഷ തല കുനിച്ചു അകത്തേക്ക് പോയി.
മനുവിന് ഒരു ദയയും തോന്നിയില്ല.
ഇത് ഒരു പാഠമാകട്ടെ
ആരോഗ്യം ഉള്ളവർക്ക് സാഹചര്യം ഉള്ളവർക്ക് ഓണത്തിന് എങ്കിലും ചോറും കറിയും വീട്ടിൽ ഉണ്ടാക്കാൻ മടി കാണിക്കുന്നവർക്ക് പാഠമാകട്ടെ..
ഒരു പാട് പേർക്ക് തിരുവോണം ഇങ്ങനെ ആയിപ്പോയിട്ടുണ്ട്..
അടുത്ത വർഷം സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിക്കൊള്ളും അവരൊക്കെ..
മനു ഒരു മൂളിപ്പാട്ടും പാടി ടീവി ഓൺ ചെയ്തു

Written by Ammu santhosh

ഫ്.....ഫൂ....(കഥ)


പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ നൈറ്റ്‌ ഡ്യൂട്ടികൾ ഉണ്ടായിരുന്നതിനാൽ അച്ഛൻ ജോലിക്ക് പോകുമ്പോൾ രാത്രികളിൽ എട്ടു വയസ്സായ ഞാനും അഞ്ചു വയസ്സായ അനിയനും അമ്മയും ഒറ്റയ്ക്കായിരുന്നു വീട്ടിൽ. ഒരു വലിയ കൂട്ടുകുടുംബം ആയിരുന്നത് കൊണ്ട് തൊട്ടടുത്ത് തന്നെ അച്ഛന്റെ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ താമസിച്ചിരുന്നു. അതുകൊണ്ട് നല്ല പേടി ഉണ്ടായിട്ടു കൂടി, അമ്മ ഞങ്ങളുടെ ധൈര്യത്തിൽ ഒറ്റയ്ക്ക്‌ നിന്നേക്കാം എന്ന തീരുമാനമെടുത്തു.
അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ
കള്ളന്മാരുടെ ശല്യം വളരെ കൂടുതൽ ആയിരുന്നു. വാതിലുകളും ജനലുകളും കുത്തിത്തുറക്കുക, ഓടു പൊളിക്കുക, കണ്ണിൽ മുളകുപൊടി എറിയുക, ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി മോഷ്ടിക്കുക തുടങ്ങി ഡീസൽ നനച്ച ചണച്ചാക്ക് വെച്ച് വാതിൽ കത്തിച്ച് വീട്ടിൽ കയറുക, വളകൾ മോഷ്ടിക്കാൻ കൈ അറുക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങൾ വരെ നീളുന്ന കഥകൾ ധാരാളം കേട്ടിരുന്നു.
പല രാത്രികളിലും വീടിന്റെ വാതിൽ കുത്തിത്തുറന്നോ വാതിൽ കത്തിച്ചോ ഓടിളക്കിയോ ഒക്കെ വരുന്ന കള്ളന്മാരെ വീരോചിതമായ നേരിട്ട് അക്കാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായിരുന്ന പലക വണ്ടി വലിക്കാൻ കെട്ടിയിരുന്ന കയർ കൊണ്ട് വരിഞ്ഞു കെട്ടി പൊലീസിന് കൈമാറുന്നതായി പല രാത്രികളിലും സ്വപ്നം കണ്ടിരുന്ന എനിക്ക് കള്ളന്മാരൊക്കെ വെറും പുല്ലാണെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടും അമ്മയുടെ ഭയം കുറഞ്ഞില്ല.
എന്നും രാത്രിയിൽ പ്രധാന വാതിലിന്റെയും പുറകിലെ വാതിലിന്റെയും ഈരണ്ടു ടവർ ബോൾട്ടുകളും നീക്കുതണ്ടുകളും മക്കിടികളും ഇടുന്നത് പോരാതെ ഇടതു വശത്ത് നിന്നും വലതു വശത്തേക്ക് ഫുൾ കവർ ചെയ്യുന്ന ഒരു വലിയ ഇരുമ്പു പട്ടയും അതിന്റെ വലത്തെ അറ്റത്ത് ഒരു താഴിട്ട് പൂട്ടാനുള്ള സംവിധാനവും സെറ്റാക്കി വീടിനകത്തുള്ള സകലമാന വാതിലും പൂട്ടി കിടക്കുന്ന മുറിയിലെ വാതിലും പൂട്ടിയായിരുന്നു അന്നത്തെ ഞങ്ങളുടെ ഉറക്കം.
ബെഡ്റൂമിന് രണ്ടു ജനലുകളാണുള്ളത്. മൂന്ന് പാളി വീതമുള്ള മരത്തിന്റെ അഴികളുള്ള ജനലുകൾ. എല്ലാ പാളികളുടെയും മുകളിൽ ഒരു എക്സ്ട്രാ കിളിവാതിലും ഉണ്ടായിരുന്നു. മുറിയിൽ എല്ലാവർക്കും കൂടി കിടക്കാൻ കട്ടിലിൽ സ്ഥലം തികയാത്ത കാരണം പ്രധാന കട്ടിൽ കൂടാതെ ഒരു ബെഞ്ചിനെക്കാൾ അല്പം കൂടി വീതിയുള്ള ഒരു കുഞ്ഞിക്കട്ടിൽ കൂടി ഇട്ടിരുന്നു. ഒറ്റയ്ക്ക് കിടക്കാൻ സ്വമേധയാ ശക്തി ആർജ്ജിച്ചിരുന്ന ഞാൻ ആ കട്ടിലിൽ എന്റെ ലോകവുമായി മല്ലിട്ട് ഒറ്റയ്ക്ക് കിടന്നു പോന്നു. എന്റെ രഥവും, പറക്കും പരവതാനിയും, സൂപ്പർ കാറും, ജീനിയും, ഭൂതവും, മായാവിയും, ലുട്ടാപ്പിയും എല്ലാം ഈ കട്ടിൽ ആയിരുന്നു.
പതിവായി എന്റെ സപ്രമഞ്ചത്തിൽ വിരിച്ചിരുന്നത് ഒരു വലിയ ബെഡ് ഷീറ്റിനെ രണ്ടാക്കി മുറിച്ച് വക്കടിച്ച് സെറ്റ് ആക്കിയ ഒരു കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റ് ആയിരുന്നു. ഒരു പകുതി അലക്കുമ്പോൾ മറ്റേത് എന്ന മട്ടിൽ ബെഡ് എന്നും ഒരേ നിറത്തിൽ കിടന്നു. പുതയ്ക്കാനായി ഒരു പ്രത്യേക തരം ഫർ ക്ലോത്ത്‌ ഉണ്ടായിരുന്നു. പതിയെ കടിച്ചാൽ ഒരുതരം റബർ എഫക്ട് ഉണ്ടായിരുന്നത് കൊണ്ട് ഉറങ്ങും മുൻപ് കടിച്ചു കടിച്ച് ഞാൻ കാലക്രമേണ പുതപ്പിനെ അരിപ്പ പോലെയാക്കി..
വീട്ടിൽ ലഭ്യമായിരുന്ന പഞ്ഞിത്തലയിണകൾ എല്ലാം തന്നെ കട്ടിലിന്റെ വീതിയേക്കാൾ വലുതായിരുന്നു. പല ദിവസവും സ്വപ്നത്തിലെ യുദ്ധങ്ങളിൽ, തലയിണയുടെ വീതി കൂടുതൽ കാരണം ഗോദയുടെ ഡയമെൻഷൻ തെറ്റി ഞാൻ ക്രാഷ്ലാന്റ്‌ ചെയ്ത്‌ പരാജയപ്പെട്ടു. ഇതൊരു പതിവായപ്പോൾ, ഒരു ദിവസം അമ്മയുടെ ബന്ധുക്കൾ ആരോ വടക്കേ ഇന്ത്യയിൽ നിന്നും ട്രെയിനിൽ യാത്ര ചെയ്ത്‌ വീട്ടിൽ വന്ന് വിരുന്നു നിന്ന ശേഷം തിരിച്ചു പോയപ്പോൾ ഉപേക്ഷിച്ച് പോയ, കാറ്റ്‌ നിറയ്ക്കുന്ന ഒരു തലയിണ (inflatable pillow) ഞാൻ വാശി പിടിച്ച് കൈക്കലാക്കി ഊതി‌ നിറച്ച് കട്ടിലിൽ വെച്ച് ആ പ്രശ്നം പരിഹരിച്ചു...
അങ്ങനെ ഒരു ദിവസം..
എല്ലാ വാതിലും ബന്തവസ്സാക്കി താക്കോൽ തലയിണക്കീഴിൽ വെച്ച് അനിയനെയും കൂടെ കിടത്തി പുതച്ച് മൂടി അമ്മയും അരിപ്പപ്പുതപ്പ് പുതച്ച് ഞാനും ഉറങ്ങാൻ കിടന്നു. കിടന്ന ഉടനെ ഉറങ്ങാൻ പാടില്ല. അന്നന്ന് സ്‌കൂളിലും മല്ലിക ചേച്ചിയുടെ അടുത്ത് നിന്നും പഠിച്ച അക്ഷരമാലയും ഗുണന പട്ടികയും നാളുകളും മാസങ്ങളും എല്ലാം പറഞ്ഞു കേൾപ്പിക്കണം. കഴിയുമ്പോഴേക്കും പൊതുവെ കംപ്ലീറ്റ് റിലേയും പോയി ഞാൻ ഉറങ്ങിപ്പോകാറാണ് പതിവ്. അന്നും അങ്ങനെ തന്നെ എല്ലാം പറഞ്ഞു കേൾപ്പിച്ചു കൊണ്ടിരിക്കെ ശബ്ദം നേർത്ത് നേർത്ത് അവസാനിക്കുന്നത് ശ്രദ്ധിച്ച അമ്മ സമാധാനത്തോടെ ഉറങ്ങി.
അൽപ സമയം കഴിഞ്ഞു കാണും. ആരോ ഗ്യാസ് കട്ടർ കൊണ്ട് എന്തോ കട്ട്‌ ചെയ്യുന്ന പോലെ ഒരു ശബ്ദം കേട്ട് തുടങ്ങി.
ഫ്‌ ഫൂ.....
അമ്മ ആകെ ഭയന്ന് കട്ടിലിൽ എഴുന്നെറ്റ്‌ ഇരുന്നു. ചെവി വട്ടം പിടിച്ചു. ഒച്ച നിന്നിരിക്കുന്നു. അൽപ സമയം ശ്രദ്ധിച്ച ശേഷം അമ്മ വീണ്ടും കിടന്നു. ഒന്ന് കണ്ണടച്ചു വന്നപ്പോഴേക്കും വീണ്ടും ശബ്ദം കേട്ടു തുടങ്ങി...
ഫ്‌ ഫൂ.....
ഇത്തവണ അമ്മ വെട്ടി വിയർത്തു. ആരോ വീടിന്റെ മുൻവാതിൽ കട്ടർ കൊണ്ട് മുറിച്ച് മാറ്റാൻ നോക്കുന്ന പോലെ... വാതിൽ മുറിച്ച് കഴിഞ്ഞാൽ അകത്ത് ലോക്ക് ചെയ്തിട്ടുള്ള ഇരുമ്പ് പട്ടയുണ്ട്. കട്ടർ കൊണ്ട് അതും കട്ട്‌ ചെയ്യും. താമസിക്കാതെ അയാൾ വീടിനകത്തെത്തും.... ആകെ ഭയന്ന അമ്മ ജനലിന്റെ പടിയിൽ കയറി മുകളിലെ കിളിവാതിലിൽ കൂടി മുൻ വാതിൽ കാണാൻ സാധിക്കുന്നുണ്ടോ എന്ന് നോക്കി. ആരെയും കാണുന്നില്ല. ഉറക്കെ വിളിച്ചാൽ അപ്പുറത്തെ വീട്ടിൽ നിന്നും വലിയച്ഛനൊ അമ്മായിയുടെ മക്കളായ മുതിർന്ന ചേട്ടന്മാരോ വരും. പക്ഷെ കള്ളന്മാരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടെങ്കിലോ? അമ്മയുടെ ചിന്തകൾ അങ്ങനെ പോയി..
ഇതിനിടെ അമ്മ കിളിവാതിലിൽ കൂടി നോക്കിയ അതെ സമയത്ത് ആ ശബ്ദം നിന്നു..
കുറച്ച് സമയം അമ്മ ചെവി വട്ടം പിടിച്ചു. പിന്നെ, ഒട്ടും ഒച്ച കേൾക്കുന്നില്ല എന്നുറപ്പു വരുത്തി വീണ്ടും കിടന്നു.
പുതപ്പിനകത്ത് കയറി അനിയന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്ന് കണ്ണൊന്ന് പൂട്ടിയപ്പോഴേക്കും വീണ്ടും ശബ്ദം ആരംഭിച്ചു...
ഇത്തവണ ചാടിയെഴുന്നേറ്റ അമ്മ ആകെ നിസ്സഹായയായിരുന്നു... ഒരു ധൈര്യത്തിനായി എന്നെ വിളിക്കാൻ അമ്മ തീർച്ചപ്പെടുത്തി. കൈ എത്തിച്ച് എന്റെ അടുത്തേക്ക് അമ്മ എത്തിയതും ചെറുതായ ഒരു വേരിയേഷനോടു കൂടി ശബ്ദം വീണ്ടും നിന്നു.
ക് ട്‌ ഫ്‌ ഫൂ....ക്‌
പിൽക്കാലത്ത് യൂട്യൂബിൽ ക്രാഫ്റ്റ്‌ വീഡിയോകൾ കാണിക്കുന്ന ടൈം ലാപ്സ് സ്പീഡിലായിരുന്നു പിന്നീടുള്ള കാര്യങ്ങൾ..
ഒരൊറ്റ ചവിട്ടിൽ കട്ടിലിൽ നിന്ന് തെറിച്ചു വീണ എന്റെ രണ്ടു ചെവിയും ഒരുമിച്ച് പൊന്നാക്കിയതു കൂടാതെ കാലിൽ പിടിച്ച് തൂക്കിയെടുത്ത് കൈയിൽ അന്നേരം കിട്ടിയ ചാരുകസേരയുടെ വടി കൊണ്ട് ഇരുചന്തികളും അമ്മ അടിച്ചു പഴുപ്പിച്ചു. അന്നേരം എവിടെ നിന്നാണെന്നറിയാതെ ആ ശബ്ദം വീണ്ടും ആരംഭിച്ചു.
കരയണോ ചമ്മണോ എന്നറിയാതെ മിഴുങ്ങസ്യാ എന്ന മട്ടിൽ ഞാൻ നിൽക്കുന്നതിനിടെ ആ ശബ്ദം പതിയെ നേർത്ത് നേർത്ത് അവസാനിച്ചു..
ഫ് ഫൂ.........സ്...........
അത് കൂടി കേട്ടതോടെ അമ്മ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ് താഴെ വീണു കിടന്ന കാറ്റൊഴിഞ്ഞ തലയിണ ചുരുട്ടിക്കൂട്ടി ജനലിന്റെ കിളിവാതിലിലൂടെ പുറത്തേക്കെറിഞ്ഞു...
പിന്നെ എന്റെ നേരെ കൈ നീട്ടി.
തലയിണയിലെ കാറ്റ് പുറത്ത് പോകാതെ അടച്ചു വെക്കുന്ന സ്റ്റോപ്പർ, ഞാൻ അമ്മയ്ക്ക് കൊടുത്തു.
അതുകൂടി പുറത്തേക്കെറിഞ്ഞ്‌ അമ്മ വീണ്ടും ഉറങ്ങാൻ കിടന്നു..
-----------------------------
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

ഈ കുടുംബം(കഥ)


അഴിഞ്ഞ സാരി നേരെയാക്കി സീത പായയിൽ നിന്നും പതുക്കെ എഴുന്നേറ്റു...കയ്യും കാലും ഭയങ്കര വേദന ...ഇന്നലെ അയാളുടെ പരാക്രമം അതിരു കടന്നിരുന്നു..എന്നും ഇതു തന്നെയാണല്ലോ...കഴുത്തിൽ താലിയുണ്ടേൽ അവർക്കൊരു ലൈസൻസാണല്ലോ...വയ്യ...
അഴിഞ്ഞു കിടന്ന മുടി പിന്നിൽ കെട്ടി വെച്ചു കൈകാലുകൾ കുടഞ്ഞു ....
ആരോട് പറയാൻ...താലി കെട്ടിയ പുരുഷൻ ദൈവം ആണെന്നാണ് വീട്ടുകാർ കല്യാണത്തിന് മുൻപ് എപ്പോഴും ചെവിയിൽ മൂളുന്നത്....അവരെ എപ്പോഴും സന്തോഷിപ്പിക്കണം പോലും...സ്ത്രീകൾ എന്താ അവരെ സന്തോഷിപ്പിക്കാൻ മാത്രം ജനിച്ച മിഷൻ ആണോ...സ്ത്രീകൾക്കും സന്തോഷം പാടില്ലന്നുണ്ടോ...അതോ ഇങ്ങനെയാണോ ജീവിതം...എല്ലാവർക്കും ഒരുപോലെയാകില്ല ...എന്റെ വിധി ഇങ്ങനെയായിപോയി ...പെണ്മക്കളെ കൈ ഒഴിയാൻ നിൽക്കുന്ന മാതാപിതാക്കൾ എപ്പോഴും ഇങ്ങനെയാണ്....ആരുടെയെങ്കിലും തലയിൽ കെട്ടി വെച്ചാൽ മതി....
ആദ്യമായി വന്ന ആലോചന...ചെക്കൻ ഡ്രൈവർ...കൂടുതൽ അന്വേഷിക്കാൻ നിന്നില്ല...അതുകൊണ്ട് ഒരു കുടിയന്റെ ഭാര്യ ആകേണ്ടി വന്നു...ഇതിൽ നിന്നും ഒരു മോചനം ഈ ജന്മം ഉണ്ടാകില്ല...താഴെ ഒരെണ്ണം കെട്ടിക്കാൻ പ്രായമായി നിൽക്കുന്നു..അതുകൊണ്ട് ആരേം ഒന്നും അറിയിച്ചിട്ടില്ല...അറിയിച്ചാലും പ്രയോജനം ഇല്ല...എല്ലാം സഹിക്കണം....മകന് വേണ്ടിയെങ്കിലും...
മുറിയുടെ മൂലയിൽ താഴെ പായയിൽ കിടന്നിരുന്ന മകൻ കണ്ണന്റെ അടുത്തു ചെന്നിരുന്നു തലയിൽ പതുക്കെ തലോടി....പാവം...അച്ഛന്റെ സ്നേഹം കിട്ടാനുള്ള യോഗമില്ല...ഒന്നു കാണാൻ കൂടി...കാലത്തു പോയി വൈകീട്ട് വരുന്ന ഏതോ ഒരു അജ്ഞാതനാണ് മകന് അവന്റെ അച്ഛൻ...വന്നാലും ബോധമില്ലാതെ അമ്മയെ ഉപദ്രവിക്കുന്ന ഒരു ജീവി...
ഉറങ്ങട്ടെ ഇന്ന് ഞായറാഴ്ചയല്ലേ ....
നേരെ അടുക്കളയിൽ പോയി വാതിൽ തുറന്നു...ഇന്നലെ രാത്രി ഭയങ്കര മഴയായിരുന്നു... ഒരുപാട് സ്ഥലത്തു ചോരുന്നുണ്ട്....പഴയ ഓടുവീടല്ലെ...ഓടൊക്കെ പൊട്ടി വീഴാറായി... മാറ്റാൻ പറഞ്ഞാൽ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും....പിന്നെ കുടുംബക്കാരെ മുഴുവൻ തെറി വിളിക്കും....മിണ്ടാതിരിക്കുന്നതാണ് നല്ലത്...മിണ്ടിയാൽ തീർന്നു..
പെണ്ണായാൽ അടങ്ങി ഒതുങ്ങി ജീവിക്കണം അതാണ് ചെറുപ്പം മുതൽ പഠിപ്പിക്കുന്നത്...പെണ്ണിന്റെ ശബ്ദം പുറത്തു കേൾക്കാൻ പാടില്ല പോലും...നാട്ടുനടപ്പ് ആണത്രേ...
കുടുംബക്കാരെ തന്നെ പറഞ്ഞാൽ മതിയല്ലോ...ഒരു പെണ്ണിനെ സ്വന്തം കാലിൽ നിൽക്കാൻ പടിപ്പിക്കില്ല...ബാക്കി എല്ലാം പഠിപ്പിക്കും....തുണി കഴുകാൻ...പാത്രം കഴുകാൻ...ഭക്ഷണം ഉണ്ടാക്കാൻ...എല്ലാം....എന്നാലോ എങ്ങനെ ജീവിക്കണം എന്നു മാത്രം പടിപ്പിക്കില്ല...ഓരോന്ന് ഓർത്തു കണ്ണു നിറഞ്ഞു....കരയാം പക്ഷെ പുറത്തു ശബ്ദം കേൾക്കാൻ പാടില്ല....അതും പഠിപ്പിച്ചു...അതുകൊണ്ട് ഉള്ളിൽ നടക്കുന്നത് ഒന്നും പുറത്തു അറിയുന്നില്ല....പുറമെ നിന്നു കാണുന്ന എല്ലാവർക്കും സ്വർഗ്ഗ തുല്യമായ ജീവിതം...സീത പതിയെ മുറ്റത്തേക്കിറങ്ങി കോഴിക്കൂട്‌ തുറന്നു...
"ചേച്ചി മീൻ വേണോ മീൻകാരൻ രാജീവൻ വിളിച്ചു ചോദിച്ചു."...അവന് എപ്പോഴും എന്നെ പോലെയുള്ളവരോടാണ് കച്ചോടം ചെയ്യാൻ കൂടുതൽ ഇഷ്ട്ടം...
"വേണ്ട...."
"നല്ല ചെമ്മീൻ ഉണ്ട് ചേച്ചി...പൈസ പിന്നെ തന്നാലും മതി."..അവൻ വിടാൻ ഭാവമില്ല...
"വേണ്ടാഞ്ഞിട്ട" ....മറുപടി വാക്കുകളിൽ ഒതുക്കി....കൂടുതൽ പറഞ്ഞാൽ.....പിന്നെ അതുമതി...അഴിഞ്ഞാട്ടക്കാരിയാകും....സ്വന്തം ഭർത്താവ് പോലും അവനെ വിശ്വസിക്കൂ...എങ്ങനെ ഒഴിഞ്ഞുമാറി നിന്നാലും ഇവനെ പോലെയുള്ളവർ വീണ്ടും വീണ്ടും പിന്നാലെ കൂടും...
"ടാ രാജീവാ എന്താണ് മീൻ."..അപ്പുറത്തെ ഐഷുമ്മ വിളിച്ചു ചോദിച്ചു...
"ഒന്നുല്ല ഐഷുമ്മ ചാള മാത്രമുള്ളു."..
"നീ ചെമ്മീൻ ഉണ്ടന്ന് പറയുന്നത് കേട്ടു..."
"ഏയ് അതു കഴിഞ്ഞു"....അതും പറഞ്ഞു അവൻ സൈക്കിൾ ആഞ്ഞു ചവിട്ടി...
"ഓ...അല്ലെങ്കിലും നമ്മളെ പോലെയുള്ളവരോട് നിനക്ക് കച്ചോടം പറ്റില്ലല്ലോ "....ഐഷുമ്മ ഗർവിച്ചുകൊണ്ടു പറഞ്ഞു...
"എന്താണ് സീതേ മുഖത്തു ഒരു തെളിച്ചമില്ലാതെ ...നിന്റെ കെട്ടിയോൻ പോയ."...
"ആ..പോയുമ്മ.."..ഇനി രാത്രി നോക്കിയാൽ മതി....ഞാൻ മറുപടി പറഞ്ഞു...
"ആ...രാവും.പകലും ഇല്ലാതെ കുടുംബം നോക്കാൻ വേണ്ടി പണിയെടുക്കല്ലേ....എന്തു ചെയ്യാം"...അതും പറഞ്ഞു ഐഷുമ്മ പറമ്പിലേക്ക് പോയി...
രാവും പകലും നോക്കാതെ പണിയെടുക്കുന്നുണ്ട്...പക്ഷെ കുടുംബത്തിൽ കിട്ടുന്നില്ല...സാദനങ്ങൾ വാങ്ങാൻ തന്നെ ബോധമില്ലാതെ കിടക്കുമ്പോൾ അറിയാതെ പോക്കറ്റിൽ നിന്നും എടുക്കണം...അല്ലങ്കിൽ കുടുംബം പട്ടിണിയിലാണ്...ഇതൊന്നും ആർക്കുമറിയേണ്ടല്ലോ ...
പുറമെ നിന്നു നോക്കുന്നവർക്ക് എന്താണ് പറയാൻ പാടില്ലാത്തെ... എന്നും പണിക്ക് പോകുന്നു...കുടുംബം നോക്കുന്നു....എന്റെ ഈശ്വരാ... ഞാൻ ഒന്നും പറയുന്നില്ലേ....എന്റെ ജീവിതം മാത്രമാണോ ഇങ്ങനെ...
അല്ലായിരിക്കും....ആരും ആരോടും പറയുന്നില്ലന്നേയുള്ളൂ... മിക്കവർക്കും ഇതു തന്നെയാകും അവസ്ഥ....
"മ്യാവു.....മ്യാവൂ"
പുറത്തു ചാക്ക് കെട്ടിന്റെ ചൂട് പറ്റിക്കിടന്ന പൂച്ച സീതയെ കണ്ടപ്പോൾ കരഞ്ഞു...
"എന്റെ പൂച്ചെ.. നിനക്ക് ഇവിടെ നിൽക്കാതെ ആ രാജീവിന്റെ വീട്ടിൽ പോയി കിടന്നുടെ...അതാകുമ്പോ എന്നും മീൻ കറി കൂട്ടി ചോറുണ്ണാം... അല്ലാതെ ഇവിടെ കിടന്നു നിന്റെ ജീവിതം കളയേണ്ട വെല്ല കാര്യമുണ്ടോ...എന്റെ ജീവിതം ഇതുപോലെയായി... നിനക്ക് എപ്പോൾ വേണേലും എവിടെ വേണമെങ്കിലും പോകാലോ...
വേണേൽ സാമ്പാറും കൂട്ടി കഴിക്കാം...അല്ലാതെ മീൻ കിട്ടുമെന്ന് പ്രതീക്ഷിച്ചു ഇവിടെ നിൽക്കേണ്ട..".സീത പൂച്ചയോടായി പറഞ്ഞുകൊണ്ട് തന്റെ അന്നത്തെ ജോലികൾ തുടങ്ങി....
അപ്പുറത്തു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു സീത അകത്തേക്ക് ചെന്നു... ഇതാരാ ഈ സമയത്ത്...
അകത്തു കട്ടിലിൽ തല കുമ്പിട്ടു ഇരിക്കുന്ന ആളെ കണ്ടു സീത അതിശയിച്ചു.. ഇതെന്താ ഈ സമയത്ത്... പണി ഇല്ലെങ്കിലും പാതിരാക്ക് കയറിവരുന്ന ആളാണല്ലോ.. ഇതെന്തു പറ്റി... ചോദിച്ചാലോ ...അല്ലങ്കിൽ വേണ്ട...വെറുതെ വായിലിരിക്കുന്നത് കേൾക്കുന്നതെന്തിനാ...അടുക്കളയിലേക്ക് പോകാൻ നിന്ന സീത ഒരു തേങ്ങൽ കേട്ടു തിരിഞ്ഞു....നോക്കുമ്പോൾ അയാളിരുന്നു കരയുന്നു...
"എന്താ ഏട്ടാ... എന്തു പറ്റി" ..സീത അടുത്ത് ചെന്ന് അയാളുടെ മുഖം പിടിച്ചു ഉയർത്തി...ആ കണ്ണുകൾ കരഞ്ഞു ചുവന്നിരിക്കുന്നു...അതുകണ്ട് സീതയുടെ നെഞ്ചു പൊട്ടി....
അയാൾ അവളുടെ അരയിൽ കെട്ടിപ്പിടിച്ചു കരഞ്ഞു...അവൾക്കത് അതിശയമായി തോന്നി..
"ഇന്ന് ഒരു ആക്‌സിഡന്റ ഉണ്ടായി...ലോഡുമായി പോകുമ്പോൾ വണ്ടിയുടെ ബ്രെക്ക്‌ പൊട്ടി...വണ്ടി താഴ്ചയിലേക്ക് വീണു...ഒരു നിമിഷം ഞാൻ എന്റെ മരണത്തെ മുഖാമുഖം കണ്ടു...ഭാഗ്യം കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ജീവിച്ചിരി ക്കുന്നത് ...ആ സമയത്ത് നിന്റെയും മോന്റെയും മുഖമാണ് മനസ്സിൽ വന്നത്....ഞാൻ ഇല്ലങ്കിൽ നിങ്ങൾ ..."അതും പറഞ്ഞു അയാൾ പൊട്ടിക്കരഞ്ഞു....അതു കണ്ടു അവളുടെ കണ്ണുകളും നിറഞ്ഞു....
പായയിൽ നിന്നു എഴുന്നേറ്റ കണ്ണൻ ആ കാഴ്ച കണ്ടു അതിശയിച്ചു...അച്ഛനും അമ്മയും ഒരുമിച്ചു കെട്ടിപ്പിടിച്ചു കരയുന്നു...സാദാരണ അമ്മയുടെ കരച്ചിൽ മാത്രമാണ് കേൾക്കാറു...അവനെ കണ്ട അയാൾ അവനെയും വാരി നെഞ്ചോട് ചേർത്തു..
അയാളുടെ നെഞ്ചിൽ മുഖം വെച്ചു കിടക്കുമ്പോൾ അവൾക്ക് ആദ്യമായി ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു...കാർന്നോൻമാർ പറയുന്നത് ശരിയാ...സ്നേഹമുള്ള പുരുഷന്റെ നെഞ്ചിലാ ഒരു പെണ്ണിന് ഈ ലോകത്ത് കൂടുതൽ സുരക്ഷിതത്വം....അയാളുടെ കൈകൾ ആദ്യമായി അവളെയും മോനെയും ചേർത്തു നിർത്തി.....
ഈശ്വരാ..എന്നും ഈ നെഞ്ചിൽ തല ചായ്ക്കാനുള്ള ഭാഗ്യം തരണേ .. അവൾ മനസ്സറിഞ്ഞു ദൈവത്തെ വിളിച്ചു...
റഹീം പുത്തൻചിറ ......(എല്ലാവർക്കും ഓണാശംസകൾ )

ഹെയർക്ലിപ്പ് (കഥ)


"ഇതല്ല. വളരെ നേരീയകമ്പി കൊണ്ടുണ്ടാക്കിയതാ. മുത്തൊക്കെയുള്ളത്. അതിലെ ബട്ടർഫ്ളൈസിന്റെ ചിറകുകൾ കാറ്റത്തിളകും. നല്ല ഭംഗിയാണ്. തലമുടിയിൽ ഇങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നതുപോലെയാ. നടക്കുമ്പോ അതിലെ ചിറകുകൾ ഇങ്ങനെ പറക്കുന്നതുപോലെ തോന്നും. ആ ടൈപ്പ് ഹെയർക്ലിപ്പാണ് ചോദിച്ചത്".
പൂമ്പാറ്റച്ചിറകുകൾപോലെ ഉയർന്നുവന്ന ബഷീർക്കയുടെ പുരികങ്ങൾ, എന്റെ വിശദമായ വിവരണത്തെ സാധൂകരിക്കുന്നതായിരുന്നു.
"ഓഹ് അതോ; അതൊക്കെ പഴയ ഫാഷനല്ലേ മോളേ. ഇപ്പോ അതൊക്കെ ഉണ്ടോ ആവോ. കണ്ടുപിടിക്കാൻ പ്രയാസാ. ന്നാലും പഴയസ്റ്റോക്കിൽ കാണുമോന്ന് നോക്കട്ടെ . നിക്ക്. "
അദ്ദേഹത്തിന്റെ മറുപടിയിൽ, പൂമ്പാറ്റയെ 'പിടികിട്ടിയ' എന്റെ സംതൃപ്തി കൂടി നിറഞ്ഞിരുന്നു. അറിയാവുന്ന ഇംഗ്ളീഷും, ഹിന്ദിയും, അറബിയും ചേർത്തുള്ള എന്റെ ആദ്യ വിശദീകരണത്തിൽ പരാജയപ്പെട്ട, ഫിലിപ്പിനി പയ്യനോട്, ബഷീർക്ക അറബിയിൽ 'പൂമ്പാറ്റക്ലിപ്പിനെ' വർണ്ണിച്ചുകൊടുക്കുമ്പോൾ അവന് ഞാനെന്റെ വിജയസ്മിതം കൈമാറാനും മറന്നില്ല. തിരികെ അവനെനിക്കൊരു പുഞ്ചിരി എറിഞ്ഞുതന്നതിൽ ചെറിയൊരു പുച്ഛം തുളുമ്പി നിന്നിരുന്നു. എങ്ങനെ പുച്ഛം നിറയാതിരിക്കും. ഉരുണ്ട ചോക്ളേറ്റ്, നീളൻ ചോക്ലേറ്റ്, സ്വർണ്ണക്കവറിൽ പൊതിഞ്ഞ ചോക്ലേറ്റ്, ക്രിസ്പി ചോക്ലേറ്റ് അങ്ങനെഓരോന്നും എവിടെ എന്ന് ചോദിച്ചുചോദിച്ച് അവന്റെ ക്ഷമ നശിച്ചുകാണും.
'അവൻ അത് തപ്പിനോക്കിയിട്ട് വരട്ടെ അപ്പോളേക്കും വേറെ എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ മോള് വാങ്ങിക്കോ' എന്നുള്ള നിർദ്ദേശം നൽകി ബഷീർക്ക നടന്നകലുമ്പോൾ ആ വലിയ സൂപ്പർമാർക്കറ്റിന്റെ ഏത് കോണിലേക്ക് നീങ്ങണം എന്ന് നിശ്ചയമില്ലാത്ത മനസ്സുംഞാനും അവിടെതന്നെ നിന്നു.
ഏഴു വർഷത്തെ പ്രവാസത്തിനുശേഷം അറബിനാടിനോട് വിട പറയുമ്പോൾ കൂടെ കൂട്ടാൻ അത്തർ മണങ്ങൾക്കും, ചോക്ലേറ്റ്ബോക്സുകൾക്കുമൊപ്പം കുട്ടിക്കാലത്തെ ചില പിടിവാശികളും മോഹങ്ങളും കൂടി ലിസ്റ്റിട്ടിരുന്നു.
നീണ്ട ലിസ്റ്റ് കണ്ടപ്പോൾതന്നെ ആഷിക്ക കലിതുള്ളി
" ന്റെ ജൂമീ എന്തിത്? ഇതൊക്കെ ഇപ്പോ നാട്ടിലും കിട്ടും."
"ന്നാലും ഗൾഫിൽത്തെ സാധനങ്ങൾക്കൊക്കെ ഇച്ചിരി പവർ ണ്ടാവും ഇക്കാ അതല്ലേ. എനിക്കിതൊക്കെ വാങ്ങണം. പ്ലീസ് "
എന്റെ വാക്കുകളിൽ ഒളിപ്പിച്ചുവച്ച പ്രതികാരച്ചുവ, ഇക്കാക്ക് പിടികൊടുക്കാതെ വാക്യങ്ങളിൽ തന്നെ ഒളിച്ചിരുന്നു.
അവസാനത്തെ പ്ലീസിൽ ഇക്കായ്ക്ക് സുല്ലിടേണ്ടി വന്നു.
"ന്നാ ഒരു കാര്യംചെയ്യാം. നിന്നെ ഞാൻ ബഷീർക്കാടെ സൂപ്പർമാർക്കറ്റിൽ ഇറക്കിത്തരാം. എന്താ വേണ്ടേന്നുവച്ചാ വാങ്ങീട്ട് എന്നെ വിളിച്ചാമതി. അല്ലാതെ ഇതൊരു നടയ്ക്കുപോവില്ല. ഞാൻ ബഷീർക്കായെ വിളിച്ചുപറഞ്ഞോളാം "
ബഷീർക്കയുടെ സഹായത്താൽ ലിസ്റ്റിലെ സാധനങ്ങൾ ഒരുവിധം ബാസ്കറ്റിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ലിസ്റ്റിൽ എഴുതാത്തതും മനസ്സിൽ കുറിച്ചിട്ടതുമായ ആ പൂമ്പാറ്റകളും കൂടി കിട്ടിയാൽ മതി. അപ്പോളേക്കും സോയമോൾ അവളുടെ ടെഡി സെക്ഷൻ കയ്യേറിക്കഴിഞ്ഞിരുന്നു. മൂന്നു വയസ്സുകാരിയുടെ കൈയ്യിൽ കൊള്ളാവുന്നതിൽ അധികം ടോയ്സ്കൊണ്ട് അവൾ ബാസ്കറ്റ് നിറക്കുന്നത്കണ്ടപ്പോൾ, എഴുതിത്തേഞ്ഞ കുഞ്ഞുചോക്കു പെൻസിൽ ഭദ്രമായി കൈക്കുള്ളിൽ വച്ചുനടന്നിരുന്ന എന്നിലെ പഴയ അഞ്ചുവയസ്സുകാരിയെ ഓർമ്മ വന്നു.
അതേ. ബഷീർക്ക പറഞ്ഞതുപോലെ അതൊരു 'പഴയഫാഷൻ' തന്നെയാണ്. ഒരു ഇരുപത് വർഷം പഴയത്. ആ ഓർമ്മകൾക്കും നോവിനും അത്ര തന്നെ പുതുമയും ഉണ്ട്. ചെറീമ്മയുടെ രണ്ടു വയസ്സുകാരി മകളുടെ ചുരുൾമുടിയിലിരുന്ന് ആ പൂമ്പാറ്റക്ലിപ്പ് ഇപ്പോളും ചിറകുകൾ വിടർത്തി എന്നിലെ അതേ അഞ്ചുവയസ്സുകാരിയെ നോവിപ്പിക്കുന്നുണ്ട്.
ഗൾഫിൽ നിന്നെത്തിയ ഉപ്പാടെ അനിയനെ കാണാൻ കുഞ്ഞനിയന്റെ കൈയ്യും പിടിച്ച് ഒരഞ്ചുവയസ്സുകാരി. അന്ന് ചെറ്യുപ്പയുടെ വീട്ടിലേക്ക് കയറിച്ചെന്നത് വർണ്ണക്കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ്മധുരം ഉള്ളാലെ നുണഞ്ഞുകൊണ്ടാണ്. മുറിക്കകത്തെ കട്ടിലിൽ നിരത്തിയിട്ടിരുന്ന അനേകം 'ഗൾഫ് സാധനങ്ങൾ'. അവയിൽനിന്നും വരുന്ന ഗൾഫ്സുഗന്ധമാകട്ടെ ആ മുറിയാകെ പടർന്നിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കളിപ്പാട്ടങ്ങൾക്കും, തുണിക്കെട്ടുകൾക്കും, ചോക്ലേറ്റ് ബോക്സുകൾക്കുമിടയിൽ അനുവാദമില്ലാതെ കണ്ണുകൾ പറന്നുനിന്നത്, നേർത്തസ്വർണ്ണക്കമ്പിയിൽ മുത്തുകൾകോർത്ത ചിറകുകളുള്ള ഒരു പിങ്ക്പൂമ്പാറ്റയിലാരുന്നു. ആ ചിറകുകൾ തൊടാനുയർന്ന എന്റെ കൈകളെ മനസ്സിലാക്കിയപ്പോളാവണം ചെറീമ്മയുടെ ശാസനസ്വരം ആ മുറിയാകെ മുഴങ്ങിയത്.
" ജൂമീ നീ അവനേയുംകൂട്ടി വരാന്തയിൽ പോയിരിക്ക്. ഞങ്ങൾ ഇതൊക്കെ ഒതുക്കിയിട്ടുവരാം ". കൈയ്യിലേക്ക് വച്ചുതന്ന രണ്ടു ചോക്ലേറ്റ് മിഠായികൾ അന്ന് ആ രണ്ടു കുരുന്നുകൾക്ക് ആത്മാഭിമാനമെന്തെന്ന് മനസ്സിലാക്കിത്തന്നു.
" രണ്ടിനും മര്യാദ എന്നതില്ല. എങ്ങനെ ഉണ്ടാവാനാ ചോത്തിയുടെ മക്കളല്ലേ " അടയുന്ന വാതിലിനപ്പുറം കേൾക്കുന്ന ചെറീമ്മയുടെ ശബ്ദത്തിലും, ചെറ്യുപ്പയുടെ ചിരിയിലും അടങ്ങിയ പരിഹാസം മനസ്സിലാകാതെപോയ 'ചോത്തിയുടെ മക്കൾ'. മതം മാറിക്കഴിഞ്ഞിട്ടും 'ചോത്തി' വിശേഷണപ്രിയയാകുന്നു. മതപരിവർത്തനം കൊണ്ടുപോലും പരിവർത്തനം ഏൽക്കാത്ത സമൂഹം.
ഒരുപക്ഷേ അന്നുമുതലാവാം അവഗണനയുടെ തീച്ചൂളകൾ ഹൃദയം പൊള്ളിക്കാൻ തുടങ്ങിയത്. കണ്മുന്നിൽ ചില വാതിലുകൾ അടയുന്നതിന്റെ പൊരുൾ തേടിപ്പോകാൻ തുടങ്ങിയത്. 'സങ്കരയിനങ്ങൾക്ക്' പരിഗണന കിട്ടാത്തതിന്റെ കാരണം മനസ്സിലായിത്തുടങ്ങിയത്.
'സങ്കരയിനങ്ങൾ'...മിശ്രവിവാഹത്തിലെ സന്തതികൾക്ക് ഇതിലും നല്ലൊരു വിശേഷണം ഉണ്ടോ?.
'ഉപ്പ മുസ്ലീമും ഉമ്മി ഹിന്ദുവും ആണല്ലേ.. അപ്പോ നീയൊരു നസ്രാണിയെ കെട്ടിക്കോ. അപ്പോ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാല്ലോ ' സൗഹൃദങ്ങൾക്കിടയിലെ പല പരിഹാസങ്ങളും ആസ്വദിക്കാൻ കഴിയാതെ പോയതും, ഉള്ളറകളിൽ ഉറങ്ങിക്കിടക്കുന്ന പക്വതയെത്താത്ത അതേ 'സങ്കരയിന'വിചാരം കൊണ്ടുതന്നെയല്ലേ.
മതസൗഹാർദ്ദത്തിന്റെ വീമ്പുപറഞ്ഞു പ്രകീർത്തിക്കുന്ന മിശ്രവിവാഹങ്ങളോട്, സർവ്വോപരി പ്രണയവിവാഹങ്ങളോട് പരമപുച്ഛമടക്കി ജീവിക്കാൻ പഠിപ്പിച്ച ജീവിതം. വർഗ്ഗീയതയെ ചോദ്യം ചെയ്യുന്ന വിപ്ലവാത്മകമായ മിശ്രവിവാഹങ്ങൾ, പക്ഷേ കുടുംബബന്ധങ്ങളിലേക്ക് പടരുമ്പോൾ മേൽപ്പറഞ്ഞ വിപ്ലവങ്ങൾ പ്രഹസനം മാത്രമാകുന്നു. കാലങ്ങൾക്കിപ്പുറവും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാവാത്ത വിപ്ലവപ്രഹസനങ്ങൾ.
പൂമ്പാറ്റക്ലിപ്പിൽ നിന്ന് വിപ്ലവത്തിലേക്ക് കുടിയേറിയ എന്റെ ചിന്തകളെ കുടിയിറക്കിക്കൊണ്ടാണ് ആ ഫിലിപ്പിനി ഹെയർക്ലിപ്പും പൊക്കിപ്പിടിച്ചു കൊണ്ടുവന്നത്. പൊടിപിടിച്ച് നിറം മങ്ങിയവയെങ്കിലും എന്റെ കണ്ണുകളിൽ അവയ്ക്ക് തിളക്കമേറെയായിരുന്നു.
ഒരു സ്ട്രാപ്പിൽ പല വർണ്ണത്തിൽ അഞ്ചു ക്ലിപ്പുകൾ. ചിലതിന്റെ വർണ്ണക്കല്ലുകൾ ഇളകിപ്പോയിരുന്നു. ചിലതിന്റെ കമ്പികൾ അടർന്നും. എങ്കിലും ഉപോയോഗയോഗ്യമായ രണ്ടെണ്ണം ഞാൻ തെരഞ്ഞെടുത്തു.
ഒരെണ്ണം മഞ്ഞനിറത്തിലുള്ളതും മറ്റൊന്ന് വയലറ്റ് നിറത്തിലുള്ളതും.
വയലറ്റ് ക്ലിപ്പുമായി തിരക്കൊഴിഞ്ഞ മൂലയിലെ ചില്ലുകണ്ണാടിയ്ക്ക് മുന്നിൽനിന്ന് തലയിലെ സ്കാഫിനു മുകളിലൂടെ ക്ലിപ്പ് മുടിയിൽ തിരുകി ഞാൻ ഭംഗി നോക്കുമ്പോൾ ആശ്ചര്യചകിതരായ നാലു കണ്ണുകൾ എന്നെത്തന്നെ മിഴിച്ചുനോക്കുകയായിരുന്നു. എന്റെ രൂക്ഷനോട്ടത്തിൽ പകച്ചുപോയ ഫിലിപ്പിനി പയ്യൻ അവിടെ നിന്നു തടിതപ്പിയപ്പോളും സോയക്കുട്ടി കൗതുകം വിട്ടൊഴിയാതെ കയ്യടിച്ചു ചിരിച്ചുകൊണ്ടിരുന്നു. അന്നേരം ചില്ലു കണ്ണാടിയിലെ വയലറ്റ് പൂമ്പാറ്റ എന്റെ തലയിൽ നിന്നും പറന്നുപറന്ന് സോയമോളുടെ ചുരുണ്ടമുടിയിൽ സ്ഥാനംപിടിച്ചിരുന്നു. സ്വപ്നങ്ങളുടെയും, ആഗ്രഹങ്ങളുടെയും ചിറകുകൾ കൈമാറ്റം ചെയ്യപ്പെടുന്ന രസതന്ത്രം.
എന്നോ മോഹമായി മനസ്സിൽകയറിപ്പറ്റിയ പൂമ്പാറ്റകളാണ് ഉള്ളംകൈയ്യിൽ. കൈപ്പിടിയിൽ ഒതുങ്ങുന്നതുവരെയേ മോഹങ്ങളിൽ കൗതുകമുണ്ടാവൂ എന്ന് ദ്യോതിപ്പിച്ചുകൊണ്ട് അവയുടെ നിറം മങ്ങിനിൽക്കുന്നു. വെറും ഒരു ഹെയർക്ലിപ്പിനോടുള്ള കൗതുകം മാത്രമാണോ അതോ അപ്രാപ്യമായ മറ്റെന്തോ നേടിയെടുക്കാനുള്ള വാശിയോ എന്ന ആശയക്കുഴപ്പവുമായി മനസ്സും.
ഒടുവിലൊരുത്തരമെന്നോണം ചെറിയൊരു മധുരപ്രതികാരചിന്ത എന്റെ പുഞ്ചിരിയിൽ കയറിപ്പറ്റിയത് ഞാൻ പോലുമറിയാതെയായിരുന്നു. ആ പ്രതികാരചിന്തയിൽ ഒരു വർണച്ചിത്രം തെളിഞ്ഞുവരുന്നു. ദിവാസ്വപ്നങ്ങളുടെ ക്യാൻവാസിൽ ചലിക്കുന്ന ചില ചിത്രങ്ങൾ.
എനിക്കുവേണ്ടി തുറന്നുപിടിച്ച വാതിലിനുമുൻപിൽ ക്ഷീണിച്ച ചിരിയോടെ ചെറീമ്മ. അവർക്കു പുറകിലായി അവരുടെ മകൾ നീസയും. ആ പഴയ രണ്ടുവയസ്സുകാരി ഇന്ന് മറ്റൊരു രണ്ടുവയസ്സുകാരിയുടെ അമ്മയായിരിക്കുന്നു. മതപരിവർത്തനത്തിന്റെ കുങ്കുമച്ചോപ്പ് അവളുടെ തിരുനെറ്റിയിൽ സ്ഥാനമേറ്റിരുന്നു. മിശ്രവിവാഹത്തിന്റെ വേരുകൾ പടരുന്ന വഴികൾ നിശ്ചയിക്കാൻ മനുഷ്യർക്കാവില്ലല്ലോ. അവളുടെ കുഞ്ഞുപെണ്ണിന്റെ കൈയ്യിലേക്ക് മഞ്ഞ പൂമ്പാറ്റക്ലിപ്പ് വച്ചുകൊടുത്തു. ഞാൻ ചുമന്നതുപോലെ 'സങ്കരയിന ചിന്തകളുടെ ' ഭാണ്ഡം നിന്നെ വിഴുങ്ങാതിരിക്കട്ടെ എന്ന് അവളുടെ കുഞ്ഞുകാതിൽ മന്ത്രിക്കുമ്പോൾ ആ ക്യാൻവാസിൽ നിന്നും അനേകായിരം 'സങ്കരയിനപ്പൂമ്പാറ്റകൾ' ദൂരേക്ക് പറന്നകലുന്നു.
അവസാനിച്ചു
ബിനിത
1/9/20

മഹാബലിയുടെ പൂവട(കഥ)


ചെറുപ്പത്തിൽ ഓണം എന്നാൽ വെറും വെക്കേഷൻ ആയിരുന്നു. എവിടേക്കും പോകാറില്ല.
അവ്യക്തമായ ഓണങ്ങൾ വ്യക്തമായിത്തുടങ്ങുന്ന കാലത്ത് പൂക്കളമിടാൻ എന്നെ സഹായിച്ചിരുന്നത്, അല്ലെങ്കിൽ വീട്ടിൽ പൂക്കളം ഇട്ടിരുന്നത് തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന, ഡാൻസിനും മറ്റും മേക്കപ്പ് ചെയ്യാൻ പോയിരുന്ന കഥകളി എന്ന് നാട്ടുകാർ വട്ടപ്പേരു വിളിച്ചിരുന്ന ഒരു ചേട്ടന്റെ എന്നെക്കാൾ അൽപം കൂടി മുതിർന്ന മക്കൾ ആയിരുന്നു. തരിശായി കിടന്നിരുന്ന ഒരു പറമ്പിൽ പോയി തുമ്പപ്പൂ, പാടത്തെ തോട്ടിറമ്പിൽ നിന്നും കാക്കപ്പൂ, വല്യച്ഛന്റെ വീട്ടിൽ നിന്നും ചിറ്റാട, പറമ്പിൽ സമൃദ്ധമായ വട്ടപ്പെരു, കൃഷ്ണകിരീടം, കൊങ്ങിണിപ്പൂ, കമ്മൽപ്പൂ, അരിപ്പൂ പിന്നെ ജെ ടി എസിന്റെ പറമ്പിൽ നിന്നും അക്കേഷ്യയുടെ പൂ, മുക്കൂറ്റിപ്പൂ, പിന്നെ റേഷൻ പോലെ, ഒരു കുടന്ന മാത്രം കിട്ടുന്ന ഹൈഡ്രാഞ്ചിയ ഒക്കെയായിരുന്നു അന്നത്തെ പൂക്കൾ. ചേമ്പിന്റെയോ വട്ടയുടെയോ വലിയ ഒരു ഇല എടുത്ത് കുമ്പിൾ കോട്ടി ഉണ്ടാക്കുന്ന കണ്ടെയ്‌നറുകളിൽ ആയിരുന്നു പൂ പറിച്ച് ഇടൽ.
തിരുവോണത്തിന് സദ്യ എന്നല്ലാതെ വേറെ ഓർമ ഒന്നുമില്ല. ഓണക്കോടി ഒന്നുമില്ല. മുതിർന്ന ചേട്ടന്മാരുടെ പഴയ, എന്നാൽ വലിയ കംപ്ലെയിന്റ് ഒന്നുമില്ലാത്ത വസ്ത്രങ്ങൾ ആയിരുന്നു ആർഭാടം. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും പ്രകടമായ രുചി വ്യത്യാസത്തിൽ ഉണ്ടാക്കിയിരുന്ന സാമ്പാറും മോരൊഴിച്ചു കൂട്ടാനും മത്തങ്ങയും പയറും എരിശ്ശേരിയും പിന്നെ സ്‌പെഷ്യൽ ആയി സേമിയ പായസവും. എക്കാലത്തും വീട്ടിൽ സ്‌റ്റോക്ക് ആയിരുന്ന മോരും തൈരും പപ്പടവും കടുമാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചിപ്പുളി അച്ചാറുകളും കൂടിയാകുമ്പോൾ സദ്യ വട്ടം തികയും.
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കഥകളി കുടുംബം വീടൊഴിഞ്ഞു പോയി. എന്നെ ആദ്യമൊന്നും അത് ബാധിച്ചതേയില്ല. പക്ഷേ ഓണം അടുത്തതോടെ പൂക്കളമിടാൻ അവരില്ലാതെ എന്തു ചെയ്യും എന്ന ആശങ്കയ്ക്ക് ഞാൻ പതിയെ അടിമപ്പെടാൻ തുടങ്ങി. തീർത്തും സമയക്കുറവുണ്ടായിരുന്നെങ്കിലും ജോലിയ്ക്ക് പോകും മുൻപ് അമ്മയും മൂന്നു വയസ്സിനിളയ അനിയനും എനിക്കൊപ്പം പൂക്കളമിട്ടു.
ഉത്രാടത്തിന്റെയന്ന് അപ്രതീക്ഷിതമായ ഒരു സന്തോഷമുണ്ടായി. പതിവായി തിരുവോണത്തിന്റെ തലേ രാത്രി നൈറ്റ് ഡ്യൂട്ടിയ്ക്ക് പോകേണ്ടി വരാറുണ്ടായിരുന്ന അച്ഛന് അപ്രാവശ്യം അവധി കിട്ടി. തിരുവോണത്തിന് ആവശ്യമായ പൂക്കൾ പറിക്കാൻ പോകുന്ന ഞങ്ങളോട് അച്ഛൻ, തുമ്പപ്പൂവിന് പകരം തുമ്പക്കുടം പറിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കാര്യം ഒന്നും മനസ്സിലാവാതെ നിന്ന ഞങ്ങളോട്, വേരോടു കൂടെയുള്ള മുഴുവൻ തുമ്പച്ചെടിയ്ക്കാണ് തുമ്പക്കുടം എന്നു പറയുന്നത് എന്ന് അച്ഛൻ പറഞ്ഞു തന്നു. പറമ്പിൽ നിന്ന് വലിയ കെട്ടായി പറിച്ചുകൊണ്ടുവന്ന തുമ്പക്കുടം അച്ഛൻ രാത്രി തന്നെ ഓരോ പിടിയായി എടുത്ത് ഒരു വലിയ മരമുട്ടിയിൽ വെച്ച് വെട്ടുകത്തി കൊണ്ട് ചെറിയ കഷണങ്ങളായി മുറിച്ചു കൂട്ടി വെച്ചു.
അതിരാവിലെ ഞങ്ങൾ എഴുന്നേറ്റ് വരുമ്പോഴേക്കും, മുറ്റത്ത് തിരുവോണത്തിന്റെ കളം റെഡി ആയിരുന്നു. ഉമ്മറവാതിലിനു നേരെ മുന്നിൽ മൂന്ന് തൂശനില വെച്ച്, ഓരോ ഇലയിലും ഓരോ ഓണത്തപ്പന്മാരെ വെച്ച് അരിമാവു കൊണ്ട് അണിഞ്ഞിരുന്നു. ഓണത്തപ്പന്മാരുടെ തലഭാഗത്തുള്ള ഒരു ദ്വാരത്തിൽ ഒരു തുളസിക്കതിർ ഫിറ്റ് ചെയ്തിരിക്കുന്നു. സൈഡിലായി ഒരു വലിയ കോരുകൊട്ടയിൽ തലേന്ന് അരിഞ്ഞു വെച്ച തുമ്പക്കുടം വെച്ചിട്ടുണ്ട്. പതിവില്ലാത്ത ഒരുക്കങ്ങൾ കണ്ടപ്പോഴേക്കും തന്നെ ഓടിപ്പോയി പല്ല് തേച്ച് കുളിച്ച് ഞങ്ങൾ ഉള്ളതിൽ നല്ല നിക്കറും ഷർട്ടുമിട്ട് റെഡിയായി. അപ്പോഴേക്കും ഓണത്തപ്പന്മാരുടെ നടുക്കായി കത്തിച്ചു വെച്ച നിലവിളക്കിൽ തൊഴുതുപിടിച്ച കൈകൾ മുട്ടും വിധം തുമ്പക്കുടം കൊണ്ട് അച്ചൻ ഒരു മഹാബലിയെ ഉണ്ടാക്കിയിരുന്നു. ഏറ്റവും അത്ഭുതം മഹാബലിക്ക് ഒരു കാലേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു. ഞങ്ങളുടെ ജിജ്ഞാസ നിറഞ്ഞ മുഖം കണ്ടപ്പോ അച്ഛൻ പറഞ്ഞു തന്നു. മഹാബലി മഹാവിഷ്ണുവിനെ നമസ്‌കരിക്കുകയാണ്. ഇടംകാൽ നീർത്തി വലംകാൽ മടക്കി ഇടംകാലിന്റെ തുടയിൽ വെച്ചാണ് നമസ്‌കരിക്കുന്നത്. അതാണ് ഒരുകാൽ മാത്രമായി തോന്നുന്നത്. സാഷ്ടാംഗപ്രണാമമാണത്..
അതു കഴിഞ്ഞ് അച്ഛൻ ഒരു നാളികേരം കൈയിലെടുത്തു. വെട്ടുകത്തി കൊണ്ട് രണ്ടായി പൊട്ടിച്ചു. കൃത്യമായി പൊട്ടിയ കണ്ട് ഞങ്ങൾക്ക് വീണ്ടും അത്ഭുതമായി. പൊട്ടിച്ച നാളികേരം, നമസ്‌കരിച്ചു നിൽക്കുന്ന മഹാബലിയുടെ നെഞ്ചിന്റെ ഇരുവശത്തുമായി മലർത്തി വെച്ച് എള്ളു തിരശ്ശീലത്തുണിയിൽ പൊതിഞ്ഞ കിഴികൾ വെച്ച് എണ്ണയൊഴിച്ച് കത്തിച്ചു. പിന്നെ, അമ്മ അടുക്കളയിൽ നിന്നും കൊണ്ടുവന്നു കൊടുത്ത തുമ്പപ്പൂ ചേർത്ത് വേവിച്ച നല്ല രസ്യൻ മണമുള്ള ഇലയടകൾ നാലെണ്ണം രണ്ടായി കീറി ഇലകളിൽ വെച്ചു. ഒന്നുരണ്ടു പുഴുങ്ങിയ പഴക്കഷണങ്ങളും. മഹാബലി പ്രജകളെ കാണാൻ വരുമ്പോൾ കഴിക്കാനുള്ള നിവേദ്യമാണ് ഈ ഇലയട എന്ന് അച്ഛൻ പറഞ്ഞു തന്നു.
അടുത്തതായി പടിപ്പുരയുടെ നടുക്കായി വീണ്ടും മൂന്ന് തൂശനില വെച്ചു. അവിടെയും ഓണത്തപ്പന്മാരെ വെച്ചു. ബാക്കിയുള്ള തുമ്പക്കുടം ഇലകളിൽ വിതറി. തുണ്ടമാക്കി മുറിച്ച ഏത്തപ്പഴത്തിന്റെ കഷണത്തിൽ ചന്ദനത്തിരി കത്തിച്ചു വെച്ചു. പിന്നെ, നടുക്കുള്ള ഇലയിൽ മൂന്ന് പൂവട രണ്ടാക്കി കീറിയിട്ടു. കൈയിലെ കിണ്ടിയിൽ നിന്ന് അൽപം വെള്ളം തളിച്ചു. പിന്നെ, ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് വന്നു.
വീട്ടിൽ കയറിയിട്ടും ഞങ്ങൾക്ക് ഓണത്തോടുള്ള കൗതുകം മാറിയിരുന്നില്ല. നീണ്ടു നിവർന്നു കിടക്കുന്ന മാവേലിയും തുളസിക്കതിർ ചൂടി നിൽക്കുന്ന ഓണത്തപ്പന്മാരും രണ്ടു തേങ്ങയ്ക്കകത്ത് കത്തി നിൽക്കുന്ന കിഴിയും പിന്നെ നല്ല മനോഹരമായ നിറത്തിൽ അടയ്ക്കുള്ളിൽ നിന്ന് പുറത്തേക്കെത്തി നോക്കുന്ന ശർക്കരപ്പാവിൽ കുതിർന്ന തേങ്ങാപ്പീരയും എല്ലാം മനസ്സിൽ പൊന്നോണം വിരിയിച്ചു കൊണ്ടിരുന്നു.. ഉമ്മറത്തെ തിണ്ണയിൽ അമ്മ കൊണ്ടുത്തന്ന അടയും ചായയും പുഴുങ്ങിയ പഴക്കഷണങ്ങളും പതിയെ കഴിച്ചുകൊണ്ട് ഞങ്ങൾ മഹാബലി വന്ന് നിവേദ്യം എടുക്കുന്നതും നോക്കി ഇരിപ്പായി.
ചായ ഏതാണ്ട് തീരാറായപ്പോഴേക്കും പടിപ്പുരയുടെ അടുത്തുകൂടി രണ്ടു കുട്ടികൾ പോകുന്നത് ഞങ്ങൾ കണ്ടു. നല്ല പരിചയമുള്ള കുട്ടികൾ ആണ്. ഇരട്ടകൾ ആണ്. എന്നെക്കാൾ ഒന്നുരണ്ടു വയസ്സ് കൂടുതൽ കാണും. വർത്തമാനം പറഞ്ഞ് ചിരിച്ചു കളിച്ച് അങ്ങനെ പോകുകയാണ്. കണ്ടാൽ ഒട്ടും തന്നെ തിരിച്ചറിയാത്ത ഇരട്ടകളെ കാണുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ കൗതുകത്തോടെ ഞാൻ അവരെ നോക്കുന്നതിനിടയ്ക്ക് ഒരുത്തൻ കുനിഞ്ഞ് മഹാബലിക്ക് വെച്ചിരുന്ന ഇലയട നിവേദ്യവും പഴക്കഷണങ്ങളും കടന്നെടുത്ത് ഓടാൻ ശ്രമിച്ചു.
ഒരു നിമിഷത്തെ പകപ്പിനൊടുവിൽ ഞാൻ പുറകെ ഓടി. ഞങ്ങളുടെ കൂട്ടുകുടുംബത്തിന്റെ കോമ്പൗണ്ടിന്റെ പ്രധാന ഗേറ്റിന്റെ അടുത്തു വെച്ച് ഞാനവനെ പിടികൂടി അട തിരികെ വാങ്ങാനായി ശ്രമിച്ചു. അപ്പോഴേക്കും ഇരട്ടകളിലെ മറ്റേ കുട്ടി എന്നെ പുറകിൽ നിന്നും പിടിച്ചു നിർത്താൻ നോക്കി. ഇതെല്ലാം കണ്ട എന്റെ അനിയനും ബഹളത്തിൽ പങ്കു ചേർന്നു. ഒച്ചയും ബഹളവും ശബ്ദവും കരച്ചിലും എല്ലാം കേട്ട് സംഭവം എന്താണെന്നറിയാൻ അച്ഛൻ വീടിനു പുറത്തിറങ്ങി നോക്കി. എന്നെയും അനിയനെയും രണ്ടാളും ചേർന്ന് നന്നായി തല്ലിക്കൊണ്ടിരിക്കുകയാണ്. പറ്റാവുന്ന പോലെ ഞങ്ങളും തിരിച്ചു കൊടുക്കുന്നുണ്ട്.
അച്ഛൻ ഓടി വന്ന് ഞങ്ങളെ പിടിച്ചു മാറ്റി. എന്താ പ്രശ്‌നം എന്ന് ഞങ്ങളോട് ചോദിച്ചു. ഉറക്കെ കരഞ്ഞുകൊണ്ട് ഞാൻ മഹാബലിയുടെ അട മോഷ്ടിക്കപ്പെട്ട കാര്യം പറഞ്ഞു.
അച്ഛൻ അവനോട് എന്തിനാ അട എടുത്തത് എന്ന് ചോദിച്ചു. ഇത്തവണ അവനായിരുന്നു കരഞ്ഞത്. അവന്റെ കൂടെ അവന്റെ ഇരട്ടയും. കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു. അട കണ്ട് കൊതി തോന്നിയിട്ടാണെന്ന്.
പിന്നെ ഞാൻ കണ്ടത് ഒരിക്കലും എനിക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ചയായിരുന്നു. മഹാബലിക്ക് കൊടുക്കാനായി വെച്ച അട മോഷ്ടിച്ച കള്ളന്മാരെ, മക്കളെ തല്ലിയവരായിരുന്നിട്ടു കൂടി അച്ഛൻ ചേർത്തു പിടിക്കുന്നു. പിന്നെ, കൈ പിടിച്ച് ഉമ്മറത്തെ തിണ്ണയിൽ ഇരുത്തുന്നു. ഞങ്ങൾക്ക് വിളമ്പി വെച്ച പ്ലേറ്റിനൊപ്പം അവർക്കും പ്ലേറ്റിൽ അടയും പഴവും കൊടുക്കുന്നു. കൊതിയോടെ അവരത് കഴിക്കുന്നു....
വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ നിന്ന് രാത്രി വരുന്ന ഒരു ട്രാവൽസിൽ പെരുമ്പാവൂരിൽ അതിരാവിലെ വന്നിറങ്ങിയ ഞാൻ ഒരു ഓട്ടോറിക്ഷ വിളിച്ചു വീട്ടിലേക്ക് വരികയാണ്. വണ്ടിയിൽ കയറി ഇരുന്ന സമയത്ത് ഡ്രൈവർ എന്നോട് ചോദിച്ചു.
''നീ ഇവിടെ ഉണ്ടായില്ലെ?''
ഞാൻ പറഞ്ഞു.
''ഇല്ല. ഞാനിപ്പൊ ബാംഗ്ലൂരാ...''
''വെറുതെയല്ല... ഞാൻ മോക്കടെ കല്യാണം പറയാൻ വന്നിരുന്നു വീട്ടിൽ. നീ ഇവിടെ ഇല്ലാന്ന് പെണ്ണുമ്പിള്ള പറഞ്ഞു.''
''ങേ! അപ്പോ ഡിസംബറിൽ ഞാൻ കല്യാണം കൂടീത് നിന്റെ മോൾടെ അല്ലെ?''
''നിനക്ക് ഇതു വരെ ഞങ്ങളെ കണ്ടാ തിരിച്ചറിയൂല്ലെ.... നീ അന്ന് കല്യാണം കൂടിയത് പണ്ട് നിന്നെ ഇടിച്ചവന്റെ മോക്കടെ. അവൻ എന്റെ ചേട്ടൻ. ഞാൻ അവന്റെ അനിയൻ. എന്റെ കൊച്ചിന്റെ കല്യാണം വരണേ ഉള്ളൂ''
''അത് ശരി''
''അച്ഛനെ ഞാൻ പ്രത്യേകം കണ്ട് വിളിച്ചാർന്നു. ഇനി പുള്ളി മറന്നു പോയാ നീ ഓർപ്പിച്ച് കൊണ്ടന്നോളണം..''
''ഓർമിപ്പിക്കാം''
അപ്പോഴേക്കും വണ്ടി ഒരു ചായക്കടയുടെ മുന്നിൽ നിർത്തി അവൻ ഇറങ്ങി. എന്നിട്ട് എന്നോട് പറഞ്ഞു.
''നീ വരണ വഴിയല്ലെ... ബാ.. ഒരു ചായ കുടിക്കാം''
------------------
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

കാര്യം നിസ്സാരം പ്രശ്നം ഗുരുതരം (കഥ)


സുറുമിയുടെ ആദ്യരാത്രി: -
അന്നവരുടെ ആദ്യരാത്രിയായിരുന്നു..
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സുലൈമാൻ, അവളെ തന്റേതാക്കിയ ദിനം.
സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും പരിചയപ്പെടൽ കഴിഞ്ഞപ്പോൾ, അവൻ തഞ്ചത്തിൽ അവളെയും കൊണ്ട് റൂമിലേക്ക് പോന്നു. എന്നിട്ട് പതിയെ ബെഡ്ഡിൽ കിടത്തിയ ശേഷം, പോയി വാതിലടച്ച് വന്ന്, അവളുടെ അരികുചേർന്ന് കിടന്നു. ആ ദേഹത്തുനിന്നും പുറപ്പെട്ട ബോഡി സ്പ്രേയുടെ മനംമയക്കുന്ന ഗന്ധത്തിൽ തന്റെ ശരീരത്തിലെ പച്ചമീൻ നാറ്റം അലിഞ്ഞില്ലാതാകുന്നതായ്, സുലൈമാന് തോന്നി. ഏറെ നേരത്തെ കളിചിരികൾക്കും, തൊട്ടുതലോടലിനും ശേഷം.. സുലൈമാൻ തന്റെ മൊഞ്ചത്തിയോട് "എന്നാ ഒറങ്ങിയേക്കാം.. കാലത്തെ മീൻ എടുക്കാനായിട്ട് ജെട്ടീ പോകാനുള്ളതാ, " എന്നും പറഞ്ഞ് ലൈറ്റണച്ചു, അപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു.
കുറച്ച് സമയത്തേക്ക് അവർക്കിടയിൽ നിശബ്ദത മാത്രമായിരുന്നു. പക്ഷെ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. അത്രമാത്രം മോഹിച്ച് സ്വന്തമാക്കിയതായിരുന്നു അവൻ അവളെ .. സുലൈമാൻ ഒളികണ്ണിട്ട് ഒന്നുനോക്കി. ബെഡ്റൂം ലാപിംന്റ അരണ്ട വെളിച്ചത്തിൽ തലയിണയോട് ചേർന്ന് വശം ചെരിഞ്ഞുകിടന്ന അവളെ അവൻ സാവധാനം നേരെ കിടത്തി. എന്നിട്ട് തന്റെ വിരലുകൾ കൊണ്ട് മൃദുവായ് ആ ദേഹത്ത് തലോടാൻ തുടങ്ങി.. അവളുടെ ദേഹമപ്പോൾ വല്ലാതെ വിറകൊള്ളുന്നതായ് അവനറിഞ്ഞു. അവനവളെ തന്റെ അരികിലേക്ക് ചേർത്തു പിടിച്ചു. എന്നിട്ട് മുൻ ഭാഗത്തെ ബട്ടൺ വിടർത്തിയ, ശേഷം എവിടെയൊക്കെയോ പിടിച്ച് ഞെക്കി. എന്നിട്ടും ആ വിറയൽ മാറാതെ വന്നപ്പോൾ അവളുടെ പുറം കവർ അഴിച്ച് മാറ്റിയിട്ട് , സ്വിച്ച് ഓഫ് ചെയ്തു. അങ്ങനെ വൈബ്രേഷൻമോഡ് ഓഫായി അവളുടെ ആ വിറയൽ നിലച്ചു !.
കവർ അഴിച്ച് മാറ്റിയപ്പോൾ, അവളുടെ മെറ്റാലിക് ബോഡിയുടെ പിൻഭാഗത്തായ് "ഷവോമി " എന്നൊരെഴുത്ത് സുലൈമാൻ കണ്ടു. അത് വായിച്ച അവൻ മനസ്സിൽ പറഞ്ഞു. "ഷവോമി " വേണ്ട... "സുറുമി " അതുമതി അതാ ഇവൾക്ക് ചേരണ പേര്. നിന്നെ ഞാനിനി സുറുമിമോളേന്നേ വിളിക്കൂ.
നല്ലെഴുത്ത് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച.. അരുൺ വി സജീവിന്റെ "സുറുമിയുടെ ആദ്യരാത്രി "എന്ന ഈ കഥയുടെ പാതിഭാഗം മാത്രം വായിച്ച, പ്രസിദ്ധ ഓൺലൈൻ സാഹിത്യകാരൻ ഉത്പലൻ വെട്ടുകുഴി, തന്റെ കട്ടിലിൽ നിന്നും എഴുന്നേറ്റ് കുന്തംകാലിലിരുന്ന് ചിന്തിക്കാൻ തുടങ്ങി. ഇവന്റെ ഒക്കെ കഥകൾക്ക് എങ്ങനെ ഇത്ര ലൈക്ക് കിട്ടുന്നു ?ഇതിൽ മൊത്തം അശ്ളീലമല്ലെ...?! ഇന്ന് വൈകിട്ട് താൻ പോസ്റ്റ് ചെയ്ത, ''ഓച്ചൻ തുരുത്തിലെ ഓണനിലാവുകൾ " എന്ന കഥക്ക് മണിക്കൂറ് നാല് കഴിഞ്ഞിട്ട് കിട്ടിയ ലൈക്കിന്റെ എണ്ണം വെറും ഏഴ്..
ഒരു പക്ഷെ തന്റെ കഥയുടെ പേരുമാറ്റി "ഓച്ചൻ തുരുത്തിലെ ഇക്കിളി രാവുകൾ " എന്നാക്കി, കുറെ മസാലയും ചേർത്ത് വിളമ്പിയിരുന്നേൽ..
ആ '' ശ്രീമോൾ ശ്രീക്കുട്ടിയുടെ " ആദ്യ രാത്രിയിലെ പ്രസവവേദന "എന്ന കഥപോലെയോ.. അന്ത്രപ്പൻ ചെന്ത്രാപ്പിന്നിയുടെ ''മണിയറയിലെ വെടി ശബ്ദം " എന്ന കഥപോലെയോ കൊട്ടക്കണക്കിന് " കെ " കൾ വാരിക്കൂട്ടിയേനെ !.
എന്നാലും ഈ മലയാളിക്കിതെന്തുപറ്റി..? ഉത്പലൻ ആ ഇരുപ്പിലിരുന്ന് തലപുകക്കാൻ തുടങ്ങി. എവിടെ നോക്കിയാലും അശ്ളീല തരംഗം...വാക്കിൽ, നോക്കിൽ,ചിന്തയിൽ, പ്രവൃത്തിയിൽ എല്ലായിടത്തും അതുതന്നെ..!
ലൈംഗീക ദാരിദ്ര്യം..അല്ലാതെന്ത്. അവൻ ദീർഘനിശ്വാസം ഉതിർത്തു.
പക്ഷെ തന്നെപ്പോലെ..സാഹിത്യ കുഞ്ചകവും, കാര്യമാത്രപ്രസക്തനും, ഭാഷാവിരാദനും, വിപ്രലംഭാലങ്കാരകനും, അതും, ഇതും ഒക്കെയായി സാഹിത്യ നഭസിന്റെ ഉത്തുംഗതയിൽ വിളങ്ങി നിൽക്കുന്ന ഒരാൾ വായനക്കാരന്റെ തൃപ്തിക്കു വേണ്ടി, ഇതുപോലുള്ള അശ്ളീല ഭരിത വ്യംഗ്യാർത്ഥ ചമത്കാര കഥകൾ ചമക്കുന്നത് മാനത്തിന് നിരക്കുന്ന കാര്യമാണോ..?!
ഉത്പലൻ തന്നോട് തന്നെ ചോദിച്ചു.. "എന്റെ പട്ടി എഴുതും.ഇമ്മാതിരി സാഹിത്യം." ഉത്തരവും ഉടനടി അവന്റെ ഉള്ളിൽ നിന്നും പുറത്ത് വന്നു.എന്നാലും, ഒരു സാദാ മലയാളി വായനക്കാരന്റെ ജിജ്ഞാസയെ ഉണർത്തി, ചോദനയെ വിറപ്പിച്ച് ..വായനാകുതുകി ആക്കണമെങ്കിൽ, കുറഞ്ഞ പക്ഷം ആദ്യത്തെ വരികളും, തലക്കെട്ടും
"ആ ദിവസങ്ങളിലെ വേദനകൾ " എന്ന മട്ടിലെങ്കിലും ആവണം. ഈ തലത്തിലേക്ക് ഇവറ്റകൾ ഓൺലൈൻ സാഹിത്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. അതുണ്ടെങ്കിലെ ഇപ്പോൾ ലൈക്കുകൾ ആർജ്ജിക്കാൻ പറ്റൂ..
ലൈക്കുണ്ടെങ്കിലല്ലേ ആൾക്കാർ
അംഗീകരിക്കൂ. തന്നേപ്പോലുള്ള സംസ്കാര സമ്പന്നർ ഇനി എന്ത് ചെയ്യും..?!
ഈ വിധ ചിന്തകൾ മൂലം കെട്ടുപിണഞ്ഞ് പോയ ഉത്പലന്റെ ചിന്താസരണി.. ഡി. എൻ .എ യുടെ മൈക്രോസ്കോപിക് ചിത്രം പോലെ ചുറ്റുഗോവണി രൂപമാർജ്ജിച്ച്, അവന്റെ തലയിൽ നിന്നും രാവേറെ ആകുവോളം കിളികളെ പാറിക്കുവാൻ തുടങ്ങി. അങ്ങനെ ഉറക്കം നഷ്ടപ്പെട്ട് നട്ടം തിരിഞ്ഞ ഉത്പലൻ, തന്റെ ഫോണെടുത്ത ശേഷം, ഇത്തരം അവസരങ്ങളിൽ താൻ നടത്തുന്ന പതിവ് ക്രീഡയിലേക്ക് കടന്നു, പച്ച തെളിഞ്ഞ് കണ്ട ഒരു പുതിയ വായനക്കാരിയുടെ ഇൻബോക്സിലേക്ക് അവൻ വളരെ സാംസ്കാരിക നിലവാരമുള്ള ഒരു മെസ്സേജ് അയച്ചു.
''കഴിച്ചായിരുന്നോ...?
ഐ മീൻ... മോളൂസ് ചോറു കഴിച്ചായിരുന്നോ..?"
മറുപടി ലഭിച്ചില്ലെങ്കിലും, അവിടുത്തെ പച്ച വെളിച്ചം കെട്ടില്ല. അത് ഉല്പലനെ ആവേശത്തിന്റെ ഉത്തുംഗതയിലേക്ക് എത്തിച്ചു.
ഉത്പലൻ വേഗം അനന്തര നടപടിയിലേക്ക് കടന്നു.
" ഉറക്കം വരുന്നില്ലെങ്കിൽ ഞാനൊരു താരാട്ട് പാട്ട് പാടാം കേട്ടോ..കുട്ടിക്ക് വീഡിയോകോൾ ചെയ്യുന്നതിൽ താത്പര്യം ഉണ്ടോ...? "
ഉടനടി പച്ചകെട്ടു, അതോടെ കുട്ടി ഒരു തത്പര കക്ഷിയല്ല എന്ന് ഉല്പുവിന് മനസ്സിലായി. വരാലു പിടിക്കാൻ വേണ്ടി കണ്ടത്തിലോട്ടിട്ട തന്റെ ഫൈബർ ചൂണ്ട, റബ്ബർ ഫ്രോഗോടു കൂടി തിരിച്ച് ചുറ്റിയ അവൻ മറ്റൊരവസരത്തിൽ മൂർച്ചകൂട്ടി ഇടാനായ് അത് മാറ്റിവെച്ചു. എന്നിട്ട് തന്റെ ആത്മാർത്ഥ മിത്രം പറങ്ങോടന് ഒരു വാട്സ് ആപ് സന്ദേശമയച്ചു
" ഹൈ, ഇന്ന് പുതിയ കഷണം വല്ലോം വന്നിട്ടുണ്ടോ...? ഞാൻ കാണാത്തതുണ്ടേൽ ഒരെണ്ണം വിട്. MB കുറഞ്ഞത് മതി. നെറ്റ് തീരാറായി. പകല് കൊറെ എണ്ണം ഡൗൺലോഡ് ചെയ്തു. സൈറ്റൊക്കെ ഇപ്പം സർക്കാര് ബ്ലോക്കാക്കികൊണ്ടിരിക്കുവാ...
എന്നാൽ ആ നട്ടപ്പാതിരാക്ക് താനയച്ച മെസ്സേജ്, പറങ്ങോടന് ഡെലിവറി ആകുന്നില്ല എന്ന് കണ്ട ഉത്പലൻ വീണ്ടും നിരാശനായ്...
കനത്ത ഹൃദയഭാരത്തോടെ കട്ടിലിൽ എഴുന്നേറ്റിരുന്ന അവൻ,തന്റെ തലക്ക് മുകളിൽ, ഞരങ്ങിക്കറങ്ങുന്ന ഫാനിലേക്ക് നോക്കി താനൊഴികെയുള്ള മലയാളികളുടെ സാംസ്കാരിക നിലവാരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി..
"അല്ല...ഈ മലയാളിക്കിതെന്ത് പറ്റി...?!"
ഇത്തവണ അതിനുള്ള ഉത്തരവും,ദീർഘ നിശ്വാസവും പുറത്തേക്കു വരാതെ ഉത്പലന്റെ ഉള്ളിൽ തന്നെ എവിടെയോ തട്ടിത്തടഞ്ഞ് നിന്നു.
അരുൺ -

കഥയെഴുത്ത് മത്സരം - മത്സരഫലം


പ്രിയ സുഹൃത്തുക്കളേ,

"കഥയെഴുത്ത്" മത്സരത്തിന്റെ അന്തിമവിധി വന്നിരിക്കുകയാണ്. ഇത്രയും താമസം നേരിട്ടതിൽ ഞങ്ങളോടു ക്ഷമിക്കുമല്ലോ.
മികച്ച കഥ അഭിഷേക് എഴുതിയ "ജം"
1. ജം (കഥയെഴുത്ത് - മത്സരം) - Entry 15
https://www.nallezhuth.com/2020/06/entry-15.html

 താഴെക്കൊടുത്തിരിക്കുന്ന രചനകളാണ് പ്രോത്സാഹനസമ്മാനാർത്ഥം ചിമിഴ് മാസികയിൽ പ്രസിദ്ധീകരിക്കാനെടുത്തിട്ടുള്ളത്. ആയതിനാൽ രചയിതാക്കൾ ആ രചനകളിലെ തെറ്റുകൾ തിരുത്തി ചിമിഴ് മാസികയ്ക്ക് അയയ്ക്കണമെന്ന് താല്പര്യപ്പെടുന്നു. ചിമിഴ് മാസികയുടെ സാരഥിയായ ശ്രീ അരുൺ ദാസിനെ സമീപിക്കാൻ അപേക്ഷ). രണ്ടാം റൗണ്ടിലെത്തിയ ബാക്കി കഥകളിൽ ഏതെങ്കിലും പ്രസിദ്ധീകരിക്കാൻ താല്പര്യമുണ്ടെങ്കിൽ അതും ചിമിഴ് മാസികയെ അറിയിക്കാവുന്നതാണ്.

2. അയമാത്മാ (കഥയെഴുത്ത്-മത്സരം) - Entry 38
https://www.nallezhuth.com/2020/06/entry-38.html

3. മരിച്ചവന്റെ ആത്മകഥയിൽ നിന്ന്. (കഥയെഴുത്ത് - മത്സരം ) - Entry 27
https://www.nallezhuth.com/2020/06/entry-27.html

4. ഒരാണിയും കുറേ വ്യാകുലതകളും - (കഥയെഴുത്ത് മത്സരം) - Entry 20
https://www.nallezhuth.com/2020/06/entry-20.html

5. കനൽനിലങ്ങൾ [കഥയെഴുത്തു മത്സരം] - Entry 33
https://www.nallezhuth.com/2020/06/entry-33.html

6. ചോര ചോരതന്നെ... (കഥയെഴുത്ത് മത്സരം) - Entry 13
https://www.nallezhuth.com/2020/06/entry-13.html

7. കൂട്ടിരിപ്പ്‌ (കഥയെഴുത്ത് മത്സരം) - Entry 24
https://www.nallezhuth.com/2020/06/entry-24.html

8. കാരമുള്ളിനിടയിലെ കുറിപ്പ് (കഥയെഴുത്ത് മത്സരം ) - Entry 37
https://www.nallezhuth.com/2020/06/entry-37.html

9. തെന്നൽ (കഥയെഴുത്ത്‌ -മത്സരം) - Entry 19
https://www.nallezhuth.com/2020/06/entry-19.html

10. വിടവാങ്ങൽ...(കഥയെഴുത്ത് - മത്സരം) - Entry 7
https://www.nallezhuth.com/2020/06/entry-7.html

11. നിഴലും വെളിച്ചവും (കഥയെഴുത്ത്-മത്സരം) - Entry 4
https://www.nallezhuth.com/2020/06/entry-4.html

12. സാറാസ് ക്രാഡിൽ  ( കഥയെഴുത്തു മത്സരം ) - Entry 31
https://www.nallezhuth.com/2020/06/entry-31.html

13. ചോളപ്പാടങ്ങളിൽ മുഴങ്ങുന്ന പെരുമ്പറകൾ.- (കഥയെഴുത്ത് - മത്സരം) - Entry 39
https://www.nallezhuth.com/2020/06/entry-39.html

14. അയാളും - ഞാനും (കഥയെഴുത്ത് - മത്സരം) - Entry 26
https://www.nallezhuth.com/2020/06/entry-26_24.html

15. മാമോദീസ (കഥയെഴുത്ത് - മത്സരം) - Entry 29
https://www.nallezhuth.com/2020/06/entry-29.html

NB : കഥകളിൽ വ്യത്യസ്തമായ പ്രമേയങ്ങൾ കടന്നുവന്നുവെങ്കിലും ഭാഷാശുദ്ധി ( ചിഹ്നങ്ങളില്ല/ തെറ്റായി ഇട്ടിരിക്കുന്നു, അക്ഷരത്തെറ്റ്)  വളരെക്കുറവാണെന്ന് രചനകൾ പരിശോധിച്ച ചില വിധികർത്താക്കൾ അറിയിച്ചിട്ടുണ്ട്. രചയിതാക്കൾ ശ്രദ്ധിക്കുമല്ലോ. പ്രസിദ്ധീകരിക്കാൻ അയയ്ക്കുമ്പോൾ ഭാഷാശുദ്ധി വരുത്തിയശേഷം ചിമിഴിലേക്ക് നൽകുക.
പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
നന്ദി,

നല്ലെഴുത്ത് & ചിമിഴ് .

ഹൃദയത്തോടടുത്ത് (കഥ)


"നീയും ഞാനും തമ്മിൽ ഇനിയൊരിക്കലും ഒരു ബന്ധവും ഇല്ല. കഴിയുമെങ്കിൽ ഇനി എന്റെ മുന്നിൽ കാണരുത് നിന്നേ.. വെറുത്തു
പോയി "
അങ്ങനെ പൊട്ടിത്തെറിക്കുമ്പോഴും ആ കണ്ണ് നിറഞ്ഞത് കണ്ടാണ് ഞാൻ പിന്നീടൊരിക്കലും അവന്റെ മുന്നിൽ പോകാതിരുന്നത്.. എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല. എന്റെ കൂടപ്പിറപ്പ് കൂടി ആയിരുന്നു. അവൻ നല്ലവനാണ്. ഒരു പക്ഷെ മറ്റാരേക്കാളും.
ഞാൻ അത്ര നല്ലവനല്ല.. അവന്റെ അത്രയും നല്ലവനായാൽ ഈ ഭൂമിയിൽ ജീവിക്കാൻ നല്ല പോലെ പ്രയാസപ്പെടും. ഞാൻ എല്ലാ ദുശീലങ്ങളുമുള്ള സാധാരണ മനുഷ്യനാണ്. നന്നായി പുക വലിക്കുന്ന, അവധി ദിവസങ്ങളിൽ അത്യാവശ്യം വെള്ളമടിച്ച് അലമ്പുണ്ടാക്കുന്ന, ഇഷ്ടമല്ലാത്ത കാര്യങ്ങളിൽ നന്നായി തന്നെ പ്രതികരിക്കുന്ന, വേണമെങ്കിൽ രണ്ടു കൊടുക്കുന്ന ഒരു തെമ്മാടി.
ആ ഞാൻ പേര് പറഞ്ഞില്ലല്ലോ ഞാൻ അർജുൻ. അച്ഛനും അമ്മയുമൊക്കെ നേരെത്തെ പോയി. അവർ സമ്പാദിച്ച കുറെ സ്വത്തുക്കൾ പിന്നെ കുറെ കൂട്ടുകാർ.. സ്വത്തൊന്നും ഞാൻ നശിപ്പിച്ചിട്ടില്ല. കാരണം എന്റെ കൂട്ടുകാരനില്ലേ, പിണങ്ങി പോയവൻ, അവൻ പറയും സ്വന്തമായി സമ്പാദിച്ചതേ നശിപ്പിക്കാൻ നമുക്ക് യോഗ്യത ഉള്ളു എന്ന്..
അവൻ കണ്ണൻ. ശരിക്കും കൃഷ്ണാർജ്ജുനന്മാരെ പോലെ ആയിരുന്നു ഞങ്ങൾ. എന്നെ നന്നാക്കാൻ അവൻ ഒരു പാട് ശ്രമിച്ചു വിജയിച്ചില്ല. എന്റെ ഒപ്പം ഒരു പെണ്ണിനെ കണ്ടപ്പോഴാണ് അവന്റെ നിയന്ത്രണം പോയത്. ശരിക്കും അവൻ തെറ്റിദ്ധരിച്ചു പോയതാണ്. ആ ഒരു കാര്യത്തിൽ മാത്രം ഞാൻ തെറ്റുകൾ ചെയ്തിട്ടില്ലായിരുന്നു. ആ പെണ്ണിനെ കൊണ്ട് വന്നത് എന്റെ ചില സുഹൃത്തുക്കൾ തന്നെ ആയിരുന്നു. ഞാൻ എതിർത്തില്ല എന്നത് സത്യം തന്നെ. പക്ഷെ ഞാൻ ആ കൂട്ടത്തിൽ ചേർന്നില്ല. എത്ര പറഞ്ഞിട്ടും അതവൻ വിശ്വസിച്ചില്ല. അവൻ വന്നപ്പോൾ അവളുണ്ടായിരുന്നു ഇവിടെ. കാണരുതാത്ത സാഹചര്യത്തിൽ തന്നെ. അവനെന്നെ അടിച്ചു. ഒരിക്കലല്ല പല തവണ. എന്റെ മറ്റു കൂട്ടുകാർ തടയാൻ നോക്കിയപ്പോൾ ഞാൻ തന്നെ ആണ് വേണ്ട എന്ന് പറഞ്ഞത്. കാരണം അവനതിന് അധികാരം ഉണ്ട്. വേറെ ഒരാൾ ആയിരുന്നു അവന്റെ സ്ഥാനത്തെങ്കിൽ ഞാൻ അവനെ കൊന്നേനെ.
അവനോട് സത്യം പോയി പറയാമെന്ന് എന്റെ കൂട്ടുകാർ പറഞ്ഞു. ഞാൻ പറഞ്ഞിട്ട് വിശ്വസിക്കാത്തതാണോ ഇനി അവർ പറഞ്ഞാൽ? വെണ്ട അവൻ പോവട്ടെ.. പാവം ആണവൻ. അവന്റെ മുന്നിൽ ചെന്നില്ലെങ്കിലും ഞാൻ ഒളിച്ചു നിന്ന് അവനെ കാണും. ക്ഷേത്രത്തിൽ പോകുമ്പോൾ, ഓഫീസിൽ പോകുമ്പോൾ, അനിയത്തിമാരെ കൂട്ടി സിനിമ ക്ക് പോകുമ്പോൾ ഒക്കെ.. അവന്റെ മുഖം സങ്കടപ്പെട്ട പോലെ ആയിരുന്നു എപ്പോഴും. അവനെങ്ങനെയാണ് എന്നോട് പിണങ്ങി ഇരിക്കാൻ സാധിക്കുന്നത് എന്ന് തോന്നി എനിക്ക്.
അച്ചു..എന്നവൻ വിളിക്കുമ്പോൾ അതിലെ സ്നേഹത്തിന്റെ പാലാഴി എന്നെ നനയ്ക്കാറുണ്ട്.. എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരുമ്പോൾ എന്റെ അച്ഛനും അമ്മയും എന്നെ വിട്ട് പോയിട്ടില്ല എന്നെനിക് തോന്നാറുണ്ട്.. എനിക്ക് അവൻ വാരി തരുമ്പോൾ ആ ഉരുള ചോറിനു ഞാൻ അമൃതിന്റ മൂല്യം കൊടുക്കാറുണ്ട്.. അവനെ നഷ്ടമായപ്പോ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ ഞാൻ ആ നാട്ടിൽ നിന്നു പോകാൻ തീരുമാനിച്ചു. പോകും മുന്നേ അവനെ ഒന്ന് കാണണം.
ഇന്ന് എന്റെ പിറന്നാൾ ആണ്. എല്ലാ വർഷവും അവന്റെ വീട്ടിലാണെനിക്ക് സദ്യ. അവനാണ് ആദ്യ ഉരുള തരിക. ഇന്ന് ഞാൻ ഉപവാസം ഇരിക്കാൻ തീരുമാനിച്ചു. ഞാൻ സാധാരണ ക്ഷേത്രത്തിൽ പോകാറില്ല. കണ്ണൻ ഒത്തിരി നിര്ബന്ധിക്കുമ്പോൾ അവനൊപ്പം വെറുതെ കൂട്ട് പോകും. ഇന്ന് ഞാൻ ക്ഷേത്രത്തിൽ പോയി.
"പിറന്നാൾ ആണല്ലേ? കൂട്ടുകാരൻ നേരെത്തെ വന്നല്ലോ വഴിപാട് ഒക്കെ കഴിപ്പിച്ചു. പായസവുമായി ദേ ഇപ്പൊ പോയതേയുള്ളു "പൂജാരി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി ഞാൻ ഒരു നിമിഷം അനങ്ങാതെ നിന്നു പോയി.
"എത്ര സ്നേഹം ആണ് തന്നോട് ആ കുട്ടിക്ക്. എന്നും പുഷ്പാഞ്ജലി കഴിപ്പിക്കും "അർജുൻ പൂരം നക്ഷത്രം" ഇപ്പൊ മനഃപാഠമായി.. തനിക്ക് സമയം ചീത്തയാണത്രെ.. "
ഞാൻ വെറുതെ തലയാട്ടി
അവന്റെ വീടിന്റ മുന്നിലെത്തിയപ്പോ ഒരു തളർച്ച..
"കണ്ണേട്ടാ അച്ചുവേട്ടൻ വന്നൂട്ടോ ഇനി ഇലയിട്ടോളൂ "അനിയത്തിക്കുട്ടി ഓടി വന്നു കയ്യിൽ പിടിച്ചു. "വാ ഏട്ടാ "
കണ്ണന്റെ മുഖത്ത് ഗൗരവം തന്നെ..
ഞാൻ വരുമെന്ന് നിനക്ക് എങ്ങനെ അറിയാമായിരുന്നു എന്ന് ഞാൻ അവനോടു ചോദിച്ചില്ല.
എന്തിനാണ് നീ വന്നതെന്ന് അവനും എന്നോട് ചോദിച്ചില്ല
അവന്റെ ആദ്യ ഉരുള ചോറ് തൊണ്ടയിൽ നിന്നിറങ്ങുമ്പോൾ ആദ്യമായി ഞാൻ വിങ്ങിക്കരഞ്ഞു.. അവനില്ലാത്ത ദിവസങ്ങൾ ഇനിയൊരിക്കലും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചു..
കണ്ണൻ എനിക്കായ് കസവു നൂലിന്റ കരയിലുള്ള ഒരു മുണ്ടും മറൂൺ ഷർട്ടും എടുത്തു വെച്ചിരുന്നു. എല്ലാ വർഷവും പതിവുള്ളതാണ്.
"ഞാൻ ഇവിടം വിട്ട് പോകാൻ ഇരിക്കുകയായിരുന്നു "
ഞാൻ മെല്ലെ പറഞ്ഞു
"പൊയ്ക്കോ "കണ്ണൻ ചിരിച്ചു
"നീയില്ലാതെ പറ്റുന്നില്ലടാ.. എന്നോട് പിണങ്ങി ഇരിക്കാതെ.. "ഞാൻ അവനെ കെട്ടിപ്പിടിച്ചു..
അവൻ പുഞ്ചിരിച്ചു
"നീ നന്നായി കണ്ടാൽ മാത്രം മതി അച്ചു എനിക്ക്.. നീ ഓരോ തവണ തെറ്റ് ചെയ്യുമ്പോഴും നീ വെറുതെ ഒന്നോർക്കുക. നിനക്കൊരു കുടുംബം ഉണ്ട് അച്ഛൻ അമ്മ ഞാൻ അനിയത്തിമാര് അവരൊക്കെ നിന്റെയുംകൂടി ആണ്.. നീ ചീത്ത ആണെങ്കിൽ നിന്റെ അനിയത്തിമാരെ കല്യാണം കഴിക്കാൻ ആരു വരും? '
ആ ചോദ്യം എന്റെ ഉള്ളിൽ വീണ് പൊള്ളി.
കള്ളക്കണ്ണനാണ് അവൻ..
ആ ചോദ്യത്തോടെ ഞാൻ നന്നായി.
എനിക്കും ഒരു കുടുംബം
അച്ഛൻ അമ്മ അനിയത്തിമാര് ഒക്കെ ഉണ്ടായി.
അവരുടെ കല്യാണം ഒക്കെ എന്റെയുംകൂടി ഉത്തരവാദിത്തം ആയി..
ഇപ്പൊ എനിക്ക് ഒരു കാര്യം മനസിലായി.
ഉത്തരവാദിത്തം ഇല്ലാത്തതിന്റെ കുഴപ്പം ആയിരുന്നു എനിക്ക്..
ഇപ്പൊ ശരിയായി..
പുകവലിക്കരുത് എന്നവൻ പറഞ്ഞില്ല. പക്ഷെ chainsmoker ആകരുത് എന്ന് പറഞ്ഞു
മദ്യപിക്കരുത് എന്നും പറഞ്ഞില്ല പക്ഷെ ആൾക്കഹോളിക്‌ ആകരുത് എന്ന് താക്കീത് നൽകി
കല്യാണം കഴിക്കുന്ന പെണ്ണിനെയല്ലാതെ മറ്റൊരു പെണ്ണിനെ വീട്ടിൽ കണ്ടാൽ ഇനി ഒരു ഒത്തുതീർപ്പില്ല എന്നും പറഞ്ഞു.
എനിക്ക് ഒന്നും വെണ്ട.
അവൻ മാത്രം മതി.
ഈ കൂട്ട് മതി. ഈ കുടുംബം മതി.."
"
Written By Ammu Santhosh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo