പെരിയാറിന്റെ തീരത്ത്


രാത്രിയില്‍ പെയ്ത മഴയുടെ ബാക്കിപത്രമെന്നോണം ,തണുത്ത കാറ്റ് വീശുന്ന പ്രഭാതത്തിലും,റെയിൽവേ സ്റ്റേഷനില്‍ സാമാന്യം നല്ല തിരക്കുണ്ട്,കുട്ടികളും മുതിര്ന്നിവരുമടക്കം ആ പുരുഷാരത്തില്‍ ഏറിയ പങ്കും വടക്കോട്ടുള്ള ഇന്റര്സിനറ്റി എക്സ്പ്രസ്സ് കാത്തുനില്ക്കുംന്നവരാണ്......
ട്രെയിന്‍ വരുന്നതിനു മുന്നറിയിപ്പായുള്ള അനൌണ്സ്മെന്റ് മുഴങ്ങിതുടങ്ങി,അവിടവിടെ ആയി ചിതറി നിന്നവര്‍ പ്ലാറ്റ്ഫോമിനു സമീപത്തേക്ക് നീങ്ങിതുടങ്ങി ,
സിമന്റ് തറയിലിരുന്ന തന്റെ തോൾഞ്ചിയെടുത്തു മടിയില്‍ വെച്ച് രവിയും യാത്രക്കായി തയ്യാറെടുത്തു.........
ഏറെ കഴിയുമുന്നെ ഇന്റർസിറ്റിഎക്സ്പ്രസ്സും മഴയും ഒരുപോലെ വന്നെത്തി ..............
തിക്കിനും ,തിരക്കിനുമിടയില്‍ ഏറെ ബുദ്ധിമുട്ടിയെന്ക്കിലും രവി വിന്ഡോ സൈഡില്‍ തന്നെ സീറ്റ് തരപ്പെടുത്തി,തൊട്ടടുത്തിരിക്കുന്നത് പെണ്കുട്ടികളടക്കമുള്ള നഗരത്തിലെ ഏതോ കോളേജില്‍ പഠിക്കുന്ന ഒരുപറ്റം വിദ്യാര്ഥികകളായിരുന്നു,......
ട്രെയിന്റെ വേഗത കൂടുന്നതനുസരിച്ച് പുറത്ത് മഴയുടെ ശൌര്യവും കൂടിവന്നു,ട്രെയിനില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നുവേങ്ക്കിലും,പുറത്തുപെയ്യുന്ന മഴയെ പാട്ടും,താളവുമായി അവര്‍ ട്രെയിനകത്ത് ആഘോഷമാക്കി മാറ്റി,എല്ലാത്തിനും സാക്ഷിയായി നിശബ്ദനായി രവിയും......
ട്രെയിന്‍ രണ്ടു,മൂന്ന്,സ്റ്റെഷനുകള്‍ പിന്നിട്ടു ആലപ്പുഴയില്‍ ഏത്തി ചേര്ന്ന്പ്പോള്‍ ട്രെയിനിലെ തിരക്കിനു അല്പം ശമനമുണ്ടായി,പുറത്തെ മഴക്കും............
വണ്ടിവീണ്ടും മുന്നോട്ടു നീങ്ങികൊണ്ടേയിരുന്നു,തിരക്കൊഴിഞ്ഞു തുടങ്ങിയ ട്രെയിനിലെ ആ കോച്ചില്‍ വിദ്യാര്‍ഥികളും,രവിയും മാത്രമായി,അവരില്‍ ചിലര്‍ സംഘംചേര്ന്ന് സെല്ഫിയെടുപ്പും,മറ്റുകലാപരുപാടികളും തുടര്ന്ന്കൊണ്ടേയിരുന്നു,ജനലഴിയിലുടെ പുറംകാഴ്ചകളില്‍ കണ്ണും നട്ട് രവിയും......
''ഏങ്ങോട്ടാ മാഷേ യാത്ര" കൂട്ടത്തില്‍ തലമൊട്ടയടിച്ചു,ക്ലീന്ഷേയവ് ചെയ്ത ഏകദേശം ഇരുപതു വയസ്സ് തോന്നിക്കുന്ന പയ്യന്‍ രവിയോടായി ചോദിച്ചു ....
"കുറച്ചു ദൂരെ വരെ " എന്ന അലസമായ മറുപടിയാണ് രവി നല്കിയത്,
"വിട്ടുകള സോനു അമ്മാവന്‍ ഓള്ഡ് ജനറേഷനാ" കൂട്ടത്തിലാരോ പറഞ്ഞു.
"സ്ഥലത്തിന്റെ പേര് പറ മാഷേ" ആ പയ്യന്‍ വിടാനുള്ള ഭാവമില്ലായിരുന്നു......
തോള്സ്ഞ്ചിയില്‍ നിന്നും വെള്ളം കുപ്പിയെടുത്ത് അല്പം കുടിച്ചശേഷം ,രവി പറഞ്ഞു "പെരിയാറിന്റെ തീരത്തേക്ക്".....
"പെരിയാറിന്റെ തീരത്തെക്കോ അവിടെ എന്താണ്"
സോനു വീണ്ടും ചോദ്യംതുടര്ന്ന് ....
വണ്ടി ചേര്‍ത്തലയും ,അരൂരും കഴിഞ്ഞു മുന്നോട്ടു കുതിക്കുകയാണ്,പുറത്തു മഴമാറി വെയില്‍ മുഖംകാണിച്ചു തുടങ്ങി,.....
''പുഴകാണണം,ഒപ്പം മകളെയും ''
ചുരുങ്ങിയ വാക്കുകളിൽമറുപടി നല്കി രവി പുറംകാഴ്ച്ചകളിലേക്ക് കണ്ണുംനട്ടിരുന്നു...
വണ്ടി ഏറണാകുളം സൌത്ത് സ്റ്റെഷനോട് അടുക്കുന്നു,
"സോനു അപ്പോൾ ഞങ്ങൾ ഇറങ്ങുവാ,വീട്ടിലെത്തിയിട്ടു വിളിക്ക്,നാളെ കോളേജിൽ വെച്ച് കാണാം"
കൂടെയുള്ളവർ സോനുവിനോടു യാത്രപറഞ്ഞിറങ്ങി...
കൊച്ചിയുടെ നഗരഹൃദയവും പിന്നിട്ട് വണ്ടി മുന്നോട്ട് യാത്ര തുടര്ന്നു,
"കൂട്ടുകാരെല്ലാം ഇവിടെ വൈറ്റിലയിലും,കുണ്ടന്നുരും ഒക്കെയുള്ളവരാണ്,അവർ ഇറങ്ങി" സോനു രവിയോടായി പറഞ്ഞു..............
ഞാൻ ആലുവയിലാണ് ഇറങ്ങുന്നത് സോനു തുടര്ന്നു
അതിരിക്കട്ടെ മാഷിന്റെ മോൾ പെരിയാറിന്റെ തീരത്ത് ഏവിടെയാണ്‌ ?
'' വര്ഷങ്ങള്‍ക്ക് മുന്നേ വിനോദയാത്രക്ക് വന്ന സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബോട്ട് പെരിയാറില്‍ മറിഞ്ഞത്,ഓര്‍ക്കുന്നുണ്ടോ ,പത്തു വര്‍ഷങ്ങള്‍ക്ക് മുന്പ് ഇടവപ്പാതി കലിതുള്ളിയ നിമിഷത്തില്‍ പെരിയാറിന്റെ ആഴകയങ്ങളിലേക്ക് എന്റെ മകള്‍ ഞങ്ങളെ വിട്ടകന്നതിന്റെ ഓര്മ്മ ദിവസമാണിന്ന്...........''
പൂര്ത്തീകരിക്കനാവാതെ രവിയുടെ ശബ്ദം ഇടറി
എല്ലാ വര്‍ഷവും ലോകത്തിന്റെ ഏതു കോണിലായാലും ഇന്നത്തെ ദിവസം,പോന്നുമോളുടെ ജീവന്റെ അവസാനതുടിപ്പുകള്‍ നിന്ന പെരിയാറിന്റെ തീരത്ത് ഞാന്‍ ഏത്താറുണ്ട്,എന്തിനു ഏന്നു ചോദിച്ചാല്‍ അറിയില്ല ,പഴയഓര്‍മ്മകള്‍ അയവിറക്കി ദിവസം മുഴുവന്‍ പെരിയാറിന്റെ തീരത്ത്‌ ചിലവിടും,പോയവര്ഷം വരെ ഭാര്യയുമുണ്ടായിരുന്നു,ജീവിതയാത്രയുടെ പാതിവഴിയില്‍ അവളും മോളുടെ അടുത്തേക്ക് യാത്രയായി''
നിറകണ്ണുകളോടെ രവി പറഞ്ഞുനിര്‍ത്തുമ്പോഴേക്കും വണ്ടി ആലുവാ സ്റ്റേഷനില്‍ ഏത്തിയിരുന്നു........
രവിക്കൊപ്പം,സോനുവും പെരിയാറിന്റെ തീരത്തേക്ക് നടന്നു ,ആകാശത്തു വീണ്ടും മഴമേഘങ്ങള്‍ കൂടുകൂട്ടി തുടങ്ങിയിരുന്നു...
''ഇവിടെ വരുമ്പോള്‍ മോള്‍ ഇവിടെവിടെയോ ഉണ്ടെന്ന തോന്നലാണ് മനസ്സില്‍,പോയ ഒരുവര്ഷത്തെ ഒരുപാട് കാര്യങ്ങള്‍ പെരിയാറിനെ സാക്ഷി നിര്ത്തി മോള്‍ എന്നോട് പറയും,
മോനറിയുമോ എന്റെ മോള്ക്കും ഇപ്പോള്‍ നിങ്ങളുടെ പ്രായമുണ്ടാകും"' രവി തുടര്ന്ന്കൊണ്ടേയിരുന്നു...
ഏറെ നേരങ്ങള്ക്ക് ശേഷം മഴ വീണ്ടും ചാറിതുടങ്ങിയതോടെ സോനു,രവിയെ തന്റെ തൊട്ടടുത്തുള്ള വീട്ടിലേക്കു ക്ഷണിച്ചു,പിന്നൊരിക്കലാകാമെന്നു പറഞ്ഞു രവി ആ ക്ഷണം സ്നേഹപൂർവം നിരസിച്ചു ...
അല്ല ചോദിയ്ക്കാന്‍ മറന്നു നിങ്ങള്‍ ചങ്ങാതിമാര്‍ എല്ലാരും കൂടി ഏങ്ങോട്ടയിരുന്നു യാത്ര ? രവി സോനുവിനോടായി ചോദിച്ചു........................
''കീമോതെറാപ്പി ചെയ്യുവാന്‍ ക്യാന്സര്‍ സെന്ററില്‍,
ഇതിപ്പോള്‍ മൂന്നമാത്തെതാണ്,ഇനി രണ്ടെണ്ണംകൂടി വേണ്ടിവരുമെന്നാണ് ഡോക്ട്ടര്‍മാര്‍ പറയുന്നത്,
തുടക്കമാണ് ഏനിക്കു ഇതിനെ അതിജീവിക്കാന്‍ കഴിയുമെന്നുറപ്പുണ്ട്,
ഇതൊന്നും അമ്മക്കറിയില്ല,
ഏനിക്ക് അമ്മ മാത്രമേയുള്ളൂ ,അമ്മക്ക് ഞാനും ,അതോണ്ട് അമ്മ ഇതറിഞ്ഞാല്‍ സഹിക്കില്ല,അറിഞ്ഞാലും അമ്മക്ക് എന്ത് ചെയ്യുവാന്‍ കഴിയും ,കൂടെ വന്നത് കൊളെജിലെ കൂട്ടുകാരാണ്,
പിന്നെ ട്രെയിനില്‍ അവര് പാടുകയും,ബഹളം വെക്കുകയുമൊക്കെ ചെയ്യുന്നത്,ഒന്നും സംഭവിച്ചിട്ടില്ല എന്ന് എന്നെ വിശ്വസിപ്പിക്കാനും,എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൂട്ടാനുമുള്ള അവരുടെ ശ്രമങ്ങളാണ്''
നിറഞ്ഞ ചിരിയോടെ സോനു പറഞ്ഞുനിര്ത്തുമ്പോള്‍...
നിറകണ്ണുകളോടെ രവിസോനുവിനെ ചേര്ത്തുുപിടിച്ചുപറഞ്ഞു
"മോനെ പോലുള്ളവരുടെ ജീവിക്കാനുള്ള പോരാട്ടമാണ്,എല്ലാം നഷ്ട്ടപ്പെട്ടിട്ടും ആശകളും,പ്രതീക്ഷകളുമെല്ലാം ചിറകറ്റുവീണ എന്നെ പോലുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്,അടുത്ത ആഴ്ച്ച കൂട്ടുകാരെ ബുദ്ധിമൂട്ടികേണ്ട ഞാന്‍ വരാം ഹോസ്പ്പിറ്റ്ലിലെക്ക്"
വീണ്ടും കാണാമെന്ന ഉറപ്പോടെ രവിയും സോനുവും പെരിയാറിന്റെ തീരത്ത്‌ നിന്ന്‍ പിരിയുമ്പോള്‍ ,തെക്ക് പടിഞ്ഞാറന്‍ മണ്സൂണ്‍ അതിന്റെ സര്‍വശക്തിയോടെയും ആര്ത്തലച്ചു പെയ്തുതുടങ്ങിയിരുന്നു,അത്കണ്ട് പെരിയാറിന്റെ ഓളങ്ങള്‍ സന്തോഷത്താല്‍ ഇളകിമറിഞ്ഞുകൊണ്ടേയിരുന്നു........................
കെ.ആര്‍.രാജേഷ്

മന്ദാരമാല (കവിത )


ശുഭ്ര സുന്ദര ചേല പുതച്ചൊരു
ചേതോഹാരിയാം ദുഃഖ പുഷ്പമേ 
കൃഷ്ണ വർണ്ണത്തിൻ ചേലെഴും ഗാത്രവും
മുല്ലമൊട്ടുകൾ പോലുള്ള ദന്തവും
തെറ്റിപ്പഴം പോലുള്ളോരധരവും
നന്ത്യാർ വട്ട പൂവിൻ തീക്ഷ്ണ ഗന്ധവും
തിങ്ങി നിൽപ്പൂ ഗത കാല സ്മരണകൾ
ഇന്നുണരുന്നൂ മാനസം നിനക്കായ്
***********************************************************
അരയോളം നീളും കാർകൂന്തലും
നിലം തൊടാത്ത നിൻ പാദങ്ങളും
നിത്യവും ദർശിക്കും ഞാൻ നിന്നെയോമലേ
ചോരനെ പോൽ, കൈതക്കാട്ടിൻ പിന്നിൽ
***********************************************************
ഇന്നുനിന്നാഗ്രഹം സാഫല്യമായിടും
മന്ദാര പൂക്കളാൽ കോർത്ത മാല്യം
നിൻ ഗളത്തിൽ ചാർത്തിടും ഞാൻ
മറയല്ലേ , കാനന മധ്യത്തിൽ ,നിർദ്ദയം
സ്നേഹാമൃതേകാം , നിൻ കാമുകൻ ഞാൻ
പോയ ജന്മത്തിലെ നിന്നുടെ നഷ്ട -
മോഹങ്ങളൊക്കെയും സാഫല്യമാക്കുവാൻ
വിണ്ണിൽ നിന്നെത്തിയ ഗന്ധർവ്വൻ ഞാൻ ..
******************
സംഗീത .എസ് .ജെ

മരണമെന്ന നിത്യസത്യം


മോന് കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ് ഞാനും ചേട്ടനും അവനും കൂടി രണ്ട്റിയാൽ
ഷോപ്പിൽ പോയത്...സാധനങ്ങളും വാങ്ങി
കടയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോഴാണ്
മോനെടുത്ത ഒരു കാർ കടയിൽ മറന്നുവെച്ചെന്ന്
മനസ്സിലായത്..അവനതെടുക്കാനായി ചേട്ടനോടൊപ്പം കടയിലേക്ക് തിരിച്ചു കയറി.....
റോഡരുകിൽ നിന്ന എനിക്ക് നേരെയായി അമിതവേഗത്തിൽ ഒരു കാർ പാഞ്ഞടുത്തു..
ഓടിമാറാൻ ഞാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല...
അപ്പോഴേക്കും ആ കാർ എന്റെ ശരീരത്തെ
ഇടിച്ചിട്ടിരുന്നു...
ഓടിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂം
പകുതിമറഞ്ഞ ബോധത്തിലും ഞാൻ അന്വേഷിച്ചത്
എന്റെ പൊന്നുമോനെയായിരുന്നു.... അവൻ
ചേട്ടനോടൊപ്പം നിൽക്കുന്നതാണ് അവസാനമായി ഞാൻ എന്റെ കണ്ണിൽ കണ്ട കാഴ്ച...
പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് നാട്ടിലെ അറിയപ്പെടുന്ന വലിയൊരു ഹോസ്പിറ്റലിലെ
ഐസിയു വിലാണ്..
കണ്ണ് തുറന്നു ഞാൻ നോക്കുമ്പോൾ എന്റെ
അരികിലായി തൂവെള്ള വസ്ത്രം ധരിച്ച തേജസ്സുറ്റ
മുഖവുമായൊരാൾ...ആ കണ്ണുകളിലെ പ്രകാശമാകാം ഒരു പക്ഷേ എന്നെ ഉറക്കത്തിൽ
നിന്നും ഉണർത്തിയതെന്ന് എനിക്ക് തോന്നി....
"നിങ്ങളാരാ ഡോക്ടർ ആണോ അതോ നേഴ്സോ"
എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു
ആദ്യമറുപടി...പിന്നെ പതുക്കെ എന്നോടായി
പറഞ്ഞു ഞാൻ നിന്റെ മരണമാണ്...
ഒരു നിമിഷം ഞാനൊന്ന് ഞെട്ടിയോ..അതെ ഞാൻ ഞെട്ടിപ്പോയി... മരണമോ ...മരണമെന്നാൽ കാലൻ എന്നല്ലേ
എന്നെനിക്ക് ചോദിക്കണമെന്ന് തോന്നിയെങ്കിലും
ആ മുഖത്ത് നോക്കി വെറുപ്പോടെ കാലൻ എന്ന്
വിളിക്കാൻ തോന്നിയില്ല....
പകരം "അങ്ങ് യമദേവനാണോ"എന്ന് ചോദിച്ചു..
അതേ എന്ന് ചിരിച്ചുകൊണ്ടുത്തരം തന്നപ്പോൾ
എനിക്ക് മനസ്സിൽ സംശയം ഉടലെടുത്തു...
"ഞാൻ കഥകളിൽ.കേട്ടിട്ടുള്ള യമദേവൻ പോത്തിന്റെ പുറത്ത് കയറുമായി വരുന്ന ഒരു
രാക്ഷസ രൂപമാണ്...പക്ഷേ അങ്ങിപ്പോൾ ആ
ഒരു രൂപമേ അല്ല. പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും അങ്ങ് .മരണമാണെന്ന്"
അതിനുള്ള മറുപടിയും ആദ്യം ഒരു ചിരിയായിരുന്നു..
"നീ കഥകളിൽ കേട്ടുള്ള അറിവല്ലാ എന്നെക്കുറിച്ചുള്ളൂ...മരണത്തെ പേടിയുള്ളവർ
എനിക്ക് തന്ന സങ്കല്പരൂപമാണതെന്ന് നിനക്കിപ്പോൾ മനസ്സിലായില്ലേ"....
ശരിയാണ് മറ്റുള്ളവർ പറഞ്ഞറിയുന്നതല്ല ..സത്യം..
നമ്മൾ അനുഭവിച്ചറിയുന്നതാണെന്ന് എനിക്കപ്പോൾ മനസ്സിലായി...
"ഞാൻ മരിച്ചിട്ടില്ലല്ലോ പിന്നെയെന്തിനാ എനിക്കൊപ്പം അങ്ങിവിടെ ഇരിക്കുന്നത്"
എന്നുള്ള
എന്റെ ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി എന്നെ
ഞെട്ടിച്ചു..
"അതേ നീ മരിച്ചിട്ടില്ല..പക്ഷേ മൂന്ന് മണിക്കൂറിനുള്ളിൽ നീ മരിക്കും....അല്ല നീ മരിക്കുവല്ല നിന്നെ കൊന്നിരിക്കും അവർ"..
"ആര് ആരാണെന്നെ കൊല്ലുന്നത് ഞാനതിന്
എന്ത് തെറ്റ് ചെയ്തു ?"...
എന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം
പുറത്തേക്ക് വിരൽ ചൂണ്ടി....
ഐസിയു വിന് വെളിയിലായി എന്നെ പരിശോധിച്ച ഡോക്ടർ എന്റെ ചേട്ടനോടായി പറയുന്നത് ഞാൻ കേട്ടു....
"നിങ്ങളുടെ വൈഫിന് മസ്തിഷ്ക മരണം സംഭവിച്ചിരിക്കുവാണ്...സൗദിയിലെ ഡോക്ടേഴ്സ്
നിങ്ങളിൽ നിന്നത് മറച്ചുവെച്ചതാണ് ..
ഇനിയൊരിക്കലും പഴയ ഒരു അവസ്ഥയിലേക്ക്
നിങ്ങടെ വൈഫ് തിരിച്ചു വരില്ല..
നിങ്ങൾക്ക് സമ്മതമാണെങ്കിൽ അവരുടെ
അവയവങ്ങൾ ദാനം ചെയ്യാം."...
ഇത് കേട്ട് നിന്ന എന്റെ അച്ഛനും അമ്മയും
അനിയത്തിയുമൊക്കെ പൊട്ടിക്കരയുവാണ്...
എന്റെ ജീവന് വേണ്ടി എന്റെ അമ്മ വിളിക്കാത്ത ദൈവങ്ങളില്ല നേരാത്ത നേർച്ചകളില്ല എന്നിട്ടും....
വിറയാർന്ന സ്വരത്തിൽ ചേട്ടൻ ഡോക്ടറോട്
അവയവദാനത്തിന് സമ്മതം ആണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ നിന്ന് അരുതേ
സമ്മതിക്കരുതേ ചേട്ടാ....ഞാൻ മരിച്ചിട്ടില്ല
എനിക്കൊരു കുഴപ്പവുമില്ല എന്ന് ഞാൻ
വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.....
എന്റെ ശബ്ദം എന്നോടൊപ്പമുള്ള മരണമല്ലാതെ
വേറാരും കേട്ടില്ല...
"നീ പറയൂന്നത് അവരാരും കേൾക്കില്ല കുട്ടീ...
സത്യത്തിൽ നീ ജീവിതത്തിലേക്ക് തിരിച്ചു വരും
നിന്റെ തലച്ചോറിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല
നിനക്ക് ഇവർ നല്ല ചികിത്സ തന്നാൽ പത്ത്
ദിവസത്തിനുള്ളിൽ നീ പഴയതുപോലെ തന്നെ
ആകും ...പക്ഷേ ആ ഡോക്ടർ അത് ചെയ്യില്ല
അവരുടേതാണ് ഈ ഹോസ്പിറ്റൽ...ഇതിന്റെ
മറവിൽ അവർ ഇവിടെ വൻ അവയവ കച്ചവടം നടത്തുന്നുണ്ട്.അതിലൊരു ഇരയാണ് നീയും ഇതൊന്നുമറിയാത്ത പാവം നിന്റെ വീട്ടുകാരെ
പറഞ്ഞു പറ്റിക്കുകയാണിവർ...
നിന്റെ ഓരോ അവയവങ്ങൾക്കായി അവർ
ലക്ഷങ്ങൾ വിലയീടാക്കി കഴിഞ്ഞു.."
."നിങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവം തന്നല്ലേ ..എന്നെ മരണത്തിലേക്ക് കൊണ്ടു പോകാതിരുന്നൂടേ"
",പറ്റില്ല കുട്ടീ ഈശ്വരൻ നിന്റെ ജീവൻ രക്ഷിക്കാൻ
വേണ്ടിയാണ് നല്ലവരായ ഡോക്ടേഴ്സിന്റെ രൂപത്തിൽ സൗദിയിൽ നിന്നും ...നിന്നെ നാട്ടിൽ
പ്രിയപ്പെട്ടവരുടെ അടുക്കൽ കൊണ്ടുപോയി
ചികിത്സിക്കാൻ പറഞ്ഞയച്ചത് ..പക്ഷേ ഇവിടുത്തെ മനുഷ്യജന്മം പൂണ്ട ദുഷ്ടനായ ഈ
ഡോക്ടറുടെ മുന്നിൽ ഈശ്വരൻ പോലും
നിസ്സഹായനായി മാറി പോയി".....
അദ്ദേഹം പറഞ്ഞുതീർന്നതും ആ ഡോക്ടർ
എന്റടുത്ത് എത്തി കഴിഞ്ഞിരുന്നു.പിന്നെയെല്ലാം
പെട്ടെന്നായിരുന്നു ....ഓപ്പറേഷനുള്ള ഒരുക്കങ്ങൾ
എല്ലാം തുടങ്ങി കഴിഞ്ഞു.....എന്റെ ശരീരത്തിൽ
കത്തി കയറ്റിയപ്പോൾ ഞാൻ അലറികരഞ്ഞു
"എന്നെ കൊല്ലരുതേ...എനിക്ക് എന്റെ പൊന്നുമോനെ സ്നേഹിച്ച് കൊതിതീർന്നില്ല
അവനെ കൺനിറയെ കണ്ട് അവനെ സ്നേഹിച്ച്
എനിക്കവനോടൊപ്പം ജീവിക്കണം....എന്റെ
ചേട്ടനേയും അച്ഛനേയും അമ്മയേയും അനിയത്തിയേയും ഒന്നും വിട്ട് പിരിഞ്ഞ് പോകാൻ വയ്യ എനിക്ക്....എന്നെ കൊല്ലല്ലേ
ഡോക്ടറേ."
പക്ഷേ അവരെന്റെ കരച്ചിൽ കേട്ടില്ല കിട്ടാൻ
പോകുന്ന പണത്തിനോടുള്ള ആർത്തിയാരുന്നു
ആ മുഖം നിറയെ..
എന്റെ കരച്ചിൽ.കണ്ട് നിസ്സഹായനായി നിൽക്കുന്ന എന്റെ മരണത്തെ ഞാൻ കണ്ടു..
ആ കണ്ണുകളിലെ സങ്കടം ഞാൻ കണ്ടറിഞ്ഞു...
***********************************************
ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു ...എന്റെ മരണത്തിന്റെ കൈപിടിച്ച് ഞാൻ പുറത്തേക്കിറങ്ങിയപ്പോ ഞാൻ കണ്ടു എന്റെ
ജീവനറ്റ ശരീരത്തിൽ നോക്കി തളർന്ന് വീഴുന്ന
എന്റെ പ്രിയപ്പെട്ടവരെ....ഒന്നുമറിയാതെ തളർന്നുറങ്ങുന്ന എന്റെ പൊന്നുമോനെ.....
എന്റെ സങ്കടം കണ്ടാവാം എന്റെ മരണം
വേഗം എന്നെയും കൊണ്ട് മരണമെന്ന നിത്യമായ
സത്യത്തിലേക്ക് യാത്രയായി.....
(അവയവദാനം എന്ന മഹത്തായ പ്രവ്യത്തിക്ക്
പിന്നിൽ പണത്തിന് വേണ്ടി ചിലർ ...ചിലർ മാത്രം ...നിസ്സഹായരായ
രോഗികളുടെ ജീവൻ ഇത്തരത്തിൽ ഇല്ലാതാക്കുന്നു എന്നുള്ള ഒരു വാർത്ത കണ്ടതിൽ
നിന്നും ആണ് ഞാനിതിവിടെ എഴുതാൻ കാരണം)
By...RemyaRajesh

ചിലപ്പോൾ കെട്ടുകഥയാവാം. ചിലപ്പോൾ സംഭവ്യവും....


ഇന്നലെ, ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകിയിരുന്നു.അതു കൊണ്ടു തന്നെ, സ്ഥിരം വരാറുള്ള പാസഞ്ചർ ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു. ഒരു കാസർഗോഡൻ ചായയും കുടിച്ച്, ഫേസ് ബുക്കിൽ കയറി മാന്തലും, ചികയലുമൊക്കെക്കഴിഞ്ഞപ്പോൾ എക്സ്പ്രസിന്റെ വരവറിയിച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് കേൾക്കാറായി. ഒരുവിധം ജനറൽ കോച്ചിൽ അള്ളിപ്പിടിച്ചു കയറി.വാരാന്ത്യമായതുകൊണ്ട് നല്ല തിരക്കായിരുന്നു. ഒരു മണിക്കൂർ ഒരേ നില്പ് ആലോചിക്കാവുന്നതിലുമപ്പുറമായിരുന്നു. സീറ്റിൽസുഖമായുറങ്ങുന്ന നാലിൽ ഒരുവനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തോണ്ടി നോക്കി. എരിതീയിൽ വീണവന്റെ വെപ്രാളത്തോടെ കൺ തുറന്ന അയാൾ അസഹിഷ്ണുത തുളുമ്പുന്ന ഭാവത്തോടെ എന്നെ നോക്കി. ഞാൻ കാര്യം ആംഗ്യ ഭാഷയിൽത്തന്നെ അവതരിപ്പിച്ചു.കൂടെ ഒരു ക്രിത്രിമ ചിരിയും പാസാക്കി. ഏതായാലും മൂപ്പിലാൻ ഒരു ചെറിയ തള്ള് സൃഷ്ടിച്ചു കൊണ്ട് എന്നെ പ്രതിഷ്ഠിക്കാൻ ഒരിത്തിരി സ്ഥലം അനുവദിച്ചു. നിദ്രാഭംഗം സംഭവിച്ചതിൽ നീരസം പൂണ്ട മറ്റു മൂന്നു പേർ അവ്യക്തമായി പിറുപിറുത്തു കൊണ്ട് വീണ്ടും നിദ്രാദേവിയെ പുൽകി. കൃത്യം 8 മണിക്കു തന്നെ ഞാൻ സ്റ്റേഷനിൽ ഇറങ്ങി. മേയാൻ, കൂട്ടിൽ നിന്നും തുറന്നു വിട്ട ആട്ടിൻ പറ്റങ്ങളെപ്പോലെ യാത്രക്കാർ പ്രധാന കവാടത്തിലൂടെ തിക്കിത്തിരക്കിക്കടന്നു പോയി. ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് ഓർത്തത്.. അടുത്ത ബസ് ഇനി അര മണിക്കൂർ കഴിഞ്ഞേ ഉള്ളൂ! ഏതായാലും ഒരു ചായ കൂടി വീശാമെന്നു വിചാരിച്ച് അടുത്തു കണ്ട ചായക്കടയിലെ ബെഞ്ചിൽ സ്ഥാനം പിടിച്ചു. സമോവറിൽ നിന്നും ആവി പറക്കുന്ന ചായ ഒഴുകിയെത്തി. അപ്പോഴാണ് കടയുടെ അരികുപറ്റി ഒരു വൃദ്ധൻ അവശനായി നടന്നു വരുന്നത് കാണുന്നത്.പതിവായി കാണുന്ന ഭിക്ഷ യാചിക്കുന്നവരിൽ നിന്ന് വിഭിന്നമായി ഏതോ ഒരു വ്യത്യാസം അയാളിൽ ദൃശ്യമായിരുന്നു. ഒരു എൺപത്തഞ്ചു വർഷമെങ്കിലും പിന്നിട്ട, കാലം ചുളിവുകൾ നെയ്തെടുത്ത ശുഷ്കിച്ച ശരീരം. വൃത്തിയും വെടിപ്പും പ്രകടമായ വേഷം. വെളുത്ത, അയഞ്ഞൊരു മുറിക്കൈയ്യൻ ഷർട്ടും, ഒരു കറുത്ത പാന്റുമാണ് വേഷം.തോളിലൊരു തുണി സഞ്ചിയും, വലതു കൈയ്യിൽ നിരന്തരമായ ഉപയോഗത്താൽ വളഞ്ഞു തേഞ്ഞ ഒരു മരവടിയും." ദൈവമേ, ഈ പ്രായത്തിൽ അവശനായി ഒരു മനുഷ്യൻ നടക്കാൻ പോലും ശേഷിയില്ലാതെ.. ഈ ബഹള പൂരിതമായ തെരുവിൽ ". സ്വാഭാവികമായ കാരുണ്യം എന്നിൽ നിന്ന് പുറത്തുചാടി. മനുഷ്യത്വം സടകുടഞ്ഞെഴുന്നേറ്റെന്നു പറഞ്ഞാ മതിയല്ലോ. ഞാൻ പുറത്തിറങ്ങി ആ മനുഷ്യനു നേരെ നീങ്ങി. ഓരോ കാൽവെപ്പും ഒരു ഭാരോദ്വഹനമായി തോന്നിച്ച അദ്ദേഹത്തിനു നേരെ ഞാൻ കൈ നീട്ടി. ഒരു നിമിഷം... അദ്ദേഹം എന്നെയും, കൈകളേയും മാറി മാറി നോക്കി. ഒരു ചെറുപുഞ്ചിരി ആ വരണ്ട ചുണ്ടുകളിൽ നിറഞ്ഞു. സഹായമാവശ്യമില്ലായെന്ന മട്ടിൽ തലയാട്ടി അദ്ദേഹം എന്നെയും കടന്ന് കടയിലേക്കു കയറി. കടയുടമ ഭയഭക്തിയോടെ, സ്നേഹത്തോടെ ഒരു ഒഴിഞ്ഞ കസേര അദ്ദേഹത്തിന് നീക്കിയിട്ടു. അതിലിരുന്ന് വിറയ്ക്കുന്ന കൈകളോടെ സസൂക്ഷ്മം തുണി സഞ്ചി തുറന്നു വച്ച് അതിൽ നിന്നും സിസേഴ്സിന്റെ പാക്കറ്റ് തുറന്ന് ഒന്നെടുത്ത് ചുണ്ടോടടുപ്പിച്ചു. അപ്പോഴേക്കും ചായക്കാരൻ കടും നിറമാർന്ന കട്ടൻ ചായ അദ്ദേഹത്തിനു നേരെ നീട്ടിയിരുന്നു. സിഗറും, ചായയും ഒരേ സമയത്തു തന്നെ പൂർണ്ണമാക്കി അദ്ദേഹം വേച്ചു വേച്ചെഴുന്നേറ്റു. ചായയുടെ കാശും കൊടുത്ത് പോകാൻ നേരത്ത്, ഒരു പഴകി ദ്രവിച്ച മുഷിച്ച കടലാസുകഷണം അദ്ദേഹം എന്റെ നേരെ നീട്ടി. അവ്യക്തമായ അക്ഷരങ്ങൾ ഞാൻ കൂട്ടിയോജിപ്പിച്ചു.എം.എൻ വേണുഗോപാലൻ നായർ, ടീച്ചർ, കേരള എഡുക്കേഷൻ ഡിപ്പാർട്ടുമെന്റ്. സ്തബ്ദനായി നിന്ന എന്നിൽ നിന്ന് കടലാസുകഷണം തിരികെ വാങ്ങി, അപ്പോഴേക്കും തിരക്കൊഴിയാൻ തുടങ്ങിയ പ്ലാറ്റ്ഫോമിന്റെ ഒഴിഞ്ഞ മൂല ലക്ഷ്യമാക്കി ആ മാന്യരൂപം നടന്നു നീങ്ങി
ശുഭം
dileepnambiar1978@gmail.com

വര്ഷം 1980


വര്ഷം 1980. സന്ദര്‍ഭം ചാലക്കുടിയില്‍നിന്നും എറണാകുളത്തെക്കുള്ള KSRTC ബസിലെ യാത്ര
ബസ്റ്റാന്റിൽ പരിചയക്കാരായ ജോലിക്കാരുള്ളതുകൊണ്ട് ബസ്സ്, സ്റ്റാന്ഡില്‍ പിടിക്കുന്നതിനു മുന്‍പ് തന്നെ അകത്തു കയറികൂടാന്‍ പറ്റി. അല്ലെങ്കില്‍ ഇടി കൊണ്ട് കമ്പിയില്‍ തൂങ്ങി നില്‍ക്കേണ്ടി വരുമായിരുന്നു. സ്റ്റാന്ഡില്‍ പിടിച്ചപ്പോഴേക്കും അത് ഫുള്‍ ആയി. കുറച്ചു കഴിഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും വന്നത്. തിരക്ക് കണ്ടപ്പോഴെ കണ്ടക്ടര്‍ക്ക് ഹാലിളകി. ബസ്സില്‍ കയറിയ ഉടനെ തുടങ്ങി ആരെയോക്കെയോ ചീത്ത പറയാന്‍.ഒരു ഭട്ടോ, പ്രഭുവോ മറ്റോ ആയിരുന്നു. അതുകൊണ്ട് അയാളുടെ പാതി മലയാളത്തിലുള്ള വര്‍ത്തമാനം കേള്‍ക്കാനും രസമായിരുന്നു. അയാളെ ചൂട് പിടിപ്പിക്കാനും ചില വിരുതന്മാര്‍ ശ്രമിക്കുകയും ചെയ്തു.
അന്ന് ചാലക്കുടിയില്‍നിന്നും എറണാകുളത്തെക്കുള്ള ബസ്ചാര്ജ് നാല് രൂപ എണ്പതു പൈസ. ആലുവ വരെ രണ്ടുരൂപ തൊണ്ണൂറു പൈസ. പലരുടെ കയ്യിലും ചില്ലറ ഉണ്ടായിരുന്നില്ല. അതും അയാളുടെ അമര്‍ഷത്തിനു ആക്കം കൂട്ടി. അതിനിടയില്‍ ഒരു വൃദ്ധന്‍ ആലുവക്ക് പോകാന്‍ വേണ്ടി മൂന്ന് രൂപ കൊടുത്തു. ബാക്കി പത്തു പൈസ ഇറങ്ങുമ്പോള്‍ തരാമെന്ന് പറഞ്ഞു ടിക്കറ്റില്‍ എഴുതി കൊടുത്തു. (അന്നങ്ങിനെ ഒരു പതിവുണ്ടല്ലോ – എന്നിട്ട് ഇറങ്ങാന്‍ നേരത്ത് ബാക്കി കൊടുക്കാനുള്ള കുറെപെര്ക്ക് ഒരുമിച്ചു ഒരു തുക കൊടുക്കും എല്ലാവരോടും വീതിച്ചെടുക്കാന്‍ പറയും). (അന്നത്തെ അഞ്ചു പൈസക്ക് ഇന്നത്തെ അമ്പതു രൂപയുടെ വില വരും)
ഈ പാവം യാത്രക്കാരന്‍ കണ്ടക്ടറെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ അയാള്‍ ചൂടായി മറുപടി പറയും. അങ്ങിനെ യാത്രക്കാരനിറങ്ങേണ്ട സ്ഥലമെത്തി, ഇറങ്ങിനിന്നു അയാള്‍ കിട്ടാനുള്ള ബാക്കി ചോദിച്ചു. ബാഗ് മുഴുവന്‍ തിരഞ്ഞ ശേഷം കണ്ടക്ടര്‍ അയാളോട് പറഞ്ഞു “എന്റെ കയ്യില്‍ പത്തു പൈസ ഇല്ല. ഒമ്പത് രൂപ തൊണ്ണൂറു പൈസയുണ്ടോ കയ്യില്‍? അത് തന്നാല്‍ പത്തു രൂപ തരാം".
യാത്രക്കാരന്റെ അവസ്ഥ ഞാന്‍ വായനക്കാര്‍ക്ക് വിടുന്നു

By: SivadasanThampuran

എന്റെ കേരളം


വിശ്വ ഭൂപടത്തെ
തേങ്ങാ പൂൾ വലിപ്പത്തിൽ
കീറിയെടുത്തതാണെൻ കേരളം.
വിശ്വമാനവകുലത്തെ
ഹൈക്കുവായെഴുതിയ
മൂന്നക്ഷരമാണെൻ കേരളം
വിശ്വാസവൈവിധ്യങ്ങളെ
ചിറകിലൊളിപ്പിച്ച് സൂക്ഷിച്ച
അമ്മപ്പക്ഷിയാണെൻ കേരളം
മാമല സാനുക്കളും
സാഗരതീരങ്ങളും
വരച്ച ചിത്രമാണെൻ കേരളം
മാവേലി മന്നനും
ചേരമാൻ പെരുമാളും
തോമസ് പുണ്യാളനും
ഹൃദയത്തിലലിഞ്ഞ
ആലയമാണെൻ കേരളം
ശ്രീനാരായണ ഗുരുവും
ശങ്കരാചാര്യരും
അയ്യൻകാളിയും
മഖ്ദൂമുമാരും
നവോത്ഥാന ശിലകൾ
പാകിയ
നന്മ തൻ പൂങ്കാവന -
-മാണെൻ കേരളം
വീണ പൂവും
കിളിപ്പാട്ടുകളും
മാലയും മാപ്പിളപ്പാട്ടുകളും
മാർഗ്ഗംകളിയും
തുള്ളലും തെയ്യവും
ഈണവും താളവും മീട്ടിയ
ആഘോഷവേദിയാണെൻ കേരളം.
.........

By: 
Shabnam Siddeequi Mp

സ്വച്ഛ ഭാരതം


സ്വച്ഛ ഭാരതമൊന്നുണ്ടാക്കാൻ
പത്തുപേരു മതി
സ്വച്ഛ ഭാരതമൊന്നുണ്ടാക്കാൻ 
നമ്മുടെ വീടുമതി
ഒത്തുചേർന്നൊന്നാഞ്ഞു പിടിച്ചാൽ
മലയുമടുത്തുവരും
പത്തുകൈകൾ ചേർത്തുപിടിച്ചാൽ
സാഗരംമിവിടെ വരും
മത്തു മാറ്റി, സ്നേഹമേറ്റി
വിനയം വിതയ്ക്കുകിൽ
പുത്തനൊരിന്ത്യ,പടുത്തുയർത്താൻ
പ്രതിജ്ഞ യൊന്നുമതി
അകത്തു സ്വന്തം കാര്യം നോക്കി
ചടഞ്ഞിരിക്കാതെ
പുറത്തു വന്നൊരു പുണ്യം ചെയ്യൂ
ഹൃദയം പകുത്തിടു!!

By: varghese kurathikadu

ഭാഗ്യവതി


വഴിയോരത്ത് ഇരുന്ന് ഏങ്ങിക്കരയുന്ന ആ പെണ്‍കുട്ടിയുടെ മുഖം കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
നാണയത്തുട്ടുകള്‍ക്ക് വേണ്ടിയുളള കരച്ചിലായിരിക്കാം അതെന്നാണ് , ആദ്യമൊക്കെ ഞാന്‍ കരുതിയത്. ഒരുനാള്‍ , ഞാനാ കുട്ടിയുടെ അരികില്‍ ചെന്ന് കരയുന്നതിന്‍റെ കാരണം അന്വേഷിച്ചു.
പാവം....! ആ കുട്ടിക്ക് കാഴ്ച ഉണ്ടായിരുന്നില്ല. ജന്മനാ അന്ധയായ അവളെ , അവളുടെ അമ്മ അവള്‍ക്ക് ഓര്‍മ്മ വെക്കും മുമ്പേ കളഞ്ഞിട്ട് പോയി.....!
അവള്‍ക്ക് അവളുടെ അമ്മയെ കാണണം... അച്ഛനെ കാണണം....മറ്റുളള കുട്ടികളുടെ (ഭിക്ഷ യാചിക്കുന്ന ) വാക്കുകളില്‍ നിന്ന് കേട്ട ലോകത്തേയും ലോകരേയും... പൂക്കളേയും പൂമ്പാറ്റകളേയും അവള്‍ക്ക് കാണണം .
ഞാനാകെ വിഷമ സ്ഥിതിയിലായി... എന്തു പറഞ്ഞാണീ കുട്ടിയെ സമാധാനിപ്പിക്കുക....?
'' ഈ ലോകം കാണാത്തതാണ് ,മോളേ നല്ലതെന്നോ....? കാപട്യങ്ങളും വഞ്ചനകളും നിറഞ്ഞതാണ് ഈ ലോകം ... അഴുക്കു ചാലുകള്‍....! പക്ഷേ .... ഈ അഴുക്കു ചാലുകള്‍ കാണാനും തിരിച്ചറിയാനും കണ്ണിന് കാഴ്ച ശക്തി വേണ്ടേ...? കണ്ണിന് മാത്രം മതിയോ...? വേണ്ട മോളേ ... എല്ലാം കാണുന്നതിനേക്കാള്‍ നല്ലത് ഒന്നും കാണാത്തതാണ്....!''
'' നീയെത്ര ഭാഗ്യവതി....! ഒന്നും കാണാന്‍ പറ്റുന്നില്ല , എന്നൊരു ദുഃഖം മാത്രമല്ലേയുളളൂ നിനക്ക് ...? എന്തെല്ലാം കണ്ടാലാണ് ഇവിടെ ഓരോരുത്തരും ഓരോ ദിവസവും തളളി നീക്കുന്നത് എന്നറിയുമോ...? ഒരിയ്ക്കലും ആരും കാണാന്‍ ആഗ്രഹിക്കാത്ത പലതും കാണേണ്ടി വരുന്നു . കേള്‍ക്കേണ്ടി വരുന്നു . ദൈവം നിന്‍റെ കൂടെയാ കുട്ടീ... നീയെത്ര ഭാഗ്യവതി...! ''
എന്നില്‍ നിന്നും ഞാനറിയാതെ ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ന്നു.... ആ കുട്ടിയുടെ തോളില്‍ തട്ടിയിട്ട് , ഒരു നോട്ട് ആ കൈയ്യില്‍ പിടിപ്പിച്ച് നിസ്സംഗതയോടെ നടന്നു നീങ്ങാനേ എനിയ്ക്കായുളളൂ....!!
###############ആമി##############

അദൃശ്യൻ


ഞാൻ മരീച്ചിട്ട് ഇന്നത്തേക്ക് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു
പക്ഷേ.....,
ഞാൻ ഉണ്ട് നിങ്ങളുടെ കൂടെ തന്നെ ഇരുട്ടിന്റെ മറവിൽ ഒരു അദൃശ്യനായി.....
ദേ അങ്ങോട്ട് നോക്കിയേ .,എന്റെ വീടാ അത്,മുടി പറ്റെ നര വീണ ആ കിളവി എന്റെ മുത്തശ്ശിയാട്ടോ.....
കിളവിയെന്നു വിളിച്ചത് കൊണ്ട് തെറ്റിദ്ധരിക്കേണ്ട ......സ്നേഹം കൂടുമ്പോൾ ഞാൻ അങ്ങനെയാ വിളിക്കാറ്....
ഇനി അമ്മയെ നോക്കാം...ദേ കണ്ടില്ലേ..,അമ്പലത്തിൽ പോകാൻ ഒരുങ്ങുകയാ..,ഒൻപതാം വയസ്സിൽ ഞാൻ മരിച്ചതുമുതൽ 'അമ്മ ഈ പതിവ് തെറ്റിച്ചിട്ടില്ല .,എന്റെ പേരിൽ ദേവന്മാർക്ക് ഒരു പുഷ്പാഞ്ജലി.,..
പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്.....ഈ അമ്മയ്ക്ക് എന്തിന്റെ കെടാന്നു...അതിനുള്ള ഉത്തരം പെറ്റവയറിനല്ലേ അറിയൂ.....എനിക്കുവേണ്ടി അമ്മയ്ക്ക് അതല്ലേ ചെയ്യാൻ പറ്റൂ....
ആ കസേരയിൽ ഗമയിൽ അങ്ങനെയിരിക്കുന്നത് എന്റെ ഒരേയൊരു കൂടെപിറപ്പായ ഏട്ടനാണ്‌ട്ടോ....അവന്റെ ആദ്യത്തെ കണ്മണി അപ്പുവാ മടിയിൽ.....എല്ലാരും പറയും അപ്പു ഉണ്ണിയെ പോലെ ആന്നെന്നു..ഉണ്ണി ഞാൻ ആണുട്ടോ,...
അത് കേൾക്കുമ്പോൾ അമ്മയുടെ കണ്ണുനിറയുന്നതിനോടെപ്പം ഞാൻ സന്തോഷിക്കാറുണ്ട്.
വന്നല്ലോ അപ്പുന്റെ 'അമ്മ .,കുഞ്ഞുവാവടെ കരച്ചിൽ മാറ്റാൻ സഹായത്തിനായി മുത്തശ്ശിയുടെ അടുക്കലേക്കു പോകുകയാ.,വല്യ ടീച്ചർ ആന്നെന്നു പറഞ്ഞിട്ടൊന്നും കാര്യുല്ലാട്ടോ. പാവമാ....ഈ അനിയന് അനുഭവിക്കാൻ പറ്റാത്ത സ്നേഹം...
ഇനി നിങ്ങളെ ഞാൻ ജനിച്ചു വളർന്ന എന്റെ തറവാട്ടിലേക്ക് കൊണ്ടുപോകുകയാ.....പഴയ ആ വീടൊന്നുംഇപ്പോഴില്ല...എന്നാലും ഇവിടെ ആയിരുന്നു എന്റെ തറവാട് നിലനിന്നിരുന്നത്.....
ഞങ്ങൾ ഒരു കൂട്ടുകുടുംബമായിരുന്നു..മു
ത്തശ്ശനും,മുത്തശ്ശിയും,അമ്മാവൻമാരും,അമ്മായിമാരുo ,കുട്ടികളും ഒക്കെയുള്ള ഒരു കൂട്ടുകുടുംബം. ഇണക്കവും,പിണക്കവും ഒക്കെയുള്ള ഒരു സ്‌നേഹവീട്...എന്റെ 'അമ്മ എന്നെ നാല് മാസം വയറ്റിൽ ചുമക്കുമ്പോഴാണത്രെ എന്റെ അച്ഛൻ മരിച്ചത്...പിന്നെ മൂന്ന് വയസ്സുള്ള ഏട്ടനേയും കൂട്ടി 'അമ്മ തറവാട്ടിലേക്ക് വരികയായിരുന്നു..ചെറുപ്പത്തിലേ വൈധവ്യം ഏറ്റുവാങ്ങി,ഞങ്ങൾ മക്കൾക്കുവേണ്ടി 'അമ്മ ജീവിച്ചു..
.അന്നൊരു മഴക്കാല മായിരുന്നു..മൂടിപുതച്ചു കെട്ടിപിടിച്ചു കിടക്കുന്ന ഏട്ടനേയും ,എന്നെയും മുത്തച്ചൻ വിളിച്ചത്.,.മഴപെയ്താൽ പുഴവെള്ളം കേറി ഒലിച്ചു പോകാതിരിക്കാൻ വേണ്ടി വീണുകിടക്കുന്ന അടക്കയും ,തേങ്ങയുംപെറുക്കാൻ തോട്ടത്തിൽ പോകാനായിരുന്നു......അച്ഛൻ ഇല്ലാത്തതുകൊണ്ടാവാം..മുത്തച്ഛന് ആ സ്ഥാനം നൽകി അച്ഛൻ എന്ന് തന്നെയാണ് ഞങ്ങൾ വിളിച്ചിരുന്നത്
.(.മാമന്റെ മക്കളൊക്കെ പെൺകുട്ടികൾ ആയിരുന്നത് കൊണ്ട് ഞങ്ങളയിരുന്നു തോട്ടം പണിക്കു മുൻപന്തിയിൽ..)
അച്ഛന്റെയും,.അമ്മയുടെയും കൂടെ ഞാനും ഏട്ടനും തോട്ടത്തിലേക്ക്
പോയി....പശുവിനു കൊടുക്കാനുള്ള പുല്ലുമായി അമ്മയും ,അച്ഛനും വീട്ടിലേക്കു മടങ്ങി..,
ഏട്ടനും ഞാനും വീണുകിടക്കുകയായിരുന്ന അടയ്ക്ക പെറുക്കുകയായിരുന്നു.പെട്ടന്നായിരുന്നു. വലിയൊരു മഴ പെയ്തത്.
. മതി ഉണ്ണി നമുക്ക് പോകാം.,.
ഏട്ടന്റെ വിളി കേൾക്കാതെയാണ്,
ഞാൻ വാഴകൊമ്പിലേക്കു വീണുകിടന്നിരുന്ന ആ അടയ്ക്കകുല
എടുക്കാൻ ശ്രമിച്ചത്...പൊട്ടി
കിടന്നിരുന്ന വൈദ്യൂതികമ്പി എന്റെ മേലേക്ക് വീണതും.,ഏട്ടൻ അലറിക്കരഞ്ഞുകൊണ്ട് എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതും ഞാൻ അറിയുന്നുണ്ട്. ഏട്ടനെ തടയാൻ ശ്രമിക്കുന്ന എന്റെ നാവുകൾക്കു ശക്തിപോരാ....ഞാൻ മരിച്ചിരിക്കുന്നു...
ഏട്ടന്റെ അലർച്ചകേട്ടു വീട്ടുക്കാരും,നാട്ടുകാരും ഓടികൂടുകയാ.......കണ്ടില്ലേ എന്റെ അമ്മയെ...ഓടുകയാ പുഴയിലേക്ക് ..അതിൽ ജീവൻ വെടിഞ്ഞു എന്നോടൊപ്പം വരാൻ..ആരൊക്കയോ ചേർന്ന് അമ്മയെ പിടിച്ചു കൊണ്ടുപോ
കുന്നു...മോനെ എന്നുള്ള വിളി എനിക്ക് കേൾക്കാം...
അപ്പോഴേക്കും എനിക്കുള്ള ആറടി മണ്ണിൽ ഒരു കുഞ്ഞു കുഴിമാടം
ഉരുങ്ങിയിരുന്നു..,
പിനീടുള്ള ദിനങ്ങളിൽ 'അമ്മ നാട്ടുകാരുടെ സംരക്ഷണത്തിലായിരുന്നു..കണ്ണൊന്നു തെറ്റിയാൽ പുഴയിലേക്ക് ജീവനൊടുക്കാൻ ഓടുന്ന അമ്മയെ എനിക്കൊന്നു ആശ്വസിപ്പിക്കാൻ പറ്റുന്നില്ലല്ലോ.....പി
ന്നിടെപോഴോ എന്റെ 'അമ്മ ഏട്ടന്
വേണ്ടി ജീവിക്കാൻ തീരുമാനിച്ചു....
ആ മനസ്സിൽ ഇന്നും ഞാൻ ജീവിക്കുന്നു...മരിച്ചിട്ടു ഇരുപതാമത്തെ വർഷവും എനിക്കുവേണ്ടി അമ്പലത്തിലേക്ക് പോകുന്ന അമ്മയുടെ കൂടെ ഞാനും പോവുകയാട്ടോ....
ശുഭം..

കല്യാണരാമൻ


പത്രവിതരണക്കാരന്‍ പയ്യന്‍ എറിഞ്ഞിട്ടുപോയ പത്രം മുറ്റത്തെ മരക്കൊമ്പില്‍നിന്നും തോണ്ടിയെടുക്കാന്‍ ഒരു കമ്പുമായി ചാടുമ്പോഴാണ്‌ പിന്നില്‍ നിന്ന്‌ ഭാര്യയുടെ ചോദ്യം
" നിങ്ങളിന്ന്‌ കല്ല്യാണത്തിന്‌ പോകുന്നില്ലേ?''
അകന്ന പരിചയത്തിലുള്ള ഒരാളുടെ കല്ല്യാണക്കാര്യം അപ്പോഴാണ്‌ ഓർമ വന്നത്‌.
ഉപ്പയും അനിയഌം വേറൊരു കല്ല്യാണത്തിന്ന്‌ പോകുന്നുണ്ട്‌.ഞാനും കൂടി പോയാല്‍ ഭാര്യക്കും ഉമ്മക്കും മാത്രം ഭക്ഷണമുണ്ടാക്കിയാല്‍ മതിയല്ലോ.അതറിയാനായിരിക്കും രാവിലെത്തന്നെ ചോദ്യചിഹ്നവുമായി വന്നത്‌.
ഏതായാലും പോയിനോക്കാം.ഒരു കല്ല്യാണവീട്ടില്‍പോയി ചുടുനെയ്‌ച്ചോറും ബിരിയാണിയുമൊക്കെ കഴിച്ചിട്ട്‌ ഇത്തിരി നാളായി. കല്യാണ വീട്ടിലെ ബിരിയാണിക്ക് കടയിൽ നിന്ന് കിട്ടുന്നതിനേക്കാൾ സ്വാദാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആലോചിച്ചപ്പോള്‍ തന്നെ വായിൽ വെള്ളമൂറാൻ തുടങ്ങി.നേരത്തെത്തന്നെ പോകാം. പതിവുള്ള പത്തുമണിച്ചായയും വേണ്ടായെന്നു വെച്ചു.ആ ഗ്യാപില്‍കൂടി ബിരിയാണി തട്ടാമല്ലോ.ഞാനാരാ മോന്‍. എന്നോടാ കളി.
പതിനൊന്ന്‌ മണിക്ക്‌ തന്നെ വീട്ടില്‍ നിന്നിറങ്ങി.പത്തുമണിച്ചായ എത്താത്തതു കാരണം വയറ്റില്‍നിന്നും പഞ്ചവാദ്യം മുഴങ്ങാന്‍ തുടങ്ങിയിരുന്നു.
കല്ല്യാണവീട്ടിലെത്തിയപ്പോള്‍ അവിടെ ഒരു ജില്ലാസമ്മേളനത്തിന്നുള്ള ആളുണ്ട്‌.നേരെചെന്ന്‌ കല്ല്യാണച്ചെക്കനെ കണ്ട്‌ കുശലം പറഞ്ഞ്‌ മുറ്റത്തിട്ടിരിക്കുന്ന കസേരയിലിരുന്നു. ദദാണല്ലൊ ദതിന്റെ ഒരു മര്യാദ.
ഭക്ഷണപ്പന്തലിന്റെ ഭാഗത്തേക്ക്‌ ഇടംകണ്ണിട്ട്‌ നോക്കിയപ്പോള്‍ അതിന്റെ കവാടത്തില്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഒരുമിച്ച്‌ നടക്കുന്നത്‌ കണ്ടു.
വന്നയുടനെത്തന്നെ ഭക്ഷണം കഴിക്കാനിരിക്കുന്നത്‌ മോശമല്ലേ.അല്‍പനേരം കഴിയട്ടെ.പന്തലില്‍ ഇരിപ്പിടം ഒഴിവുണ്ടായിട്ടാവണം ഒരു കാരണവർ വന്ന്‌ ആളുകളെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുന്നത്‌ കണ്ടു.
ഞാനും എണീറ്റ്‌ കൈ കഴുകി.ഉള്ളിലേക്ക്‌ കയറാനായിതിരക്ക്‌ കൂട്ടുന്നവരുടെയടുത്തെത്തിയപ്പോഴാണത്‌ കേട്ടത്‌.
"സീറ്റ്‌ ഫുള്ളായി.ഇനി അടുത്ത ട്രിപ്പിനിരിക്കാം''
തിരിച്ച് പഴയ ഇരിപ്പിടത്തിൽ തന്നെ പോയിരുന്നു.അടുത്ത തവണയൂം കൈ കഴുകി അല്‍പം മസിലു പിടിച്ച്‌ തിരക്കിനിടയിലൂടെ ഊളിയിട്ട്‌ കയറി പന്തലിനകത്തെത്തിയപ്പോഴേക്കും നേരത്തെപോലെ ഹൗസ്‌ഫുള്‍.
ആകെ ചമ്മല്‍സായി.ചാണകത്തില്‍ ചവിട്ടിയ മുഖഭാവവുമായി പുറത്തേക്കിറങ്ങുമ്പോള്‍ ഒരാള്‍ കരയുന്നത്‌ പോലെ ആരോടെന്നില്ലാതെ പറയുന്നത്‌ കേട്ടു.
"ഞാന്‍ അഞ്ചാമത്തെ തവണയാ മടങ്ങുന്നത്‌''.
ആരും കാണാതെ നനഞ്ഞ കൈ ടിഷ്യുപേപ്പറെടുത്ത്‌ തുടച്ച്‌ പഴയ ഇരിപ്പിടത്തില്‍ തന്നെ വീണ്ടും വന്നിരുന്നു.
"ചോറ്‌ തീരെ ശരിയായില്ല അല്ലെ..രണ്ടുമൂന്ന്‌ പ്ലേറ്റ്‌ തട്ടിയപ്പോഴേക്കും മടുത്തു''
അടുത്തിരിക്കുന്നൊരാള്‍ എന്റെ മുഖത്തേക്ക്‌ നോക്കിപ്പറഞ്ഞു.ഞാന്‍ കൈതുടക്കുന്നത്‌ കണ്ടിട്ട്‌ വയറ്‌നിറച്ചും ബിരിയാണി തട്ടിയിരിക്കുകയാണെന്നാണ്‌ പുള്ളിക്കാരന്റെ വിചാരം.കുടല്‌ കരിയുന്ന മണം പുറത്തേക്ക്‌ വരുന്നുണ്ടോ എന്ന സംശയത്തിലിരിക്കുന്ന എന്നോടാണ്‌ പുള്ളിക്കാരന്റെ ബിരിയാണി നിരൂപണം.
"സക്കീറ്‌ ചോറ്‌ തിന്നല്ലോ അല്ലേ?''.വരന്റെ ഒരു ബന്ധുവാണ്‌.തലയില്‍ ഒരു ബിരിയാണിച്ചെമ്പ്‌ വീണത്‌പോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. എന്നെ ഒന്ന് രണ്ട് തവണ ഭക്ഷണപ്പന്തലിനടുത്ത് മൂപ്പർ കാണുകയും ചെയ്തിട്ടുണ്ട്.കഴിച്ചിട്ടില്ലെന്ന്‌ പറയാന്‍ നാവുയർത്തിയപ്പോഴേക്കും അയാള്‍ തിരക്കിനിടയിലെവിടെയോ മറഞ്ഞു.
കല്ല്യാണത്തിന്‌ വരുന്നവരെല്ലാം നേരെ ഭക്ഷണപ്പന്തലിലേക്കാണ്‌ എഴുന്നള്ളുന്നതെന്ന്‌ പിന്നെയാണ്‌ മനസിലായത്‌.
അകത്തേക്ക്‌ കയറാന്‍ കഴിയാത്തവർ സ്‌റ്റാന്‍ഡിംഗ്‌ മെമ്പർമാരായി അവിടെത്തന്നെ കുറ്റിയടിച്ച്‌ നില്‍ക്കുകയാണ്‌.വലത്ത്‌ ഇടിച്ചുകയറി ഇടത്തുള്ളവനെ തട്ടിമലർത്തി വയറുനിറയെ ബിരിയാണിയും തട്ടി അങ്കം ജയിച്ച ചേകവരെപ്പോലെ,വായില്‍ ഒരുടൂത്ത്‌പിക്കും കടിച്ചുപിടിച്ചാണ്‌ എല്ലാവരും വരന്റെയടുത്തെത്തുന്നത്‌.അടുത്തുള്ളവന്റെ മുഖത്തേക്ക്‌ ഓരോ ഏമ്പക്കവും വിട്ട്‌ കസേരകളില്‍ വെട്ടിയിട്ടത്‌പോലെ വീഴുന്നു.ആകൂട്ടത്തില്‍ വന്നിരിക്കുന്നത്‌ കണ്ടിട്ടാവണം എന്നെയെല്ലാവരും ചോറ്‌ തിന്നവരുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുകയാണ്‌.
സമയം ഒരുമണി കഴിഞ്ഞു.ഭക്ഷണപ്പന്തലിലേക്ക്‌ ഞാനൊന്നുകൂടി നോക്കി. വയറിനകത്ത് ഇലഞ്ഞിത്തറ മേളം നടക്കുകയാണ്.ഇക്കണക്കിന്‌ പോയാൽ വൈകുന്നേരം നാലുമണിയായാലും ഒരു വറ്റ്‌ പോലും അകത്താക്കാൻ കഴിയുകയില്ല.അത്രക്കുണ്ടവിടത്തെ തിരക്ക്‌.
ഇനിയും ഇവിടെ നിന്നാല്‍ ശരിയാവില്ല.കല്യാണവീട്ടില്‍ ഒരാള്‍ തലകറങ്ങി വീഴുക എന്നൊക്കെപ്പറഞ്ഞാല്‍ അതവർക്കുമൊരു ബുദ്ധിമുട്ടാവില്ലേ..
യാത്ര പറയാനായി വരന്റെയടുത്തെത്തിയപ്പോള്‍ ചങ്കു പിളർക്കുന്ന അവന്റെ ഒരു ചോദ്യവും
"ബിരിയാണി എങ്ങിനെയുണ്ട്‌..?''
ഉഗ്രന്‍ എന്ന്‌ മറുപടി കൊടുത്ത്‌ പെട്ടെന്ന്‌തന്നെ ഇറങ്ങി നടന്നു.
വീട്ടില്‍ ഉമ്മക്കും ഭാര്യക്കും മാത്രമേ ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടാവുകയുള്ളൂ.എങ്കിലും എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ വീട്ടിലേക്ക്‌ വച്ചുപിടിച്ചു. വിശന്നിട്ട് നടന്നിട്ടങ്ങ് നീങ്ങുന്നുമില്ല.
വീട്ടിലെത്തിയപ്പോള്‍ രണ്ടുപേരും വരാന്തയില്‍തന്നെയിരിപ്പുണ്ട്‌. എന്തെല്ലാമൊ ബഡായിയും പൊട്ടി പത്തുമണിച്ചായപോലും കുടിക്കാതെ ആക്രാന്തം മൂത്ത് ബിരിയാണി കഴിക്കാൻ പോയ എനിക്ക്‌ ബിരിയാണി കിട്ടിയില്ലെന്നറിഞ്ഞാല്‍ അതവർക്ക്‌ ചിരിക്കാനുള്ള വകയാകും.എങ്കിലും പറയാതെ നിവൃത്തിയില്ല.ഇപ്പോള്‍ത്തന്നെ ആശുപത്രിയിൽ അഡ്മിറ്റാക്കി ഗ്ലൂക്കോസ്‌ കയറ്റേണ്ട അവസ്‌ഥയാണ്‌.
എന്നെക്കണ്ടപ്പോള്‍ അവർക്കെന്തോ ഒരു സന്തോഷ വാർത്ത പറയാനുള്ളത്‌പോലെ. എന്നാൽ പിന്നെ അവരുടെ സന്തോഷ വാർത്ത കേട്ട കഴിഞ്ഞ ശേഷമാകാം എന്റെ ദുരന്ത വാർത്ത പറയുന്നത് എന്ന് തീരുമാനിച്ച് ഞാൻ അവർക്ക് കാതോർത്തു.
"ഇന്ന്‌ നമ്മുടെ പഴയ അയല്‍വാസി താജിത്താത്ത വന്നിരുന്നു.കല്യാണം പറയാന്‍.നിന്നോട്‌ പ്രത്യേകം പറയാന്‍ പറഞ്ഞിട്ടുണ്ട്‌.''
ഒരു കല്യാണത്തിന്ന്‌ പോയതിന്റെ ക്ഷീണം തന്നെ തീർന്നിട്ടില്ല.അതിനിടയിലാ ഇനി മറ്റൊന്ന്‌.....
ചുളുവിൽ അടുക്കളയിലെ ചോറ്റുപാത്രം പരിശോധിക്കാന്‍ നീങ്ങവെ ഭാര്യയുടെ അടുത്ത ഡയലോഗ്‌.
"ഭാഗ്യത്തിന് കുറച്ച് ചോറ് ബാക്കിയുണ്ടായിരുന്നു.അതെടുത്ത്‌ കൊടുത്തു അവർക്ക്.ഏതായാലും നിങ്ങളിരിക്കി.ഞാന്‍ കട്ടന്‍ചായയിട്ടു തരാം.ബിരിയാണിയൊക്കെ തിന്ന്‌ വരികയല്ലേ. കട്ടൻ കുടിച്ചിട്ട് കിടന്നാ മതി".
അവള്‍ അടുക്കള ലക്ഷ്യമാക്കി നടക്കവെ,കരയണോ ചിരിക്കണോ എന്നറിയാതെ അവിടെത്തന്നെ നിന്നു പോയി ഞാൻ.

By: Sakkeer Hussain

നിന്റെയീ മാറിലായ്


ഐക്യകേരളത്തിന്റെ അന്തസ്സ് ആവശ്യാനുസരണമുള്ള മഴയായിരുന്നു. വീട്ടിലെ മാർബിൾപണിക്ക് വന്ന രാജസ്ഥാനി വെള്ളത്തിന്റെ രുചി കണ്ട് ആശ്ചര്യപ്പെട്ടു പോയി. ഒരു ജഗ്ഗ് വെള്ളം കുടിക്കുന്നതിനിടയിൽ "അച്ചാ ഹെ" എന്ന് അനവധി പ്രാവശ്യം പറഞ്ഞത് ഞാനുമിന്നുമോർക്കുന്നു -
ഇനിയും പെയ്യാതെ തുലാവർഷവും വിട പറയുമ്പോൾ നെടുവീർപ്പുകളുടെ, ആവലാതികളുടെ പെരുമഴ മാത്രം കാണേണ്ടി വരും.
എല്ലാ ജീവജാലങ്ങളും വെള്ളത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അതു കൊണ്ട് ജലാശയങ്ങൾ മാതൃസ്ഥാനത്തോളവും ഉറവകളും അരുവികളും മാതൃസ്നേഹത്തിന്റെ ഉദാഹരണമായും നമ്മൾ കണ്ടു പോരുന്നു.
ഇന്നാ കരുണയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മാതൃസ്നേഹത്തിന്റെ തുല്യതയില്ലാത്ത ഉറവിടങ്ങൾ വറ്റിവരളുന്നു.
ജീവിച്ചു തീർന്നില്ല
നിന്റെയീ മാറിലായ്
മൃത്യുവെ മണക്കുന്നു
ആത്മാവിൽ തന്നെയീ
അമൃത് ചുരത്തീടുക
കണ്ണീർ പൊഴിച്ചിടുക
നിൻ ജീവൻ അറിഞ്ഞിടുവാൻ
വേറെന്തു മാർഗമെ

ജ്യോമെട്രി


“ഇത്ത മഴ കണ്ടു കൊണ്ട് നില്ക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്.പുറത്തു അപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.”
അഫ്രീന്‍ ഒരിക്കല്‍,ഒരിക്കല്‍ മാത്രം ചേച്ചി അനീഷയുടെ മരണത്തെ കുറീച്ചു പറഞ്ഞത് അന്‍വര്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ഓര്‍മ്മിച്ചു..പുറകിലെ സീറ്റില്‍ അഫ്രീന്‍ ശാന്തയായി ഉറങ്ങുന്നു.
അഫ്രീന്‍ ഒരിക്കല്‍ മാത്രമാണു അത് പറഞ്ഞതെങ്കിലും ,അന്‍വറിന്റെ മനസ്സില്‍ ആ രംഗം പിന്നീട് പലപ്പോഴും കയറി വന്നു.അവളുടെ മനസ്സില്‍ ആഴത്തില്‍ പതിയപ്പെട്ട ആ അനുഭവം ,അഫ്രീന്‍ പറഞ്ഞതിന് ശേഷം അതേ ആഴത്തില്‍ തന്നെ അന്‍വറിന്റെ മനസ്സിലും പതിയപ്പെട്ടിരുന്നു.അഫ്രീനുമായി സൈക്കോളജിസ്റ്റിനെ കാണാന്‍ പോകുമ്പോഴും,അവള്‍ക്കു വേണ്ടി മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ കാത്തു നില്ക്കുുമ്പോഴും ആ രംഗം വീണ്ടും വീണ്ടും മനസ്സിലേക്ക് കയറി വന്നു കൊണ്ടിരുന്നു.മനസ്സിന്റെ വെളുത്ത ജനാലവിരികള്‍ക്ക് അപ്പുറം ഒരു തണുത്ത മഴ സദാ പെയ്തു കൊണ്ടിരുന്നു.
അന്നത്തെ പോലെ.
ജൂണിലെ ഒരു വൈകുന്നേരമായിരുന്നു അത്.അനീഷയെ വിളിക്കാന്‍ അഫ്രീന്‍ കോണി പടികള്‍ കയറി മുകളിലെ മുറിക്ക് മുന്നില്‍ എത്തി.അവള്‍ വിളി കേട്ടില്ല.വിളിക്കാതെ അവളുടെ മുറിയില്‍ കയറുന്നത് അനീഷയ്ക്ക് ഇഷ്ടമല്ലെന്ന് അറിയാവുന്നത് കൊണ്ട് അഫ്രീന്‍ അല്പ നേരം കൂടി മുറിക്ക് പുറത്തു കാത്തു നിന്നു.
മറുപടിയില്ല..
അല്പം മുന്പ് എന്തോ സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു അനീഷ സ്വീകരണ മുറിയില്‍ ഇരുന്നു ടി.വി കാണുകയായിരുന്ന അഫ്രീനെ മുകളിലേക്കു വിളിച്ചിരുന്നു.
“സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ കൃത്യം ക്ലൈമാക്സ് ആകുമ്പോ തന്നെ ഇത്ത ശല്യപ്പെടുത്താന്‍ വരും.”അഫ്രീന്‍ ദേഷ്യത്തില്‍ പറഞ്ഞിട്ടു സിനിമയില്‍ മുഴുകി.
സിനിമ കഴിഞ്ഞപ്പോഴാണ് അഫ്രീന്‍ അനീഷയുടെ കാര്യം ഓര്‍ത്തത്.
അസര്‍ നമസ്ക്കാരത്തിനുള്ള സമയമായിരുന്നു.
അനീഷ വാതില്‍ തുറന്നില്ല.വലിയവീട്ടില്‍ തറവാട്ടിന്റെ രണ്ടാം നിലയില്‍ നിന്നു അഫ്രീന്‍ പുറത്തേക്ക് നോക്കി.മൊസാണ്ടയും ചെമ്പരത്തിയും ചതുരമുല്ലയും തിങ്ങി വളര്‍ന്ന മുറ്റവും. അത് കഴിഞ്ഞു വിശാലമായ കൃഷിയിടവും.പാവലും പടവലും വളര്‍ത്തിയ പച്ചക്കറി തോട്ടവും.എല്ലാം മഴയില്‍ മുങ്ങി നില്ക്കുന്നു.
“ഇത്താ...”.ഒന്നു കൂടി വിളിച്ചു.മറുപടിയില്ല.
അവള്‍ വാതില്‍ തള്ളി തുറന്നു അകത്തു കയറി.
വലിയ ചില്ല് ജനാലയുടെ വിരികള്‍ അകന്നു മാറിയിരിക്കുന്നു.നിലത്തു നിന്നു അല്പം ഉയര്‍ന്നു നിന്നു പുറത്തേക്ക് നോക്കി നില്ക്കുന്ന അനീഷ.
ഏന്തി വലിഞ്ഞു നോക്കുന്നത് പോലെ.
അനീഷ മുറിക്കുളിലേക്ക് കാലെടുത്തു വച്ചു.മാര്‍ബിള്‍ തറക്ക് മഴയുടെ തണുപ്പ്.ഒന്നു കൂടി നോക്കിയപ്പോള്‍ അനീഷയുടെ നില്പ്പിന്റെ അസ്വാഭാവികതയുടെ കാരണം അഫ്രീന് മനസ്സിലായി.
ജനാലക്കു മുകളില്‍ നിന്നു നേര്‍ത്ത ചുവന്ന ചുരിദാര്‍ ഷാള്‍ ഒരു നേര്‍ രേഖ പോലെ അനീഷയുടെ കഴുത്തില്‍ വന്ന്‍ ഒരു വൃത്തമാകുന്നു.മുറിയുടെ ഇരുട്ടില്‍ ആ നേര്‍ രേഖ അവ്യക്തമായിരുന്നു.നിലത്തു നിന്നു പൊന്തി നില്‍ക്കുന്ന കാലുകളുടെ അരികില്‍ മറിഞ്ഞ് കിടക്കുന്ന ചെറിയ സ്റ്റൂള്‍.
അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു നില്ക്കുന്ന സ്റ്റൂളിന്റെ് നാലു കാലുകള്‍ ചേര്‍ന്ന് അദൃശ്യമായ ഒരു സമചതുരം വരക്കുന്നു.
അനീഷ കണക്കില്‍ മിടുക്കിയായിരുന്നു.ജ്യോമെട്രി ആയിരുന്നു അവളുടെ ഇഷ്ട വിഷയം. അനിയത്തി അഫ്രീനും ഒരു വയസ്സിന് മൂത്ത അന്‍വറിനും കണക്ക് ചെയ്യാന്‍ സഹായിച്ചു കൊണ്ടിരുന്നത് അവളായിരുന്നു.
അഫ്രീന്റെ് കാലുകള്‍ നിലത്തുറച്ചു.ശബ്ദം ഉള്ളില്‍ കുടുങ്ങി.
"ഉമ്മാ.ബാപ്പാ...!"..എന്നു ഉറക്കെ വിളിച്ച് കൂവാന്‍ മനസ്സിന്റെ ഒരു ഭാഗം വെമ്പി പക്ഷേ ,മറ്റൊരു ഭാഗം ശരീരത്തില്‍ നിന്നു ഊര്‍ന്നിറങ്ങി ജാലക വിരികള്‍ തുറന്നു മഴ കാണുന്ന അനീഷയുടെ ശരീരത്തോട് ചേര്‍ന്ന് നില്ക്കുകയാണ്.
സമാന്തര രേഖകള്‍ പോലെ.
ഇരട്ടകള്‍.
അഫ്രീന്‍ ചേച്ചിക്കൊപ്പം പുറത്തേക്ക് നോക്കി.പുറത്തു മഴ തുടരുകയാണ്.മൊസാണ്ട പൂക്കളില്‍ നിന്നു ഇറ്റ് വീഴുന്ന തുള്ളികളില്‍ നിന്നു തുടങ്ങി ,വളപ്പിലെ വൃക്ഷങ്ങള്ക്കിടയിലൂടെ കാണാവുന്ന,മഷി പടര്‍ന്ന കടലാസ് താളില്‍ ഒരു കുട്ടി വരച്ചിട്ട വരകള്‍ പോലെ അവ്യക്തമായ് മലനിരകളില്‍ ,ചെന്നെത്തുന്ന വെളുത്ത മഴ.മാര്‍ബിള്‍ തറയില്‍ നിന്നു പടരുന്ന തണുപ്പ് നടുവിലൂടെ കടന്നു ശിരസ്സില്‍ എത്തി ആത്മാവിലേക്ക് ഇറ്റ് വീഴുന്നു.
എത്ര നേരം അങ്ങനെ നിന്നുവെന്നു അറിയില്ല.
രണ്ടു പേരെയും ഏറെ നേരം കാണാതായപ്പോള്‍ വിളിക്കാന്‍ ബാപ്പ എത്തുന്നത് വരെ അഫ്രീന്‍ നിശബ്ദയായി അനീഷയുടെ ജഡത്തിന് അരികില്‍ നിന്നു.
പിന്നീട് ദിവസങ്ങളോളം അവള്‍ സംസാരിച്ചില്ല.
ഇരട്ടകള്‍ ആയിരുന്നെങ്കിലും രണ്ടു പേരുടെയും സ്വഭാവങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു എന്നു അന്‍വര്‍ ഓര്‍മ്മിച്ചു .ഉള്‍വലിയുന്ന ,ഏറെ ചിന്തിക്കുന്ന പ്രകൃതമായിരുന്നു അനീഷയ്ക്ക് എങ്കില്‍,ധൈര്യശാലിയും ഏറെ സംസാരിക്കുന്നവളുമായിരുന്നു അഫ്രീന്‍.
തീരെ ചെറുപ്പത്തില്‍ അവര്‍ മൂവരും കൂടി ഒരിക്കല്‍ തറവാട്ട് വളപ്പില്‍ കളിക്കുകയായിരുന്നു.തങ്ങളില്‍ നിന്നു അകന്നു മാറി ഇരിക്കുന്ന അനീഷ.അവളുടെ ഉള്ളം കയ്യില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു ചുവന്ന തുമ്പി.
“ചത്തു കഴിയുമ്പോ ഇതിന്റെ ജീവന്‍ എവിടെ പോകും അന്‍വര്‍ ഇക്കാ ...”അനീഷ ചേട്ടനോട് ചോദിക്കുന്നു.
“അള്ളാവിന്റെ അടുത്തേക്ക്....” അന്‍വര്‍ പറയുന്നു.
തങ്ങള്‍ കളികളില്‍ മുഴുകിയപ്പോഴും ആ തുമ്പിയെയും നോക്കി ആലോചിച്ചിരിക്കുന്ന അനീഷയുടെ ചിത്രം അന്‍വറിന്റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു.
ഇരട്ടകളായ അനിയത്തിമാരില്‍ അന്‍വറിനു അല്പം ഇഷ്ട കൂടുതല്‍ അനീഷയോട് ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം.കാരണം അനീഷ അന്‍വറില്‍ നിന്നും അഫ്രീനില്‍ നിന്നും വ്യത്യസ്ഥയായിരുന്നു.
അസാധാരണമായ ബുദ്ധി ശക്തി.പക്ഷേ ഇടക്കിടെ അനീഷയില്‍ ഒരു ഉള്‍വലിയല്‍ പ്രത്യക്ഷമാകും.ആരും അത് കാര്യമാക്കിയില്ല..
ചില ദിവസങ്ങളില്‍ അവള്‍ മുറിക്ക് പുറത്തിറങ്ങില്ല.മുറിക്കുള്ളില്‍ നിശബ്ദയായി മൂടി പുതച്ച് കിടക്കുകയോ,വായിക്കുകയോ ചെയ്യും.ആ ദിവസങ്ങളില്‍ ആരും സംസാരിക്കാന്‍ വരുന്നത് അവള്ക്കു ഇഷ്ടമാകില്ല.രണ്ടോ മൂന്നോ മാസം കൂടുമ്പോ ഇടക്കിടെ അനീഷ ഇങ്ങനെ മുറിക്കുള്ളില്‍ കഴിഞ്ഞു കൂടും.പിന്നെ പഴയത് പോലെ ആവുകയും ചെയ്യും.വീട്ടുകാര്‍ അത് അവളുടെ സ്വഭാവത്തിന്റെ ഭാഗമായി കരുതി അതിനോടു പൊരുത്തപ്പെട്ടിരുന്നു.
എങ്കിലും പ്രായം കൂടും തോറും അനീഷയില്‍ ദീര്‍ഘ നേരമുള്ള ആലോചനകളും ഉള്‍വലിയലും വര്‍ധിക്കുന്നത് അന്‍വര്‍ മാത്രം അറിയുന്നുണ്ടായിരുന്നു.അത് അകാരണമായ ഒരു ഭയം അവനില്‍ ഉണര്‍ത്തിയിരുന്നു.
സ്കൂള്‍ വിട്ടു വീട്ടിലേക്ക് ഒരുമിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്ന സഹോദരങ്ങളുടെ ഇടയില്‍ നിന്നു പതുക്കെ പതുക്കെ അകലാന്‍ തുടങ്ങിയിരുന്ന അനീഷയുടെ വൈകുന്നേരങ്ങള്‍.
ഒന്‍പതാം ക്ലാസില്‍ വച്ചാണ് അനീഷ ആത്മഹത്യ ചെയ്തത്.
അവളുടെ ഇഷ്ട വിഷമായ ജ്യോമെട്രി പുസ്തകത്തിന്റ്റെ ആദ്യ താളില്‍ ഒരു ത്രികോണത്തിന്റെ ചിത്രമുണ്ടായിരുന്നു.അതിന്റെ ഓരോ വശത്തിനും ഓരോ പേരുകള്‍ അവള്‍ എഴുതി ചേര്‍ത്തിരുന്നു.അഫ്രീന്‍,അനീഷ,അന്‍വര്‍.
ത്രീകോണത്തിലെ മൂന്നു വരകളില്‍ ഒന്നു കാരണം പറയാതെ മാഞ്ഞു.
അനീഷയുടെ മരണത്തിന് ശേഷം വലിയ വീട്ടില്‍ കുടുംബം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടു.കാരണം അഫ്രീന്‍ . .അവള്‍ ഭ്രാന്തിന്റെ വക്കില്‍ എത്തിയിരുന്നു.
അതിനു ശേഷം അവള്‍ സ്കൂളില്‍ പോയില്ല.കാരണം കൂടാതെ ദേഷ്യം വന്നു പൊട്ടിത്തെറിക്കുമ്പോള്‍ കാണുന്ന വസ്തുകള്‍ അവള്‍ എറിഞ്ഞു പൊട്ടിക്കും.ഉള്ളില്‍ ചൂര മാന്തുന്ന തിക്കുമൂട്ടല്‍ പലപ്പോഴും ഒരു സംഹാര താണ്ഡവമായി പുറത്തു വരും.ബാപ്പക്കും ഉമ്മയ്ക്കും അപ്പോള്‍ അടുത്തേക്ക് വരാന്‍ കഴിയില്ല.
അന്‍വര്‍ മാത്രമായിരുന്നു അവളുടെ ആശ്രയം.
ഒരു വര്‍ഷത്തിന് ശേഷം മരുന്നുകളുടെയും കൌണ്‍സലിങ്ങിന്റെയും സഹായത്തോടെ അല്പം മാറ്റം വന്നു.വീട്ടില്‍ ഇരുന്നു പഠിച്ചു അവള്‍ പത്താം ക്ലാസ് പാസായി. ട്രീറ്റ്മെന്റും കൌണ്സീലിങ്ങും മുടക്കാന്‍ പാടില്ല എന്നു സൈക്യാട്രിസ്റ്റ് അന്‍വറിനോട് പറഞ്ഞിരുന്നു.ഒന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ അവസ്ഥക്ക് അല്പം ഭേദം വന്നു.അങ്ങിനെയുള്ള ഒരു ജൂണ്‍ മഴക്കാലത്താണ് അന്ന് സംഭവിച്ച കാര്യം അന്‍വറിനോട് അവള് പറഞ്ഞത്.
“അന്ന് ടി.വിയില്‍ ആ നശിച്ച സിനിമയുടെ ക്ലൈമാക്സ് കാണാതിരുന്നുവെങ്കില്‍...ചേച്ചിയോട് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍....ഒരു പക്ഷേ...ഒരു പക്ഷേ...”
പുറത്തു പെയ്തു കൊണ്ടിരുന്ന മഴ നോക്കി പതിഞ്ഞ സ്വരത്തില്‍ അഫ്രീന്‍ അന്ന് പറഞ്ഞു.
അന്‍വര്‍ എഞ്ചിനീയറിങ് കഴിഞ്ഞു.ദൂരെ നഗരത്തില്‍ അവന് ജോലിയായി.
ദീര്‍ഘ നാള്‍ വീട്ടില്‍ കഴിയവെ അഫ്രീന്‍ ധാരാളം വായിച്ചു..രാത്രിയും പകലും .വീട്ടില്‍ തന്നെയിരുന്നു അവള്‍ ബി.എ. വരെ പഠിച്ചു.അവളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായി എന്നു അന്‍വറിനു തോന്നി..എങ്കിലും ബാപ്പക്കും ഉമ്മയ്ക്കും ആശങ്ക ഒട്ടും ഒഴിഞ്ഞില്ല..
അന്വപറിനു വിവാഹ ആലോചനകള്‍ വന്നു തുടങ്ങി.ഒരു സഹോദരി ആത്മഹത്യ ചെയ്തു.മറ്റൊരു മാനസിക രോഗിയായ സഹോദരി വീട്ടില്‍ നില്ക്കു ന്നു.അന്‍വറിന്റെ ഭാവിക്ക് അത് തടസ്സം ആകും എന്നു മനസ്സിലാക്കുവാനുള്ള പക്വത അഫ്രീനുണ്ടായിരുന്നു.
അവള്‍ ത്തന്നെയാണ് ആ ജോലിക്കു അപേക്ഷ അയച്ചതും.അതിനുള്ള പരീക്ഷക്കും അഭിമുഖത്തിനും കൊണ്ട് പോയത് അന്‍വര്‍. ആയിരുന്നു.ബാപ്പ ശക്തിയായി അതിനെ എതിര്‍ത്തു.
.
“ഒരു ഐസ് കട്ട പോലെ അനീഷ അവളുടെ ഉളിലുണ്ട് മോനേ...അവളെ പുറത്തു ഒറ്റയ്ക്ക് വിടുന്നത് അപകടമാകുമോ...”അവള്ക്ക് ജോലി ലഭിച്ചുവെന്നു അറിഞ്ഞ രാത്രി അന്‍വര്‍ന്റെ മുറിയില്‍ ചെന്നു ബാപ്പ വ്യാകുലപ്പെട്ടു.പക്ഷേ അന്‍വര്‍ അയാളെ സമാധാനിപ്പിച്ചു.
അഫ്രീന്‍ അവിടെ ജോലിക്കു ചേര്‍ന്നു .മാസങ്ങള്‍ കടന്നു പോയി.കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ല.
അന്‍വറിനു ഒരു കല്യാണ ആലോചന വന്നു.ആലോചനകള്‍ മുറുകി.ഉറപ്പിക്കുന്നതിന് രണ്ടു ദിവസം മുന്പ് രാത്രി അഫ്രീന്‍ ബന്ധുക്കളായ കുട്ടികള്ക്കൊപ്പം ടി.വിയി കണ്ടു കൊണ്ടിരിക്കെ...
പൊടുന്നനെ ഒരു കുപ്പി ചില്ല് പൊട്ടി ചിതറുന്നത് പോലെ അഫ്രീന്‍ പൊട്ടിത്തെറിച്ചു.ടി.വി തല്ലിപ്പൊട്ടിച്ചു.ഷോ കേസില്‍ ഇരുന്ന വസ്തുക്കള് എറിഞ്ഞുടച്ചു.
“സിനിമ കാണാന്‍ ഞാന്‍ ഒന്നു ചാനല്‍ മാറ്റിയതെ ഉള്ളൂ അന്‍വര്‍ക്കാ...ആ സിനിമ ഇത്തക്കു ഇഷ്ടമല്ലായിരുന്നു എന്ന് അറിയില്ലായിരുന്നു.."കുട്ടികളില്‍ ഒരാള്‍ ഓടി വന്നു അന്‍വറിനെ കെട്ടി പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു.
ഇപ്പോള്‍ അന്‍വര്‍ അവളെ നഗരത്തിലേക്ക് കൊണ്ട് പോവുകയാണ്.നഗരത്തിലെ ഹോസ്പിറ്റലില്‍ പഴയ സൈക്കോളജിസ്റ്റ് ഇപ്പൊഴും ഉണ്ട്.
“അന്‍വര്‍ക്കാ ഒന്നു നിര്‍ത്ത്...നമ്മുക്ക് ഇവിടെ ഇറങാം.” അഫ്രീന്റെ് സ്വരം അയാളെ ഉണര്‍ത്തി.
നഗരത്തിന്റെ ഏറ്റവും അറ്റത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജ് ഉണ്ട്.അവിടെ നിന്നു നോക്കിയാല്‍ നഗരം മുഴുവന്‍ കാണാം.ഏറ്റവും ആകര്‍ഷകമായ കാഴ്ച നഗരത്തിന്റെ അങ്ങേയറ്റത്ത് വെള്ള മേഘങ്ങളെ ഉരുമ്മി നില്ക്കു ന്ന സഫ മസ്ജിദിന്റെ വെളുത്ത താഴികകുടങ്ങളാണ്.
ഇവിടെ വരുമ്പോഴേല്ലാം അന്‍വറും അഫ്രീനും അവിടെ ഇറങ്ങി നില്ക്കാറുണ്ട്.ഇവിടെ നിന്നു നോക്കിയാല്‍ മുല്ല മൊട്ടുകള്‍ പോലെ തോന്നും ആ താഴികക്കുടങ്ങള് കണ്ടാല്‍...അഫ്രീന്‍ പറയും.
രണ്ടു പേരും ഓവര്ബ്രി ഡ്ജിന്റെ് കൈവരിയുടെ അരികില്‍ പോയി നിന്നു.അഫ്രീന്റെ മുഖം ശാന്തമായിരുന്നു.
“അന്‍വര്‍ക്കാ പേടിക്കണ്ട..എനിക്കു ഒന്നുമില്ല..എല്ലാം ശരിയാകും.."
.”അന്‍വറിന്റെ വിവര്‍ണ്ണമായ മുഖം കണ്ടു അഫ്രീന്‍ പറഞ്ഞു.അവള്‍ അന്‍വറിന്റെ കൈ ചേര്ത്ത്ി പിടിച്ചു.
അസര്‍ നമസ്ക്കാരത്തിന്റെ സമയമായിരുന്നു.ദൂരെ മുല്ല മൊട്ട് പോലെയുള്ള വെളുത്ത താഴികക്കുടങ്ങളുടെ പിറകില്‍ മഴ മേഘങ്ങളുടെ ഇരുളിമ.
ബാങ്ക് വിളി മുഴങ്ങി.
“അല്ലാഹു അക്ബര്‍..അല്ലാഹു അക്ബര്‍...”സഫാ മസ്ജിദില്‍ നിന്നും നഗരം നീന്തിയെത്തുന്ന കാറ്റില്‍ ആ ബാങ്ക് വിളി കലര്‍ന്നു.
അഫ്രീന്റെ വിരലുകള്‍ തന്റെ വിരലുകള്‍ കൊണ്ട് അന്‍വര്‍ ശക്തിയായി കൊരുത്തു.
അയാള്‍ കണ്ണുകളടച്ചു.പരമ കാരുണികാ.....
താഴെ നിന്നു അല്പം അകലെ ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി.അത് അടുത്തു വരികയാണ്. അതിന്റെ ശബ്ദത്തില്‍ ബാങ്ക് വിളി മുങ്ങി.
അഫ്രീന്റെ് വിരലുകള്‍ ഊര്‍ന്ന് പോകുന്നത് അന്‍വര്‍ അറിഞ്ഞു.ഒരു പൂവിന്റെ ഇതള്‍ കൊഴിയുന്നത് പോലെ.
അയാള്‍ കണ്ണു തുറന്നു.അരികില്‍ അഫ്രീന്‍ ഇല്ല.
ട്രെയിന്‍ കടന്നു പോവുകയാണ്.
“അശ്ഹദു അല്ലാഹിലാഹ ഇല്ലല്ലാഹ്.....”
അവളുടെ ചുവന്ന ഷാള്‍ ഒരു ചെമ്പരത്തി ഇതള്‍ പോലെ ട്രെയിന് മുകളില്‍ പറന്നു പൊങ്ങുന്നത് അയാള്‍ കണ്ടു.
അപ്പോള്‍ ദൂരെ ഒരു പള്ളിക്കാട്ടില്‍ പറങ്കിമാവിന്‍ ഇലകള്‍ കൊണ്ട് മൂടപ്പെട്ട ഒരു ഖബറിനരികില്‍ കാറ്റ് വീശി.എവിടെ നിന്നോ ഒരു ചുവന്ന തുമ്പി അവിടെക്കു പറന്നു വന്നു.അല്പം വട്ടം ചുറ്റിയ ശേഷം അത് ആ മീസാന്‍ കല്ലില്‍ പറന്നു ചെന്നിരുന്നു.
(അവസാനിച്ചു)

മരം


എന്നാത്മവിനും
ഭവനത്തിനും
തണലായി 
കുളിരായി
പടർന്നു പന്തലിച്ച
മരമേ
ബാല്യ കൗമാര
കളിത്തൊട്ടില്‍ നിന്നിടം
ഊഞ്ഞാലാട്ടി
ഉറക്കി നിന്‍
ശിഖരങ്ങളിൽ
ആദ്യത്തെ പൂ വിരിഞ്ഞ
നീ നാണത്തോടെയും
ആദ്യ പഴമെനിക്ക്
ലജ്ജയോടെയും
സമര്‍പ്പിച്ച നിമിഷം
രുചിച്ചു ഞാനൊന്ന്
ചിരിതൂകിയപ്പോള്‍
നിന്‍ ശിഖരങ്ങളെന്നെ
ആനന്ദത്താല്‍
വാനോളം ഉയർത്തി
നരച്ച നിന്നിലകള്‍
പൊഴിഞ്ഞ മുറ്റം
വൃത്തിഹീനമായപ്പോള്‍
അമ്മതന്‍ ശാപവാക്കുകൾക്കു
നീ കണ്ണീരുപൊഴിച്ചു
ആലിംഗ ഭദ്രനായി ഞാന്‍
സമാശ്വസിപ്പിച്ചില്ലേ
എന്‍ ദുഃഖത്തിലും
സന്തോഷത്തിലും
സുഖത്തിലും
കൂട്ടായ മരമേ
എന്‍ വളർച്ചയിലും
ഉയർച്ചയിലും
തുണയായ മരമേ
നീയിന്നില്ല
നിന്‍ തിരുശേഷിപ്പുകളില്ല
നിന്‍ മധുര സ്മരണകളില്‍
മിഴിനീരാല്‍
ബാഷ്പാഞ്ജലിയർപ്പിക്കുന്നു.....
----നിഷാദ് മുഹമ്മദ്---

വെള്ളപ്പൊക്കം


റൂം മാറിയത് ഈ അടുത്താണ് . അത് വരെ സ്വയം വാചകമടിച്ചു പാചകം ചെയ്തു നില നിർത്തിയതായിരുന്നുഎന്റെ ശരീരം , കാലം മടിയനാക്കിയത് കൊണ്ടാകാം തൊട്ടടുത്തുള്ള ഹോട്ടലിലെ മെസ്സിൽ ചേരാൻ എന്നിൽ സമ്മര്ദം ചെലുത്തി . ആദ്യത്തെ ദിവസങ്ങളിൽ സംഭവ ബഹുലമായിരുന്നു അവിടം . മേശപ്പുറത്ത് ഞങ്ങള്ക്കായി എടുത്തു വെച്ച വിഭവങ്ങൾ കണ്ടപ്പോൾ തന്നെ മനസ്സും വയറും നിറഞ്ഞു .
'' ഇത് കൊള്ളാമല്ലോ .. ഹോ ഇതൊക്കെ കഴിച്ചു തടി കൂടുമെന്നാണ് പേടി . ഹാ എന്തായാലും അടുത്ത ആഴ്ച മുതൽ ദിവസവും ഒരു മണിക്കൂർ ജിമ്മിനും പോകാം .. എന്താ ഹനി ?. ''
ഞാൻ കൂട്ടുകാരൻ ഹനിയോട് ചോദിച്ചു.
അതിനകം ഭക്ഷണം അകത്താക്കാൻ തുടങ്ങിയ അവൻ അവനെ കൊണ്ട് കഴിയുന്ന താളത്തിൽ മൂളി സമ്മതം അറിയിച്ചു .
രണ്ടു മൂന്നു നാളുകൾക്ക് ശേഷം ഭക്ഷണം കഴിക്കാൻ ഞങ്ങൾ അവിടെ ചെന്നപ്പോൾ ഞങ്ങളെ കണ്ടതും ഹോട്ടൽ മുതലാളി ഇബ്രാഹീംക്ക അകത്തേക്ക് വിളിച്ചു പറഞ്ഞു .
'' എടാ സുലൈമാനേ രണ്ടു മെസ്സ് കറി ... റീ ...റീ...റീ......റീ ......''
'' മുൻപ്ദാസേട്ടന്റെ ഹരി മുരളീരവത്തിനു മാത്രമേ ഇത്രയും നീളം കേട്ടിട്ടുള്ളൂ .... കാശ് കൌണ്ടരിന്റെ ഉള്ളിൽ കുടുങ്ങി കിടക്കുന്ന കലാകാരൻ തന്നെ ഇബ്രാഹീമ്ക്ക ..തിരക്കില്ലാത്ത സമയത്ത് മൂളി പാട്ടും പാടി കാശ് കൌണ്ടറിന്റെ മേൽ താളം പിടിച്ചിരിക്കുന്ന ഇബ്രഹീമ്ക്ക ഇന്നെത്ര നല്ല ഈണത്തിലാണ് നമ്മളെ കണ്ടപ്പോൾ വരവേറ്റത് . എല്ലാം നമ്മുടെ ഭാഗ്യം ... ''
പരസ്പരം ഇബ്രാഹീംക്കയുടെ ഗുണ ഗണങ്ങൾ വിവരിക്കവെ ഞങ്ങൾക്ക് കഴിക്കാനായി മീൻ കറിയും ചപ്പാത്തിയും തീൻ മേശയിലെത്തി . ഒരു സ്പൂണ്‍ എടുത്തു പാത്രത്തിലേക്ക് ഒഴിക്കുമ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞു അടുക്കള ചുമരുകൾക്കുള്ളിൽ കുടിയിരിക്കുന്ന മറ്റൊരു കലാകാരനെ ....സുലൈമാനിക്ക . ഇബ്രാഹീംക്കായുടെ ഹൈ പിച്ച് ഈരടികൾ എന്ന സൂചന അനുസരിച്ച് മീൻ കറിയിൽ വെള്ളം കൊണ്ട് തിരയിളക്കം ശ്രിഷ്ടിച്ച്ച്ച മഹാ പ്രതിഭ .
ഭക്ഷണം കഴിച്ചു എണീക്കുമ്പോൾ ഞാൻ ഇബ്രാഹീംക്കയോട് ചോദിച്ചു .
''അല്ല ഇബ്രാഹീമ്ക്ക .. നിങ്ങള് ഈ ഷോപ്പിനു എത്രയാണ് റെന്റ് കൊടുക്കുന്നത് ? ''
'' അത് മോനെ നാലായിരം ദിർഹം .. കറെന്റും വെള്ളവുമെല്ലാം ഫ്രീയാണ് .. അതൊക്കെ വാടകയിൽ പെടും .... ഹി ഹി ഹി .. ''
അവസാനത്തെ ആ ചിരിയിൽ ഗൂഡമായ പലതും ഇല്ലേ എന്ന തിരിച്ചറിവിനിടെ , കൈ കഴുകാൻ വാഷ്‌ ബേസിനടുത്തേക്കടുക്കുമ്പോൾ കണ്ണാടി ചുമരിനു താഴെ പതിച്ചു വെച്ച ചെറിയ പോസ്റ്റർ ഞാൻ വായിച്ചെടുത്തു .
'' SAVE WATER ''
ഒന്നും മിണ്ടാതെ ഞങ്ങൾ മടങ്ങി നാളെ മറ്റൊരുകറിയിലെ വെള്ളപൊക്കത്തെ വരവേൽക്കാനായി

By: HafiHafzal

മായികലോകത്തെ മണവാട്ടി


മനസ്സിന്റെ മടിത്തട്ടിൽ മയങ്ങും
മാൻമിഴിയാം മനോഹരിയേ
മലരിലെ മധുവുണ്ണാൻ മലർവാടിയിൽ
മതിമുഖീ മാലതി മന്ദമായണയൂ
മഞ്ചാടിമണികളാൽ മാലകോർത്തു
മാണിക്യ മണിയറ മെനഞ്ഞെടുത്തു
മായികലോകത്തെ മണവാട്ടിയായി
മാലിനി മനതാരിൽ മരുവുക മഹിതേ
മാനത്ത് മഴവില്ല് മരീചികയായ്
മഞ്ഞുറയും മേഘങ്ങൾ മഴതൂവി
മാരുതൻ മുത്തിയ മുടിയിഴകൾ
മാടിയൊതുക്കി മാറോടുചേരൂ മമസഖീ
ജയൻ വിജയൻ
31/10/2016

ആശുപത്രി വരാന്തകളിലൂടെ - (ഭാഗം രണ്ട്)


മോർച്ചറി
~~~~~~
ലിസ്സി ആശുപത്രിയുടെ മുഖ്യ കാവാടത്തിൽ നിന്നും നേരെ നടന്നു കാർഡിയാക് ബിൽഡിങ്ങിലേക്കുള്ള ലിഫ്റ്റ് കയറുന്നതിനു തൊട്ടു മുൻപാണ് മോർച്ചറിക്കുള്ള വഴി
ഒരോ തവണ അവിടെ എത്തുമ്പോഴും അറിയാതെ എങ്കിലും നോക്കി പോകും ആ
ചുമന്ന നിറത്തിലുള്ള ബോർഡും
""ഫ്രീസർ മോർച്ചറി"" ലഭ്യമാണെന്നുള്ള അക്ഷരങ്ങളും
ഹാ!!!! അതവിടെ നിൽക്കട്ടെ.....
ഔത കുഞ്ഞിൻറേം അവന്റെ വല്യപ്പച്ചനെയും പറ്റി പറഞ്ഞില്ലല്ലൊ ഞാൻ. ലിഫ്റ്റിൽ വച്ചാണ് രണ്ടുപേരെയും ആദ്യമായി കണ്ടതു. എഴാം ക്ലാസിൽ പഠിക്കുന്ന പയ്യന്റെ പേര് ജോസഫ് എന്നാണേലും വല്യപ്പച്ചൻ വിളിക്കുന്നതു ഔത കുഞ്ഞെന്നാ. അവന്റെ ഡാഡി നൈജീരിയയിലെ ലാഗോസിലും, മമ്മ കുവൈറ്റിലും ജോലി ചെയ്യുന്നതിനാൽ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടേം കൂടെ പിറവത്താണ് താമസം. ഇപ്പോൾ പക്ഷേ വല്യമ്മച്ചി ഇവിടെ ബൈപാസ് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നതിനാൽ സ്‌കൂളും പഠിത്തവും എല്ലാം വിട്ട്‌ വല്യപ്പച്ചനും ഔതായും ആശുപത്രിയിൽ കറങ്ങി നടക്കൽ ആണ് ഏതു നേരവും
എന്തു കൊണ്ടോ, ഞങ്ങൾ മൂന്നും പെട്ടെന്നു കൂട്ടായി.... ഇടക്ക് ഔതയ്ക്കു ഏറ്റവും ഇഷ്ട്ടമുള്ള അൽപെൻലീബെ വാങ്ങാൻ എന്ന പേരിൽ ഞാനും വല്യപ്പച്ചനും മുങ്ങും.... പുറത്ത് ആട്ടോ സ്റ്റാൻഡിന്റെ പിന്നിലുളള വലി താവളത്തിൽ പോയി രണ്ടു പേരും ആത്മാവിനെ പുകച്ചേച്ചു വരും. എപ്പൊ കണ്ടാലും വല്യപ്പച്ചന്‌ വല്യമ്മച്ചിയെ കുറിച്ചു പറയാനേ നേരമുള്ളൂ. എടീ പോത്തേ എന്നു മാത്രേ വിളിക്കാറുള്ളൂന്നും, രാത്രി രണ്ടെണ്ണം വിട്ടു വീട്ടിൽ വന്നാൽ പോത്തിന്റെ തലയ്ക്കു കിഴുക്കാറുണ്ടെന്നും എല്ലാം എല്ലാം
ഇതു കെട്ടു ഔത ഇടക്ക് കണ്ണടച്ച് കാണിക്കും; അപ്പടി പുളു ആണെന്ന ഭാവത്തിൽ
അതു മനസ്സിലായി എന്നു അറിയിക്കാൻ വല്യപ്പച്ചൻ ബീഡി കറയുള്ള പല്ലുകാട്ടി ഔതയെ കൊഞനം കാട്ടും
മിനിഞ്ഞാന്നു വാപ്പയുടെ സർജറി ആയിരുന്നു. അതു കൊണ്ടു തന്നെ രണ്ടീസ്സം ഞാൻ വാർഡിലേക്കു അധികം പോയില്ല. ഇന്നലെ രാത്രി റൂമിലേക്ക് പോകുവാൻ ലിഫ്ട് കാത്തു നിന്ന എന്ടെ മുൻപിൽ ലിഫ്റ്റിന്റെ വാതിലുകൾ തുറന്നു.
അതിൽ നിന്നും ഒരു സ്‌ട്രെച്ചറും വെള്ള തുണി കൊണ്ടു മൂടിയ ഒരു ശരീരവുമായി രണ്ടു ആശുപത്രി ജീവനക്കാർ പുറത്തിറങ്ങി. അവരുടെ പുറകിലായി വല്യപ്പച്ഛനും ഔതായും. വിങ്ങി വിങ്ങി കരയുന്ന ഔതായെ സമാധാനിപ്പിക്കുന്ന വല്യപ്പച്ചൻ പക്ഷെ ഇടക്ക് മുഖം തിരിച്ചു പിടിച്ചു കൈലി മുണ്ടു കൊണ്ടു കണ്ണീരൊപ്പുന്നുണ്ടായിരുന്നു.
മോർച്ചറിയുടെ ഇരുണ്ട കവാടത്തിലേക്ക് ഞാനും നീങ്ങി....... ആ മൂന്നു ആത്മാക്കളോടൊപ്പം
ഇതിനിടെ ആശുപത്രി അറ്റൻഡർ വന്നു വല്യപ്പച്ചന്റെ കയ്യിൽ ഒരു ചീട്ടു കൊടുത്തു... മോനും മരുമോളും വരാൻ താമസിക്കില്ലേ, അതു കൊണ്ടു ഈ നമ്പറിൽ വിളിച്ചു ഫ്രീസർ മോർച്ചറി ഇപ്പോഴേ ബുക്ക് ചെയ്തോ... കിട്ടാൻ വല്യ പാടാ
കൈക്കുള്ളിൽ ആ ചീട്ടു മുറുക്കി പിടിച്ചു കൊണ്ടു, ഔതായേം ചേർത്തു നിർത്തി..... തണുത്തു വിറങ്ങലിച്ച മനസ്സുമായി വല്യപ്പച്ചൻ നിന്നു.
അവളെ ഞാൻ ഒറ്റക്കു എങ്ങനാ അവിടെ വിട്ടേച്ചു പോകുന്നെ മോനെ??? ഞാൻ ഇവിടെ ഇരുന്നോളാം
അവസാന യാത്രാമൊഴിക്ക്‌ മുൻപെ അവരിരുന്നു.. വല്ല്യപ്പച്ചനും ഔതയും.. പുറത്തെ തണുത്ത ബെഞ്ചിൽ......
ആൽപൻലീബയേക്കാൾ മധുരതരമായ സ്മൃതികളോടെ
......തുടരും

ഒരു ആത്മഹത്യാക്കുറിപ്പിൽ ഒളിപ്പിച്ചുവെച്ചത് പ്രിയപ്പെട്ട ഏട്ടന്


പ്രിയപ്പെട്ട ഏട്ടന്,
പറയാതെ പോകാനാണ് ആദ്യം കരുതിയത് .പക്ഷെ, എന്റെ വിയോഗം വരുത്തുന്ന നഷ്ടങ്ങളെ ഓർത്ത് ജീവിതം ഹോമിക്കാൻ തയാറാകുന്ന ഏട്ടന് ചില തിരിച്ചറിവുകൾ ഞാൻ നൽകട്ടെ,
ഓർമ്മയുണ്ടോ....മൂന്ന് വർഷങ്ങൾക് മുൻപ് ഞാൻ നമ്മുടെ വീട്ടിലേക്ക് വലത് കാൽ വെച്ച് കയറിയ ആ നിമിഷത്തെ കുറിച്ച്...നിറഞ്ഞ മനസ്സോടെ എന്നെ സ്വീകരിച്ച് വീട്ടിലേക്ക് ആനയിച്ച നമ്മുടെ അമ്മയെ കുറിച്ച് ,ഒടുവിൽ നമ്മുടെ വികാരങ്ങൾ സംഗമിച്ച ആ നീല രാത്രയെ കുറിച്ച് ,എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അല്ലെ....
അമ്മയില്ലാതെ വളർന്നത് കൊണ്ടാവണം ചേട്ടന്റെ അമ്മ എനിക്ക് നേരെ നീട്ടിയ മാതൃത്വത്തെ ഞാൻ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചത്.എന്റെ തലയിലും ശരീരത്തിലും എണ്ണ തേച്ചു തരുമ്പോഴും എന്റെ ആരോഗ്യത്തെ കുറിച്ച് വേവലാതിപ്പെടുമ്പോഴും എന്റെ കാര്യങ്ങളിൽ സ്വാർത്ഥതയോടെ ഇടപെടുമ്പോഴുമെല്ലാം ഒരായുസ്സിന്റെ സുകൃതം ഞാൻ അനുഭവിക്കുകയായിരുന്നു. ഒടുവിൽ രണ്ട് മാസത്തെ വെക്കേഷൻ ആഘോഷിച്ച് തീർത്ത്‌ ചേട്ടൻ ഗൾഫിലേക്ക് മടങ്ങുമ്പോഴും ആ അമ്മത്തണലിൽ ഞാൻ സുരക്ഷിതയായിരുന്നു.
അങ്ങനെയിരിക്കയാണ് ഞാൻ അവിചാരിതമായി അനീഷിനെ കാണുന്നത്.സ്വാഭാവികതയോടെ എല്ലാ സീമകൾക്കുള്ളിൽ വെച്ച് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.മിസ് കോളിൽ തുടങ്ങിയ ആ ബന്ധം പിന്നീട് മെസ്സേജുകളിലേക്ക് വഴിമാറി.ഒടുവിൽ ദീർഘ നേരം ചിലവഴിച്ച ഫോൺ കോളുകളിലേക്ക് ആ ബന്ധം സൗഹൃദവും കടന്ന് മുന്നേറിയെപ്പോൾ ഞാൻ അപകടം മണത്തു തുടങ്ങിയിരുന്നു.
പക്ഷെ അവനൊരു തന്ത്രശാലിയായ വേട്ടക്കാരനായിരുന്നു.ഇരയുടെ ദൗർബല്യത്തെ കുറിച്ച് നന്നായി പഠിച്ചു വേട്ടക്കിറങ്ങിയ കൗശലക്കാരൻ.അവന്റെ കെണിയിൽ വീണ ആ നിമിഷത്തിൽ തന്നെ ഞാനറിഞ്ഞു ചേട്ടനോടുള്ള എന്റെ സ്നേഹം വെറും കാപട്യമായിരുന്നെന്ന്.ഒടുവിൽ അരുതാത്തത് തന്നെ സംഭവിച്ചു.അവൻ എന്റെ ബെഡ് റൂമിലും....അതെ ഏട്ടാ..എന്റെ പാതിവൃത്യത്തെ ഒരു നിമിഷം ഉണർന്ന എന്നിലെ കാമാഗ്നിയിൽ ഞാൻ കത്തിച്ചുകളഞ്ഞപ്പോൾ അവിടെ ഞാൻ അപമാനിച്ചത് ചേട്ടന്റെ എന്നിലുള്ള വിശ്വാസം കൂടി ആയിരുന്നു.എന്നിലേക്കുള്ള ചേട്ടന്റെ തിരിച്ചറിവുകളുടെ ആദ്യപാഠം....
കാലചക്രം വീണ്ടും കറങ്ങിക്കൊണ്ടിരുന്നു.ഞങ്ങളുടെ ബന്ധവും ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരുന്നു.എന്നാൽ,ഒരിക്കൽ ഒരു രതിയുടെ സുഖാസ്വാദനത്തിന് ശേഷം എന്റെ മുറിവിട്ട് പുറത്തേക്കിറങ്ങുന്ന അവനെ അമ്മ കണ്ടു.
ആ കാഴ്ചയെ ഉൾക്കൊള്ളാനാവാതെ പൊട്ടിക്കരഞ്ഞ നമ്മുടെ അമ്മയെ ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.പക്ഷെ,ഈ നയവഞ്ചകിയുടെ മുഖത്തേക്ക് അവർ കാർക്കിച്ചുതുപ്പുകയാണ് ചെയ്തത്.ഒടുവിൽ അഭിമാനക്ഷതം ഭയന്ന് അവൻ അമ്മയെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ ഞാൻ അവനെ സഹായിക്കാനാണ് ശ്രമിച്ചത്. അതെ,ഏട്ടാ നമ്മുടെ അമ്മയുടെ മരണം സ്വാഭാവികമായിരുന്നില്ല.അത് ഈ നന്ദികെട്ടവൾ ചെയ്ത മഹാപാതകത്തിൽ ഒന്നായിരുന്നു.സ്വന്തം തെറ്റുകളെ മൂടിവെക്കാൻ മാതൃത്വത്തെ കഴുത്ത് ഞെരിച്ചു കൊന്നപ്പോൾ അവിടെ എനിക്ക് നഷ്ടപെട്ടത് എന്നിലെ മനുഷ്യത്വം കൂടിയായിരുന്നു. എന്നിലേക്കുള്ള ചേട്ടന്റെ തിരിച്ചറിവുകളുടെ രണ്ടാം പാഠം....
രണ്ട് വർഷത്തെ നമ്മുടെ കാത്തിരിപ്പിന് വിരാമമായി.നമുക്ക് ഒരു മോള് ജനിച്ചു.തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് വീണുകൊണ്ടിരുന്നു എനിക്ക് തിരിച്ചുകയറാനുള്ള അവസാന അവസരം കൂടിയായിരുന്നല്ലോ അത്..
പക്ഷെ ഒരു രതിക്ക് ശേഷമുള്ള കൊച്ചു വർത്തമാനത്തിൽ നിറയെ അവസരങ്ങൾ തുറന്നുവെച്ച ഒരു ഭാവിയെ കുറിച്ച് പറഞ്ഞു അവൻ എന്നെ മോഹിപ്പിച്ചപ്പിച്ചു.ഏട്ടനും മോളുമില്ലാതെ ഞങ്ങൾ രണ്ട് പേരും മാത്രമുള്ള ഒരു ലോകം.അവൻ കുത്തിവെച്ച ഉന്മാദ ലഹരിയിൽ മലീമസമായ എന്റെ മനസ്സിന് അപ്പോൾ ശെരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷിയില്ലായിരുന്നു.
അതെ ഏട്ടാ,നിഷ്കളങ്കമായി എന്നെ നോക്കിച്ചിരിക്കുകയായിരുന്ന നമ്മുടെ മോളെ ഞാൻ കോരിയെടുത്തു.അവൾക്ക് കൊടുക്കാറുള്ള പാലിൽ വിഷം ചേർത്ത് അവളെ അവസാനമായി ഊട്ടുമ്പോഴും അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു.ഒടുവിൽ എന്റെ ശരീരത്തിലേക്ക് ചേർത്തുപിടിച്ച് ഞാനവളെ എന്നെന്നേക്കുമായി ഉറക്കി.മണിക്കൂറുകൾക്ക് ശേഷം അവളുടെ തണുത്ത് മരവിച്ച ശരീരം എനിക്ക് അനുഭവിക്കാനായി.സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി തന്റെ കുഞ്ഞുമോളെ പാലിൽ വിഷം ചേർത്ത് കൊന്ന എന്നിലെ മാതൃത്വം ലോകത്തിന് തന്നെ അപമാനമാണ്.എന്നിലേക്കുള്ള ചേട്ടന്റെ തിരിച്ചറിവുകളുടെ മൂന്നാം പാഠം....
ഇന്ന് എന്റെ മരണത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ചേട്ടനായിരുക്കുമെന്ന് എനിക്കറിയാം.ചെകുത്താൻ പോലും ശപിച്ച ഈ ജന്മത്തിന് ഒരു ഈശ്വരനും മാപ്പ് തരില്ല.എന്നാലും ഞാൻ പോകുന്നത് സന്തോഷത്തോടെയാണ്.ഇതെല്ലാം ഏട്ടനെ അറിയിക്കാനായല്ലോ എന്ന സന്തോഷത്തിൽ.
അവസാനമായി ഒന്ന് കൂടെ ഓർമിപ്പിക്കട്ടെ.അനീഷ് മണിക്കൂറുകൾക്ക് മുൻപ് എന്നെ കാണാൻ വന്നിരുന്നു.അവൻ വേറെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് എന്നോട് പറഞ്ഞു.ഒരിക്കൽ കൂടി ഞാൻ അവനെ എന്നിലേക്ക് ക്ഷണിച്ചു.ഒടുവിലത്തെ അത്താഴത്തിന് ആർത്തിയോടെ വന്ന ആ വഞ്ചകനെ മദ്യത്തിൽ വിഷം കലർത്തി ഞാൻ കുടിപ്പിച്ചു.അവനും എന്റെ കൂടെ ഈ യാത്രയിലുണ്ട്.അതെ ഏട്ടാ...ഏട്ടന് ഇനി ചെയ്യാൻ ഒന്നുമില്ല .എന്റെ സ്മൃതിമണ്ഡപത്തിൽ കാർക്കിച്ചു തുപ്പുകയെന്നല്ലാതെ...
(അസംഭവ്യം എന്ന വാക്ക് കൊണ്ട് ഇതിനെ നിർവ്വചിക്കാൻ കഴിയില്ല.ഇത്തരം വാർത്തകൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ)
സമീർ ചെങ്ങമ്പള്ളി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo