Showing posts with label ആമി ഫാത്തിമ. Show all posts
Showing posts with label ആമി ഫാത്തിമ. Show all posts

ദയവ് ...... ( അഭ്യർത്ഥന )

ദയവ് ചെയ്ത് നിങ്ങളെന്‍റെ ശവശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കരുത്.....! എനിയ്ക്കാ ഭാരം കൂടി സഹിക്കാന്‍ വയ്യ. മാത്രവുമല്ലാ വല്ല പുഴുവോ ഉറുമ്പോ അതിനുളളില്‍ ഉണ്ടെങ്കില്‍ അതെന്നെ കടിച്ചു നോവിക്കും. എനിയ്ക്കതിനെ കശക്കി എറിയാനോ ...എനിയ്ക്കൊന്നു ചൊറിയാനോ പോലും ആകില്ലല്ലോ ....! എന്‍റെ ബുദ്ധിമുട്ടൊന്ന് ആലോചിച്ച് നോക്കൂ....!!
ദയവ് ചെയ്ത് എന്‍റെ പേരില്‍ ആരും സഹതപിക്കുകയോ ..... പരിതപിക്കുകയോ ചെയ്യരുത് ....!
ദയവ് ചെയ്തു നിങ്ങളെന്‍റെ ശവത്തില്‍ കുത്തി നോവിക്കരുത്....! അതായത് , എന്നെ നോക്കി നല്ലതും പറയരുത് മോശവും പറയരുത് . കാരണം മറ്റൊന്നുമല്ല......, അതെനിയ്ക്ക് വിഷമം ആണ്. നല്ലത് പറഞ്ഞാല്‍ , ഇത്രയും സ്നേഹമുളള നിങ്ങളെയൊക്കെ വിട്ട് എനിയ്ക്ക് പോകേണ്ടി വരുന്നതിലുളള വിഷമവും ... മോശം പറഞ്ഞാല്‍ , ഞാന്‍ മരിച്ചിട്ട് പോലും എന്നെ വെറുതെ വിടുന്നില്ലല്ലോ എന്ന സങ്കടവും ആകും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് .
അതുപോലെ തന്നെ ദയവ് ചെയ്ത് നിങ്ങളെന്നെ ഒരു പ്രദര്‍ശന വസ്തു ആക്കരുത്. ഏറിയാല്‍ .... രണ്ടോ മൂന്നോ മണിക്കൂര്‍... അതില്‍ കൂടുതല്‍ ...., എന്നെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നവരെ കാത്ത് നിര്‍ത്തിക്കരുത്...! എത്രയും വേഗം അവരോടൊപ്പം പോകാന്‍ എന്നെ അനുവദിക്കണം.
ഇതെല്ലാം എന്‍റെ അപേക്ഷകളാണ്... മാനിയ്ക്കണം.....!
ദയവ് ചെയ്ത് പരിഗണിക്കണം....!!
എന്ന് ,
സ്നേഹപൂര്‍വ്വം....
ആമി

ഘടികാരം

അക്കങ്ങള്‍ തെറ്റുന്നു
സമയം തെറ്റുന്നു....
ഓടിത്തളര്‍ന്ന വാച്ചിന്‍റെ
നെഞ്ചിടിപ്പിലേക്ക്....
ഒരു പകല്‍ കൂടി അസ്തമിക്കുന്നു.
ഇരുണ്ട നിശബ്ദതയില്‍ നിന്നെത്തിയ
ഒരു നിലവിളിയുടെ പ്രതിധ്വനിയിലമര്‍ന്ന്
തൊണ്ടയില്‍ മണിയൊച്ച കുരുങ്ങുന്നു.
മനസ്സിന്‍റെ ജഢമാടങ്ങളില്‍
ഒറ്റക്കാലില്‍ നിന്നു മുഷിഞ്ഞ
ഒരു മരക്കുരിശ് കിതപ്പാറ്റുന്നു.
മരണമോതുന്നു , സമയം കുറിക്കുന്നു
പാതി മറഞ്ഞയീ പേരുകളില്‍.....
എന്‍റെ പേരെവിടെയാണ് ?
നഗരത്തില്‍ നിന്ന്
ഒടുങ്ങാത്ത മരണ വേദന
രഥചക്രങ്ങള്‍ ചവിട്ടിക്കുഴച്ച തലച്ചോറുകള്‍...
ചിട്ട തെറ്റിയ അക്കങ്ങളില്‍
ഭ്രമണം ചെയ്യുന്ന നിശബ്ദമായ
നനഞ്ഞ കണ്ണുകള്‍....
രാത്രിയായി.....
പെയ്തിറങ്ങുന്നു തിമിരം....!! 
ആമി

ഒരു ട്രെയിന്‍ യാത്ര ....!! ( കഥ )

സമയം രാത്രി 8 മണി..... ഓടിത്തളര്‍ന്ന ജേതാവിനെപ്പോലെ , പ്ലാറ്റ് ഫോമിലേക്ക് ...കിതച്ചു കൊണ്ട് , മലബാര്‍ എക്സ്പ്രസ് എത്തി....! പലരും പലപല കംപാര്‍ട്ട്മെന്‍റിലായി കയറി ... കൂട്ടത്തില്‍ ഞാനും ....!!
കിതപ്പാറും മുമ്പേ...വീണ്ടും കുതിച്ചു തുടങ്ങി....! വിജനമായ വഴിത്താരയിലൂടെ , ഇഴഞ്ഞും പതുങ്ങിയും...ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു . പുറത്ത് നിലാവെളിച്ചം പാല്‍പ്പുഞ്ചിരി തൂകി നില്‍ക്കുന്നു . മുരണ്ടും പിരണ്ടും , കുതിച്ചും കിതച്ചും ട്രെയിന്‍ പൊയ്ക്കൊണ്ടിരുന്നു. മിന്നാമിനുങ്ങുകളെ ഓര്‍മ്മിപ്പിക്കത്തക്ക വിധം , ഇരുട്ടില്‍ നിരനിരയായും വരിവരിയായും അങ്ങുമിങ്ങും ഇലക്ട്രിക് വിളക്കുകള്‍ പ്രകാശിക്കുന്നു.
വിണ്ണില്‍ ,മിന്നല്‍ പിണറുകള്‍.... ഭൂമിയെ തുളച്ച് ആഴത്തിലേക്ക് ഇറങ്ങാന്‍ വെമ്പുന്ന , വമ്പന്‍ മരത്തിന്‍റെ വേരുപോലെ..... മിന്നല്‍ പിണറുകള്‍ ചാലിട്ടൊഴുകി വരുന്നു .
ടി.ടി.ആര്‍ ഇടയ്ക്കിടയ്ക്ക് ടിക്കറ്റ് പരിശോധനയ്ക്കായി കമ്പാര്‍ട്ടുമെന്‍റില്‍ , അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു. ഇടയ്ക്ക് ഉറങ്ങി കിടക്കുന്നവരെ വിളിച്ചുണര്‍ത്തുന്നു. ടിക്കറ്റ് പരിശോധിക്കുന്നു.... സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉലാത്തുന്നുണ്ട്. ഉറക്കം വരാതിരിക്കുവാനോ അതോ.... കളളന്‍മാരോ കാപാലികന്മാരോ ഉണ്ടോ എന്ന് പരിശോധിക്കുവാനാണോ ? ആവോ.... ദൈവത്തിനറിയാം.
പുറത്ത് മഴയുടെ നനുത്ത സ്പര്‍ശം ! യാത്രക്കാര്‍ സുഖനിദ്രയിലാണ്. എന്തേ ഞാന്‍ മാത്രം ഉറങ്ങാത്തത് ? നിദ്രാ ദേവി എന്നെ അനുഗ്രഹിക്കാത്തതോ അതോ ഞാന്‍ ആട്ടിപ്പായിച്ചതോ ? ഞാന്‍ ആട്ടിപ്പായിച്ചതാകാനേ വഴിയുളളൂ....!!
വീടും... നഗരവും .... പക്ഷികളും.... വൃക്ഷലതാദികളും മയക്കത്തിലാണ്...! എന്‍റെ സഹയാത്രികരും സുഖനിദ്രയിലാണ്. എന്തെല്ലാം കിനാവുകളാവും അവരൊക്കെ ഇപ്പോള്‍ കാണുന്നുണ്ടാവുക ? ഒാരോരുത്തരുടേയും ഉറക്കത്തിന്‍റെ ഒാരോരോ രീതികള്‍....! ഏത് ദുഷ്ടനായാലും ക്രൂരനായാലും ഉറങ്ങുമ്പോള്‍ പഞ്ചപാവം...!!
കാവല്‍ മാടങ്ങളിലെ കാവല്‍ക്കാര്‍ , വണ്ടി കടന്നു പോകുമ്പോള്‍..., ടോര്‍ച്ച് തെളിച്ചു കാണിക്കുന്നു. താന്‍ ഉറങ്ങിയിട്ടില്ല എന്ന് ബോധ്യപ്പെടുത്താനാണോ.... അതോ മുമ്പോട്ടുളള പ്രയാണത്തിന് തടസ്സമൊന്നുമില്ല , ധൈര്യമായി പൊക്കോളൂ എന്നാണോ ?
ഒരു ചൂട് കാപ്പി കിട്ടിയിരുന്നെങ്കില്‍... എന്ന് ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു. ഇടയ്ക്ക് ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ കുറേപ്പേര്‍ ഇരുന്ന് കാപ്പി കുടിക്കുന്നത് കണ്ടതു കൊണ്ടാണോ എനിയ്ക്കിപ്പോള്‍ ഈ ആഗ്രഹം തോന്നിയത് ? ഏയ്... അല്ല. ഒരിയ്ക്കലും അല്ല . ഒരു കാപ്പി കിട്ടിയിരുന്നെങ്കില്‍.....!!
നദിയോ... കായലോ...? അറിയാന്‍ കഴിയുന്നില്ല. എങ്കിലും ഓളപ്പരപ്പില്‍ , നിലാവെളിച്ചം നീന്തിത്തുടിക്കുന്നത് കാണാന്‍ ചേലുണ്ട് . കെട്ടു വളളങ്ങളോ ചങ്ങാടമോ.... അതോ മണല്‍ മാഫിയയോ....എന്തുമാകട്ടെ... അവയിങ്ങനെ വെളളത്തിലൂടെ ഒഴുകി പോവുകയാണ് .
രാത്രി , ഇത്രയും മനോഹരിയാണോ...? പകലിന് ഒരു സൗന്ദര്യം.... രാത്രിക്ക് അതിലേറെ സൗന്ദര്യം....! ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് , കാട്ടിലൂടെ മലമ്പാതയിലൂടെ എന്‍റെ സഞ്ചാരം തുടര്‍ന്നു....
കണ്‍പോളകള്‍ക്ക് കനം വെച്ച് തുടങ്ങി ....പോ....പോ ഉറക്കമേ.... ഞാന്‍ കാണട്ടെ... ഈ രാത്രി . ഈ രാത്രിയുടെ സൗന്ദര്യവും സൗരഭ്യവും ഞാന്‍ ആവോളം അനുഭവിക്കട്ടെ... അമ്പിളിക്കുട്ടന്‍ , എന്‍റെ കൂടെ.. ട്രയിനിന്‍റെ ഒപ്പം ഓടുകയാണ്. അല്ല പറക്കുകയാണ് . എനിയ്ക്ക് കൂട്ടു വരികയാണോ...? ഓടിയോടി ക്ഷീണിച്ചിട്ടുണ്ടാകും. പാവം... താഴേക്കിറങ്ങി വന്നെങ്കില്‍.... ആവോളം വെളളം കൊടുക്കാമായിരുന്നു . പുറത്ത് മിന്നലിന്‍റെ ശക്തി ഏറിയും കുറഞ്ഞും വന്നു .
തീപ്പെട്ടിക്കൂടുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വെച്ചതുപോലെ , കൂറ്റന്‍ ഫ്ലാറ്റുകള്‍...! ഒരു ചെറിയ ചലനം മതി.... എല്ലാം നിലംപരിശാവാന്‍...!
സ്റ്റേഷനുകളിലെ ഒഴിഞ്ഞ സിമന്‍റു ബെഞ്ചുകളില്‍ , അവിടവിടെയായി ഓരോരുത്തര്‍ കിടന്നുറങ്ങുന്നു . രാത്രി വൈകി വരുന്ന തീവണ്ടികളില്‍ പോകാനുളളവര്‍ ആണോ ? അതോ.... തല ചായ്ക്കാന്‍ , സ്ഥിരമായും സ്വന്തമായും ഒരിടം ഇല്ലാത്തതു കൊണ്ട് തല ചായ്ക്കാന്‍ മാത്രം എത്തുന്നവരോ ?
വിശപ്പിന്‍റേയും ഉറക്കത്തിന്‍റേയും മുമ്പില്‍ മനുഷ്യര്‍ നിസ്സഹായരായി പോകുന്ന കാഴ്ചകള്‍....! പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉളള വക ഭേദം ഇല്ലാതെ പ്ലാറ്റ് ഫോമില്‍ കിടന്ന് ഉറങ്ങുന്ന യാത്രക്കാര്‍....!!
എന്തുമാകട്ടെ..... സുഖമായി ഉറങ്ങട്ടെ....! ഉറങ്ങി , നല്ല പ്രഭാതത്തിലേക്ക് എത്തട്ടെ....!!
????!!!!?????!!!!!????!!!!!?????!!!!!! ആമി

മാനവര്‍ ( കവിത )

വര്‍ണ്ണഘോഷങ്ങളുടെ
പൂരപ്പറമ്പാണീ ലോകം
പാറിപ്പറക്കും പൂമ്പാറ്റകള്‍
ചെന്ന് പതിക്കുന്നതോ , തീ ജ്വാലയില്‍
എന്തിനീ വര്‍ണ്ണങ്ങള്‍ ?
എന്തിനീ ശബ്ദ ഘോഷങ്ങള്‍ ?
സ്വപ്ന തുല്യമാമീയുലകിലെ
നിദ്രയില്‍ നിന്നും ഞെട്ടിയുണരുമ്പോള്‍
ശേഷിപ്പതോ ഒരു പിടി ദുഃഖങ്ങളും...!
ഒരു പിടി പാപങ്ങളും...!!
ഈ പുണ്യ ഭൂമിയെ
പാപക്കറയില്‍ പൂഴ്ത്തിയവര്‍ - മാനവര്‍
ഈ പുണ്യ ഭൂമിയെ പാപക്കറ -
യില്‍ നിന്നും രക്ഷിക്കേണ്ടവര്‍ -മാനവര്‍
ഇതുവല്ലതുമറിയുന്നോ - മാനവര്‍ ?
ഇതുവല്ലതുമോര്‍ക്കുന്നോ - മാനവര്‍
ആമി -

സന്ധ്യ മയങ്ങുമ്പോള്‍

സന്ധ്യ മയങ്ങുമ്പോൾ‍
ഉളളം എരിയും.....
എന്തിനെന്നറിയാതെ ....
ഏതിനെന്നറിയാതെ ....!
ബാല്യകാല സ്മൃതിയില്‍
വേദനകള്‍ തന്‍ നീരാളിപ്പിടുത്തത്തില്‍
ഒരു ജന്മ ദുഃഖത്തിന്‍...
വേദനയും പേറി...
എന്നോ നഷ്ടപ്പെട്ടൊരെന്‍ ബാല്യവും
ബാല്യത്തിന്‍ കളിയും ചിരിയും...
മാതൃസ്നേഹത്തിന്‍ അമൃതും ...
പിതൃസ്നേഹത്തിന്‍ കരുതലും
ഒത്തിരി മോഹിച്ചൊരെന്‍ ബാല്യത്തില്‍
കിട്ടിയതോ ഒരുപിടി ദുഃഖങ്ങളും...!!
സന്ധ്യ മയങ്ങുമ്പോള്‍ അര്‍ക്കനെ നോക്കി
പരിതപിച്ചൊരെന്‍ ബാല്യത്തെ
ഇളം തെന്നല്‍ , തഴുകി തലോടിയപ്പോള്‍
അമ്പലപ്പാട്ടുകള്‍ കൂട്ടിനായെത്തിയൊപ്പം,ദൂതുമായി
അച്ഛമ്മതന്‍ ശകാരത്തില്‍
ഉളളം പിടഞ്ഞപ്പോള്‍....
അറിയാതെയോര്‍ത്തുപോയി
അരികിലെന്‍ അമ്മയുണ്ടായിരുന്നെങ്കില്‍...
അപ്പച്ചിമാര്‍ തന്‍ കളിയാക്കല്‍ കേട്ടപ്പോള്‍
അറിയാതെയോര്‍ത്തുപോയി ...
അരികിലെന്‍ താതന്‍ ഉണ്ടായിരുന്നെങ്കില്‍
ബന്ധുജനങ്ങള്‍ തന്‍ പരിഹാസ ശരമേറ്റപ്പോള്‍
അറിയാതെയോര്‍ത്തുപോയി ....
എന്‍ കൂടപ്പിറപ്പുകള്‍, കൂടെയുണ്ടായിരുന്നെങ്കില്‍
വിശപ്പാറാത്ത വയറും...
വേദന നിറഞ്ഞൊരെന്‍
മനവുമായി മയങ്ങുമ്പോള്‍
നാളെ വരുമെന്നമ്മയെന്നോര്‍ത്തു
ഞാന്‍ സമാധാനിക്കും....!!
സൂര്യ കിരണത്തേക്കാള്‍ മുമ്പേ
വരുന്ന 'നുളളി'ന്‍റെ നോവില്‍
ഇന്നെന്നമ്മ വരുമെന്ന
പ്രതീക്ഷ ലയിപ്പിച്ച്....
ആകാംക്ഷയോടെ, വഴിക്കണ്ണുമായി
കാത്തിരുന്നു ഞാന്‍....!!
സഹപാഠികള്‍ തുണയേകിയ
പകലിന് , വിരാമം കുറിച്ച് കൊണ്ട് ആദിത്യന്‍ വിടവാങ്ങും നേരം
അമ്പലപ്പാട്ടുകള്‍ കൂട്ടിനായെത്തി വീണ്ടും
ഇന്നീ സന്ധ്യകള്‍ കാണുമ്പോള്‍ ....
അമ്പലപ്പാട്ടുകള്‍ കേള്‍ക്കുമ്പോള്‍....
അറിയാതെന്നുളളം തേങ്ങുന്നു....
എന്തിനെന്നറിയാതെ .....!
ഏതിനെന്നറിയാതെ .....!!

By: AAmi Fathma

ഭാഗ്യവതി


വഴിയോരത്ത് ഇരുന്ന് ഏങ്ങിക്കരയുന്ന ആ പെണ്‍കുട്ടിയുടെ മുഖം കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
നാണയത്തുട്ടുകള്‍ക്ക് വേണ്ടിയുളള കരച്ചിലായിരിക്കാം അതെന്നാണ് , ആദ്യമൊക്കെ ഞാന്‍ കരുതിയത്. ഒരുനാള്‍ , ഞാനാ കുട്ടിയുടെ അരികില്‍ ചെന്ന് കരയുന്നതിന്‍റെ കാരണം അന്വേഷിച്ചു.
പാവം....! ആ കുട്ടിക്ക് കാഴ്ച ഉണ്ടായിരുന്നില്ല. ജന്മനാ അന്ധയായ അവളെ , അവളുടെ അമ്മ അവള്‍ക്ക് ഓര്‍മ്മ വെക്കും മുമ്പേ കളഞ്ഞിട്ട് പോയി.....!
അവള്‍ക്ക് അവളുടെ അമ്മയെ കാണണം... അച്ഛനെ കാണണം....മറ്റുളള കുട്ടികളുടെ (ഭിക്ഷ യാചിക്കുന്ന ) വാക്കുകളില്‍ നിന്ന് കേട്ട ലോകത്തേയും ലോകരേയും... പൂക്കളേയും പൂമ്പാറ്റകളേയും അവള്‍ക്ക് കാണണം .
ഞാനാകെ വിഷമ സ്ഥിതിയിലായി... എന്തു പറഞ്ഞാണീ കുട്ടിയെ സമാധാനിപ്പിക്കുക....?
'' ഈ ലോകം കാണാത്തതാണ് ,മോളേ നല്ലതെന്നോ....? കാപട്യങ്ങളും വഞ്ചനകളും നിറഞ്ഞതാണ് ഈ ലോകം ... അഴുക്കു ചാലുകള്‍....! പക്ഷേ .... ഈ അഴുക്കു ചാലുകള്‍ കാണാനും തിരിച്ചറിയാനും കണ്ണിന് കാഴ്ച ശക്തി വേണ്ടേ...? കണ്ണിന് മാത്രം മതിയോ...? വേണ്ട മോളേ ... എല്ലാം കാണുന്നതിനേക്കാള്‍ നല്ലത് ഒന്നും കാണാത്തതാണ്....!''
'' നീയെത്ര ഭാഗ്യവതി....! ഒന്നും കാണാന്‍ പറ്റുന്നില്ല , എന്നൊരു ദുഃഖം മാത്രമല്ലേയുളളൂ നിനക്ക് ...? എന്തെല്ലാം കണ്ടാലാണ് ഇവിടെ ഓരോരുത്തരും ഓരോ ദിവസവും തളളി നീക്കുന്നത് എന്നറിയുമോ...? ഒരിയ്ക്കലും ആരും കാണാന്‍ ആഗ്രഹിക്കാത്ത പലതും കാണേണ്ടി വരുന്നു . കേള്‍ക്കേണ്ടി വരുന്നു . ദൈവം നിന്‍റെ കൂടെയാ കുട്ടീ... നീയെത്ര ഭാഗ്യവതി...! ''
എന്നില്‍ നിന്നും ഞാനറിയാതെ ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ന്നു.... ആ കുട്ടിയുടെ തോളില്‍ തട്ടിയിട്ട് , ഒരു നോട്ട് ആ കൈയ്യില്‍ പിടിപ്പിച്ച് നിസ്സംഗതയോടെ നടന്നു നീങ്ങാനേ എനിയ്ക്കായുളളൂ....!!
###############ആമി##############

വാല്മീകം


വാല്മീകം മൂടിയ , എന്‍
ജീവിതം വിങ്ങുന്നു.......!
ചിതലരിച്ച ഹൃദയ ഭിത്തികളില്‍
നിന്നും , രക്തം വാര്‍ന്നൊലിക്കുന്നു.
കരള്‍ പൊട്ടിക്കരയുന്നു......
കണ്ണുകളില്‍ ചോര നിറയുന്നു....
കൈകളില്‍ , രക്തക്കറ
പുരണ്ട കഠാരയുമായി....
ഭ്രാന്തനെപ്പോലെ ഇട -
വഴികളിലൂടെ , ഓടി ഞാന്‍.
കാലുകള്‍ തളര്‍ന്നു....
പാദങ്ങള്‍ പൊട്ടി ചോര വാര്‍ന്നു
ചോരയില്‍ മുങ്ങി , ഞാന്‍
മണ്ണില്‍ കുഴഞ്ഞു വീണു , പിടഞ്ഞു ...!!
-------------------*---------------------*------------

by: AAmi Fathma

ഒളിച്ചോട്ടം


സ്നേഹത്തിന്‍റേയും പരിഗണനയുടേയും അടയാളമെന്താണ് ? ആരോ ചോദിച്ചു.
'' കാപ്പി '' ഞാന്‍ പറഞ്ഞു . എപ്പോഴെന്നില്ലാതെ വന്നു കയറുന്ന അതിഥികളെ , അവരോട് സ്നേഹമുണ്ടെന്ന് തെളിയിക്കാന്‍ , നിരന്തരം അടുക്കളയില്‍ ഞാന്‍ കാപ്പി കൂട്ടിക്കൊണ്ടേയിരുന്ന കാലത്താണത്.
ഞാനയാളോട് പറഞ്ഞു '' അടുക്കളയെ ബ്രസീല്‍ എന്നും വിളിക്കാം. കാപ്പി കയറ്റുമതിയുടെ നാട്....''
കളിമണ്‍ കപ്പുകളിലൊതുങ്ങുന്ന തവിട്ടു സമുദ്രത്തില്‍ ഞാന്‍ ലോക സഞ്ചാരങ്ങള്‍ ചെയ്യുന്നു. അടുക്കളയില്‍ നിന്നും അതിഥി മുറിയിലേക്കും... തിരിച്ചും . കപ്പുകള്‍ , പേറിയും മോറിയും കഴിഞ്ഞു പതിനഞ്ചു വര്‍ഷങ്ങള്‍.
അടുക്കളക്കാരിയെ ആരും സ്നേഹിച്ചില്ല. അനാരോഗ്യവതിയായ വെപ്പുകാരി ഒടുവില്‍ തലചുറ്റി വീണു . സ്നേഹരാഹിത്യത്താലും..., ക്ഷീണത്താലും.
മൂന്ന് മാസം കൂടുമ്പോഴുളള പരിശോധനയ്ക്ക് ചെല്ലുമ്പോള്‍ ഡോക്ടര്‍ ശാസിച്ചു '' റെസ്റ്റില്ല... അത് ശരിയാകില്ല ... റെസ്റ്റ് എടുത്തേ പറ്റു...''
'' എന്നാലെങ്ങനെ ? '' ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു '' ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ഒളിച്ചോടും ''
'' എങ്ങോട്ട് ? ''
ഭര്‍ത്താവിന് അത് മനസ്സിലായില്ല. ഒന്ന് പെറ്റ രോഗിണിയായ ഈ സ്ത്രീ ആരോടൊപ്പം ഒളിച്ചോടാനാണ്...? ഇവളുടെ കൂടെ ആര് ഓടാനാണ്...?
പക്ഷേ .... ആ ഒളിച്ചോട്ടം നടക്കുക തന്നെ ചെയ്തു . കുട്ടിക്കാലം മുതല്‍ കാത്തുവെച്ച പ്രണയത്തെ , പില്‍ക്കാലത്തൊരിക്കല്‍ കണ്ടറിഞ്ഞ് ... ശിശുവിനെയും കൈയ്യിലെടുത്ത് , അതിവേഗം ഓടിപ്പോയ ക്ലേശ ജന്മമായ ഒരു കാമുകിയെപ്പോലെ.....!!

By: Aami fatima

സ്ത്രീ....

പെണ്ണായി പിറന്നതില്‍
അന്നു ഞാന്‍ സന്തോഷിച്ചു 
ബാല്യത്തിന്‍ കുസൃതിയും കളിയും
ചിരിയുമായി പാറിപ്പറന്നു ഞാന്‍ നടന്നു
കൗമാര സ്വപ്നത്തില്‍ നീന്തിത്തുടിക്കവേ
നിറമേറും സ്വപ്നത്തിന്‍ ചാകരയായി
എന്നു ഞാന്‍ പ്രണയിച്ചു...
അന്നെനിക്കന്യയായി ഞാന്‍...
ഒരു പിടി മോഹവുമായി കതിര്‍ -‍
മണ്ഡപത്തിലെത്തി ഞാന്‍.....
മഞ്ഞച്ചരടില്‍ ബന്ധനസ്ഥയായി ഞാന്‍
മഞ്ഞ് തുളളിപോല്‍ ആര്‍ദ്രയായി ഞാന്‍
മണിയറയ്ക്കുളളില്‍ പ്രതീക്ഷിച്ചു നിന്നെ ഞാന്‍
മധുരപ്പതിനേഴിന്‍ സ്വപ്നങ്ങളുമായി
മാരന്‍റെ മാറില്‍ തലചായ്ച്ചു നില്‍ക്കവേ
മാടപ്രാവിനെപ്പോല്‍ കുറുകി ഞാന്‍ നിന്നു
പുലര്‍കാലവെട്ടം മാടി വിളിക്കവേ
പുലരിയെ നോക്കാന്‍ നാണിച്ചു നിന്നു ഞാന്‍
പെണ്ണായി പിറന്നതില്‍ അന്നു
ഞാന്‍ സന്തോഷിച്ചു , ഈ പുണ്യ -
ജന്മത്തില്‍ നിര്‍വൃതി കൊണ്ടു ഞാന്‍
പൊന്‍ താരങ്ങളൊക്കെയും
കണ്‍മിഴിച്ചെന്നെ നോക്കി
അഭിനന്ദനങ്ങള്‍ ചൊല്ലിയപ്പോള്‍
ആത്മാഭിമാനത്താല്‍ പുളകിതയായി ഞാന്‍
ഓമല്‍ക്കുരുന്നിന്‍ മുഖമന്ന് കണ്ടപ്പോള്‍
ഓമനിച്ചു ഞാന്‍, വേദനയോര്‍ക്കാതെ
സ്ത്രീയായിപ്പിറന്നതില്‍ അന്നു ഞാന്‍
സന്തോഷിച്ചു , കോടി പുണ്യ ജന്മത്തിന്‍ അമ്മയാണവള്‍ ...!!

By: Aami fathwima

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo