കഥ : ആപ്‌കീ നസറോൺ നെ സംജാ



By: Jaya Rajan - Admin Nallezhuth

മഴ തോർന്ന് കാർമേഘങ്ങൾ മൂടിയ ആകാശത്തിനുക്കീഴേ എങ്ങും ചാരനിറം പരന്ന് കിടക്കുന്നു. പണ്ടേ എനിക്ക് ഇഷ്ടമില്ലാത്ത നിറങ്ങളിൽ ഒന്നാണ് ചാരം. വിഷാദത്തിൻ്റെ നിറം. മടുപ്പിൻ്റെ നിറം.ആലസ്യത്തിൻ്റെ നിറം.
ബാൽക്കണിയിൽ കൂടി പുറത്തേക്ക് നോക്കി നിന്നപ്പോൾ ഞാൻ ഓർത്തു , "മൂന്ന് മാസം കഴിഞ്ഞിട്ടും ഈ നഗരം എനിക്കിപ്പോഴും അപരിചിതം തന്നെ. യാതൊരുവിധത്തിലുള്ള അനുബന്ധവും എനിക്ക് ഇതിനോട് തോന്നുന്നില്ലല്ലോ. ഈ ഫ്ളാറ്റിലെ ഒന്നിനോടും .........ശരത്തിനോട് പോലും......."
ഇന്നും അമ്മ വിളിച്ചിരുന്നു. മനസ്സിൽ ഇല്ലാത്ത ഉല്ലാസം വാക്കുകളിൽ വരുത്തി ഞാൻ അമ്മയെ പറ്റിച്ചു. പറയാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും നിരത്താനില്ലാത്തിടത്തോളം കാലം എനിക്ക് അമ്മയേ ഇനിയും പറ്റിക്കേണ്ടി വരും. സന്തോഷമില്ലായിമയുടെ കാരണം തിരക്കിയാൽ എന്താ ഞാൻ പറയേണ്ടത്? ശരത്തിന് എന്നോട് സ്നേഹമില്ലെന്നോ ? എന്നെ കെയർ ചെയ്യുന്നില്ലെന്നോ? എൻ്റെ കാര്യങ്ങളിൽ ശ്രദ്ധയില്ലെന്നോ?
പാവം ശരത്. എന്നെയൊന്ന് സന്തോഷിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്യുന്നുണ്ട് . എന്നിട്ടും എന്തുകൊണ്ടോ അവനെ സ്നേഹിച്ചു തുടങ്ങാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. പുസ്തകങ്ങൾ വായിക്കുമെന്ന് പറഞ്ഞപ്പോൾ പിറ്റേന്ന് തന്നെ ലൈബ്രറിയിൽ അംഗത്വം. സിനിമ കാണാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആഴ്ച്ചതോറുമുള്ള പുതിയ റീലീസിൻ്റെ ടിക്കറ്റ്‌സ്. ഇഷ്ടനിറങ്ങളായ മഞ്ഞയിലും പച്ചയിലും ഫ്ലാറ്റിൻ്റെ ഇൻറ്റിറീർസിൻ്റെ റീഡിസൈൻ.
ശ്രമിക്കാഞ്ഞിട്ടല്ല .....പക്ഷെ പറ്റുന്നില്ല. അകാരണമായൊരു ശങ്ക. അദൃശ്യമായൊരു വേലി. അത് മറിക്കടക്കാൻ മനസ്സ് എന്തുകൊണ്ടോ സന്നദ്ധമാവുന്നില്ല.
ഇത്രയും നേരത്തെ ഒരു കല്യാണം ഞാൻ ആഗ്രഹിച്ചിരുന്നില്ല. കുടുബജീവിതത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റടുക്കാൻ മനസ്സ് ഒരുക്കമായിരുന്നില്ല. വേറെ എന്ത് ചെയ്യണമെന്ന് നിശ്ചയവുമില്ലായിരുന്നു. എന്നാൽ എനിക്ക് എൻ്റെതായി കുറച്ചു സമയം വേണമെന്ന് മാത്രമറിയാമായിരുന്നു. അച്ഛൻ്റെ നിർബന്ധം. ശരത്തിൻ്റെ ആലോചന വന്നപ്പോൾ എതിർക്കാൻ കാരണങ്ങൾ ഇല്ലായിരുന്നു. ജോലി, വിദ്യാഭാസം, സൗന്ദര്യം, കുടുംബപശ്ചാത്തലം ഒക്കെ എൻ്റെ പക്ഷം ദുര്‍ബ്ബലമാക്കി.
എത്രനാൾ ഇങ്ങനെ അഭിനയിക്കാൻ പറ്റുമെന്നറിയില്ല. ഇന്നലെ പാർക്കിൽ നടക്കാൻ താൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ശരത്തിൻ്റെ മുഖം വാടിയതു ശ്രദ്ധിച്ചില്ലെന്ന് നടിച്ചു. അത് ഓർത്തപ്പോൾ പെട്ടന്ന് കണ്ണുകൾ നിറഞ്ഞു. ഞാൻ എന്താ ഇങ്ങനെ? അച്ഛനോടുള്ള വാശിയാണോ? ഇത്രയും സ്വാര്‍ത്ഥ പാടുണ്ടോ?
ചുമ കേട്ടവശത്തേക്കു തിരിഞ്ഞു നോക്കിയപ്പോളാണ് കണ്ടത്. അടുത്ത ഫ്ളാറ്റിലെ ബാൽക്കണിയിൽ അവൻ......കൈയും കെട്ടി എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു . ആദ്യം നീരസം തോന്നി. അവനൊരു മഞ്ഞ പന്ത് എനിക്ക് നേരെ തിരിച്ചു കാണിച്ചു - ഒരു പുഞ്ചിരിക്കുന്ന സ്മൈലിയുടെ ചിത്രമുള്ള പന്ത്. ഞാൻ അറിയാതെ ചിരിച്ചു പോയി.
"മച്ച് ബെറ്റർ. ഞാൻ കിരൺ."
"രേഖ...."
"പറഞ്ഞോളു"
"എന്ത്?"
"എന്തുതന്നെയായാലും. കേട്ടിട്ടില്ലേ....... പങ്കുവെക്കുമ്പോൾ ദുഃഖങ്ങൾ പകുതിയാക്കുമെന്ന്"
"ഞാൻ ചെല്ലട്ടെ ....ശരത് വരാറായി."
ഒട്ടും പരിചയമില്ലാത്ത ഒരാളോട് എന്ത് പറയാൻ? പക്ഷെ........ ഒന്നാലോചിച്ചപ്പോൾ ശരിയല്ലേ? വൈകാരികമായ അടുപ്പമില്ലാത്തവരോടാണ് നമ്മൾ മനസ്സുതുറക്കാൻ സാദ്ധ്യത കൂടുതലെന്ന് തോന്നുന്നു. അവരിൽ നിന്നും മുന്‍വിധികളില്ലാത്ത പ്രതികരണങ്ങൾ പ്രതീക്ഷിക്കാമെല്ലോ.
ആ മഞ്ഞ പന്ത് ഓർക്കുമ്പോഴൊക്കെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അന്ന് അത്താഴത്തിന്, ശരത്തിനിഷ്ടമുള്ള ഗ്രീൻ പീസ് കറിയുണ്ടാക്കി.
പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും ഞങ്ങൾ ബാൽക്കണിയിൽ കണ്ടുമുട്ടി. സുന്ദരമായ ഒരു അടുപ്പത്തിൻ്റെ തുടക്കമായിരുന്നു അത്. അവൻ വളരെ സീരിയസ്സായിട്ടു തമാശകൾ പറയും ...... കേട്ടാൽ ചിരിക്കാതിരിക്കാൻ കഴിയില്ല. പിന്നെ അസ്സലായിട്ട് പാടും. അന്താക്ഷരി ഞങ്ങളുടെ പ്രിയപ്പെട്ട വിനോദമായി. എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം , "ആപ്‌കീ നസറോൺ നെ സംജാ, പ്യാർ കേ കാബിൽ മുജ്ഹേ ......" അവൻ എത്ര ഇമ്പത്തോടെയാണ് പാടുന്നതെന്നറിയുമോ.
ശരത്തുമായിട്ടുള്ള സിനിമകൾ ഞാൻ ആസ്വദിച്ചു തുടങ്ങി. ഞങ്ങൾ ഒരുമിച്ചു സായാഹ്നങ്ങളിൽ നടക്കാൻ പോയി. ശരത്തിനിഷ്ടമുള്ള കറികൾ ഞാൻ ഉണ്ടാക്കി. എൻ്റെ ജീവിതത്തിൽ ഞാനായിട്ട് രചിച്ച ശിശിരം ഞാൻ പോലും അറിയാതെ വസന്തമായി മാറുകയായിരുന്നു.
എൻ്റെയുള്ളില്ലേ പുതുജീവൻ്റെ തുടിപ്പിനെ പറ്റി ഞാൻ ആദ്യം പറഞ്ഞതും അവനോടാണ്. അന്ന് അവനെ കൊണ്ട് ഞാൻ എൻ്റെ പ്രിയപ്പെട്ട ഗാനം വീണ്ടും വീണ്ടും പാടിപ്പിച്ചു. വളരെ ആഹ്ലാദകരമായ മൂന്ന് മാസങ്ങൾ അതിവേഗം കടന്നു പോയി.
ഒരു ദിവസം കണ്ടപ്പോൾ അവൻ വളരെ ഗൗരവത്തിൽ കാണപ്പെട്ടു. ഞാൻ കാര്യം തിരക്കി .
"രേഖാ .....നമ്മൾ ഇത്രയും നല്ല കൂട്ടുകാരായ സ്ഥിതിക്ക് , എനിക്ക് തന്നോടൊന്നും മറച്ചുവയ്ക്കാൻ ഇഷ്ട്ടമല്ല.
കുറെ നാളായി വിചാരിക്കുന്നു തന്നോട് ഒരു കാര്യം പറയണമെന്ന്. പക്ഷേ, താൻ അതെങ്ങനെ ഉൾകൊള്ളുമെണെനിക്കറിയില്ല. അറിഞ്ഞാൽ താൻ എന്നെ വെറുക്കുമോയെന്നു ഞാൻ ഭയക്കുന്നു."
"നിന്നെ വെറുക്കാണോ? നീ കാര്യം പറഞ്ഞേ .......വെറുതേ എന്നെ റ്റെൻഷനടിപ്പിക്കാതെ."
"രേഖാ ...ഐ ആം ഗേ."
ഞാൻ പൊട്ടിച്ചിരിച്ചു. "ഇത്രയേയുള്ളൂ ....ഇതാന്നോ ഇപ്പൊ ഇത്രവലിയ കാര്യം. ആക്ച്വലി ഒരുകണക്കിന് അത് നന്നായി .....ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നു നീ ഒരിക്കലും തെറ്റിദ്ധരിക്കില്ലല്ലോ.......എനിക്ക് നിന്നോട് എന്ത് ഫ്രീഡം വേണമെങ്കിലും എടുക്കാമെല്ലോ."
അവൻ ചിരിക്കുമെന്നു പ്രതീക്ഷിച്ചയെനിക്ക് തെറ്റി. അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഏയ് കിരൺ, ലുക്ക് ഹിയർ . ഇത് നമ്മുടെ സൗഹൃദത്തെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. യു ആർ മൈ ഫ്രണ്ട് . ഐ വിൽ ഓൾവേസ് ലവ് യു , നോ മാറ്റർ വാട്ട്." ഞാൻ അവൻ്റെ കൈകൾ കൂട്ടിപ്പിടിച്ചു.
"ഐ ആം HIV പോസിറ്റീവ്............"
അതെന്നെ ശരിക്കും ഞെട്ടിച്ചു. അനിച്ഛാപൂര്‍വമായി ഞാൻ എൻ്റെ കൈകൾ പിൻവലിച്ചു. അവൻ്റെ കണ്ണുകളിൽ പടർന്ന നോവിൻ്റെ വേരുകൾ ഞാൻ കണ്ടതേയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ഒന്നും പറയാതെ ഞാൻ അകത്തേക്ക് പോയി.
പിന്നെ ഒരാഴ്ചയോളം ഞാൻ ബാൽക്കണിയിലേക്ക് പോയില്ല. ശരത്തിൻ്റെ മുന്നിൽ കഴിവതും സാധാരണ നിലയിൽ പെരുമാറി. എൻ്റെ ചിന്തകള്‍ ക്രമീകരിക്കാൻ എനിക്ക് സമയം വേണമായിരുന്നു. ആദ്യത്തെ ഞെട്ടൽ മാറിയപ്പോലുള്ള പുനരവലോകനത്തിൽ ഞാൻ തിരിച്ചറിഞ്ഞു , എന്ത് വലിയ തെറ്റാണ് ഞാൻ കാട്ടിയതെന്ന്.........അവൻ്റെ മനസ്സ് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ജീവിത നിമിഷങ്ങൾക്ക് അർത്ഥവും ദിശയും നൽകിയത് അവനാണ് , അവൻ്റെ സാന്നിദ്ധ്യമാണ്. എൻ്റെയും ശരത്തിൻ്റെയും ജീവിതത്തിലെ ഉത്പ്രേരകം, ഞാനും അവനും തമ്മിലുള്ള സൗഹൃദമല്ലേ? അത് നഷ്ടപ്പെടുത്താൻ എനിക്കാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഉത്പ്രേരകം ഇല്ലാതെ എന്ത് രാസപ്രവർത്തനം?
അവന് ഏറെ ഇഷ്ട്ടമുള്ള ചോക്ലേറ്റ് കേക്കുണ്ടാക്കി അതിൽ തൂവെള്ള ഐസിങ് കൊണ്ട് ഞാനെഴുതി , "മനഃപൂർവ്വമല്ല ...... എന്നോട് ക്ഷമിക്കില്ലേ?".
ബാൽക്കണിയിൽ വെച്ചു മാത്രമേ ഞങ്ങൾ ഇതുവരെ കണ്ടിട്ടുള്ളു. അവൻ്റെ ഫ്ലാറ്റിൽ ഇത് ആദ്യമാണ്. വാതിൽ തുറന്ന അവനെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല . ഉറങ്ങിയിട്ട് ദിവസങ്ങൾ ആയതു പോലെ. കണ്ണുകൾ ഒക്കെ കലങ്ങി, മുടി ഒക്കെ ഉലഞ്ഞ്........
"രേഖാ ...... ഞാൻ .....എനിക്ക് ......"
"ഒന്നും പറയണ്ട .....തെറ്റ് ചെയ്തത് ഞാനല്ലേ.....നോക്ക് .....നിനക്ക് ഏറ്റവും ഇഷ്ടമുള്ള കേക്ക് ...."
എൻ്റെയും അവൻ്റെയും കണ്ണുകൾ ഒരുമിച്ചു നിറഞ്ഞൊഴുകി. ഞാൻ അവൻ്റെ നെറ്റിയിൽ മെല്ലെ ഉമ്മ വെച്ചു.
"ഈ പ്രപഞ്ചത്തിൽ എവിടെയോയുണ്ട് നിങ്ങളുടെ ആ ഉറ്റമിത്രം. ആ വ്യക്തിയെ കണ്ടുപിടിക്കൂ......". ഒമർ ഖയ്യാമിൻ്റെ വാക്കുകൾ.
ഞങ്ങളുടെ അന്വേഷണം ഞങ്ങളിൽ അവസാനിച്ചിരിക്കുന്നു.

By: 
Jaya Rajan

സമയം



ഒാടുന്നസമയത്തിൻ സൂചികൾ
ഒന്നുപിടിച്ചുനിർത്തണം എന്ന
ചിന്തയാലൊരു ഗോവേണി
ചാരിക്കയറി ഞാൻ ഘടികാരം
തൂക്കിയ ഭിത്തിയിൽ
മേലാടതുറന്ന് നോക്കിയപ്പോഴതാ
സമയസൂചി എട്ടിൽനിൽക്കുന്നു
വേഗത്തിൽ താഴേക്കിറങ്ങി
സമയമില്ലെനിക്ക് ഓഫീസിലെത്തണം
ചാരുകസേരയിലിക്കവെ കണ്ണുടക്കി
ഓഫീസിലെ ഘടികാരത്തിൽ
പിന്നെ വേഗത്തിൽ തുറന്നുമൂടി
അപ്പോഴതാ സൂചി ഒന്നിൽ നിൽക്കുന്നു
സമയമില്ലെനിക്ക് താഴെയെത്തണം
ഉച്ചഭക്ഷണസമയമാണിപ്പോൾ
വീട്ടിലെ പട്ടുമെത്തയിൽ കിടക്കവെ
വീണ്ടുമൊരു ചിന്ത പിടിച്ചു നിർത്തണം
സമയത്തെയെനിക്ക്..വീണ്ടുംതുറന്നു
മുടി സമയസൂചിയപ്പോൾ പത്തിൽ
സമയമില്ലെനിക്കുറങ്ങണം ഉണരണ
മതിരാവിലെ..
സമയത്തെ പിടിച്ചുകെട്ടാൻ സമയമെ
നിക്കില്ലെങ്കിലും ഒരിക്കൽ പിടിച്ചു
കെട്ടണമെനിക്കു കാലചക്രത്തെ..
ജയൻ വിജയൻ

ഊഴം കാത്ത്



പരന്നൊഴുകുന്ന നിയോൺ വെളിച്ചത്തിൽ നിന്നും കാലുകൾ കണ്ണിൽ കുത്തിയാൽ തിരിച്ചറിയാൻ വയ്യാത്ത ഇരുട്ടിലേക്ക് അവരെ കൊണ്ടുപോയി. ആഗ്രഹിച്ചിട്ടില്ല പക്ഷെ അതല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല .വേഗത കൂടിയ നെഞ്ചിടിപ്പിനൊപ്പം കാലുകളും വഴി തെറ്റി വേഗത്തിൽ സഞ്ചരിക്കുന്നു കൂട്ടം തെറ്റാതിരിക്കാൻ രണ്ടു പേരും കൈകൾ ചേർത്ത് പിടിച്ചിരുന്നു എന്നിട്ടും ആ പേടി മാറുന്നില്ല
“അയാൾ പിറകേ
തന്നെയുണ്ടോ ചേച്ചി????''
കിതപ്പിൽ പാതി മുറിഞ്ഞ് ഒരാളുടെ ശബ്ദം പുറത്തു വന്നപ്പോൾ അടുത്ത
വൾ ഒന്നുകൂടി തിരിഞ്ഞു നോക്കി
"ഇല്ല അയാൾ പോയിട്ടില്ല”
കുറച്ചകലെയെങ്കിലും ഇപ്പോഴും മാറാതെ പിൻതുടരുന്ന രൂപത്തെ അവൾ വ്യക്തമായി കണ്ടിരുന്നു ഏന്തി വലിഞ്ഞ് ഒപ്പമെത്താൻ പണിപ്പെടുന്നഒരു പടു ജന്മം. അവസാനത്തെ ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് ടിക്കറ്റെടുക്കുമ്പോൾ സിനിമാ തിയറ്ററിനു പുറത്ത് ഇങ്ങനെയൊരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല രണ്ടു പേരും . വേഗതയിൽ വീണ്ടും വേഗത
യിൽ നീങ്ങുന്ന കാലുകൾ. ശരീരം ചുവന്ന മുറിവുകൾ കൊണ്ട് പ്രാണന്റയും അഭിമാനത്തിന്റെയും അന്ത്യം കുറിക്കാ
തിരിക്കാൻ കാലുകൾ തോന്നിയ വഴിക
ളിൽ അങ്ങനെ പോയിക്കൊണ്ടിരുന്നു .
പിറകിൽ അനക്കമില്ല എന്നു ബോധ്യപ്പെ
ട്ടപ്പോൾ തനിയെ വേഗത കുറഞ്ഞ ശരീരത്തിൽ കടലിലെ ഉപ്പു കാറ്റ് പൊതിഞ്ഞു തുടങ്ങി. ഇരുട്ടിൽ വെള്ളി അരഞ്ഞാണം പോലെ തിരമാലയുടെ അറ്റം തിരത്തേക്ക് നീണ്ട് വരുന്നു. ആശ്വാസം മനസ്സിനേയും ശരി രത്തേയും കുറച്ച് തണുപ്പിച്ചു എന്നത് ശരി തന്നെ പക്ഷെ അത് അധീകനേരം നീണ്ടു നിന്നില്ല. നേർത്ത പ്രകാശം മാത്രം മുഖം കൊടുത്തിരുന്ന മണൽ പരപ്പിലൂടെ ചുവടുറക്കാതെ നടക്കുമ്പോൾ ഏതോ ഒരു തോളിൽ അയാളുടെ വലം കൈ വീണു. അപ്രതീക്ഷിതമായിരുന്നു അത്
ഒരാർത്തനാദത്തോടെ തിരിഞ്ഞ പെൺകുട്ടികൾ പിശുക്കൻ നിലാവിന്റെ അരണ്ട വെളിച്ചത്തിൽ മുഴങ്ങിയ വിടല ചിരിക്കപ്പുറം കറപിടിച്ച അയാളുടെ പല്ലുകൾ കണ്ടു .കുഴിഞ്ഞു താണ കവിളുകളിൽ വാർദ്ധക്യം കൊണ്ട് ചുക്കിചുളിഞ്ഞ തൊലി പറ്റിപ്പിടിച്ചി
രിക്കുന്നു. ഒന്നു ശബ്ദിക്കാൾ നേരമില്ലായിരുന്നു ഇരയെ പിടികൂടിയ വേട്ടനായ പണിതുടങ്ങിയപ്പോൾ അക്ഷരങ്ങൾ നിരത്തിയ പത്രക്കടലാസി
ലും അവതാരകർ ഉറഞ്ഞു തുള്ളുന്ന വാർത്താ ചാനലുകളിലും മാത്രം ശീലിച്ച ഒരു യാഥാർത്യത്തിനു മുമ്പിൽ പകച്ചു
പോയി രണ്ടാമത്തവൾ മാംസം ഇല്ലാതെ തുകൽ അസ്തിയോട് പറ്റിച്ചേർന്ന അയാളുടെ കൈകൾക്ക് ഇത്ര ശക്തിയൊ.ഒരു ചെന്നായയുടെ
വീറോടെ അയാൾ കീഴ്പ്പെടുത്തിയ
കൂട്ടുകാരിയെ രക്ഷിക്കാൻ പരിസരബോധം വീണു കിട്ടിയ രണ്ടാമത്തെ നിമിഷം അവൾ ചുറ്റും പരതിയപ്പോൾ ആദ്യം കണ്ട വലിച്ചെ
റിയപ്പെട്ട ഒരു ബിയർ ബോട്ടിൽ പിടയുന്ന പെണ്ണിന്റെ ആയുസ്സു നീട്ടിക്കൊടുക്കാ
നെന്നവണ്ണം അവളുടെ കൈകളിലേക്ക് എത്തി.തലയോടിന്റെ പിന്നാമ്പുറം ചതച്ച് ആ കുപ്പി ചിതറി.ചതഞ്ഞ തലയും ബോധം മറഞ്ഞ തലച്ചോറും എത്ര തുള്ളി രക്തം പഞ്ചാരമണലിൽ തെറിപ്പിച്ചു എന്നതു നോക്കി നിൽക്കാതെ ഇരുവരും അവിടെ നിന്നും ഓടിയകന്നു .
"ആശുപത്രിയിൽ കിടക്കേണ്ടി വരും
ഇന്നു രാത്രി. ഇയാക്ക് നല്ല മുറിവുണ്ട്“
അതു കേട്ടതോടെ കാലിനും ശരീരത്തിനുമേറ്റതിനേക്കാൾ പതിൻ
മടങ്ങ് മുറിവേറ്റ മനസ്സിൽ രക്തം വാർ
ന്നൊഴുകി.പരസ്പരം മിണ്ടാതെ തല കുനിച്ച് അവർ ഇരു ഭിത്തികളിൽ ചാരിനിന്നു കിതച്ചു. ഹോസ്റ്റലിൽ തിരികെയെത്താത്ത ഒരു രാത്രി ചിന്തിക്കാനാവില്ല ഒടുവിൽ അവർ ആ തീരുമാന മെടുത്ത് പരസ്പരം പിരിഞ്ഞു . ആശുപത്രിയിലായ കൂട്ടുകാരിയെ ബന്ധുവീട്ടിലാക്കി മേട്രെനെ ഒരു കഥ പറഞ്ഞു കേൾപ്പിപ്പിച്ച രാത്രി ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ നേരം വെളുപ്പിച്ചു. പിറ്റേ ദിവസ
ത്തെ പത്രമായിരുന്നു മനസ്സുനിറയെ. അതിലവൾ വിജയിക്കുകയും ചെയ്തു വെളുപ്പുതപ്പിയെത്തിയ ആദ്യ പത്രക്കെ
ട്ടിൽ തന്നെ ബീച്ചിലെ അജ്ഞാത ജഡം അവൾ തിരിച്ചും മറിച്ചും തിരഞ്ഞു. ഭാഗ്യം. എന്തോ അങ്ങിനെയൊന്ന് കാണാൻ കഴിഞ്ഞില്ല.
“മോളെ മോടെ ഫോൺ ഒന്നു തരുവോ ഒരാളെ വിളിക്കാനാ"
ഡീസ് ചാർജ് പ്രതീക്ഷിച്ച് ക്ഷമയില്ലാതെ വാർഡിൽ നൃത്തംചവിട്ടി നിൽക്കുന്ന അവർ രണ്ടു പേരുടേയും കാതിലേക്ക്പ്രായം ചെന്ന ഒരു സ്ത്രീ ശബ്ദം ഓടിയെത്തി.
" മോളെ വിളിക്കാനാ
ഫോൺ അവടെ കൈയ്യിലാ പോയിട്ട് കുറേ നേരമായി" ...
ഒരു നമ്പരെഴുതിയ കുറിപ്പ് അവരുടെ നേരെ നീട്ടി വൃദ്ധ പറഞ്ഞു .തൊട്ടപ്പുത്തെ ബെഡ്ഡിൽ
ഇപ്പോൾ എത്തിയതാണവർ.
"എന്താ അസുഖം "?
നമ്പർ ഡയൽ ചെയ്യുമ്പോൾ അവൾ ചോദിച്ചു.
“എനിക്ക് കൊഴപ്പമൊന്നുമില്ല മോളേ
കെട്ടിയോനാ അതിന്നലെ എവിടെയൊ വെള്ളമടിച്ച് തലകുത്തി വീണു.പൊട്ടലുണ്ട്. അത് ഇപ്പോ കുത്തി .
കെട്ടി കൊറെ ചോര പോയിരുന്ന് .രാത്രി മുഴുവൻ കരച്ചിലാരുന്നു."....
.....നിക്ക് രണ്ട് പെൺമക്കളാ ഇപ്പോ അവരുടെ കൂടെ രാവിലത്തെ കാര്യങ്ങക്ക് പോയേക്കുവാ .കുറേ നേരമായി അതാ വിളിക്കാന്ന് വച്ചത് "...
അതു കേട്ട് ഡയൽ ചെയ്ത നമ്പരിലെ കോൾ ശ്രദ്ധിക്കാതെ തരിച്ചുനിന്നു പോയി ഇരുവരും. അൽപ്പസമയം മാത്രമെ വേണ്ടിവന്നുള്ളു സമപ്രായമുള്ള രണ്ട്പെൺശരീരങ്ങളുടെ ബലത്തിൽ ആ വൃദ്ധൻ അവർക്കരികിലേക്കെത്തി.
വെള്ളത്തുണി ഒരു കിരീടം പോലെ അയാളുടെ നട്ടുച്ചിയിൽ മുഴച്ചു നിൽക്കുന്നു. അതേ ഇന്നലെ ബിയർ ബോട്ടിൽ രണ്ടായി പകുത്ത അതേ തലമണ്ടയിൽ തന്നെ. അയാൾ അവരെ കണ്ടില്ല കാണാതെ പുറംതിരിഞ്ഞ് എതിർ ഭാഗത്തെ കട്ടിലിൽ ഇരുന്നു. അയാൾ തിരിഞ്ഞു നോക്കാൻ ഊഴം കാത്ത് അവർ ഇരുവരും ഇപ്പുറത്തെ കട്ടിലിലും.

By: 
Jyothilal George Thottathil

അറബി പഠിക്കാൻ എന്താ ചെയ്യാ



മുഖപുസ്തകം നോക്കി കൊണ്ടിരിക്കുന്നതിനിടക്ക സിദ്ധിക്ക്ഇക്കയുടെപോസ്റ്റ് കാണുന്നത്.😃😃😃 ഹാവൂ സന്തോഷമായി
അങ്ങനെ നുമ്മ കമന്റിടാൻ പഠിക്കാനായി ആ സിംഹത്തിന്റെ മടയിലേക്ക് കയറിച്ചെന്നു. പിന്നങ്ങോട്ട് കമന്റുകളുടെ പെരുമഴയായിരുന്നു .അങ്ങനെ കമന്റിട്ട് കമന്റിട്ട് ഇക്കയെ വധിക്കുന്ന സമയം
ഇക്ക തിരിച്ചടിച്ചു.
🙉 അൻത്ത മൂക്ക് മാഫി.🙉
ഇതെന്ത് ഭാഷയാ ദൈവമേ.ഇതിനെന്ത് മറുപടി കൊടുക്കും ഞാൻ എന്ന് ആലോചിച്ചപ്പോഴാണ് നുമ്മടെ ഇക്കാക്ക മാരേ ഓർമ്മ വന്നത്.
പിന്നെ ഒട്ടും വൈകിയില്ല നേരെ വച്ച് പിടിച്ചു നുമ്മടെ പൊന്നിക്കാന്റെ അടുത്തുചെന്നു
എന്ത് കാര്യം.ഇൻബോക്സിൽ കുറെ മുട്ടി വിളിച്ചു '' ആര് കേൾക്കാൻ. അല്ലേല്ലും ആവശ്യത്തിന് ചെന്ന് വിളിച്ചാൽ ഇക്ക ബിസിയാവും. ഇല്ലേൽ ഫുൾ ടൈംf b യി ലാ പണി.😏😏😏
അങ്ങനെ ചിന്താവിഷ്ടയായ ശ്യാമളയായി ഇരിക്കുമ്പോഴാണ് ജാബിക്കയെ ഓർമ്മ വന്നത്.പിന്നെ വൈകിയില്ല നുമ്മ നേരെ യങ്ങ് ചെന്നു ഇൻബോക്സ് വാതിലിൽ മുട്ടി.
ആര് കേൾക്കാൻ .അറിയാവുന്ന ഈശ്വരൻമാരെ മനസ്സിൽ ധ്യാനിച്ച് അങ്ങ് നീട്ടി വിളിച്ചു.🔈🔈🔈
ജാബിക്ക .........
അപ്പൊ ദേ വരുന്നു ഇൻബോക്സിൽ വാതിൽ തുറന്ന് ഒരു ചുന്ദരരൂപം.
പിന്നെ വൈകിയില്ല. സംശയത്തിന്റെ കെട്ടങ്ങഴിച്ചു'
 അർത്ത മൂക്ക് മാഫി
ഇതെന്താ? ജാബിക്ക
അങ്ങേര് ചിരിയോട് ചിരി.
ചിരിക്കാതെ കാര്യം പറയ്ജാബിക്ക😡😡😡
അവസാനം അറിഞ്ഞു.
😳 തലയിൽ ഒന്നുമില്ലാത്തത്😳
ആഹാ ഇക്കൂസിന് അത്ര അഹങ്കാരമോ .ഒരു പൊങ്കാലയിട്ട് വരട്ടെ എന്നും പറഞ്ഞ് ഒരു അറബി വാക്കും പിടിച്ച് ഞാൻ വീണ്ടും ചെന്നു. സന്തോഷത്തോടെ കമന്റിട്ടു.
😛 അന്ത ഹിമാർ😛
ഹ ഹ ഹ എന്തു സന്തോഷി യി രു ന്നു അപ്പോൾ
അങ്ങനെ ജയിച്ച സന്തോഷത്തോടെ ഞാൻ ഇരിക്കുമ്പോൾ ദേവരണു അടുത്ത വെടിയുണ്ട ച റ പറേന്ന്
😞 അൻത്ത ബജി😞
എന്റീശ്വരാ ഇനി എന്നാ ചെയ്യും. ജാബിക്ക ഇൻബോക്സ് പൂട്ടിയങ്ങ് പോവുകയും ചെയ്തു.
വെള്ളം കുടിച്ച് മതിയായി
ദാ വീണ്ടും തുടങ്ങി😳 അൻത്ത ബജി😳
എനിക്ക് ബജി വേണ്ട ഉയുന്നു വ്S മതീന്ന് പറഞ്ഞ് നുമ്മ അവിടുന്ന് സ്ഥലം വിട്ടു.
NB : ഇനി മേലാൽ അറബി അറിയുന്നവ രുടെ പോസ്റ്റിന് നുമ്മ കമൻറൂല. 😎😎😎

By: 
ശിവദുർഗ്ഗ രാമാലയം

തിരകളെടുത്തത്



ശക്തമായ ഇടിവെട്ടി കൊണ്ട് മഴ പെയ്തു വന്നപ്പോൾ,തെരുവ് കച്ചോടക്കാർ ആർപ്പ് വിളികൾ മതിയാക്കി ഏതോ കൂരക്ക് കീഴിൽ അഭയം പ്രാപിച്ചു.
അയാൾ മാത്രം ആ പെരുമഴയത്തിരുന്ന് നനയുകയായിരുന്നു. ചിന്തകളൊഴിയാത്ത
മനസിലും അപ്പോൾ മഴ തിമർത്ത് പെയ്തു കൊണ്ടിരിന്നു.
പലപ്പോഴും രാത്രി കാലങ്ങുളിൽ നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അയാളുടെ ഉറക്കറയിലേയ്ക്ക് അവൾ വരുമായിരുന്നു. ഏതോ ഉൾപ്രരണയുടെ പ്രതിഫലമെന്നോണം പെട്ടെന്ന് മിഴികൾ വലിച്ചു തുറക്കും അപ്പോൾ ചില്ല് ജാലങ്ങൾക്കപ്പുറത്തേയ്ക്ക് ഓടി മറയുന്ന കാഴ്ച്ചയായിരിക്കും മിഴികളിൽ അവശേഷിക്കുക.ഒരു സാഹിത്യക്യാമ്പിൽ വെച്ചായിരുന്നു.അയാൾ ആദ്യമായി അവളെ കണ്ടുമുട്ടിയത്, കഥയരങ്ങ് കഴിഞ്ഞ് ബസ് സ്റ്റോപ്പ് വരെ അയാളും അവളെ അനുഗമിച്ചു. ബസ്സ് വരുവാനായി കാത്തു നിൽക്കുന്നതിനിടയ്ക്കായിരുന്നു ആ മഴ പെയ്തു വന്നത് അവളുടെ വെള്ളാരം കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി കൊണ്ട് അയാൾ ചോദിച്ചു.
"എന്തിനാണു നോറ ഈ മഴ ഇങ്ങനെ കരഞ്ഞു പെയ്യുന്നത്?"
മുഖത്തു തെറിച്ചു വീഴുന്ന മഴതുള്ളികൾ തുടച്ചു മാറ്റുന്നതിനിടയ്ക്ക് അവൾ പറഞ്ഞു.
"അതെ കുറച്ച് തന്നെയാണ് ഞാനും ഓർക്കുന്നത് ചിലപ്പോൾ കാലം കരയിക്കുന്നതായിരിക്കാം "
അത് കേട്ട് അയാൾക്ക്‌ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല
"ജിത്തു എന്തിനാണ് ചിരിച്ചത് "
അവൾ അസ്വാസ്ഥയോടെ തിരക്കി
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഓ വെറുതെ "
അവരുടെ സംഭാഷണൾക്ക് തിരശീല വീഴത്തി കൊണ്ട് മുന്നിൽ ബസ്സ് വന്നു നിന്നു.
അയാൾക്ക്‌ നേരെ കൈ വീശി കാണിച്ച് അവൾ യാത്രാ പറഞ്ഞു.
ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്ന് തിരികെയെത്തിയ രണ്ട് മനുഷ്യാത്മാക്കളുടെ കണ്ടുമുട്ടലായിരുന്നു. മധുരമന്ദഹാസം പൊഴിച്ചു കൊണ്ട്, മറ്റു ചിലപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായ് എന്നും അയാളോടെപ്പം അവളും ഉണ്ടായിരുന്നു.
കാലത്തിന്റെ പ്രവാഹദിവസങ്ങൾ അതിവേഗം കടന്നുപ്പോയി.തന്റെ മനസിൽ ഒഴുകുന്ന അനുരാഗമെന്ന വികാരം അവളെ പറഞ്ഞറിയിക്കാൻ കഴിയാതെ മൂന്നു വർഷങ്ങൾ കടന്നുപ്പോയിരിക്കുന്നു. അയാൾ വേദനയോടെ ഓർത്തു? ഫോണിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് അയാൾ റിസീവർ എടുത്ത് ചെവിയോട് അടിപ്പിച്ചു.
അമ്മയുടെ വേദനയും പരിഭവവും കലർന്ന ഫോൺ വിളി മാസങ്ങളേറെയായി വീട്ടിലേയ്ക്ക് പോയിട്ട്. പ്രണയത്തിന്റെ മായാവലയത്തിലകപ്പെട്ട് കുടുബം തന്നെ മറന്നു പോവുകയാണോ?അയാൾക്ക്‌ നിന്ദ തോന്നി. സമയം ഉച്ചകഴിഞ്ഞിരിക്കുന്നു ഇപ്പോൾ പുറപ്പെട്ടാൽ സന്ധ്യയ്ക്ക് മുമ്പ് വീട് പിടിക്കാം.അയാൾ എഴുനേറ്റ് ബസ് സ്റ്റാന്റെ ലക്ഷ്യമാക്കിനടന്നു.
ഒരാഴ്ച്ച കഴിഞ്ഞ് ഒരു സാഗര തീരത്ത് വെച്ച് അവർ വീണ്ടും കണ്ടുമുട്ടി
" വിട്ടിലേയ്ക്ക് പോവുമ്പോൾ ഒന്നു പറയാമായിരുന്നു."
അതു പറയുമ്പോൾ അവളുടെ മുഖത്ത് വിഷാദം നിഴലുദിക്കുന്നത് അയാൾ ശ്രദ്ധിച്ചു
" കഴിഞ്ഞില്ല നോറാ പെട്ടെന്നു ആയിരുന്നു അമ്മയുടെ ഫോൺ കോൾ "
അയാൾ തന്റെ നിസാഹായവസ്ഥ വെളിപെടുത്തി
പൂക്കളുടെ സുഗന്ധവുമായ് അലഞ്ഞു നടന്ന അനാഥനായ കാറ്റ് അവരെയും കടന്ന് മുന്നോട്പ്പോയി.ആ കടൽ കാറ്റിൽ അലിഞ്ഞു ചേർന്നു വന്ന നേർത്ത ജലകണങ്ങൾ അവർക്ക് കുളിരേകി.
കാലമേറയായി മനസിൽ വീർപ്പ് മുട്ടി കിടന്ന അനുരാഗമെന്ന വികാരത്തെ കുറിച്ച് അയാൾ അവളോട് തുറന്നു പറഞ്ഞു.അതു കേട്ടവൾ നിർവീകമായി കരയുകയാണ് ചെയ്തത്.
"നോറാ, എന്തായിത് കൊച്ച് കുട്ടികളെപ്പോലെ. "
അയാൾ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു.
വെള്ളാരം കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അയാൾക്ക് നേരെ പൊട്ടിത്തെറിച്ചു.
" ഈ മൂന്നു വർഷത്തിനിടക്ക് ഏതെങ്കിലും ഒരു നാൾ പറയുമെന്നാശിച്ചു. അതുണ്ടായില്ല ഇന്നലെ എന്റെ കല്യാണ നിശ്ചയം കഴിഞ്ഞപ്പോൾ ജിത്തു ഇഷ്ടമാണെന്ന് പറയുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്? "
മുകളിലുടെ പറന്നു പോകുന്ന പക്ഷികൾ, കൂട് അണയാൻ നടത്തുന്ന സന്ധ്യയാത്രാ അവ പറന്നകന്ന് അപ്രതീക്ഷമാകുന്നത് കനം തൂങ്ങുന്ന മനസുമായ് അയാൾ വെറുതെ നോക്കി നിന്നു
" നോറാ നമുക്ക് യാത്രാ പറയാം"
അവളുടെ നിസഹായവസ്ഥ മനസിലാക്കിയതുകൊണ്ടാവണം അയാൾ അങ്ങനെ പറഞ്ഞത്.
പെട്ടെന്നായിരുന്നു ആ മഴ വീണ്ടും പെയ്തു വന്നത് അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
" നോറ ഇന്നും ഈ മഴ കരയുകയാണെല്ലോ?"
അയാൾ പറഞ്ഞതു കേട്ടപ്പോൾ അവളുടെ സകല നിയന്ത്രണവും അറ്റുപ്പോയി.
അവളുടെ കണ്ണുകളിൽ സങ്കടത്തിന്റെ പെരുമഴ പെയ്യുകയായിരുന്നു.
അവൾ അയാളുടെ മുഖത്ത് ഉറ്റുനോക്കി കൊണ്ട് ചോദിച്ചു
" എന്റെ കല്യാണം കഴിഞ്ഞുപ്പോയാൽ ജിത്തു ഒരു ദേവദാസായി മാറുമോ?"
ആ വേദനയിലും മുഖത്തൊരു മന്ദഹാസം വരുത്തി കൊണ്ട് അയാൾ ചോദിച്ചു.
"നി അങ്ങന ആഗ്രഹിക്കുന്നുവോ? "
അയാളുടെ ചോദ്യത്തിനുത്തരമായി അവൾ ഇല്ലെന്നർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു.
ഒരിക്കലും ഭ്രാന്തനെപ്പോല ആവില്ലെന്ന് ഉറപ്പ് കൊടുത്ത് കരഞ്ഞു പെയ്യുന്ന മഴയത്ത് അയാൾ ഇറങ്ങി നടന്നു.......
സ്വയം വരപന്തലിന്റെ കതിർ മണ്ഡപത്ത് മന്ത്രകോടി പുതച്ച് സർവ്വാഡംമ്പരവിഭുഷതയായീ അവൾ ഇരിക്കുന്നു.സ്വപ്നങ്ങളിൽ തന്റെ വധുവായി അഭിനയിച്ചവൾ,കണ്ണു തുറക്കുമ്പോൾ ചില്ലുജാലകങ്ങൾക്കപ്പുറത്തേയ്ക്ക് ഓടി മറയുന്നവൾ,ഇന്ന് തന്നെ വിട്ട് എന്നന്നേക്കുമായ് യാത്രാ പറയുകയാണ്. അതേക്കുറിച്ച് ഓർത്തപ്പോൾ അയാളുടെ ദുഖങ്ങൾക്ക് അതിർവരമ്പുകൾ ഇല്ലാതെയായി.സുമുഖനായ ഒരു ചെറുപ്പക്കാരൻ അവളുടെ കഴുത്തിൽ മിന്നുചാർത്തി.എല്ലാവരോടും യാത്രാ പറഞ്ഞ് ഇറങ്ങാൻ നേരം അയാളുടെ അടുത്തേയ്ക്കും അവൾ നടന്നു ചെന്നു.
ആരും കേൾക്കാതെ താഴ്ന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
"നോറ എന്റെ പ്രിയപ്പെട്ടവളെ നിനക്ക് വിട "
അവളുടെ വെള്ളാരം കണ്ണുകളിൽ നിന്നും വേദനയുടെ നീർകണങ്ങൾ ഒലിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ അയാൾ ഇറങ്ങി നടന്നു....
ശക്തമായ ഇടിമുഴക്കി കൊണ്ട് ആ പെരും മഴ പെയ്തു കൊണ്ടിരുന്നു. സമയം സന്ധ്യയവാറായിരിക്കുന്നു. പരന്നു കിടക്കുന്ന മഹാസാഗരത്തിലേയ്ക്ക് അയൾ ഉറ്റു നോക്കി അവിടെ ആ വെള്ളാരം കണ്ണുകൾ തെളിഞ്ഞപ്പോൾ,ആ സാഗരത്തിനു നേരെ അയാൾ പതിയെ നടന്നു.
കാൽപാദം മണലിൽ തളയ്ക്കപ്പെടുന്നതും കഴുത്തറ്റം വെള്ളം കയറുന്നതും അയാൾ അറിയുന്നുണ്ടായിരുന്നില്ല.
എതോ വിചിത്രമായ സ്വപ്നത്തിലാഴന്നു കിടക്കുവായിരുന്നു അയാൾ.ഇരയെ കാണാതെ വിഷമിച്ചു നിന്ന ഒരു വലിയ തിരമാല അയാളെ പുണർന്നു കൊണ്ട് ആ സാഗരത്തിന്റെ അടിതട്ടിലേയ്ക്ക് അമർന്നു പ്പോയി. അപ്പോൾ കരഞ്ഞു പെയ്യുന്ന മഴയും വീശിയടിച്ച കടൽ കാറ്റും അയാൾക്ക് യാത്രാമംഗളം നേർന്നുകൊണ്ടിരുന്നു.
****************

മനു എണ്ണപ്പാടം

ശ്രീ



ആയിരം ദീപപ്രഭയിൽക്കുളിച്ചൊരു
കൽമണ്ഡപത്തിന്റെ മുന്നിലായി
ഏതോ ഒരജ്ഞാത ശില്പി രചിച്ചതാം
മോഹനരൂപമായ് കോമളാംഗി!
മൂർത്തമാമുത്തമ സ്ത്രീയഴകാണിവൾ
അംഗലാവണ്യത്തിൽ, ദാരുശില്പം
എത്രയൊളിക്കിലുമേത്പുരുഷനും
പീയൂഷമാണവൾ കണ്ണുകൾക്ക് !
താലത്തിലർച്ച ചെയ്യേണ്ട പുഷ്പങ്ങൾ
ചാരു ചന്ദ്രാനന ശോഭയേറ്റീടവേ
താരകമൊന്ന് നിലത്തിറങ്ങീയെന്ന്
ആരുമേയൊന്ന് നിനച്ചു പോകും
പട്ടുടയാടയിൽ പട്ടു പൂമേനിയോ
പത്തരമാറ്റുള്ള തങ്ക വർണ്ണം
വെണ്ണ തോല്ക്കുന്നുടൽ ഒന്നുലഞ്ഞാലതിൻ
വർണ്ണനയേത് കവിക്ക് സാദ്ധ്യം?
ഏതോ ഒരജ്ഞാത ശക്തിയാൽ മന്ദാര
പൂവൊന്ന് പാറിയാക്കാർകൂന്തലിൽ
ജന്മസാഫല്യമായ് വന്നിരുന്നെന്നപോൽ
സുന്ദരമല്ലേയാ കേശ ഭാരം?
പുണ്യവതിയവൾ പോകുന്ന പാതയിൽ
മുള്ളുകളൊന്നുമേ കാണാതിരിക്കട്ടെ
പുഷ്പദലങ്ങളാം പാദങ്ങളെങ്ങാനും
തട്ടിയൊരല്പവും നോവാതിരിക്കട്ടെ;
അത്രമേൽ സൗന്ദര്യധാമമിവൾക്കായ്
ചിത്തത്തിലാരുമേ പ്രാർത്ഥന ചെയ്തുപോം
അന്തികത്തെത്തിയവൾ തൊഴുതീടവേ
ദേവന്ന് ചൈതന്യമേറിടുന്നൂ..,
സന്ധ്യാംബരത്തിന്റെ സിന്ദൂരശോഭയിൽ
ഭക്തിജ്വലിക്കുന്ന നെയ്ത്തിരി വെട്ടത്തിൽ
സപ്തസ്വരങ്ങളാ കളകണ്ഠം വിട്ടെത്തി
ഭക്തിതന്നാഘോഷ നിർവൃതിയേകിടും
ആര് രചിച്ചിടും ഭാവഗീതങ്ങളീ
ഗ്രാമ്യമാം സൗന്ദര്യവശ്യതയുൾക്കൊണ്ട്
കാവ്യമൊരല്പവും കാമമില്ലാത്തതാം
ശ്രീ വിളങ്ങീടുന്ന വാക്കുകളാൽ?
അജിത്.എൻ.കെ.- ആനാരി 29.09.2016

മാലാഖ



സിസ്റ്ററേന്ന് പിന്നിൽ നിന്നാരോ വിളിച്ചതു പോലെ തോന്നിയെങ്കിലു൦ തോന്നലാണെന്ന് കരുതി അവഗണിച്ചു.
ദിവസവു൦ എണ്ണാ൯ കഴിയാത്തത്ര തവണ കേൾക്കുന്നതല്ലേ.... കാതുകൾക്ക് തെറ്റു പറ്റിയതാവുമെന്നു കരുതി.
വീണ്ടു൦ ഒന്നു കൂടി കേട്ടപ്പോഴാണ് ഉറപ്പായത്. .. തോന്നലല്ല....
ആരോ വിളിച്ചതു തന്നെയാണ്.
കൈയ്യിലെടുത്തു പിടിച്ച് കേടു വല്ലതുമുണ്ടോയെന്ന് പരിശോധിച്ചു കൊണ്ടിരുന്ന പടവലങ്ങ തിരികെ വച്ച് തിരിഞ്ഞു നോക്കുമ്പോള് ഐശ്വര്യമുള്ള ഒരമ്മയു൦ ഒരിരുപതിലേറെ പ്രായ൦ തോന്നിക്കുന്ന സുന്ദരിയായ കുട്ടിയു൦.
കണ്ടിട്ട് ഒരു പരിചയവു൦ തോന്നിയില്ല,
എന്തു ചോദിക്കുമെന്ന് ആലോചിക്കുമ്പോൾ ആ അമ്മ വന്നു കൈ പിടിച്ചു, ലീനാ സിസ്റ്ററല്ലേ... സിസ്റ്ററിന് ഞങ്ങളെ മനസിലായോ, പണ്ട് കോട്ടയ൦ മെഡിക്കല് കോളേജില് വെച്ച് ഇവളെ....
അമ്മ പാതി വഴിക്ക് വെച്ച് എന്തോ ആലോചിക്കു൦ പോലെ സ൦സാര൦ നി൪ത്തി. ഞാനാ കുട്ടിയെ സൂക്ഷിച്ചു നോക്കി..
എനിക്ക് മനസിലായില്ല എന്നു മാത്രമല്ല, കണ്ട ഒരോ൪മ പോലു൦ വന്നില്ല..
ദിവസവു൦ എത്ര പേഷ്യന്റ്സുമായി ഇടപഴകേണ്ടി വന്നിരുന്നതാണ്....
അല്ലെങ്കിലു൦ കോട്ടയത്തു നിന്നു൦ ട്രാ൯സ്ഫ൪ വാങ്ങി തിരുവനന്തപുരത്തെത്തിയിട്ട് ഇപ്പോള് വ൪ഷ൦ മൂന്നാവുന്നു.
അന്ന് കൂടെ വ൪ക്ക് ചെയ്തിരുന്ന പലരുടെയു൦ മുഖങ്ങൾ വരെ മറന്നു തുടങ്ങി, അപ്പോഴൊരു പേഷ്യന്റിനെ ഇത്രയു൦ കാലത്തിനു ശേഷ൦ ഓ൪ത്തിരിക്കുക എന്നു പറഞ്ഞാല്...
എന്നാലു൦ മറക്കാതെ മനസില് തങ്ങി നില്ക്കുന്ന ചില ഓ൪മകളുണ്ട്, ചില൪ക്ക് മാത്ര൦ സമ്മാനിക്കാ൯ കഴിയുന്നവ.... കിച്ചു മോനെ പോലെ....
പാവ൦ കുട്ടി...
രോഗമെന്താണെന്ന് കണ്ടു പിടിക്കാ൯ കൂടി കഴിഞ്ഞില്ല, അതിനു൦ മു൯പേ....
വാ൪ഡില് തന്നെ കാണുമ്പോളേ ആന്റീന്ന് വിളിച്ച് ഓടി വരുമായിരുന്നു...
ഇന്നീ ലോകത്തില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, അവനെ പറ്റിയുള്ള ഓ൪മകള് മനസില് നിന്നു മായാതെ നില്ക്കുന്നത്..
എന്നാലു൦ ഈ പെൺകുട്ടി... എന്തായാലു൦ ഞാ൯ പരിചരിച്ചവരിലാരോ ആണെന്നുറപ്പ്..
എനിക്കവളെ മനസിലായില്ല എന്ന് എന്റെ മുഖഭാവ൦ കണ്ടപ്പോള് അവ൪ക്ക് മനസിലായിട്ടുണ്ടാവണ൦.
അതാവു൦ അവള് തന്റെ പേരു പറഞ്ഞ് എന്റെ ഓ൪മ പുതുക്കാ൯ ശ്രമിച്ചത്...
നിത...
മനസിലെവിടെയോ ഓ൪മയുടെ ഒരു വെള്ളി വെളിച്ച൦ തെളിയാ൯ തുടങ്ങിയത് ഞാനറിഞ്ഞു, ആ പേരു കേട്ട ആ നിമിഷ൦..
അതെ, ഇതവളല്ലേ.. ഉറപ്പു വരാ൯ വേണ്ടി ഞാ൯ അമ്മയെയു൦ സൂക്ഷിച്ചു നോക്കി...
അന്നത്തെ കണ്ണീരുണങ്ങിയ മുഖമല്ല ഇപ്പോള്.. സന്തോഷവതിയായ ഒരു വീട്ടമ്മയുടെ ഐശ്വര്യ൦ ആ മുഖത്തുണ്ട്...
ഒരു നിമിഷത്തിനു ശേഷ൦ ഞാനവളെ ചേ൪ത്തു പിടിച്ചു തമാശയായി ചോദിച്ചു, നിന്റെ മരിക്കണ൦ന്നുള്ള വാശിയൊക്കെ മാറിയോ? അവളാ പഴയ പതിനേഴു വയസുകാരിയെ പോലെ എന്നെയൊന്ന് കൂ൪പ്പിച്ചു നോക്കി... പോ ചേച്ചീന്നു പറഞ്ഞ് അവളമ്മയെ ഒന്നു തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു
ഇപ്പോ എനിക്ക് ജീവിക്കാനാ ചേച്ചീ വാശി...
ഞാനവളെ അമ്പരപ്പോടെയാണ് നോക്കിയത്.
ആ നോട്ടത്തിന്റെ അ൪ത്ഥ൦ മനസിലായിട്ടാവണ൦ അവള് പറഞ്ഞത്, അന്ന് ചേച്ചി ചേച്ചിയുടെ കഥ പറഞ്ഞില്ലേ, അതറിഞ്ഞ നിമിഷ൦ ഞാ൯ തീരുമാനിച്ചതാ, ഇനിയൊരിടത്തു൦ തോറ്റു കൊടുക്കില്ലാ എന്ന്..
എനിക്ക് അവളോട് എന്തൊക്കെയോ ചോദിക്കാനു൦ പറയാനുമുണ്ടായിരുന്നു.
എന്നാലിപ്പോള് മനസില് വല്ലാത്തൊരു വിങ്ങല്, അതു സന്തോഷ൦ കൊണ്ടാണോ സങ്കട൦ കൊണ്ടാണോ എന്നെനിക്ക് മനസിലാവുന്നില്ലായിരുന്നു.
അന്നത്തെ എന്റെ വാക്കുകള് കേവല൦ പതിനേഴ് വയസു മാത്രമുണ്ടായിരുന്ന ആ പെൺകുട്ടിയില് ഇത്രയധിക൦ സ്വാധീന൦ ചെലുത്തിയെന്നെനിക്ക് വിശ്വസിക്കാനേ കഴിയുന്നുണ്ടായിരുന്നില്ല.
എത്ര രോഗികളെ, എത്രയാളുകളെ ശുശ്രൂഷിച്ചതാണ്. ജീവിതത്തിലേക്ക് തിരിച്ചു വന്നു കഴിയുമ്പോള് പലരു൦ ബന്ധുക്കളോട് ചോദിച്ചറിഞ്ഞ് കാണാ൯ വരു൦, നന്ദി പറയാ൯...
ഉള്ളിലൊരുപാട് സന്തോഷമുണ്ടെങ്കിലു൦ എല്ലാമൊരു ചിരിയിലൊതുക്കു൦, ഇതെന്റെ കടമയല്ലേ എന്ന ഭാവത്തില്... അത്രതന്നെ..
എന്നാലിപ്പോള് ഞാ൯ കാരണ൦ ഒരാള് ജീവിക്കാ൯ പഠിച്ചു എന്നറിഞ്ഞപ്പോള്, അതെനിക്ക് ഒരുപാട് സന്തോഷ൦ നല്കുന്നതു പോലെ, ജീവിതത്തിനൊരു അ൪ത്ഥ൦ കൈ വന്ന പോലെ...
അവളെ പറ്റി എനിക്കു കൂടുതലറിയണമെന്നു തോന്നിയതു കൊണ്ടാണ് നോക്കിയെടുത്ത് മാറ്റി വെച്ചിരുന്ന പച്ചക്കറി അവിടെത്തന്നെയിട്ട് അമ്മയേയു൦ അവളെയു൦ കൂട്ടി അടുത്തുള്ള കോഫീ ഷോപ്പിലേക്ക് നടന്നത്..
ആ പച്ചക്കറി കടക്കാരനെന്തു തോന്നിയോ എന്തോ....!!
അവളെ ഞാനാദ്യ൦ കണ്ടതെവിടെ വെച്ചാണെന്ന് ഞാനൊന്നോ൪ത്തു നോക്കി, ഐസിയുവിലാവു൦.. അതെ...
ഡ്യൂട്ടി ഹാ൯ഡോവ൪ ചെയ്ത പ്രിയ സിസ്റ്ററാണെന്നു തോന്നുന്നു, അവളെ പരിചയപ്പെടുത്തിയത്... ജീവിതത്തിനു൦ മരണത്തിനുമിടയ്ക്ക് ഒരബോധാവസ്ഥയില് കിടക്കുകയായിരുന്നു അപ്പോഴവള്..
എന്തുപറ്റിയതാണെന്ന് ചോദിക്കാനൊരുങ്ങുമ്പോഴേക്ക് പ്രിയ പറഞ്ഞു...
സൂയിസൈഡ് അറ്റ൦പ്റ്റാണ്...
ക൪ത്താവേന്ന് ഞാനൊരു നിമിഷ൦ മനസില് വിളിച്ചു പോയി.
ഓരോരുത്തരു ജീവിക്കാ൯ കൊതിക്കുമ്പോൾ, ജീവിത൦ അവസാനിപ്പിക്കാ൯ ശ്രമിക്കുക... അതും ഇത്ര ചെറിയ പ്രായത്തിൽ,...
ഞാ൯ കേസ് ഫയലെടുത്തു മറിച്ചു,
നിത, 17 വയസ്...
'കൈയ്യിലെ ഞരമ്പ് മുറിച്ചാണ് മരിക്കാ൯ ശ്രമിച്ചത്.
ബ്ലഡ് കുറച്ചധിക൦ നഷ്ടമായിട്ടുണ്ട്... ഡോക്ട൪ വല്യ ഉറപ്പൊന്നു൦ പറഞ്ഞിട്ടില്ല, ആ അച്ഛന്റേ൦ അമ്മേടേ൦ കരച്ചിലാ കാണാ൯ പറ്റാതെ...
പിള്ളേരുടെയൊക്കെ ഒരഹങ്കാര൦..'
പ്രിയ ഇത്തിരി ദേഷ്യത്തിലായിരുന്നു.
ആ൪ക്കായാലു൦ ദേഷ്യ൦ വന്നു പോവില്ലേ... അവൾക്കു൦ ഉള്ളതാണ് രണ്ടു പെണ്മക്കള്..
പ്രിയ യാത്ര പറഞ്ഞു പോയി കഴിഞ്ഞ് ഞാ൯ ക൪മനിരതയായി.
എല്ലാവരു൦ തന്നെ സീരിയസ് കണ്ടീഷനിലാണ്..
ഏതു നിമിഷ൦ എന്തു സ൦ഭവിക്കുമെന്ന് പറയാ൯ പറ്റില്ല..
ഓരോ ജീവനു൦ വിലപ്പെട്ടതാണ്.
ഞങ്ങള് നഴ്സുമാ൪ക്ക് അവ൪ പേഷ്യന്റ്സാണെങ്കിലു൦ ഓരോരുത്തരു൦ ആരുടെയൊക്കെയോ പ്രിയപ്പെട്ടവരാണ്...
അതെനിക്ക് നന്നായറിയാ൦... ജീവിത൦ പഠിപ്പിച്ച പാഠങ്ങളിലൊന്ന്..
ഒരാഴ്ചത്തെ ഐസിയു പോസ്ററിങ്ങ് കഴിഞ്ഞിറങ്ങുമ്പോള് അവള് ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയായിരുന്നു.
വീണ്ടു൦ ഞാനവളെ കണ്ടു, വാ൪ഡില് വെച്ച്..
തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്ന എല്ലാവരോടു൦, അച്ഛനോടു൦ അമ്മയോടുമുൾപ്പെടെ ദേഷ്യവു൦ വെറുപ്പു൦ കാണിക്കുന്ന ഒരു കുട്ടി.
താനെടുത്ത തീരുമാനമാണ് ശരിയെന്ന് ഉറച്ചു വിശ്വസിച്ച് താ൯ മരിക്കുമെന്ന് എപ്പോഴു൦ പറഞ്ഞ് മാതാപിതാക്കൾക്ക് വേദന മാത്ര൦ സമ്മാനിച്ചു കൊണ്ടേയിരുന്നു അവള്.
പലപ്പോഴു൦ മരുന്ന് കഴിക്കാത്തതിനു ഞാനവളെ ശാസിക്കുമായിരുന്നു. ബാക്കിയുള്ളവരോടൊക്കെ തട്ടിക്കയറുമെങ്കിലു൦ എന്നോടവള് ഒന്നു൦ പറയില്ലാ എന്നത് ഞാ൯ ശ്രദ്ധിച്ചിരുന്നു.
പതിയെ അവളോടടത്തു, ആദ്യമൊക്കെ അവള് താല്പര്യ൦ കാണിച്ചില്ലെങ്കിലു൦..
ഒരു ദിവസ൦ അവള് തന്റെ കഥ എന്നോട് പറഞ്ഞു, പഠിക്കാ൯ അവള് മിടുക്കിയായിരുന്നു, എല്ലാ ക്ലാസിലു൦..
കൂടെ പഠിച്ചവരു൦ ടീച്ചേഴ്സു൦ ഒക്കെ നീ എ൯ട്ര൯സ് എഴുതൂ, കിട്ടാതിരിക്കില്ല, നിനക്കതിനുള്ള കഴിവുണ്ടെന്നു പറഞ്ഞു പറഞ്ഞാണ് ഒരു ഡോക്ടറാവണ൦ എന്ന സ്വപ്ന൦ അവൾക്കുണ്ടാവുന്നത്.
പ്ലസ് ടുവിന്റെ ഒപ്പ൦ എഴുതി, കിട്ടിയില്ല. പക്ഷെ അവള് പിന്മാറാ൯ തയാറായില്ല..
ഒരു വ൪ഷത്തെ കോച്ചിങ്ങിനു പോയി, എക്സാ൦ കഴിഞ്ഞപ്പോള് അവൾക്കുറപ്പായിരുന്നു, കിട്ടുമെന്ന്...
റിസൽട്ട് വന്നപ്പോള് ഏതാനു൦ റാങ്കുകള്ക്ക് അവള് പിന്തള്ളപ്പെട്ടിരുന്നു.
ഇനി തന്റെ സ്വപ്ന൦ നടക്കില്ല എന്ന ഉറപ്പു൦ കൂടെ പഠിച്ചവരൊക്കെ ഏതെങ്കിലു൦ കോളേജുകളിലൊക്കെയായി പഠിത്ത൦ തുടരുന്നു എന്ന സത്യവു൦ ഒക്കെ ഭ്രാന്തു പിടിപ്പിച്ചപ്പോള് അവൾക്ക് മറ്റൊന്നു൦ ആലോചിക്കാനുണ്ടായില്ല....
എല്ലാവരുടേ൦ മുന്നില് തോറ്റവളായി എനിക്ക് ജീവിക്കണ്ടാ ചേച്ചീ എന്നു പറഞ്ഞ് അവള് കരഞ്ഞപ്പോഴാണ് ഞാനെന്റെ കഥ അവളോട് പറഞ്ഞത്.
ഒരു സാധാ ക൪ഷക കുടു൦ബത്തിലെ മൂത്ത കുട്ടിയായിരുന്നു ഞാ൯. ഒരനിയനു൦ അനിയത്തിയു൦. പഠിക്കാ൯ അത്യാവശ്യ൦ കഴിവുള്ളതു കൊണ്ട് പ്ലസ് ടു കഴിഞ്ഞ് എ൯ട്ര൯സ് എഴുതണമെന്നു തോന്നി..
എഴുതി.
പ്രതീക്ഷിച്ചിരുന്നില്ലെങ്കിലു൦ ഒരു സ൪ക്കാ൪ മെഡിക്കല് കോളജില് അഡ്മിഷ൯ കിട്ടാനുള്ള റാങ്കു൦ ലഭിച്ചു. എങ്ങനെയെങ്കിലു൦ എന്നെ പഠിപ്പിക്കാ൯ പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അച്ഛ൯. അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ കുടു൦ബത്തെ തക൪ത്തു കളഞ്ഞ ദുരന്ത൦... ഒരാക്സിഡന്റില് അച്ഛന്റെ കാലു നഷ്ടപ്പെട്ടു.
എന്നിലായിരുന്നു എല്ലാ പ്രതീക്ഷയു൦.
കുടു൦ബത്തിനു വേണ്ടി ഞാനെന്റെ സ്വപ്ന൦ മനസിലിട്ട് കുഴിച്ചുമൂടി. വേഗ൦ ജോലി കിട്ടണമെന്ന പ്രതീക്ഷയിലാണ് നഴ്സിങ് പഠിച്ചതു൦...
ഇപ്പോഴെനിക്കിത് വെറുമൊരു പ്രൊഫഷ൯ മാത്രമല്ല, എന്റെ ജീവിത൦ കൂടിയാണ്...
ഓരോ പേഷ്യന്റ്സിലു൦ ഞാനെന്റെ അച്ഛനെയു൦ അമ്മയെയു൦ സഹോദരങ്ങളെയുമാണ് കാണുന്നത്.
'കിട്ടാത്തതിനു വേണ്ടി കണ്ണീരൊഴുക്കിയാലോ ജീവിതമവസാനിപ്പിച്ചാലോ ഒന്നുമാവില്ല കുട്ടീ...'
'അച്ഛനുമമ്മയു൦ ജീവിക്കുന്നത് നിനക്കു വേണ്ടിയല്ലേ, മറ്റുള്ളവരുടെ പരിഹാസ൦ കണ്ട് തോറ്റു കൊടുക്കരുത് ഒരിക്കലു൦ ...'
ഞാ൯ പറഞ്ഞതെന്തെങ്കിലു൦ അവളുടെ മനസിൽ കയറിയോ എന്നെനിക്ക് മനസിലായില്ല.. പറഞ്ഞു കഴിഞ്ഞ് അവളെയൊന്നു നോക്കിയിട്ട് ഞാനെണീറ്റു പോയി. പിന്നെ രണ്ടു ദിവസത്തെ ലീവ് കഴിഞ്ഞ് ഞാ൯ തിരിച്ചു വരുമ്പോൾ അവളു ഡിസ്ചാ൪ജായി പോയതറിഞ്ഞു. പോകുമ്പോൾ എന്നെ അന്വേഷിച്ചിരുന്നുവെന്ന് ആരോ പറഞ്ഞു...
പിന്നീട് കാലത്തിന്റെ തിരത്തള്ളലില് ഞാനവളെ മറന്നു പോയി.
അന്നത്തെ ആ നിതയാണ് ഇപ്പോഴെന്റെ മുന്നിലിരുന്ന് ചായ കുടിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാ൯ പ്രയാസമായിരുന്നു.
നീയിപ്പോളെന്താ ചെയ്യുന്നത്?
അതറിയാനായിരുന്നു എനിക്ക് ആകാ൦ക്ഷ..
നഴ്സി൦ഗ്..
എന്റെ കണ്ണു മിഴിഞ്ഞു പോയി..
പക്ഷേ അവളുടെ മുഖത്ത് ഒരു മാറ്റവുമുണ്ടായിരുന്നില്ല.
ഇപ്പോ 2nd ഇയറാണ്.. രണ്ടു വ൪ഷ൦ പോയില്ലേ...
എങ്ങനെയുണ്ട് പഠിത്തമൊക്കെ?
ചേച്ചീനെ കണ്ടല്ലേ പഠിച്ചത്, മോശമാകുമെന്ന് തോന്നുന്നുണ്ടോ....
എനിക്ക് ചിരി വന്നു... കണ്ടു പഠിക്കാ൯ പറ്റിയൊരാളേ....
എല്ലാവ൪ക്കു൦ അതിശയമായിരുന്നു ചേച്ചീ ഞാ൯ നഴ്സിങ്ങിനു പോയതറിഞ്ഞ്... 50% മാ൪ക്കുള്ളവ൪ക്കു മാത്രമേ നഴ്സിങ്ങിന് പോകാ൯ കഴിയൂ എന്നാ എല്ലാവരുടേ൦ വിചാര൦...
അത് ശരിയാണെന്ന് ഞാനുമോ൪ത്തു. ഒന്നുകില് പഠിക്കാ൯ തീരെ മോശമായവ൪... അല്ലെങ്കില് യാതൊരു നിവൃത്തിയുമില്ലാത്തവ൪... അങ്ങനെയാണ് നമ്മുടെ നാട്ടിലുള്ളവരുടെ വിചാര൦..
ഇഷ്ടത്തോടെ, ആത്മാ൪ത്ഥതയോടെ ഈ പ്രൊഫഷ൯ തിരഞ്ഞെടുക്കുന്നവ൪ ഇപ്പോഴും ഉണ്ടെന്ന് ആരു൦ അ൦ഗീകരിക്കില്ല..
ഇഷ്ടക്കേടോടെ പഠിക്കാ൯ വന്നവരിൽ പലരു൦ നഴ്സിങ്ങിനെ സ്നേഹിച്ചു തുടങ്ങാറുണ്ടെന്നും.
എങ്കിലു൦ ചില പേഷ്യന്റ്സിന്റെയു൦ ബന്ധുക്കളുടെയു൦ മനോഭാവ൦ കാണുമ്പോള് സങ്കട൦ തോന്നാറുണ്ട്.... എന്തിനാണ് ഒരു നഴ്സായത് എന്നു വരെ തോന്നിപ്പോവാറുണ്ട്....
അവളോട് യാത്ര പറഞ്ഞു പിരിയുമ്പോള് ബഹുമാനിച്ചില്ലെങ്കിലു൦ നഴ്സാണെന്നറിയുമ്പോള് പുച്ഛിക്കാതെയിരുന്നൂടേ എന്നൊരു ചോദ്യമായിരുന്നു മനസില്...
Written by Athira Santhosh

ഉത്തരം



'ഉണ്ണിയേട്ടാ.....
.
എന്താ ദേവൂട്ടിയേ ??
.
'ആ കൈയ്യ് ഇങ്ങൊന്നു നീട്ടിയേ.......
.
എന്തിനായിപ്പോ ? നീ പറയ് ദേവൂ...
.
'ഉണ്ണിയേട്ടനോർക്കുന്നുണ്ടോ നമ്മൾ പണ്ട് പൊട്ടിയ എന്റെ കുപ്പിവള കൈയിൽ വെച്ച് പൊട്ടിച്ച് സ്നേഹം നോക്കുന്നത് '
അന്ന് എപ്പോഴും ഉണ്ണിയേട്ടനേക്കാൾ സ്നേഹം നിക്യാരുന്നു കൂടുതൽ '.......
ആ കൈയ്യ് ഇങ്ങട് നിട്ട്യേ ഒന്ന്.....
ന്താദേവൂട്ടിയെ ഇത് നമ്മളിപ്പോ ആ കൊച്ചു കുട്ടി അല്ല.. രണ്ടീസം കഴിഞ്ഞ് വേറൊരു വീട്ടിലേയ്ക്ക് കേറി ചെല്ലെണ്ട പെണ്ണാ ഇത് വരെ നിന്റെ കുറുമ്പൊന്നും മാറാറായില്ലേ ദേവൂട്ടിയേ?......
അതിനിപ്പോ ന്താ ന്റെ ഉണ്ണിയേട്ടന്റടുത്തല്ലേ കുറുമ്പ് കാട്ടുന്നത്.....
ആ കയ്യിങ്ങ് നീട്ട് ഉണ്ണിയേട്ടാ.....
ഈ കുട്ടിയെ കൊണ്ട് ഞാൻ തോറ്റു.. ദാ നോക്ക്...
അങ്ങനെ വഴിക്ക് വാട്ടോ...
അമ്പടാ , ഇതെന്താ ഇപ്പോ ഇങ്ങനെ വളമുറി തുണ്ടിന്റെ വലിപ്പം കൂടി യെല്ലോ. ഇത്രേം നാൾ ഇല്ലാണ്ടിരുന്ന സ്നേഹം ഇത്ര പെട്ടെന്നുണ്ടായോ?? ഉണ്ണിയേട്ടാ...
ദേവൂ നിനക്കിപ്പോ അങ്ങ്നൊക്കെ തോന്നും ഇത്രേം നാൾ നിന്റെ കുറുമ്പിന് കൂട്ടുനിന്നിട്ട് ഇപ്പോ എന്റെ സ്നേഹത്തിന് വിലയില്ല ല്ലേ....
മ്മ്.....
എന്തേലും പറഞ്ഞാ അപ്പോ തുടങ്ങും കുറെ സെന്റി ആയിട്ട് വന്നോളും... ഇത്രക്ക് സ്നേഹമുണ്ടാരുന്നേൽ ഇങ്ങൾക്കെന്നെ അങ്ങ് കെട്ടിക്കൂടാരുന്നോ മനുഷ്യാ....
അപ്രതീക്ഷിതമായ ചോദ്യം കേട്ടത് കൊണ്ടാകാം ഉണ്ണിയുടെ മുഖം ഒന്നു വാടി.
ഉണ്ണിയേട്ടാ മാനത്തോട്ടൊന്ന് നോക്കിയേ ... എന്ത് രസാ ല്ലേ.. ഉണ്ണിയേട്ടന് ഓർമ്മയുണ്ടോ?....
ഉണ്ണിയേട്ടനെല്ലാം ഓർമ്മയുണ്ട് നീ ഒന്ന് നിർത്ത് ദേവൂട്ടി.....
ഉണ്ണിയേട്ടൻ പറ.. അന്ന് എന്റെ അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞ ഒരീസം എന്നേം കൂട്ടി ഈ മഞ്ചാടി മര ചോട്ടിൽ വന്നിരുന്നത്..
ആകാശത്തെ രണ്ട് നക്ഷത്രങ്ങളെ ചൂണ്ടി കാട്ടി ദേവൂ ന്റെ അച്ഛനും അമ്മയുമാ എന്ന് പറഞ്ഞത്... നമ്മൾ ചിരിച്ചലേ അവരും സന്തോഷം കൊണ്ട് തിളങ്ങു എന്ന് പറഞ്ഞത്...
ഉം.... അതിനെന്താ ദേവൂട്ടിയെ....
'
ദേനോക്കിയെ ഇത്രേം നാൾ ഇല്ലാത്ത ഒരു തിളക്കം കണ്ടോ അവർക്ക് ദേവൂട്ടിയെ കണ്ടിട്ടാകും ല്ലേ... ചിലപ്പോ ഉണ്ണിയേട്ടൻ കൂടെ ഇണ്ടായത് കണ്ടിട്ടാകും അവർക്കിത്ര സന്തോഷം.. ഈ സന്തോഷം എന്നും ഉണ്ടായിരുന്നെങ്കിലോ ല്ലേ....
ന്താദേവു നി ഈ പറയുന്നേ നേരം ദാ ഇരുട്ടി തറവാട്ടിൽ എല്ലാരും കല്യാണ പെണ്ണിനെ തിരക്കു വായിരിക്കും.. നീ ചെല്ല്... ഇനീ ഈ ആശാരി ചെക്കന്റെ കൂടെ നിന്നെ കണ്ട്ന്ന് പറഞ്ഞ് വേണം...ഓരോന്നും പറയാൻ...
പിന്നെ എന്ന് വെച്ചാ ഉണ്ണിയേം ദേവൂനേം അറിയാത്ത നാട്ട കാരല്ലേ ഇവ്ടെല്ലാം...
ദേവൂ നീ വാ വീട് വരെ ഞാൻ കൂടെ വരാം...
കുറെ നേരത്തെ നിശബ്ദതയ്ക്കൊടുവിൽ ദേവു പറഞ്ഞു...
ഇനി ഉണ്ണിയേട്ടന്റെ കൂടെ ദേവു ഇല്ലെല്ലോ..
പോവല്ലേ...
ദാവീടെത്തി ഒരു കാര്യം ചോദിച്ചാൽ ഉണ്ണിയേട്ടൻ ഉത്തരം തരുമോ...
ഉം.....
വെറുമൊരു സുഹൃത്ത് മാത്രാ രുന്നോ ഉണ്ണിയേട്ടന് ഞാൻ... എന്നെങ്കിലും എന്നെ ഉണ്ണിയേട്ടൻ പ്രണയിച്ചിട്ടുണ്ടോ..
ആരായിരുന്നു ഞാൻ ഉണ്ണിയേട്ടന്????
ഒരു നിശബ്ദതയ്ക്ക് ശേഷം ഒരു നെടുവീർപ്പോടെ നിറഞ്ഞൊഴുകിയ ദേവൂ ന്റെ കണ്ണിൽ നോക്കി ഇടറിയ ശബ്ദത്തിൽ ഉണ്ണി പറഞ്ഞു....
ഒരു സുഹൃത്തിനും പ്രണയിനിക്കും മുകളിൽ ഒരു ഇഷ്ടമുണ്ടെങ്കിൽ അതായിരുന്നു എനിയ്ക്ക് നിന്നോട്... പറഞ്ഞറിയിക്കാൻ പറ്റാത്തവണ്ണം എന്റെ ആരെക്കെയോ ആയിരുന്നു ദേവൂ നീ.....
നിറഞ്ഞൊഴുകിയ കണ്ണുകൾ മറച്ചുകൊണ്ട് ഉണ്ണിതിരിഞ്ഞു നടന്നു '.....
ഉണ്ണിയേട്ടാ എനിയ്ക്കൊരു കാര്യം പറയാനുണ്ട്......
ദേവൂ ന്റെ വാക്കുകൾ മുഴുവിപിക്കാൻ അനുവദിക്കാതെ ഒരു തിരിഞ്ഞുനോട്ടത്തിൽ പുഞ്ചിരി ഒതുക്കി ഉണ്ണി ആ മഞ്ചാടി മരച്ചോട്ടിലേയ്ക്ക് നടന്നകന്നു...
.
.
( യദു- ഉണ്ണി )

പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.



പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.
നവോദയ സകൂളിൽ പഴയ മെസ്സിനു പുറമേ ഓലമേഞ്ഞ പുതിയ ഷെഡും കൂടി പണിതു.
പഴയ നല്ല കെട്ടിടം തരുണീ മണികൾക്കും പുതിയ ഓലപ്പുര പുരുഷ കേസരികൾക്കും .
അല്ലേലും അന്നും ഇന്നും ഈ പുരുഷ വർഗം അധഃസ്ഥിതി വിഭാഗമാണല്ലൊ!!!
ഓലഷെഡിന്റെ അങ്ങേ അറ്റത്തുള്ള മൂലയിലാരുന്നു മാന്യന്മാർ ആയിരുന്ന പന്ത്രണ്ടാം ക്ലാസ്സിലെ ചേട്ടൻമാർ ഇരുന്നിരുന്നത്.
മൂലയിലുള്ള മൂന്നു നാലു ഡെസ്കുകൾ അവർക്കായ് മാത്രം പണിതിട്ടതാണ് എന്നായിരുന്നു അവരുടെ ഭാവം.
മെസ്സിനു തൊട്ടടുത്തായി ഒരു വേസ്റ്റ് കുഴിയുണ്ട്.
ഭക്ഷണം കഴിച്ചു കഴിഞ്ഞവർ അവശിഷ്ടം നിക്ഷേപിച്ചിരുന്നത് ഈ കുഴിയിലായിരുന്നു.
വേസ്റ്റുകുഴിക്ക് പ്രത്യേക സംവരണം ഒന്നും ഇല്ലായിരുന്നതിനാൽ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും അവരവരുടെ മാലിന്യങ്ങൾ ഈ കുഴിയിൽ നിക്ഷേപിച്ചു പോന്നു.
വെസ്റ്റിടാൻ വരുന്ന സുന്ദരികളെ തൊട്ടടുത്തായി വീക്ഷിക്കുക എന്ന പരമപുണ്യ പ്രവർത്തിക്കു വേണ്ടിയാണ് ഈ മഹാൻമാർ മെസ്സിന്റെ ഒഴിഞ്ഞ മൂലയിൽ തന്നെ നിലയുറപ്പിച്ചിരുന്നത്.
ഒട്ടുമിക്കവർക്കും തന്നെ പ്രത്യേകം പ്രത്യേകം പ്രണയിനികൾ ഉണ്ടെങ്കിൽ കൂടിയും അല്പം പോലും വിവേചനം കാണിക്കാതെ ഒരു സംയുക്ക സംരംഭമായിട്ടാണ് അവർ ഈ വായിനോട്ട പ്രക്രിയ കൊണ്ടുപോയിരുന്നത്.
വെസ്റ്റിടാൻ വരുന്ന കോമളാംഗികൾ ഈ പ്രത്യേക മേഖല എത്തുമ്പോൾ അല്പം കരുതൽ എടുത്തിരുന്നു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ !!.....
ഓലമേഞ്ഞ ആ കൂരയ്ക്കു ചുറ്റും ഓല കൊണ്ടു തന്നെ കെട്ടിയുയർത്തിയ ചുവരുകളാരുന്നു.
ഒരാൾ പൊക്കം മാത്രം ഉണ്ടായിരുന്ന ആ പാതി ചുവരുകൾക്ക് മീതെ സ്ഥിരപ്രതിഷ്ഠയായ തലകളിൽ നിന്നെത്തുന്ന നിർദോഷകരമായ കമന്റുകളോട് ചിലർ മന്ദഹസിച്ചും നാണം കുണുങ്ങിയും പ്രതികരിക്കുമ്പൊൾ മറ്റു ചിലർ ക്രൂദ്ധരായി മുഖം വീർപ്പിച്ചു മടങ്ങും .
രണ്ടും നയനാഭിരാമമായി കണ്ടിരുന്ന ആ പൂവാല സംഘം പൂർവ്വാധികം ഭംഗിയോടെ അവരുടെ കലാപരിപാടികൾ തുടർന്നു പൊന്നു.
പരസ്യമായി വായി നോക്കാൻ മടിയുള്ള ചില പഠിപ്പിസ്റ്റ് സൂർത്തുകൾക്കായി ഓലക്കീറുകൾക്കിടയിൽ ചെറു സുഷിരങ്ങൾ ഇട്ടിരുന്നു.
അതിൽ കൂടെ ആ വിഭാഗത്തിൽ പെട്ടവരും യഥേഷ്ടം ദർശന സുഖം ആസ്വദിച്ചു പോന്നു.
നിത്യം നടക്കുന്ന ഈ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് ഞങ്ങൾ പിൻമുറക്കാർ.
ഒരു ദിവസം പതിവില്ലാതെ ചേട്ടൻമാർ ഒക്കെയും നേരത്തേ കഴിച്ചിട്ടു പോയി. ലാബിൽ എന്തോ അത്യാവശ്യമുണ്ടായിരുന്നതിനാൽ എല്ലാവരെയും നേരത്തേ ടീച്ചർ വിളിച്ചിരിക്കുകയാണ്.
ഒഴിഞ്ഞുകിടക്കുന്ന ഡെസ്ക്കും ബെഞ്ചും ഞങ്ങളെ വല്ലാതെ പ്രലോഭിപ്പിക്കാൻ തുടങ്ങി.
പലരും പാത്രങ്ങൾ എടുത്ത് അവിടെ നിലയുറപ്പിച്ചു.
വേസ്റ്റുകളുമായുള്ള സുന്ദരികളുടെ ജൈത്രയാത്ര നടന്നുകൊണ്ടിരിക്കുന്നു.
വീരൻമാരായ ചിലർ സധൈര്യം ചുവരുകൾക്കു മീതെ ശിരസ്സുയർത്തി നിന്നപ്പൊൾ ദുർബലൻമാരായ ഞാനുൾപ്പെടുന്ന സംഘം ഓലക്കിടയിലെ സുഷിരങ്ങളെയാണ് ആശ്രയിച്ചത് .....
ആഹാ!! ... എത്ര മനോഹരമാണീ ദൃശ്യഭംഗി ... !!!!
നേരിട്ടു കാണുന്നതിനെക്കാൾ കൂടുതൽ സൗന്ദര്യം ഓലക്കീറിലെ ആസൂക്ഷ്മദർശനത്തിലൂടെ പ്രാപ്യമാകുന്നു.!!
കണ്ടവർ കണ്ടവർ കാണാത്തവർക്കായി അവസരം കൊടുത്ത് പരസ്പര സേനഹത്തിന്റെ ഉദാത്ത മാതൃകകളായി .... !!!
" എന്തടാ ... ഇവിടെ കാണിക്കുന്നത് ....????
കരടി അമറും പൊലെയുള്ള ഒരു ശബ്ദം!!!
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ക്രോദ്ധത്താൽ ചുണ്ടുകൾ വിറപ്പിച്ചു കൊണ്ട് ഒരു ചീറ്റപ്പുലിയെപ്പോൽ നിൽക്കുകയാണ് മോഹൻസാർ എന്ന ഞങ്ങളുടെ സ്വന്തം ഡോക്ടർ സാർ ...!!
എഴുന്നേറ്റു നിന്നവർ കാന്തികശക്തി കയറിയെന്നവണ്ണം ബഞ്ചുകളിലേക്ക് ഒട്ടിപ്പിടിച്ചു ...
പക്ഷെ ... മാളത്തിൽ തലയിട്ടു നിന്നിരുന്നവരെ കയ്യോടെ പിടികൂടി ...
കോപം കൊണ്ട് ജ്വലിച്ച മോഹൻ സാർ ഒച്ചയെടുത്ത് അതുവഴി പോയ നന്ദകുമാർ സാറിനെ വിളിച്ചുവരുത്തി.
ഞങ്ങളെ ഫിസിക്സ് പഠിപ്പിച്ചിരുന്ന നന്ദകുമാർ സാറിനെ എല്ലാവർക്കും വല്യ പേടിയാരുന്നു.
ആറാംതമ്പുരാനിലെ ജഗന്നാഥനെപ്പോലെ തോളും ചരിച്ചു മീശയും പിരിച്ചു കൈകൾ ചുരുട്ടിയെത്തിയ സാറിനെ കണ്ടപ്പോൾ തന്നെ പകുതി ജീവൻ പോയി .... !!
സാർ വന്നു ചുറ്റുപാടും നിരീക്ഷിച്ചു ...
ചുവരുകൾ മുഴുവൻ തുളച്ചു തുളച്ച് അരിപ്പപോലെ ആക്കി വെച്ചിരിക്കുന്നു !!!
""എന്തോന്നടേയ് ഇത് .... ??
നാണമില്ലേടെയ് ..നിനക്കൊക്കെ ... മുട്ടയിൽ നിന്നും ഒരു വിരിയട്ടെ ... എന്നിട്ടു പോരെ ചെറ്റ പൊളിക്കൽ ..!!!!
മം ..മം. എല്ലാം ക്ലാസ്സിലൊട്ട് വന്നേക്ക് ... കാണിച്ചു തരാം ..!!!
നാണക്കേടിൽ മനംനൊന്ത് തല കുമ്പിട്ടിരിക്കുകയാണ് എല്ലാവരും ...
ലാബിൽ ടെലസ്കോപ്പും പെരിസ്കോപ്പും ഒക്കെ പഠിപ്പിച്ചപ്പോൾ പൊലും കാണിച്ചിട്ടില്ലാത്ത ഞങ്ങളുടെ വീക്ഷണ വൈഭവത്തിൽ സാർ അമ്പരന്നിട്ടുണ്ടാവാം.!!
""കഴിച്ചു കഴിഞ്ഞെങ്കിൽ എണീറ്റു
പോയിനെടാ ... എല്ലാം ... ""
കൂനിൻ മേൽ കുരു പൊലെ മോഹൻ സാറിന്റെ ആക്രോശം!!!
പല്ലിറുമിക്കൊണ്ട് എല്ലാവരും എണീറ്റു പോയി.
ഡോർമിട്ടറിയിൽ ചർച്ച പുരോഗമിക്കുന്നു.
"എല്ലാവരേയും ഒരുമിച്ച് അല്ലെ ..പൊക്കിയതു ..
അപ്പോ പിന്നെ പേടിക്കണ്ട കാര്യമില്ലെന്നെ ...
ബാക്കി നമുക്ക് വരുന്നിടത്ത് വെച്ച് കാണാം .."
കൂട്ടത്തിലെ പുരോഗമനവാദി അഭിപ്രായപ്പെട്ടു.
എല്ലാവരും അത് ശിരസാവഹിച്ചു ... എന്തുവന്നാലും ഒരുമിച്ചു നിൽകുക ... ഹല്ല....പിന്നെ.!!!!
സ്റ്റഡി ക്ലാസ് തുടങ്ങാൻ ഇനിയും സമയമുണ്ട്.
പലരും കട്ടിലിൽ ശയിച്ചു ...
ചിലർ തുണി കഴുകിയിടുന്നു ...
കൂട്ടത്തിലെ കായിക പ്രേമിയായ കൂട്ടുകാരന് അപ്പോഴാണ് അന്നു നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ ദക്ഷിണാഫ്രിക ക്രിക്കറ്റ് മാച്ചി നെക്കുറിച്ച് ഓർമ്മ വന്നത് ...
പ്രാദേശിക സമയപ്രകാരം കളി തുടങ്ങയതെയുള്ളൂ ..
സച്ചിനും ഗാംഗുലിയും തകർപ്പൻ ഫോമിലുള്ള കാലഘട്ടമാണ്.
ഇതറിഞ്ഞതോടെ എല്ലാവർക്കും ഇരിക്കപ്പൊറുതി ഇല്ലാണ്ടായി .
കളി കാണാൻ എന്താണൊരു പോംവഴി ...?
കുലങ്കഷമായി ചിന്തിച്ചു ...
"സ്കൂൾ വാൻ ഓടിക്കുന്ന ചേട്ടന്റെ കോർട്ടേഴ്സിൽ കളി സ്ഥിരമായി വെക്കാറുണ്ട് ...
അവിടെ പോയി തൽക്കാലം നിജസ്ഥിതി അറിഞ്ഞിട്ടു വരാം ..."
കൂട്ടത്തിലൊരുവന്റെ അഭിപ്രായം...
പിന്നെ അമാന്തിച്ചില്ല.
ചെറു സംഘമായി ഡ്രൈവർ ചേട്ടന്റെ ക്വാർട്ടേഴ്സ് ലക്ഷ്യമാക്കി പുറപ്പെട്ടു.
പുരോഗമനവാദികളാണ് നയിക്കുന്നത് ...
എന്തു വന്നാലും ഒരുമിച്ചു നിൽക്കണം എന്ന ആഹ്വാനം സംഘത്തിന് പുതിയ ഉണർവ് നൽകിയിരിക്കുന്നു.
വീടിന്റെ മുമ്പിൽ എത്തി ...
വാതിൽ അടഞ്ഞു കിടക്കുകയാണ്.
അകത്തു നിന്നും കേട്ട ഇംഗ്ലീഷ് കമന്ററിയും കാണികളുടെ ആരവങ്ങളും ഞങ്ങളെ കൂടുതൽ ഉദ്വേഗജനകരാക്കി!!!!!
പിന്നെ മടിച്ചില്ല ...
കോളിംഗ് ബെല്ലിൽ വിരൽ ആഞ്ഞമർത്തി.
വാതിൽ തുറന്നെത്തിയത് ഡ്രൈവർ ചേട്ടന്റെ ഭാര്യയാണ്.
ഞങ്ങളെ കണ്ടതും അവർ തെല്ല് അമ്പരന്നു. !!
ആവേശത്തിരമാലയിൽ അമർന്നിരുന്ന ഞങ്ങൾ ഒട്ടും മടിക്കാതെ ചോദിച്ചു.
'' സ്കോർ എന്തായി ചേച്ചീ"....????
അല്പനേരം ചിന്തിച്ചു നിന്ന ചേച്ചി പതിയെ അകത്തോട്ട് കടന്നു ഉറക്കെ ചോദിച്ചു.
'ചേട്ടാ ...ഒന്നിങ്ങു വന്നേ ...
ദേ കുറച്ചു പിള്ളേർ ചോറ് ചോദിച്ചു വന്നിരിക്കുന്നു'......
കറണ്ട് അടിച്ചതു പോലെ ആയി ഞങ്ങൾ!!
ദൈവമേ ...ചോറോ !!...
ഇവർ എന്താണീ വിളിച്ചു കൂവുന്നത് !!
വിറങ്ങലിച്ചു നിൽക്കുന്ന ഞങ്ങൾക്ക് ഡ്രൈവർ ചേട്ടന്റെ കൂടെ പുറത്തേക്കിറങ്ങി വന്നവരെ കൂടി കണ്ടപ്പോൾ ഇരുട്ടടി കിട്ടിയതു പോലെയായി!!
മോഹൻ സാറും നന്ദകുമാർ സാറും!!!
അവർ ഒരുമിച്ചു കളി കാണുകയായിരുന്നു.!!!
ആർക്കാ ഡാ ഇവിടെ ചോറു വേണ്ടത് ...!!
ഓട്രാ എല്ലാം...!!!
എന്ന് സാറ് അലറുന്നതിനു മുന്നേ ... ഞങ്ങൾ നാലു കാലിൽ ഓടീ ...
പൊന്നു സാറെ ... ചോറല്ല ... സ്കോർ അറിയാൻ വന്നതാണേ ...
മുന്നേ ഓടിയ പുരോഗമനവാദി വിളിച്ചു കൂവി ...!!!!
----/////

By: 
Sajeev Surendran

മലവെള്ളപ്പാച്ചിൽ.



കളകളമൊഴുകുമൊരരുവിയിലേതോ
തളിരിലയിളകുമ്പോൾ
അവിരചിതകാവ്യശീലുകളെന്നിൽ
തുടിയതുകൊട്ടുന്നു
പുലരിപ്പൂവിൻപൊൻവെട്ടത്തിൽ
പുഴയവൾ മിന്നീടെ
മിന്നാമിന്നിക്കൂട്ടം പാറിയെന്നുടെ ഹൃദയത്തിൽ
തരളിതമായൊരുമനവും പേറി
കവിതരചിക്കാനായ്
കാറ്റോളങ്ങൾ താളം കൊട്ടും
തണലിലിരുന്നീടെ
പുതുമഴപെയ്തു പുതുമൺമണവും
പുതുകുളിരെത്തിപ്പോയ്
മയൂരനടനം മാരുതനാദം അടവിയുണർന്നേപോയ്
ആകാശത്തിൻ ദുന്ദുഭിനാദം കർണ്ണം ചുംബിക്കേ
വ്രീളാവിവശയായൊഴുകും പുഴയതിൻ
നാട്യമറിഞ്ഞു ഞാൻ.
പണ്ടൊരുപകലോനുണരുന്നേരം നിന്നവൾതന്നരികിൽ
കണ്ണീരുപ്പിൻ നേരും ചുടുചെങ്കനലുള്ളവുമായ്
മുക്തികൊടുക്കാൻ എള്ളും പൂവും ഒരുപിടിയന്നവുമായ്
നുരചേർത്തൊഴുകും ചെന്നദിയാകും നിന്നുടെ സവിധത്തിൽ
പാതിയൊഴിഞ്ഞതിൻ ഭാരം അവളിൽ
ചേർന്നുകുതിർന്നീടെ
ഏകാശ്വാസമതാകും കുഞ്ഞിനെ
കൊണ്ടേ പാഞ്ഞൂ നീ.
അന്നുമുതല്ക്കായൊറ്റത്തുണിയുമായ്
തേടി നടപ്പൂ ഞാൻ
മോക്ഷമതേകും നിന്നുടെ ക്രുദ്ധതയോർത്തു നടപ്പൂ ഞാൻ.
പുണ്യമായെത്തി നിൻ തിരുനടയിൽ
പുലർമഴകാലത്തായി.
മലയും പിഴുതോണ്ടോടി വരുന്നിവളെന്നേ പുണരനായ്
നിർമ്മലചിത്തനായ് നിർവൃതിയോടിന്നവളിൽ ചേരട്ടേ
എഴുതാകവിതതൻ ശീലുകളെന്നിൽ
തണുവതു ചേർക്കട്ടേ
___________________________
രമേഷ് കേശവത്ത്...

വിഷയഗുളികകൾ



ഗ്രൂപ്പ് അഡ്മിനു മുന്നിൽ ഞാനിരുന്നു..
മാർകേസിനെ അനുസ്മരിപ്പിച്ച് മേശപ്പുറത്ത് മഞ്ഞ ഡാലിയപ്പൂക്കൾ..
വശത്തെ ചില്ല് അലമാരിയിൽ ചെറിയ കുപ്പികൾ അടുക്കി വച്ചിരിക്കുന്നു. .

കൈയിൽ മുന്തിയയിനം ഫോൺ. .
പോക്കറ്റിൽ രണ്ട് പേനകൾ..
പേര്. .?
ഞാൻ പേര് പറഞ്ഞു. .
ബൽമുടിയെ പറ്റി കുറിപ്പ് പോസ്റ്റ് ചെയ്തത് താങ്കളല്ലേ....? 

വെള്ളത്തിനായുള്ള സംഘർഷങ്ങളെ പറ്റി...?
ഞാൻ തലയാട്ടി..
നിങ്ങൾക്ക് എത്ര ലൈക്കുകൾ കിട്ടാറുണ്ട്?
എണ്ണാറില്ല ..ഞാൻ വിനായാന്വതനായി..
നിങ്ങൾക്ക് ലൈക്കുകൾ കുറവാണ്. .സ്വന്തം ബന്ധുക്കൾ പൊലും കുറിപ്പുകൾ വായിച്ചു ലൈക്കുകൾ അടിക്കുന്നില്ല. ശരിയല്ലേ?
ഞാൻ തല കുനിച്ചിരുന്നു..
മങ്ങിയ കാഴ്ചകൾ മാറ്റുക.. 

അക്ഷരങ്ങളുടെ പുതിയ വിപണനതന്ത്രത്തിലുള്ള നിങ്ങളുടെ പരിജ്ഞാന കുറവ് തന്നെ കാരണങ്ങൾ.. ആധുനികതയും അമ്ള തീക്ഷ്ണമായ വാക്കുകളുടേയും സങ്കലനം ആണ് പുതിയ എഴുത്ത്. .
അഞ്ഞൂറിലധികം ലൈക്കുകൾ ലഭിച്ച ആത്മഹത്യ ചെയ്ത ചെരുപ്പുകൾ വായിച്ചിരുന്നോ..?
ഉം..ഞാൻ മൂളി...
നിങ്ങൾ എഴുതേണ്ടത് രതിയെ പറ്റി..നഗ്നതയെ പറ്റി..വിരഹത്തെ പറ്റി.. അവയവങ്ങളെ പറ്റി...
ഞാൻ എന്റെ പരിമിതികളിൽ തല കുനിച്ചിരുന്നു...
പിഞ്ചിയ സാരി ചുറ്റി മകളുടെ ഫീസടയ്ക്കാൻ പാടുപെടുന്ന അമ്മയുടെ കഥ ഔട്ട് ഓഫ് ഫാഷൻ ആകുന്നു. .
ക്ഷണികമായ ജീവിതങ്ങളും, നേരുകളും ആർക്കു വേണം..
അറവുശാലയിലേയ്ക്ക് കൊണ്ടുപോകുന്ന മാടിന്റെ ദയനീയമായ കണ്ണുകൾ ...ഛേ. ..
ട്രെൻഡ് മാറുകയാണ്..
അഡ്മിൻ എന്നെ ദയനീയമായി നോക്കി..പിന്നെ ചിരിച്ചു..
ചില്ലലമാരയിലെ കുപ്പികൾ ഓരോന്നും എന്റെ മുന്നിൽ നിരന്നു..
ഓരോ കുപ്പിയുടെ പുറത്തും ലേബലുകൾ ഉണ്ടായിരുന്നു. .
ഞാൻവായിച്ചു. .
പീഡനം..വിരഹം..ആർത്തവരക്തം..രതി..ബീജങ്ങൾ.. കാമം...നഗ്നത..
ഇതെല്ലാം ലേബലുകളിൽ പറയുന്ന വിഷയങ്ങൾക്ക് പ്രചോദനം നൽകുന്ന ഗുളികകളാണ്..
ഈ ഗുളികകളിൽ ഏതൊക്കെയാണ് നിങ്ങൾക്ക് വേണ്ടത്?..
അക്ഷരങ്ങൾ മരവിച്ച വാക്കുകളുടെ വറ്റി വരണ്ട പുഴകളുമായി...
നിസഹായതയിൽ ഞാൻ അഡ്മിനു മുന്നിൽ പൊട്ടി കരഞ്ഞു..


.....പ്രേം ....

ഗാനശാല



ഗാനശാല : -മംഗലയ്ക്കൽ -

നഗരത്തിലെ ഗാനശാലയിൽ പിന്നെയും 
വിരഹമായ്‌ പെയ്തിറങ്ങുന്നു ഗായകൻ .
ഗസൽ പടർത്തുന്നൊരുന്മാദഭംഗിയിൽ
ഗഗന സീമയിൽ നാദചന്ദ്രോദയ്ം .
മദ്യശാലയിൽ നിന്നും മഴയുമായ്‌
എപ്പൊഴെത്തി ഞാനീ ഗാനശാലയിൽ ...!
വിസ്ക്കി തുള്ളുമെൻ മസ്തിഷ്ക്കശാലയിൽ
ധിനി ധിനിക്കുന്നു തബല,സാരംഗികൾ .
മഴയു,മുള്ളിലെ ലഹരിയും-ഒപ്പമെ -
ന്നുയിരുലയ്ക്കുന്ന സംഗീത ധാരയും
ശിരസ്സിനുള്ളിൽ കൊളുത്തുന്നു,വൈദ്യുത -
പ്രഭയിൽ മങ്ങുന്നു രാവിൻ തണുപ്പുകൾ .

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo