Showing posts with label ജ്യോതിലാൽ ജോർജ്തോട്ടത്തിൽ. Show all posts
Showing posts with label ജ്യോതിലാൽ ജോർജ്തോട്ടത്തിൽ. Show all posts

ജോഹാനസ്സിന്റെ ഡയറി. [ആദ്യ ഭാഗം ]


രണ്ടു ഭാഗങ്ങൾ മാത്രം...
ആ യാത്രയുടെ അവസാനം എത്ര പെട്ടെന്നായിരുന്നു. മുഴുനീള യാത്ര
യിൽ എല്ലായ്പ്പോഴും അതൊരു കുതിരവണ്ടിയെ ഓർമ്മിപ്പിച്ചു. ഒരോ ചലനത്തിലും ശരീരം പറിച്ചെറിഞ്ഞ പലകുലുക്കവും ബാധിക്കാതെയിരുന്ന ഒരേ ഒരാൾ ആ ട്രാമിന്റെ തേരാളി മാത്രമാണ്.അല്ലെങ്കിൽ തന്നെ അതയാൾക്കത് നിത്യ തൊഴിൽ അഭ്യാസമാണല്ലൊ. അങ്ങനെ
യോർത്ത് ചിന്തകൾക്ക് അർദ്ധവിരാമം കൊടുത്ത് പുറത്തേക്ക് നോക്കി. ചാരനിറത്തിൽ നിവർന്നു കിടക്കുക
യാണ് കരിങ്കൽ പാത ദൂരെ നിന്നുള്ള മൂന്നു വഴികൾ ഇവിടെ സംഗമിക്കുന്നു. ഒരു വശത്തുകൂടി എവിടെ നിന്നോ വന്ന്, ശബ്ദമുണ്ടാക്കാതെ ദൂരേക്ക് ഒഴുകി പോവുകയാണ് വിസ്തുല നദി അതിനു മുകളിൽ മൂടി കെട്ടിയ ആകാശമൊന്നാകെ ഒരു പൊട്ടി തെറിയുടെ വക്കിലാണ്. അത് കണ്ണുകളിൽ നേർത്ത ഇരുട്ടു പടർത്തി കാഴ്ചകളെ ഒട്ടൊന്നു മങ്ങിപ്പിച്ചു.
അപ്പോളിതാണ് ഇതുവരെ കേട്ടു
കേഴ്‌വി മാത്രമുണ്ടായിരുന്ന ക്രാക്കോവ് സിറ്റി ഡേവിസ് തന്റെ മനസ്സിൽമന്ത്രിച്ചു.
യൂറോപ്പിന്റെ ഹൃദയരക്തം വീണ മണ്ണ്.
പുറത്തു നിന്നും അകത്തു നിന്നും പല
കാലങ്ങളിൽ പൊട്ടി മുളച്ച അനവധി ഇസങ്ങൾ പോയകാല ചരിത്രത്തിൽ ധാരളമുണ്ട് ഈ നഗരത്തിന് പറയാൻ .അവയെല്ലാം ഉത്സവം പോലെ കൊണ്ടാ
ടിയിരുന്ന നരച്ച കൽപ്പാതകൾ താണ്ടി ട്രാം ഇളകി മുന്നോട്ടു പോകുന്ന നേര
മത്രയും പുറത്തെ വിക്ടോറിയൻ കാഴ്ചകളിലേക്ക് മുഖം തിരിച്ചിരി
ക്കുകയായിരുന്നു ഡേവിസ്. മനസ്സിൽ ബ്രിട്ടീഷ്, ജർമ്മൻ പീരങ്കി ഷെല്ലുകളും റഷ്യൻ പാറ്റൻ ടാങ്കുകളും പോയ കാല ചരിത്രം നിറഞ്ഞ് ആ വഴിയിൽ കൂട്ടി ഇരമ്പി നീങ്ങി..പാതിയുറക്ക ത്തിലെവി
ടെയൊ വച്ച് യുദ്ധചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ അതിലൊ
രെണ്ണം പെട്ടെന്ന് തീ തുപ്പി.കരിയും
പുകയും പുറത്തുവിട്ട ആ ഉരുക്കു കുഴലിന്റെ ശബ്ദത്തിൽ വഴികൾക്ക് കാവൽ നിന്ന വിളക്കു മരങ്ങൾ വരെ നടുങ്ങി.ട്രാമിലെ യാത്രയുടെ സുഖ
ത്തിൽ മയങ്ങി പോയ ഡേവിഡ് ആ ശബ്ദത്താൽ ഞെട്ടിയുണർന്നു. അപ്പോൾ ട്രാമിനുപുറത്ത് മഴ തകർ
ക്കുകയായിരുന്നു. അതിനു താളം പിടിച്ച് മാനത്ത് നിറയെ വെള്ളി വെളിച്ചവും മേഖനാദവുമാണ്. അതിലേതൊ ഒന്നാണ് അപ്പോഴയാളെ തൊട്ടു വിളിച്ചത്. എന്തായാലും ഭൂതകാല സ്വപ്ന യാത്രയുടെ മറവിട്ട് ഡേവിസ് വീണ്ടും തന്റെ ജീവിത യാത്രയിലേക്ക് തിരികെ വന്നു. അത് നന്നായി.കാരണം അയാൾക്ക് ഇറങ്ങേണ്ട സമയം അപ്പോഴേക്കും അതിക്രമിച്ചിരുന്നു.
വിസ്തുല വ്യൂ സ്ട്രീറ്റിലേക്ക് തിരിഞ്ഞു കയറിയ ട്രാം രണ്ടാം നമ്പർ
പാസഞ്ചർ പോയിന്റിൽ വിറച്ചു വിറച്ചു നിന്നു. മഴയത്ത് ആ വിറയിലിന്റെ ശക്തിയും മഴയുടെ രൂക്ഷതയും ഒരുമിച്ചപ്പോൾ തുരുമ്പിച്ചു തീർന്ന തകരപ്പാട്ടം ഇപ്പോൾ തകർന്നു വീഴുമെന്ന് ഡേവിഡിന് തോന്നി. പ്രായാധിക്യം വളരെയേറെയുള്ള ആ സോവിയറ്റ് ശകടം ഒരു പാട് വർഷങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണവും ശേഷം നടന്ന ജനാധിപത്യ വിപ്ലവവും അതുതിര
ഞ്ഞെടുത്ത സർക്കാരിന്റെ ഇതുവരെയുള്ള അഭ്യാസവും തന്റെ ജീവിതകാലമത്രയും കണ്ടു കണ്ട് അനുഭവിച്ച് തീർത്തതാണ്. ആ സ്മൃതികൾ നിലത്തും പുറത്തും വീണു പൊഴിയുന്ന മഴത്തുള്ളികൾക്ക്
പറഞ്ഞു കൊടുത്ത് അത് സാവധാനം ദൂരെക്ക് മറഞ്ഞു പോയി.
അയാൾ വെളിയിലിറങ്ങി രണ്ടാം നമ്പർ പാസഞ്ചർ പോയിന്റിൽ നിന്ന് ചുറ്റും കണ്ണോടിച്ചു. ഒരു വക കാണാൻ വയ്യ. ആവി പറക്കും പോലെ മഴതുള്ളി
യുടെ ശ്വേതകണങ്ങൾ അന്തരീക്ഷ
ത്തിലും ശാന്തമായ വിസ്തുല നദിക്കു മുകളിലും പറ്റി നടക്കുന്നു. ക്രാക്കോവ് സിറ്റി ശരിക്കും പറഞ്ഞാൽ മഴ ആക്രമി
ക്കുകയായിരുന്നു അന്നു പകൽ മുഴുവൻ. അറുനൂറ് വർഷങ്ങളുടെ കാലപ്പഴക്കവും ചരിത്രവും നിറഞ്ഞ കിളവൻ കെട്ടിടങ്ങളുടെ കുമ്മായ ചുവരുകളേയും അതിന്റെ മേൽ
ക്കൂരയേയും തന്റെ ഉരുക്കു തുള്ളികൾ കൊണ്ട് തുളക്കാൻ ശ്രമിച്ച് ആ പേമാരി നിരന്തരം പരാജയപ്പെട്ടു.അൽപ്പം പഴയതാണ് തന്റെ മഴക്കോട്ട് .തുള്ളികൾ വീണ് നനയുമ്പോൾ ഡേവിഡ് ഓർത്തു. മുബൈ എയർ പോർട്ടിൽ ഭക്ഷണം കഴിക്കാനെടുത്ത പണമുണ്ടായി
രുന്നെങ്കിൽ ഒരു നല്ലകോട്ട് വാങ്ങാമായിരുന്നു .മഴ തുളഞ്ഞു കയറുന്ന സിമന്റ് പാതയിൽ കൂടി നടക്കുമ്പോൾ അയാൾ ആരോടന്നില്ലാതെ പറഞ്ഞു.
cer ferestre സേർ ഫെസ്റ്റെ....റുമാനിയൻ
ഭാഷയിൽ സ്വർഗ്ഗീയ കവാടം ആകാശ
വാതിൽ എന്നൊക്കെ അർത്ഥമുള്ള ആ വാക്ക് മഴത്തുള്ളികൾ പടർത്തി കളഞ്ഞ നീലയക്ഷരങ്ങൾ കൂട്ടി ചേർത്ത് വായിച്ചെടുക്കുമ്പോൾ ഇടക്ക് വെള്ളി കൊമ്പുകൾ കരിമ്പടം പുതച്ച ആകാശത്ത് തിളങ്ങി. വലിയ ഉയരങ്ങളിലേക്ക് കൊന്നമരങ്ങൾ പോലെ നിവർന്ന് നിൽക്കുന്ന സിമന്റ് കൊട്ടാരങ്ങളിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു ചെറിയ ബോർഡിൽ ഈ പേര് തിരഞ്ഞ് നടക്കുകയാണ് ഡേവിഡ്.മഴത്തുള്ളിക്കൊപ്പം തണുപ്പും അയാളെ ആക്രമിച്ച് തുടങ്ങിയിരി
ക്കുന്നു അതിൽ നിന്നുള്ള രക്ഷ വളരെ
പെട്ടെന്ന് തന്നെ വേണം.
വെളുത്തതും ചാരനിറമുള്ളതുമായ കുമ്മായ കൂട്ടുകൾ മാത്രം കണ്ട തെരു
വിൽ ഒരു വശം മാത്രം കറുത്ത ചുമരുകളുമായി വേറിട്ടുനിൽക്കുക
യായിരുന്നു സേർ ഫെസ്റ്റ ഹോട്ടൽ.പണ്ട് സോവിയറ്റ് ചാരസംഘടന ഒരു രഹസ്യ താവളമാക്കിയ ഭൂതകാലം അതിന് പറയാനുണ്ട്. അവിടം തൊട്ട് തുടങ്ങിയ സ്വന്തം ചരിത്രത്തിൽ ഒരിക്കൽ ലിബറേഷൻ മൂവ്മെന്റ് ചൂടുപിടിച്ച് അളി കത്തിയപ്പോൾ ലഹളക്കാരുടെ കൈയ്യാൽ കരിഞ്ഞു പോയ തന്റെ ഒരുവശം യാതൊരു മടികൂടാതെ കാട്ടിക്കൊണ്ട് ഒരു മാറ്റവുമില്ലാതെ സേർ ഫെസ്റ്റ അവിടെ ആ തെരുവിൽ തുടർന്നു.
എല്ലാ ഫോർമാലിറ്റികളും കഴിച്ച് തന്റെ ഒരു കൊല്ലത്തെ പ്രവാസ ജീവിതം ചിലവിടുവാൻ വേണ്ടി അയാൾ തന്നെ കാത്തിരിക്കുന്ന മുറിയിലേക്ക് ഒരു ജീവനക്കാരിക്ക് പിന്നാലെ നീങ്ങി .
ചവിട്ടി കയറുന്ന മരപടികളത്രയും ഒരു
വലിയ ശബ്ദത്തിൽ കരഞ്ഞുകൊണ്ടി
രുന്നു. പണ്ട് വ്യാപാരത്തിന് ഏഷ്യൻ മണ്ണിലെത്തിയ വെളുത്തവർ വെട്ടി കടൽ കടത്തിയ വീട്ടിയുടേയും തേക്കിന്റയും കാതലായിരുന്നു ആ തടി കഷണങ്ങ
ളിൽ അധികവും.തന്റെ നാടിന്റെ പഴയ അവകാശികളുടെ അന്നത്തെ ശബ്ദം ആ നാട്ടിലെ താമസക്കാരുടെ ഇടയിയിലും അയാൾ വ്യക്തമായി കേട്ടു .പിന്നെ ശാന്തമായി നടന്നു.
മുറിയിലെത്തുമ്പോൾ വെളിച്ചമി
ല്ലായിരുന്നു. ഇടുങ്ങിയ മുറി .അതിൽ
കട്ടിലും ജനാലയും കൈവരിയും ഷെൽ
ഫുമെല്ലാം തിളങ്ങുന്ന തവിട്ടു നിറത്തി
ൽ കാണപ്പെട്ടു. ഒരു പക്ഷെ ഏറ്റവും
നല്ല കൊത്തുപണികളേക്കാൾ ഇത്തരം
കെട്ടിടങ്ങൾക്ക് ഭംഗി ഈ രീതിയിൽ അണിയിച്ചൊരുക്കുമ്പോഴാണെന്ന്
ഡേവിസിന് തോന്നി. മുറിയിലെ മൂലയിൽ രണ്ടു ബാഗുകളും ഒതുക്കി വച്ച് വഴി കാട്ടാൻ വന്ന പെൺകുട്ടി തിരിച്ച് പോയി .ചുളുക്കു വീണതെങ്കിലും ഏതൊക്കെ
യൊ ഗോഥിക് ശിൽപ്പങ്ങൾ
ചിത്രങ്ങളായി പതിഞ്ഞ ആ പഴയ വിരി
മാറ്റി അയാൾ ജനാല കടന്നു വരാൻ കാത്തു നിന്ന പ്രകാശത്തെ അകത്തേ
ക്ക് വിളിച്ചു. മഴ മാറി മാനം തെളിഞ്ഞി
രുന്നു. പക്ഷെ ആ സന്ധ്യക്ക് പതിവി
ലേറെ തണുപ്പു നൽകിയാണ്
അന്നു സൂര്യൻ മറഞ്ഞത്.
മനസ്സിൽ പല ചിന്തകളും മുഷിവ്
കുത്തി തുടങ്ങി. ഇരുട്ടിനെ വളരെയേറെ
ഉൾക്കൊണ്ടു നിന്ന ആ മുറിക്ക് മറ്റു ജാലകങ്ങൾ അനിവാര്യമായിരുന്നു.
എന്നാൽ ആദ്യ കാലം തൊട്ട് നിഗൂഡത
കൾ നിറഞ്ഞു നിന്നിരുന്ന ആ കെട്ടിട
ത്തിന് ഒരിക്കലും പ്രകാശം നിറയുന്ന മുറികൾ അവശ്യമില്ലാതിരുന്നതു
കൊണ്ടാവും അതു പണിതവർ ഒരു മഷിക്കു പോലും ജനാലകൾ അതിൽ
ഇടാതിരുന്നത്.
മുറിയിൽ മടുപ്പിക്കുന്ന പഴമയുടെ മണം
ഒരു മേശ ആരെയും ശ്രദ്ധിക്കാതെ ദൂരെ മാറി കിടക്കുന്നു. അതിൽ ഇപ്പോൾ നിന്നു പോവും എന്ന മട്ടിൽ മങ്ങിയ
വെളിച്ചവുമായി ഒരു ടേബിൾ ലാമ്പ് പ്രകാശിക്കുന്നുണ്ട്. ഒരു പാട് സഞ്ചാരികൾ വന്നു കയറി പോവുന്ന
മുറിയൊന്നുമല്ല സെർ ഫെസ്റേറയി
ലേത്. പക്ഷെ വരുന്നവർക്ക് മറക്കാ
നാവാത്ത ഒരനുഭവമാണ് ആ ഹോട്ടൽ
കാരണം ആ ചുമരുകൾ പല മുഖങ്ങ
ളുടേയും ഓർമ്മകളുടെ നടുവിലാണ്. നാസിപ്പടയും ശേഷം കെ ജി ബിയും തങ്ങളുന രഹസ്യങ്ങൾ ആരുമറി
യാതെ പങ്കുവച്ച രാത്രികൾ. പിന്നെ മാറി മാറി വന്നിരുന്ന ഗൂഢാലോചന
ക്കാരിൽ നിന്നും ഒരുപാടു തലകൾ ചിതറിതെറിച്ചു പോയ രണ്ടാം ലോക
യുദ്ധത്തിന്റെ കഥകൾ ഒരു മറയുമി
ല്ലാതെ കേട്ടു നിന്നത്. അതിനു ശേഷം കവികൾ വാഴ്ത്തി പാടിയ ഒരു ചുവന്ന നിറമുള്ള സമത്വസുന്ദരലോകം പുറത്തെ തെരുവുകളിൽ മുദ്രാവാക്യം മുഴക്കിയ സ്വാതന്ത്ര്യദാഹികളുടെ ശരീരത്തിൽ നിന്നും അതിനേക്കാൾ ചുവപ്പു നിറമുള്ള ചോര പതിപ്പിച്ചത്. ഉയർന്നു താഴ്ന്ന അവരുടെ ശബ്ദം ഉച്ചത്തിലും താഴ്ന്നും സ്വന്തം ശരീരത്തിൽ വന്നു പതിച്ചത് .അങ്ങനെ പലതും അയാളോടു പറയാൻ ഓർത്തെടുക്കുകയായിരുന്നു ആ ചുമരുകൾ. പക്ഷെ അതിനു മുൻപേ അതു കേൾക്കും മുമ്പേ അയാൾ ജനാലയുടെ ഓരത്തു നിന്നും പിൻതിരിഞ്ഞു നടന്നു. പുസ്തകങ്ങൾ കളിക്കൂട്ടുകാരായിരുന്ന ഒരു വലിയ കാലം എന്നേ കടന്നു പോയി എന്നോർ
മിപ്പിച്ച കുറേ ഒഴിഞ്ഞ റാക്കുകൾ മാത്ര
മുള്ള ഷെൽഫിനപ്പുറത്ത് ഒതുങ്ങി കിടന്ന മേശക്കരികിലേക്ക് നീങ്ങു
മ്പോൾ അവിടെ അയാളെ കാത്ത് മറ്റു ചിലതു കൂടിയുണ്ടായിരുന്നു.
ഇരുളിമയിൽ ഒന്നു കൂടി കറുത്ത മേശയുടെ ഉപരിതലത്തിൽ ആ ടേബിൾ ലാമ്പ് വീണ്ടും ഉറക്കം തൂങ്ങി.പെട്ടെന്ന് അയാൾ ആ മേശയുടെ പുറത്ത് ഒരു തടിച്ച ഡയറി കണ്ട് അതു കൈയ്യിലെ
ടുത്തു, കാലങ്ങൾ പിന്നിട്ട നരച്ച പുറം ചട്ടയിൽ നിന്ന് കുറേ പൊടി തട്ടി കളഞ്ഞു. ഒരു വലിയ ഡയറി. അതിന്റെ പുറം ചട്ടക്കുള്ളിൽ നിന്നും പുറത്തു കാണാവുന്ന മൂന്നു വശങ്ങളിൽ കൂടി അടുങ്ങിയിരിക്കുന്ന പഴയ കടലാസു തുമ്പുകൾ അകത്തെ ഇളം മഞ്ഞ നിറം പുറത്തു കാട്ടി.
ഇന്നു രാത്രി തള്ളിനീക്കുവാൻ അതു തന്നെ പോംവഴി ഡേവിസ് തീരുമാനിച്ചു.
പിന്നെ ആ ഡയറി തുറക്കാനാഞ്ഞു.
അത്ഭുതം അത് തുറക്കാനാവുന്നില്ല.
യാതൊരു കാരണവുമില്ലാതെ അതിന്റെ പുറംചട്ടകൾ ഒന്നിച്ച് പാറപോലെ ഉറച്ചു നിൽക്കുന്നു. ഡേവിസ് ആ ഡയറി തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു
കൊണ്ടിരുന്നു ഇരുകൈകൾ കൊണ്ടും ശക്തിയായി അയാൾ അതിന്റെ പുറം ചട്ടകൾ അകത്തിനോക്കി .പക്ഷെ വീണ്ടും പരാജയപ്പെട്ടു. ഒടുവിൽ അയാൾ ആ ശ്രമം ഉപേക്ഷിച്ചു കട്ടിലിൽ ചെന്നിരുന്നു.ക്ഷീണം തോന്നിയപ്പോൾ അതിൽ നിവർന്നു കിടന്ന് അവസാന ശ്വാസത്തിനായി പെടാപാട് പെടുന്ന ടേബിൾ ലാമ്പിനേയും അതിനടുത്തിരി
ക്കുന്ന ഡയറിയേയും നോക്കി കിടന്നു.
രാത്രിയെത്ര നേരം അങ്ങനെ കിടന്നു
വെന്നറിയില്ല എപ്പോഴോ പാതി തുറന്ന കണ്ണുകൾ ആ കാഴ്ച അയാളെ കാണി
ച്ചു കൊടുത്തു. അപ്പോഴും മങ്ങി പ്രകാ
ശിച്ചിരുന്ന ടേബിൾ ലാമ്പിനരികിൽ
രണ്ടായി തുറന്നിരിക്കുന്നു ആ പഴയ ഡയറി.പെട്ടെന്നയാൾ ചാടിയെഴുന്നേറ്റു ഒരു കുതിപ്പിന് ആ ഡയറിയുടെ അരികിലെത്തി.
അതെ മഞ്ഞ നിറമുള്ള അതിന്റെ താളുകളിൽ അക്ഷരം പതിഞ്ഞിട്ടുണ്ട്
പക്ഷെ മങ്ങിയ വെളിച്ചം മാത്രമുള്ള ആ
ടേബിൾ ലാമ്പിന്റെ പ്രകാശം ഒന്നിനും മതിയാകുന്നില്ല. അയാൾ രണ്ടു കൈ കൊണ്ടും ആ ലാമ്പ് പരിശോധിച്ചു. എന്താണതിന്റെ കുഴപ്പം?? അയാൾ നോക്കി. അൽപനേരത്തെ പരിശ്രമം കൊണ്ട് കുറച്ച് വെളിച്ചം കൂടി അതിൽ നിന്നും കിട്ടും എന്ന അവസ്ഥയുണ്ടായി.
അപ്പോൾ തന്നെ അയാൾ ആ ഡയറിയിലേക്ക് തന്റെ കണ്ണുകൾ ഓടിച്ചു. ഒരറ്റം മടങ്ങിയ താളിന്റെ തുമ്പ് നേരെയാക്കി അതിനിടയിൽ മറഞ്ഞിരുന്ന വർഷമാണ് ആദ്യം അയാൾ വായിച്ചത്. 1989 മെയ് 12 .അതു കണ്ട് അയാളുടെ അകാംഷ അത്ഭുതമായി മാറി. 26 വർഷങ്ങൾക്ക
പ്പുറത്ത് നിന്ന് ഒരു ഡയറി മേശയിൽ തന്നെ കാത്തു കിടക്കുന്നു. അതിന്റെ ഞെട്ടലിൽ നിന്നു പുറത്തു വന്നപ്പോൾ അയാൾ തുറന്നിരുന്ന പുറത്തെ അക്ഷരങ്ങൾ തിരഞ്ഞു തുടങ്ങി.
അതിലെ മങ്ങിയ റുമാനിയൻ അക്ഷരങ്ങൾ ഒരു മികച്ച ദ്വിഭാഷി കൂടിയായിരുന്ന ഡേവിസ് വായിച്ചു തുടങ്ങി.
അത് ഇങ്ങനെയായിരുന്നു.
“ ……ഇന്നു രാവിലെ റൂബെല്ലാ സ്കോട്ട് എന്നെ കാണാൻ വന്നു. ഫ്രാൻസിന്റെ തെരുവുകൾ വിട്ട് അവൾ റുമാനിയക്ക് മടങ്ങുകയാണത്രെ ഞാനുണർന്നതും എന്നേ താഴേക്ക് വിളിപ്പിച്ച നെയ് സർ
ഒരു സ്ത്രീ കാണാൻ വന്നിരിക്കുന്നു വെന്ന് പറഞ്ഞപ്പോൾ അത് അവളായി
രിക്കുമെന്ന് ഒട്ടുംകരുതിയില്ല.പോളണ്ടിൽ തിരികെയെത്തിയതിനു ശേഷം എന്നെയാണവൾ ആദ്യമായി കാണാനെത്തിയത്.ആദ്യം വിശ്വസിക്കാനായില്ല .പക്ഷെ കൈവരികൾക്കപ്പുറം നെയ് സിറന്റ
പിന്നിൽ നിന്ന് അവൾ ചിരിക്കുന്നതു കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കൈകളെ നുളളി. സത്യമാണ് അവൾ തിരികെ വന്നിരിക്കുന്നു. ഇളം സൂര്യപ്രകാശം വീണുപൊടിയുന്ന മുറ്റത്ത് ഒരിക്കൽ പ്രയാമും ഞാനും
കോൺവെന്റ് പ0ന കാലത്ത് ഇമ ചിമ്മാതെ നോക്കിയിരുന്ന ആ പഴയ സ്വർണ മുടി യിഴകൾ തിളങ്ങുന്നുണ്ട്. നീണ്ടു നീലിമയാർന്ന കണ്ണുകൾ ഞാൻ ഇറങ്ങി വരുന്ന കോണിപ്പടികളിൽ തന്നെ നിലയുറപ്പിച്ചിരുന്നു. പക്ഷെ ഇനിയും മാറ്റമില്ലാത്ത സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതായിരുന്നില്ല അണിഞ്ഞിരുന്ന വസ്ത്രം. അത് മാഞ്ചസ്റ്ററിൽ നിന്നോ മറ്റോ പാരിസിന്റ തെരുവിലേക്ക് ഡംമ്പ് ചെയ്യപ്പെടുന്ന നീല നിറമുള്ള വില കുറഞ്ഞ ഒരു ഫ്രോക്കായിരുന്നു. പഠനം ,പിന്നെ സ്വരാജ്യത്തെ ആഭ്യന്തര കലാപം, ഇവരണ്ടും സാമ്പത്തികമായി നട്ടെല്ലൊടിച്ചിരിക്കണം .അതാവണം സമ്പന്നമായ റുമേനിയൻ പ്രഭു കുടുമ്പത്തിൽ നിന്നും ഇത്ര വലിയ ദാരിദ്യ്ര കയത്തിലേക്ക് അവൾ വീണു പോയത്. ക്രാക്കോവിലെ നെവ്യൂ ഗ്രാൻമയിൽ നിന്നും വിളിച്ചതായിരുന്നു അവൾ വന്നു ചേർന്ന കുതിരവണ്ടി. അയാൾക്കു വേണ്ടിയും അവൾക്കു വേണ്ടിയും കാത്തിരുന്നു മുഷിഞ്ഞ കുതിരവണ്ടി ക്കാരൻ അവരെ വളരെ പെട്ടെന്ന് അതിലേക്ക് വിളിച്ച്‌ കയറ്റി.
പോവുന്ന വഴികളിലെല്ലാം ചെമ്പടയുടെ
ശേഷിപ്പുകളായ വെടിക്കോപ്പുകൾ
ചിതറിക്കിടക്കുന്നു. ഒരു വലിയ സംഘർഷത്തിന്റെ ഭൂതകാലം കണ്ട അവയിലെല്ലാം ഇന്ന് തോരണങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു ലിബറേഷൻ മൂവ്മെന്റിന്റെ കൊടികൾ
ഭരണം മാറുമോ? …. റൂബെല്ല എന്നേ നോക്കി ചോദിച്ചു. അതിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്ന പ്രക്ഷോഭങ്ങളുടെ കഥയും അധികം താമസിയാതെ സംഭവിക്കാൻ സാധ്യതയുള്ള സ്വന്തം ഭരണകൂടത്തിന്റെ മാറ്റത്തിനേക്കുറിച്ചും ഞാൻ അവളോട് പറഞ്ഞു. പലതും അവൾക്ക് പുതുമയായിരുന്നു. ചിലപ്പോഴൊക്കെ എന്റെ ആവേശവും പോളിഷ് വിദ്യാർത്ഥി മുന്നേറ്റത്തെക്കുറിച്ചുള്ള വിവരണങ്ങളും കേട്ടവൾ ചിരിച്ചു.
ഇന്നു മുഴുവനും നീ
എന്നോടൊപ്പമില്ലെ…...?
നഷ്ടപെടാൻ കഴിയാത്ത കാമുകന്റെ മനസ്സുമായി എപ്പോഴോ ഞാൻ അവ
ളോട് ചോദിച്ചു. അതിനു മറുപടിയായി എന്റെ പഴയ വെസ്റ്റ് മിനർ കോളേജിലെ സഹപാടി അന്നു പ0ന്ന കാലത്ത് ഒരുപാടാൺകുട്ടികളുടെ ഉറക്കം കളഞ്ഞ ആ പളുങ്കു ചിരി എനിക്കു തന്നു. അന്നു മുഴുവൻ യാത്ര ചെയ്യാനായിരുന്നു പിന്നെ ഞങ്ങളുടെ തീരുമാനം ക്രാക്കോവിന്റെ ഓരോ തെരുവുകളും ആ കുതിരവണ്ടി പിന്നിട്ടുപൊയ്ക്കൊണ്ടിരുന്നു. ഞാൻ റഷ്യയെക്കുറിച്ചും ക്രൂഷ്ചേവിനേ
ക്കുറിച്ചും അവളോട് പറഞ്ഞു കൊണ്ടിരുന്നു. ജീവിതത്തിൽ അങ്ങേയറ്റം വെറുത്തിരുന്ന രണ്ടു വാക്കുകൾ .അത് ഗോർബച്ചേവിവിൽ വന്നു നിന്നപ്പോൾ അവൾ തല കുനിച്ചു. രാഷ്ട്രിയം അവൾക്കിഷ്ടമല്ല എങ്കിലും എന്റെ ആവേശം കണ്ട് അവൾ അതിനെ എതിർത്തില്ല .മുൻപിൽ നിറയുന്ന പ്ലക്കാഡുകളിലെ അക്ഷരങ്ങളെ പോലും ഞാൻ വ്യാഖ്യാനിച്ചു. ജനാധിപത്യത്തിന്റെ സ്വർലോകമാണ് പാരിസ് അവിടെ നിന്നും വരുന്നവളാണ് റൂബല്ല അവളോട് ഒന്നും വിശദീകരിക്കേണ്ട കാര്യമില്ലന്ന് എനിക്കറിയാം എങ്കിലും പ്രതീക്ഷയോടെ ഞാൻ അവളെ നോക്കി.
നാളെ സോവിയറ്റ് വിമോചിതമായ പോളണ്ടും അങ്ങനെയാവും അല്ലെ?
എന്നിലെ വിദ്യാർത്ഥി പ്രക്ഷോഭകാരി അവളോട് ചോദിച്ചു.രാഷ്ട്രീയം താൽപ്പര്യമില്ലാത്ത പഴയറൂബല്ല.
അവൾക്കന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലായിരുന്നുവെന്ന് ഞാൻ കരുതി. എന്നാലെന്നെ ഞെട്ടിച്ചു കൊണ്ട് അവൾ മന്ത്രിച്ചു.
“അന്നു മുതൽ പോളണ്ടിൽ പണവും പണമുള്ള കൈകളും എല്ലാം തീരുമാനിക്കും” അവൾ ഒരു വല്ലാത്ത ഉറപ്പോടെ പറഞ്ഞു.
അതവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഞെട്ടലോടെ അവളെ നോക്കി. ഒരു കമ്യൂണിസ്റ്റിന്റെ വാക്കുകൾ അതു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല .പക്ഷെ അതിനവൾ ഒട്ടും വിശദീകരണം നൽകിയില്ല പകരം തന്റെ വില കുറഞ്ഞ കോട്ടിനെ ഒന്നുകൂടി രണ്ടു കൈകൾ കൊണ്ടും ശരീരത്തോട് ചേർത്തു പിടിച്ചു. പിന്നെ കുതിരവണ്ടിയുടെ മറുപുറത്തെ കാഴ്ചകളിലേക്ക് ചലിക്കാതെ നോക്കിയിരുന്നു, ശേഷം മൗനം കുറേ നേരം ഞങ്ങൾക്കിടയിൽ ഇരിപ്പുറപ്പി
ച്ചിരുന്നു. പതിയെ പതിയെ ആ കുതിരവണ്ടി നിരത്തുകൾ പിന്നിട്ട്
ലക്ഷ്യസ്ഥാനമായ വേവൽ കാസ്റ്റിലിന്
സമീപമെത്തി നിന്നു. സന്ധ്യയുടെ ചുവപ്പിൽ ചരിത്രമുറങ്ങുന്ന
മണ്ണിൽ തിളങ്ങുകയാണ് കിങ്ങ് കാസിമർ III ന്റെ ഹൃദയരക്തം വീണൊഴുകിയ വെണ്ണക്കല്ലുകൾ മുഴുനീളെ ഉയർന്നു നിൽക്കുന്ന പാലസ്.റൂബെല്ല ഒരു നിമിഷം അതിലേക്ക് നോക്കി. പിന്നീട് എനിക്കു നേരെയും. പെട്ടെന്ന് എന്റെ കൈകൾ രണ്ടും കൂട്ടി പിടിച്ച് എന്റെ കണ്ണുകളെ നോക്കി അവൾ ചോദിച്ചു.
“ ജൊഹാനസ്സ് ഒരിക്കൽ നമ്മളിവിടെ വന്നിട്ടുണ്ട് ഒരേയൊരു തവണ “ - ഓർക്കുന്നുവോ എന്ന ഭാവത്തിൽ അവളെന്റ കണ്ണുകളെ നോക്കി. അവളുടെ കണ്ണിൽ സ്ഫടികജലം നിറഞ്ഞിരുന്നു .പക്ഷെ കുഴിച്ചുമൂടിയ ഓർമ്മകൾ അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നതിനു മുൻപെ ഞാൻ തല തിരിച്ചു…….. "
ഇതായിരുന്നു അവസാനം
ഇവിടെ ആ ദിവസത്തെ ഡയറിക്കുറിപ്പ്
അവസാനിക്കുകയായിരുന്നു. മങ്ങി പ്രകാശിച്ച ടേബിൾ ലാമ്പ് കുറച്ചു കൂടി അടുപ്പിച്ച് പിടിച്ച് ഡേവിസ് ഡയറിയുടെ അടുത്ത പുറം പരിശോധിച്ചു. ഇല്ല ഒന്നും എഴുതിയിട്ടില്ല ഒന്നും തന്നെ തെളിഞ്ഞിട്ടില്ലാത്ത മഞ്ഞപുറം. അയാൾക്ക് നിരാശ തോന്നി ആ എഴുത്ത് അങ്ങനെ അവസാനിച്ചതിൽ.
പിന്നെ സാവധാനം കട്ടിലിൽ വന്ന് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ആ പകലിനെക്കുറിച്ചോ
ർത്ത് കണ്ണുകളടച്ചു. അതിനിടയിലെ
പ്പോഴോ അയാൾ ഉറങ്ങി പോയിരുന്നു.
പ്രഭാതം അയാൾക്ക് ചെറിയ ഉൻമേഷം നൽകി. പുറത്താരോ തട്ടി വിളിക്കുന്ന
തു കേട്ട ഡേവിസ് കതകു തുറന്നു. അധികം ഉയരമില്ലാത്ത ഒരാൾ അയാൾ വിചിത്രമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് ഡേവിസ് അത് കൗതുകത്തോടെ നോക്കി നിൽക്കുമ്പോൾ അയാൾ അമ്പരിപ്പിക്കുന്ന രീതിയിൽ ഡേവിസിനെ അഭിസംബോധന ചെയ്തു..
“മിസ്റ്റർ നെക്ക്
നിങ്ങളെ ഒരു സ്ത്രീ കാണാൻ വന്നിരിക്കുന്നു. “
അതായിരുന്നു അയാൾക്ക് പറയാനു
ണ്ടായിരുന്നത്. അതു കേട്ട് ഡേവിഡ് ഒന്നും മനസ്സിലാകാതെ അയാളെ നോക്കി .ഒരു നിമിഷത്തെ അന്ധാളിപ്പിനു ശേഷം പെട്ടെന്ന് അയാളോട് ഡേവിഡ് താങ്കൾ ആരാണ് എന്നു തിരക്കി.
“എന്തു പറ്റി നിങ്ങൾക്ക് ?
സുഖമില്ലെ?... ഞാൻ നെയ് സർ റിനോൾഡ് .എന്തേ എന്നെ കാണാൻ പറ്റുന്നില്ല എന്നുണ്ടോ?
അയാളുടെ ഉത്തരം ഒരു മറു ചോദ്യമായിരുന്നു. ആ പേര് അതു കേട്ട് ഡേവിസ് ആ വാതിൽപടിയിൽ തരിച്ച് നിന്നു പോയി .പിന്നെ യാന്ത്രികമായി അയാളോടൊപ്പം ആ ഇടവഴിയിൽ കൂടി നീങ്ങി. അപ്പോൾ ചുവരുകളുടെ നിറം കൂടുതൽ തിളക്കമുള്ളതായിരുന്നു. ഇറങ്ങുന്ന ഒരോ പടിക്കെട്ടും സമീപ കാലത്ത് ചെയ്ത പോളിഷിന്റെ മണം വമിക്കുന്ന തായിരുന്നു. അയാൾ ഭീതിയും കൗതുകവും നിറഞ്ഞ മനസ്സുമായി സെർ ഫെസ്റ്റയുടെ മുൻഭാഗത്തെത്തി.അതാ പുറത്ത് ഇളം വെയിലിൽ കുതിരവണ്ടിക്ക് മുന്നിലായി ഏകദേശം ഇരുപത്തിനാല് വയസ്സ് പ്രായമുള്ള ഒരു യുവതി നിൽക്കുന്നു. സുന്ദരിയായ സ്വർണ മുടിയുള്ള നീലകണ്ണുകളുള്ള ഒരു യുവതി. ഡേവിസ് അവളേയും അവൾ ഡേവിസിനേയും കണ്ടു. ഒരു സ്വപ്ന ലോകത്തെന്ന പോലെ ഡേവിസ് ആ വണ്ടിക്കു നേരെ നീങ്ങി. ആ സമയമൊക്കെയും അയാളു
ടെ മനസ്സ് തലേ ദിവസം വായിച്ചു മട
ക്കിയ ഡയറിയിലെ അക്ഷരങ്ങൾ തിര
ഞ്ഞു നടക്കുകയായിരുന്നു.
തുടരും…..

കർമ്മധാരേയൻ -ഒരു പരിണാമ കഥ



ചെമ്പേരിയുടെ ഊടുവഴികൾ താണ്ടിയ കാലുകളിൽ കൂടിയെല്ലാം ആ വാർത്ത ഓരോ വീടും കയറിയിറങ്ങി നടന്നു. ഓടിട്ടതും ഓല മേഞ്ഞതുമായ വീടുകൾക്ക് താഴെ പതിഞ്ഞ ശബ്ദത്തിൽ അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കങ്ങനെ യാത്ര ചെയ്തു പോയി. നാട്ടുകാരിൽ കാട്ടുതീയായി പടർന്നു കയറവെ അതക്ഷരാർത്ഥ
ത്തിൽ ഒരു ശവപ്പറമ്പിലെ അന്തേവാസി
കളെ പോലെ ഉണ്ണാതെ ഉരിയാടാതെ ഓരം ചേർത്ത് കിടത്തുകയായിരുന്നു പ്ലാപ്പളളിതറവാട്ടിലെ മനുഷ്യരൂപങ്ങളെ. ജൻമംകൊണ്ട തറവാടിന്റെസുഖശീതളി
മയിൽ, ഊറ്റം കൊണ്ട പാരമ്പര്യസമൃദ്ധി അന്നാദ്യമായി അവർക്ക് എടുത്താൽ പൊങ്ങാത്ത ഭാരമായി തോന്നി. സമ്പന്ന
മായ പാരമ്പര്യത്തിനുംജൻമിത്വത്തിനും ചന്ദ്ര ദിശകൾ ഏറെയുണ്ടായിരുന്ന തറവാടിന്റെ കുമ്മായ ചുവരുകളിൽ അതു കേട്ട് തളർന്ന ശരീരങ്ങൾ ചാരിയിരുന്നു പോയി.
സത്യാണോ മോകേരി ഇത്തവണയും
മാറ്റല്യാ ഇല്ലേ….. ?
അര ചുമരിൽ കുമ്പ മറക്കാതെ ഉടുമുണ്ടു മാത്രം ചുറ്റി ചാരിയിരുന്ന് എട്ടു നാഴികയായി ഉമ്മറ കഴുക്കോൽ കൂട്ടത്തിൽ നിന്ന് കണ്ണെടുക്കാതെയിരു ന്ന വൃദ്ധനോട് തെളിയൂരിൽ നിന്നും കേട്ടപാതി കേൾക്കാത്ത പാതി അകിലു കടഞ്ഞുണ്ടാക്കിയ മഞ്ചലിൽ നാലുപേരുടെ തോളിൽ കയറി വന്ന വന്ന കൂടപ്പിറപ്പ് മാധവി തമ്പുരാട്ടിയുടെ ചോദ്യം. മറുപടിക്കായി അവർ കാത്തു നിന്നപ്പോൾ കഴുക്കോലിൽ ചലനമറ്റു കിടന്നിരുന്ന അയാളുടെ ദൃഷ്ടികോണു
കളിൽ എവിടെയൊക്കെയൊ തെളിനീ
രുറവകൾ പൊട്ടി. പിന്നെ സാവധാനം മറക്കുടയുടെ പിടി അയഞ്ഞുകൊണ്ടി
രുന്ന വയോവൃദ്ധയായ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി അത് പൊട്ടിയൊഴുകി.
ചെമ്പില് ഭഗോതി ചതിച്ചു ഓപ്പോളെ
ഇത്തവണേം …….i ബാക്കി കേൾക്കാൻ
കഴിയാതെ തമ്പുരാട്ടി ഇരുചെവികളും
ഈ ലോകത്തു നിന്നും തന്റെ നിവർന്ന കൈതടങ്ങളാൽ മറച്ചു.
അൽപ്പസമയം മാത്രം കാതുകളിൽ
ഒരു നായയുടെ മോങ്ങൽ അതി ശക്തി
യായി വന്നു പതിച്ചു തുടങ്ങി. ഇരുവരും അതു കേൾക്കാനാവാത്തതുപോലെ ചെവിത്തടം ആഞ്ഞ് പൊത്തിപ്പിടിച്ചു.
ഏതോ നീച രാശിയിലെ പേരറിയാൻ പാടില്ലാത്ത ഏതൊക്കെയൊ ഇരുൾ ഗർത്തങ്ങളിൽ വീണുപോയ തറവാടിന്റെ ഐശ്വര്യം ആ ശബ്ദത്തിൽ അസസ്ഥമായി ഒരു നാളത്തിന്റെ പോലും വെളിച്ചമില്ലാതെ തപ്പി തടയുന്നതായി അവർക്ക് തോന്നി.
“.....ആറു തൂക്കവും പക്ക നേദ്യവും
അരയാൽ കാവിലെ നൂറുംപാലും
ഒക്കെ കഴിഞ്ഞിട്ടും ഇതിനെന്താ ദേവ്യേ മാറ്റല്യാത്തത് ……? ഒരു രോദനം തമ്പു
രാട്ടിയുടെ ആകാശത്തേക്കുയർന്ന നനഞ്ഞ മുഖത്തു നിന്നും അശരീരി
കണക്കെ മുകളിക്ക് പോയി …
മറുപടിയായിട്ടെന്ന വണ്ണം മുറ്റത്തു മാനം തൊട്ടു നിന്ന പാലമരത്തിനും അതിനു തെക്കു മാറിയ മരുതിമരത്തിനും കുടുന്നയിൽ വടക്കൻ കാറ്റ് കുരുന്നിലകളെ തഴുകി ശബ്ദിച്ചത
ല്ലാതെ മറ്റൊന്നും അപ്പോൾ സംഭവിച്ചില്ല.
ആ മരങ്ങൾക്ക് ഒരു വലിയ
കഥ നമ്മോടു പറയാനുണ്ട് പരസ്പരം മൂന്നു ഗജം മാത്രം ദൂരമുള്ള രണ്ടു മഹാ വൃക്ഷങ്ങൾ .മണ്ണിൽ നീട്ടി കുഴിച്ച വലിയ പൊത്തുകളിൽ വട്ടയിലയിട്ട് അടിയാർ
ക്ക് ചോറു കൊടുത്ത പ്രമാണികളുടെ ചരിത്രത്തിന്റെ കാലത്ത് അവർ യുവാക്കളായിരുന്നു ആ മണ്ണിൽ. അധികം വണ്ണം വയ്ക്കാതെ ശിഖരങ്ങൾ പടർന്നു കയറാതെ എല്ലാ ഓണക്കാല
ത്തും മുടങ്ങാതെ ചക്കരകയറുകളിൽ ഇളം തലമുറയെ ഊഞ്ഞാലാട്ടിയിരുന്ന യുവാക്കൾ .അവർ പോലും ആഗ്രഹി
ക്കാതെ വിയർപ്പുതുള്ളികൾ പതിഞ്ഞ മനുഷ്യ കോലങ്ങൾ അവരുടെ ശരീരങ്ങ
ളോട് ചേർത്തു കെട്ടിയിടപ്പെട്ടിട്ടുണ്ട് പലപ്പോഴും .കല്ലേ പിളർക്കുന്ന ഉഗ്രശാസ
നകൾ നാവിൽആക്രോശമായി കൊണ്ടു നടന്നിരുന്ന തറവാട്ടു കാരണവൻമാർ അടിയേറ്റ് തളർന്ന കുടിയാന്റെ ചോര ധരാളം ഒഴുക്കിയിട്ടുണ്ട് അവരുടെ വേരുകളിൽ . അതൊക്കെ യവ്വനമാ
യിരുന്നു ഒരു വൃക്ഷത്തിന്റെ പ്രതികരണ
മില്ലാത്ത ക്ഷോഭമില്ലാത്ത വിധേയയൗവ്വനം.
ആ കാലം പിന്നിട്ടു. പിന്നിട് കഥയിൽ മറക്കാൻ പാടില്ലാത്ത വഴിത്തിരിവിനും അങ്ങനെയവർ സാക്ഷിയായി. ഒരിക്കൽ ഒരു നാൾ ഒരു നായ വഴി തെറ്റി തെക്കൻ മുറ്റത്ത് എത്തപ്പെട്ടു. മനുഷ്യർക്ക് പോലും അപ്രാപ്യമായ പ്ലാപ്പളിയുടെ മുറ്റത്ത് നാലു കാലും വാലുമായി പരതി നടന്നശുദ്ധ
മാക്കിയ ശ്വാനനെതിരെ കാരണവരുടെ ഉഗ്രശാസനം മുഴങ്ങി.
മരുതിയിൽ നിന്നും പാലയിലേക്കായി
വലച്ചുകെട്ടിയ കയറിൽ നാലുകാലു
കളും വെട്ടിമുറിക്കപ്പെട്ട ശ്വാനന്റെ പ്രാണൻപിടയുന്ന രോദനം ഓടി നടന്നു. പിന്നെയാ സാധു ജീവി ചുവന്നതെ
ങ്കിലും വിലയില്ലാത്ത പട്ടി ചോരയിൽ മരുതിയുടെ വേരു നനച്ച് ഇഹലോക
വാസം വെടിഞ്ഞു.
അകത്തേ മൂത്തോർക്ക് അന്നേ ദിവസംഒൻപതാം മാസവും പതിനാറാം ദിവസവുമായിരുന്നു .അകം പുറം വേർ
തിരിയേണ്ട നാളാവുന്നു നിറഗർഭിണിയാ
യ മൂത്താരുടെ വയറു തിരുമ്മിചൂടു
വെള്ളം പകർന്ന വയറ്റാട്ടി ഒടുവിലാ കാഴ്ച കണ്ട് കണ്ണു തളളി പോയി .ആറ്റു
നോറ്റ സന്തതി പിറന്നു. പക്ഷെ കാലില്ല പകരം ശ്വാനന്റെയെന്നതു പോലെ ശോഷിച്ച പിൻ കാലുകൾ. തണുത്ത കാറ്റേറ്റ പുൽനാമ്പു പോലെ അത് തുളളി വിറക്കുന്നു. കഴുത്ത് മുതൽ തലയിലേക്ക് അത് മനുഷ്യ കുഞ്ഞുതന്നെ പക്ഷെ ശുഷ്കമായ നെഞ്ചും അതിനെ പൊതി
യുന്ന ഇളംതൊലിയും നിറയെചെമ്പൻ രോമങ്ങൾ എഴുന്നു നിൽക്കുന്നു. അതിനു താഴെ ആയാസപ്പെട്ട് ഉയർന്നു താഴുന്ന വയറിലാവട്ടെ അത് തിങ്ങി
നിറഞ്ഞ് കാണപ്പെട്ടു.നാവിന് കട്ടി കുറഞ്ഞ രൂപം ഒന്നുകരയുന്നതും കാത്ത് വയറ്റാട്ടി നിശ്ചലമായി നിന്നു. ഒടുവിലത് സംഭവിച്ചു ഒരു മഹാദുരന്തത്തിന്റെ പ്രതീക്ഷിതമായ ഉപസംഹാരമെന്നതു പോലെ വൈകൃതം നിറഞ്ഞ ഒരു ഓരിയിടൽ.
വേദനയിലും ഞെട്ടലിലും പ്ലാപ്പള്ളി നിശബ്ദമായി .ഉഗ്രശാസനകളെ അത്
നിമിഷങ്ങൾ കൊണ്ട് അടിത്തൂൺ പറ്റിച്ചു. ഒടുവിൽ ആ സത്യം സോമവംശ
പാരമ്പര്യത്തിൽ ഊറ്റം കൊണ്ടിരുന്ന
തമ്പുരാൻ തലകളെ അവമതി കൊണ്ടും ദു:ഖം കൊണ്ടും പാതാളത്തിലേക്ക് താഴ്ത്തി.
ദേവകി തമ്പുരാട്ടിയുടെ കടിഞ്ഞൂൽ... ‘
ഒരു ഇളം നായ കുട്ടിയുടെ ശബ്ദം വിണ്ടും മുഴങ്ങി. ഇനി ഒട്ടും കേൾക്കാൻ പാടി
ല്ലാത്ത ശബ്ദം .അതിനി ഈ തറവാട്ടിൽ വേണ്ട അവർ തീരുമാനിച്ചു. അതു കേൾക്കേണ്ടതാമസംമാത്രം,അകായിലെ പേറെടുത്ത മുറിയുടെ നാലു ചുവരുകൾ വിട്ട ആ വിചിത്ര ശബ്ദം അവിടെ നിന്ന് വരാന്തകൾ പിന്നിട്ട് അറപ്പുരകളും ഓട്ടുരുളിയും കർപ്പൂര വിളക്കും കൂട്ടം കൂടിയ വടക്കൻചായ്പും കടന്ന് ഉമ്മത്തു
മരങ്ങൾ നിരതിങ്ങിയ കാവിന്റ ഉള്ളിലേക്ക് കാര്യസ്ഥന്റ കൈയ്യിലിരുന്ന് നീങ്ങിപ്പോയി. പിന്നെയെപ്പോഴോ ആ നനഞ്ഞമണ്ണിൽസാവധാനംഅലിഞ്ഞില്ലാതെയായി.
അതൊരു തുടക്കമായിരുന്നു. ഒരു വലിയ തുടർച്ചയുടെ തുടക്കം ദേവകി തമ്പുരാട്ടി
യിൽ ആരംഭിച്ച് മകൾ മാളവികയിലൂടെ ഇളയ അനുജത്തി രാധയിലൂടെ ഇന്ന് ഉഷകുട്ടിയിൽ എത്തി നിൽക്കുന്ന തുടർച്ച. ഇതിനിടയിൽ ആരുമറിയാതെ അടക്കം ചെയ്യപ്പെട്ട ശബ്ദങ്ങൾക്ക് ഉമ്മത്തു മരങ്ങളും അതിനേക്കാൾ തലയെടുപ്പോടെ മുറ്റത്തു നിന്നിരുന്ന പാലയും മരുതും മാത്രം സാക്ഷിയായി. അതൊരു തുടർച്ചയായിരുന്നു. അന്നു
തൊട്ട് ഇന്നുവരെ തറവാട്ടിനെ വരിഞ്ഞ
തുടർച്ച…….
നിക്കതിനെ വേണം ന്റ കുട്യേ……..
എല്ലാം ഓർത്തിരുന്ന ഓപ്പോളും
അനിയനും ആ ശബ്ദം കേട്ട് തല ഉയർ
ത്തി നോക്കി.
പെറ്റെഴുന്നേൽക്കാതെ അകായിലെ കട്ടിലിൽ നിന്നും വിറച്ചു വീണ ഉഷ കുഞ്ഞിന്റെ ശബ്ദം അത്ര വ്യക്തമായി
രുന്നു. മാത്രമല്ല അതാദ്യമായി ശ്വാന
പാദം ആ തറവാട്ടിൽ പതിയാൻ മാത്രം ശക്തിയുമുള്ളതായിരുന്നു. ഒടുവിൽ ഗതകാലങ്ങളുടെ പാരമ്പര്യ കെട്ടി മാറാപ്പുകൾക്കും തൊട്ടുകൂടായ്മ
കൾക്കും അവസാനം കുറിച്ച് ശോഷിച്ച ശ്വാനപാദങ്ങളും ചെമ്പൻ രോമങ്ങൾ തിങ്ങിയ ഉടലുമായി ആ ജൻമം ഒരു വലിയ കാലം നരന്റെയുംനായയുടേയും രക്തം വീണമുററത്തും വരാന്തകളിലും ഓടി കളിച്ചുതുടങ്ങി……

By: 
Jyothilal George Thottathil

ഒരു സൈബീരിയൻ നാടോടിക്കഥ



കോഴിക്കോട് റെയിൽവെ സ്റേറഷനിൽ കുടുങ്ങി പോയിരിക്കുന്നു .രാവിലെ മുഴുവൻ വെയിൽ കൊണ്ട് പൊള്ളിച്ച സൂര്യനോടുള്ള വാശി തീർക്കുന്നതു പോലെയാണ് മഴ പെയ്യുന്നത് . മുകളിലെ തകരപ്പാട്ടയിൽ കരിങ്കൽ കഷണങ്ങൾ പോലെ മഴത്തുള്ളികൾ വീണു ചിതറുന്നു.നോബിളിനോട് തിയറ്ററൊക്കെ ചോദിച്ച് മനസ്സിലാക്കി സമയം കളയാൻ ഒരു സിനിമ കാണാമെന്നു വച്ചപ്പോ അതിനു സമ്മതിക്കാതെ കുടയെടുക്കാൻ മറന്ന എന്നെ കളിയാക്കി കൊണ്ടാണ് ഈ മഴ തകർത്ത് വാരുന്നതെന്നു തോന്നി. ഇരുന്ന ഇരുപ്പിൽ ഒന്നു കൂടി അമർന്നിരുന്ന് കാലു രണ്ടും മുൻപോട്ട് നീട്ടിവച്ചു. ഈ തരത്തിൽ തണുപ്പു തുടങ്ങിയാൽ പിന്നെ ഉറക്കം അനുസരണക്കേട് കാട്ടും. പെട്ടെന്ന് എന്റെ തൊട്ടപ്പുറത്ത് ഒരനക്കം. നോക്കിയപ്പോൾ മഞ്ഞ നിറമുള്ള ഒരു കുട്ടിയുടുപ്പിന്റയറ്റത്ത് മുടി ഭംഗിയായി ഇരുവശത്തേക്കും വെട്ടിയിട്ട ഒരു കുഞ്ഞു മുഖം പുഴുപ്പല്ല് കാട്ടി ചിരിക്കുന്നു. എന്റെ നേർക്ക് ഒരു പായ്ക്കറ്റ് ക്രീം ബിസ്ക്കറ്റിന്റെ പൊട്ടിയ
മൂല അവള് വച്ചുനീട്ടി അതിൽ അടുങ്ങിയിരിക്കുന്ന കുറേ ബിസ്ക്കറ്റുകൾ ഞാൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടിയപ്പോൾ അതു തിരികെ വലിച്ചു. വീണ്ടും അതേ ചിരി അപ്പോൾ രണ്ടറ്റത്തേയും പല്ലുകളുടെ ഇടയിൽ അങ്ങിങ്ങ് പുഴു കൊണ്ടുപോയ കുറ്റിപ്പല്ലിന്റെ ശേഷിപ്പ്. രണ്ടു കാലും ആട്ടിക്കൊണ്ട് ഒരു ബിസ്കറ്റും കടിച്ചുള്ള ആ ഇരിപ്പ് അൽപ്പനേരമെ തുടർന്നുള്ളു. അതു മടുത്തപ്പോൾ പെട്ടെന്നു തന്നെ എന്റെ അരികിൽ നിന്നും കുട്ടി പാവട അവിടിവിടെയായി കെട്ടിക്കിടക്കുന്ന വെള്ളം നനയാതെ പൊക്കി പിടിച്ച് ചാടി ചാടി അവൾ ദൂരെയിരുന്ന കുടുമ്പത്തിനടുത്തേക്ക് പോയി.
എവിടെ ചെന്നാലും കുഞ്ഞുടുപ്പുകൾ എന്നോട് പെട്ടെന്നടുക്കാറുണ്ട്‌ അതിന്റെ രഹസ്യം എനിക്കറിയില്ല ഇപ്പോൾ എന്റെയരികിൽ നിന്നും അകലേക്ക് പോയ കുഞ്ഞു മുഖവും എനിക്കേറെ പ്രിയപ്പെട്ടതാവുന്നു.ഇരു വശത്തേക്ക് ചുരുണ്ടു കിടക്കുന്ന അവളുടെ മുടി സൈബിരിയൻ നാട്ടുകഥകളുടെ സമാഹാരത്തിലെ കേന്ദ്ര കഥാപാത്രമായ ആന്ദ്രേയെ ഓർമിപ്പിച്ചു. കുട്ടിക്കഥകളിൽ അവരെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടെങ്കിൽ വായിക്കുമ്പോൾ അവ പരമാവധി ഒഴിവാക്കും ആൻ ഫ്രാങ്കും കോസത്തും മാത്രമല്ല ഇപ്പോൾ പറഞ്ഞ നാടോടിക്കഥകളിലും കുട്ടിയുടുപ്പുകളുടെ വേദന വായിച്ച അനുഭവം എനിക്കുണ്ട്.
ഹൃദ്യമായ അവതരണമാണ് പഴയ കൊണ്ടിനേഷനൽ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ സൈബീരിയൻ
നാട്ടുകഥകളുടേത്. അച്ഛൻ ആദ്യകാലത്ത് വാങ്ങി തന്ന കൃതികളിലൊന്നാണത്. ഇന്ന് ഇങ്ങനെയൊരു പബ്ലിക്കേഷൻ ഉണ്ടോ എന്നു പോലും അറിയില്ല. എന്തായാലും ഞാൻ കുഞ്ഞുനാളിൽ ആദ്യമായി വിഷമിക്കുകയും അവസാനം സന്തോഷിക്കുകയും ചെയ്ത ഇതിലെ ആദ്യ കഥയുടെ ചുരുക്കം പകർത്തിയെഴുതാം പുസ്തകത്തെ വാഴ്ത്തുന്നതിനേക്കാളും ആ കഥ ഈ പുസ്തകത്തെ നിങ്ങൾക്ക് പരിചയപ്പെടുത്തും.
വന്ദനം മാർച്ച് വന്ദനം അതായിരുന്നു കഥയുടെ പേര് ഈ പുസ്തകത്തിലെ എല്ലാ കഥകളിലേയും കേന്ദ്ര കഥാപാത്രം ആന്ദ്രേയാണ് അഞ്ചു വയസ് മാത്രം പ്രായമുള്ള സ്വർണ മുടിയുള്ള ഒരു മാലാഖ. അവൾ ജനിച്ചപ്പോൾ തന്നെ അമ്മ മരണപ്പെട്ടു തുടർന്ന് അഛൻ നദിയ എന്ന സ്ത്രിയെ വിവാഹം ചെയ്തു രണ്ടാനമ്മ വളരെ ക്രൂരമായിട്ടാണ് അവളോട്‌ പെരുമാറുന്നത് ഭാരിച്ച പണികളെല്ലാം ആന്ദ്രേ തനിയെ ചെയ്യണം അവളുടെ അച്ഛനു പോലും നദിയയെ ഭയമായിരുന്നു.
നാളുകൾ കുറേ കഴിഞ്ഞു ഒരിക്കൽ നദിയക്ക് ആന്ദ്രേയെ കൊല്ലണമെന്നു തോന്നി അതു പക്ഷെ താൻ നേരിട്ട് ചെയ്യുന്നതാവരുതെന്ന് അവൾ തീരുമാനിച്ചു. ഒടുവിൽ അതിനൊരു ഉപായവും അവൾ കണ്ടെത്തി. തണുത്തുറഞ്ഞ ഡിസംബർ മാസമാണത് പുൽനാമ്പുകൾ വരെ ചാരനിറം പൂണ്ട് സൈബീരിയ ആകെ മരവിച്ച് കിടക്കും. ഈ സമയം മഞ്ഞ നിറമുള്ള പൂക്കൾ വനത്തിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുവാൻ പറഞ്ഞ നദിയ അവളെ തണുത്തുറഞ്ഞ വഴിയിലേക്ക് തള്ളിയിട്ടു. അവൾക്കറിയാം പൂക്കൾ കിട്ടില്ല എന്ന് തണുത്ത് മരവിച്ച് ആന്ദ്രേ മരണപ്പെടുമെന്ന് നദിയ ഉറപ്പിച്ചു. അങ്ങനെ അസ്തി മരവിക്കുന്ന ആ തണുപ്പിൽ തന്റെ കുഞ്ഞു സ്വെറ്ററുമിട്ട് വിറച്ചു കൊണ്ട് ആന്ദ്രേ വനത്തിലേക്ക് യാത്രയായി. നടന്നു തളർന്നപ്പോൾ അവൾക്കു കരച്ചിൽ വന്നു. എങ്ങും വെള്ള നിറത്തിൽ മഞ്ഞു പുതഞ്ഞു കിടക്കുകയാണ്. ഇതിനിടയിൽ എവിടെ നിന്ന് പൂക്കൾ കിട്ടും തന്റെ വിധിയോർത്ത് അവൾ നിലവിട്ട് കരഞ്ഞു.
പെട്ടെന്നാണ് ദൂരെ ഒരു വെളിച്ചം അവൾ കാണുന്നത് ആരോ തീ കായുകയാ
ണെന്നു കണ്ടപ്പോൾ ഉൾവനത്തിലെ ആ പ്രകാശത്തിനു നേരെ ആന്ദ്രേ ഓടി പോയി. അവിടെ അവൾ കണ്ട കാഴ്ച കുറച്ചു പേർ വട്ടം കൂടിയിരുന്ന് തീ കായുന്നതാണ് അവർ പന്ത്രണ്ടു പേർ ഉണ്ടായിരുന്നു. അവരിൽ ഏറ്റവും പ്രായം തോന്നിച്ച ആൾ അൽപ്പം ഉയർന്ന ഒരു പീഠത്തിലാണ് ഇരുന്നിരുന്നത്.അകലെ തങ്ങളെ നോക്കി നിൽക്കുന്ന പെൺകുഞ്ഞിനെ ആ വൃദ്ധൻ കണ്ടു അയാൾ അവളെ കൈകാട്ടി അടുത്തേക്ക് വിളിച്ചു.
ആന്ദ്രേയുടെ ആവശ്യമറിഞ്ഞപ്പോൾ
ആ വൃദ്ധനൊഴികെ പതിനൊന്നു പേരും ആർത്ത് ചിരിച്ചു. എന്നാൽ ഒട്ടും ഗൗരവം വിടാതെയിരുന്ന ആ വൃദ്ധൻ അവളോട് ഈ ഡിസംബറിൽ നിനക്ക് പൂക്കൾ എവിടെ നിന്നു കിട്ടും എന്നു ചോദിച്ചു അതിനവൾക്ക് ഉത്തരമുണ്ടായിരുന്നില്ല. മറുപടിക്കായി ചുറ്റുമിരുന്നവരിലേക്ക് അയാളുടെ കണ്ണുകൾ സഞ്ചരിച്ചു. ഏറ്റവും മദ്ധ്യത്തിലായി സൗമ്യ ഭാവത്തോ
ടെയിരുന്ന ചെറുപ്പക്കാരനെ നോക്കി വൃദ്ധൻ പുഞ്ചിരിച്ചു. പിന്നെ പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു.
"മാർച്ച് എന്റെ സഹോദരാ വരു അൽപസമയത്തേക്ക് എന്റെ സ്ഥാനത്തിരിക്കു അവൾ പൂക്കൾ ശേഖരിക്കട്ടെ “ .ദൈവത്തിന്റെ കൽപ്പന
ക്കു വിരുദ്ധമാണെന്ന മാർച്ചിന്റെ മുന്നറി
യിപ്പിന് കുട്ടികളുടെ ആവശ്യങ്ങൾക്കു മുന്നിൽ ഒന്നും തടസമല്ല എന്ന ഉത്തര
മാണ് വൃദ്ധൻ നൽകിയത്. ഒടുവിൽ മാർച്ച എഴുന്നേറ്റു അയാൾ വൃദ്ധന്റെ ഇരിപ്പിടത്തിൽ ഇരുന്ന നിമിഷം പ്രകൃതിയിലെ മഞ്ഞ് നിരാവിയായി മുകളിലേക്ക് പോയി ഉറങ്ങി കിടന്ന പക്ഷികൾ വീണ്ടും പാടി തുടങ്ങി നൊടിയിടയിൽ പടർന്നു കയറിയ കാട്ടുചെടികളിൽ വിവിധ നിറമുള്ള പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇത്രയുമായ
പ്പോൾ മാർച്ച് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് മഞ്ഞ നിറമുള്ള പൂക്കൾ ശേഖരിച്ച് ആന്ദ്രേയുടെ കൈയ്യിൽ ഏൽപ്പിച്ചു. കൊണ്ടു കൊടുക്കു നിന്റെ രണ്ടാനമ്മക്ക് സന്തോഷമാവട്ടെ അയാൾ ചിരിച്ചു കൊണ്ട് അവളുടെ പുറത്തു തട്ടി.
"ഈ ഡിസംമ്പറിൽ പൂക്കളൊ " തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ നദിയ പുറത്തേക്കു നോക്കി..ഇല്ല എല്ലായിടവും മഞ്ഞ് പുതഞ്ഞ് കിടക്കുകയാണ്. അവൾ പിറുപിറുത്തു ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലൊ പിറ്റേ ദിവസം ആപ്പിൾ പഴങ്ങളായിരുന്നു നദിയയുടെ ആവശ്യം ആപ്പിൾ ജൂൺ എന്ന ശിശിര മാസഫലമാണ് റഷ്യയിൽ. ആ ആവശ്യം
ആന്ദ്രേ അതു കേട്ട് ദയനീയമായി നദിയയെ നോക്കി .ഒട്ടും വൈകിയില്ല വീണ്ടും അവൾ പുറത്താക്കപ്പെട്ടു.
ഇത്തവണത്തെ ആഗ്രഹം കേട്ടപ്പോൾ
പന്ത്രണ്ടു പേർക്കും നദിയ എന്ന സ്ത്രീയോട് ദേഷ്യം തോന്നി എന്നാൽ തന്റെ ദേഷ്യം പുറത്തു കാട്ടാതെ വൃദ്ധനായ ആ മനുഷ്യൻ കുട്ടത്തിലെ സുമുഖനായ മധ്യവയസ്കനെ തന്റെ അരികിലേക്ക് വിളിച്ചു കൊണ്ടു പറഞ്ഞു.
"പ്രിയ ജൂൺ നിങ്ങൾക്കെ ഞങ്ങളെ സഹായിക്കാനാവു. "
ഒരിക്കൽ കൂടി ദൈവനിയമം അവർ തെറ്റിച്ചു. മഞ്ഞുരുകിയ ജലത്തുള്ളികൾ ആദ്യം അരുവികളും പിന്നിട് പുഴയുമായി ദൂരേക്ക് ഒഴുകി പോയി. പിന്നിട് മരത്തിന്റെ തുമ്പുകളിൽ പച്ച നിറം പുരണ്ടു. ഇലകൾക്കിടയിൽ അവ കായ്ഫലങ്ങൾ നീട്ടി തുടങ്ങി. അവയിൽ ആപ്പിൾ പഴങ്ങളുമുണ്ടായിരുന്നു.
“കൊണ്ടു പോയി കൊടുക്കവർക്ക് "
ആപ്പിൾ അവളുടെ കൈകളിൽ ‘: വയ്ക്കുമ്പോൾ നദിയയോടുള്ള
തന്റെ നീരസം ജൂൺ മറച്ചു വക്കാതെ പറഞ്ഞു.
ആപ്പിൾ കൂടി കിട്ടിയപ്പോൾ നദിയയുടെ ഭാവം മാറി അവൾക്ക് പല സംശയങ്ങളും തോന്നി എന്നാൽ ആന്ദ്രേ സത്യസന്ധ
മായി പറഞ്ഞതൊന്നും അവൾ വിശ്വസിച്ചില്ല.
ഈ പീറ പെണ്ണിന് ഇതൊക്കെ സാധിക്കുമെങ്കിൽ തനിക്ക് ഇതിനപ്പുറമാവാം എന്നുറപ്പിച്ച നദിയ അന്ന് പകൽ തന്നെ അതിന്റെ രഹസ്യം തേടി വനത്തിലേക്ക് പോയി.
മഞ്ഞത്ത് തണുത്തു വിറച്ച്‌ പരതി നടക്കുന്ന നദിയയെ പതിവുപോലെ കണ്ടെത്തിയത് വൃദ്ധൻ തന്നെയായിരുന്നു.
നിങ്ങൾ എന്താണ് തിരയുന്നത്.......?
പീഠത്തിൽ ഇരുന്നു കൊണ്ടു തന്നെ അയാൾ അവളോടു വിളിച്ചു ചോദിച്ചു.
എന്നാൽ തന്റെ പാട് നോക്കി പോവു
കിളവാ എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് നദിയയിൽ നിന്നുണ്ടായത്. അതു കേട്ടപ്പോൾ അയാൾ ഇരിപ്പിടത്തി
ൽ നിന്നുമെഴുന്നേറ്റ്‌ അവൾക്കരികിലേ
ക്ക് നടന്നു. അയാൾ അടുത്തു വരുന്നതി
നനുസരിച്ച് തന്റെ മാംസം ഉറഞ്ഞു പോവുന്നതു പോലെ അവൾക്ക് തോന്നി. തൊട്ടടുത്തു വന്ന വൃദ്ധൻ അവളോട് ചോദിക്കാതെ തന്നെ അവളുടെ മൂർദ്ധാവിൽ സ്പർശിച്ചു. അസ്തി നുറുങ്ങുന്നതു പോലെ തോന്നി നദിയക്ക് .
അവളുടെ ഒരോ അണുവിലേക്കും ജരാനരകൾ ബാധിച്ച പടുവൃദ്ധനായ ഡിസംബർ തന്റെ രക്തമുറയുന്ന തണുപ്പു കയറ്റി വിട്ടു. ഒറ്റനിമിഷംകൊണ്ട് തണുത്ത മാംസപിണ്ഡമായ നദിയ ഒന്നു നിലവിളിക്കാൻ പോലുമാവാതെ മഞ്ഞിലേക്ക് മുഖം പൊത്തി വീണു. പിന്നെ മരണം പോലും കൈവിട്ട് ഡിസംബറിന്റെ ശിക്ഷയേറ്റ് കാലങ്ങളോളം അവിടെ മരവിച്ച് കിടന്നു.
ആന്ദ്രേ പിന്നിടൊരിക്കലും നദിയയെ
കണ്ടിട്ടില്ല. കാലങ്ങളോളം സൈബീരി
യയിലെ ആ വലിയ വീട്ടിൽ അവൾ ഒറ്റക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷെ അവളാരെയും ഭയപ്പെട്ടിരുന്നില്ല. എന്നും പന്ത്രണ്ടു പേർ അവൾക്ക് കാവൽ നിന്നു. ഋതുക്കൾ അവൾക്ക് ചുറ്റും പലതവണ വന്നു പോയി. തന്റെ മനസ്സിൽ സന്തോഷം നിറച്ച് തൊടിയിലെ പൂക്കൾ ഓരോന്നായി വിരിയുമ്പോൾ .തന്റെ ജനാലക്കൽ നിന്ന് അവൾ മന്ത്രിക്കും
" വന്ദനം മാർച്ച് വന്ദനം"
" താങ്കൾക്ക് റഷ്യയിലേക്ക് വീണ്ടും സ്വാഗതം "

ശാന്തിയെ പ്രേമിച്ച മൂർത്തി



അരുന്ധതിയുടെ ക്ഷേത്രം
അയാൾ ആ രാത്രിയെ എപ്പോഴോ പ്രണയിച്ചു തുടങ്ങിയിരുന്നു. ഇതാ വീണ്ടുമൊരു പൗർണമി കൂടി ജനിച്ചിരിക്കുന്നു. തുറന്നിട്ട ജനാലകളുടെ അരികിൽ നിന്നപ്പോൾ ദൂരേക്ക് പാഞ്ഞു പോവുന്ന മേഘങ്ങൾക്കുമപ്പുറത്ത് സുവർണ വട്ടം പോലെ തോന്നിച്ച ചന്ദ്രൻ തന്നെ നോക്കി നിൽക്കുന്നതായി അയാൾക്ക് തോന്നി. നിഴലും നിലാവും ഇടകലർന്ന് വീഴുന്ന മുളങ്കൂട്ടങ്ങൾക്ക് നേരെ മിഴികൾ ഇമ ചിമ്മാതെ ചലിക്കാതെ നിൽക്കുമ്പോൾ ഇടത്തേക്ക് പായുന്ന മേഖങ്ങൾക്കപ്പുറം വലത്തേക്ക് നീങ്ങുകയായിരുന്നു ചന്ദ്രൻ.
ഇവിടെ ഈ കാത്തിരിപ്പിന്റെ നിമിഷങ്ങളിൽ പ്രതീക്ഷയുടെ വെള്ളക്കെട്ട് നിറഞ്ഞ മനസ്സിന് കരിങ്കല്ലിനെക്കാൾ ഭാരമാണ്.
ഇരുട്ടിന്റെ ആലസ്യത്തിൽ ഉറക്കത്തിലേക്ക് വഴുതി വീണ
ഭൂമിയിലെ നിശബ്ദത അതിന്റെ ഭാരം
പിന്നെയും പിന്നെയും കൂട്ടികൊണ്ടിരുന്നു.
നിമിഷങ്ങൾ ഇഴജന്തുക്കളായ
അന്നത്തെ രാത്രിയുടെ അഞ്ചാം യാമം വരെ കാക്കേണ്ടി വന്നു അതു സംഭവിക്കാൻ.തെക്കൻ കാറ്റിന്റെ ഒഴുക്കിൽ വന്ന കരി മേഘത്തിനു പിന്നിൽ ഒരു നിമിഷം മറഞ്ഞു പോയ നിലാവിൽ അതു വരെ മറഞ്ഞിരുന്ന ഒരു മിന്നാമിനുങ്ങന്നപോലെ ഒരു നക്ഷത്രം അതു സ്വയം തന്റെ രൂപത്തെ അയാൾക്ക് കാട്ടി തന്നു.
അതിനു മുൻപും അതവിടെ ഉണ്ടായിരിക്കണം അത് കാണാതിരു
ന്നത് ഒരു പക്ഷെ പൂർണ ചന്ദ്രന്റെ നറുനിലാവിന്റെ പ്രഭയിൽ അതൊന്നുമല്ലാതായിരുന്നതി
നാലാവാം. അയാൾ നോക്കി നിൽക്കെ പെട്ടെന്നത് ചലിച്ചു തുടങ്ങി. ഒരു സുവർണ രാജിയിൽ സ്വയം എരിഞ്ഞടങ്ങാൻ തനിക്കു മനസ്സില്ല എന്നു പറഞ്ഞ് അതു മെല്ലെ ഭൂമിയിലേക്കിറങ്ങി വന്നു.
മുളങ്കാടുകൾക്കുമപ്പുറത്തെ അരയാൽ കൊമ്പിൽ ഒരുനിമിഷം തങ്ങുമ്പോൾ ദീപാരാധന നേരത്ത് ക്ഷേത്രത്തിന്റെ ചുറ്റുമതിലിനകത്തെരിയുന്ന കൽവിളക്കിലെ പ്രഭയേക്കാൾ
തേജസുണ്ടായിരുന്നു ആ രൂപത്തിന് .
അനുവാദം ചോദിക്കാതെ തന്നെ ശംഖുപുഷ്പവും മന്ദാരവും അതിരുകാക്കുന്ന അയാളുടെ തൊടിയിലെ നീളൻ ഇടവഴി താണ്ടി
അയാൾ കാത്തു നിന്ന മുറിയുടെ ജനാല കെട്ടിനടുത്തെത്തി ആ രൂപം നിന്നു.
ആ സമയത്തെപ്പോഴോ ഓടിയെത്തിയ കാറ്റിൽ അകിലും ചന്ദനവും തന്റെ തൊടിയിൽ ഇന്നുവരെ പൂക്കാത്ത പാലയുടെ പൂമണവും ഒരുമിച്ചുള്ളി
ലേക്ക് പ്രണവായുവിനൊപ്പം കയറിയപ്പോൾ. അഴിഞ്ഞ മുടി നിലത്തിഴയുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങിയ അവളുടെ കൈൾ തുറന്നു കിടന്ന ജനാല പാളിക്കിപ്പുറ
മുള്ള ഇരുമ്പഴികളിൽ
സ്ഥാനം പിടിച്ചിരുന്നു.
" ഞാൻ ഒരു തൂവെള്ള നിറമുള്ള സാരിയാണ് പ്രതീക്ഷിച്ചത്. "
ഉളളിൽ തോന്നിയ കിറുക്കൻ തമാശ മസ്സിൽവന്നയുടനെ അയാൾ വെറുതെ പൊട്ടിച്ചു.മറുപടിയായി അവളൊന്ന് ചിരിച്ചെന്നു വരുത്തി. ചുരുണ്ടു നീണ്ട അവളുടെ മുടിയിഴകളിൽ അനുസരണ
യില്ലാത്ത ചിലത് പുരികവും കടന്ന് കണ്ണിലേക്ക് വീണു കിടന്നിരുന്നു. അതു കൈ കൊണ്ട് തട്ടിമാറ്റി ഉരുണ്ട ജനൽ കമ്പികളിൽ പിടിയുറപ്പിച്ചിരുന്ന അയാളുടെ കൈവിരലുകളുടെ മുകളിൽ അവളുടെ വിരലുകളാൽ സ്പർശിച്ചു.
സർപ്പദംശനമേറ്റ പോലെ ഒന്നു ഞെട്ടിയ ശാന്തി പെട്ടെന്ന് കൈകൾ പിൻവലിച്ചു.
നീ എന്നെ തൊടുന്നു………..
അല്ല ഇപ്പോൾ നിനക്കെന്നെ തൊടാൻ കഴിയുന്നു…...
അയാൾ പോലുമറിയാതെയാണ് ഈ
വാക്കുകൾ നാവിൽ നിന്നും പുറത്തു വന്നത് കാരണം അതൊരു പുതിയ കാര്യമായിരുന്നു.
കുഴഞ്ഞു പരുവപ്പെട്ട ചന്ദനത്തിനെ ഒരു വലിയകാലം തൊട്ടുരുമിയ അയാളുടെ വിരലുകൾ അന്നാദ്യമായി ആ തണുപ്പിന് നേരെ മരവിച്ചു നിന്നു.
അവളുടെ തണുപ്പ് വിരലിൽ നിന്നും മൂർദ്ദാവു തേടി യാത്ര
തുടങ്ങിയപ്പോൾ രാത്രിയുടെ ഏഴാം യാമം പിന്നിട്ട ചന്ദ്രൻ കാർമേഘ മറനീക്കി പുറത്തു വന്നിരുന്നു.
നമുക്കു പോവണ്ടെ …….?’
അവൾ ചോദിച്ചു
അയാൾക്കതിന് ഉത്തരമുണ്ടായി
രുന്നില്ല .അല്ലെങ്കിൽ ഉത്തരത്തിനായി അവൾ കാത്തു നിന്നില്ല. എല്ലാം അവൾത്ത തന്നെ തീരുമാനിച്ചു.പിന്നെ അയാളുടെ ദുർബലമായ പ്രതിരോധവും ഭേദിച്ച് ആ ശരീരം തന്നോടു ചേർത്തു.
നിലാവ് മഞ്ഞു തുള്ളികളെ മഞ്ചാടിമണികളാക്കിയ ഏഴാം യാമത്തിൽ വീശി തണുത്ത മൂന്നാം കാറ്റിനൊടുവിൽ ശരീരം കളഞ്ഞ ശാരീരങ്ങളായി അവർ പൃഥ്വിയുടെ ചക്രവാള സീമയ്ക്കപ്പുറമുള്ള ചുവപ്പു രാശികൾ പിന്നിട്ട് യാത്രയായി…..
യക്ഷിയമ്പലം അങ്ങനെ അനാഥമായിതീർന്നു.നേദ്യവും നിത്യ
പൂജയും കടങ്കഥകളായ നടയിലും വഴിയിലും ആരും ശ്രദ്ധിക്കാത്ത കൽമരങ്ങളായി തീർന്നുഒരിക്കൽ തിരി തെളിഞ്ഞു നിന്നിരുന്ന വിളക്കുകൾ.
പേടിയായിരുന്നു കാരണം അനന്തന്റെ മരണം അരുന്ധതിയുടെ മോക്ഷ
മാണെന്ന സത്യം ശാന്തിക്കാർ ഉൾപ്പടെ എല്ലാവരേയും അവിടെ നിന്നും എന്നും വിലക്കിയിരുന്നു.
ഇന്നും അനാഥമാണാക്ഷേത്രം

By: 
Jyothilal George Thottathil

ഊഴം കാത്ത്



പരന്നൊഴുകുന്ന നിയോൺ വെളിച്ചത്തിൽ നിന്നും കാലുകൾ കണ്ണിൽ കുത്തിയാൽ തിരിച്ചറിയാൻ വയ്യാത്ത ഇരുട്ടിലേക്ക് അവരെ കൊണ്ടുപോയി. ആഗ്രഹിച്ചിട്ടില്ല പക്ഷെ അതല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല .വേഗത കൂടിയ നെഞ്ചിടിപ്പിനൊപ്പം കാലുകളും വഴി തെറ്റി വേഗത്തിൽ സഞ്ചരിക്കുന്നു കൂട്ടം തെറ്റാതിരിക്കാൻ രണ്ടു പേരും കൈകൾ ചേർത്ത് പിടിച്ചിരുന്നു എന്നിട്ടും ആ പേടി മാറുന്നില്ല
“അയാൾ പിറകേ
തന്നെയുണ്ടോ ചേച്ചി????''
കിതപ്പിൽ പാതി മുറിഞ്ഞ് ഒരാളുടെ ശബ്ദം പുറത്തു വന്നപ്പോൾ അടുത്ത
വൾ ഒന്നുകൂടി തിരിഞ്ഞു നോക്കി
"ഇല്ല അയാൾ പോയിട്ടില്ല”
കുറച്ചകലെയെങ്കിലും ഇപ്പോഴും മാറാതെ പിൻതുടരുന്ന രൂപത്തെ അവൾ വ്യക്തമായി കണ്ടിരുന്നു ഏന്തി വലിഞ്ഞ് ഒപ്പമെത്താൻ പണിപ്പെടുന്നഒരു പടു ജന്മം. അവസാനത്തെ ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് ടിക്കറ്റെടുക്കുമ്പോൾ സിനിമാ തിയറ്ററിനു പുറത്ത് ഇങ്ങനെയൊരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല രണ്ടു പേരും . വേഗതയിൽ വീണ്ടും വേഗത
യിൽ നീങ്ങുന്ന കാലുകൾ. ശരീരം ചുവന്ന മുറിവുകൾ കൊണ്ട് പ്രാണന്റയും അഭിമാനത്തിന്റെയും അന്ത്യം കുറിക്കാ
തിരിക്കാൻ കാലുകൾ തോന്നിയ വഴിക
ളിൽ അങ്ങനെ പോയിക്കൊണ്ടിരുന്നു .
പിറകിൽ അനക്കമില്ല എന്നു ബോധ്യപ്പെ
ട്ടപ്പോൾ തനിയെ വേഗത കുറഞ്ഞ ശരീരത്തിൽ കടലിലെ ഉപ്പു കാറ്റ് പൊതിഞ്ഞു തുടങ്ങി. ഇരുട്ടിൽ വെള്ളി അരഞ്ഞാണം പോലെ തിരമാലയുടെ അറ്റം തിരത്തേക്ക് നീണ്ട് വരുന്നു. ആശ്വാസം മനസ്സിനേയും ശരി രത്തേയും കുറച്ച് തണുപ്പിച്ചു എന്നത് ശരി തന്നെ പക്ഷെ അത് അധീകനേരം നീണ്ടു നിന്നില്ല. നേർത്ത പ്രകാശം മാത്രം മുഖം കൊടുത്തിരുന്ന മണൽ പരപ്പിലൂടെ ചുവടുറക്കാതെ നടക്കുമ്പോൾ ഏതോ ഒരു തോളിൽ അയാളുടെ വലം കൈ വീണു. അപ്രതീക്ഷിതമായിരുന്നു അത്
ഒരാർത്തനാദത്തോടെ തിരിഞ്ഞ പെൺകുട്ടികൾ പിശുക്കൻ നിലാവിന്റെ അരണ്ട വെളിച്ചത്തിൽ മുഴങ്ങിയ വിടല ചിരിക്കപ്പുറം കറപിടിച്ച അയാളുടെ പല്ലുകൾ കണ്ടു .കുഴിഞ്ഞു താണ കവിളുകളിൽ വാർദ്ധക്യം കൊണ്ട് ചുക്കിചുളിഞ്ഞ തൊലി പറ്റിപ്പിടിച്ചി
രിക്കുന്നു. ഒന്നു ശബ്ദിക്കാൾ നേരമില്ലായിരുന്നു ഇരയെ പിടികൂടിയ വേട്ടനായ പണിതുടങ്ങിയപ്പോൾ അക്ഷരങ്ങൾ നിരത്തിയ പത്രക്കടലാസി
ലും അവതാരകർ ഉറഞ്ഞു തുള്ളുന്ന വാർത്താ ചാനലുകളിലും മാത്രം ശീലിച്ച ഒരു യാഥാർത്യത്തിനു മുമ്പിൽ പകച്ചു
പോയി രണ്ടാമത്തവൾ മാംസം ഇല്ലാതെ തുകൽ അസ്തിയോട് പറ്റിച്ചേർന്ന അയാളുടെ കൈകൾക്ക് ഇത്ര ശക്തിയൊ.ഒരു ചെന്നായയുടെ
വീറോടെ അയാൾ കീഴ്പ്പെടുത്തിയ
കൂട്ടുകാരിയെ രക്ഷിക്കാൻ പരിസരബോധം വീണു കിട്ടിയ രണ്ടാമത്തെ നിമിഷം അവൾ ചുറ്റും പരതിയപ്പോൾ ആദ്യം കണ്ട വലിച്ചെ
റിയപ്പെട്ട ഒരു ബിയർ ബോട്ടിൽ പിടയുന്ന പെണ്ണിന്റെ ആയുസ്സു നീട്ടിക്കൊടുക്കാ
നെന്നവണ്ണം അവളുടെ കൈകളിലേക്ക് എത്തി.തലയോടിന്റെ പിന്നാമ്പുറം ചതച്ച് ആ കുപ്പി ചിതറി.ചതഞ്ഞ തലയും ബോധം മറഞ്ഞ തലച്ചോറും എത്ര തുള്ളി രക്തം പഞ്ചാരമണലിൽ തെറിപ്പിച്ചു എന്നതു നോക്കി നിൽക്കാതെ ഇരുവരും അവിടെ നിന്നും ഓടിയകന്നു .
"ആശുപത്രിയിൽ കിടക്കേണ്ടി വരും
ഇന്നു രാത്രി. ഇയാക്ക് നല്ല മുറിവുണ്ട്“
അതു കേട്ടതോടെ കാലിനും ശരീരത്തിനുമേറ്റതിനേക്കാൾ പതിൻ
മടങ്ങ് മുറിവേറ്റ മനസ്സിൽ രക്തം വാർ
ന്നൊഴുകി.പരസ്പരം മിണ്ടാതെ തല കുനിച്ച് അവർ ഇരു ഭിത്തികളിൽ ചാരിനിന്നു കിതച്ചു. ഹോസ്റ്റലിൽ തിരികെയെത്താത്ത ഒരു രാത്രി ചിന്തിക്കാനാവില്ല ഒടുവിൽ അവർ ആ തീരുമാന മെടുത്ത് പരസ്പരം പിരിഞ്ഞു . ആശുപത്രിയിലായ കൂട്ടുകാരിയെ ബന്ധുവീട്ടിലാക്കി മേട്രെനെ ഒരു കഥ പറഞ്ഞു കേൾപ്പിപ്പിച്ച രാത്രി ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ നേരം വെളുപ്പിച്ചു. പിറ്റേ ദിവസ
ത്തെ പത്രമായിരുന്നു മനസ്സുനിറയെ. അതിലവൾ വിജയിക്കുകയും ചെയ്തു വെളുപ്പുതപ്പിയെത്തിയ ആദ്യ പത്രക്കെ
ട്ടിൽ തന്നെ ബീച്ചിലെ അജ്ഞാത ജഡം അവൾ തിരിച്ചും മറിച്ചും തിരഞ്ഞു. ഭാഗ്യം. എന്തോ അങ്ങിനെയൊന്ന് കാണാൻ കഴിഞ്ഞില്ല.
“മോളെ മോടെ ഫോൺ ഒന്നു തരുവോ ഒരാളെ വിളിക്കാനാ"
ഡീസ് ചാർജ് പ്രതീക്ഷിച്ച് ക്ഷമയില്ലാതെ വാർഡിൽ നൃത്തംചവിട്ടി നിൽക്കുന്ന അവർ രണ്ടു പേരുടേയും കാതിലേക്ക്പ്രായം ചെന്ന ഒരു സ്ത്രീ ശബ്ദം ഓടിയെത്തി.
" മോളെ വിളിക്കാനാ
ഫോൺ അവടെ കൈയ്യിലാ പോയിട്ട് കുറേ നേരമായി" ...
ഒരു നമ്പരെഴുതിയ കുറിപ്പ് അവരുടെ നേരെ നീട്ടി വൃദ്ധ പറഞ്ഞു .തൊട്ടപ്പുത്തെ ബെഡ്ഡിൽ
ഇപ്പോൾ എത്തിയതാണവർ.
"എന്താ അസുഖം "?
നമ്പർ ഡയൽ ചെയ്യുമ്പോൾ അവൾ ചോദിച്ചു.
“എനിക്ക് കൊഴപ്പമൊന്നുമില്ല മോളേ
കെട്ടിയോനാ അതിന്നലെ എവിടെയൊ വെള്ളമടിച്ച് തലകുത്തി വീണു.പൊട്ടലുണ്ട്. അത് ഇപ്പോ കുത്തി .
കെട്ടി കൊറെ ചോര പോയിരുന്ന് .രാത്രി മുഴുവൻ കരച്ചിലാരുന്നു."....
.....നിക്ക് രണ്ട് പെൺമക്കളാ ഇപ്പോ അവരുടെ കൂടെ രാവിലത്തെ കാര്യങ്ങക്ക് പോയേക്കുവാ .കുറേ നേരമായി അതാ വിളിക്കാന്ന് വച്ചത് "...
അതു കേട്ട് ഡയൽ ചെയ്ത നമ്പരിലെ കോൾ ശ്രദ്ധിക്കാതെ തരിച്ചുനിന്നു പോയി ഇരുവരും. അൽപ്പസമയം മാത്രമെ വേണ്ടിവന്നുള്ളു സമപ്രായമുള്ള രണ്ട്പെൺശരീരങ്ങളുടെ ബലത്തിൽ ആ വൃദ്ധൻ അവർക്കരികിലേക്കെത്തി.
വെള്ളത്തുണി ഒരു കിരീടം പോലെ അയാളുടെ നട്ടുച്ചിയിൽ മുഴച്ചു നിൽക്കുന്നു. അതേ ഇന്നലെ ബിയർ ബോട്ടിൽ രണ്ടായി പകുത്ത അതേ തലമണ്ടയിൽ തന്നെ. അയാൾ അവരെ കണ്ടില്ല കാണാതെ പുറംതിരിഞ്ഞ് എതിർ ഭാഗത്തെ കട്ടിലിൽ ഇരുന്നു. അയാൾ തിരിഞ്ഞു നോക്കാൻ ഊഴം കാത്ത് അവർ ഇരുവരും ഇപ്പുറത്തെ കട്ടിലിലും.

By: 
Jyothilal George Thottathil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo